21-8-2018
ചെമ്മനം
---------------
രണ്ടു പ്രധാന വാർത്തകൾ പ്രളയത്തിൽ മുങ്ങിപ്പോയി ;എ ബി വാജ്‌പേയി ,ചെമ്മനം ചാക്കോ എന്നിവരുടെ ചരമവാർത്തകൾ .ഇന്ന് പക്ഷേ ഏഷ്യാനെറ്റിൽ ചെമ്മനത്തെക്കുറിച്ച് ഒരു പ്രത്യേക പരിപാടിയുണ്ടായിരുന്നു ;ആളൊഴിഞ്ഞ കസേര .
ആളില്ലാകസേരകൾ എന്ന ചെമ്മനം കവിതയെ ഓർമ്മിപ്പിക്കുന്നു ആ ശീർഷകം .ഞാൻ ജോലി ചെയ്തിരുന്ന ഓഫീസിനെ കുറിച്ചായിരുന്നു ആ കവിത .എന്നിട്ടും ആ കവിതഎന്നെയും എ ജി സ് ഓഫിസിലെ സഹപ്രവത്തകരെയും ചിരിപ്പിച്ചു . ഉത്തമഹാസ്യത്തിന്റെ മേന്മ അതാണല്ലോ ;പരിഹാസത്തിനു പാത്രമാകുന്നവരെക്കൂടി ചിരിപ്പിക്കുക.തന്നെത്തന്നെ പരിഹസിച്ചു കൊണ്ട് കവിത എഴുതുവാൻ കഴിയുമായിരുന്നു ചാക്കോ സാറിന് .എഴുത്തശ്ചനെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ ഒരു കവിതയിൽ സാഹിത്യ അക്കാദമിയെക്കുറിച്ച് അദ്ദേഹം പറയുന്നത് നോക്കു :
" അങ്ങ തൻ രാമായണം മാറ്റി വെച്ചീവരേകും
ചെമ്മനം ചാക്കോവിന്റെ ദുഷ്കൃതിക്കവാർഡുകൾ "
ഒന്നോ രണ്ടോ കൊല്ലത്തിനകം കവിതക്കുള്ള അവാർഡ് ചെമ്മനം ചാക്കയുടെ കൃതിക്കു നൽകിക്കൊണ്ട് അക്കാഡമി പകരം വീട്ടി ,അഥവാ തങ്ങളും നർമ്മ ബോധത്തിൽ പിന്നിലല്ല എന്നു തെളിയിച്ചു .
മലയാളത്തിൽ കുഞ്ചൻനമ്പിയാർക്കു ശേഷമുണ്ടായ ഒരേ ഒരു ഹാസ്യകവി ചെമ്മനമാണെന്നു പറഞ്ഞാൽ അതു ശരിയായിരിക്കുകയില്ല .'കുചേലൻ കുഞ്ഞൻ നായർ ' 'ഒരു ദൈവം കൂടി '(വയലാർ )' കള്ളൻ' കടുക്ക '
(അയ്യപ്പ പണിക്കർ ) 'ചാക്കാല "(കടമ്മനിട്ട ) തുടങ്ങി പേരെടുത്ത ഹാസ്യകവിതകൾ ധാരാളമുണ്ട് മലയാളത്തിൽ .പക്ഷെ ഹാസ്യകവിതകൾ മാത്രമെഴുതിയ , ഹാസ്യരചനകളിലൂടെ നിശിതമായ സാമൂഹ്യ വിമർശനം നടത്തുക എന്നത് സ്വധർമ്മമായി സ്വീകരിച്ച ഒരു കവിയേ ഉണ്ടായിരുന്നുള്ളു ആധുനിക മലയാളത്തിൽ ,ചെമ്മനം ചാക്കോ .
മൂന്നു നാലു കൊല്ലം മുമ്പു മാത്രമാണ് ചാക്കോ സാറിനെ പരിചയപ്പെടാൻ എനിക്ക് സാധിച്ചത് .ഒരു മീറ്റിംഗ് സ്ഥലത്തുവെച്ച് ഞാൻ അടുത്തു ചെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ അറിയാമെന്നു പറഞ്ഞു അദ്ദേഹം .ആയിടെ പുറത്തിറങ്ങിയ ഒരു ചെമ്മനം കാവ്യസമാഹാരം സമകാലികമലയാളത്തിൽ റിവ്യൂ ചെയ്തത് ഞാനായിരുന്നു .റിവ്യൂ .അതദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നിരിക്കാം .പിന്നീട് പല തവണ അദ്ദേഹത്തെ കണ്ടിരുന്നു പല മീറ്റിംഗ് ഹാളുകളിലും വെച്ച് .എല്ലായ്‌പോഴും എന്തെങ്കിലും ലോഹ്യം പറഞ്ഞിരുന്നു ചാക്കോ സാർ .
വലിയ ഒരു കവിയേയും നിർഭയനായ ഒരു സാമൂഹ്യ വിമർശകനെയുമാണ് കാലം കവർന്നെടുത്തത് .അപ്രതിരോധ്യമാണല്ലോ കാലം .എന്നാലും "വയ്യെനിക്കേജിസോഫീസ് കേറുവാൻ ഭഗവാനേ "എന്നു നിലവിളിക്കുന്ന ഒരു പെൻഷൻകാരൻ മുൻപിൽ നിൽക്കുന്നു ,ചിരിപ്പിച്ചും കരയിപ്പിച്ചും കൊണ്ട്