2020 ഏപ്രിൽ 25, ശനിയാഴ്‌ച

25-4-2020
--------------
ഗൃഹാതുരം
-------------------
മുപ്പത്തഞ്ചു കൊല്ലം മുമ്പ് ഞങ്ങൾ സ്ഥിരതാമസത്തിനായി പൂണിത്തുറയിൽ എത്തുമ്പോൾ അതൊരു ഗ്രാമപ്രദേശമായിരുന്നു ;കൊച്ചി കോർപറേഷനിലേക്ക് ആയിടെ കൂട്ടിച്ചേർത്ത ഒട്ടൊക്കെ ആധുനിക ജീവിത സൗകര്യങ്ങളുള്ള ഒരു നാട്ടിൻപുറം .ധാരാളം വെളിമ്പറമ്പുകൾ ,അവിടെയൊക്കെ കാട്ടുചെടികളും പൂക്കളും ,ഇടയ്ക്കിടെ കുളങ്ങൾ ,പറഞ്ഞാൽ വിശ്വസിക്കില്ല കുളക്കോഴികൾ ("നാണത്തിന്റെ കുടുക്കകൾ ......")
     ഗ്രാമീണ ശൈലി തന്നെയായിരുന്നു അവിടത്തെ അയൽബന്ധങ്ങളും പിന്തുടർന്നു പോന്നത് .കലവറയില്ലാത്ത പെരുമാറ്റം ,ഇണക്കങ്ങളും പിണക്കങ്ങളും ,ചില്ലറ കൊടുക്കൽ വാങ്ങലുകൾ ,ചില രാത്രികൾ അസാരം സേവിച്ചു വരുന്ന ഒരയൽക്കാരന്റെ പുലരും വരെയുള്ള പാട്ടും കൂത്തും .'നിങ്ങൾക്കൊക്കെകള്ളന്മാരെ  പേടിക്കാതെ കിടന്നുറങ്ങാമല്ലോ ചേട്ടാ 'എന്ന് അയാളുടെ ഭാര്യയുടെ നർമ്മത്തിൽ പൊതിഞ്ഞ  സാന്ത്വനം .കുട്ടികൾ  തൃശൂരും തിരുവനന്തപുരത്തുമൊക്കെ പഠിക്കാൻ പോയപ്പോഴും ഞങ്ങൾ തനിച്ചായി എന്ന തോന്നലുണ്ടായതേയില്ല .
    "ഗ്രാമീണ ഭംഗി തൻ പൂവണി പച്ചില പോർമുലക്കച്ചയിൽ " നഗരം കൈവെക്കുക തന്നെ ചെയ്തു .വെളിമ്പറമ്പുകളിൽ കെട്ടിടങ്ങളുയർന്നു .രമ്യ ഹർമ്യങ്ങൾ .പത്തുസെന്റ് സ്ഥലത്തൊരു വീട് എന്ന പഴയ ആശയമൊക്കെ പോയി .അത്രയും സ്ഥലത്ത് നാലിൽ കുറയാത്ത വീടുകൾ അവിടെ എട്ടോ പത്തോ കുടുംബങ്ങൾ .പഴയ അയൽക്കാർ അയൽക്കാരല്ലാതായി .ഇടയിൽ ധാരാളം വസതികളും അവയിലൊക്കെ ഒരുപാട് താമസക്കാരും വന്നു കഴിഞ്ഞല്ലോ .
   വല്ലപ്പോഴും ഒരു സ്കൂട്ടറോ അതിലും വിരളമായി ഒരു ഓട്ടോ റിക്ഷയോ ഓടിയിരുന്ന താമരശ്ശേരിറോഡിലൂടെ മോട്ടോർസൈക്കിളുകളും കാറുകളുംസ്കൂൾ ബസുകളും  മാത്രമല്ല ലോറികളും ജെ സി ബി കളും തേരാ പാരാ സഞ്ചരിക്കാൻ തുടങ്ങി രാപ്പകൽ .മൂന്നോ നാലോ പെട്ടിക്കടകളും രണ്ടു ചെറിയ ചായക്കടകളും മാത്രമുണ്ടായിരുന്ന പേട്ട  ജംഗ്ഷൻ ഷോപ്പിംഗ് മാളുകളും നക്ഷത്രപദവിയുള്ള ഹോട്ടലും മെട്രോ സ്റ്റേഷനും ബാങ്കുകളും മറ്റുമുള്ള നഗരകേന്ദ്രമായി .
