2018, സെപ്റ്റംബർ 25, ചൊവ്വാഴ്ച

24-9-2018
                   ഭാവി കാര്യങ്ങൾ
                  -----------------------------
2016 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ആർട് ഹൌസ് സിനിമയാണ്Things to come തിങ്ങ്സ് ടു കം (ഫ്രഞ്ച് ലവനിർ ,ഭാവി ).ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സംവിധാനത്തിനുള്ള സിൽവർ  ബെയറിന് മിയ ഹാൻസൺ ലോവിനെ അർഹയാക്കിയ ചിത്രം .പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇസബെല്ല ഹൂപ്പർട്ടിന് നിരവധി അവാർഡുകളും ലോകത്തെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളെന്ന നിരൂപക പ്രശംസയും ഈ ചിത്രം നേടിക്കൊടുത്തു  .
    മദ്ധ്യവയസ്സുകാരിയായ ഫിലോസഫി പ്രൊഫസർ നതാലി ചാഷെയുടെ ജീവിതം സാധാരണവും സന്തുഷ്ടവുമായിരുന്നു .ഫിലോസഫി പ്രൊഫസ്സർ തന്നെയായ ഭർത്താവ് ഹൈൻസ്, മുതിർന്നഒരു മകനും മകളും ,മറ്റൊരു വീട്ടിൽ താമസിക്കുന്ന  നിർബന്ധ ബുദ്ധിയുടെ ആശാട്ടിയായ അമ്മ ,അവരുടെ തടിച്ചി പൂച്ച  പണ്ടോറ ,ഇടക്കൊക്കെ കാണാൻ വരുന്ന  പ്രിയങ്കരനായ മുൻവിദ്യാർത്ഥി അരാജകവാദിയെന്നവകാശപ്പെടുന്ന ഫാബിയൻ ,ഇടപെടാൻ പ്രയാസമുള്ള പുസ്തക പ്രസാധകർ ,സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ,നിരന്തരമായി തത്വ ശാസ്ത്രം ചർച്ച ചെയ്യുന്നവർ അങ്ങിനെ അങ്ങിനെ --അപ്പോഴാണ് ഓർക്കാപ്പുറത്ത് ഭർത്താവു പറയുന്നത് താൻ തന്റെ കാമുകിക്കൊപ്പം വേറെ താമസിക്കാൻ പോവുകയാണെന്ന് .
         ഭർത്താവു പോയി ,അമ്മ മരിച്ചു ,മക്കൾ അവരുടെ കാര്യം നോക്കി പോയി ,ശിഷ്യൻ അരാജക വാദികളായ മറ്റു ചിലർക്കൊപ്പംമലനിരകളിലുള്ള   ഒരു കമ്മ്യുണിൽ താമസമാക്കി.ഈ ശിഷ്യനും അധ്യാപികയും തമ്മിലുള്ള ബന്ധത്തിന് ഒരു റൊമാൻസിന്റെ  ഛായയുണ്ട്, തത്വ ശാസ്ത്രക്കാർ പറയുന്ന  യാഥാർഥ്യമാവാത്ത ഒരാശയം പോലെ .,അയാൾ കൂട്ടത്തിൽ ഒരുവളെ വിവാഹം കഴിച്ചു .പ്രൊഫസർക്ക് അനുയോജ്യനായ ഒരാൾ കൂട്ട് വരുമെന്ന അയാളുടെ ആശംസ പക്ഷേ സഫലമായില്ല .
         എല്ലാബന്ധങ്ങളും അവസാനിച്ചു കഴിഞ്ഞപ്പോൾ ,പൂച്ചയെപ്പോലും  ഉപേക്ഷിച്ചു കഴിഞ്ഞപ്പോൾ താനെന്തെന്നില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുകയാണെന്നു റൂസ്സോയുടെ ആരാധികയായ    പ്രൊഫസർ പറയുന്നു .എല്ലാ ബന്ധങ്ങളും നിലനിന്നപ്പോഴും അവരൊരു ഏകാന്തപഥിക  യായിരുന്നു എന്നതാണ് സത്യം .ആൾ ബഹളങ്ങൾക്കിടയിലും ഏകാകിനിയായി അവർ നടത്തുന്ന യാത്രയുടെ ഹൃദ്യമായ ആവിഷ്കാരത്തിനു രണ്ടു സ്ത്രീകളോടു നന്ദി പറയേണ്ടതുണ്ട് ;നടി ഇസബെല്ലാ ഹ്യൂപെർട്ടിനോടും സംവിധായിക മിയ ഹാൻസെൻ ലോവിനോടും .
