2016 സെപ്റ്റംബർ 7, ബുധനാഴ്‌ച

അജ്ഞാത ഗായകാ അരികിൽ വരൂ ----
-------------------------------------------------------
അൻപതുകളിലെയും അറുപതുകളിലെയും മലയാള സിനിമയിൽ മുഖ്യ ഉപനായിക മാരിൽ പ്രധാനി ആയിരുന്നു ശാന്തി .നീലാ(മെരി ലാന്റ് )ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അവർ .നായികയായി അവയിൽ മിക്കതിലും മിസ് കുമാരിയായിരുന്നു അഭിനയിച്ചിരുന്നത് .ശാന്തിയുടെ ആദ്യ ചിത്രം തന്നെ കുമാരിക്കൊപ്പം  ഏതാണ്ട് തുല്യ പ്രാധാന്യമുള്ള ഒരു റോൾ ചെയ്തു കൊണ്ടായിരുന്നു ;പാടാത്ത പൈങ്കിളിയിലെ ലൂസി. അഭിനയത്തിലും അവർ കുമാരിക്കൊപ്പം നിന്നു ..അൾത്താരയിൽ ഷീല അഭിനയിച്ച നായികയുടെ അനിയത്തിയുടെ വേഷമായിരുന്നു ശാന്തിക്ക് .താൻ സ്നേഹിക്കുന്ന ആളിന്റെ പ്രണയം തനിക്കു വളരെ വേണ്ടപ്പെട്ട മറ്റൊരാളിലേക്കൊഴുകുന്നതു നിസ്സഹായയായി കണ്ടു നിൽക്കേണ്ടി വരുന്ന ഒരുവൾ തന്നെ ഇവിടെയും.ശാന്തി ഷീലക്കു താഴെയായിരുന്നില്ല  ഈ ചിത്രത്തിൽ .
     എന്തു കൊണ്ടാണ് അവർ മെരിലാന്റിന്റെ നാല് ചുമരുകൾക്കുള്ളിൽ തന്നെ നിന്ന് കളഞ്ഞത് .അഭിനയ സാദ്ധ്യതയുള്ള ഒരു പാട് കഥാ പാത്രങ്ങൾ അത് മൂലം നഷ്ടപ്പെട്ടില്ലേ  അവർക്കു മാത്രമല്ല മലയാള സിനിമക്കും ? മലയാള സിനിമാസ്വാദകൻ അന്ന് ചോദിക്കാറുണ്ടായിരുന്ന ചോദ്യങ്ങൾക്ക് ശാന്തി ഇപ്പോൾ മറുപാടി പറയുന്നു ഏഷ്യാനെറ് ന്യുസിന്റെ ഞാൻ ഇവിടെയുണ്ട് എന്ന പരിപാടിയിലൂടെ  :ജോലി സ്ഥിരതയായിരുന്നുവത്രെ പ്രധാനം ..സ്വന്തം തൊഴിലിന്റെ കാര്യത്തിൽ ഇത്തരം തെരഞ്ഞെടുപ്പുകൾ ഓരോ വ്യക്തിയുടെയും തീരുമാനമാണ് .മറിച്ചായിരുന്നെങ്കിൽ എന്നാലോചിക്കുക ആസ്വാദകന്റെ സ്വാതന്ത്ര്യവും .
 
    അജ്ഞാത ഗായകാ അരികിൽ വരൂ ,അരികിൽ വരൂ എന്ന് പാടിക്കൊണ്ട് കാല്പനിക നായികയായി അവർ അഭിനയിച്ച ഒരു നീലാ ചിത്രമാണ് ഹോട്ടൽ ഹൈ റേഞ്ച്  .അവസാനം അവർ ഒരു സി ഐ ഡി ഓഫീസർ ആണെന്ന് വെളിപ്പെടുന്നു ..അജ്ഞാത ഗായക കൂടാതെ ഗംഗാ യമുനാ സംഗമ സമതല ഭൂമി എന്ന വിശ്രുത കമുകറ ഗാനവും ആ ചിത്രത്തിലേതാണെന്നു തോന്നുന്നു ..