    വീടിനു മുമ്പിൽ കുളക്കോഴികൾ 'പങ്ങി 'നടന്ന പറമ്പ് അതിനടുത്ത് താമസമാക്കിയ ഒരു ബിസിനസ് കാരന്റെ ലോറി യാർഡായി.രാവിലെയും വൈകിട്ടും ലോറികൾ പുറപ്പെടുന്നതിന്റെയും തിരിച്ചെത്തുന്നതിന്റെയും ഘോഷം .രാത്രി തൊട്ടടുത്ത പറമ്പിലെ വീടുകളൊന്നിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതാഘോഷങ്ങളുടെ ശബ്ദം .അതിനടുത്ത കെട്ടിടത്തിൽ അവിവാഹിതരായകുറെ  കമ്പനി എക്സിക്യൂട്ടീവുകളാണ് താമസം .അവരിൽ ഒന്ന് രണ്ടു പേര് കർണാടക സംഗീതം പഠിക്കുന്നുണ്ട് .വേറൊരാൾക്ക് സിനിമാപ്പാട്ടിലാണ് കമ്പം .പൊതുവേ സംഗീത സാന്ദ്രമാണ് അവരുടെ രാവുകൾ .രണ്ടു വഴിവിളക്കുകളുടെ പ്രകാശവൃത്തങ്ങൾക്കിടയിലെ ഇത്തിരി ഇരുട്ടന്വേഷിച്ച് ഷെയറിട്ടു വാങ്ങിയ ഒരു കുപ്പിയും രണ്ടു കടലപ്പൊതിയുമായി വല്ലപ്പോഴും വരുന്ന ചെറുപ്പക്കാർ ;'ഞങ്ങൾ ആർക്കും ഒരു ശല്യവുമുണ്ടാക്കുന്നില്ലല്ലോ സാർ 'എന്ന ക്ഷമാപണം .അടക്കിപ്പിടിച്ച ഒച്ചയും ബഹളവുമായി അനുഭവിച്ചവർക്കു മാത്രം മനസ്സിലാക്കാൻ കഴിയുന്ന അവരുടെ ആഹ്‌ളാദം .അമ്പലപ്പറമ്പുകളിലെ ചെണ്ടമേളം ,വെടിക്കെട്ട് .അങ്ങിനെ "താഴെയും മോളും ജന്തു ജീവിതസമരത്തിൻ കേഴലുമലർച്ച കാലൊച്ചയും ..."കേട്ടിരിക്കുമ്പോൾ ഞങ്ങൾ തനിച്ചാണെന്നു തോന്നാറേ ഉണ്ടായിരുന്നില്ല .
        ഇപ്പോൾ എല്ലാം മാറിയിരിക്കുന്നു .താമരശ്ശേരി റോഡിൽ നിന്നും അടുത്തുള്ള ബൈ പാസിൽ നിന്നും വാഹനങ്ങളുടെ ശബ്ദങ്ങൾ കേൾക്കാനില്ല .ലോറി യാർഡ് നിശബ്ദം അന്യ സംസ്ഥാന തൊഴിലാളികൾ എങ്ങോട്ടോ പോയി .എക്സിക്യൂട്ടീവുകളുടെ വീടൊഴിഞ്ഞു കിടക്കുന്നു .രാത്രി യെ ഉന്മത്തയാക്കിയിരുന്ന  അയൽക്കാരനും യുവ സുഹൃത്തുക്കളും നിസ്സഹായരാണല്ലോ .ചെണ്ടമേളവും വെടിക്കെട്ടുമില്ല .ശബ്ദങ്ങൾ നിലച്ച അവസ്ഥ .
    വിവിധ ശബ്ദങ്ങളുടെ സവിശേഷ ലയമായുണ്ടാവുന്ന നിശ്ശബ്ദത സുഖകരമായ ഒരവസ്ഥയാണ് .ഇതങ്ങിനെയല്ല ശബ്ദങ്ങളുടെ നിശ്ശേഷ രാഹിത്യം ഭയജനകമാണ് .ഒപ്പം ടി വി വാർത്തകൾ സൃഷ്ടിക്കുന്ന അസ്വാസ്ഥ്യം .പണ്ടെങ്ങോ പഠിച്ചു മറന്ന ധനശാസ്ത്രവും ബാങ്കിങ്ങും ചൂണ്ടിക്കാട്ടിത്തരുന്ന വഴിമുട്ടിയ ജീവിതാവസ്ഥ സൃഷ്ടിക്കുന്ന വേവലാതി ......
       ഏതു രാത്രിയും പുലരുക തന്നെ ചെയ്യും എന്നു പറയുന്നത് സത്യമായിരിക്കും ;അല്ലേ ? അമ്പാടിയിലെത്തിയ അക്രൂരനെ ഗോപസ്ത്രീകൾ ആശംസിച്ചുവെന്ന് നങ്യാരമ്മമാർ ആടിക്കാണിക്കാറുള്ള ആ ശ്ലോകപാദം ഞാൻ സ്വയം ഉരുവിടുകയാണ്  :'സുപ്രഭാതാ തേ നിശാ 'നിന്റെ രാത്രി ഒരു നല്ല പ്രഭാതത്തോടു കൂടിയതാവട്ടെ .















