2016 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ഇതിഹാസങ്ങളുടെ കാലം 
-------------------------------------------
' ഫ്രാൻസിസ് ഇട്ടിക്കോര 'വായിക്കുന്നതിനു   മുമ്പ് തന്നെആ പുസ്തകത്തെ ക്കുറിച്ചുള്ള ചില പ്രതികൂല വിമര്ശനങ്ങൾ  ഞാൻ .വായിച്ചിരുന്നു.ആ വിമർശനങ്ങളിൽ കഴമ്പില്ല എന്ന് പറഞ്ഞുകൂടാ .പക്ഷെ വിമര്ശകര് കാണാതിരുന്ന ഒരു കാര്യമുണ്ട് .ആ നോവൽ ഒരു വഴിതുറക്കലായിരുന്നു .മാർത്താണ്ഡ വർമ്മ മുതൽ സുന്ദരികളും സുന്ദരന്മാരും വരെയുള്ള വലിയനോവലുകൾ വീണ്ടും ഭാഷയിൽ എഴുതപ്പെടാൻ പോകുന്നുവെന്ന് ഇട്ടിക്കോര നമ്മളെ അറിയിച്ചു .ആ പ്രവചനത്തിന്റെ സാഫല്യങ്ങളാണ് 'മനുഷ്യന് ഒരാമുഖവും"'ആരാച്ചാരും'.
  നമ്മുടെ എഴുത്തുകാരും ഈ ഗുണവ്യതിയാനത്തെക്കുറിച്ച് ബോധ മുള്ളവരാണ് .'ആമുഖം '  വായിച്ചതിനു ശേഷം ഞാൻ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ സുഭാഷ് ചന്ദ്രൻ പറഞ്ഞത് ഞാനോർക്കുന്നു :"വലിയ പുസ്തകങ്ങൾ ഞങ്ങൾക്കും എഴുതാൻ കഴിയും സാറേ "വലിയ പുസ്തകങ്ങൾ എന്നാൽ ഒരു ജനതയുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ വികാസ പരിണാമങ്ങളെ സൗന്ദര്യാത്മകമായി കല യുടേതായ സത്യസന്ധതയോടെ ചിത്രീകരിക്കുന്ന പുസ്തകങ്ങൾ .ആ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുകയാണെന്ന് 'ആണ്ടാൾ ദേവനായകിയും '' നിരീശ്വരനും ' പി എഫ് മാത്യുസിന്റെ പുതിയ നോവലും മറ്റും നമുക്കുറപ്പു തരുന്നു .
   ഏഷ്യാനെറ്റ് ന്യുസിന്റെ സാഹിത്യത്തിലെ കീർത്തിമുദ്ര സുഭാഷ്ചന്ദ്രന് എന്ന വാർത്തകണ്ടപ്പോൾ മനസ്സിൽ വന്നതാണിതൊക്കെ .ഏതു സാഹിത്യ സമ്മാനവും എഴുത്തുകാരനെന്നപോലെ വായന ക്കാരന് കൂടിയുള്ളതാണ് .ഈ സമ്മാനം പക്ഷെ അതുകൂടാതെ മലയാള നോവലിലെ പുതിയ പന്ഥാവിനും അതിലെ മറ്റു പഥിക ർക്കും കൂടി  അവകാശപ്പെട്ടതാണെന്നു ഞാൻ വിചാരിക്കുന്നു 