  ആദ്ധ്യാപികയിൽ പദ്മിനിക്കൊപ്പവും അവർ അഭിനയിച്ചിരുന്നു .
തുടർന്നും ഏതാനും ചിത്രങ്ങളിൽ അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .എന്തായാലും എഴുപതുകളുടെ മദ്ധ്യത്തോടെ അവർ മലയാള ചലച്ചിത്ര രംഗത്ത് നിന്ന് തീർത്തും അപ്രത്യക്ഷയായി .
     "ഞാൻ ഇവിടെയുണ്ട് 'എന്ന പരിപാടിയിൽ ഇന്നലെ ശാന്തിയെക്കണ്ടപ്പോളാണ് ഞാനിതൊക്കെ ഓർത്തു പോയത് .സൗമ്യവും സുന്ദരവുമായ അവരുടെ മുഖവും പ്രസാദാത്മകത്വം തുളുമ്പുന്ന സംഭാഷണ ശൈലിയും ഭാവ പ്രകാശന ത്തിലുള്ള അനായാസതയും അവരെ അന്നത്തെ ഞങ്ങളുടെ ഇഷ്ട നടിമാരിലൊരാളാക്കിയിരുന്നു . നല്ലൊരു നർത്തകി കൂടി  ആയിരുന്നു അവർ
   ഒരു കാലത്തെ ചൈതന്യ ഭാസുരമാക്കിയ വ്യക്തികളെ പുതിയ തലമുറയ്ക്ക് പരിചയ പ്പെടുത്തി കൊടുക്കുന്ന ഏഷ്യാ നെറ്റി ന്റെ ഈ സംരംഭം അഭിനന്ദനം അർഹിക്കുന്നു .നന്ദി പറയുന്നതിനൊപ്പം ഒരു കാര്യം ചുണ്ടി കാണിക്കട്ടെ .ആദ്യ ദുർ ഘടങ്ങൾ  നീക്കം ചെയ്ത്  .മലയാള സിനിമയുടെ  പാത ഒരുക്കിയ  പ്രമുഖരിൽ ഒരാളിന്റെ പേര് പി സുബ്രമണ്യം എന്നാണ്‌ .എ പേരിലാണ് അദ്ദേഹം അന്നും ഇന്നും അറിയപ്പെടുന്നത് ..   പി സുബ്രമണ്യൻ എന്നു പല തവണ പറഞ്ഞു കേട്ടു .അശ്രദ്ധ കൊണ്ടുണ്ടാവുന്ന ഇത്തരം അപശബ്ദങ്ങൾ ഒഴിവാക്കുക തന്നെ വേണം
             - .
     





2016 സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഇന്ത്യൻ സിനിമയുടെ സുവർണ്ണ രേഖ .
---------------------------------------------------------
അപുത്രയത്തിന്റെയും ചാരുലതയുടെയും പ്രഭാവലയത്തിൽ കണ്ണ് മഞ്ഞളിച്ചു പോയ ഇന്ത്യൻ സിനിമാപ്രേമി നമ്മുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നിനെ ശ്രദ്ധിക്കാതെ പോയി .അതിന്റെ ഭാഗ്യം കുറഞ്ഞ സംവിധായകനെയും .വിഭജനത്തെ തുടർന്നുണ്ടായ അഭയാർത്ഥികളുടെ   കടന്നു വരവ് മുതൽ താഴെത്തട്ടിലെ പട്ടിണിയും പരിവട്ടവും അവഗണിച്ച് കൊണ്ട് ഇന്ത്യൻ മദ്ധ്യവർഗ്ഗം പുതിയ സമൃദ്ധി ആഘോഷിക്കുന്ന അറുപതുകളുടെ തുടക്കം വരെയുള്ള കാലയളവ് ഹൃദയ സ്പർശിയായ വിധത്തിൽ നമുക്ക് കാട്ടി തരുന്ന സുവർണ്ണ രേഖ എന്ന ബംഗാളി ചിത്രത്തെയും അതിന്റെ സംവിധായകൻ റീത്തിക് ഘട്ടക്കിനെയും നമ്മൾ അവഗണിച്ചു .