     തനിച്ചായിരിക്കുവാൻ കാലം ആരെയും അനുവദിക്കുകയില്ല .ആയിടെ പിറന്ന ,മകളുടെ കുട്ടിയെ കയ്യില്ലെടുത്ത് പാട്ടു പാടി ഓമനിക്കുന്ന പ്രൊഫസ്സർക്കു ചുറ്റും ക്രിസ്തുമസ്സ് വിളക്കുകൾ തെളിയുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്




















 

2018, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

തോറ്റ ചരിത്രം കേട്ടിട്ടില്ല
----------------------------------------
1969 ജൂലൈ 18 നു ജോലിയിൽ പ്രവേശിക്കാൻ വേണ്ടി എ ജി സ് ഓഫീസിന്റെ പ്രധാന ഗേറ്റു കടക്കുമ്പോൾ അവിടെ മുദ്രാവാക്യമുഖരിതമായ ഒരു സ്വീകരണം നടക്കുന്നുണ്ടായിരുന്നു .1968 സെപ്റ്റംബർ 19 നു നടന്ന അഖിലേന്ത്യാ സൂചനാ പണിമുടക്കിനെ തുടർന്ന് പുറത്താക്കപ്പെട്ട എല്ലാവരെയും തിരിച്ചെടുത്തു ബാച്ചുകളായി .വീരോചിതമായ സ്വീകരണം നൽകിയാണ് സഹപ്രവർത്തകർ അവരെ വരവേറ്റത് .അതിൽ ഒരു സംഘം അന്ന് തിരികെ വരികയാണ് .അവർക്കു നൽകിയ വരവേൽപ്പായിരുന്നു ഞങ്ങൾ  ഗേറ്റിൽ കണ്ടത് .
   68 സെപ്റ്റംബറിലെ സൂചനാ പണിമുടക്കിനെക്കുറിച്ച് അന്ന് തൊഴിലന്വേഷകനായിരുന്ന ഞാൻ കേട്ടിരുന്നു പോസ്റ്റൽ വകുപ്പിൽ ജോലിയുണ്ടായിരുന്ന സുഹൃത്തുക്കളിൽ നിന്ന് .ആവശ്യാധിഷ്ഠിത മിനിമം വേതനം എന്നതായിരുന്നു സമരത്തിലെ മുഖ്യ ഡിമാൻഡ് .എന്നുവെച്ചാൽ ഏറ്റവും കുറഞ്ഞ ശമ്പളം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് ജീവിക്കാൻ മതിയാവുന്നതാവണം .ഈ ആവശ്യം ആദ്യമായി ഉന്നയിക്കപ്പെട്ടത് 1960 ഇലാണ് .അതായിരുന്നു60 ജൂലൈ 11 -12 അർദ്ധരാത്രിക്കാരംഭിച്ച കേന്ദ്രഗവൺമെന്റ് ജീവനക്കാരുടെ സമരത്തിലെ മുഖ്യ ഡിമാൻഡ്  .അതിനേതാനും വർഷം  മുമ്പ് അ ഖിലേന്ത്യ ലേബർ കോൺഫറൻസ് ആവശ്യാധിഷ്ഠിത മിനിമം വേതനം 125 രൂപാ എന്നു നിജപ്പെടുത്തിയിരുന്നു .ഗവണ്മെന്റ് നിയമിച്ച രണ്ടാം ശമ്പളക്കമ്മീഷൻ പക്ഷേ ആ നിർദ്ദേശം സ്വീകരിച്ചില്ല .80 രൂപയാണ് ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനമായി അവർ ശുപാർശ ചെയ്തത് .ഗവണ്മെന്റ് ആ ശുപാർശ അംഗീകരിച്ചു .ആ തീരുമാനത്തിനെതിരെ കേന്ദ്ര ജീവനക്കാർ അനിശ്ചിത കാല പണിമുടക്കാരംഭിച്ചു 60 ജൂലൈ 12 മുതൽ .
