2022 ജൂൺ 21, ചൊവ്വാഴ്ച

ആസ്റ്റിനടുത്തുള്ള ജോർജ് ടൗണിലെ കുട്ടികളുടെ കളിക്കുളത്തിൽ കൊച്ചുമകനേയും കൊണ്ട് പോയി,കഴിഞ്ഞ ദിവസം .കുട്ടികൾക്ക് വെള്ളത്തിൽ കളിക്കാനും നീന്തൽ പഠിക്കാനുമൊക്കെയുള്ള ഒരിടം .കുഞ്ഞുങ്ങൾക്കൊപ്പം രക്ഷകര്താക്കൾക്കും വെള്ളത്തിലിറങ്ങാം നീന്തൽ വേഷം ധരിക്കണമെന്നു മാത്രം .ഞാനിറങ്ങിയില്ല .ഒരു ദിവസം മുതിർന്നവർക്കുള്ള പൂളിൽ പോകാമെന്നു കരുതി .വെള്ളം പൊങ്ങിക്കിടക്കുന്ന അച്ചൻകോവിലാറിൽ അക്കരെയിക്കരെ നീന്തിയിട്ടുണ്ടെന്ന് പറഞ്ഞിട്ട് പിള്ളേർ വിശ്വസിക്കുന്നില്ല .എനിക്ക് നീന്തലറിയാമെന്നെങ്കിലും അവരെ ബോദ്ധ്യപ്പെടുത്തണമല്ലോ . നല്ല വെയിലും ചൂടുമാണ് ;തെക്കൻ പ്രദേശത്തെ സമ്മർ ,ഇന്ത്യൻ സൺ എന്നാണു സായിപ്പ് പറയുക .ഭീഷ്മ ഗ്രീഷ്മം എന്ന് വൈലോപ്പിള്ളി പറഞ്ഞത് അനുഭവമായി തോന്നി .നല്ല തിരക്ക് .വലിയ കുടകൾകൊണ്ട് തണലൊരുക്കിയ ഇടങ്ങളെല്ലാം ആളുകളായിക്കഴിഞ്ഞു .ഞാൻ ഒരു തണലിന്റെ ഓരം പറ്റി നിന്നു .അവിടെ നേരത്തെ സ്ഥലം പിടിച്ചിരുന്ന കുടുംബത്തിലെ ചെറിയ കുട്ടി അവളുടെ ഇരിപ്പടം എനിക്ക് ഒഴിഞ്ഞു തന്നു .സായിപ്പ് വളരെ ചെറിയ പ്രായത്തിൽ തന്നെ സുജനമര്യാദകളും പഠിക്കുന്നു . കുട്ടിയുടെ മുത്തശ്ശൻ realtor ആണ് .ഇന്ത്യക്കാരായ ഒരു പാട് കസ്റ്റമേഴ്സ് ഉണ്ട് അദ്ദേഹത്തിന് .എന്നുവെച്ചാൽ ഒരുപാട് ഇന്ത്യൻ യുവതീയുവാക്കളെ വീട് വാങ്ങുന്നതിൽ സഹായിച്ചിട്ടുണ്ട് അദ്ദേഹം .തനിക്ക് വളരെ കൗതുകകരമായി തോന്നിയ ഒരു കാര്യം റീൽറ്റർ പറഞ്ഞു :താൻ വീട് വാങ്ങിക്കൊടുത്തിട്ടുള്ള ഇന്ത്യക്കാരെല്ലാം ഒരു കാര്യം ആവശ്യപ്പെടുമായിരുന്നുവത്രെ ;വർഷത്തിൽ നാലോ അഞ്ചോ മാസം കൂടെ വന്നു താമസിക്കുന്ന അച്ഛനുമമ്മക്കും സ്വകാര്യത നഷ്ടപ്പെടാതെ പെരുമാറാനുള്ള ഇടം .ഒരു കിടപ്പുമുറി ,ബാത്ത്റൂം ,ടി വി കാണാനും പാട്ടുകേൾക്കാനുമൊക്കെയുള്ള ഒരു ലിവിങ് ഏരിയ ഇത്രയൊക്കെ .അതിൽ തെറ്റൊന്നുമുണ്ടെന്ന് തോന്നിയിട്ടല്ല ,പക്ഷേ മാതാപിതാക്കളോട് ഇത്രയും കരുതലുള്ള ഇന്ത്യൻ ചെറുപ്പക്കാർ എന്തുകൊണ്ടാണ് കൂട്ടത്തോടെ നാടു വിട്ടു പോരുന്നത് ,പ്രത്യേകിച്ച് ഇന്ത്യ ത്വരിത സാമ്പത്തിക വളർച്ച നേടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ . ഞാനെന്ത് മറുപടി പറയാനാണ് ? അമേരിക്ക ഇന്ത്യയെക്കാളൊക്കെ യഥാർത്ഥത്തിൽ മോശപ്പെട്ട അവസ്ഥയിലായിരുന്ന കാലത്തും -നൂറ്റാണ്ടിന്റെ തുടക്കത്തിൽ -നമ്മുടെ ചെറുപ്പക്കാർ ഇങ്ങോട്ടു പോന്നിട്ടുണ്ട് കൂട്ടത്തോടെ .ഇവിടെ വന്ന് വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് അവർ പഠിച്ചതും ജോലി സമ്പാദിച്ചതും മറ്റും .ആ യാത്രകളുടെ പ്രേരണയെന്തായിരുന്നു ?ഒരു പ്രവാസ ത്വരയാണോ ? ഇതിനൊക്കെ മറുപടി പറയണമെങ്കിൽ ആലോചന നമ്മുടെ മറിയാമ്മ സിസ്റ്ററിന്റെ 'നിശബ്ദസഞ്ചാര'ത്തിൽ (ബെന്യാമിൻ )നിന്നാരംഭിക്കണം .അതൊക്കെ ബുദ്ധിമുട്ടായി തോന്നിയതു കൊണ്ട് ഞാൻ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നൊരു കാരണം പറഞ്ഞൊഴിഞ്ഞു .സംഭാഷണം ടെക്സസ്സിൽ കൂടുതൽ പേര് താമസത്തിനെത്തുന്നതിനെക്കുറിച്ചൊക്കെയായി .. ഉച്ചയായി ;യാത്രപറയുമ്പോൾ ഞാനാചെറിയകുട്ടിക്ക് പ്രത്യേകം നന്ദി പറഞ്ഞു .അവളെനിക്കൊരു ചോക്ലേറ്റു തന്നു .നിശിത മദ്ധ്യാഹ്നത്തിന് മധുരം !
