2018, സെപ്റ്റംബർ 25, ചൊവ്വാഴ്ച

24-9-2018
                   ഭാവി കാര്യങ്ങൾ
                  -----------------------------
2016 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ആർട് ഹൌസ് സിനിമയാണ്Things to come തിങ്ങ്സ് ടു കം (ഫ്രഞ്ച് ലവനിർ ,ഭാവി ).ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സംവിധാനത്തിനുള്ള സിൽവർ  ബെയറിന് മിയ ഹാൻസൺ ലോവിനെ അർഹയാക്കിയ ചിത്രം .പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇസബെല്ല ഹൂപ്പർട്ടിന് നിരവധി അവാർഡുകളും ലോകത്തെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളെന്ന നിരൂപക പ്രശംസയും ഈ ചിത്രം നേടിക്കൊടുത്തു  .
    മദ്ധ്യവയസ്സുകാരിയായ ഫിലോസഫി പ്രൊഫസർ നതാലി ചാഷെയുടെ ജീവിതം സാധാരണവും സന്തുഷ്ടവുമായിരുന്നു .ഫിലോസഫി പ്രൊഫസ്സർ തന്നെയായ ഭർത്താവ് ഹൈൻസ്, മുതിർന്നഒരു മകനും മകളും ,മറ്റൊരു വീട്ടിൽ താമസിക്കുന്ന  നിർബന്ധ ബുദ്ധിയുടെ ആശാട്ടിയായ അമ്മ ,അവരുടെ തടിച്ചി പൂച്ച  പണ്ടോറ ,ഇടക്കൊക്കെ കാണാൻ വരുന്ന  പ്രിയങ്കരനായ മുൻവിദ്യാർത്ഥി അരാജകവാദിയെന്നവകാശപ്പെടുന്ന ഫാബിയൻ ,ഇടപെടാൻ പ്രയാസമുള്ള പുസ്തക പ്രസാധകർ ,സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ,നിരന്തരമായി തത്വ ശാസ്ത്രം ചർച്ച ചെയ്യുന്നവർ അങ്ങിനെ അങ്ങിനെ --അപ്പോഴാണ് ഓർക്കാപ്പുറത്ത് ഭർത്താവു പറയുന്നത് താൻ തന്റെ കാമുകിക്കൊപ്പം വേറെ താമസിക്കാൻ പോവുകയാണെന്ന് .
         ഭർത്താവു പോയി ,അമ്മ മരിച്ചു ,മക്കൾ അവരുടെ കാര്യം നോക്കി പോയി ,ശിഷ്യൻ അരാജക വാദികളായ മറ്റു ചിലർക്കൊപ്പംമലനിരകളിലുള്ള   ഒരു കമ്മ്യുണിൽ താമസമാക്കി.ഈ ശിഷ്യനും അധ്യാപികയും തമ്മിലുള്ള ബന്ധത്തിന് ഒരു റൊമാൻസിന്റെ  ഛായയുണ്ട്, തത്വ ശാസ്ത്രക്കാർ പറയുന്ന  യാഥാർഥ്യമാവാത്ത ഒരാശയം പോലെ .,അയാൾ കൂട്ടത്തിൽ ഒരുവളെ വിവാഹം കഴിച്ചു .പ്രൊഫസർക്ക് അനുയോജ്യനായ ഒരാൾ കൂട്ട് വരുമെന്ന അയാളുടെ ആശംസ പക്ഷേ സഫലമായില്ല .
         എല്ലാബന്ധങ്ങളും അവസാനിച്ചു കഴിഞ്ഞപ്പോൾ ,പൂച്ചയെപ്പോലും  ഉപേക്ഷിച്ചു കഴിഞ്ഞപ്പോൾ താനെന്തെന്നില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുകയാണെന്നു റൂസ്സോയുടെ ആരാധികയായ    പ്രൊഫസർ പറയുന്നു .എല്ലാ ബന്ധങ്ങളും നിലനിന്നപ്പോഴും അവരൊരു ഏകാന്തപഥിക  യായിരുന്നു എന്നതാണ് സത്യം .ആൾ ബഹളങ്ങൾക്കിടയിലും ഏകാകിനിയായി അവർ നടത്തുന്ന യാത്രയുടെ ഹൃദ്യമായ ആവിഷ്കാരത്തിനു രണ്ടു സ്ത്രീകളോടു നന്ദി പറയേണ്ടതുണ്ട് ;നടി ഇസബെല്ലാ ഹ്യൂപെർട്ടിനോടും സംവിധായിക മിയ ഹാൻസെൻ ലോവിനോടും .
     തനിച്ചായിരിക്കുവാൻ കാലം ആരെയും അനുവദിക്കുകയില്ല .ആയിടെ പിറന്ന ,മകളുടെ കുട്ടിയെ കയ്യില്ലെടുത്ത് പാട്ടു പാടി ഓമനിക്കുന്ന പ്രൊഫസ്സർക്കു ചുറ്റും ക്രിസ്തുമസ്സ് വിളക്കുകൾ തെളിയുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്




















 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