      സ്വയംവരത്തിന്റെ നിർമ്മിതിയിൽ തന്നെ സ്വാധീനിച്ചത് റേ ചിത്രങ്ങളല്ല  തന്റെ ഗുരു കൂടിയായ  ഘട്ടക്കിന്റെ സുവർണ്ണ രേഖയാണെന്ന് അടൂർ ഒരിക്കൽ പറഞ്ഞതായി ഓർക്കുന്നു .സത്യമാണ് .മഹാഭാരതവും അഭിഞ്ജാന ശാകുന്തളവുമായുള്ള ബന്ധം സുവർണ്ണ രേഖയും സ്വയം വരവുമായുണ്ട് .വിശദമായി എഴുതണമെന്നു വിചാരിക്കുന്നതു കൊണ്ട് ഇവിടെ കൂടുതൽ പറയുന്നില്ല .
    അമ്പരപ്പിച്ച ഒരു സത്യം പറയാതെ വയ്യ ;എല്ലാം നഷ്ടപ്പെട്ട് പ്രാണൻ കയ്യിലെടുത്ത് ഓടി വന്നവരുടെ ഇടയിലും ജാതി വ്യത്യാസം പ്രകടമായിരുന്നു !
         ഏറ്റവും നല്ല ഇന്ത്യൻ സിനിമ ഏതെന്നു ചോദിച്ചാൽ ഒരു നിമിഷം ആലോചിക്കാതെ ഞാൻ ചാരുലത എന്ന് മറുപടി പറയുമായിരുന്നു .ഇപ്പോഴും അങ്ങിനെ പറയുമായിരിക്കാം .പക്ഷെ അതിനു മുമ്പ് ഒരു പാട് ആലോചിക്കേണ്ടി വരും .
  മാമ്പഴമാണോ മാർത്താണ്ഡ വർമ്മയാണോ നല്ല സാഹിത്യ സൃഷ്ടി എന്ന് ചോദിച്ചാൽ സുഹൃത്തേ താങ്കൾ എന്തായിരിക്കും മറുപടി പറയുക ?

2016 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

ഭാരതീയ ചിന്ത യുടെ പ്രധാന അനുശാസങ്ങളിലൊന്നാണ് അപരിഗ്രഹം .സ്വന്തമായി ഒന്നും തന്നെ ഉണ്ടാകാതിരിക്കുക .സന്യാസിമാർക്കു മാത്രമേ അതു പൂർണ്ണമായി പാലിക്കാൻ കഴിയൂ .അതു  കൊണ്ടാണ് ഉടുതുണിയും ഭിക്ഷാപാത്രവും മാത്രമേ സന്യാസിക്ക് സ്വന്തമായി ഉണ്ടാകാവു  എന്ന് ആ ചാര്യന്മാർ വിധിച്ചത് .ദിഗംബര ജൈനന്മാർ ഒരു പടികൂടി മുമ്പോട്ട് പോയി .പരിഗ്രഹത്തിൽ ഉടുവസ്ത്രത്തെക്കുടി  ഉൾപ്പെടുത്തി ഉപേക്ഷിച്ചു .2600 വര്ഷങ്ങളായി ദിഗംബര ജൈന മുനി പരമ്പര  ആകാശം ഉടുപുടവയായി സ്വീകരിച്ചു ധർമ്മ പ്രചാരണം ചെയ്തു പോരുന്നു .അപരിഗ്രഹം പോലെ അവരുടെ പഞ്ച മഹാവ്രതത്ത്വങ്ങളിൽ പ്പെടുന്ന ഒന്നാണ് അഹിംസയും .