അറ്റലാന്റിക്കിലെ -------ഭാഗം 3 ) ഹോട്ടൽലോബിയിലൂടെ മുറി യിലേക്ക് നടക്കുമ്പോൾ തീരെ ചെറുപ്പം തോന്നിക്കുന്ന ഒരു ഹോട്ടൽജീവനക്കാരി കൂട്ടത്തിലെ സ്ത്രീകൾക്കെല്ലാം റോസാപ്പൂക്കൾ സമ്മാനിച്ചു ,ഹൃദ്യമായ പുഞ്ചിരിക്കൊപ്പം . പിന്നാലെ വന്ന ഞാൻപ്രതീക്ഷയോടെ കൈനീട്ടി .അവരുടെ ചിരിമാഞ്ഞു മുഖം തിരിച്ചുകൊണ്ട് പറഞ്ഞു :For Moms Only .ഒരു നിമിഷം കഴിഞ്ഞ് വീണ്ടുവിചാരമെന്നോണം കൂട്ടിച്ചേർത്തു :Mother's Day .അപ്പോഴേക്കും അവർ ചിരി വീണ്ടെടുത്തിരുന്നു .അമ്മമാർക്കാണ് പൂക്കൾ .!നല്ലതു തന്നെ..അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ ... ഒരച്ഛൻ എന്റെ ഓർമ്മയിലെത്തി ..പത്തിഞ്ചു നീളമുള്ള ,നാലുറാത്തൽഭാരമുള്ള കൂന്താലികൊണ്ട് ,വെള്ള കീറുമ്പോൾ മുതൽ സന്ധ്യയാവുന്നതുവരെ ഒറ്റത്തോർത്തുടുത്തു നിന്ന് പറമ്പ് കിളക്കുന്ന അച്ഛൻ . അങ്ങേർക്ക് എന്തിനാണ് പൂവ് ?പിള്ളേർക്ക് ഫീസ് കൊടുക്കാൻ കാശിനോടി നടക്കുന്ന അച്ഛൻ ,പെണ്ണിന്റെ കല്യാണം നടത്താൻ പൈസക്ക് വേണ്ടി കുടുംബ പാരമ്പര്യത്തിന്റെ അന്തസൊക്കെ മാറ്റിവെച്ച് പുത്തൻ പണക്കാരന്റെ മുൻപിൽ മുഖം കുനിച്ചു നിൽക്കുന്ന അച്ഛൻ ,അമേരിക്കയിൽ നിന്നെത്തുന്ന മകളെ പ്രതീക്ഷിച്ച് റെയിൽവേ സ്റ്റേഷനിൽ രാവിലെ മുതൽ കാത്തുനിൽക്കുന്ന ,'അച്ചായനിത് എന്നാത്തിന്റെ കേടാ ,അമേരിക്കായീന്ന് ഇംഗ്ലണ്ടിലോട്ടും അവിടുന്ന് ബോംബെലോട്ടും ബോംബേന്ന് കൊച്ചീലൊട്ടും അവിടെ വിമാനത്താവളത്തീന്ന് ആട്ടോ പിടിച്ച് തീവണ്ടിയാപ്പീസിലോട്ടും പോവാവെങ്കി അവളീ മൂന്നു നാഴികയും ഒറ്റക്കു വന്നോളത്തില്യോ 'എന്ന അയല്കാരിയുടെ ചോദ്യം കേട്ടില്ലെന്നു നടിക്കുന്ന അച്ഛൻ ..ഒരച്ഛൻ ,നിരവധി അച്ഛൻമാർ ....അവർക്കെന്തിനാണ് പൂവ് ! എന്നെങ്കിലും ഒരു സാംസ്കാരിക നായകനായാൽ ,മലയാറ്റൂരിന്റെ 'വേരുകളി'ലെ ആഭാഗം ..കാലം കുറേക്കഴിയുമ്പോൾ ഒരച്ഛന്റെ ത്യാഗവും ബുദ്ധിമുട്ടുകളുമൊക്കെ എനിക്ക് കൂടുതൽ മനസ്സിലാവുമായിരിക്കും എന്നൊക്കെ തുടങ്ങുന്ന ,കഥാനായകൻ രഘുവിന്റെ ആത്മഗതം ഹൈസ്‌കൂൾ ക്‌ളാസ്സുകളിലെ സിലബസ്സിൽ ഉൾപ്പെടുത്തണമെന്ന് ഞാൻ പ്രസ്താവനയിറക്കും .............തിരിഞ്ഞു നോക്കിയപ്പോൾ പൂക്കൾ കൊടുക്കുന്ന പെൺകുട്ടി എന്നെത്തന്നെ നോക്കി നിൽക്കുന്നു .എന്റെ ഭാവമാറ്റം കണ്ടപ്പോൾ അവർ സ്വന്തം അച്ഛനെ ഓർത്തിരിക്കാം .അവർ ഹോട്ടൽ മാനേജ്‌മെന്റ് ഏൽപ്പിച്ച ജോലി ചെയ്യുകയായിരുന്നു .ഒരു നോട്ടം കൊണ്ടെങ്കിലും വേദനിപ്പിച്ചെങ്കിൽ 'പോട്ടെ മോളെ ക്ഷമിക്ക് 'എന്ന് മനസ്സിൽ പറയുകയല്ലാതെ എന്തു ചെയ്യാനാണ് ;അതും ഒരച്ഛന്റെ കടമയിൽ പെടുന്നതാണല്ലോ . ആസ്റ്റിനിലേക്കുള്ള മടക്കയാത്രയിൽ വായിക്കാൻ ഞാൻ മകളുടെ കയ്യിലിരുന്ന അഗതാ ക്രിസ്റ്റിയുടെ പുസ്തകം ചോദിച്ചു .അവൾ അത് വായിച്ചു തീരാറായി .അവൾ മനസ്സിൽ കണ്ട ആളാണോ കുറ്റവാളി എന്നറിയാനുള്ള ആകാംക്ഷ എനിക്കു മനസ്സിലാവും .അവൾക്ക് എന്തെങ്കിലും വായിക്കാൻ പറ്റുന്നത് ഇത്തരം യാത്രകൾക്കിടയിലാണ് ...അവൾ മറ്റൊരു പുസ്തകം തന്നു .Island of the Blue whale .വടക്കൻ പാസിഫിക്കിലെ ഒരു ചെറിയ ദ്വീപിൽ ഒറ്റപ്പെട്ട് ,ഒരു മനുഷ്യജീവി പോലും കൂട്ടില്ലാതെ കഴിയേണ്ടി വന്ന ഒരു അമേരിക്കൻ ഇന്ത്യൻ യുവതിയുടെ കഥ .യഥാർത്ഥത്തിൽ നടന്നതിന്റെ നോവൽ രൂപത്തിലുള്ള ആവിഷ്കാരം .നല്ല പുസ്തകം .ഞാൻ ഇടയ്ക്കു വെച്ച് തൽക്കാലം വായന നിർത്തി .കിളിവാതിലിലൂടെ അറ്റ്ലാന്റിക്കിലെ ദ്വീപ സമൂഹങ്ങളുടെ വിദൂര ദൃശ്യങ്ങൾ കാണാം .കടലിൽ മുങ്ങി കിടക്കുന്നതു പോലെ ;കൊളംബസ് ആദ്യമായി കപ്പലിറങ്ങിയ സാൻ സാൽവദോർ ഉൾപ്പെടുന്ന ബഹാമസ് ,ഡൊമിനിക്കൻ റിപ്ബ്ലിൿ ,പുരോഗാമികളുടെ ഹൃദയത്തിൻ രോമാഞ്ചമായ മധുര മനോഹര മനോജ്ഞ ക്യൂബ ..... ഒർലാണ്ടോയിൽ വിമാനം മാറിക്കയറണം .അവിടെ ഉച്ചഭക്ഷണം .സംഘത്തിൽ ഞാനൊഴികെ മറ്റെല്ലാവരും സസ്യഭുക്കുകളാണല്ലോ .എനിക്ക് ഇൻഡോ തായ് റെസ്റ്ററന്റിലെ മധുരിക്കുന്ന ചിക്കൻ .അത് നല്ലൊരനുഭവമായിരുന്നു . ഒർലാന്റോയിൽനിന്ന് ആസ്റ്റിനിലേക്കുള്ള യാത്രയിൽ ഞാൻ പുസ്തകം നിവർത്തിയില്ല .ക്യൂബ ,സ.ഫിഡൽ ,ചെ ..ഇങ്ങിനെ പലതും മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു .ഞാൻ പാർട്ടി ക്‌ളാസ്സുകളുമായി ബന്ധപ്പെടാറുണ്ടായിരുന്ന എഴുപതുകളുടെ ആദ്യ പകുതിയിൽ പാർട്ടി ചെ ഗുവേരയെ അംഗീകരിച്ചിരുന്നില്ല എന്നാണോർമ്മ .ഒരു ക്‌ളാസ്സിലും മീറ്റിംഗിലും ആ പേര് കേട്ടിട്ടില്ല .