2020, മാർച്ച് 14, ശനിയാഴ്‌ച

14-3-202o


പുതുശേരി രാമചന്ദ്രൻ
കവിയും ഭാഷാഗവേഷകനുമായ പുതുശേരി രാമചന്ദ്രൻ അന്തരിച്ചു .വാർത്ത .തീർച്ചയായും അദ്ദേഹം കവിയായിരുന്നു .അതിലധികം മലയാളഭാഷക്കു പ്രത്യേകമായും ദ്രാവിഡഭാഷാ ഗോത്രത്തിനു പൊതുവേയും വിലപ്പെട്ട സംഭാവനകൾ നൽകിയ ഭാഷാശാസ്ത്ര ഗവേഷകനായിരുന്നു .പക്ഷെ പുതുശേരിയെ ഓർക്കുമ്പോൾ പ്രഥമ പരിഗണന നൽകേണ്ടത് അദ്ദേഹം പിൽക്കാലത്ത് ഉപേക്ഷിച്ച രാഷ്ട്രീയ പ്രവർത്തനത്തിനാണ് എന്ന് എനിക്കു തോന്നുന്നു   .
    1949 ഡിസംബർ 31 നാണ് പുതുശേരി ഇന്ത്യൻ കമ്യൂണിസ്റ് പാർട്ടി ശൂരനാട് ഉൾപ്പെടുന്ന പ്രാദേശിക ഘടകത്തിന്റെ സെക്രട്ടറിയായി ചുമതലയേൽക്കുന്നത് തന്റെ പഠിപ്പ് നിർത്തിവെച്ചുകൊണ്ട് .ശൂരനാട് എന്നൊരു പ്രദേശം തിരുവിതാംകൂറിന്റെ ഭൂപടത്തിൽ നിന്ന് തുടച്ചു നീക്കും എന്ന മുഖ്യമന്ത്രി ടി കെ നാരായണപിള്ളയുടെ ഭീഷണി പുറത്തുവന്നതിന്റെ  പിറ്റേദിവസം .കയ്യൂരിലെയും വയലാറിലെയും മർദ്ദനം ഒന്നുമായിരുന്നില്ല ശൂരനാട്ടെ നരനായാട്ടുമായി താരതമ്യം ചെയ്യുമ്പോൾ .പിടികിട്ടിയ യുവാക്കളെ ചതച്ചുകൊന്നു ,അവശേഷിച്ചവരെ ആയുഷ്കാല രോഗികളാക്കി .സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടു ....(തോപ്പിൽ ഭാസിയുടെ നാടകങ്ങളുടെ മുഖക്കുറിപ്പുകൾ ,കെ ആർ മീരയുടെ ആവേമറിയ എന്ന ചെറുകഥ ഇവയൊക്കെ നോക്കുക) .ഇതിനെതിരെയുള്ള ചെറുത്തു  നിൽപ്പിനു മുന്നിൽ നിന്ന് നേതൃത്വം  കൊടുക്കാനാണ് പുതുശേരിയെ പാർട്ടി നിയോഗിച്ചത് .എം എന്നും തമ്പിസാറും പുതുപ്പള്ളിയും ഭാസിയുമൊക്കെ അന്ന് ഒളിവിൽ ആയിരുന്നുവല്ലോ .
         നിരോധനം നീക്കി നേതാക്കന്മാരൊക്കെ വെളിയിൽ വന്നു കഴിഞ്ഞപ്പോൾ പുതുശേരി എം എ ക്കു ചേർന്നു ,ജയിച്ച് കോളേജദ്ധ്യാപകനായി .നേരത്തെയുണ്ടായിരുന്ന  കാവ്യോപാസന തുടർന്നു .താൻ രക്തവും വിയർപ്പും കൊടുത്തു വളർത്തിയ പാർട്ടി അധികാരത്തിലിരിക്കെ തൊഴിലാളികൾക്ക് നേരെ വെടിവെച്ചപ്പോൾ
"ഇടിവെട്ടുവാൻ വെറും വെള്ളിടി വെട്ടാനെങ്കിൽ
  ഇടവപ്പാതിക്കാറേ നീയുമെന്തിനു വന്നു ..."എന്ന് കവിതയിലൂടെ ചോദിക്കാൻ അദ്ദേഹം മടിച്ചില്ല.
   സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ധ്യാപക വൃത്തിയിലേക്ക് മാറിയ അദ്ദേഹം കവിതയിൽ നിന്ന് ഭാഷാശാസ്ത്ര ഗവേഷണത്തിലേക്ക് ചുവടു മാറ്റം നടത്തി .എന്നെപ്പോലെയുള്ള അനഭ്യസ്തരായ മലയാളവായനക്കാർക്ക് സുപരിചിതനല്ലാതായി .എന്നിരുന്നാലും മലയാളഭാഷക്കു പ്രത്യേകമായും ദ്രാവിഡ ഭാഷകൾക്ക് പൊതുവിലും പുതുശേരി നൽകിയ സംഭാവനകൾ ഞങ്ങൾ മനസ്സിലാക്കിയിരുന്നു .
        ഭാഷയുടെയും സാഹിത്യത്തിന്റെയും ഉന്നതരായ പ്രയോക്താക്കളിലൊരാളാണ് വിട പറഞ്ഞത് .ഒപ്പം ശൂരനാടിന്റെ പടനായകനും .ഇരുട്ടിന്റെ ശക്തികൾ പൂർണമായി അപ്രത്യക്ഷമായിക്കഴിഞ്ഞിട്ടില്ല എന്നിരിക്കെ ആ ഓർമ്മ നമ്മൾക്ക് പ്രചോദകമാവട്ടെ





























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