   
   



















2020 ഏപ്രിൽ 18, ശനിയാഴ്‌ച

18-4-2020
-----------------

വ്യാഴവട്ട സ്മരണകൾ
------------------------------------
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുമൊത്തുള്ള, കഷ്ടിച്ച് പന്ത്രണ്ടു കൊല്ലം മാത്രം നീണ്ട  ദാമ്പത്യ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പത്നി ബി കല്യാണി 'അമ്മ എഴുതിയ പുസ്തകമാണ് വ്യാഴവട്ടസ്മരണകൾ .
    ജീവിതത്തിൽ വലിയ ത്യാഗം സഹിച്ച നേതാക്കന്മാരെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ നമുക്കുണ്ട് ;അവരിൽ ചിലർ തന്നെയെഴുതിയതും അവരെക്കുറിച്ച് മറ്റുള്ളവർ എഴുതിയതും .പക്ഷെ ഈ ത്യാഗത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വന്ന അവരുടെ കുടുംബാംഗങ്ങളെക്കുറിച്ച് മലയാളത്തിൽ വളരെയൊന്നും എഴുതപ്പെട്ടിട്ടില്ല .കഥയായോ കവിതയായോ യഥാർത്ഥ സംഭവ വിവരണമായോ ഒന്നും .ആദരണീയമായ ഒരപവാദം ഈയിടെ ശ്രദ്ധയിൽ പെട്ടു .'ഭൂമിക്കടിയിൽ 'പോകേണ്ടി വന്ന ഒരു രാഷ്ട്രീയ പ്രവർത്തകന്റെ ഭാര്യയും കുഞ്ഞുമകളും ഒരു കൂട്ടുകുടുംബത്തിനുള്ളിൽ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കഥ കെ സരസ്വതി 'അമ്മ എഴുതിയിട്ടുണ്ട് ;'അച്ഛനെവിടെ'. തന്റെ കഥകളിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്നു സരസ്വതി 'അമ്മ തന്നെ പറഞ്ഞിട്ടുള്ള ആ കഥ വായിച്ചപ്പോഴാണ്  വ്യാഴവട്ട സ്മരണകൾ എന്റെ ഓർമ്മയിലെത്തിയത് .ആദരണീയമായ ഒരപവാദമാണല്ലോ ആ കൃതിയും .
      രാജ്യഭ്രഷ്ടനായി രോഗിയും ദരിദ്രനുമായി തീർന്ന രാമകൃഷ്ണപിള്ളക്കൊപ്പം അവർ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ മരണം വരെ .ഉടുവസ്ത്രങ്ങളല്ലാതെ ഒന്നും കൂടെക്കൊണ്ടുപോകാൻ  തിരുവിതാംകൂർ ഭരണകൂടം രാമകൃഷ്ണപിള്ളയെ അനുവദിച്ചില്ല ;ഒരു പേനായൊഴികെ  ആ പേനകൊണ്ടാണ് അദ്ദേഹം  പ്രവാസ ജീവിതത്തിനിടയിൽ തന്റെ പ്രമുഖ കൃതികളിൽ പലതും രചിച്ചത് .ഗാന്ധിയുടെയും മാർക്സിന്റേയും ജീവചരിത്രങ്ങൾ ഉൾപ്പെടെ .എഴുത്ത് ആ കുടുംബത്തിന്റെ ജീവിതമാർഗ്ഗം മാത്രമായിരുന്നില്ല ;എഴുത്ത് അദ്ദേഹത്തിനു ജീവിതം തന്നെയായിരുന്നു .അതിനദ്ദേഹത്തെ പ്രാപ്തനാക്കിയത് കല്യാണി അമ്മയുടെ സഹവാസമായിരുന്നു .
  സ്വദേശാഭിമാനിയുടെ അതീവ ക്ലേശകരവും എന്നാൽ വിപ്ലവകരവും സൃഷ്‌ടിയുന്മുഖവുമായ ജീവിതത്തിൽ അദ്ദേഹത്തിന്റെ നല്ല പകുതിയായി കൂടെക്കഴിഞ്ഞ നാളുകളെക്കുറിച്ച് കല്യാണി 'അമ്മ തീഷ്ണവും അനലംകൃതവുമായ ഭാഷയിൽ എഴുതിയിരിക്കുന്ന ഏതാണ്ട് അമ്പതു പേജിൽ താഴെമാത്രം ദൈർഘ്യമുള്ള ഈ പുസ്തകം മലയാളത്തിലെ ഏറ്റവും നല്ല ആത്മകഥകളിലൊന്നാണ്


























