2018, ഓഗസ്റ്റ് 12, ഞായറാഴ്‌ച

ഫ്രാൻറ്റ്സ്
-------------------
2016 ഇൽ ഇറങ്ങിയ ജർമ്മൻ സിനിമയാണ് ഫ്രാൻറ്റ്സ് .ഒന്നാം ലോകയുദ്ധാനന്തരം 1919 ഇൽ ജർമനിയിലും ഫ്രാൻസിലുമായാണ് ഇതിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ അരങ്ങേറുന്നത് .
      യുദ്ധത്തിൽ കൊല്ലപ്പെട്ടജർമ്മൻ സൈനികൻ  ഫ്രാൻറ്റ്സിന്റെ കുഴിമാടത്തിൽപതിവുപോലെ  പൂക്കൾ വെയ്ക്കാനെത്തിയ തായിരുന്നു അയാളുടെ കാമുകിയും പ്രതിശ്രുത വധുവുമായിരുന്ന അന്ന .അന്ന് പക്ഷെ ആരോ ഒരാൾ നേരത്തെ അവിടെ പൂക്കൾ വെച്ചിരിക്കുന്നതായി അണ്ണാ കണ്ടു .ഫ്രഞ്ച് സൈനികനായിരുന്ന ആൻഡ്രിയായിരുന്നു ആ ആൾ .ഫ്രാൻറ്റ്സിന്റെ ഒരു സ്നേഹിതനായിരുന്നുവത്രെ അയാൾ .സത്യം അതായിരുന്നില്ല ;അയാളുടെ കൈകൊണ്ടാണ് ഫ്രാൻറ്റ്സ് മരിച്ചത് .ഫ്രൻറ്റ്സിന്റെ കുപ്പായക്കീശയിൽ നിന്ന് കിട്ടിയ ഒരു കത്തിൽ നിന്നാണ് അയാൾ അന്നയെക്കുറിച്ചറിയുന്നത് ;അന്നയോടും ഫ്രാൻറ്സിന്റെ മാതാപിതാക്കളോടും മാപ്പു ചോദിക്കാൻ വേണ്ടിയാണ് ആൻഡ്രി വന്നിരിക്കുന്നത് .ഇതൊക്കെ കുറേക്കഴിഞ്ഞേ അന്നയെ പോലെ പ്രേക്ഷകരും മനസ്സിലാക്കുന്നുള്ളു .
         വിശദശാംശങ്ങളിലേക്ക് കടക്കുന്നില്ല .ഒന്നുരണ്ടു കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതൊഴികെ .ശത്രുസൈന്യത്തിന്റെ കാഷ്‌വാലിറ്റികളെ ആഘോഷിക്കുന്നവർ മറന്നു പോകുന്നു കൊല്ലപ്പെട്ട ശത്രു സൈനികനും വീടും കുടുംബവുമുണ്ടെന്ന്‌ ,ഒപ്പം യുദ്ധം തീർന്നാലും അവസാനിക്കാത്ത ദേശീയതകളുടെ യുദ്ധം .1919 ഇലും ,അതായത് യുദ്ധം കഴിഞ്ഞ് ഒരു കൊല്ലത്തിനു ശേഷവും ഒരു ഫ്രഞ്ച് കാരനെ കണ്ടാൽ ജര്മന്കാര് കാർക്കിച്ചു തുപ്പുമായിരുന്നു ,അയാൾ ഒരു ഫ്രഞ്ച് പട്ടാളക്കാരനാണെങ്കിൽ പറയുകയും വേണ്ട .ഫ്രഞ്ചുകാർക്ക് ജർമൻകാരോടുള്ള മനോഭാവവും വ്യത്യസ്തമായിരുന്നില്ല .സന്ധികൾക്കും സമാധാന ഉടമ്പടികൾക്കും അവസാനിപ്പിക്കാൻ കഴിയാത്ത ഈ ശത്രുതയാവണം ഇരുപതു കൊല്ലത്തിനുള്ളിൽ വീണ്ടും ഒരു ലോക മഹാ യുദ്ധം ഉണ്ടാവാൻ കാരണം .'ഫ്രാൻറ്റ്സ് ' ഇത്തരം കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു എന്നു മാത്രം പറഞ്ഞാൽ പോരാ .യുദ്ധം അനിവാര്യമാക്കുന്ന,യുദ്ധം കഴിഞ്ഞ് വളരെനാളേക്ക് തുടരുന്ന  മനുഷ്യ ദുരന്തങ്ങളെ ,അതീവ ഹൃദ്യമായി ആവിഷ്കരിക്കുന്നു ഈ സിനിമ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