2015, ജനുവരി 23, വെള്ളിയാഴ്‌ച

സംസ്കാര ജാലകം
കേളി കൊട്ട് ബ്ലോഗ് മാഗസിനിൽ ഡോ ആർ ഭദ്രൻ കൈകാര്യം ചെയ്യുന്ന സൈബർ സാഹിത്യ വിമർശ പംക്തിയാണ് സംസ്കാര ജാലകം .അതിന്റെ ആദ്യ പതിനെട്ടു ലക്കങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു സംസ്കാര ജാലകം എന്ന പേരിൽ തന്നെ .
       നിരൂപകൻ സ്വനിയുക്തനായ ഒരു അമ്പയർ  ആണെന്നും അയാൾ ഇടക്കിടെ' ഫൌൾ' 'ഫൌൾ'എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുമെന്നും പണ്ട് പ്രൊ എസ് ഗുപ്തൻ നായർ പറഞ്ഞതോർക്കുന്നു .അത്തരം ഒരു അമ്പയറു ടെ  സാന്നിദ്ധ്യം  അനിവാര്യ മാവുന്നത് സൈബർ സാഹിത്യ രംഗത്താണ് .കാരണം അവിടെ പത്രാധിപന്മാരില്ല .അതു കൊണ്ടു തന്നെ രചനയ്ക്കും പ്രസിദ്ധീകരണത്തിനും ഇടയിൽ സംഭവിക്കേണ്ട തിരുത്തലുകൾ ഒന്നും ഉണ്ടാവുന്നതു മില്ല .മാത്രമല്ല എഴുതിയത് തിരുത്തിയും മാറി യെഴുതിയും വെടിപ്പാക്കി പ്രസിദ്ധപ്പെടുത്തുക എന്ന രീതിയും സൈബർ രംഗത്തില്ല .തെറ്റു കുറ്റങ്ങൾ ചൂണ്ടി ക്കാട്ടി സൌഹൃദത്തിനു ഭംഗം വരുത്താൻ വായനക്കാരും വിമുഖരാണ് .ഡോ ഭദ്രനും അദ്ദേഹത്തിന്റെ സംസ്കാര ജാലകവും പ്രസക്തമാവുന്നത് അങ്ങിനെയാണ് .താൻ സ്വയം ഏറ്റെടുത്ത ആ ജോലി അദ്ദേഹം സ്തുത്യർഹമായി നിർവഹിച്ചു കൊണ്ടിരിക്കുകയാണ് .
      പുസ്തക രൂപത്തിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന ലക്കങ്ങളിലൂടെ കടന്നു പോയപ്പോൾ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ രേഖ പ്പെടുത്തട്ടെ :
      തെറ്റു കുറ്റങ്ങൾ ചൂണ്ടി ക്കാ ട്ടു  ന്നത്  ഏറ്റവും മാന്യവും സംസ്കാര മുറ്റതുമായ ഭാഷയിലാണ് ;അവിടെ വിമർശ വിധേയമാവുന്ന കൃതിയുടെ രചയിതാവ് ആരെന്നത് വിഷയമേയല്ല പ്രശംസഅർഹിക്കുന്ന രചനകളെ  അദ്ദേഹം പ്രശംസിക്കാതിരിക്കുന്നുമില്ല .
      മുഖ്യമായും സൈബർ സാഹിത്യമാണ് വിമർശ വിഷയമെങ്കിലും അച്ചടി മാദ്ധ്യമങ്ങളെയും പൊതുവേ കലാ സാഹിത്യ പ്രവ്ര്ത്തനങ്ങളെയും ശ്രദ്ധിക്കാതിരിക്കുന്നില്ല ഡോ. ഭദ്രൻ.ദി ലീപിന്റെ മായാമോഹിനിയേയും ജഗതി ശ്രീകുമാർ അഭിനയിച്ച പരസ്യ ചിത്രങ്ങളേയും കുറിച്ചുള്ള നിരീക്ഷണങ്ങൾ നോക്കുക .
      സൈബർ രംഗത്തുള്ള എഴുത്തുകാരെ ക്കുറിച്ച് സാധാരണ വായനാക്കർക്ക് സാമാന്യ ധാരണ ഉണ്ടാവാൻ സഹായിക്കുന്നതിനൊപ്പം  സൈബർ എഴുത്തുകാർക് തങ്ങളുടെ രചനാ രീതി മെച്ചപ്പെടുത്താനുള്ള ഒരു ആധികാരിക ഗൈഡ് ആവുകയും ചെയ്യും ഈ പുസ്തകം.