2020 ഏപ്രിൽ 12, ഞായറാഴ്‌ച

12 -4 -202o

ക്രൂശിക്കൽ സത്യം ,ഉയിർത്തെഴുന്നേൽപ്പ് മനോഹരമായ ഒരു സ്വപ്നവും ....എഴുചുവടിൽ വായിച്ചതാണ് .പ്രായോഗികമായി,സമകാലികമായി   ഇതൊരു സത്യപ്രസ്താവനയായിരിക്കാം  .പക്ഷേ സാര്വകാലികമായ സാര്വലൗകികമായ ഒരു തലത്തിൽ ഉയിർത്തെഴുന്നേൽപ്പ് ഒരു സജീവസത്യം തന്നെയല്ലേ ? എത്രയെത്ര പതനങ്ങളിൽ നിന്നാണ് ,എത്രയെത്ര ദുരവസ്ഥകളിൽ നിന്നാണ് മനുഷ്യരാശി പുനരുത്ഥാനം ചെയ്തിട്ടുള്ളത് .'ഞാനോ ലോകാവസാനം വരെ എല്ലാ നാളും നിങ്ങളോടു കൂടെയുണ്ട് ..'എന്നവൻ അരുളിച്ചെയ്തത് സത്യം .പലനാടുകളിൽ പലവേഷത്തിൽ പലപേരുകളിൽ യുഗങ്ങൾ തോറും സംഭവിച്ചു കൊണ്ടിരിക്കുന്ന അവനു വന്ദനം ;അവന്റെ നാമം വാഴ്ത്തപ്പെടട്ടെ .
    ഉയിർപ്പു പെരുനാൾ ആശംസകൾ ,അസ്വസ്ഥതകളും ഉൽക്കണ്ഠകളും നീങ്ങിയ ഒരു നാളിനു വേണ്ടി നമുക്കു കാത്തിരിക്കാം

