2020, മാർച്ച് 28, ശനിയാഴ്‌ച

28-3-2020

കാവു തീണ്ടൽ
-------------------------
ഇന്ന് മീനഭരണി .പ്രത്യേക പരിതസ്ഥിതിയിൽ ഇക്കുറി പോയില്ല .പതിവായി മിക്ക കൊല്ലങ്ങളിലും പോവാറുള്ളതാണ് .
  തൊഴിൽ അടിസ്ഥാനമാക്കിയുള്ള തിരശ്ചിനമായ -ആരും ആർക്കും മുകളിലോ താഴെയോ അല്ലാത്ത -ജാതിസമ്പ്രദായം നിലവിലിരുന്ന കാലത്ത് വിളവെടുപ്പുകഴിയുന്ന സമയത്ത് അമ്മയെ പാടിഉണർത്തുകയും  സന്തോഷിപ്പിക്കുകയും ചെയ്യുമായിരുന്നു ഗ്രാമങ്ങൾ .അവിടെ പാട്ടുകാരും ആസ്വാദകരും വേറെ ആയിരുന്നില്ല .ശ്ളീലാ ശ്ലീലങ്ങളും  ഉണ്ടായിരുന്നില്ല .ഗ്രാമം അമ്മയുടെ തിരുവരങ്ങായിരുന്നു .
    അപ്പോൾ ഒരിക്കൽ അവരെത്തി .വൈ ദിക തത്വങ്ങളെ ദുർവ്യഖ്യാനം ചെയ്ത നിർമ്മിച്ച വർണ്ണ സമ്പ്രദായങ്ങളുമായി ..മനുഷ്യരെ കീഴ്മേൽ വിഭജിച്ചവർ .യഥാർത്ഥ ഉടമസ്ഥർക്ക് ഗ്രാമം വിട്ടു പോകേണ്ടി വന്നു .കൈയേറ്റക്കാർക്ക് വിടുപണി ചെയ്യാൻ തയാറായവർ  ബ്രാഹ്മണ്യം ഇല്ലാത്ത സവര്ണരായി അവർക്കൊപ്പം നിന്നു .   പോയവർ എല്ലാക്കൊല്ലവും വന്നു ഉറഞ്ഞുതുള്ളി പാട്ടുപാടി അമ്മയെ വണങ്ങി തിരിച്ചുപോകുന്നു .
   ഇത്തവണ ഞങ്ങൾ ഇരിക്കുന്നിടത് ഇരുന്നു മനസ്സിൽ പാടുന്നു ...'താനാരോ തന്നാരോ ......'