ഇവിടെയും ജൈനന്മാർ മൗലിക വാദികളാണ് .മനുഷ്യരെ മാത്രമല്ല ഒരു പ്രാണിയെയും അവർ ഹിംസിക്കുകയില്ല .കാലടിയിൽ പ്പെട്ട ഏതെങ്കിലും ഒരദൃശ്യപ്രാണി വേദനിച്ചെങ്കിലോ എന്ന് കരുതി മയിൽ പ്പീലികൊണ്ടുള്ള വിശറി കൊണ്ട് മുന്നിലെ നിലം തുടച്ചു കൊണ്ടാണ് അവർ നടക്കുക .അനുവദനീയമായ പരിഗ്രഹങ്ങളിൽ ഒന്നാണ് അവർക്ക് ഈ വിശറി .അത് പോലെ ഹിംസ എന്നാൽ ശാരീരിക ഹിംസ മാത്രമല്ല  അവർക്ക് .മറ്റു ജീവജാലങ്ങളുടെ മനസ്സു വേദനിപ്പിക്കാതിരിക്കലും അവരുടെ ധർമ്മമാണ് അവർ കരുതുന്നു .
     ഇതിലൊന്നും എതിർക്കപ്പെടേണ്ടതായി എന്തെങ്കിലുമുണ്ടെന്നു അവരുടെ കടുത്ത വിമര്ശകനായ ആചാര്യ ശങ്കരന് പോലും തോന്നിയിട്ടില്ല .ഇപ്പോഴും അവർ ഇടപെടേണ്ടി വരുന്ന സമൂഹത്തിൽ ഇക്കാര്യത്തിൽ അവരോടെതിര്പ്പൊന്നും ആർക്കെങ്കിലും ഉള്ളതായി അറിഞ്ഞു കൂടാ .എതിർപ്പുള്ളവരുടെ ഇടയിലേക്ക് അവർ കടന്നു കയറി ചെല്ലാറുമില്ല .പക്ഷെ അവരുമായി സംവദിക്കണമെന്നുള്ളവർക്ക് അതാവാം .അവർ ജൈനമുനിമാർ അവരുടെ മഹാവ്രതങ്ങൾ  പാലിച്ചു കൊണ്ടായിരിക്കും സംവാദത്തിലേർപ്പെടുക എന്ന് മാത്രം .ഇന്ത്യകണ്ട ഏറ്റവും ശക്തി ശാലിയായ പ്രധാനമന്ത്രിക്ക് ,സാക്ഷാൽ ഇന്ദിരാ ഗാന്ധിക്ക് പോലും ആ വ്യവസ്ഥ അംഗീകരിക്കേണ്ടി വന്നു .ഇപ്പോളിതാ ഒരു സംസ്ഥാന നിയമ സഭക്കും .അതിനെ ക്കുറിച്ച് ഒച്ചപ്പാടുണ്ടാക്കുന്നവർ മനപ്പൂർവം മറച്ചു വെക്കുന്ന ഒരു കാര്യമുണ്ട് .നിയമ സഭ ഏകകണ്‌ഠമായാണ്  ജൈന സന്യാസിയെ ക്ഷണിക്കാനുള്ള പ്രമേയം അംഗീകരിച്ചത് .എല്ലാ കക്ഷി  നേതാക്കളും അദ്ദേഹത്തെ സ്വാഗതം ചെയ്തു .ഒടുവിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു .നിയമ സഭ അതിന്റെ പൂർണ്ണതയിൽ ഗവർണ്ണർ ഉൾപ്പെടെ സന്നിഹിതമായിരുന്നു .കക്ഷി വ്യത്യാസമില്ലാതെ സ്ത്രീ പുരുഷഭേദമില്ലാതെ സഭയിലും സന്ദർശക ഗാലറിയിലുമുള്ളവർ പ്രസംഗത്തെ കയ്യടിച്ച് അഭിനന്ദിച്ച് കൊണ്ടിരുന്നു .കാരണം സമീപകാലത്ത് ഇന്ത്യയിൽ കേട്ട ഏറ്റവും ഉത്പതിഷ്ണുവായ പ്രസംഗമായിരുന്നു അത്