ചെയുടെ പേര് ആദ്യം കേൾക്കുന്നത് മാതൃഭൂമിയിലെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന അരവിന്ദൻ കാർട്ടൂണിലാണ് .ചെ ഇന്ത്യയിൽ വന്നിരുന്നുവെന്ന വിവരം ഞാൻ അടുത്ത കാലത്താണ് അറിഞ്ഞത് .ചെ ഗുവേരയെപ്പോലെ ഒരു നേതാവ് ഇന്ത്യയിൽ ഉണ്ടാവാതെ പോയതിൽ കുണ്ഠിതപ്പെട്ട ഒരു സഖാവിനോട് ചെ പറഞ്ഞുവത്രേ ,നിങ്ങൾ ഇന്ത്യക്കാർക്ക് ആധുനിക യുഗത്തിലെ ഏറ്റവും മഹാനായ നേതാവ് ഉണ്ടായിരുന്നുവല്ലോ എന്ന് ;മഹാത്മാഗാന്ധി.സമാനമായ ഒരഭിപ്രായം ഹോ ചിമിൻ തന്നെ സന്ദർശിച്ച അവിഭക്ത ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടിയുടെ ഒരു ഡെലിഗേഷനോട് പറഞ്ഞതായി ആ സംഘത്തിലെ ഒരംഗമായിരുന്ന കെ ദാമോദരൻ രേഖപ്പെടുത്തിയിട്ടുണ്ട് .കാഞ്ചന സീത നാടകത്തിൽ ഭരതൻ രാമനോട് പറയുന്ന ആ സംഭാഷണ ശകലം നമുക്ക് ഇന്ത്യക്കാർക്ക് നമ്മളോടു തന്നെ ചോദിക്കാവുന്നതാണ് "സൂര്യന് മറ കെട്ടിയിട്ട് എന്തിനാണ് മിന്നാമിനുങ്ങുകളെ ചൊല്ലി വിലപിക്കുന്നത് " വൈകിട്ട് എട്ടു മണിയോടെ ഞങ്ങൾ ആസ്റ്റിനിലെ വീട്ടിലെത്തി ആർ എസ് കുറുപ്പ്
അറ്ലാന്റിക്കിലെ --------(ഭാഗം 2 ) ------------------------------------------------------ വെയിലിലും കടലിലും കുളിക്കാന്‍ വന്നവരുടെ തിരക്ക് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. തീരത്ത് കുത്തിനിര്‍ത്തിയിരിക്കുന്ന കുടകള്‍, അവയ്ക്കടിയില്‍ ചാരുബഞ്ചുകള്‍.ബീച്ചിലേക്ക് നടന്നിറങ്ങാനുളള ദൂരമേയുളളൂ. ഞാന്‍ അറ്റ്‌ലാന്റിക്കിന്റെ കരയില്‍ ഓളങ്ങള്‍ പാദങ്ങളില്‍ മുട്ടുന്നിടത്തുനിന്നു. പതുക്കെ കടലിലേക്കിറങ്ങി. ഏതാനും ചുവടുകള്‍.അവിടെ വെള്ളത്തില്‍ കിടന്നു തിരമാലകള്‍ എന്നെ തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു . ജോണ്‍ ഡോണിന്റെ കവിത ഓർത്തുപോയി . No man is an island ...ഒരു മനുഷ്യനും ഒരു ദ്വീപല്ല പൂർണതയുടെ അവിഭാജ്യ ഘടകമാണ് . അറ്ലാന്റിക്കിന്റെ തിരമാലകളിൽ മണ്‍കട്ടകള്‍ ഒഴുകിപോകുന്നു . മേഘങ്ങളില്ലാത്ത ആകാശം. വെയിലിനും ചൂടേറി . 'ആ കാണുന്ന ആകാശം എണ്ണമറ്റ നൂറ്റാണ്ടുകളായി ഞങ്ങളുടെ പിതാക്കളുടെ മേല്‍ കാരുണ്യത്തിന്റെ കണ്ണീര്‍ കണങ്ങൾ ചൊരിഞ്ഞിരുന്നു .നിതാന്തമായ ആ ആകാശവും മാറിയേക്കാം. ഇന്നത് തെളിഞ്ഞിരിക്കുന്നു. നാളെമേഘാവൃതമായി എന്നുവരാം....' ഞാന്‍ സിയാറ്റിൽ ഗോത്രത്തലവന്റെ പ്രസംഗത്തിന്റെ തുടക്കം ഓര്‍ത്തെടുത്തു. അവരുടെ ആകാശം , അവരുടെ ഭൂമി, അവരുടെ കടല്‍.... എല്ലാം അവര്‍ക്ക് നഷ്ടപ്പെട്ടു. ഒരിക്കലും തിരിച്ചുകിട്ടുകയില്ല. ആദിവാസികള്‍ എവിടെയും എന്നും ഒരു പോലെതന്നെ.അതറിയാവുന്നതുകൊണ്ട് പിറ്റേ ദിവസം ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കൂട്ടു വന്ന ഗൈഡിനോട് ഞാന്‍ അമേരിക്കന്‍ ഇന്ത്യന്‍ കാര്യങ്ങളൊന്നും ചോദിച്ചില്ല. സാധാരണ ഗൈഡുമാരെ അപേക്ഷിച്ച് കൃത്യമായ ചരിത്രബോധമുളള ആളായിരുന്നു കുറേക്കാലം ഇന്ത്യയിൽ താമസിച്ചിട്ടുള്ള ഈ ഗൈഡ്. ലാറ്റിനമേരിക്കയോടു ചേര്‍ന്നു കിടക്കുന്ന , ഇംഗ്ലീഷുകാരേക്കാള്‍ അധികം ഹിസ്പാനിക്കുകളുള്ള ഈ ദ്വീപുമാത്രംഎങ്ങിനെ യു.എസ്. അധീനത്തിലായി എന്നത് അദ്ദേഹം വിശദമായി പറഞ്ഞുതന്നു. സ്‌പെയിനിന്റെയും ബ്രിട്ടന്റെയും യു.എസ്.എ.യുടെയും അധീനത്തില്‍ മാറിമാറി നിലനിന്നിരുന്ന ഈ പ്രദേശം ഒടുവില്‍ യു.എസ്.ടെറിട്ടറിയായി മാറുകയായിരുന്നു. ടെറിട്ടറിയെന്നു പറഞ്ഞാല്‍ സംസ്ഥാനപദവിയില്ലാത്ത ഒരു പ്രദേശം. പക്ഷേ, അങ്ങിനെയുള്ള വാഷിംഗ്ടണ്‍ ഡിസിപോലുള്ള പ്രദേശങ്ങളെപ്പോലെ പ്യൂട്ടോറിക്കയ്ക്ക് പ്രസിഡന്റ്, കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകളില്‍ വോട്ടവകാശമില്ല.സ്വന്തം കോൺഗ്രസിനെയും ഗവർണ്ണരെയും തെരഞ്ഞെടുക്കാം ;യൂ എസ് കോൺഗ്രസിലേക്ക് വോട്ടവകാശമില്ലാത്ത ഒരു കമ്മീഷണറേയും. പ്യൂട്ടോറിക്കകാര്‍ക്ക് അവര്‍ യു.എസ്സിലെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറി താമസിച്ചാൽ പൂര്‍ണ്ണമായ വോട്ടവകാശങ്ങള്‍ സ്വാഭാവികമായും ലഭിക്കും. ടാക്‌സ് നിരക്കുകള്‍ വളരെ കുറവായതുകാരണം സമ്പന്നരായ പലരും പ്യൂട്ടോറിക്കയിലേക്കു താമസം മാറാറുണ്ടത്രേ. ബക്കാഡി റം ഫാക്ടറി ഗൈഡ് കാണിച്ചു തന്നു. വേറെയും വ്യവസായങ്ങളുണ്ട്. ടൂറിസമാണ് മുഖ്യ വ്യവസായം. ജീവിത നിലവാരം പൊതുവേ ഉയര്‍ന്നതാണ് എന്ന് കണക്കുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആഹാരം ഒരു പ്രശ്നമായിട്ടുള്ള കുറച്ചു പേരെങ്കിലുമുണ്ട് എന്ന് ഗൈഡ് പറഞ്ഞു .'