2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച

9-4-2020-Pass over

".....പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു .അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളി പോലെ ആയി "
(ലൂക്കോസ് 22 -44 )
   ഗദ്‌സമനയിലെ പ്രാത്ഥനയുടെ വാർഷിക ദിനമാണിന്ന് .ഏതു യുഗപുരുഷനും അനിവാര്യമായും അഭിമുഖീകരിക്കേണ്ട ആത്മസംഘര്ഷത്തിന്റെ ,അതിന്റെ ഒടുവിലുള്ള സ്വയം തിരിച്ചറിയലിന്റെ സന്ദർഭമാണ് അത് ,തിരിച്ചെടുക്കാനാവാത്ത പാനപാത്രം സ്വയം കുടിച്ചു തീർക്കുമെന്ന് തന്നെ നിയോഗിച്ചവന് വാക്കു കൊടുക്കുന്ന നിമിഷം .ഗാഗുല്ത്തയെക്കാൾ വേദനാജനകവും പീഡാകരവുമാണ് ഗദ്‌സമന .
    യേശു അന്ന് ശിഷ്യരോടു പറഞ്ഞു :"....നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്ന പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു .ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്ന് തന്നെ .."(യോഹന്നാൻ 13 -34 ).
       ആ കല്പന മാത്രം പക്ഷെ നമ്മൾ ,എപ്പോഴും അവനു സ്തുതി പാടുന്നവർ പാലിക്കാൻ മറക്കുന്നു .


2020 ഏപ്രിൽ 6, തിങ്കളാഴ്‌ച

5-4-2020



5th April,202o
അറുപത്തിമൂന്നു വർഷങ്ങൾ

---------------------------

അറുപത്തി മൂന്നു വർഷം മുമ്പ് 1957 ഏപ്രിൽ 5 നാണ് ആദ്യ കേരള മന്ത്രിസഭ സ ,ഇ എം എസ് നമ്പൂരിപ്പാടിന്റെ നേതൃത്വത്തിൽ സത്യ പ്രതിഞ്ജ ചെയ്ത് അധികാരത്തിലേറിയത് .പാർലമെന്ററി ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിലെത്തുന്ന ആദ്യ കമ്യുണിസ്റ് സർക്കാർ ആയിരുന്നു അത് .ബൂർഷ്വ ജനാധിപത്യപരമെന്നു കമ്യുണിസ്റ്റുകാർ വിശേഷിപ്പിക്കുന്ന ഒരു ഭരണഘടനക്കും കേന്ദ്ര സർക്കാരിനും വിധേയമായി പ്രവർത്തിക്കേണ്ട ഒരു പ്രവിശ്യാ ഭരണകൂടം മാത്രമായിരുന്നു പക്ഷെ ആ സർക്കാർ .

എങ്കിലും അതൊരു ചരിത്ര നിമിഷമായിരുന്നു .ഒരു ജനതയുടെ നിലനില്പിൽ വിരളമായി മാത്രം എത്തിച്ചേരുന്ന ഒരു നിമിഷം .സംശയിക്കുന്നവരോട് അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലാത്ത മറ്റു പ്രവിശ്യകളിലേക്കു നോക്കുക എന്നേ പറയാനുള്ളു .

സ്വാതന്ത്ര്യലബ്ധി നമ്മുടെ ജീവിതത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നു പറയുന്നത് അവാസ്തവമായിരിക്കും .ഒരു സ്വതന്ത്ര രാജ്യത്തിലെ പൗരനാണെന്ന ബോധം അതു വരെ പ്രാദേശികമായി മാത്രം ചിന്തിച്ചിരുന്ന, രാജ ഭക്തിയിലും മറ്റും അഭിരമിച്ചിരുന്ന സാധാരണക്കാരനിലുണ്ടായി .വിശാലമായ ഒരു ദേശീയതയെക്കുറിച്ചുള്ള ബോധം ,ഇന്ത്യക്കാരെന്ന ബോധം സാർവത്രികമായി നിലവിൽ വന്നു .പഞ്ചവത്സര പദ്ധതികൾ ,വികസനം ഇവയൊക്കെ മെച്ചപ്പെട്ട റോഡുകളുടെയും മറ്റും രൂപത്തിൽ ഗ്രാമങ്ങളിലെത്തി .പ്രതീക്ഷകളുണ്ടായി .പക്ഷേ സമൂഹം ശ്രെണീബദ്ധമായി ,ഫ്യുഡൽ മാതൃകയിൽ തന്നെ തുടർന്നു ;തമ്പുരാൻ അടിയാൻ ബന്ധങ്ങൾക്ക് കാര്യമായ മാറ്റമൊന്നുമുണ്ടായില്ല 57 ൽ കമ്യുണിസ്റ്റുകാർ അധികാരത്തിൽ എത്തുന്നതു വരെ .57 മലയാളിയുടെ സമൂഹ മനസ്സിനെയും സമൂഹത്തെ ആകെ തന്നെയും ഉഴുതു മറിച്ചു .