    ജൈന മുനിയിൽ ഹിന്ദു വർഗ്ഗീയ വാദിയെ ,ദിഗംബരത്വത്തിൽ അശ്ലീലതയെ ,നിയമ സഭയുടെ  സർവ സമ്മത തീരുമാനത്തിൽ ഫാസിസത്തെ കണ്ടെത്തിയവരെക്കുറിച്ച് എന്ത് പറയാനാണ്


2016 ഓഗസ്റ്റ് 27, ശനിയാഴ്‌ച

അരുതു വിജയേട്ട
നേരത്തെ വാർത്ത കേട്ടിരുന്നു ചിത്രം വിചിത്രം പരിപാടിയിൽ ആണെന്ന് തോന്നുന്നു പ്രസംഗത്തിന്റെ ഭാഗങ്ങൾ നേരിൽ കാണുകയും ചെയ്തു .ഓഫിസുകളിലെ .ഓണക്കച്ചവടത്തെക്കുറിച്ചും ഓണപൂവിടലിനെ ക്കുറിച്ചും മുഖ്യമന്ത്രിനടത്തിയ പരാമർശങ്ങളും നിർദ്ദേശങ്ങളുമാണ് ഇവിടെ വിഷയം .
  ഫ്യുഡൽ വ്യവസ്ഥയുടെ അവശിഷ്ടമെന്നു ചരിത്ര വിശകലനം ചെയ്താലും ടുറിസം പോഷിപ്പിക്കാൻ വേണ്ടി ദേശീയാഘോഷമെന്നു വിളിക്കപ്പെട്ടത് എന്നപഹസിച്ചാലും ഇന്ന് മലയാളി ജാതിമത വ്യത്യാസമോ സാമ്പത്തിക ഉച്ച നീചത്വമോ ഒന്നും കണക്കിലെടുക്കാതെ കുട്ടു ചേർന്ന് മതിമറന്നാഹ്ലാദിക്കുന്ന ഒരാഘോഷമാണ് ഓണം .ഒന്നാം ഓണം മുതൽ കിട്ടുന്ന അവധി ദിവസങ്ങളിലല്ല അതിനു മുമ്പ് തന്നെ തുടങ്ങുന്ന തയാറെടുപ്പുകളിലാണ് ഈ ആഹ്ലാദവും ആഘോഷവും ഏറ്റവും പ്രകടമാവുന്നത് .അത് കാണുമ്പോൾ "എന്തൊരന്തശ്ചക്തി ചൈതന്യ ധാരായാ ണെ ന്റെ മക്കൾക്കു പെരുമാൾ മഹാബലി "എന്ന് വയലാർ പാടിയത് എത്ര സത്യം എന്ന് നമ്മൾക്കു ബോദ്ധ്യമാകും .തെരഞ്ഞടുപ്പ് വരുമ്പോൾ പ്രകൃതി ക്ഷോഭം പോലെയുള്ള അത്യാഹിതങ്ങളുണ്ടാവുമ്പോൾ നമ്മുടെ ഉദ്യോഗസ്ഥർ രാപകൽ മറന്നു പ്രവർത്തിക്കാറുണ്ടല്ലോ .അതിനൊരു പ്രതിഫലമായി കണക്കാക്കിയാലും മതി .