    ഗ്രന്ഥ കര്ത്താവ് തന്നെ പ്രസിദ്ധ പ്പെടുത്തിയിരിക്കുന്ന ഈ പുസ്തകം എൻ ബി എസ്  വിതരണം ചെയ്യുന്നു വില 140 രൂപ .

2015, ജനുവരി 18, ഞായറാഴ്‌ച

പന്തളം കോളേജിൽ എന്റെ അദ്ധ്യാപികയായിരുന്നു രാജലക്ഷ്മി  .അവരുടെ നോവൽ 'ഒരു വഴിയും കുറെ നിഴലുകളും 'തൊട്ടു മുമ്പിലത്തെ കൊല്ലം പ്രസിദ്ധീകരിച്ച  'നാലുകെട്ടി' നോടൊപ്പമോ അതിലധികമോ ശ്രദ്ധിക്ക പ്പെട്ടിരുന്നു .നാലുകെട്ടിന്റെ 50 ആം വാര്ഷികം കൊണ്ടാടിയവർ പക്ഷേ 'നിഴലുകളെ' മറന്നു .ആ പുസ്തകത്തെ ക്കുറിച്ച് അതിന്റെ ജ്യൂബിലി വർഷത്തിൽ ഒരേ ഒരു ലേഖനമേ പ്രസിദ്ധീകരിക്കപ്പെട്ടുള്ളു .സമകാലിക മലയാളം പ്രസിദ്ധീകരിച്ച 'നിരാലംബയായ നിഴൽ'..അഭിമാനത്തോടെ തന്നെ പറയട്ടെ  ഞാനായിരുന്നു അതെഴുതിയത് .
അവരുടെ രണ്ടാമത്തെ നോവൽ 'ഉച്ച വെയിലും ഇളം നിലാവും 'അതിന്റെ അപൂർണ്ണ രൂപത്തിൽ ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ടു .മാതൃ ഭൂമി വാരികയിൽ തുടര്ച്ചയായി വന്നു കൊണ്ടിരിക്കെ രാജ ലെക്ഷ്മി അതിന്റെ കയ്യെഴുത്ത് പ്രതി  തിരികെ വാങ്ങി  കത്തിച്ചു കളഞ്ഞു..പൂർണ്ണ രൂ പത്തിൽ ലഭ്യമായിരുന്നുവെങ്കിൽ മലയാളത്തിലെ  മികച്ച നോവലുകളിൽ ഒന്നാകുമായിരുന്നു  അതെന്നു  അപൂർണ്ണ രൂപം വായിച്ചപ്പോൾ തോന്നി പ്പോയി . നോവലുകൾ മാത്രമല്ല മലയാളത്തിലെ എണ്ണം പറഞ്ഞ ചെറുകഥകളിൽ ചിലതും  രാജലെക്ഷ്മിയുടേതായിട്ടുണ്ട് .
    മാറി എന്നവർ വിശ്വസിച്ചിരുന്ന മാരക രോഗം വീണ്ടും ആക്രമിക്കുന്നു എന്ന ആശങ്ക ആണോ എഴുത്തുകാരി എന്ന നിലയിൽ നേരീടേണ്ടി വന്ന അപവാദങ്ങളാണൊ അവരെ സ്വയം ഇല്ലാതാക്കാൻ പ്രേരിപ്പിച്ചത് എന്നറിഞ്ഞു കൂടാ .ഒരു പക്ഷേ ഇവ രണ്ടും കാരണങ്ങളാവാം .എന്തായാലും 50 വർഷം മുന്പ് ഒരു ജനുവരി 18 നു അവർ പോയി .
       പഴയ അദ്ധ്യാപികയ്ക്ക് ,ഇഷ്ട നോവലിസ്റ്റ്നു ആദരാഞ്ജലികൾ
   

2015, ജനുവരി 17, ശനിയാഴ്‌ച

സമ്മാനം
എനിക്ക് ആദ്യമായിഒരു  സമ്മാനം കിട്ടിയത് 1958 -59 അദ്ധ്യയന വർഷത്തിലാണ് ഞാനന്ന് ഫോർത്ത് ഫോമിൽ പഠിക്കുന്നു(അന്നത്തെ 9 ഇന്നത്തെ 8 ആം ക്ലാസ്സ് ) .ഒന്നല്ല നാലു സമ്മാനങ്ങൾ .മാവേലിക്കര ഗവണ്മെന്റ് ഹൈ സ്കൂൾ അങ്കണത്തിൽ വെച്ച് പെയ്യാനോങ്ങി നില്ക്കുന്ന തുലാവർഷത്തിന്റെ കാറും കോളും ഇടിമിന്നലുമുള്ള ഒരു വൈകുന്നേരമായിരുന്നു അത് .തൊട്ടു തലേ വർഷം സ്കൂൾ വിദ്യാർഥി കൾക്കു വേണ്ടി മാവേലിക്കര എൻ  ഇ എസ് ബ്ലോക്ക് നടത്തിയ ഉപന്യാസ പ്രസംഗ മത്സരങ്ങളിൽ ഉപന്യാസത്തിന് സ്കൂൾ തലത്തിലും ബ്ലോക്ക് തലത്തിലും ഒന്നാം സമ്മാനവും പ്രസഗത്തിന്  രണ്ടു തലത്തിലും രണ്ടാം സമ്മാനവും എനിക്കായിരുന്നു .ബ്ലോക്ക് തലത്തിലെ വിധി നിർണ്ണയം കഴിഞ്ഞപ്പോഴേക്കും ഞാൻ പള്ളിക്കൽ ഈസ്റ്റ് സെന്റ്‌ ജോണ്‍സ് യു പി എസിൽ നിന്നും കുറത്തികാട് എൻ എസ്  എസ് ഹൈ സ്കുളി ലേക്കു മാറിക്കഴിഞ്ഞിരുന്നു .