കമ്യുണിസ്റ്റ് സർക്കാർ കൊണ്ടു വന്ന രണ്ടു മൂന്നു ബില്ലുകൾ ഈ സാമൂഹ്യ സാംസ്കാരിക വിപ്ലവത്തിന്റെ മൂർത്തരൂപങ്ങളാണെന്നു പറയാം ;വിദ്യാഭ്യാസ ബിൽ ,കാർഷിക ബന്ധ ബിൽ ,ഭൂനയ ബിൽഎന്നിവ .'ഗ്രാൻഡ്'സ്‌കൂൾ സേവന വേതന വ്യവസ്ഥകൾ സർക്കാർ സ്‌കൂളിലേതിനു തുല്യമായി ,തമ്പുരാൻ അടിയാൻ ബന്ധങ്ങൾക്ക് അവസാനമായി, പഴകി ദ്രവിച്ച സമുദായ ശില്പങ്ങൾ കടപുഴകി വീണു ,മനുഷ്യ സമത്വത്തെക്കുറിച്ചുള്ള ബോധം രൂഡമൂലമായി .

തുടങ്ങി വെച്ചതു പൂർത്തീകരിക്കുന്നതിനു മുമ്പ് അകാലത്തിൽ ആ മന്ത്രി സഭ വരാനിരിക്കുന്ന ജനാധിപത്യ ധ്വംസനങ്ങളുടെ മുന്നോടിയായ ഒരു നടപടിയിലൂടെ പുറത്താക്കപ്പെട്ടു .പക്ഷെ അവർ തുടക്കം കുറിച്ച വിചാര വിപ്ലവത്തെയോ സാമൂഹ്യ മാറ്റങ്ങളെയോ തടഞ്ഞു നിർത്താൻ ആ നടപടിക്ക് കഴിഞ്ഞില്ല .

ഇവിടെ എടുത്തു പറഞ്ഞ പുരോഗമന നടപടികളിൽ പക്ഷെ ചില വീഴ്ചകൾ പറ്റിയിരുന്നു ;അക്ഷന്തവ്യം എന്ന് തന്നെ പറയാവുന്ന ചില വീഴ്ചകൾ .നിയമനാധികാരം പ്രൈവറ്റ് സ്‌കൂൾ മാനേജർമാർക്ക് നല്കിയത് ആണ് അതിലൊന്ന് .അതിലും അപകടകരമായിരുന്നു കൃഷിക്കാരൻ എന്ന പദത്തിന് നൽകിയ വ്യാഖ്യാനം .ഭൂമി അതുഴുന്നവന് (land to the tiller )എന്നത് കൃഷിഭൂമി കര്ഷകന് എന്നും കർഷകൻ എന്നാൽ പാട്ടക്കാരൻ എന്നും വ്യാഖ്യാനിക്കുക വഴി ഭൂ നിയമത്തിന്റെ ലക്‌ഷ്യം തകിടം മറിഞ്ഞു പോയി .ഭൂമി ജന്മിയിൽ നിന്നു പിടിച്ചെടുത്തു പാട്ടക്കാരനു കൊടുത്തു .യഥാർത്ഥ അവകാശിയായ കൃഷി തൊഴിലാളി സകുടുംബം മൂന്നു സെന്റിലൊതുങ്ങി.കാർഷിക മേഖലയുടെ പ്രത്യേകിച്ചും നെൽകൃഷിയുടെ പൂർണമായ തകർച്ചക്ക് അത് വഴിവെച്ചു ;ഭൂമിയുടെ അവകാശികൾക്ക് അത് ലഭിക്കാനുള്ള സാദ്ധ്യത തീരെ ഇല്ലാതായി !