          ഫാസിസ്റ്റുകളെ നാണിപ്പിക്കുന്ന അടിച്ചമർത്തൽ മുറകളാണ് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കെതിരെ പ്രയോഗിച്ചത് .പൂർണപങ്കാളിത്തമുണ്ടായിട്ടും ജീവനക്കാർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ,ഒന്നും നേടാനാവാതെ അഞ്ചാം ദിവസം സമരം പിൻവലിക്കേണ്ടി വന്നു .ആയുഷ്‌ക്കാല ഇൻക്രിമെന്റ് ബാർ തുടങ്ങിയ കഠിന ശിക്ഷകളാണ് മടങ്ങിയെത്തിയ ജീവനക്കാരെ കാത്തിരുന്നത് .ഇരിപ്പടങ്ങളിലേക്കു പോകും മുമ്പ് ഓഫീസ് മേധാവിയുടെ അദ്ധ്യക്ഷതയിൽ മുതിർന്ന ഉദ്യോഗസ്ഥന്മാരടങ്ങുന്ന ഒരു സംഘത്തിന്റെ അവമാനകരമായ വിചാരണ നേരിടേണ്ടതുമുണ്ടായിരുന്നു .
     പലരെയും തിരികെ പ്രവേശിപ്പിച്ചില്ല .
 പൊടുന്നനെ ജീവിത മാർഗ്ഗം നഷ്ടപ്പെട്ട അവരെ സഹായിക്കാൻ പൂർണമായും തകർന്നു കഴിഞ്ഞിരുന്ന സംഘടനക്ക് കഴിഞ്ഞതുമില്ല  .എന്തെങ്കിലും തരത്തിലുള്ള സഹായനിധി രൂപീകരണം കുറ്റകരമാക്കി ഉത്തരവിറക്കിയിരുന്നു .അത് ലംഘിക്കാൻ ആർക്കും ധൈര്യം ഉണ്ടായില്ല .കക്ക നീറ്റിയും പട്ടിക്കുഞ്ഞുങ്ങളെ വിറ്റും നിത്യ ചെലവു കഴിക്കേണ്ടി വന്ന നാളുകളെക്കുറിച്ച് ദീർഘ കാലത്തിനു ശേഷം ഓഫീസിൽ തിരികെ എത്തിയ അവരിൽ ചിലർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് .തിരികെ വരാൻ വേണ്ടി ചില വിട്ടു വീഴ്ചകൾക്ക് അവർ തയാറായിട്ടുണ്ടാവാം .പുനരുജ്ജീവിക്കപ്പെട്ട സംഘടനയും ഇവരും തമ്മിലുള്ള അകൽച്ചക്കു കാരണം ഒരു പക്ഷേ ഇതായിരിക്കുമെന്നു ഞാൻ ഊഹിക്കുന്നു .
            അറുപതിനു ശേഷം ഓഫീസിലെത്തിയ ഊർജിതാശയരായ ചിലരാണ് മ്യുസിയം പാർക്കിലും മറ്റും ഒന്നിച്ചു കൂടി ചർച്ച ചെയ്‌ത് സംഘടനയുടെ പുനരുത്ഥാനത്തിനു കളമൊരുക്കിയത് .ഇത് എന്റെ ഓഫീസിലെ കാര്യം .മറ്റു കേന്ദ്ര ഓഫീസുകളിലും സമാനമായ പ്രവർത്തനങ്ങളുണ്ടായി .നീറിപ്പുകയുന്ന അസംതൃപ്തി പുതിയ പ്രസ്ഥാനത്തിന് ഇന്ധനമായി അഖിലേന്ത്യാ തലത്തിൽ യൂണിയനുകൾ പുനസ്സംഘടിപ്പിക്കപ്പെട്ടു ..68 ലെ സൂചനാ പണിമുടക്കിന്റെ പശ്ചാത്തലമിതാണ് .
         ആവശ്യാധിഷ്ഠിത മിനിമം വേതനം നേടിയെടുത്തില്ല എന്ന കാരണത്താൽ 68 ലെ സമരം പരാജയമായിരുന്നു എന്നു വേണമെങ്കിൽ പറയാം .പക്ഷേ 60 ഇൽ  നിന്നു വ്യത്യസ്തമായി സമരത്തിനു ശേഷവും സംഘടനാ പ്രവർത്തകർ തല ഉയർത്തി പിടിച്ചു തന്നെ നിന്നു .പുറത്താക്ക പെട്ടവർക്ക് സാമ്പത്തിക സഹായം നൽകി .അവരിലെല്ലാവരും തന്നെ ഒരു കൊല്ലത്തിനകം തിരിച്ചെടുക്കപ്പെട്ടു .മടങ്ങി വന്നവർക്ക് ആവേശോജ്വലമായ സ്വീകരണം നൽകി .