എല്ലാം ബട്ടൺ ആണല്ലോ ,യുദ്ധത്തിനു പോലും ഇപ്പോൾ കാലാളുകൾ വേണ്ട ,പറയുമ്പോൾ ഗൈഡ് ചിരിച്ചു .ഇതാണോ 'നിരാനന്ദത്തിന്റെ ചിരി '?--- സ്പാനിഷ് സംസാരിക്കുന്നവരും, ഇംഗ്ലീഷ് സംസാരിക്കുന്നവരുമായ വെള്ളക്കാരും കറുത്ത വര്‍ഗ്ഗക്കാരുംആണ് ജനസംഖ്യയിൽ മഹാഭൂരിപക്ഷം ; ആദിമ അമേരിക്കകാര്‍ പത്തുശതമാനമേയുള്ളൂ. ദ്വീപിന്റെ ഒരു മൂലക്ക് അധീശശക്തികള്‍ മാറി മാറി ഉപയോഗിച്ചിരുന്ന ഒരു കോട്ടയുടെ ഭാഗങ്ങളൊക്കെ കാണിച്ചുതന്നു ഗൈഡ്. എവിടെ നിന്നുമുണ്ടാവുന്ന ആക്രമണത്തെയും പ്രതിരോധിക്കാൻ കഴിയുന്ന കോട്ട. കൊളംബസ് വന്നിറങ്ങിയ സ്ഥലത്തെക്കുറിച്ചും ഞാന്‍ ചോദിച്ചു. അത് ദ്വീപിന്റെ മറ്റേ തലക്കലാണ്, എഴുപത്തിയഞ്ച് കിലോമീറ്ററെങ്കിലും പോകണം.ഈ ടൂറിൽ അതുൾപ്പെടുത്തിയിട്ടില്ല . സാരമില്ല, 2010ല്‍ അമേരിക്കയില്‍ ആദ്യമായി വന്ന അവസരത്തില്‍ തന്നെ സൗത്ത് ഡക്കോട്ടയിലെ അമേരിക്കന്‍ ഇന്ത്യന്‍ സാംസ്കാരിക കേന്ദ്രത്തിൽ ഞാന്‍ പോയിരുന്നു. അവരുടെ യുദ്ധവീരനായിരുന്ന ക്രേസി ഹോഴ്സ്റ്റിന്റെ പണിതുകൊണ്ടിരിക്കുന്ന പ്രതിമ കണ്ടു. അവരുടെ ചില ആധികാരിക ഗ്രന്ഥങ്ങള്‍വാങ്ങി. അവരില്‍ നേതൃത്വപരമായ പങ്കു വഹിക്കുന്ന ചിലരുമായി സംസാരിച്ചു. മടങ്ങുന്ന വഴി മിസിസിപ്പിയുടെ ഉത്ഭവസ്ഥാനത്തുപോയി. ആറടി വീതിയുംനാലടി ആഴവുമുള്ള കൈത്തോടിനെ ആദിമ ഇന്ത്യന്‍ മൂപ്പൻ മിജിജിപ്പി-മഹാനദി - എന്നു വിളിച്ചുവത്രേ. പാവപ്പെട്ട കൃഷിക്കാരന്‍ കുഞ്ഞുമകള്‍ക്ക് മഹാലക്ഷ്മി എന്നു പേരിടുന്നതുപോലെ .അവൾ വളര്‍ന്ന് മിസിസിപ്പിയായി. ലോകത്തിലെ മഹാനദികളിലൊന്നായി.പുതുതായി വന്നവർ പടുത്തുയർത്തിയ വ്യവസായ സംസ്കൃതിക്ക് വെള്ളവും വളവും ഊർജ്ജവും നൽകി കടലിലേക്കൊഴുകി.അവളുടെ കൂടെപ്പിറപ്പുകൾ അവരുടെ റിസര്‍വേഷനിലേക്ക് പിൻവാങ്ങി .ആയാത്ര ഓർമ്മയിൽ പച്ച പിടിച്ചു നിന്നിരുന്നത് കൊണ്ട് കൊളംബസ്സിന്റെ കാല്‍പാടുകള്‍ പതിഞ്ഞ സ്ഥലം കാണാന്‍കഴിയാത്തതില്‍ ദുഃഖം തോന്നിയില്ല. ഗവര്‍ണ്ണരുടെ കൊട്ടാരവും ക്യാപിറ്റോളും(നിയമസഭാ മന്ദിരം) മറ്റും ചുറ്റി നടന്നു കണ്ടു.കത്തീഡ്രല്‍ ഒഴിവാക്കി മറ്റെവിടെയോ പോകാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. ഒടുവില്‍ പാര്‍ട്ടി രണ്ടായിപിരിഞ്ഞു. ഞാന്‍ ഉള്‍പ്പെടുന്ന സംഘം ഭദ്രാസനപ്പള്ളിയിലേക്കു പോയി. കൊളംബസ്സോ അക്കാലത്തുതന്നെ വന്ന ആദ്യയൂറോപ്യന്‍ കുടിയേറ്റക്കാരോ സ്ഥാപിച്ച ആ പള്ളി പല തവണപുതുക്കി പണിതിട്ടുണ്ട്. പൊതുവേ പഴമയുടെ ഒരു ലുക്ക് ആണ്. അകത്തു കടക്കാന്‍ ചെരിപ്പൂരേണ്ട.പക്ഷേ, തൊപ്പികള്‍ പാടില്ല. കടുത്ത വെയിലുള്ള പ്രദേശമായതുകൊണ്ട് സഞ്ചാരികള്‍ തൊപ്പി ധരിക്കും. അതു പള്ളിക്കകത്തുപാടില്ല. മൂന്നു നാലു അള്‍ത്താരകള്‍- കുര്‍ബാന നടക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്. പ്രധാന സ്ഥലത്ത് ഭിത്തിയില്‍ യേശുവിന്റെ ഒരു വലിയ രൂപം. അതിനു മുമ്പില്‍ ബഞ്ചുകള്‍ ഇട്ടിട്ടുണ്ട്. ചിലര്‍ അവിടെ ഇരിക്കുന്നുമുണ്ടായിരുന്നു. ഭിത്തിയില്‍ ധാരാളം ചിത്രങ്ങളുമുണ്ട്. എനിക്ക് ആകര്‍ഷകമായി,ഹൃദയാവർജ്ജകമായി തോന്നിയത് കുരിശിന്റെ വഴിയെ സൂചിപ്പിക്കുന്ന പത്തുപന്ത്രണ്ടു പെയിന്റിംഗുകളാണ്. ചിലതൊക്കെ ഞാന്‍ കുട്ടികള്‍ക്ക് വിവരിച്ചുകൊടുത്തു. കൈലേസുകൊണ്ട് യുവതി യേശുവിന്റെ മുഖം തുടക്കുന്നത്, നിങ്ങള്‍ക്കും നിങ്ങളുടെ അനന്തരതലമുറകള്‍ക്കുംവേണ്ടി കരയുവിന്‍ എന്ന് ക്രിസ്തു യെരൂശലേം പുത്രിമാരോട് പറയുന്നത്അ,ങ്ങിനെ ചിലതൊക്കെ .സത്യം പറയണമല്ലോ കുറേ അധികം നാളായി ബൈബിള്‍ വായിച്ചിട്ട്. ചുറ്റിനടന്ന് ഒടുവിലത്തെ അള്‍ത്താരയ്ക്ക് മുമ്പിലെത്തി. ഒരു ചെറിയമുറിയാണ് . അവിടെ കന്യാമാതാവിനും ഒരു വിശുദ്ധനും ( സ്‌നാപകൻ ?) നടുവിലായി ചതുരത്തിലുള്ള ഒരു രൂപം; ആലേഖനം ചെയ്തിരിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല; ത്രിത്വത്തെ സൂചിപ്പിക്കുന്നു എന്ന് ഞാന്‍മനസ്സില്‍ പറഞ്ഞു. മൂന്നായ്പ്പിരിഞ്ഞ പൊരുള്‍. ആദിമ ശൂന്യതയില്‍ ,സത്തും അസത്തും ഇല്ലാതിരുന്നപ്പോൾ നിത്യമായി നിന്ന പൊരുള്‍. വചനത്തിന്റെ രൂപത്തില്‍സൃഷ്ടി. തേനും പാലുമൊഴുകുന്ന പൂങ്കാവനംപോലെ മനുഷ്യന്റെ ലോകം അവിടെ ഞാനെന്ന ഭാവവും സ്വാർത്ഥതയു മുണ്ടായപ്പോള്‍ അസമത്വവും അടിമത്വവും.... ഒന്നിനു പുറകേ ഒന്നായി രക്ഷകര്‍. പരാജിതരായി പീഡിതരായി അവരുടെ മടക്കം . ഞാന്‍ അറിയാതെ കൈകൂപ്പി..... തിരികെ പുറത്തേക്ക് . 'നമസ്തേ ' ഞാൻ ലേശം അമ്പരന്നു .സന്ദർശകരെ നിയന്ത്രിച്ചുകൊണ്ട് വാതിൽക്കൽ നിന്നിരുന്ന ചെറുപ്പക്കാരൻ സായിപ്പ് തൊഴുകൈകളോടെ എന്നെ നോക്കി നിൽക്കുന്നു .'ഈശ്വര ' ഇങ്ങേർ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു !'നമസ്തേ 'ഞാനും കൈകൂപ്പി .ഞങ്ങൾ പുറത്തേക്ക് നടന്നു .നൂറ്റാണ്ടുകൾ അതിജീവിച്ച ദേവാലയം പിന്നിൽ ..."ഞാൻ എല്ലായ്പ്പോഴും നിന്നോടൊപ്പമുണ്ടാവും ,കാലത്തിന്റെ അവസാനം വരെ " ടൂർ അവസാനിപ്പിച്ച് സംഘം ഹോട്ടലിലേക്ക്
