2020, മാർച്ച് 22, ഞായറാഴ്‌ച

22-3-2020

അതിരാണിപ്പാടത്തിന്റെ കഥ
-------------------------------------------------
മാവേലിക്കര ഉത്സവപ്പറമ്പിലെ പുസ്തകക്കച്ചവടക്കാരന് ഇത് ചീത്തക്കാലമായിരുന്നു ;ആളുകളുണ്ടായിരുന്നില്ലല്ലോ ഉത്സവപ്പറമ്പിൽ .'ഒരു ദേശത്തിന്റെ കഥ 'വെറുതേ എടുത്തു നോക്കി തിരിച്ചുവെച്ച എന്നോട് അയാൾ പറഞ്ഞു '100 രൂപാ കുറച്ചു തരാം ,സാറെടുത്തോ 'എന്ന് .100 രൂപാ ഡിസ്‌കൗണ്ടിനേക്കാൾ അയാളുടെ ശബ്ദത്തിലെ നിരാശയും നിസ്സഹായതയും   എന്നെ സ്പർശിച്ചു .ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം വേണ്ടെന്നു വെച്ച് കാമു -കാഫ്ക കൃതികളേതെങ്കിലും വാങ്ങുമ്പോൾ കുറവു വരുന്ന നാലണയോ എട്ടണയോ 'പിന്നെത്തന്നാൽ മതി പുസ്തകം കൊണ്ടു പൊയ്ക്കോ 'എന്നു പറഞ്ഞിട്ടുള്ള തലസ്ഥാനത്തെപഴയ  പുസ്തകവ്യാപാരികളുടെ സൗമനസ്യം ഞാനോർത്തു .ഞാൻ പുസ്തകം വാങ്ങി .വായിക്കുകയും ചെയ്തു .
   പണ്ട് ഇറങ്ങിയ കാലത്തു തന്നെ വായിച്ചതാണ് .ആദ്യവായനയിൽ അതെനിക്കിഷ്ടപ്പെട്ടില്ല .അതിനി വായനയില് അനവധാനത കൊണ്ടായിരിക്കാമെന്നു കരുതി ഇക്കുറി വളരെ ശ്രദ്ധാപൂർവമാണ് വായിച്ചത് .പക്ഷെ എനിക്ക് തെറ്റിയിട്ടില്ല .മഹാനായ ഒരു സാഹിത്യകാരന്റെ മോശപ്പെട്ട രചനയാണ്‌ 'ഒരു ദേശത്തിന്റെ കഥ '.സ്വന്തം യാത്രാനുഭവങ്ങൾ ഹൃദയഹാരികളായ രചനകളായി വായനക്കാർക്കു സമ്മാനിച്ച ആളാണ് എസ് കെ പൊറ്റെക്കാട് .കൺമുമ്പിൽ കണ്ട ഒരു തെരുവിന്റെകഥ മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായി ,ഒരു കൈവിരലിൽ എണ്ണാവുന്നവയിൽ ഒന്നായി പുനരാഖ്യാനം ചെയ്തിട്ടുള്ള മഹാപ്രതിഭയുമാണ് .പക്ഷെ ആ പ്രതിഭാവിലാസം സ്വന്തം ബാല്യ കൗമാരങ്ങളെ  കുറിച്ചെഴുതിയ ദേശത്തിന്റെ കഥയിൽ തീർത്തും അസന്നിഹിതമാണ് .അനുഭവ വിവരണങ്ങളുടെ ഇഴയടുപ്പമില്ലാത്ത ഒരു സമാഹാരം മാത്രമായിപ്പോയി ഈ നോവൽ .
      സ്വന്തം അനുഭവങ്ങളോട് സത്യസന്ധത പുലർത്തിയിട്ടുണ്ട് പൊറ്റക്കാട് എന്ന വസ്തുത പക്ഷേ സമ്മതിക്കേണ്ടിയിരിക്കുന്നു .തന്റേയും ബന്ധുക്കളുടേയും സ്വഭാവത്തിലെയും പെരുമാറ്റത്തിലേയും ഇരുണ്ട വശങ്ങളൊന്നും മറച്ചു വെയ്ക്കപ്പെട്ടിട്ടില്ല .സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങൾ പരാമര്ശിക്കപ്പെടുന്നിടത്തും കാണാം ഈ സത്യസന്ധത .വാഗൺ ട്രാജഡിയിൽ നാമാവശേഷരായ നിരപരാധികളായ മാപ്പിളമാരോടു കാണിക്കുന്ന സൗമനസ്യവും സഹാനുഭൂതിയും അത്രകണ്ടു നിരപരാധികളല്ലാത്ത അവരുടെ കൂട്ടാളികൾ അരിഞ്ഞു കിണറ്റിലെറിഞ്ഞ സ്വസമുദായക്കാരോടും എസ് കെ പ്രകടിപ്പിക്കുന്നുണ്ട് .ചാവു കിണറ്റിൽ നിന്ന് ചാവാതെ രക്ഷപ്പെട്ടു വന്ന് കഥാനായകന്റെ മാതൃഗൃഹത്തിൽ താമസിക്കുന്ന അഭയാർഥികളുടെ വർണ്ണന ഈ നോവലിലെ അപൂർവം ഹൃദ്യമായ ഭാഗങ്ങളിലൊന്നാണ്






     
   


















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