   60 ലേയും 68 ലേയും സമരങ്ങളുടേത് തോറ്റ ചരിത്രമാണോ ?1960 ലെ മിനിമം 80 എന്നത് 2016 ഇൽ 18000 ആയിരിക്കുന്നു .വില സൂചിക 100 എന്നുള്ളത് 7000 ത്തിൽ എത്തിയിട്ടില്ല .എന്നുവെച്ചാൽ ഗണ്യമായ യഥാർത്ഥ വർദ്ധന ശമ്പളത്തിലുണ്ടായിരിക്കുന്നു ,കേന്ദ്ര ജീവനക്കാർക്കു മാത്രമല്ല ,വേതന തുല്യത എന്ന തത്വം അംഗീകരിക്കപ്പെട്ടതോടെ എല്ലാ സർക്കാർ ജീവനക്കാർക്കും .കേശവദേവിന്റെ കഥയിലെ മരച്ചീനി മോഷ്ടിക്കുന്ന സർക്കാർ ഗുമസ്തൻ ഇന്നില്ല .മാന്യമായ ശമ്പളം വാങ്ങുന്ന ഉപരിമദ്ധ്യ വർഗ്ഗ ജീവിതരീതി പിന്തുടരുന്ന ഉദ്യോഗസ്ഥൻ /ഉദ്യോഗസ്ഥ ആണുള്ളത് .തോറ്റതെന്നു കരുതപ്പെടുന്ന 60 ,68 സമരങ്ങളുടെ പരിണിത ഫലമാണ് ഈ അവസ്ഥ .ഇവിടെ തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം സത്യവും സാർത്ഥകവും ആകുന്നു .ആ സമരങ്ങളിൽ പങ്കെടുത്ത് ജീവിതം തന്നെ നഷ്ടപ്പെടുത്തിയ ജ്യേഷ്ഠ സഹോദരീസഹോദരന്മാരെ ആദരവോടെ സ്മരിക്കാൻ സൂചനാ പണിമുടക്കിന്റെ ഈ സുവർണ്ണ ജൂബിലി വേള നമുക്ക് ഉപയോഗപ്പെടുത്താം ;പ്രത്യേകിച്ചും അറുപതിലെ സമരത്തിൽ പങ്കെടുത്തത്തിന്റെയും അതിനു നേതൃത്വം കൊടുത്തതിന്റെയും പേരിൽ അവഗണനക്കും അവഹേളനത്തിനും പാത്രമായവരെ .അവരിൽ ഒട്ടു മിക്കവരും ഇന്നില്ല .അവർക്ക് വിനീതമായ കൃതജ്ഞത ,വേണ്ടപോലെ മനസ്സിലാക്കാതിരുന്നതിൽ ക്ഷമാപണവും .












































2018, സെപ്റ്റംബർ 19, ബുധനാഴ്‌ച

18-9-2018
ക്യാപ്റ്റൻ രാജു
-------------------------
അതിരാത്രം എന്ന സിനിമയിലാണ് ക്യാപ്റ്റൻ രാജുവിനെ ഞാനാദ്യം കാണുന്നത് ,ആ പേര് മുമ്പ് കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും .മമ്മൂട്ടി ,മോഹൻലാൽ ,ശങ്കർ എന്നീ പുതിയ നായകനടന്മാർക്കൊപ്പം തുല്യ പ്രാധാന്യമുള്ള ഒരു വേഷമായിരുന്നു രാജുവിന് ആ ചിത്രത്തിൽ .നിയന്ത്രിതവും ഭംഗിയുള്ളതുമായ അഭിനയം കാഴ്ചവെക്കുകയും ചെയ്തു രാജു
പിന്നീടു വന്നത് രാജുവിന്റെ പ്രതിനായക വേഷങ്ങളായിരുന്നു .മലയാള സിനിമയിലെ വില്ലന് വേറിട്ടൊരു മുഖഛായ നൽകിക്കൊണ്ട് രാജു ആ രംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു .ആഗസ്ത് ഒന്നിലെ വില്ലൻ ലോകസിനിമയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടതാണ് ;ലോകനിലവാരമുള്ള അഭിനയം തന്നെ രാജു മലയാള പ്രേക്ഷകർക്ക് സമ്മാനിക്കുകയും ചെയ്തു .ആവനാഴിയിലെ വില്ലന് കുപ്രസിദ്ധനായ ഒരു ലോക തസ്കരന്റെ രൂപഭാവങ്ങൾ നൽകിയിട്ടുണ്ട് രചയിതാവും സംവിധായകനും .അതിനനനുസരിച്ചു തന്നെ രാജു ആ റോൾ കൈകാര്യമ് ചെയ്യുകയും ചെയ്തു .ആ വില്ലനാണത്രെ അന്യഭാഷാ നിർമാതാക്കളിൽ ഏറ്റവും ഇമ്പ്രെഷൻ ഉണ്ടാക്കിയത് .