     സി അച്യുത മേനോൻ  വിവർത്തനം ചെയ്ത എഛ്  ജി വെൽസിന്റെ ലോക ചരിത്ര സംഗ്രഹം ,സർദാർ കെ എം പണിക്കരുടെ ഇന്ത്യ ചരിത്രാവലോകനത്തിനു നാലാങ്കൽ എഴുതിയ പരിഭാഷ ,ചെമ്മീൻ ,റയിറ്റ് സഹോദരന്മാരുടെ റെ യ്നോൾഡ്സ് ജീവചരിത്രത്തിന്റെ തർജ്ജുമ ഇവയായിരുന്നു സമ്മാനമായി കിട്ടിയ പുസ്തകങ്ങൾ .എന്റെ പില്ക്കാല ജീവിതത്തെയും വായനയേയും  ഈ പുസ്തകങ്ങൾവളരെ അധികം സ്വാധീനിച്ചിട്ടുണ്ട് .എങ്കിലും ആദ്യ സമ്മാന ലബ്ധിയുടെ നിമിഷം ഗൃഹാതുര സ്മരണകളൊന്നും അവശെഷിപ്പിച്ചിട്ടില്ല.
 എന്റെ വിദ്യാർഥി ജീവിതകാലത്ത്   എനിക്ക് പിന്നീടും ഉപന്യാസത്തിനും പ്രസംഗത്തിനുമൊക്കെ സമ്മാനം കിട്ടിയിട്ടുണ്ട് . അവയൊന്നും പക്ഷേ എന്റെ ഓർമ്മയിലില്ല ഒന്നൊഴികെ .1964 ഇൽ യൂണി വെഴ്സിറ്റി കോളേജ് വിദ്യാർഥിയായിരിക്കെ മലയാളം ഉപന്യാസത്തിനു ലഭിച്ച രണ്ടാം സമ്മാനം ഓർമ്മയിൽ ഇന്നും പച്ച പിടിച്ചു നില്ക്കുന്നു .കാരണമുണ്ട്.ആ സമ്മാനം തന്നത്   ഓ എൻ വി കുറുപ്പായിരുന്നു .അന്നത്തെ യുവകവികളിൽ ഏറ്റവും പ്രശസ്തനായിരുന്നു ഓ എൻ വി എന്നതായിരുന്നില്ല എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം.ഓ എൻ വി സാർ എന്റെ അഭിവന്ദ്യ ഗുരുനാഥനായിരുന്നു .വാത്സല്യ നിധിയായ ഗുരു നാഥൻ .അദ്ദേഹത്തിൽ നിന്നൊരു സമ്മാനം ,അതെന്നെ അത്യധികം ആഹ്ലാദിപ്പിക്കുകയും അഭിമാന പൂരിതനാക്കുകയും ചെയ്തു .
     പിന്നീടു ഞാൻ ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ല .അതു കൊണ്ടു തന്നെ സമ്മാനങ്ങളൊന്നും കിട്ടിയിട്ടുമില്ല .ജീവിതം തന്നെ ഒരു മത്സരം ,കൃത്യമായി പറഞ്ഞാൽ മത്സരങ്ങളുടെ ഒരു പരമ്പര ആണല്ലോ .ആ മൽസരത്തിലൊക്കെ മറ്റുള്ളവർ ജയിച്ചു കൊള്ളട്ടെ എന്നൊരു മനോഭാവമായിരുന്നു എനിക്ക് .തോല്ക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ ?
