2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

ഭാരതീയ ചിന്ത യുടെ പ്രധാന അനുശാസങ്ങളിലൊന്നാണ് അപരിഗ്രഹം .സ്വന്തമായി ഒന്നും തന്നെ ഉണ്ടാകാതിരിക്കുക .സന്യാസിമാർക്കു മാത്രമേ അതു പൂർണ്ണമായി പാലിക്കാൻ കഴിയൂ .അതു  കൊണ്ടാണ് ഉടുതുണിയും ഭിക്ഷാപാത്രവും മാത്രമേ സന്യാസിക്ക് സ്വന്തമായി ഉണ്ടാകാവു  എന്ന് ആ ചാര്യന്മാർ വിധിച്ചത് .ദിഗംബര ജൈനന്മാർ ഒരു പടികൂടി മുമ്പോട്ട് പോയി .പരിഗ്രഹത്തിൽ ഉടുവസ്ത്രത്തെക്കുടി  ഉൾപ്പെടുത്തി ഉപേക്ഷിച്ചു .2600 വര്ഷങ്ങളായി ദിഗംബര ജൈന മുനി പരമ്പര  ആകാശം ഉടുപുടവയായി സ്വീകരിച്ചു ധർമ്മ പ്രചാരണം ചെയ്തു പോരുന്നു .അപരിഗ്രഹം പോലെ അവരുടെ പഞ്ച മഹാവ്രതത്ത്വങ്ങളിൽ പ്പെടുന്ന ഒന്നാണ് അഹിംസയും .ഇവിടെയും ജൈനന്മാർ മൗലിക വാദികളാണ് .മനുഷ്യരെ മാത്രമല്ല ഒരു പ്രാണിയെയും അവർ ഹിംസിക്കുകയില്ല .കാലടിയിൽ പ്പെട്ട ഏതെങ്കിലും ഒരദൃശ്യപ്രാണി വേദനിച്ചെങ്കിലോ എന്ന് കരുതി മയിൽ പ്പീലികൊണ്ടുള്ള വിശറി കൊണ്ട് മുന്നിലെ നിലം തുടച്ചു കൊണ്ടാണ് അവർ നടക്കുക .അനുവദനീയമായ പരിഗ്രഹങ്ങളിൽ ഒന്നാണ് അവർക്ക് ഈ വിശറി .അത് പോലെ ഹിംസ എന്നാൽ ശാരീരിക ഹിംസ മാത്രമല്ല  അവർക്ക് .മറ്റു ജീവജാലങ്ങളുടെ മനസ്സു വേദനിപ്പിക്കാതിരിക്കലും അവരുടെ ധർമ്മമാണ് അവർ കരുതുന്നു .
     ഇതിലൊന്നും എതിർക്കപ്പെടേണ്ടതായി എന്തെങ്കിലുമുണ്ടെന്നു അവരുടെ കടുത്ത വിമര്ശകനായ ആചാര്യ ശങ്കരന് പോലും തോന്നിയിട്ടില്ല .ഇപ്പോഴും അവർ ഇടപെടേണ്ടി വരുന്ന സമൂഹത്തിൽ ഇക്കാര്യത്തിൽ അവരോടെതിര്പ്പൊന്നും ആർക്കെങ്കിലും ഉള്ളതായി അറിഞ്ഞു കൂടാ .എതിർപ്പുള്ളവരുടെ ഇടയിലേക്ക് അവർ കടന്നു കയറി ചെല്ലാറുമില്ല .പക്ഷെ അവരുമായി സംവദിക്കണമെന്നുള്ളവർക്ക് അതാവാം .അവർ ജൈനമുനിമാർ അവരുടെ മഹാവ്രതങ്ങൾ  പാലിച്ചു കൊണ്ടായിരിക്കും സംവാദത്തിലേർപ്പെടുക എന്ന് മാത്രം .ഇന്ത്യകണ്ട ഏറ്റവും ശക്തി ശാലിയായ പ്രധാനമന്ത്രിക്ക് ,സാക്ഷാൽ ഇന്ദിരാ ഗാന്ധിക്ക് പോലും ആ വ്യവസ്ഥ അംഗീകരിക്കേണ്ടി വന്നു .ഇപ്പോളിതാ ഒരു സംസ്ഥാന നിയമ സഭക്കും .അതിനെ ക്കുറിച്ച് ഒച്ചപ്പാടുണ്ടാക്കുന്നവർ മനപ്പൂർവം മറച്ചു വെക്കുന്ന ഒരു കാര്യമുണ്ട് .നിയമ സഭ ഏകകണ്‌ഠമായാണ്  ജൈന സന്യാസിയെ ക്ഷണിക്കാനുള്ള പ്രമേയം അംഗീകരിച്ചത് .എല്ലാ കക്ഷി  നേതാക്കളും അദ്ദേഹത്തെ സ്വാഗതം ചെയ്തു .ഒടുവിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു .നിയമ സഭ അതിന്റെ പൂർണ്ണതയിൽ ഗവർണ്ണർ ഉൾപ്പെടെ സന്നിഹിതമായിരുന്നു .കക്ഷി വ്യത്യാസമില്ലാതെ സ്ത്രീ പുരുഷഭേദമില്ലാതെ സഭയിലും സന്ദർശക ഗാലറിയിലുമുള്ളവർ പ്രസംഗത്തെ കയ്യടിച്ച് അഭിനന്ദിച്ച് കൊണ്ടിരുന്നു .കാരണം സമീപകാലത്ത് ഇന്ത്യയിൽ കേട്ട ഏറ്റവും ഉത്പതിഷ്ണുവായ പ്രസംഗമായിരുന്നു അത്
    ജൈന മുനിയിൽ ഹിന്ദു വർഗ്ഗീയ വാദിയെ ,ദിഗംബരത്വത്തിൽ അശ്ലീലതയെ ,നിയമ സഭയുടെ  സർവ സമ്മത തീരുമാനത്തിൽ ഫാസിസത്തെ കണ്ടെത്തിയവരെക്കുറിച്ച് എന്ത് പറയാനാണ്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