നമ്മുടെ നാടോടിപ്പാട്ടുകൾ വേണ്ടത്ര നീതി പുലർത്താതെ പോയ ഒരു പുരാവൃത്ത പുരുഷനാണ് അരിങ്ങോടർ .അരിങ്ങോടരുടെ വേറിട്ട ചിത്രം വരച്ചുകാണിക്കുന്നതിൽ എം ടി ക്കും ഹരിഹരനും ഒപ്പം രാജുവിനും പങ്കുണ്ട് ,ഒരു പക്ഷേ ഏറ്റവും പ്രധാന പങ്ക് .ഇവരോടൊപ്പം സിബിഐ ഡയറി കുറിപ്പിലെ പോലീസ് സൂപ്രണ്ട് വർമ്മയെ ചേർത്തു വെച്ചു നോക്കുക അഭിനയത്തിലെ വെർസാറ്റലൈറ്റി എന്താണെന്നു മനസ്സിലാവും .
     മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളെന്ന നിലയിൽ മാത്രമല്ല ക്യാപ്റ്റൻ രാജു ഓർമ്മിക്ക പെടുക .കേരളത്തിൽ ജനിച്ചുവളർന്ന ഏറ്റവും നല്ല മനുഷ്യരിൽ ഒരാളെന്നു  കൂടിയായിരിക്കും .ഓമല്ലൂരിലുള്ള
ഞങ്ങളുടെ ബന്ധുഗൃഹത്തിലെ ചേട്ടന്മാർക്കും ചേച്ചിമാർക്കും അവരുടെ അയൽക്കാരനായ രാജുവിനെക്കുറിച്ച് പറയാൻ നൂറു നാവാണ് .അടുത്തകാലത്ത് ചില ടി വി അഭിമുഖങ്ങളിൽ അടുത്ത തലമുറയിൽപ്പെട്ട അഭിനേതാക്കളെക്കുറിച്ച് -കുഞ്ഞുങ്ങൾ എന്നാണു രാജു അവരെ വിളിക്കുക ;അത് നൂറു ശതമാനം ആത്മാർത്ഥതയോടു കൂടിയാണൂ താനും -രാജു നടത്തിയ അഭിപ്രായ പ്രകടനങ്ങൾ രാജുവിന്റെ നന്മയുടെ വിളംബരങ്ങളാണ് .
     വലിയ നടന് നന്മ നിറഞ്ഞ മനുഷ്യന് യാത്രാമൊഴി .















.

2018, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

13-9-2018
---------------                                                                                                                                (ബിഷപ് കേസിൽ എനിക്കൊരു ഉത്കണ്ഠയുമില്ല ;സ പിണറായിയുടെ നീതിബോധത്തിൽ എനിക്കു വിശ്വാസമുള്ളതു കൊണ്ട് ;ഇത് ഒരു ടി വി ഇന്റർവ്യൂ വിനെക്കുറിച്ചുള്ള കുറിപ്പാണ് )
ഇന്നലെ point blank (ഏഷ്യാനെറ്റ് ന്യൂസ് )ഇൽ സിസ്റ്റർ അനുപമയുമായുള്ള അഭിമുഖം കണ്ടു .സത്യം പറയുന്നവരെ ആ പംക്തിയിൽ ഞാൻ മുമ്പും കണ്ടിട്ടുണ്ട് ;അവരൊക്കെ പക്ഷേ തന്ത്രജ്ഞരുമായിരുന്നു .ഇവിടെ തന്ത്രങ്ങളും അടവുകളുമൊന്നും ഉണ്ടായിരുന്നില്ല .മനസ്സിൽ നിന്നൊഴുകിവരുന്ന വാക്കുകൾ മാത്രം .തന്റെ സഭയിൽ തന്റെ സമൂഹത്തിൽ തന്റെ അമ്മയുടെ സ്ഥാനത്തു നിൽക്കുന്ന ഒരുവൾക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ കുറിച്ചാണ് അവർക്കു പറയാനുണ്ടായിരുന്നത് .അതവർ പറഞ്ഞു .തന്റെ ദൈവം തന്റെ കൂടെയുണ്ട് ആദൈവം മനസ്സിലിരുന്നു പറയുന്നതനുസരിച്ചാണ് താൻ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ;പ്രശ്‍നം പലപാട് ബന്ധപ്പെട്ട സഭാ നേതൃത്വത്തിനു മുമ്പിൽ അവതരിപ്പിച്ചിരുന്നു ;പരിഹാരം പോയിട്ട് ഒരു ഭംഗി വാക്കു പോലും സഭാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല .അതുകൊണ്ടാണ് പൊതുജനങ്ങളുടെ ഇടയിലേക്കിറങ്ങാൻ തീരുമാനിച്ചത് .