റൌണ്ട് റോക്ക്സ് ആസ്റ്റിൻ ... 27 5 2022 . അറ്റ്ലാന്റിക്കിലെ ഉദയാസ്തമയങ്ങള്‍ ആര്‍.എസ്.കുറുപ്പ് 'ഒരു മണ്‍കട്ട അറ്റ്ലാന്റിക്കിന്റെ തിരമാലകളില്‍ ഒഴുകിപോകുമ്പോള്‍ യൂറോപ്പ് അത്രകണ്ട് ചെറുതാവുന്നു. ഏതൊരു മനുഷ്യന്റെ മരണവും എന്നെയും ചെറുതാക്കുന്നു. ഞാന്‍ മനുഷ്യവംശത്തില്‍ ഉള്‍പ്പെടുന്നതുകൊണ്ട് ... അതുകൊണ്ട് മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടിയാണ്എന്നന്വേഷിക്കാതിരിക്കുക- അത് നിനക്കുവേണ്ടിതന്നെയാണ്'. അറ്റ്ലാന്റിക്ക് എന്നു കേള്‍ക്കുമ്പോള്‍ എനിക്കാദ്യം ഓര്‍മ്മവരുന്നത് 'ഫോർ ഹൂം ദ ബെൽ ടോൾസ്' എന്ന നോവലിനാമുഖമായി ഹെമിംഗ് വേ ഉദ്ധരിച്ചിട്ടുള്ള ഈ വരികളാണ്. കോളേജ് കാലത്ത് വായിച്ച ആ നോവലിന്റെ ഉള്ളടക്കം എന്റെ ഓര്‍മ്മയില്‍ കാര്യമായി ഇല്ല. പക്ഷേ, ആമുഖക്കുറിപ്പായ ആ കാവ്യശകലം ഇന്നുംമനസ്സിലുണ്ട് താനും . പിന്നീടെപ്പോഴോ No man is an island എന്നു തുടങ്ങുന്ന ജോണ്‍ ഡോണിന്റെ ആ കവിത ഞാന്‍ മുഴുവനായി വായിച്ചിരുന്നു. എന്നാൽ ഇപ്പോഴും മനസ്സിലുള്ളത് ആ ഉദ്ധരണിയാണ് . ഉത്തര അറ്റ്ലാന്റിക്കിലെ യു.എസ്.ഭരണപ്രദേശമായ പ്യുട്ടോറിക്കോ ദ്വീപിലെ ഹോട്ടല്‍ ബാല്‍ക്കണിയിൽ അറ്റ്ലാന്റിക്കിലെ മനോഹരമായ സൂര്യോദയം നോക്കിനില്‍ക്കുമ്പോള്‍ പക്ഷേ ഞാനീ കവിതാശകലത്തെകുറിച്ചല്ല ആലോചിച്ചിരുന്നത്. പ്യൂട്ടോ റിക്കോയിലെ നാലഞ്ചു ദിവസത്തെ ഒഴിവുകാലം കുട്ടികള്‍ നേരത്തെ തീരുമാനിച്ചതായിരുന്നു. കുട്ടികള്‍ എന്നു പറഞ്ഞാല്‍ എന്റെ പെണ്‍മക്കള്‍, ഇരട്ടകുട്ടികള്‍. അവരുടെ കുടുംബാംഗങ്ങളോടൊപ്പം. ഈ അവധി ആഘോഷങ്ങള്‍ പാശ്ചാത്യ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണെന്നു തോന്നുന്നു. ജോലി ചെയ്തു കിട്ടുന്ന പണം ആഘോഷമായി കൊണ്ടാടാനുള്ളതാണെന്ന് അവര്‍ വിശ്വസിക്കുന്നു. കൂലിയായും മറ്റും കൊടുക്കുന്ന പണം തിരികെ മാര്‍ക്കറ്റിലെത്തേണ്ടത് മുതലാളിത്ത ത്തിന്റെ നില നില്‍പ്പിനു തന്നെ ആവശ്യമാണെത്രേ . താത്വികമായ അവലോകനം നില്‍ക്കട്ടെ, ദിവസം പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലിചെയ്യുന്നവരാണ്. അവര്‍ക്കും വിശ്രമമവും വിനോദവുമൊക്കെ ആവശ്യമാണെന്നു തോന്നുന്നതിൽ കുറ്റം പറഞ്ഞുകൂടല്ലോ. കൊളംബസ് ആദ്യം വന്നിറങ്ങിയ ദ്വീപസമൂഹങ്ങളില്‍ പെട്ട ഒന്നാണ് പ്യൂട്ടോ റിക്കോ എന്നതായിരുന്നു എനിക്കു താല്‍പര്യമുണ്ടാക്കിയ കാര്യം . 1492ല്‍ ഒക്ടോബര്‍ 12നു കൊളംബസ് കപ്പലോടിച്ചെത്തിയത് ഈ ദ്വീപ സമൂഹങ്ങളില്‍പ്പെട്ട സാന്‍ സാൽവദോർ എന്ന് ഇന്നറിയപ്പെടുന്ന ദ്വീപിലാണ്. പിറ്റേ വര്‍ഷത്തെ രണ്ടാം വരവില്‍ കൊളംബസ് കപ്പലടുപ്പിച്ചത് ബോറിക്കന്‍ എന്നവിടുത്തുകാര്‍ വിളിച്ചിരുന്ന ദ്വീപിലാണ്. കൊളംബസ് ദ്വീപിന് സ്നാപകന്റെ പേരുകൊടുത്തു ;സാന്‍ഹുവാന്‍ ബാപ്ടിസ്റ്റോ ........ സെയിന്റ് ജോണ്‍ ദ ബാപ്ടിസ്റ് .... സാൻഹുവാൻ പിന്നീട് Rich Port എന്നര്‍ത്ഥമുള്ള പ്യൂട്ടോറികോ ആയി മാറി. തലസ്ഥാന നഗരം സാന്‍ഹുവാൻ ആയിതുടര്‍ന്നു. ആസ്റ്റിനില്‍ നിന്ന് ഒര്‍ലാന്‍ഡോവഴി സാന്‍ഹുവാനിലെത്തിയപ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. ഹോട്ടലില്‍ മുറികളെല്ലാം സീ ഫേസിങ് ആണ്.5.50നാണ് സൂര്യോദയം. കടലിന് പച്ചനിറമായിരുന്നു. കിഴക്ക് മേഘങ്ങളില്‍ ചുവപ്പു വ്യാപിക്കുന്നു. കനത്ത മേഘങ്ങളില്ല.കറുപ്പുമേഘങ്ങള്‍ക്കിടയിലൂടെ കനൽക്കട്ടപോലെ സൂര്യന്‍ ഉയര്‍ന്നു വരുമ്പോള്‍ ഞാന്‍ പ്രൈമറി ക്ലാസില്‍ പഠിച്ച, കിഴക്കുള്ള ഇന്ത്യയില്‍ വരാന്‍ വേണ്ടി പടിഞ്ഞാറോട്ടു കപ്പലോടിച്ച ആ നാവികന്റെ കഥ ഓര്‍മ്മിക്കുകയായിരുന്നു.