    പൂക്കളില്ലാതെ പുക്കളമില്ലാതെ ഓണമില്ല "ഞങ്ങടെ സാക്ഷികളത്രെ പൂവുകൾ 'എന്ന് മഹാകവി വൈലോപ്പിള്ളി . അതുകൊണ്ട് ഒരു ദിവസം അവർ പൂക്കളം ഇട്ടു കൊള്ളട്ടെ .പട്ടവും പനം പിള്ളിയും ഇ എം എസ്സും അച്യുത മേനോനും നായനാരും  കരുണാകരനും അതിനനുവദിച്ചിരുന്നു ..അതവർ ദുർബ്ബലരായിരുന്നത് കൊണ്ടല്ലല്ലോ വിജയേട്ടാ .അത് കൊണ്ട് ഈ ഒരൊറ്റ കാര്യത്തിൽ മാത്രം നിർബന്ധം പിടിക്കരുത് .കടലാസ്സു കൂനകൾക്കിടയിൽ  ജീവിതം ഹോമിക്കുന്നവർ ഒന്നോ രണ്ടോ ദിവസം മതി മറന്നു ആഹ്ലാദിച്ചു കൊള്ളട്ടെ  

2016 ഓഗസ്റ്റ് 24, ബുധനാഴ്‌ച



ഞാൻ ശ്രീരാമകൃഷ്ണ വചനാമൃതമോ വിവേകാനന്ദ സാഹിത്യമോ വായിച്ചിട്ടില്ല .അത്ര ചെറുതല്ലാത്ത എന്റെ പുസ്തക ശേഖരത്തിൽ ഈ രണ്ടു പുസ്തകങ്ങളും ഇല്ല .അതിനെ ക്കുറിച്ച് ഞാൻ പൊടുന്നനെ ബോധവാനായത് ഇന്നലെയാണ് .തെക്കൻ കാലിഫോർണിയയിലെ രാമകൃഷ്ണാശ്രമം സന്ദർശിച്ചപ്പോൾ .
       നഗരങ്ങളിൾ ക്കും ജനപദങ്ങൾക്കുമപ്പുറം കാടിൻറെ  നിർജ്ജനതയിൽ പർണ്ണ  കുടീരങ്ങൾ നിർമ്മിച്ചിരുന്നില്ലേ പണ്ട് നമ്മുടെ സത്യാന്വേഷികൾ .അവയെ അനുസ്മരിപ്പിക്കുന്നു ഈ ആശ്രമം .നഗരവാരിധികളിൽ നിന്നെല്ലാം അകലെ വിജനമായ കുന്നിന്പുറത്ത് .നമ്മുടെ സന്യാസി മഠങ്ങളുടെയോ മഹാക്ഷേത്രങ്ങളുടെയോ ആ ഡംബരങ്ങളോ ആലഭാരങ്ങളോ ജനത്തിരക്കോ ഇല്ലാതെ .കഷ്ടിച്ച് രണ്ടു കാറുകൾക്ക് കടന്നു പോകാവുന്ന ടാർ റോഡിലൂടെ ഒരു നാഴികയോളം കുന്നു കയറിച്ചെന്നാൽ ആശ്രമമായി .അങ്ങിങ്ങു പരന്നു കിടക്കുന്ന ചെറിയ ഒറ്റനില ക്കെട്ടിടങ്ങൾ .ശാന്തമായ അന്തരീക്ഷം .ആൾപാർപ്പിന്റെ ലക്ഷണമായി അങ്ങിങ് ചിലപ്പോൾ സംസാരം കേൾക്കാം
