2018, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

തോറ്റ ചരിത്രം കേട്ടിട്ടില്ല
----------------------------------------
1969 ജൂലൈ 18 നു ജോലിയിൽ പ്രവേശിക്കാൻ വേണ്ടി എ ജി സ് ഓഫീസിന്റെ പ്രധാന ഗേറ്റു കടക്കുമ്പോൾ അവിടെ മുദ്രാവാക്യമുഖരിതമായ ഒരു സ്വീകരണം നടക്കുന്നുണ്ടായിരുന്നു .1968 സെപ്റ്റംബർ 19 നു നടന്ന അഖിലേന്ത്യാ സൂചനാ പണിമുടക്കിനെ തുടർന്ന് പുറത്താക്കപ്പെട്ട എല്ലാവരെയും തിരിച്ചെടുത്തു ബാച്ചുകളായി .വീരോചിതമായ സ്വീകരണം നൽകിയാണ് സഹപ്രവർത്തകർ അവരെ വരവേറ്റത് .അതിൽ ഒരു സംഘം അന്ന് തിരികെ വരികയാണ് .അവർക്കു നൽകിയ വരവേൽപ്പായിരുന്നു ഞങ്ങൾ  ഗേറ്റിൽ കണ്ടത് .
   68 സെപ്റ്റംബറിലെ സൂചനാ പണിമുടക്കിനെക്കുറിച്ച് അന്ന് തൊഴിലന്വേഷകനായിരുന്ന ഞാൻ കേട്ടിരുന്നു പോസ്റ്റൽ വകുപ്പിൽ ജോലിയുണ്ടായിരുന്ന സുഹൃത്തുക്കളിൽ നിന്ന് .ആവശ്യാധിഷ്ഠിത മിനിമം വേതനം എന്നതായിരുന്നു സമരത്തിലെ മുഖ്യ ഡിമാൻഡ് .എന്നുവെച്ചാൽ ഏറ്റവും കുറഞ്ഞ ശമ്പളം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് ജീവിക്കാൻ മതിയാവുന്നതാവണം .ഈ ആവശ്യം ആദ്യമായി ഉന്നയിക്കപ്പെട്ടത് 1960 ഇലാണ് .അതായിരുന്നു60 ജൂലൈ 11 -12 അർദ്ധരാത്രിക്കാരംഭിച്ച കേന്ദ്രഗവൺമെന്റ് ജീവനക്കാരുടെ സമരത്തിലെ മുഖ്യ ഡിമാൻഡ്  .അതിനേതാനും വർഷം  മുമ്പ് അ ഖിലേന്ത്യ ലേബർ കോൺഫറൻസ് ആവശ്യാധിഷ്ഠിത മിനിമം വേതനം 125 രൂപാ എന്നു നിജപ്പെടുത്തിയിരുന്നു .ഗവണ്മെന്റ് നിയമിച്ച രണ്ടാം ശമ്പളക്കമ്മീഷൻ പക്ഷേ ആ നിർദ്ദേശം സ്വീകരിച്ചില്ല .80 രൂപയാണ് ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനമായി അവർ ശുപാർശ ചെയ്തത് .ഗവണ്മെന്റ് ആ ശുപാർശ അംഗീകരിച്ചു .ആ തീരുമാനത്തിനെതിരെ കേന്ദ്ര ജീവനക്കാർ അനിശ്ചിത കാല പണിമുടക്കാരംഭിച്ചു 60 ജൂലൈ 12 മുതൽ .
          ഫാസിസ്റ്റുകളെ നാണിപ്പിക്കുന്ന അടിച്ചമർത്തൽ മുറകളാണ് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കെതിരെ പ്രയോഗിച്ചത് .പൂർണപങ്കാളിത്തമുണ്ടായിട്ടും ജീവനക്കാർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ,ഒന്നും നേടാനാവാതെ അഞ്ചാം ദിവസം സമരം പിൻവലിക്കേണ്ടി വന്നു .ആയുഷ്‌ക്കാല ഇൻക്രിമെന്റ് ബാർ തുടങ്ങിയ കഠിന ശിക്ഷകളാണ് മടങ്ങിയെത്തിയ ജീവനക്കാരെ കാത്തിരുന്നത് .ഇരിപ്പടങ്ങളിലേക്കു പോകും മുമ്പ് ഓഫീസ് മേധാവിയുടെ അദ്ധ്യക്ഷതയിൽ മുതിർന്ന ഉദ്യോഗസ്ഥന്മാരടങ്ങുന്ന ഒരു സംഘത്തിന്റെ അവമാനകരമായ വിചാരണ നേരിടേണ്ടതുമുണ്ടായിരുന്നു .
     പലരെയും തിരികെ പ്രവേശിപ്പിച്ചില്ല .
 പൊടുന്നനെ ജീവിത മാർഗ്ഗം നഷ്ടപ്പെട്ട അവരെ സഹായിക്കാൻ പൂർണമായും തകർന്നു കഴിഞ്ഞിരുന്ന സംഘടനക്ക് കഴിഞ്ഞതുമില്ല  .എന്തെങ്കിലും തരത്തിലുള്ള സഹായനിധി രൂപീകരണം കുറ്റകരമാക്കി ഉത്തരവിറക്കിയിരുന്നു .അത് ലംഘിക്കാൻ ആർക്കും ധൈര്യം ഉണ്ടായില്ല .കക്ക നീറ്റിയും പട്ടിക്കുഞ്ഞുങ്ങളെ വിറ്റും നിത്യ ചെലവു കഴിക്കേണ്ടി വന്ന നാളുകളെക്കുറിച്ച് ദീർഘ കാലത്തിനു ശേഷം ഓഫീസിൽ തിരികെ എത്തിയ അവരിൽ ചിലർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് .തിരികെ വരാൻ വേണ്ടി ചില വിട്ടു വീഴ്ചകൾക്ക് അവർ തയാറായിട്ടുണ്ടാവാം .പുനരുജ്ജീവിക്കപ്പെട്ട സംഘടനയും ഇവരും തമ്മിലുള്ള അകൽച്ചക്കു കാരണം ഒരു പക്ഷേ ഇതായിരിക്കുമെന്നു ഞാൻ ഊഹിക്കുന്നു .