2016 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

നമ്മുടെ സ്വാതന്ത്ര്യത്തിന് നാം ഈ മനുഷ്യനോടു കടപ്പെട്ടിരിക്കുന്നു .സ്വാതന്തത്ര്യത്തിനു മാത്രമല്ല പക്ഷെ നാം ബാപ്പുവിനോട് കടപ്പെട്ടിരിക്കുന്നത് .തോറോയുടെയും റസ്കിന്റെയും ടോൾസ്റ്റോയിയുടെയും ആശയങ്ങളിൽ നിന്ന് അദ്ദേഹം രൂപപ്പെടുത്തിയ സമരമാർഗ്ഗം മാത്രമാണ് ഇന്ന് ലോകത്തെവിടെയും അധസ്ഥിത ജനതകൾക്കുള്ള വിമോചന ആയുധം .മറ്റെല്ലാ മാർഗ്ഗങ്ങളും പരാജയപ്പെട്ടു കഴിഞ്ഞു.താഴെത്തട്ടിൽ നിന്നാരംഭിക്കുന്ന വികസനം എന്ന ഗാന്ധിയൻ സങ്കൽപം, ഗ്രാമങ്ങളുടെ സ്വരാജ്യം എന്നദ്ദേഹം വിളിച്ച സമ്പ്രദായം ,മാത്രമാണ് നവ ലിബറൽ ആഗാളീകൃത സമ്പദ്‌വ്യവസ്ഥയെ വെല്ലു വിളിക്കാവുന്നതായി ഇന്നു ലോകത്ത് നിലനിൽക്കുന്നത്  .ഇ എം എസ്സ് നമ്പൂതിരിപ്പാടും ,രാജീവ് ഗാന്ധിയും തോമസ് ഐസക്കുമെല്ലാം  അതിന്റെ പ്രവക്താക്കളും പ്രയോക്താക്കളും പ്രചാരകരുമായത് യാദൃശ്ചികമല്ല .ഗാന്ധനിന്ദ ഫാഷനാണെന്നു ചിലരെങ്കിലും കരുതുന്നുണ്ട് ഇന്ത്യയിൽ ഇന്ത്യയിൽ മാത്രം .അത് പ്രശസ്തിക്കുള്ള കുറുക്കു വഴിയൊന്നുമല്ല .ചില മനുഷ്യർക്കെങ്കിലും അധമരാവയവാതിരിക്കാൻ കഴിയുകയില്ല ഏതു കാലത്തും എന്ന സത്യത്തിന്റെ നിദർശനമാണത് .ഗാന്ധിക്കു നേരെ നിറയൊഴിച്ചവനോളം  ഒരു പക്ഷേ അതിലധികം നിന്ദ്യരായ  ആ അധമരെ നമുക്ക് അവഗണിക്കാം .കാരണം ലോകം അദ്ദേഹത്തെ കൂടുതൽ കൂടുതൽ അറിഞ്ഞു കൊണ്ടിരിക്കുകയാണ് .മനുഷ്യരെ നയിച്ചവരിൽ ,,നേതാക്കന്മാരിൽ ,നിന്ന് പത്തു പ്രമുഖരെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ ആ പട്ടികയിൽ തീർച്ചയായും ഉണ്ടാകുന്ന പേർ ഗാന്ധിയുടേതാണത്രേ .ഈ വിഷയത്തിൽ ഡോക്ട്രേറ് നേടിയ ഒരു മാനേജ്‌മെന്റ് വിദഗ്ധൻ പറഞ്ഞതാണ് .
   എഴുപതാം സ്വാതന്ത്ര്യ ദിനത്തിന്റെ തലേ രാത്രിയിൽ സ്വാതന്ത്ര്യത്തോടൊപ്പം ജനിച്ച ഒരുവന്റെ പ്രണാമം
       