ദുരവസ്ഥ തുടർന്നു കൊണ്ടേയിരിക്കുന്നു

ഇതൊക്കെ സത്യം തന്നെ .എങ്കിലും ഏപ്രിൽ 5 ന്റെ പ്രാധാന്യം ഇതു കൊണ്ടൊന്നും ഇല്ലാതാവുന്നില്ല .കാരണം ചൂഷണവും അന്യവൽക്കരണവും കൂടുതൽ രൂക്ഷമായ ഇന്നത്തെ അവസ്ഥയിൽ ഒരു പ്രത്യയ ശാസ്ത്രമെന്ന നിലയിൽ മാർക്സിസവും മനുഷ്യവർഗം ആത്യന്തികമായി കൈവരിക്കേണ്ട അവസ്ഥ എന്ന നിലയിൽ കമ്യുണിസവും പൂർവ യൂറോപ്പിലെ സ്റ്റാലിനിസ്റ്റ് ഗോപുരങ്ങളുടെ പതനത്തിനു ശേഷവും പ്രസക്തമാണെന്നതു തന്നെ .


2020 ഏപ്രിൽ 5, ഞായറാഴ്‌ച

5-4-2020

ഞാനൊറ്റയാകുവതെങ്ങിനെ ......
   ഒറ്റപ്പെട്ടുപോകുന്നവരെക്കുറിച്ച് ഞാൻ എഴുതിയത് ശ്രദ്ധയിൽ പെട്ടിട്ടാണോ എന്നറിഞ്ഞുകൂടാ സ.വി പി ചന്ദ്രൻ വിളിച്ചു .തൊട്ടടുത്ത ഡിവിഷനിലെ കൗൺസിലർ ആണ് ചന്ദ്രൻ .പഴയ സുഹൃത്താണ് .രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്ഞാൻ നല്ല കാലത്ത്   ഏതു പരിതസ്ഥിതിയിലും ഏതുകാര്യത്തിനും ഒപ്പമുണ്ടാവുമെന്ന് ഉറപ്പു തരിക മാത്രമല്ല സഖാവ് ചെയ്തത് ;നിത്യോപയോഗസാധനങ്ങൾ സ്വയം എത്തിച്ചു തരികയും ചെയ്തു .ഈ ആപദ്ഘട്ടത്തിൽ സഹജീവികളെ സഹായിക്കാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട് സ ചന്ദ്രനും സംഘവും .ഒരു സമൂഹ അടുക്കള കാര്യക്ഷമമായി നടത്തിക്കൊണ്ടു പോകുന്നതുൾപ്പെടെ .ഇക്കാര്യങ്ങളിൽ സജീവമായി സഹകരിക്കുന്ന സുഹൃത്ത് വിശ്വംഭരൻ എന്നോടു ഫോണിൽ പറഞ്ഞു :"സാറിന്റെ പ്രായമാണെനിക്കും ;ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനു ശേഷം ഒരു ദിവസം പോലും വീട്ടിലിരിക്കാൻ കഴിഞ്ഞില്ല "എന്ന് .ഈ പ്രായത്തിലും മറ്റാളുകൾക്ക് തുണയാവാൻ ഓടിനടക്കുന്ന ഈ സുഹൃത്ത് .അതു പോലെ എത്രപേർ .അവരുള്ളപ്പോൾ ഞങ്ങൾ ഒറ്റയാവുന്നതെങ്ങിനെ ?സച്ചിദാനന്ദന്റെ കവിതയിൽ പറയുംപോലെ
 'ഞാനൊറ്റയാവുവതെങ്ങിനെ കിടാങ്ങളേ
 യീ ഭൂമി വൃദ്ധയാവോളം ....
...അലിവിന്റെ പകൽപിരിഞ്ഞൊടുവിലെ സ്വാതന്ത്ര്യ
   പഥികനുമിരുട്ടിൽ വീഴ്വോളം .."
 അലി വിന്റെ പഥികർക്ക് രാജ്യം ഇന്നൊരുക്കുന്ന ദീപാവലിയിൽ ഞങ്ങളുടെ കൈത്തിരിയും ഉണ്ടാവും