അയാള്‍ കുറേ ദിവസം കടലിലൂടെ കപ്പലോടിച്ച് ഒരു കര കണ്ടതും കപ്പലടുപ്പിച്ചതും അതും ഇന്ത്യയാണെന്നു വിചാരിച്ചതും അവിടെകണ്ടെത്തിയ, സ്വര്‍ണ്ണാഭരണങ്ങളണിഞ്ഞ എന്നാല്‍ തീരെ അപരിഷ്‌കൃതരായ മനുഷ്യരെ ഇന്ത്യക്കാരെന്നു വിളിച്ചതും അവര്‍ക്ക് വില കുറഞ്ഞ വളകളു മാലകളും മറ്റും നല്‍കി അവരുടെ വിലകൂടിയ രത്‌നങ്ങളും സ്വര്‍ണ്ണാഭരണങ്ങളുമെല്ലാം പകരം വാങ്ങി അവരുടെമേല്‍ ആധിപത്യവും സ്ഥാപിച്ചതും അങ്ങനെ ഇന്ത്യ അന്വേഷിച്ചു പുറപ്പെട്ട കൊളംബസ് അമേരിക്ക എന്ന ഭൂഖണ്ഡം കണ്ടുപിടിച്ചതും -------. . ഈ കണ്ടു പിടിത്ത സിദ്ധാന്തം ഇന്നും തുടരുന്നു എന്നതാണ് അതിശയം. ഇപ്പോഴും യു.എസ്.,കാനഡ, കോടതികള്‍ ചിലപ്പോള്‍ Discovery Theory ചില വിധി ന്യായങ്ങളില്‍ ഉദ്ധരിക്കാറുണ്ടത്രേ. എന്തായാലും കൊളംബസ് എത്തുന്ന കാലത്ത് അമേരിക്കന്‍ വന്‍കരകളിലും അടുത്തുള്ള ദ്വീപുകളിലുമായി പത്തുകോടി മനുഷ്യര്‍ ജീവിക്കുന്നുണ്ടായിരുന്നു. അന്നത്തെ ലോകജനസംഖ്യ നൂറുകോടി ;അപ്പോള്‍ ലോകത്തെ മനുഷ്യരില്‍ പത്തുശതമാനം താമസിച്ചിരുന്ന മേഖലയാണോ കൊളംബസ് കണ്ടുപിടിച്ചത്?. "കൊടുങ്കാറ്റില്‍ പ്രക്ഷുബ്ധമായ സമുദ്രത്തിലെ തിരമാലകള്‍ അതിന്റെ അടിത്തട്ടിനെ ആകെ മൂടുന്നതുപോലെ, ഞങ്ങളുടെ ആളുകള്‍ ഈ വന്‍കരയാകെ വ്യാപിച്ചിരുന്നപ്പോൾ "എന്നു തുടങ്ങുന്ന അവരുടെ ഗോത്രത്തലവന്റെ വിലാപം നമ്മൾ ഈ അടുത്തകാലത്താണ് കേട്ടത് .അപ്പോൾ തന്നെ മറക്കുകയും ചെയ്തു .കണ്ടുപിടിത്ത സിദ്ധാന്തം തന്നെയാണ് നമ്മൾ എന്നും വായിച്ചതുംമനസ്സിലാക്കിയതുമൊക്കെ. കൂട്ടത്തില്‍ അവിടത്തെ അടിമസമ്പ്രദായത്തെക്കുറിച്ചും അതുനിര്‍ത്തലാക്കിയതിനെക്കുറിച്ചും ഒക്കെ പലതും പഠിച്ചു. പക്ഷേ അവിടത്തെആദിമനിവാസികള്‍ക്കെന്തുപറ്റി എന്ന് ചിന്തിച്ചതേയില്ല. 1999ലാണെന്നുതോന്നുന്നു ഞാന്‍ അനിയാ ലൂംബയുടെ 'കൊളോണിയലിസം -പോസ്റ്റ് കൊളോണിയലിസം 'വായിക്കുന്നത്. തുടര്‍ന്ന് ആവിഷയത്തെക്കുറിച്ചുള്ള കുറേ പുസ്തകങ്ങള്‍ - ഒരു കാര്യം മനസ്സിലായി. കൊളംബസ് കണ്ടത് കാട്ടു മനുഷ്യരെയയായിരുന്നില്ല. പതിനായിരത്തിലധികം വര്‍ഷങ്ങളായി അമേരിക്കയെ അധിവസിച്ചിരുന്ന കൃഷിയും കൈത്തൊഴിലും മറ്റു ചെയ്തുജീവിച്ചിരുന്ന,സ്വന്തമായി ഒരു പാടു കഥകളും ദൈവങ്ങളും ഉണ്ടായിരുന്ന ഒരു ജനതയെയാണ്.തീര്‍ച്ചയായും അവിടെകാടുകളുണ്ടായിരുന്നു. കാടുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അവര്‍ കൃഷിസ്ഥലങ്ങളൊരുക്കി. വീടുകളും ക്ഷേത്രങ്ങളുമുണ്ടാക്കി. ഒരു സംസ്‌കാരം - ഒരുപാടുസംസ്‌കാരകേന്ദ്രങ്ങളുണ്ടായി. പക്ഷേ, കപ്പലേറി വന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങളുണ്ടായിരുന്നു. അവരുടെ ദൈവത്തിന്റെപ്രതിപുരുഷന്‍, പാപ്പാ, ലോകത്തെ രണ്ടായി വിഭജിച്ചു. പശ്ചിമരേഖാംശം 46.3 ഡിഗ്രിക്ക് പടിഞ്ഞാറുള്ളതെല്ലാം സ്‌പെയിനും അതിനു കിഴക്കുള്ളതെല്ലാം പോര്‍ച്ചുഗലിനുമായി വീതിച്ചുകൊടുത്തുകൊണ്ട് വിളംബരം പുറപ്പെടുവിച്ചു. വടക്കേ വന്‍കരയില്‍ കുടിയേറിയ ബ്രിട്ടീഷുകാര്‍ ആ വിളംബരം അനുസരിച്ചില്ല. അവര്‍ സ്വന്തം അധികാരം ഉറപ്പിച്ചു .സ്വന്ത രാജ്യങ്ങൾ സ്ഥാപിച്ചു. ആദിമനിവാസികള്‍ചെറുത്തു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന യുദ്ധം. ഇന്ത്യന്‍ റിമൂവല്‍ ആക്ട് - 'മാനിഫെസ്റ്റ് ഡെസ്ടിനി ' ഇന്ത്യന്‍ റിസര്‍വേഷനുകൾ ; എന്നുവെച്ചാല്‍ ഭൂമി പിടിച്ചടക്കി ഭരിക്കാനുളള ഭാഗധേയം വെള്ളക്കാരനില്‍ 'പ്രകടിത'മായിരിക്കുന്നു ഭൂമി നിര്‍ബന്ധമായും വെള്ളക്കാരെ ഏല്പിക്കുക എന്ന വിധി ആദിമ നിവാസികളിലും . അവിടെ ഒരുഭാഗത്ത് ആ ദിവാസികള്‍ക്കായി കുറച്ചു സ്ഥലം സംവരണം ചെയ്യുപ്പെട്ടിരിക്കും . 'ഇന്ത്യന്‍ റിസര്‍വേഷന്‍'. പഴയ ലോകജനതയുടെപത്തു ശതമാനം ഇന്ന് യു.എസ്. എ.യുടെ ജനസംഖ്യയുടെ0.8% .അവരുടെ ഇക്കാലഘട്ടത്തിലെ പ്രശസ്ത കവയത്രി നടാലിയാ ഡയസ് ഒരു കവിതയില്‍ പറയുന്നതുപോലെ 'നൂറാളു കൂടുന്നിടത്ത് ഞാനൊരു പൂര്‍ണ്ണമനുഷ്യനല്ല;ദശാംശം എട്ടു മാത്രമാണ്.....'അമേരിക്കന്‍ ഇന്ത്യക്കാരുടെസാഹിത്യവും കലയുമൊക്കെ നിലനിര്‍ത്താനും പരിപോഷി പ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അവരുടെ പ്രധാനനോവല്‍ 'സെറിമണി'യെക്കുറിച്ച് (ലെസ്ലി മാര്‍മന്‍ സിന്‍ക്കോ) ഞാന്‍ സമകാലിക മലയാളത്തില്‍ എഴുതിയിരുന്നു ആറേഴു വർഷം മുമ്പ് . 'അച്ഛനെന്തെടുക്കുകയാണ് ബാല്‍ക്കണിയില്‍ 'എന്ന ചോദ്യമുയരുന്നു. 'ഞാന്‍ ചരിത്രത്തിലേക്ക് - മായ്ക്കപ്പെട്ട ചരിത്രത്തിലേക്ക് നോക്കിനില്‍ക്കുകയായിരുന്നു 'എന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ . സൂര്യൻ ഉദിച്ചുയർന്നു കഴിഞ്ഞു .വെയിലിലും കടലിലും കുളിക്കാന്‍ വന്നവരുടെ തിരക്ക് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. തീരത്ത് കുത്തിനിര്‍ത്തിയിരിക്കുന്ന കുടകള്‍, അവയ്ക്കടിയില്‍ ചാരുബഞ്ചുകള്‍.ബീച്ചിലേക്ക് നടന്നിറങ്ങാനുളള ദൂരമേയുളളൂ.(തുടരും ) ആർ എസ് കുറുപ്പ്