2016 ഓഗസ്റ്റ് 10, ബുധനാഴ്‌ച

മഞ്ഞണി പൂനിലാവ്

"കടവത്തു തോണി അടുത്തപ്പോൾ പെണ്ണിന്റെ
കവിളത്തു മഴവില്ലിൻ നിഴലാട്ടം "----രണ്ടു വള്ളുവനാടൻ യുവതികൾ പരസ്പരം കളിയാക്കി പാടുകയായിരുന്നു  വെള്ളിത്തിരയിൽ അരനൂറ്റാണ്ടു മുമ്പ്. .അവർ മുറപ്പെണ്ണുങ്ങളായിരുന്നു ,നാത്തുന്മാരാവുമെന്നുറപ്പിച്ചവരുമായിരുന്നു .വലിയ വിശേഷം തെലുങ്കു ദേശ ക്കാരായിരുന്ന യുവ നടികളായിരുന്നു അവരെ അവതരിപ്പിച്ചത് .താരതമ്യേന പുതുമുഖങ്ങൾ .ജ്യോതിലക്ഷ്മിയും ശാരദയും .
   കരയുന്നോ ചിരിക്കുന്നോ എന്നു പറയാനാവാത്ത പുഴയുടെ തീരത്ത് ആഗ്രഹിച്ചതൊക്കെ കൈ വിട്ടു പോകുന്നതു നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്ന സഹോദരീ സഹോദര സന്താനങ്ങളായ യുവതീ യുവാക്കളുടെ കഥയായിരുന്നു എം ടി തിരക്കഥാ കൃത്തായി അരങ്ങേറ്റം കുറിച്ച 'മുറപ്പെണ്ണ്' .അക്കൂട്ടത്തിൽ അകാലത്തിൽ ഈ ലോകം വിട്ടു പോകേണ്ടി വന്ന കുഞ്ഞു ലക്ഷ്മിയായി അഭിനയിച്ചത് ജ്യോതിലക്ഷ്മിയായിരുന്നു .ഒരേസമയം ചിരിച്ചും കരഞ്ഞും കൊണ്ട് ബാലേട്ടനോടു(പ്രേം നസീർ ) സംസാരിക്കുന്ന കുഞ്ഞു ലക്ഷ്മി അന്ന് തന്നെ മനസ്സിൽ പതിഞ്ഞതാണ് .
       ഒരു കൊല്ലത്തിനകം അതെ ടീമിൻറെ തന്നെ 'നഗരമേനന്ദി 'പുറത്തു വന്നു ..മഞ്ഞണി പൂനിലാവ്  മഞ്ഞളരച്ചുവെച് നീരാടുന്ന പേരാറ്റിൻ കടവത്തു നിന്ന് മദ്രാസ് എന്ന മഹാനഗരസാഗരത്തിലേക്ക്  ഒഴുകിയെത്താൻ  ഇടയായ ഒരു വള്ളുവനാടൻ കുടുംബത്തിന്റെ കഥ .അതിൽ നായികയായി ഒരാളേ ഉണ്ടായിരുന്നുള്ളു ,ജ്യോതി ലക്ഷ്മി ..നഗരത്തിന്റെ മുകൾ പ്പരപ്പിലെ  കളിയുടെയും ചിരിയുടെയും മായികതകളിൽ ഭ്രമിച്ചു  വശായി  ഒടുവിൽ ചളിയിലും ചുഴിയിലും എല്ലാം നഷ്ടപ്പെട്ടു മടങ്ങിപ്പോരേണ്ടി വന്ന നാട്ടിൻ പുറത്തു കാരിയെ  അഞ്ചു പതിറ്റാണ്ടിനു ശേഷവും ഞാനോർക്കുന്നു പിന്നീടൊരിക്കലും ആ ചിത്രം കണ്ടിട്ടില്ലെങ്കിൽ പോലും .
      പിന്നീട് ചില മലയാള പടങ്ങളിൽ കുടി ജ്യോതിലക്ഷ്മി അഭിനയിച്ചു .ഉപനായികയായും മറ്റും .കൊടുങ്ങല്ലൂരമ്മയിലെ മാധവിയെ മാത്രമേ ഞാനോർക്കുന്നുള്ളു .ശാരദ മലയാള സിനിമയിൽ ഉയരങ്ങൾ കീഴടക്കിയപ്പോൾ ജ്യോതിലക്ഷ്മിക്ക് കാലം കല്പിച്ചു കൊടുത്തതു മറ്റൊരു വേഷമായിരുന്നു .തമിഴ് തെലുങ്കുസിനിമകളിലെ ഐറ്റം ഡാൻസുകാരിയുടെ ..മലയാളി ജ്യോതിലക്ഷ്മിയെ മറന്നു . ചെന്നൈയിൽ വെച്ച്  ഓഗസ്റ്റ് 8 നു അവർ നിര്യാതയായ വിവരം  കേരളത്തിൽ വലിയ വാർത്തയാവാതിരുന്നത് അതു കൊണ്ടാണല്ലോ .സസ്കാരച്ചടങ്ങുകളിൽ ഷീല പങ്കെടുത്തിരുന്നത്  പഴയ കൂട്ടുകാരിയും സഹപ്രവർത്തകയും  എന്ന നിലയിലായിരിക്കണം .മലയാള സിനിമയെ പ്രതിനിധീകരിച്ച് ആരും ഉണ്ടായിരുന്നില്ല ;ആദരാഞ്ജലികൾ അർപ്പിക്കാനോ ചടങ്ങിൽ പങ്കെടുക്കാനോ .ഇത് അനാദരവ് മാത്രമല്ല കൃതഘ്നത കൂടി യാണ് .എന്തുകൊണ്ടെന്നോ ?1962 ഇൽ കണ്ണും കരളും എന്ന ചിത്രത്തിലൂടെ കെ എസ്  സേതുമാധവൻ തുടക്കം കുറിച്ച പരിവർത്തനത്തിന് ,തമിഴിൽ നിന്നു പകർന്നു കിട്ടിയ അതിഭാവുകത്വം പൂർണമായി ഒഴിവാക്കി കൊണ്ട് കുടുംബ കഥകൾ ഋജുവായി ആഖ്യാനം ചെയ്‌ത്‌ കലാമൂല്യവും ജനപ്രിയതയുമുള്ള ചിത്രങ്ങളുണ്ടാക്കുന്ന രീതിക്ക്, ഊർജ്ജം പകരുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചു മുറപ്പെണ്ണും എം ടി വിൻസെന്റ്‌ ശോഭനാ പരമേശ്വരൻ  നായർ ,പ്രേംനസിർ ടീമിന്റെ മറ്റു ചിത്രങ്ങളും .അതിൽ ആദ്യ രണ്ടു ചിത്രങ്ങളിലെ നായികയായിരുന്നു ജ്യോതിലക്ഷ്മി .അവർ .അവർ നമ്മുടെ ആദരവും കൃതജ്ഞതയും അർഹിക്കുന്നു
"ഒരു കൊച്ചു പന്തലിൽ ഒരു കൊച്ചു മണ്ഡപം
പുളിയില ക്കര മുണ്ടും കിനാവ് കണ്ട " അത്രയും മാത്രം കിനാവുകണ്ട ,പക്ഷെ കിട്ടാതെ പോയആ  നാട്ടിൻപുറത്തു കാരിക ളെ  ഇന്നും ഓർമ്മിക്കുന്ന പഴയ ഒരാരാധകന്റെ പ്രണാമം.








2016 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

അന്യ സംസ്ഥാന തൊഴിലാളി
മാവേലിക്കരയിൽ   വീട്  പണിക്കിടയിൽ  പരിചയപ്പെടാനിടയായ  ഒരു  അന്യ സംസ്ഥാന തൊഴിലാളി പറഞ്ഞു താൻ ചമ്പാരൺ ജില്ലക്കാരനാണെന്ന് ..പരിചയമുള്ള സ്ഥലപ്പേർ കേട്ട് ഞാൻ മുഖമുയർത്തിയപ്പോൾ അയാൾ പ്രതികരിച്ചതിങ്ങനെ . അതെ സാബ് ആ ചമ്പാരൺ തന്നെ മഹാത്മജി  ഇന്ത്യയിൽ  ആദ്യമായി സമരം സംഘടിപ്പിച്ച സ്ഥലം .തുടർന്നയാൾ നീലം  കൃഷിക്കാരുടെ സമരത്തെക്കുറിച്ചുംഗാന്ധിജിയെ ക്കുറിച്ചും തന്റെ നാട്ടുകാരൻ  തന്നെയായ  രാജേന്ദ്രപ്രസാദിനെക്കുറിച്ചും ഒക്കെ വിശദമായി സംസാരിച്ചു .മോഹൻ ദാസ് കരംചന്ദ് ഗാന്ധിയെ ആദരവോടെ സ്മരിക്കുന്ന മറ്റൊരിന്ത്യൻ പൗരനെ വളരെക്കാലത്തിനു ശേഷം കണ്ടുമുട്ടിയതിൽ എനിക്ക് അനല്പമായ ആഹ്ലാദം തോന്നി .അതല്ല പറയാൻ വന്നത് .ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ക്കുറിച്ച് ശുദ്ധമായ ഹിന്ദിയിൽ മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്ന ആൾ വിദ്യാ സമ്പന്നനായിരിക്കണം .പെരുമാറ്റത്തിലെ കുലീനതയും അത് തന്നെയാണ് സൂചിപ്പിക്കുന്നത് .
   എം എ പാസ്സായി കുറേക്കാലം സ്‌കൂൾ അദ്ധ്യാ പകനായി ജോലി നോക്കിയതിനുശേഷം കൂടുതൽ മെച്ചപ്പെട്ട വേതനത്തിനു വേണ്ടി കേരളത്തിലേക്കു കൂലിപ്പണിക്കു വന്ന ഒരു ബംഗാളി യുവാവിനെയും ഞാൻ ആയിടെ തന്നെ പരിചയപ്പെടാനിടയായി .തന്നെക്കുറിച്ചുള്ള വിവരങ്ങൾ അയാൾ സന്ദർഭവശാൽ വെളിപ്പെടുത്തിയതാണ് .അത് സത്യമാണെന്ന് അയാളുമായി അടുത്തിടപെട്ടപ്പോൾ എനിക്കു ബോദ്ധ്യമാവുകയും ചെയ്തു .
      പറഞ്ഞു വരുന്നതിതാണ് :നമ്മൾ മുദ്രകുത്തി മാറ്റി നിർത്തുന്ന ഇന്ത്യൻ പൗരന്മാരിൽ ചിലരെങ്കിലും വിദ്യാ സമ്പന്നരാണ് .മഹാഭൂരിപക്ഷം പേരും മാന്യമായി പെരുമാറുന്നവരുമാണ് .നമ്മളിൽ നിന്നും കൂടുതൽ സൗഹാർദ്ദ പൂർവമായ , സമന്മാരോടെന്ന പോലെയുള്ള സമീപനം അവർ അർഹിക്കുന്നു .
     
    

2016 ഓഗസ്റ്റ് 3, ബുധനാഴ്‌ച


ഒന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന പി ടി ചാക്കോ കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് .നിയമ സഭാ അമ്മേളനം നടക്കുന്ന ദിവസങ്ങളിൽ കോൺഗ്രസ്സ് എം എൽ എ മാരെയെല്ലാം വൈകുന്നേരം അദ്ദേഹംതന്റെ   വീട്ടിലേക്കു വിളിച്ചു വരുത്തു മായിരുന്നു .പിറ്റേ ദിവസം സഭയിൽ ചോദിക്കേണ്ട ചോദ്യങ്ങൾ ,അവയ്ക്ക് കിട്ടാനിടയുള്ള മറുപടികൾ തുടർന്നുണ്ടാവേണ്ട ഉപചോദ്യങ്ങൾ ഇവയെക്കുറിച്ചോക്കെ  വ്യക്തമായ നിർദ്ദേശങ്ങൾ നല്കുകകയും ഓരോന്നിനും ഏറ്റവും യോജിച്ച ആളെ ചുമതലപ്പെടുത്തുകയും ചെയ്യുന്നതിനു വേണ്ടിയായിരുന്നു ഇത് ..ദക്ഷിണ കേരളത്തിൽ വലിയ പ്രചാരമുണ്ടായിരുന്ന സരസൻ മാസിക മാത്രമാണ് ഇതൊരു വാർത്തയാക്കിയത് .അവർക്കത്തിന് കാരണമുണ്ടായിരുന്നു ..മുകളിൽ പറഞ്ഞ കാര്യങ്ങൾ വാസ്തുനിഷ്ട മായി  പ്രതിപാദിച്ചതിനു ശേഷം സരസൻ ഇത്രയും കുട്ടി കുട്ടി ചേർത്തു എം എൽ എ മാർക്ക് വിഭവ സമൃദ്ധമായ സത്കാരവും പതിവായിരുന്നു :ആഞ്ഞിലിക്കുരു വറുത്തതും ജീരക വെള്ളവും .അതും അന്തസ്സത്തയിൽ സത്യമായിരുന്നു കാരണം പ്രതിപക്ഷ നേതാവിന്റെ വാടക വീട്ടിലെ ,അന്ന് ഔദ്യോഗിക വസതിയുണ്ടായിരുന്നില്ല ,സ്ഥിതി പരമ ദയനീയമായിരുന്നു .ക്ലിഫ് ഹൌസ്സിലെ സ്ഥിതിയും ഒട്ടും മെച്ചമായിരുന്നില്ല .
     ആഭ്യന്തര മന്ത്രിയായി റോസ് ഹൌ സ്സിലേക്കു മാറിയപ്പോഴും പിന്നീട് മന്ത്രിയല്ലാതായി വീണ്ടും വാടക വീട്ടിലേക്കു മാറിയപ്പോഴും  സരസൻ പറഞ്ഞ ഈ ആഞ്ഞിലിക്കുരു ജീരക വെള്ള സത്കാരം  .മാറ്റമില്ലാതെ തുടർന്നു കൊണ്ടിരുന്നു .
     ചാക്കോച്ചന്റെ പടം ഇന്നത്തെ ഒരു നേതാവിന്റെ പട ത്തിനൊപ്പം  അടിച്ചു വന്ന ഒരു പ്രസിദ്ധീകരണത്തിന്റെ ടി വി ദൃശ്യം കണ്ടപ്പോൾ എഴുതി പ്പോയതാണ്



2016 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

സുവർണ്ണ രേഖ
--------------------------                                                                                    സ്വാതന്ത്ര്യത്തോടൊപ്പം ആരംഭിച്ച അഭയാർത്ഥി പ്രവാഹം തുടർന്നു കൊണ്ടേ യിരിക്കുന്നു  .കുറെ മാസങ്ങളായി ശമ്പളമില്ലാതെ, കുറച്ചു ദിവസമായി ഭക്ഷണം പോലുമില്ലാതെ ഗൾഫിൽ കഴിയുന്ന പതിനായിരം പേർ നാട്ടിൽ തിരിച്ചെത്തുകയാണല്ലോ .സമാന്തരമായി ഏതു സമ്പന്ന രാജ്യത്തേയും വെല്ലുന്ന ആഡംബരജീവിതവും നമ്മുടെ രാജ്യത്തുണ്ട് .സമ്പന്ന ദരിദ്ര ഭേദമില്ലാതെ  ജാതി എന്ന ദുർദ്ദേവത നമ്മളെയെല്ലാം ഇന്നും ഭരിച്ചു കൊണ്ടിരിക്കുന്നു .വിഭജനത്തെ തുടർന്ന് കിഴക്കൻ ബംഗാളിൽ നിന്നും കൽക്കട്ടയിലെത്തിയ അഭയാർത്ഥികളിൽ  ചിലരുടെ  ഒരു വ്യാഴവട്ടക്കാലത്തെ ജീവിതത്തെ അടിസ്ഥാനമാക്കി ഈ ഇന്ത്യൻ യാഥാർഥ്യത്തെ ക്രൂരവും നിർദ്ദയവുമായി അതേസമയം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ഋതിക് ഘട്ടക് സുവർണ്ണരേഖ എന്ന സിനിമയിൽ ..62 ഇൽ പൂർത്തിയാക്കി 65 ഇൽ റിലീസ് ചെയ്ത ഈ ചിത്രം അന്ന് മുതലേ കാണണ മെന്നാഗ്രഹിച്ചിരുന്നതാണ് .ഇന്ന് 2016 ജൂലൈ 31 നു മാത്രമേ അതിനു സാധിച്ചുള്ളൂ .എന്തായാലും ഒന്ന് മനസ്സിലായി ;നമ്മുടെ സമൂഹത്തിന്റെ പ്രൊഫൈൽ മാറിയിട്ടേയില്ല അര  നൂറ്റാണ്ടിനു ശേഷവും .ഒരു വ്യത്യാസം ഉണ്ടെന്നു സമ്മതിക്കാം;സുവർണ്ണ രേഖയുടെ അന്ത്യത്തിൽ ഘട്ടക് പ്രകടിപ്പിച്ച ശുഭാപ്തി വിശ്വാസമുണ്ടല്ലോ അത് ഇന്ന് നിലനിൽക്കുന്നില്ല .
        റേ ചിത്രങ്ങളെല്ലാം തന്നെ മലയാളികൾക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട് ,അവ റിലീസ് ചെയ്ത കാലത്തും പിന്നീടും .ഘട്ടക്കിന്റെ സിനിമയെ ക്കുറിച്ച് അതു പറഞ്ഞു കുടാ .വിദേശ രാജ്യങ്ങളിലും റേ ചിത്രങ്ങൾക്കു കിട്ടിയ ശ്രദ്ധ ഘട്ടക് സിനിമക്കുണ്ടായില്ല .എന്തായാലും ഇപ്പോഴെങ്കിലും സുവർണ്ണരേഖ കാണാൻ കഴിഞ്ഞത് ഭാഗ്യം തന്നെയാണ് ..