    സമ്പത്തും സ്വാധീനവുമുള്ള ഒരു പാട്രിയാർക് ആണ് മറുവശത്തുനിൽക്കുന്നത് ഭയമില്ലേ എന്ന ചോദ്യത്തിന് "എന്റെ കർത്താവ് എന്റെ കൂടെ ഉള്ളപ്പോൾ ഞാനെന്നാത്തിനാ ഭയപ്പെടുന്നത് "എന്നായിരുന്നു അവരുടെ മറുപടി .
  ശരിയാണ് ദ്വൈതത്വം ആണ് ഭയം ;താനും ഈശ്വരനും രണ്ടെന്ന അവസ്ഥ .കർമ്മങ്ങളെല്ലാം ഈശ്വരനിൽ സമർപ്പിച്ച് പരാർത്ഥമായി ജീവിക്കുന്ന സന്യാസിനിക്ക് ഭയം എവിടെ ?അവനു കഴിയാത്തതൊന്നുമില്ല .ഏതു മരുഭൂമിയിലും നീർച്ചാൽ കീറി എതിരുളിലും കൈത്തിരികൊളുത്തി അവനെ കാവൽ നിൽക്കുന്നു .അവന്റെ നാമം വാഴ്ത്തപ്പെടട്ടെ

2018, സെപ്റ്റംബർ 8, ശനിയാഴ്‌ച

എന്താണ് രൂപക്ക് സംഭവിക്കുന്നത് ?                                                                                                                                                                         വിദേശനാണ്യ കമ്പോളത്തിൽ അനുദിനം വിലകുറയുന്നു .ഡോളറുമായുള്ള വിനിമയ നിരക്ക് താഴ്ന്നു കൊണ്ടേയിരിക്കുന്നു .ഒന്നു രണ്ടാഴ്ചയായി ഈ പ്രക്രിയ കൂടുതൽ വേഗത്തിലായിട്ടുണ്ട് .ഡോളർ ശക്തിയാർജ്ജിക്കുന്നതു കൊണ്ടാണെന്നു പറയുന്നു ഒരു കൂട്ടർ .എന്തായാലും അതൊരു കാരണമാണ് .പലകാരണങ്ങളിലൊന്ന് .ഡോളർ വിലയുടെ സൂചകമായ ഡോളർ ഇൻഡക്സ് ഇപ്പോൾ 95 -96 ഒക്കെയാണ് .ഡോളർ രൂപ വിനിമയ മൂല്യം 72 ലധികം .ഡോളർ ഇൻഡക്സ് 102 ഇത് എത്തിയ ഒരു ദിവസമുണ്ടായിരുന്നു .അന്ന് പക്ഷെ ഡോളറിന് 67 രൂപ മാത്രമായിരുന്നു വില .അതായത് രൂപയുടെ വിലയിടിവിന് കാരണങ്ങൾ മറ്റിടങ്ങളിൽ തിരയേണമെന്നർത്ഥം .
    വിലപിടിപ്പുള്ള മറ്റെന്തിനേയും പോലെ കറൻസിയും ഡിമാൻഡ് സപ്ലൈ നിയമത്തെ അനുസരിക്കുന്നു .ഇന്ത്യൻ രൂപ കൈവശമുള്ള ചിലർക്ക് ഡോളർ ആവശ്യമുണ്ട് ;ഡോളറിന്റെ ലഭ്യത കുറവും .
        ഈ ദൗർലഭ്യതക്ക് പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത് .ക്രൂഡ് ഓയിൽ ഇറക്കുമതി ,അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന വിദേശ വ്യാപാരക്കമ്മി ,വിദേശ മൂലധനത്തിന്റെ പലായനം .