2020, മാർച്ച് 22, ഞായറാഴ്‌ച

22-3-2020

അതിരാണിപ്പാടത്തിന്റെ കഥ
-------------------------------------------------
മാവേലിക്കര ഉത്സവപ്പറമ്പിലെ പുസ്തകക്കച്ചവടക്കാരന് ഇത് ചീത്തക്കാലമായിരുന്നു ;ആളുകളുണ്ടായിരുന്നില്ലല്ലോ ഉത്സവപ്പറമ്പിൽ .'ഒരു ദേശത്തിന്റെ കഥ 'വെറുതേ എടുത്തു നോക്കി തിരിച്ചുവെച്ച എന്നോട് അയാൾ പറഞ്ഞു '100 രൂപാ കുറച്ചു തരാം ,സാറെടുത്തോ 'എന്ന് .100 രൂപാ ഡിസ്‌കൗണ്ടിനേക്കാൾ അയാളുടെ ശബ്ദത്തിലെ നിരാശയും നിസ്സഹായതയും   എന്നെ സ്പർശിച്ചു .ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം വേണ്ടെന്നു വെച്ച് കാമു -കാഫ്ക കൃതികളേതെങ്കിലും വാങ്ങുമ്പോൾ കുറവു വരുന്ന നാലണയോ എട്ടണയോ 'പിന്നെത്തന്നാൽ മതി പുസ്തകം കൊണ്ടു പൊയ്ക്കോ 'എന്നു പറഞ്ഞിട്ടുള്ള തലസ്ഥാനത്തെപഴയ  പുസ്തകവ്യാപാരികളുടെ സൗമനസ്യം ഞാനോർത്തു .ഞാൻ പുസ്തകം വാങ്ങി .വായിക്കുകയും ചെയ്തു .
   പണ്ട് ഇറങ്ങിയ കാലത്തു തന്നെ വായിച്ചതാണ് .ആദ്യവായനയിൽ അതെനിക്കിഷ്ടപ്പെട്ടില്ല .അതിനി വായനയില് അനവധാനത കൊണ്ടായിരിക്കാമെന്നു കരുതി ഇക്കുറി വളരെ ശ്രദ്ധാപൂർവമാണ് വായിച്ചത് .പക്ഷെ എനിക്ക് തെറ്റിയിട്ടില്ല .മഹാനായ ഒരു സാഹിത്യകാരന്റെ മോശപ്പെട്ട രചനയാണ്‌ 'ഒരു ദേശത്തിന്റെ കഥ '.സ്വന്തം യാത്രാനുഭവങ്ങൾ ഹൃദയഹാരികളായ രചനകളായി വായനക്കാർക്കു സമ്മാനിച്ച ആളാണ് എസ് കെ പൊറ്റെക്കാട് .കൺമുമ്പിൽ കണ്ട ഒരു തെരുവിന്റെകഥ മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായി ,ഒരു കൈവിരലിൽ എണ്ണാവുന്നവയിൽ ഒന്നായി പുനരാഖ്യാനം ചെയ്തിട്ടുള്ള മഹാപ്രതിഭയുമാണ് .പക്ഷെ ആ പ്രതിഭാവിലാസം സ്വന്തം ബാല്യ കൗമാരങ്ങളെ  കുറിച്ചെഴുതിയ ദേശത്തിന്റെ കഥയിൽ തീർത്തും അസന്നിഹിതമാണ് .അനുഭവ വിവരണങ്ങളുടെ ഇഴയടുപ്പമില്ലാത്ത ഒരു സമാഹാരം മാത്രമായിപ്പോയി ഈ നോവൽ .
      സ്വന്തം അനുഭവങ്ങളോട് സത്യസന്ധത പുലർത്തിയിട്ടുണ്ട് പൊറ്റക്കാട് എന്ന വസ്തുത പക്ഷേ സമ്മതിക്കേണ്ടിയിരിക്കുന്നു .തന്റേയും ബന്ധുക്കളുടേയും സ്വഭാവത്തിലെയും പെരുമാറ്റത്തിലേയും ഇരുണ്ട വശങ്ങളൊന്നും മറച്ചു വെയ്ക്കപ്പെട്ടിട്ടില്ല .സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങൾ പരാമര്ശിക്കപ്പെടുന്നിടത്തും കാണാം ഈ സത്യസന്ധത .വാഗൺ ട്രാജഡിയിൽ നാമാവശേഷരായ നിരപരാധികളായ മാപ്പിളമാരോടു കാണിക്കുന്ന സൗമനസ്യവും സഹാനുഭൂതിയും അത്രകണ്ടു നിരപരാധികളല്ലാത്ത അവരുടെ കൂട്ടാളികൾ അരിഞ്ഞു കിണറ്റിലെറിഞ്ഞ സ്വസമുദായക്കാരോടും എസ് കെ പ്രകടിപ്പിക്കുന്നുണ്ട് .ചാവു കിണറ്റിൽ നിന്ന് ചാവാതെ രക്ഷപ്പെട്ടു വന്ന് കഥാനായകന്റെ മാതൃഗൃഹത്തിൽ താമസിക്കുന്ന അഭയാർഥികളുടെ വർണ്ണന ഈ നോവലിലെ അപൂർവം ഹൃദ്യമായ ഭാഗങ്ങളിലൊന്നാണ്






     
   


