    അരനൂറ്റാണ്ടിനു ശേഷം 2015 ജനുവരി 3 ആം തീയതി ഞാൻ വീണ്ടും സമ്മാനിതനായിരിക്കുന്നു;എറണാകുളം വൈറ്റിലയിൽ നടന്ന വാസ്തവം എഫ് ബി ഗ്രൂപ് മീറ്റിൽ വെച്ച് .64  ഇൽ യുനിവേഴ്സിറ്റി കോളേജ് ആഡി റ്റോ റി യത്തിൽ വെച്ച് അനുഭവപ്പെട്ടതു പോലെയോ ഒരു പക്ഷേ അതിലധികമോ അഭിമാനവും  ആഹ്ലാദവും  എനിക്കുണ്ടായി ഈ അവസരത്തിൽ .അന്ന് സ്നേഹ സമ്പന്നനും വാത്സല്യ നിധിയുമായ ഒരു ഗുരുനാഥ നാണു സമ്മാനം തന്നതെങ്കിൽ ഇവിടെ എന്നോട് കലവറയില്ലാത്ത സ്നേഹവും ആദരവും മനസ്സിൽ സൂക്ഷിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്കു വേണ്ടി അവരിലൊരാളാണ് എന്നെ പൊന്നാട അണിയിച്ചതും ഫലകം സമ്മാനിച്ചതും .ചില സവിശേഷ വ്യക്തിത്വങ്ങളുടെചടങ്ങിലെ  സാന്നിധ്യം ഈ സമ്മാനത്തിനു ഇരട്ടി മധുരം നല്കുന്നു .തൊട്ടടുത്തു നിന്നത് എം വി ബെന്നി .ഒരു പാട് എഴുത്തുകാരെ സൃഷ്ടിച്ചിട്ടുള്ള പത്രാധിപരും സാഹിത്യ പ്രവർത്തകനും എഴുത്തുകാരനും .ഞാൻ എന്നോ ഉപേക്ഷിച്ച എഴുത്തിലേക്ക് എന്നെ നിര്ബന്ധിച്ച് തിരികെ കൊണ്ടു വന്നവരിൽ പ്രമുഖൻ .അതിനടുത്ത് സാക്ഷാൽ കെ ആർ മീര .മലയാള സാഹിത്യത്തെ വിശ്വ സാഹിത്യത്തോട് അടുപ്പിച്ച നോവൽ രചയിതാവെന്നു മറ്റൊരു പ്രമുഖ നോവലിസ്റ്റ് വിശേഷിപ്പിച്ച എഴുത്തുകാരി.പുതിയ എഴുത്തു കാരി ലെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് .പിന്നെ ഇന്നത്തെ ഏറ്റവും പ്ര ശസ്ത  ഗാന രചയിതാവ് കൂടിയായ പ്രമുഖ കവി ഇഞ്ചക്കാട് ബാലചന്ദ്രൻ .എഫ് ബിയിലൂടെ പരിചയ പ്പെട്ടതിനു ശേഷം കിട്ടിയ ആദ്യ അവസരത്തിൽ തന്നെ എറണാ കുളത്ത് എന്നെ തേടി വരികയും എന്റെ പുസ്തകത്തെ ക്കുറിച്ച് സ്വന്തം നാട്ടിൽ ചര്ച്ച സംഘടിപ്പിക്കുകയും ചെയ്ത സ്നേഹിതൻ .സി എൻ കുമാർ എന്ന നന്ദൻ ശ്രദ്ധേയനായ കവി .എഫ് ബി യിലും പുറത്തും പ്രിയപ്പെട്ട കൂട്ടുകാരൻ .കരീം ഭായി എന്നു ഞാൻ വിളിക്കുന്ന എം കെ കരീം ,പ്രണയത്തെ ക്കുറിച്ച് എഴുതിയാലും എഴുതിയാലും മതി വരാത്ത നോവലിസ്റ്റ് ,എന്നേ യും ഈ മീറ്റിംഗ് സംഘടിപ്പിച്ചവരിൽ മിക്കവരേയും ഓണ്‍ ലൈൻ സാഹിത്യ രചനയിലേക്ക് ആനയിച്ച്ചവരിൽ ഒരാൾ .അദ്ധ്യക്ഷനായി വാസ്തവം അഡ്മിൻ ലെ അശൊക് ,സമ്മാനവുമായി പ്രശാന്ത് അതിനു പിന്നിലായി ഷാജി ,മനോജ് പൊങ്കുന്നം ,മനോജ് ഗോപാല കൃഷ്ണൻ ,ഇർഷാദ് തുടങ്ങിയ വാസ്തവം ഭരണാധികാരികൾ സദസ്സിൽ നേരിട്ടു പരിചയപ്പെട്ടിട്ടുള്ളവരും ഇനി പരിചയ പ്പെടാനിരിക്കുന്നവരുമായ സുഹൃത്തുക്കൾ ഓണ്‍ ലൈനിൽ ചടങ്ങു വീക്ഷിക്കുന്ന പ്രവാസി സ്നേഹിതർ .ഇവരുടെയൊക്കെ സാന്നിദ്ധ്യം ഈ നിമിഷത്തെ അമ്പതു കൊല്ലത്തെ ആ ധന്യ മുഹൂർത്ത ത്തെക്കാളധികം ആഹ്ലാദ കാരിയാക്കുന്നു .