            അറുപതിനു ശേഷം ഓഫീസിലെത്തിയ ഊർജിതാശയരായ ചിലരാണ് മ്യുസിയം പാർക്കിലും മറ്റും ഒന്നിച്ചു കൂടി ചർച്ച ചെയ്‌ത് സംഘടനയുടെ പുനരുത്ഥാനത്തിനു കളമൊരുക്കിയത് .ഇത് എന്റെ ഓഫീസിലെ കാര്യം .മറ്റു കേന്ദ്ര ഓഫീസുകളിലും സമാനമായ പ്രവർത്തനങ്ങളുണ്ടായി .നീറിപ്പുകയുന്ന അസംതൃപ്തി പുതിയ പ്രസ്ഥാനത്തിന് ഇന്ധനമായി അഖിലേന്ത്യാ തലത്തിൽ യൂണിയനുകൾ പുനസ്സംഘടിപ്പിക്കപ്പെട്ടു ..68 ലെ സൂചനാ പണിമുടക്കിന്റെ പശ്ചാത്തലമിതാണ് .
         ആവശ്യാധിഷ്ഠിത മിനിമം വേതനം നേടിയെടുത്തില്ല എന്ന കാരണത്താൽ 68 ലെ സമരം പരാജയമായിരുന്നു എന്നു വേണമെങ്കിൽ പറയാം .പക്ഷേ 60 ഇൽ  നിന്നു വ്യത്യസ്തമായി സമരത്തിനു ശേഷവും സംഘടനാ പ്രവർത്തകർ തല ഉയർത്തി പിടിച്ചു തന്നെ നിന്നു .പുറത്താക്ക പെട്ടവർക്ക് സാമ്പത്തിക സഹായം നൽകി .അവരിലെല്ലാവരും തന്നെ ഒരു കൊല്ലത്തിനകം തിരിച്ചെടുക്കപ്പെട്ടു .മടങ്ങി വന്നവർക്ക് ആവേശോജ്വലമായ സ്വീകരണം നൽകി .
   60 ലേയും 68 ലേയും സമരങ്ങളുടേത് തോറ്റ ചരിത്രമാണോ ?1960 ലെ മിനിമം 80 എന്നത് 2016 ഇൽ 18000 ആയിരിക്കുന്നു .വില സൂചിക 100 എന്നുള്ളത് 7000 ത്തിൽ എത്തിയിട്ടില്ല .എന്നുവെച്ചാൽ ഗണ്യമായ യഥാർത്ഥ വർദ്ധന ശമ്പളത്തിലുണ്ടായിരിക്കുന്നു ,കേന്ദ്ര ജീവനക്കാർക്കു മാത്രമല്ല ,വേതന തുല്യത എന്ന തത്വം അംഗീകരിക്കപ്പെട്ടതോടെ എല്ലാ സർക്കാർ ജീവനക്കാർക്കും .കേശവദേവിന്റെ കഥയിലെ മരച്ചീനി മോഷ്ടിക്കുന്ന സർക്കാർ ഗുമസ്തൻ ഇന്നില്ല .മാന്യമായ ശമ്പളം വാങ്ങുന്ന ഉപരിമദ്ധ്യ വർഗ്ഗ ജീവിതരീതി പിന്തുടരുന്ന ഉദ്യോഗസ്ഥൻ /ഉദ്യോഗസ്ഥ ആണുള്ളത് .തോറ്റതെന്നു കരുതപ്പെടുന്ന 60 ,68 സമരങ്ങളുടെ പരിണിത ഫലമാണ് ഈ അവസ്ഥ .ഇവിടെ തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം സത്യവും സാർത്ഥകവും ആകുന്നു .ആ സമരങ്ങളിൽ പങ്കെടുത്ത് ജീവിതം തന്നെ നഷ്ടപ്പെടുത്തിയ ജ്യേഷ്ഠ സഹോദരീസഹോദരന്മാരെ ആദരവോടെ സ്മരിക്കാൻ സൂചനാ പണിമുടക്കിന്റെ ഈ സുവർണ്ണ ജൂബിലി വേള നമുക്ക് ഉപയോഗപ്പെടുത്താം ;പ്രത്യേകിച്ചും അറുപതിലെ സമരത്തിൽ പങ്കെടുത്തത്തിന്റെയും അതിനു നേതൃത്വം കൊടുത്തതിന്റെയും പേരിൽ അവഗണനക്കും അവഹേളനത്തിനും പാത്രമായവരെ .അവരിൽ ഒട്ടു മിക്കവരും ഇന്നില്ല .അവർക്ക് വിനീതമായ കൃതജ്ഞത ,വേണ്ടപോലെ മനസ്സിലാക്കാതിരുന്നതിൽ ക്ഷമാപണവും .












































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