അങ്ങനെ അത്തം പിറക്കുന്നു. എന്റെ നാടായ മാവേലിക്കരക്ക്പേരു കേൾക്കുന്പോൾ സംശയിക്കുന്നത് പോലെ ഓണവുമായി ബന്ധമൊന്നുമില്ല മാ വേലൈ കരൈ മഹാ സമുദ്രത്തിന്റെ തീരം എന്നാണ് വാക്കിനർത്ഥം പടിഞ്ഞാറുള്ള പള്ളിപ്പാട്ടു പുഞ്ചയും മറ്റും പിൽക്കാലത്ത് കടലിൽനിന്ന് പൊങ്ങിവന്നു എന്നാണല്ലോ കരുതപ്പെടുന്നത് . എന്റെ നാടിന്പേരു കൊണ്ട് മാവേലിയുമായി ബന്ധമില്ല എന്നുവച്ച് ഞങ്ങൾ ഓണം ആഘോഷിക്കുന്നതിൽ ആർക്കും പിന്നിലല്ല . താമസക്കാരിൽ ഏതാണ്ടെല്ലാവരും തന്നെ ദരിദ്രരായിരുന്ന വരേണിക്കൽ എന്ന എന്റെ ഗ്രാമത്തിന് ഓണം ഒരു വലിയ ആഘോഷം തന്നെയായിരുന്നു വർഷത്തിൽ ഒരിക്കൽ കിട്ടുന്ന നല്ല ഭക്ഷണം നല്ല വസ്ത്രം നാലഞ്ചു ദിവസത്തെ എല്ലാ ദുരിതങ്ങളും മറന്നുകൊണ്ടുള്ള ആഹ്ളാദം ഇതൊക്കെ ഞങ്ങളുടെ പഴയ ഓണത്തെ നിത്യസ്മരണീയംആക്കുന്നു .ഞങ്ങളുടെ ഓണം ഉത്രാടം മുതലേ ആരംഭിച്ചിരുന്നുള്ളു പൂതേടി പോകലും പൂവിടലുമൊക്കെ ഞങ്ങൾ പാഠപുസ്തകത്തിൽ നിന്നറിഞ്ഞിരുന്ന കാര്യങ്ങൾ മാത്രമായിരുന്നു ..ഇന്നിപ്പോൾ ഗ്രാമത്തിൽ ദാരിദ്ര്യം തീരെയില്ല എല്ലാ പുതുമകളും എത്തിച്ചേരുകയും ചെയ്തു .ഓണവും പുതിയ രീതിയിൽ തന്നെ .അതു മറ്റൊരു കഥ .
ഞാനിപ്പോൾ താമസിക്കുന്ന തൃപ്പൂണിത്തുറ പക്ഷേ അത്തച്ചമയത്തിന്റെ നാടാണ് .അത്തം എത്തിയിരിക്കുന്നു എന്ന് കേരളീയർ അറിയുന്നത് ചമയത്തെ കുറിച്ചുള്ള വാർത്തകൾ വായിച്ച് ആണല്ലോ സത്യം പറയുന്നത് ഒഴിവാക്കാൻ വയ്യാത്ത ഒരു ശീലമായി പോയതുകൊണ്ട് പറഞ്ഞു പോവുകയാണ് ഇത്രയും അലങ്കോലമായി ഒരു ഘോഷയാത്ര നടത്താൻ തൃപ്പൂണിത്തുറക്കാർക്കു മാത്രമേ കഴിയൂ. നേർ ബുദ്ധിക്കും നിഷ്കളങ്കതയ്ക്കും പേർ കേട്ട തൃപ്പൂണിത്തുറക്കാരോടുള്ള ആദരവിന് ഒരു കുറവുമില്ലാതെ തന്നെയാണ് പറയുന്നത് .പണ്ടു രാജഭരണ കാലത്തു പ്രൗഢവും ഗംഭീരവുമായ ഒരു ആഘോഷമായിരുന്നു അത്തച്ചമയം .അത് പറഞ്ഞിട്ടെന്തു കാര്യം ഇന്നിപ്പോൾ അത് പഴയ ആഘോഷത്തിന്റെ ഒരുപാരഡിയായി മാറിയിരിക്കുന്നു ഒരു .പുരോഗമന ജനാധിപത്യ മതേതര ഹാസ്യാനുകരണം .
ഫിലാഡൽഫിയയിൽ രാത്രി പത്തരയാവുന്നു .തൃപ്പൂണിത്തുറയിൽ അത്തം ഘോഷയാത്ര ആരംഭിക്കുകയാവണം .ഞാനെന്റെ ബാല്യ കൗമാരങ്ങളിലെ ഓണത്തെക്കുറിച്ചോർത്തിരിക്കുകയാണിവിടെ .കുറേക്കൂടി മുതിർന്നപ്പോൾ ഓണം പ്രധാനമായും ഓണപ്പതിപ്പുകളായിരുന്നു .പ്രത്യേകിച്ച് അവയിലെ കവിതകൾ .ഒരു ഓ എൻ വി കവിതയ്ക്ക് വേണ്ടി മാത്രം ഞാനൊരിക്കൽ തനിനിറം ഓണപ്പതിപ്പു വാങ്ങി ."ശ്രാവണ പുഷ്പങ്ങൾ കാതോർത്തുനിൽക്കുന്നൊരീവഴിത്താരയിലൂടെ / ഒക്കത്തു പാട്ടിന്റെ പൊൽക്കുടമേന്തി നീയെത്തിയില്ലന്തി മയങ്ങി "എന്നു തുടങ്ങുന്ന ആ മനോഹര കവിതയിലെ അവസാനവരികൾ ,എന്റെ അത്തം ആശംസകളായി ഞാനിവിടെ ഉദ്ധരിക്കട്ടെ .
"അക്കൊച്ചുശാരിക ഭൂമികന്യക്കെഴും
ദുഃഖങ്ങൾ പാടിയ തയ്യൽ
ചുണ്ടിൽ പകർന്ന നറുംതേൻ നുകർന്നെന്റെ
കൊച്ചുദുഖങ്ങളുറങ്ങൂ
നിങ്ങൾ തൻ കണ്ണീർ കലരാതിരിക്കട്ടെ
ഇന്നെങ്കിലുമെന്റെ പാട്ടിൽ "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