     നന്ദി എല്ലാ പ്രിയപ്പെട്ടവർക്കും ഓർക്കാപ്പുറത്ത് ഒരു സമ്മാനമൊരുക്കി കാത്തുനിന്ന കാലത്തിനും :"നിന്റെ സമ്മാനത്തിനർഹനായ് തോറ്റു 
                     ഞാനെ ങ്കിലുമെത്ര മധുരമാ തോൽവിയും"(ഓ  എൻ  വി -താമരവിത്ത് )

    

2015, ജനുവരി 16, വെള്ളിയാഴ്‌ച

                              കാഫ്കാ  -ലജ്ജ യും  കുറ്റ ബോധവും പിന്നെ വിരുദ്ധോക്തിയും(പുറ പ്പാടു സമയം മാസിക ജനുവരി 2015)
                            --------------------------------------------------------------------------
                                                                ആർ .എസ് .കുറുപ്പ്
                                                                 ----------------------
     (സോൾ ഫ്രീഡ് ലാണ്ടർ എഴുതിയ Kafka -The Poet of Shame and Guilt എന്ന പുസ്തകത്തെ കുറിച് )
കാഫ്കാകൃതി കളുടെ   നിഗൂഢമായ സുസ്പഷ്ടത (Obscure Lucidity )യാണ് അവയെ ക്കുറി ച്ചു ള്ള രചനകളുടെ ബാഹുല്യത്തിനു കാരണമെന്നു പ്രശ സ്ത കാഫ്കാ നിരൂപകനായ എറിക് ഹെല്ലർ പറയുന്നു .കാഫ്കയെ ക്കുറിച്ചുള്ള ഏറ്റവും പുതിയ പുസ്തകമായ Kafka -The Poet of Shame and Guilt ന്റെ മുഖവുരയിൽ ഗ്രന്ഥ കർത്താവ് സോൾ ഫ്രീഡ്ലാണ്ടർ ഉദ്ധരിച്ചി ട്ടുള്ളതാണിത് .ശൂ ന്യതാ പ്രതീതി (Seeming Emptiness )യിലേക്ക് നോക്കി നില്ക്കുന്ന ലാൻഡ് സർവേയറുടെ ചിത്രം ഉദാഹരണമാക്കി 'നിഗൂ ഢമായ സുസ്പഷ്ടത' എന്തെന്ന് അദ്ദേഹം ഇങ്ങിനെ വിശ ദമാക്കുന്നു:കാഫ്കായുടെ ആഖ്യാനം എല്ലായ്പ്പോഴും ലളിതവും സ്പഷ്ടവുമാണ് .പക്ഷേ ആഖ്യാനം ചെയ്യപ്പെടുന്ന യാഥാർഥ്യം നിമിഷങ്ങൾക്കകം ചീട്ടു കൊട്ടാരം പോലെ തകർന്നു വീഴുന്നു അവശേഷിക്കുന്നത് .കാസിലിനെ അദൃശ്യ മാക്കുന്ന ഇരുട്ടും മഞ്ഞും ചേർന്ന ആവരണം പോലെ ഒരു നിഗൂഢതയാണ് .അപസാക്ഷാൽക്കരണം(De Realization ) എന്ന് ഫ്രീഡ് ലാണ്ഡർ ഈ രചനാതന്ത്രത്തെ വിളിക്കുന്നു .അപസാക്ഷാൽക്കരണം വ്യാഖ്യാന ഭേദങ്ങൾക്കു കാരണമാവുന്നു ;വിമർശ ഗ്രന്ഥങ്ങളുടെ എണ്ണം പെരുകുന്നു .ഇതിനിടയിൽ കാഫ്കാ സാഹിത്യത്തിന്റെ രണ്ടു സവിശേഷതകൾ ,അതിന്റെ അന്തസ്സത്തയെന്നു തന്നെ പറയാവുന്ന ലജ്ജയും കുറ്റ ബോധവും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നു വെന്ന അഭിപ്രായമുണ്ട് ഫ്രീഡ് ലാണ്ഡർക്ക്