 മണിയടിച്ചിട്ടു വേണം സമുച്ചയത്തിലേക്ക് കടക്കാൻ .അതു മാത്രമാണ് അവിടെ കണ്ട ഒരു നിർദ്ദേശം .കാവൽക്കാരില്ല നിയന്ത്രകരില്ല നിർദ്ദേശങ്ങളെഴുതിയ പലകകളുമില്ല .നേരെ ചെന്നാൽ വിവേകാനന്ദ പ്രതിമ .ഒരു ചെറിയ തടാകത്തിലാണതു സ്ഥാപിച്ചിരിക്കുന്നത് . തടാകം നിറയെ മീനുകൾ ചുറ്റും കാട്ടു  ചെടികൾ പൂത്തു നിൽക്കുന്നു .വിശക്കുന്നവന്റെ മുമ്പിൽ ദൈവം ഭക്ഷണത്തിന്റെ രൂപത്തിലെ പ്രത്യക്ഷപ്പെടു  എന്ന് പറഞ്ഞ, ,മനുഷ്യൻ മനുഷ്യൻ തീണ്ടാപ്പാടകലെ നിർത്തുന്നവരുടെ നാട് ഭ്രാന്താലയമാണെന്നു പ്രഖ്യാപിച്ച യുവ സന്യാസി .വിഗ്രഹം ഒരാശയം അതിൽ പ്രതിഷ്‌ഠി തമാവുമ്പോൾ പ്രതിഷ്‌ഠയും ആ ആശയവുമായി സാധകന് സംവേദനം നടത്താനുള്ള മാദ്ധ്യമവുമാവുന്നു .ഉപാധികളില്ലാതെ സാധന സാദ്ധ്യമാവുന്നിടത്തോളമേ വിഗ്രഹത്തിനു പ്രസക്തിയുള്ളൂ .ആചാര്യ സ്വാമികൾ പറഞ്ഞതാണ് ഹിന്ദു വിഗ്രഹാരാധകനാണ് എന്ന് പറഞ്ഞവർക്കു മറുപടിയായി .ഞാൻ വിവേകാനന്ദന്റെ വിഗ്രഹത്തിനഭിമുഖമായി ഏറെ നേരം നിന്നു .അദ്ദേഹത്തിന്റേതായി എന്റെ മനസ്സിലുണ്ടായിരുന്ന ആശയങ്ങൾ അയവിറക്കി കൊണ്ട് .അദ്ദേഹത്തിന്റെ കൃതികൾ വായിക്കാതിരുന്നത് ഒരു കുറവായി എനിക്ക് തോന്നിയതേയില്ല .
   ഇടത്തോട്ടു പടികൾ  കയറി ചെന്നാൽ കോൺഫറൻസ് ഹാൾ ആണ്‌ .ഇടക്കൊക്കെ സമ്മേളങ്ങൾ ഉണ്ടാവും .അതിന്റെ സമയ ക്രമങ്ങളൊക്കെ നോട്ടീസ് ബോർഡിലുണ്ട് .ആശ്രമത്തിന്റെയും അതിന്റെ  ഉടമസ്ഥാവകാശമുള്ള വേദാന്ത സൊസൈറ്റിയുടെയും ചരിത്രം പറയുന്ന ലഘുലേഖയും അവിടെ വെച്ചിട്ടുണ്ട് .എന്താണു വേദാന്തം എന്ന ചെറിയ ഒരു കുറിപ്പും .
  തൊട്ടപ്പുറത്താണ് ലൈബ്രറി .വളരെ വലിയതൊന്നുമല്ല ..അന്തേവാസികൾക്ക് വന്നിരുന്നു വായിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നു തോന്നുന്നു .ധാരാളം ഇരിപ്പിടങ്ങളുണ്ട് .കീര്ക്കീഗാറിന്റെയും മറ്റും പുസ്തകങ്ങൾ ഞാനവിടെ  .കണ്ടു .മേല്നോട്ടക്കാരില്ല . 'പുക വലിക്കരുത് 'നിശബ്ദത പാലിക്കുക എന്നിങ്ങനെയുള്ള  വിളമ്പരങ്ങളില്ല .