   ഏറ്റവും അധികം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ .ഈ വ്യാപാരത്തിന് സമ്പദ്‌വ്യവസ്ഥയിലുള്ള പ്രാധാന്യം ഇങ്ങിനെ വിശദമാക്കാം :ഒരു ബാരൽ ക്രൂഡിന് ഒരു ഡോളർ വർദ്ധിച്ചാൽ ഇന്ത്യയുടെ ധനകാര്യകമ്മി .01 %വർദ്ധിക്കും .
    വിദേശ വ്യാപാരക്കമ്മി -ഇറക്കുമതിക്ക് വേണ്ടിവരുന്ന തുകയും കയറ്റുമതിയിൽ നിന്ന്   ലഭിക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസം -യുടെ ഇപ്പോഴത്തെ സ്ഥിതി ഇങ്ങിനെയാണ്‌ :ഇറക്കുമതിയുടെ വളർച്ചാനിരക്കിന്റെ പകുതിമാത്രമാണ് കയറ്റുമതിയുടേത് . .ഡോളറിന്റെ ഡിമാൻഡ് കയറ്റുമതിലൂടെയുള്ള ലഭ്യതയേക്കാൾ വളരെ അധികമാണെന്നർത്ഥം .
      മൂലധനത്തിന്റെ പ്രയാണത്തെക്കുറിച്ച് :ഓഹരിവിപണികളിൽ ഡോളർ നിക്ഷേപിക്കുന്ന വിദേശികൾക്ക് അത് എപ്പോൾവേണമെങ്കിലും പിൻവലിക്കാം.2018 -2019 ധനകാര്യവർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ ഇവരുടെ  നിക്ഷേപം കഴിഞ്ഞ കൊല്ലം ഈ കാലയളവിലുണ്ടായിരുന്നതിന്റെ അഞ്ചിലൊന്നു മാത്രമാണ് .ഡോളർ ധാരാളമായി പുറത്തേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു .
     രൂപയുടെ വില ക്രമാതീതമായി കുറഞ്ഞാൽ പെട്രോളിനു മാത്രമല്ല എല്ലാറ്റിനും വില വർദ്ധനവുണ്ടാകും .ധനകാര്യ കമ്മിയും വ്യാപാരക്കമ്മിയും വർദ്ധിക്കും.അത് സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കും .നിലവിലുള്ള വിദേശകടത്തിന്റെ  പേരിൽ കൊടുക്കേണ്ട തുക വർദ്ധിച്ചുകൊണ്ടിരിക്കും .ഇതിനു എന്താണൊരു പരിഹാരം ?
    ഇന്ത്യക്ക് വലിയൊരു വിദേശനാണ്യ ശേഖരമുണ്ട് .529 ശതകോടിഡോളർ .അതുപയോഗിച്ചു കമ്പോളത്തിൽ ഇടപെടൽ നടത്താം .പക്ഷെ അത് താൽക്കാലിക പരിഹാരമേ ആകുന്നുള്ളു .കൂടുതൽ മൗലികമായ നടപടികളുണ്ടാവണം .