       വ്യക്തി ജീവിതത്തിൽ കാഫ്കായ്ക്കുണ്ടായിരുന്ന ലജ്ജയും കുറ്റ ബോധവും തന്നെയാണ് അദ്ദേഹത്തിന്റെ കഥാ പ്രപഞ്ച ത്തിൽ നിന്ന് അനുവാചകന് അനുഭവ വേദ്യമാവുന്നത് ,ഫ്രീഡ് ലാണ്ഡറുടെ അഭിപ്രായത്തിൽ .കാഫ്കാ ആധുനിക മാനസികാവസ്ഥയെ  പ്രതിനിധാനം ചെയ്യുന്നു ;ലജ്ജയുടേയും ആകാംക്ഷയുടേതുമായ മാനസികാവസ്ഥയെ .ട്രയലിലെ അവസാന വാക്യം ഈ പ്രസ്താ വനയോടു ചേർത്തു വായിക്കുവാൻ അദ്ദേഹം വായനക്കാരോടാവശ്യപ്പെടുന്നു :"ഒരു പട്ടിയെ പോലെ 'അയാൾ പറഞ്ഞു .അതിലന്തർഭവിച്ചിരിക്കുന്ന നാണക്കേട് അയാളെ അതിജീവിക്കും എന്നു തീർച്ചയായതു പോലെ ."ഇവിടെ ജോസഫ് കെ പട്ടിയെ പോലെ കൊല്ലപ്പെടുന്നതിൽലജ്ജിക്കുന്നതല്ലാതെ അകാരണമായി ശിക്ഷി ക്കപ്പെടുന്നതിൽ പ്രതിഷേധിക്കുന്നില്ല .അതായത് താൻ അപരാധിയാണെന്ന ബോധം നിഗൂഢ മായി അയാളിൽ നിലനിന്നിരുന്നു വെ ന്നർഥം .ജോസഫ് കെ ഉൾപ്പെടെ കാഫ്കയുടെ പ്രമുഖ നായകന്മാരെല്ലാം പുലർത്തിയിരുന്ന കുറ്റ ബോധത്തിന്റെ ഉറവിടം അവരുടെ സ്രഷ്ടാവിന്റെ വ്യക്തി ജീവിതത്തിൽ തന്നെയാണ് കണ്ടെത്തേണ്ടത് .കാരണം കാഫ്കാ തന്റെ സ്വകാര്യ ജീവിതത്തിലെ ഒരോ നിമിഷവും കുറ്റ ബോധത്തിൽ മുഴുകിയാണ് കഴിച്ചു കൂട്ടിയത് ,ഫ്രീഡ് ലാണ്ഡർ ജോർജ് സ്റ്റയിനറെ ഉദ്ധരിക്കുന്നു .
രോഗ ത്തോടെന്നപോലെ ലോകത്തോടും നിരന്തരം യുദ്ധം ചെയ്യുകയായിരുന്നു കാഫ്ക."നമുക്കും ആയുധമു  ണ്ട്" അദ്ദേഹം   ഡയറിയിലെഴുതി.എഴുത്ത് എന്നതായിരുന്നു ആ ആയുധം .ആ എഴുത്തിനെ രൂപപ്പെടുത്തിയതാവട്ടെ ഒന്നാമതായി അവസരത്തിനൊത്ത് ഇണങ്ങി ചേരുവാനും കലാപം നടത്തുവാനും കാഫ്കയ്ക്കുണ്ടായിരുന്ന കഴിവ് .രണ്ടാമതായി ലോക പ്രശസ്തമായ ആ വിരുദ്ധോക്തിയും .കാഫ്കായുടെ സ്വകാര്യ ജീവിതത്തെ സത്യ സന്ധമായി വിലയിരുത്തി ക്കൊണ്ട് ജീവിതത്തിലെ ലജ്ജയും കുറ്റബോധവും എങ്ങിനെ വിരുദ്ധോക്തിയിലൂടെ അദ്ദേഹത്തിന്റെ  കൃതികളിൽ ആധിപത്യം സ്ഥാപിക്കുന്നുവെന്ന് പരിശൊധിക്കുകയാണു ഗ്രന്ഥ കർത്താവ് .കാഫ്കാ  ചെയ്തതെന്താണെന്നു ഫ്രീഡ് ലാണ്ഡർ ഒറ്റ വാക്യത്തിൽ ഇങ്ങിനെ സംഗ്രഹിക്കുന്നു .:"പുറം ലോകവുമായി കാഫ്കാ ഇണങ്ങി ചേർന്നു ;കുടുംബത്തിൽ ഇടക്കു മാത്രം സംഘർഷങ്ങൾ ഉണ്ടാക്കി ;തന്റെ സ്വകാര്യ ഇടത്തിൽ ഫ്രാൻസ് വിഭ്രമാത്മകരായ പിതാക്കന്മാരെയും അതിലൊട്ടും കുറയാത്തത്ര വിഭ്രമാത്മകരായ പുത്രന്മാരെയും  സങ്കീർണ്ണമായി ചിത്രപ്പെടുത്തിയ വർണ്ണ വസ്ത്രങ്ങൾ  നെയ്തു ."