    അതിനടുത്ത കെട്ടിടമാണ് അവിടത്തെ അമ്പലം .പരമ ഹംസരുടെ ചിത്രമാണ് പ്രതിഷ്ഠ ..കൽക്കത്തക്ക ടുത്തുള്ള കുമാർ പുക്കുറിൽ വയലിലൂടെ ചോളം കൊറിച്ചു നടന്ന എട്ടു വയസ്സുകാരൻ ഗദാധരൻ കാറു മുടിയ ആകാശത്തിലൂടെ വെളുത്ത കൊക്കുകൾ പറന്നു പോകുന്നതു കണ്ടു ബോധം കെ ട്ടു  വീണു .അതീന്ദ്രിയാനുഭവങ്ങളുടെ പരമ്പരയിൽ ആദ്യത്തേതായിരുന്നു അത് .ആ അനുഭവങ്ങളിലൂടെ അദ്ദേഹം പരമ ഹംസ പദവിയിലെത്തി .തന്റെ മുമ്പിലിരുന്നു ചോദ്യങ്ങൾ ചോദിച്ച ബിരുദ ധാരിയും യുക്തിവാദിയുമായ ചെറുപ്പക്കാരനോടു പറഞ്ഞു 'നിന്നെക്കാണുന്നതിലും വ്യക്തമായി ഞാൻ ദൈവത്തെ കാണുന്നു "വെന്ന് .താനും ഈ മഹാപ്രപഞ്ചവും തമ്മിലുള്ള അഭേദത്വം അപരോക്ഷാനുഭൂതിയായി ഉൾക്കൊണ്ട ഗദാധരന്റെ ചിത്രം ഏതു സത്യാന്വേഷിക്കാണ്‌ പ്രതിഷ്‌ഠ യും പ്രചോദകവും ആവാത്തത് .
    ക്ഷേത്രത്തിലേക്കു കടക്കാൻ ചെരിപ്പഴിച്ചു വെക്കേണ്ടതുണ്ട് .പിന്നെയുമുണ്ട് നിർദ്ദേശങ്ങൾ :ശ്രീകോവിലിലേക്ക് കടന്നിരിക്കരുത് ;പ്രതിഷ്‌ഠ ക്കു മുമ്പിൽ ഒരു സമയം ഒരാളെ ഇരിക്കാവൂ .
     ഉയർന്ന പീഠത്തിലെ പരമ ഹംസരുടെ ചിത്രത്തിലേക്ക്  വെളിച്ചാം വീഴുന്നു .ചുറ്റും മങ്ങിയ വെളിച്ചത്തിൽ നിലത്ത് വിരിച്ച കമ്പളങ്ങളിൽ ഭക്തർക്കിരിക്കാനുള്ള കുഷനുകൾ .പുജാരിയില്ല മന്ത്രോച്ചാരണങ്ങളില്ല .സംപൂർണ്ണ നിശ്ശബ്ദത .കണ്മുന്നിൽ ഗദാധരന്റെ വിശ്രുതമായ ആർദ്ര മന്ദഹാസം ചന്ദനപ്പൊട്ട് .ഞാൻ ആ മന്ദഹാസത്തിലേക്കും ചന്ദനക്കുറിയിലേക്കും അതിലൂടെ അനന്തതയിലേക്കും നോക്കി  . .എന്നെങ്കിലും ഞാൻ തന്നെയെന്ന് എനിക്ക് ബോദ്ധ്യമായേക്കാവുന്ന മഹാപ്രപഞ്ച ചൈതന്യം .അക്ഷരങ്ങളും അസ്തിത്വം തന്നെയും അപ്രസക്തമാവുന്നു .
     നിത്യാനിത്യ വിവേകിയല്ലാത്ത ലൗകികന് പ്രാരബ്ധങ്ങളിലേക്കു . മടങ്ങിയല്ലേ മതിയാവു .കീഴടക്കപ്പെട്ട അമേരിക്കൻ ആദിവാസിയുടെ ഭൂമിയിലൂടെ തിരികെ പോരുമ്പോൾ എനിക്ക് വായിക്കാത്തവയെ ക്കുറിച്ചുള്ള ദുഖവും വായിച്ചതിനെ ക്കുറിച്ചുള്ള ഗർവ്വും ഇല്ലാതായിട്ടുണ്ട് എന്ന് തോന്നി .പുസ്തകങ്ങളല്ല  ഇങ്ങിനെ ചില ധന്യ നിമിഷങ്ങളാണ് പ്രധാനം ..