2020, മാർച്ച് 14, ശനിയാഴ്‌ച

14-3-202o


പുതുശേരി രാമചന്ദ്രൻ
കവിയും ഭാഷാഗവേഷകനുമായ പുതുശേരി രാമചന്ദ്രൻ അന്തരിച്ചു .വാർത്ത .തീർച്ചയായും അദ്ദേഹം കവിയായിരുന്നു .അതിലധികം മലയാളഭാഷക്കു പ്രത്യേകമായും ദ്രാവിഡഭാഷാ ഗോത്രത്തിനു പൊതുവേയും വിലപ്പെട്ട സംഭാവനകൾ നൽകിയ ഭാഷാശാസ്ത്ര ഗവേഷകനായിരുന്നു .പക്ഷെ പുതുശേരിയെ ഓർക്കുമ്പോൾ പ്രഥമ പരിഗണന നൽകേണ്ടത് അദ്ദേഹം പിൽക്കാലത്ത് ഉപേക്ഷിച്ച രാഷ്ട്രീയ പ്രവർത്തനത്തിനാണ് എന്ന് എനിക്കു തോന്നുന്നു   .
    1949 ഡിസംബർ 31 നാണ് പുതുശേരി ഇന്ത്യൻ കമ്യൂണിസ്റ് പാർട്ടി ശൂരനാട് ഉൾപ്പെടുന്ന പ്രാദേശിക ഘടകത്തിന്റെ സെക്രട്ടറിയായി ചുമതലയേൽക്കുന്നത് തന്റെ പഠിപ്പ് നിർത്തിവെച്ചുകൊണ്ട് .ശൂരനാട് എന്നൊരു പ്രദേശം തിരുവിതാംകൂറിന്റെ ഭൂപടത്തിൽ നിന്ന് തുടച്ചു നീക്കും എന്ന മുഖ്യമന്ത്രി ടി കെ നാരായണപിള്ളയുടെ ഭീഷണി പുറത്തുവന്നതിന്റെ  പിറ്റേദിവസം .കയ്യൂരിലെയും വയലാറിലെയും മർദ്ദനം ഒന്നുമായിരുന്നില്ല ശൂരനാട്ടെ നരനായാട്ടുമായി താരതമ്യം ചെയ്യുമ്പോൾ .പിടികിട്ടിയ യുവാക്കളെ ചതച്ചുകൊന്നു ,അവശേഷിച്ചവരെ ആയുഷ്കാല രോഗികളാക്കി .സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടു ....(തോപ്പിൽ ഭാസിയുടെ നാടകങ്ങളുടെ മുഖക്കുറിപ്പുകൾ ,കെ ആർ മീരയുടെ ആവേമറിയ എന്ന ചെറുകഥ ഇവയൊക്കെ നോക്കുക) .ഇതിനെതിരെയുള്ള ചെറുത്തു  നിൽപ്പിനു മുന്നിൽ നിന്ന് നേതൃത്വം  കൊടുക്കാനാണ് പുതുശേരിയെ പാർട്ടി നിയോഗിച്ചത് .എം എന്നും തമ്പിസാറും പുതുപ്പള്ളിയും ഭാസിയുമൊക്കെ അന്ന് ഒളിവിൽ ആയിരുന്നുവല്ലോ .
         നിരോധനം നീക്കി നേതാക്കന്മാരൊക്കെ വെളിയിൽ വന്നു കഴിഞ്ഞപ്പോൾ പുതുശേരി എം എ ക്കു ചേർന്നു ,ജയിച്ച് കോളേജദ്ധ്യാപകനായി .നേരത്തെയുണ്ടായിരുന്ന  കാവ്യോപാസന തുടർന്നു .താൻ രക്തവും വിയർപ്പും കൊടുത്തു വളർത്തിയ പാർട്ടി അധികാരത്തിലിരിക്കെ തൊഴിലാളികൾക്ക് നേരെ വെടിവെച്ചപ്പോൾ
"ഇടിവെട്ടുവാൻ വെറും വെള്ളിടി വെട്ടാനെങ്കിൽ
  ഇടവപ്പാതിക്കാറേ നീയുമെന്തിനു വന്നു ..."എന്ന് കവിതയിലൂടെ ചോദിക്കാൻ അദ്ദേഹം മടിച്ചില്ല.
   സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ധ്യാപക വൃത്തിയിലേക്ക് മാറിയ അദ്ദേഹം കവിതയിൽ നിന്ന് ഭാഷാശാസ്ത്ര ഗവേഷണത്തിലേക്ക് ചുവടു മാറ്റം നടത്തി .എന്നെപ്പോലെയുള്ള അനഭ്യസ്തരായ മലയാളവായനക്കാർക്ക് സുപരിചിതനല്ലാതായി .എന്നിരുന്നാലും മലയാളഭാഷക്കു പ്രത്യേകമായും ദ്രാവിഡ ഭാഷകൾക്ക് പൊതുവിലും പുതുശേരി നൽകിയ സംഭാവനകൾ ഞങ്ങൾ മനസ്സിലാക്കിയിരുന്നു .
        ഭാഷയുടെയും സാഹിത്യത്തിന്റെയും ഉന്നതരായ പ്രയോക്താക്കളിലൊരാളാണ് വിട പറഞ്ഞത് .ഒപ്പം ശൂരനാടിന്റെ പടനായകനും .ഇരുട്ടിന്റെ ശക്തികൾ പൂർണമായി അപ്രത്യക്ഷമായിക്കഴിഞ്ഞിട്ടില്ല എന്നിരിക്കെ ആ ഓർമ്മ നമ്മൾക്ക് പ്രചോദകമാവട്ടെ