      ഏറ്റവും പ്രധാനം നമ്മുടെ ഉത്പാദന വ്യവസ്ഥ സുസ്ഥിരമാക്കി ഇറക്കുമതി പരമാവധി കുറക്കാനുള്ള സംവിധാനമുണ്ടാക്കുകയാണ് .ഇപ്പോൾ നമ്മുടെ ജി ഡി പി യുടെ മൂന്നിൽ ഒന്നിൽ താഴെ മാത്രമാണ് വ്യവസായ രംഗത്തിന്റെ സംഭാവന .അത് കാര്യമായ തോതിൽ വർദ്ധിപ്പിക്കാൻ കഴിയണം .മോഡി സർക്കാരിന്റെ ഈവഴിക്കുള്ള നല്ലൊരു ചുവടു വെപ്പാണ് മേക് ഇൻ ഇന്ത്യ പദ്ധതി .പക്ഷേ നിലവിൽ വന്നു നാലുകൊല്ലം കഴിയുമ്പോഴും തൊട്ടറിയാവുന്ന ഫലങ്ങളൊന്നും അതുണ്ടാക്കിയിട്ടില്ല .ആ പദ്ധതി ഫലപ്രദമായി നടപ്പാക്കുവാൻ ശ്രമിക്കുകയാണ് ഗവണ്മെന്റ് -ഈ ഗവണ്മെന്റും തുടർന്നു വരുന്ന ഗവണ്മെന്റുകളും -ചെയ്യേണ്ടത് .മന്ത്രിസഭയുടെ രാഷ്ട്രീയ നിറം ഇത്തരം പദ്ധതികൾക്ക് തടസ്സമായിക്കൂടാ .പദ്ധതികളാവിഷ്കരിക്കുകയും അവയ്ക്ക് വിദേശങ്ങളിൽ പ്രചാരം നൽകുകയും ചെയ്‌തത്‌ കൊണ്ടായില്ല .രാഷ്ട്രത്തിലെ മുഴുവൻ ജനങ്ങളെയും അതിന്റെ നിർവഹണത്തിൽ ഒപ്പം കൂട്ടേണ്ടത് ഭരണാധികാരികളുടെ കടമയാണ് .എന്തായാലും അടിസ്ഥാന വികസനത്തിലൂടെയേ രാജ്യം സാമ്പത്തിക ശക്തിയായി വളരുകയുള്ളു .കറൻസി അപ്പോൾ ശക്തി പ്രാപിച്ചു കൊള്ളും
























2018, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

പ്രണയവും രാഷ്ട്ര തന്ത്രവും
------------------------------------------------
ശ്രീരാമന് സീതയെ ഉപേക്ഷിക്കേണ്ടി വന്നു തന്റെ സിംഹാസനം നിലനിർത്താൻ ;എട്ടാം എഡ്‌വേർഡിനു സിംഹാസനം ത്യജിക്കേണ്ടി വന്നു തനിക്കിഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാൻ .പക്ഷേ തെക്കനാഫ്രിക്കയിലെ ബെച്ചുവാനാ ലാൻഡിലെ -പിന്നീട് ബോസ്നിയ -കിരീടാവകാശിയും ലണ്ടനിൽ വിദ്യാർത്ഥിയുമായിരുന്ന സേർസ്റ്റെ ഖാമയെ പ്രാചീനമായ ഈ ചിന്താക്കുഴപ്പം ബാധിച്ചതേയില്ല .അദ്ദേഹം താൻ സ്നേഹിച്ച റൂത് വില്യംസ് എന്ന ബ്രിട്ടീഷ് വെള്ളക്കാരിയെ വിവാഹം കഴിച്ചു .തന്റെ ജനതയോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ നിന്ന് പിന്തിരിയാൻ തയാറായതുമില്ല ,കൊളോണിയൽ അധികാരം എല്ലാ ശക്തിയും ഉപയോഗിച്ച് അതിനു ശ്രമിച്ചുവെങ്കിലും .ആ പ്രണയത്തിന്റെയും വിവാഹത്തിന്റെയും അതുണ്ടാക്കിയ രാഷ്ട്രീയ സംഘർഷങ്ങളുടെയും ഹൃദ്യമായ ആവിഷ്കരണമാണ് എ യുണൈറ്റഡ് കിങ്ഡം എന്ന 2016 ചലച്ചിത്രം .വിശദമായി പിന്നീടെഴുതുന്നുണ്ട്.ഇവിടെ ഒന്ന് രണ്ടു കാര്യങ്ങൾ മാത്രം സൂചിപ്പിക്കട്ടെ .അപരാജിതമായ ഒരു പ്രണയത്തോടൊപ്പം അതുണ്ടാക്കിയ അന്താരാഷ്‌ട്ര സംഘർഷങ്ങളും ഇതിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു .മാത്രമല്ല രാഷ്ട്ര തലവന്മാരിൽ പലരുടെയും പൊയ്മുഖങ്ങളഴിഞ്ഞു വീഴുന്നത് വിശ്വസനീയമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്അമ്മ അസ്സന്റെ എന്ന ബ്രിട്ടീഷ് കാരിസംവിധാനം ചെയ്ത ഈ സിനിമയിൽ   .യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത് .രാജകുമാരൻ സിംഹാസനം നിലനിർത്തുകയാണ് ചെയ്തത് .തസ്വാതന്ത്ര്യം നേടിയ തന്റെ രാജ്യത്ത് അദ്ദേഹം ജനാധിപത്യം നടപ്പിലാക്കിസ്വതന്ത്ര  ബോസ്നിയയിലെ ആദ്യ പ്രെസിഡന്റായി .റൂത് എല്ലാറ്റിനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു .