2016 നവംബർ 26, ശനിയാഴ്‌ച

കഴിഞ്ഞൊരു ദിവസം കൃത്യമായി പറഞ്ഞാൽ നവമ്പർ 15 നു ഓച്ചിറ അമ്പലത്തിൽ പോയി .കുറേക്കാലമായിരുന്നു  പരബ്രഹ്മ സന്നിധിയിൽ  പോയിട്ട് .ഞാനും ഈ പ്രപഞ്ച സത്തയും അഭേദമാണെന്ന വിശ്വാസം ഇന്ത്യയുടെ സമൂഹ അബോധത്തിൽ അനാദികാലം മുതലേ സന്നിഹിതമായിരുന്നു ,അതിനു വാഗ്രൂപം കൊടുക്കുക മാത്രമാണ്  യാജ്ഞ വൽക്യനും ഉദ്ദാലകനും ശങ്കരനുമൊക്കെ ചെയ്തത് എന്നതിനു നിദർശനമാണ്  ചക്രവാളങ്ങകൾക്കും മതിലുകൾ തീർക്കാനാവാത്തഓച്ചിറ പരദേവരുടെ പടനിലം .പക്ഷെ ചില മാദ്ധ്യമങ്ങളില്ലാതെ കഴിയുകയില്ല എന്നായിരിക്കുന്നു നമുക്ക് ..അതുകൊണ്ടാണല്ലോ ആൽത്തറകളിൽ വിഗ്രഹങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും പടനിലത്തിനു ചുറ്റും ഉപക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നതും .
      വടക്കു കിഴക്കു ഭാഗത്തുള്ള ധർമ്മ ശാസ്താ ഗണപതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ കർപ്പൂരവും കറുക മാലയും വിൽക്കുന്ന വൃദ്ധയുമായി ഞാൻ കുറച്ചു നേരം സംസാരിച്ചു നിന്നു .വാൾ മാർട്ട്  സാമും ലുലു യൂസഫലിയും തട്ടുകട തങ്കപ്പൻ പിള്ളയും സ്ഥിരമായി പറയുന്ന ആവലാതിയുണ്ടല്ലോ "കച്ചവടം പൊതുവെ മോശമാണ് "എന്ന് .അങ്ങിനെ തന്നെയാണ് നമ്മുടെ ഇച്ചേചിയും പറഞ്ഞു തുടങ്ങിയത് .പതുക്കെ അവർ കാര്യത്തിലേക്കു വന്നു :ഒരു ബ്ലേഡ് കാരനിൽ നിന്നു പലിശക്ക് വാങ്ങിയ 500 രൂപയാണ് മൂലധനം .അയാൾ പഴയ നോട്ടാണു കൊടുത്തത് .പഴയ നോട്ടിനു സാധനം കൊടുക്കാമെന്നു ഹോൾസെയിലർ സമ്മതിച്ചു .വിറ്റു പുതിയ നോട്ടുകൾ കൊടുക്കണമെന്ന് മാത്രം ..വിൽപ്പന കുറവാണ് .തനിക്കു മാത്രമല്ല അടുത്തുള്ള മറ്റു ചെറു കിട കച്ചവടക്കാർക്കും  ചായക്കടക്കാർക്കും ."അതെങ്ങനാ ആരുടെയെങ്കിലും കയ്യിൽ കാശു വേണ്ടേ " ധാർമ്മിക രോഷത്തിനപ്പുറം ദുഖമായിരുന്നു അവരുടെ ശബ്ദത്തിൽ .
  റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു നടന്ന ഒരുവനാണല്ലോ ഇവരോടൊക്കെ ഈ കടുംകൈ ചെയ്തത് എന്ന് എന്റെ അമർഷം ഞാൻ പ്രകടിപ്പിക്കാൻ തുടങ്ങുമ്പോഴേക്കും ഇച്ചേച്ചി തുടർന്നു പറയുന്നതു കേട്ടു "പക്ഷേ  ഒരു നല്ല കാര്യത്തിനല്ലേ നമ്മളൊക്കെ കുറച്ചൊക്കെ ബുദ്ധി മുട്ടു സഹിക്കാതെ പറ്റുമോ ?"എന്റെ അമ്പരപ്പു കണ്ടിട്ടായിരിക്കാം അവർ വിശദീകരിച്ചു :"പുതിയ വാർക്ക കെട്ടിടം ഇടിച്ചു നിരത്തി രണ്ടും മുന്നും നിലകളിൽ മാളിക പണിയുന്നവരുണ്ട് .സ്ഥലം എത്ര വലിയ വിലയും കൊടുത്ത് സ്ഥലം വാങ്ങുന്നവർ .പാവപ്പെട്ടവർക്ക് പത്തുസെന്റ്‌ സ്ഥലം വാങ്ങി ഒരു കൂര  വെക്കാൻ പറ്റാത്ത സ്ഥിതിയാണ് അത് മാറണമല്ലോ "
  മുംബായിലെയും  ബാംഗ്ളൂരിലെയും കാൾ  കൂടുതലാണ് കരുനാഗപ്പള്ളി താലൂക്കിലെ സ്ഥലവില അതെന്തുകൊണ്ടാണെന്ന് എല്ലാവര്ക്കും ,ഇടത് വലത് ബിജെപി എല്ലാവര്ക്കും അറിയാം .പക്ഷെ പുരോഗമന മതേതര ജനാധിപത്യ മുല്യങ്ങൾ  കാത്ത് സൂക്ഷിക്കേണ്ടത് കൊണ്ട് അവരൊന്നും മിണ്ടാറില്ല. വോട്ടു വേണമല്ലോ .
  ഇച്ചേച്ചിക്ക് വോട്ടു വേണ്ടാത്തതു കൊണ്ട് അവർ സത്യം പറഞ്ഞു .ഞാനാലോചിച്ചതു മറ്റൊന്നാണ് .അപ്പോൾ പഴയ ചായക്കടക്കാരൻ സഹജീവിസ്നേഹം കാണിക്കുകയായിരുന്നുവോ ? പക്ഷെ പുതിയ വേഷത്തിൽ അദ്ദേഹം ശതകോടീശ്വരന്മാരെ സഹായിക്കാൻ ഇന്ത്യയിലെ പാവപ്പെട്ടവരെ ദുരിതത്തിലാഴ്ത്തുകയാണ് എന്നല്ലേ ഫേസ്ബുക് ബുദ്ധി ജീവികൾ ,ധന ശാസ്ത്രവും ബാങ്കിങ്ങും മറ്റും നന്നായി അഭ്യസിച്ചിട്ടുള്ളവർ ,ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജീവിതം തൊട്ടറിഞ്ഞിട്ടുള്ളവർ പറഞ്ഞു കൊണ്ടേയിരിക്കുന്നത് .
 ഏതാണ് ശരി ?പടനിലമായതു കൊണ്ടാവാം എനിക്ക് ഖസ്സാക്കിലെ വേദാന്തിയായ മാധവൻ നായരുടെ വാക്കുകളാണോർമ്മ വന്നത് "അതറിയരുതെന്നല്ലേ മനുഷ്യ ജന്മത്തിന്റെ വിധി "
   
  

2016 നവംബർ 23, ബുധനാഴ്‌ച

23 -11-2016   ടി പദ്മനാഭന്റെ  'മനുഷ്യ പുത്രൻ 'എന്ന കഥ വായിച്ചിട്ടുണ്ടോ ? ഞാൻ ഇന്നത് വീണ്ടും വായിച്ചു .ഇടശ്ശേരിയുടെയോ വൈലോപ്പിള്ളിയുടെയോ ഏറ്റവും നല്ല കവിതക്കുള്ള ശക്തിയും സൗന്ദര്യവുമുണ്ട് ആ കഥക്ക് .റേഡിയോയിൽ കഥ വായിക്കാൻ തന്റെ ഊഴം കാത്തിരിക്കുന്ന ഒരു യുവകഥാകൃത്തിന്റെ ഉദ്‌വിഗ്നതകൾ ആണ് വിഷയം .ആദ്യം കഥ വായിച്ച ദിവസം തന്റെ 'അമ്മ അതു കേൾക്കാൻ റേഡിയോ ഉള്ള മുന്ന് വീടുകളിൽ പോയതായി കഥാകൃത്ത് ത്ത് ഓർമ്മിക്കുന്നു.പക്ഷെ മൂന്നിടത്തും .........അതി പ്രശസ്തമായ അർദ്ധ വിരാമം .
  ഇന്ന് രാവിലെ   കൊച്ചി എഫ് എം നിലയത്തിൽ ഒരു റിക്കോഡിങ്ങിന്  കാത്തിരുന്നപ്പോളാണ് ഞാനീ കഥയെക്കുറിച്ചോർത്തത് .തിരിച്ചു വന്നു കഥ വായിക്കുകയും ചെയ്തു .
 പ്രശസ്ത കഥാകൃത്ത് സോക്രട്ടീസ് വാലത്ത് കഥ വായിക്കാനുണ്ടായിരുന്നു .എഫ് ബി യിലൂടെ പരിചയപ്പെട്ടിട്ടുള്ള അദ്ദേഹത്തെ നേരിൽക്കാണാനും പരിചയപ്പെടാനും കഴിഞ്ഞു .സോക്രട്ടീസിന്റെ കഥക്കൊപ്പമായിരിക്കും  എന്റെ കൃതിയും വരിക എന്ന് അധികാരികൾ പറഞ്ഞു .അപ്പോൾ ആരെംകിലുമൊക്കെ കേൾക്കും .അത്രയും നന്ന് .
 ( അവസരം തന്ന ശ്രീ കുമാർ സാറിനു നന്ദി പറയുന്നില്ല അത് നന്ദി കേടാവും എന്നതുകൊണ്ട് )

2016 സെപ്റ്റംബർ 7, ബുധനാഴ്‌ച

അജ്ഞാത ഗായകാ അരികിൽ വരൂ ----
-------------------------------------------------------
അൻപതുകളിലെയും അറുപതുകളിലെയും മലയാള സിനിമയിൽ മുഖ്യ ഉപനായിക മാരിൽ പ്രധാനി ആയിരുന്നു ശാന്തി .നീലാ(മെരി ലാന്റ് )ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അവർ .നായികയായി അവയിൽ മിക്കതിലും മിസ് കുമാരിയായിരുന്നു അഭിനയിച്ചിരുന്നത് .ശാന്തിയുടെ ആദ്യ ചിത്രം തന്നെ കുമാരിക്കൊപ്പം  ഏതാണ്ട് തുല്യ പ്രാധാന്യമുള്ള ഒരു റോൾ ചെയ്തു കൊണ്ടായിരുന്നു ;പാടാത്ത പൈങ്കിളിയിലെ ലൂസി. അഭിനയത്തിലും അവർ കുമാരിക്കൊപ്പം നിന്നു ..അൾത്താരയിൽ ഷീല അഭിനയിച്ച നായികയുടെ അനിയത്തിയുടെ വേഷമായിരുന്നു ശാന്തിക്ക് .താൻ സ്നേഹിക്കുന്ന ആളിന്റെ പ്രണയം തനിക്കു വളരെ വേണ്ടപ്പെട്ട മറ്റൊരാളിലേക്കൊഴുകുന്നതു നിസ്സഹായയായി കണ്ടു നിൽക്കേണ്ടി വരുന്ന ഒരുവൾ തന്നെ ഇവിടെയും.ശാന്തി ഷീലക്കു താഴെയായിരുന്നില്ല  ഈ ചിത്രത്തിൽ .
     എന്തു കൊണ്ടാണ് അവർ മെരിലാന്റിന്റെ നാല് ചുമരുകൾക്കുള്ളിൽ തന്നെ നിന്ന് കളഞ്ഞത് .അഭിനയ സാദ്ധ്യതയുള്ള ഒരു പാട് കഥാ പാത്രങ്ങൾ അത് മൂലം നഷ്ടപ്പെട്ടില്ലേ  അവർക്കു മാത്രമല്ല മലയാള സിനിമക്കും ? മലയാള സിനിമാസ്വാദകൻ അന്ന് ചോദിക്കാറുണ്ടായിരുന്ന ചോദ്യങ്ങൾക്ക് ശാന്തി ഇപ്പോൾ മറുപാടി പറയുന്നു ഏഷ്യാനെറ് ന്യുസിന്റെ ഞാൻ ഇവിടെയുണ്ട് എന്ന പരിപാടിയിലൂടെ  :ജോലി സ്ഥിരതയായിരുന്നുവത്രെ പ്രധാനം ..സ്വന്തം തൊഴിലിന്റെ കാര്യത്തിൽ ഇത്തരം തെരഞ്ഞെടുപ്പുകൾ ഓരോ വ്യക്തിയുടെയും തീരുമാനമാണ് .മറിച്ചായിരുന്നെങ്കിൽ എന്നാലോചിക്കുക ആസ്വാദകന്റെ സ്വാതന്ത്ര്യവും .
 
    അജ്ഞാത ഗായകാ അരികിൽ വരൂ ,അരികിൽ വരൂ എന്ന് പാടിക്കൊണ്ട് കാല്പനിക നായികയായി അവർ അഭിനയിച്ച ഒരു നീലാ ചിത്രമാണ് ഹോട്ടൽ ഹൈ റേഞ്ച്  .അവസാനം അവർ ഒരു സി ഐ ഡി ഓഫീസർ ആണെന്ന് വെളിപ്പെടുന്നു ..അജ്ഞാത ഗായക കൂടാതെ ഗംഗാ യമുനാ സംഗമ സമതല ഭൂമി എന്ന വിശ്രുത കമുകറ ഗാനവും ആ ചിത്രത്തിലേതാണെന്നു തോന്നുന്നു ..
  ആദ്ധ്യാപികയിൽ പദ്മിനിക്കൊപ്പവും അവർ അഭിനയിച്ചിരുന്നു .
തുടർന്നും ഏതാനും ചിത്രങ്ങളിൽ അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .എന്തായാലും എഴുപതുകളുടെ മദ്ധ്യത്തോടെ അവർ മലയാള ചലച്ചിത്ര രംഗത്ത് നിന്ന് തീർത്തും അപ്രത്യക്ഷയായി .
     "ഞാൻ ഇവിടെയുണ്ട് 'എന്ന പരിപാടിയിൽ ഇന്നലെ ശാന്തിയെക്കണ്ടപ്പോളാണ് ഞാനിതൊക്കെ ഓർത്തു പോയത് .സൗമ്യവും സുന്ദരവുമായ അവരുടെ മുഖവും പ്രസാദാത്മകത്വം തുളുമ്പുന്ന സംഭാഷണ ശൈലിയും ഭാവ പ്രകാശന ത്തിലുള്ള അനായാസതയും അവരെ അന്നത്തെ ഞങ്ങളുടെ ഇഷ്ട നടിമാരിലൊരാളാക്കിയിരുന്നു . നല്ലൊരു നർത്തകി കൂടി  ആയിരുന്നു അവർ
   ഒരു കാലത്തെ ചൈതന്യ ഭാസുരമാക്കിയ വ്യക്തികളെ പുതിയ തലമുറയ്ക്ക് പരിചയ പ്പെടുത്തി കൊടുക്കുന്ന ഏഷ്യാ നെറ്റി ന്റെ ഈ സംരംഭം അഭിനന്ദനം അർഹിക്കുന്നു .നന്ദി പറയുന്നതിനൊപ്പം ഒരു കാര്യം ചുണ്ടി കാണിക്കട്ടെ .ആദ്യ ദുർ ഘടങ്ങൾ  നീക്കം ചെയ്ത്  .മലയാള സിനിമയുടെ  പാത ഒരുക്കിയ  പ്രമുഖരിൽ ഒരാളിന്റെ പേര് പി സുബ്രമണ്യം എന്നാണ്‌ .എ പേരിലാണ് അദ്ദേഹം അന്നും ഇന്നും അറിയപ്പെടുന്നത് ..   പി സുബ്രമണ്യൻ എന്നു പല തവണ പറഞ്ഞു കേട്ടു .അശ്രദ്ധ കൊണ്ടുണ്ടാവുന്ന ഇത്തരം അപശബ്ദങ്ങൾ ഒഴിവാക്കുക തന്നെ വേണം
             - .
     





2016 സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഇന്ത്യൻ സിനിമയുടെ സുവർണ്ണ രേഖ .
---------------------------------------------------------
അപുത്രയത്തിന്റെയും ചാരുലതയുടെയും പ്രഭാവലയത്തിൽ കണ്ണ് മഞ്ഞളിച്ചു പോയ ഇന്ത്യൻ സിനിമാപ്രേമി നമ്മുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നിനെ ശ്രദ്ധിക്കാതെ പോയി .അതിന്റെ ഭാഗ്യം കുറഞ്ഞ സംവിധായകനെയും .വിഭജനത്തെ തുടർന്നുണ്ടായ അഭയാർത്ഥികളുടെ   കടന്നു വരവ് മുതൽ താഴെത്തട്ടിലെ പട്ടിണിയും പരിവട്ടവും അവഗണിച്ച് കൊണ്ട് ഇന്ത്യൻ മദ്ധ്യവർഗ്ഗം പുതിയ സമൃദ്ധി ആഘോഷിക്കുന്ന അറുപതുകളുടെ തുടക്കം വരെയുള്ള കാലയളവ് ഹൃദയ സ്പർശിയായ വിധത്തിൽ നമുക്ക് കാട്ടി തരുന്ന സുവർണ്ണ രേഖ എന്ന ബംഗാളി ചിത്രത്തെയും അതിന്റെ സംവിധായകൻ റീത്തിക് ഘട്ടക്കിനെയും നമ്മൾ അവഗണിച്ചു .
      സ്വയംവരത്തിന്റെ നിർമ്മിതിയിൽ തന്നെ സ്വാധീനിച്ചത് റേ ചിത്രങ്ങളല്ല  തന്റെ ഗുരു കൂടിയായ  ഘട്ടക്കിന്റെ സുവർണ്ണ രേഖയാണെന്ന് അടൂർ ഒരിക്കൽ പറഞ്ഞതായി ഓർക്കുന്നു .സത്യമാണ് .മഹാഭാരതവും അഭിഞ്ജാന ശാകുന്തളവുമായുള്ള ബന്ധം സുവർണ്ണ രേഖയും സ്വയം വരവുമായുണ്ട് .വിശദമായി എഴുതണമെന്നു വിചാരിക്കുന്നതു കൊണ്ട് ഇവിടെ കൂടുതൽ പറയുന്നില്ല .
    അമ്പരപ്പിച്ച ഒരു സത്യം പറയാതെ വയ്യ ;എല്ലാം നഷ്ടപ്പെട്ട് പ്രാണൻ കയ്യിലെടുത്ത് ഓടി വന്നവരുടെ ഇടയിലും ജാതി വ്യത്യാസം പ്രകടമായിരുന്നു !
         ഏറ്റവും നല്ല ഇന്ത്യൻ സിനിമ ഏതെന്നു ചോദിച്ചാൽ ഒരു നിമിഷം ആലോചിക്കാതെ ഞാൻ ചാരുലത എന്ന് മറുപടി പറയുമായിരുന്നു .ഇപ്പോഴും അങ്ങിനെ പറയുമായിരിക്കാം .പക്ഷെ അതിനു മുമ്പ് ഒരു പാട് ആലോചിക്കേണ്ടി വരും .
  മാമ്പഴമാണോ മാർത്താണ്ഡ വർമ്മയാണോ നല്ല സാഹിത്യ സൃഷ്ടി എന്ന് ചോദിച്ചാൽ സുഹൃത്തേ താങ്കൾ എന്തായിരിക്കും മറുപടി പറയുക ?

2016 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

ഭാരതീയ ചിന്ത യുടെ പ്രധാന അനുശാസങ്ങളിലൊന്നാണ് അപരിഗ്രഹം .സ്വന്തമായി ഒന്നും തന്നെ ഉണ്ടാകാതിരിക്കുക .സന്യാസിമാർക്കു മാത്രമേ അതു പൂർണ്ണമായി പാലിക്കാൻ കഴിയൂ .അതു  കൊണ്ടാണ് ഉടുതുണിയും ഭിക്ഷാപാത്രവും മാത്രമേ സന്യാസിക്ക് സ്വന്തമായി ഉണ്ടാകാവു  എന്ന് ആ ചാര്യന്മാർ വിധിച്ചത് .ദിഗംബര ജൈനന്മാർ ഒരു പടികൂടി മുമ്പോട്ട് പോയി .പരിഗ്രഹത്തിൽ ഉടുവസ്ത്രത്തെക്കുടി  ഉൾപ്പെടുത്തി ഉപേക്ഷിച്ചു .2600 വര്ഷങ്ങളായി ദിഗംബര ജൈന മുനി പരമ്പര  ആകാശം ഉടുപുടവയായി സ്വീകരിച്ചു ധർമ്മ പ്രചാരണം ചെയ്തു പോരുന്നു .അപരിഗ്രഹം പോലെ അവരുടെ പഞ്ച മഹാവ്രതത്ത്വങ്ങളിൽ പ്പെടുന്ന ഒന്നാണ് അഹിംസയും .ഇവിടെയും ജൈനന്മാർ മൗലിക വാദികളാണ് .മനുഷ്യരെ മാത്രമല്ല ഒരു പ്രാണിയെയും അവർ ഹിംസിക്കുകയില്ല .കാലടിയിൽ പ്പെട്ട ഏതെങ്കിലും ഒരദൃശ്യപ്രാണി വേദനിച്ചെങ്കിലോ എന്ന് കരുതി മയിൽ പ്പീലികൊണ്ടുള്ള വിശറി കൊണ്ട് മുന്നിലെ നിലം തുടച്ചു കൊണ്ടാണ് അവർ നടക്കുക .അനുവദനീയമായ പരിഗ്രഹങ്ങളിൽ ഒന്നാണ് അവർക്ക് ഈ വിശറി .അത് പോലെ ഹിംസ എന്നാൽ ശാരീരിക ഹിംസ മാത്രമല്ല  അവർക്ക് .മറ്റു ജീവജാലങ്ങളുടെ മനസ്സു വേദനിപ്പിക്കാതിരിക്കലും അവരുടെ ധർമ്മമാണ് അവർ കരുതുന്നു .
     ഇതിലൊന്നും എതിർക്കപ്പെടേണ്ടതായി എന്തെങ്കിലുമുണ്ടെന്നു അവരുടെ കടുത്ത വിമര്ശകനായ ആചാര്യ ശങ്കരന് പോലും തോന്നിയിട്ടില്ല .ഇപ്പോഴും അവർ ഇടപെടേണ്ടി വരുന്ന സമൂഹത്തിൽ ഇക്കാര്യത്തിൽ അവരോടെതിര്പ്പൊന്നും ആർക്കെങ്കിലും ഉള്ളതായി അറിഞ്ഞു കൂടാ .എതിർപ്പുള്ളവരുടെ ഇടയിലേക്ക് അവർ കടന്നു കയറി ചെല്ലാറുമില്ല .പക്ഷെ അവരുമായി സംവദിക്കണമെന്നുള്ളവർക്ക് അതാവാം .അവർ ജൈനമുനിമാർ അവരുടെ മഹാവ്രതങ്ങൾ  പാലിച്ചു കൊണ്ടായിരിക്കും സംവാദത്തിലേർപ്പെടുക എന്ന് മാത്രം .ഇന്ത്യകണ്ട ഏറ്റവും ശക്തി ശാലിയായ പ്രധാനമന്ത്രിക്ക് ,സാക്ഷാൽ ഇന്ദിരാ ഗാന്ധിക്ക് പോലും ആ വ്യവസ്ഥ അംഗീകരിക്കേണ്ടി വന്നു .ഇപ്പോളിതാ ഒരു സംസ്ഥാന നിയമ സഭക്കും .അതിനെ ക്കുറിച്ച് ഒച്ചപ്പാടുണ്ടാക്കുന്നവർ മനപ്പൂർവം മറച്ചു വെക്കുന്ന ഒരു കാര്യമുണ്ട് .നിയമ സഭ ഏകകണ്‌ഠമായാണ്  ജൈന സന്യാസിയെ ക്ഷണിക്കാനുള്ള പ്രമേയം അംഗീകരിച്ചത് .എല്ലാ കക്ഷി  നേതാക്കളും അദ്ദേഹത്തെ സ്വാഗതം ചെയ്തു .ഒടുവിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു .നിയമ സഭ അതിന്റെ പൂർണ്ണതയിൽ ഗവർണ്ണർ ഉൾപ്പെടെ സന്നിഹിതമായിരുന്നു .കക്ഷി വ്യത്യാസമില്ലാതെ സ്ത്രീ പുരുഷഭേദമില്ലാതെ സഭയിലും സന്ദർശക ഗാലറിയിലുമുള്ളവർ പ്രസംഗത്തെ കയ്യടിച്ച് അഭിനന്ദിച്ച് കൊണ്ടിരുന്നു .കാരണം സമീപകാലത്ത് ഇന്ത്യയിൽ കേട്ട ഏറ്റവും ഉത്പതിഷ്ണുവായ പ്രസംഗമായിരുന്നു അത്
    ജൈന മുനിയിൽ ഹിന്ദു വർഗ്ഗീയ വാദിയെ ,ദിഗംബരത്വത്തിൽ അശ്ലീലതയെ ,നിയമ സഭയുടെ  സർവ സമ്മത തീരുമാനത്തിൽ ഫാസിസത്തെ കണ്ടെത്തിയവരെക്കുറിച്ച് എന്ത് പറയാനാണ്


2016 ഓഗസ്റ്റ് 27, ശനിയാഴ്‌ച

അരുതു വിജയേട്ട
നേരത്തെ വാർത്ത കേട്ടിരുന്നു ചിത്രം വിചിത്രം പരിപാടിയിൽ ആണെന്ന് തോന്നുന്നു പ്രസംഗത്തിന്റെ ഭാഗങ്ങൾ നേരിൽ കാണുകയും ചെയ്തു .ഓഫിസുകളിലെ .ഓണക്കച്ചവടത്തെക്കുറിച്ചും ഓണപൂവിടലിനെ ക്കുറിച്ചും മുഖ്യമന്ത്രിനടത്തിയ പരാമർശങ്ങളും നിർദ്ദേശങ്ങളുമാണ് ഇവിടെ വിഷയം .
  ഫ്യുഡൽ വ്യവസ്ഥയുടെ അവശിഷ്ടമെന്നു ചരിത്ര വിശകലനം ചെയ്താലും ടുറിസം പോഷിപ്പിക്കാൻ വേണ്ടി ദേശീയാഘോഷമെന്നു വിളിക്കപ്പെട്ടത് എന്നപഹസിച്ചാലും ഇന്ന് മലയാളി ജാതിമത വ്യത്യാസമോ സാമ്പത്തിക ഉച്ച നീചത്വമോ ഒന്നും കണക്കിലെടുക്കാതെ കുട്ടു ചേർന്ന് മതിമറന്നാഹ്ലാദിക്കുന്ന ഒരാഘോഷമാണ് ഓണം .ഒന്നാം ഓണം മുതൽ കിട്ടുന്ന അവധി ദിവസങ്ങളിലല്ല അതിനു മുമ്പ് തന്നെ തുടങ്ങുന്ന തയാറെടുപ്പുകളിലാണ് ഈ ആഹ്ലാദവും ആഘോഷവും ഏറ്റവും പ്രകടമാവുന്നത് .അത് കാണുമ്പോൾ "എന്തൊരന്തശ്ചക്തി ചൈതന്യ ധാരായാ ണെ ന്റെ മക്കൾക്കു പെരുമാൾ മഹാബലി "എന്ന് വയലാർ പാടിയത് എത്ര സത്യം എന്ന് നമ്മൾക്കു ബോദ്ധ്യമാകും .തെരഞ്ഞടുപ്പ് വരുമ്പോൾ പ്രകൃതി ക്ഷോഭം പോലെയുള്ള അത്യാഹിതങ്ങളുണ്ടാവുമ്പോൾ നമ്മുടെ ഉദ്യോഗസ്ഥർ രാപകൽ മറന്നു പ്രവർത്തിക്കാറുണ്ടല്ലോ .അതിനൊരു പ്രതിഫലമായി കണക്കാക്കിയാലും മതി .
    പൂക്കളില്ലാതെ പുക്കളമില്ലാതെ ഓണമില്ല "ഞങ്ങടെ സാക്ഷികളത്രെ പൂവുകൾ 'എന്ന് മഹാകവി വൈലോപ്പിള്ളി . അതുകൊണ്ട് ഒരു ദിവസം അവർ പൂക്കളം ഇട്ടു കൊള്ളട്ടെ .പട്ടവും പനം പിള്ളിയും ഇ എം എസ്സും അച്യുത മേനോനും നായനാരും  കരുണാകരനും അതിനനുവദിച്ചിരുന്നു ..അതവർ ദുർബ്ബലരായിരുന്നത് കൊണ്ടല്ലല്ലോ വിജയേട്ടാ .അത് കൊണ്ട് ഈ ഒരൊറ്റ കാര്യത്തിൽ മാത്രം നിർബന്ധം പിടിക്കരുത് .കടലാസ്സു കൂനകൾക്കിടയിൽ  ജീവിതം ഹോമിക്കുന്നവർ ഒന്നോ രണ്ടോ ദിവസം മതി മറന്നു ആഹ്ലാദിച്ചു കൊള്ളട്ടെ