ഷദ്പദമായി മാറിയ ഗ്രെഗോർ സാമ്സയുടെ ദുരവസ്ഥയെ മകനും സഹോദരനും   എന്ന   നിലയിലുള്ള കാഫകായുടെ അനുഭവവുമായി താരതമ്യം ചെയ്തു കൊണ്ടാരംഭി  ക്കുന്ന ഈ അന്വേഷണം  സുഹൃത്തുക്കൾ കാമുകിമാർ വേശ്യകൾ ഇവരോടോക്കെ  അദ്ദേഹംപില്ക്കാലത്ത് പുലർത്തിയിരുന്ന ബന്ധങ്ങളെ വസ്തു നിഷ്ട്ടമായി അപഗ്രഥിച്ചു കൊണ്ട് പുരോഗമിക്കുന്നു.ഗ്രന്ഥ കാരൻ അതവസാനിപ്പിക്കുന്നത് ;'ജോസഫൈൻ എന്ന പാട്ടുകാരി ' യിലെ അവസാന വാക്യം ഉദ്ധരിച്ചു കൊണ്ടാണ് ."സാധാരണ പ്രവൃത്തിയെ ഒരു ഔദ്യോഗിക കലാ പരിപാടി ആക്കുന്ന ഒരാളെയാണ് അവർക്കു  വേണ്ടിയിരുന്നത് " കാഫ്കാ സൃഷ്ട്ടിച്ച ലോകത്തെ  വ്യക്തമായി നിർവചിക്കുന്നണ്ട് ഈ വാക്യം.അനിവാര്യമെങ്കിലും താല്കാലികമായ ഒരു സാങ്കല്പിക ലോകം 'ഒരു ഔദ്യോഗിക കലാ പരിപാടി ' കാഫകായുടെ ജീവിതം പോലെ ഒന്ന് അനുവാചകനു ലഭ്യമാക്കുകയാണ് എഴുത്തുകാരന്റെ പരിമിതമായ ധർമ്മം .ഇതാണു കാഫ്കായുടെ ജീവിതത്തിലൂടെയും  കൃതികളിലു ടെയും  നടത്തിയ പഠ ന യാത്രയ്ക്കൊടുവിൽ ഫ്രീഡ്  ലാൻഡർ  എത്തി ചേരുന്ന നിഗമനം .
നിഗമനത്തോടു  യോജിച്ചാലുമില്ലെങ്കിലും കാഫ്കാ നെയ്തെടുത്ത ഭ്രമാത്മക വർണ്ണ വസ്ത്രങ്ങളെ പുതിയ പ്രഭയിൽ നോക്കി ക്കാണാൻ ഈ പുസ്തകം സഹായിക്കും .
.
നാഷണൽ ബുക്ക് ട്രസ്റ്ന്റെ ഓഫീസിൽ പോയത് ഒരു ചര്ച്ച്ചയ്ൽ പങ്കെടുക്കാനാണ് .ചർച്ച നടന്നില്ല .അവിടെ വില്പനയ്ക്ക് വെച്ചിരിക്കുന്ന പുസ്തകങ്ങൾ നോക്കി ചുറ്റിത്തിരിഞ്ഞു കുറെ നേരം .ഗാന്ധിജിയുടെ 'വാട്ട്‌ ഈസ് ഹിന്ദൂയിസം' അക്കുട്ടത്തിൽ കണ്ടു .ഒരു കോപ്പി വാങ്ങി .ഗൊദ്സേയേക്കാൾ വലിയ ഹിന്ദു വർഗീയ വാദിയായിരുന്നു ഗാന്ധി എന്നും മറ്റുമുള്ള അഭിപ്രായങ്ങൾ പത്ര മാസികക ളിലൂടെ പ്രചരിപ്പിക്ക പ്പെടുന്ന കാലമാണല്ലോ ഇത് .ഹരിജനങ്ങൾ എന്ന് അദ്ദേഹം വിളിച്ച ജനവിഭാഗങ്ങ ളോടുള്ള    ഗാന്ധിയുടെ സമീപനത്തിന്റെ പേരിൽ ഹിന്ദു മത തത്വങ്ങളെ ക്കു റിച്ചു പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളുടെ പേരിൽ ഒക്കെ ഗാന്ധി ഭത്സിക്ക പ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ .ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകനാണെന്നും 1947 ഇൽ നിലവിൽ വന്ന ഇന്ത്യൻ ദേശ രാഷ്ട്രത്തിന്റെ പിതാവാണെന്നും വിശ്വസിക്കുന്ന എന്നെ  ഇത്തരം ഗാന്ധി ഖണ്ഡനങ്ങൾ വേദനിപ്പിക്കുന്നു .എന്തായാലും ഹിന്ദു മതത്തെക്കു റി ച്ച് ഗാന്ധി ക്ക് പറയാനുള്ളത് അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളിൽ വായിച്ചു മനസ്സിലാക്കാമെന്ന് കരുതിയാണ് ഞാനാ പുസ്തകം വാങ്ങിയത്
    പേട്ടയിൽ ബസ്സിറങ്ങി റോഡു ക്രോസ്സ് ചെയ്യുന്നതിനിടയിൽ പുസ്തകം കയ്യിൽ നിന്ന് വീണു പോയി .വീണു എന്ന് മനസ്സിലാകുമ്പോഴേക്കും ഞാൻ മറു വശത്തെത്തി  കഴിഞ്ഞിരുന്നു.എനിക്ക് വേണ്ടി വേഗം കുറച്ചിരുന്ന വാഹനങ്ങൾ ഇരമ്പി ക്കുതിചെത്തിയത് കൊണ്ട് തിരികെ പോയി എടുക്കാൻ ധൈര്യം വന്നില്ല .
  ആദ്യം വന്നത് ഒരു ലോറിയാണ് .ലോറി ഡ്രൈവർ മതേതര പുരോഗമന ജനാധിപത്യ വാദി അല്ലാതിരുന്നതു കൊണ്ട് ഗാന്ധിയുടെ പുറത്ത് കയറി സവാരി ചെയ്യെണ്ടെന്നു തീരുമാനിച് വണ്ടി ഒഴിച്ച് കൊണ്ടു പോയി .പുസ്തകം കേടൊന്നും പറ്റാതെ അവിടെ ക്കിടന്നു .തുടർന്നു വന്ന മോട്ടോർ സൈക്കിൾ സഡൻ ബ്രേക്കിട്ടു നിന്നു.അതോടിച്ചിരുന്ന ചെറു പ്പക്കാരൻകൈ  കാണിച് ട്രാഫിക് ബന്ദാക്കി പുസ്തകം എടുത്തു കൊള്ളാൻഎന്നോട് ആംഗ്യം കാണിച്ചു .ഞാൻ അതിനു പുറപ്പെടും മുമ്പ് തന്നെ മറ്റൊരു ചെറുപ്പക്കാരൻ ഓടിപ്പോയി പുസ്തകം എടുത്തു കൊണ്ടു വന്നു തന്നു .അവസരത്തിലും അനവസരത്തിലും ഉപയോഗിച്ച് തേയ്മാനം വന്ന ആ ഇംഗ്ലീഷ് വാക്കുണ്ടല്ലോ താങ്ക്സ്  അത് ഞാൻ സാധാരണ ഉപയോഗിക്കാറില്ല .പക്ഷേ ഇത്തരമൊ രവസരത്ത്തിൽ അത്രയെങ്കിലും പറയാതിരിക്കുന്നതെങ്ങിനെ .ഞാൻ ആ രണ്ടു ചെറുപ്പക്കാർക്കും താങ്ക്സ് പറഞ്ഞു.അവർ അവരുടെ വഴിക്ക് പോയി .ഞാൻ എന്റെ വഴിക്കും
    'മനുഷ്യ നൻമ്മയുടെ അപൂർവ മുദ്രകൾ' എന്നൊരു പദപ്രയോഗമുണ്ട് കെ ബാലകൃഷ്ണന്റെതായി.ബാലയണ്ണന്റെ പ്രയോഗം അതിന്റെ പൂർണ മായ അർഥത്തിൽ എനിക്കുൾക്കൊള്ളാനായി ഇന്നാ ചെറുപ്പക്കാരുടെ സഹായം സ്വീകരിച്ചപ്പോൾ .മനുഷ്യ നൻമ്മയുടെ മുദ്രകൾ വല്ലപ്പോഴുമെങ്കിലും പ്രകടിത രൂപം കൈക്കൊള്ളുന്നത് കൊണ്ടാണു ഈ നഗര വാരിധിയിലും ജീവിതം ജീവിതവ്യമാവുന്നത് .
     അഞ്ജാ തരായ ആ യുവ സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും .മേശപ്പുറത്തിരുന്നു മോണ കാട്ടി ചിരിക്കുന്ന രാഷ്ട്ര പിതാവിനും നന്ദി .