2022 മേയ് 19, വ്യാഴാഴ്‌ച

വീണ്ടും ഒരു യാത്ര (9 4 2022 ) ------------------------------------------------ യാത്ര ദുരിതമാണ്. അതിപ്പോള്‍ പണ്ടത്തെ റിസര്‍വേഷനില്ലാത്ത രണ്ടാംക്ലാസ് യാത്രകളായാലും അടുത്തകാലത്തെ ഉയര്‍ന്ന ക്ലാസ് ട്രെയിന്‍, വിമാനയാത്രകളായാലും . എന്നുവെച്ച് യാത്രകള്‍ നടത്താതിരുന്നിട്ടില്ല. ഒരുപാടു യാത്രകള്‍ വേണ്ടിവന്നിട്ടുണ്ട്. കോവിഡ് കാലം സഞ്ചാസ്വാതന്ത്ര്യം നിഷേധിക്കുന്നതുവരെ ഇക്കുറി കൂടുതല്‍ സൗകര്യങ്ങളൊക്കെ ഏര്‍പ്പാടു ചെയ്തിട്ടുണ്ടെന്നാണ് കുട്ടികള്‍ പറഞ്ഞത്. എന്തായാലും 32 കിലോവീതം ഭാരമുള്ള നാലുപെട്ടികള്‍ ട്രോളിയില്‍ കയറ്റിവെയ്ക്കാന്‍ ഞങ്ങളെ സഹായിച്ചു രമേശന്‍,ടാക്സി ഡ്രൈവര്‍, ഞങ്ങള്‍ക്ക് മകനെപ്പോലെയാണ്. എന്തായാലും ചെക്ക് ഇന്‍ കൗണ്ടറില്‍ അതു തനിയെ ചെയ്യേണ്ടി വരുമല്ലോ. പക്ഷേ, വേണ്ടി വന്നില്ല. ചെക്ക് ഇന്‍ കൗണ്ടറില്‍ ഒരു സഹായി ഉണ്ടായിരുന്നു. അവിടന്നങ്ങോട്ട് വീല്‍ ചെയറും. വീല്‍ചെയര്‍ ഒന്നു മതി എന്നു ഞാന്‍ പറഞ്ഞു. എനിക്ക് നടക്കുന്നതാണിഷ്ടം. വഴി കാണിക്കുന്നതിനും ഇടയ്ക്കുള്ള കടമ്പകള്‍ കടക്കുന്നതിനും ഒരു വീല്‍ ചെയര്‍ തന്നെ ധാരാളം. തീരെ പ്രതീക്ഷിക്കാത്ത ഒരിടത്തായിരുന്നു തടസ്സം. കസ്്റ്റംസില്‍. ഞാന്‍ കൊച്ചി കസ്റ്റംസിന്റെ ആഡിറ്റിന്റെ ചുമതലക്കാരനായിരുന്നല്ലോ. എയര്‍ കസ്റ്റംസില്‍ പലപ്പോഴും വന്നിട്ടുണ്ട്. അപ്പോഴൊക്കെ എയര്‍ കസ്റ്റംസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ക്കൊപ്പം എന്നെ അവര്‍ കണ്ടിട്ടുണ്ട്.അതിന്റെയൊക്കെ പ്രതിഫലനങ്ങള്‍ മുമ്പത്തെ യാത്രയിലൊക്കെ കാണാനുമുണ്ടായിരുന്നു. കാലം മായ്ക്കാത്തതൊന്നുമില്ല അമ്മാവന്‍മാരില്‍ നിന്ന് കിട്ടിയത് മാത്രമല്ല അവനവനാർജ്ജിച്ച തഴമ്പുകളും കാലം മായ്ച്ചുകളയും. പ്രശ്‍നം സ്വര്‍ണ്ണമായിരുന്നു.എന്റെ പെണ്‍കുട്ടികള്‍ക്ക്് കാര്‍ഷിക സര്‍വ്വകലാശാല നല്‍കിയസ്വര്‍ണ്ണമെഡലുകള്‍ അവര്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതു അവർക്ക് കൊണ്ടു ക്കൊടുക്കാമെന്നുകരുതി.കൂടാതെ അവര്‍ കല്ല്യാണത്തിനിട്ടിരുന്ന ആഭരണങ്ങളിൽ ചിലതും . എല്ലാം കൂട്ടിയാലും രണ്ടുപേര്‍ക്ക് കൊണ്ടുപോകാമെന്ന് നിയമം അനുശാസിക്കുന്നതില്‍ കുറവായിരിക്കും. എന്തായാലും എന്റെ ഭാര്യ കുറേക്കാലത്തിനുശേഷം ഒരു ക്ലാസെടുത്തു. അനുസരണയുള്ള വിദ്യാര്‍ത്ഥികളെപ്പോലെ കേട്ടുനിന്ന കസ്റ്റംസ് ഓഫീസര്‍മാര്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കുകയും ചെയ്തു. വിമാനത്തില്‍ എനിക്ക് ഇന്ത്യന്‍ ഹിന്ദു ഭക്ഷണവും, ഭാര്യയ്ക്ക് ഏഷ്യന്‍ വെജിറ്റേറിയനുമാണെന്ന് എയര്‍ ഹോസ്റ്റസ് വന്നു പറഞ്ഞു. രണ്ടും തമ്മിലുള്ള വ്യത്യാസം ഏഷ്യന്‍ വെജിറ്റേറിയന്‍ സമ്പൂര്‍ണ്ണ സസ്യാഹാരമാണ്. ഇന്ത്യൻ ഹിന്ദു എന്നു പറഞ്ഞാൽ കോഴിയിറച്ചി നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കും .നന്നായി എന്നെനിക്കു തോന്നി. ഇന്ത്യന്‍ സമയംഏതാണ്ടു നാലുമണിയായിരിക്കണം. ബ്രാഹ്മമുഹൂർത്തം . ഒരു പ്രസാദം പോലെ കഴിക്കാന്‍ പറ്റിയമറ്റൊരാഹാരം ഇന്ത്യൻ ഹിന്ദുവിന് എന്താണുള്ളത്, കോഴിയിറച്ചിയും മസാല ചേര്‍ത്തുവേവിച്ച ചോറുമല്ലാതെ.കാണുന്നതൊക്കെ ഭഗവാന്റെ രൂപം .കിട്ടുന്നതൊക്കെ ഭഗവാന്റെ പ്രസാദവും . ദോഹയില്‍ പക്ഷേ അനുഭവം പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല. വീല്‍ ചെയറുകാരെ കണ്ടില്ല. വിമാനക്കമ്പനിക്കാരില്‍ നിന്ന് വേണ്ടത്ര ഗൈഡന്‍സ് കിട്ടിയതുമില്ല. എന്നല്ല ഭൂമി തരം മാറ്റത്തിനു ചെന്ന നാട്ടിന്‍പുറത്തുകാരനു വില്ലേജ് ഓഫീസില്‍ നിന്നു കിട്ടുന്നതിനേക്കാള്‍ മെച്ചമല്ലാത്ത പെരുമാറ്റം. അതും ഒരു പ്രശസ്ത വിമാനക്കമ്പനിയുടെ ജീവനക്കാരില്‍ നിന്നും .അതു സമ്മതിക്കാന്‍ വയ്യല്ലോ . ഞങ്ങള്‍ സംസാരിക്കാന്‍ തീരുമാനിച്ചു. പറഞ്ഞാല്‍ മനസ്സിലാവുമെന്ന് തോന്നിയ ഒരു ഉദ്യോഗസ്ഥനോടു ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവരാണ് നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചിട്ടുള്ള സൗകര്യങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടിയേ മതിയാവുവെന്ന്, അതേറ്റു. ക്ഷമാപണപൂര്‍വ്വമായിരുന്നു മറുപടി. വീല്‍ചെയറിനു കാത്തു നില്‍ക്കേണ്ട സ്ഥലത്തു നില്‍ക്കാതെ ഞങ്ങള്‍ നേരെ നടന്നു പോന്നതു കൊണ്ടുണ്ടായ അബദ്ധമാണ് .പീന്നീടൊക്കെ എളുപ്പമായിരുന്നു . ക്യൂ നില്‍ക്കാതെ സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് അവര്‍ ഞങ്ങളെ മുകളിലത്തെ നിലയിലെ വിശ്രമ മുറിയില്‍ എത്തിച്ചു.സമയമാവുമ്പോള്‍ ആളുകള്‍ വന്നു കൂട്ടിക്കൊണ്ടുപോയി വിമാനത്തിലെത്തിക്കാമെന്നു പറഞ്ഞു. ഇടയ്ക്ക് വേണമെങ്കില്‍ ഭക്ഷണം കഴിക്കാം. അടുത്ത് അവരുടെ തന്നെ റെസ്റ്റോറുണ്ട്. അവിടെ പക്ഷേ കുറച്ചു വെയിറ്റു ചെയ്യേണ്ടി വരും. തൊട്ടടുത്ത ബാറിലാണെങ്കില്‍ ബുഫേയാണ്. ബാറെന്നു കേട്ടപ്പോള്‍ എനിക്ക് പൂർവ്വജന്മ സ്മരണയുണ്ടായെങ്കിലും ഞാനതു നിയന്ത്രിച്ചു. ഒരു വിദേശ വിമാനത്താവളത്തിലിരുന്നു കലഹിക്കേണ്ടല്ലോ എന്നു കരുതി. ഹൂസ്റ്റണിലേക്കുള്ള ഫ്‌ളൈറ്റില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് വേര്‍തിരിവുണ്ടായിരുന്നില്ല. . രണ്ടുമൂന്നു ഇനങ്ങള്‍ മെനു കാര്‍ഡില്‍ അവര്‍ ചൂണ്ടികാണിച്ചു. As You Please എന്ന മറുപടി അവരെ തൃപ്തിപെടുത്തിയില്ല. Your Choice എന്ന് അവർ നിർബന്ധിച്ചു ഞാന്‍ ഏതോ ഒരെണ്ണം തൊട്ടുകാണിച്ചു. എന്തായാലും ചോറും പുളിശ്ശേരിയും ഉപ്പിലിട്ടതുമൊന്നും പ്രതീക്ഷിക്കേണ്ടല്ലോ .പിന്നെ എന്തായാലെന്താ ! 'കുടിക്കാൻ 'ഞാൻ ആപ്പിൾ ജ്യുസെന്നു പറഞ്ഞു .'മറ്റെന്തെങ്കിലും ?'എന്ന അവരുടെ ചോദ്യത്തിനു മറുപടിയായി ഞാൻ ഭാര്യയെ നോക്കുന്നതു കണ്ടിട്ടാവണം എയർ ഹോസ്റ്റസ് പരിശീലിപ്പിക്കപ്പെട്ട പ്രൊഫഷണൽ മര്യാദകൾ മറന്നു സാധാരണ മനുഷ്യരെപ്പോലെ ചിരിച്ചു പോയി ;ഒരയൽക്കാരിയുടെ സഹഭാവപൂര്ണമായ ചിരി .പെട്ടെന്ന് ,അർദ്ധമന്ദഹാസം വരച്ചു ചേർത്ത തന്റെ പ്രൊഫഷണൽ മുഖം മൂടിയെടുത്തു ധരിച്ചു കൊണ്ട് പറഞ്ഞു 'ഓ കെ '. ഞാൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'നഷ്ടജാതകം 'വായിക്കാനെടുത്തു .നേരത്തെ വായിച്ചിട്ടുണ്ടായിരുന്നില്ല .ഇടയ്ക്ക് ഉറങ്ങിയെന്നുതോന്നുന്നു .വെള്ളവുമായി വന്ന എയർ ഹോസ്റ്റസ് പറഞ്ഞു എല്ലാ ഇന്ത്യൻ ഭാഷകളിലുമുള്ള സിനിമയുണ്ട് വേണമെങ്കിൽ കാണാമെന്ന് .അവർ തന്നെ ടി വി സ്വിച് ഓൺ ചെയ്തു തരികയും ചെയ്തു .മലയാള സിനിമകൾ അതിലുണ്ടായിരുന്നതെല്ലാം നേരത്തെ കണ്ടതായിരുന്നു .തമിഴ് സിനിമാ നോക്കി .ഒരു അജിത് സിനിമ കണ്ണിൽപ്പെട്ടു .സ്ത്രീ വിമോചനത്തെ കുറിച്ചുള്ളതാണ് .ബച്ചന്റെ ഹിന്ദി സിനിമ പിങ്കിന്റെ ആശയാനുവാദമാണെന്നു തോന്നുന്നു .ഭേദപ്പെട്ട പടം സിനിമ കണ്ട് ,നഷ്ട ജാതകം ബാക്കി വായിക്കാനൊരുങ്ങുമ്പോഴേക്കും വിമാനം ഹ്യുസ്റ്റണിലേക്കെത്തിക്കൊണ്ടിരിക്കുകയാണെന്ന അനൗൺസ്‌മെന്റ് വന്നു .മഞ്ഞയും നീലയും പൂക്കൾ വിടർന്നു നിൽക്കുന്ന ടെക്സസ്സിലെ പുല്മേടുകളുടെ ആകാശ ദൃശ്യം . വലിയ തിരക്കുള്ള ഒരു വിമാനത്താവളമാണ് ഹ്യുസ്റ്റൺ ഇന്റർനാഷണൽ എയർപോർട്ട് .എമിഗ്രേഷനിലെ തിരക്കുകണ്ട് സംശയിച്ചു നിന്ന ഞങ്ങളുടെ അടുത്തേക്ക് കയ്യിൽ എന്തോ ഫയലുകളൊക്കെയുള്ള ഒരു മനുഷ്യൻ വന്ന് എന്താണ് വേണ്ടതെന്നു ചോദിച്ചു .ഞങ്ങൾ ടിക്കറ്റ് കാണിച്ചു .അദ്ദേഹം അതിർത്തി തിരിച്ചിരുന്നു ടേപ്പുകളിലൊന്നു മാറ്റി ആളുകൾ തീരെ കുറവുള്ള ഒരു കൗണ്ടറിൽ ഞങ്ങളെ കൊണ്ടു നിർത്തി .കൂട്ടത്തിൽ ചോദിച്ചു 'ഇന്ത്യയിൽ നിന്നാണ് ,അല്ലേ 'ഇന്ത്യയെക്കുറിച്ച് ലേശം മതിപ്പോടു കൂടിയാണ് വിദേശികൾ സംസാരിക്കുന്നത് .ഇമിഗ്രേഷൻ ചെക്കിംഗ് വേഗം കഴിഞ്ഞു .ഇന്ത്യയിൽ നിന്നാണ് അല്ലെ എന്ന് ഇമിഗ്രേഷൻഓഫീസറും ചോദിച്ചും മതിപ്പോടു കൂടിത്തന്നെ .അദ്ദേഹം പാസ്‌പോർട് നോക്കിയതാണല്ലോ . വിമാനയാത്രയിലെ ഏറ്റവും ബുദ്ധിമുട്ടുളള ഭാഗം കണ്‍വേയര്‍ ബെൽറ്റിൽ നിന്നും ചാടിപ്പിടിച്ചു ഭാരമുള്ള പെട്ടികള്‍ എടുക്കലാണ്. പക്ഷേ, അവിടെയും നല്ല ചില മനുഷ്യരുണ്ടാവും. അതുപോലെ ട്രോളികള്‍ ഒരിക്കലും നേരെ ഉരുളുകയില്ല. ഒരുവിധം സാധനങ്ങളൊക്കെയെടുത്ത് ഗേറ്റിനടുത്ത് എത്താറായപ്പോഴാണ് ആരോ കൈകൊട്ടിയത്. കസ്റ്റംസാണ്,നിവൃത്തിയില്ലല്ലോ.പെട്ടികളൊക്കെ അവരുടെ സ്‌കാനറിലേക്കുള്ള ബെൽറ്റിൽ ഇറക്കിവെച്ചു. മറുവശം കടന്നപ്പോള്‍ തുറന്നുകാണണമെന്നായി. ഇവിടെ സ്വര്‍ണ്ണമൊന്നുമല്ല പ്രശ്‌നം. ഭക്ഷണപദാര്‍ത്ഥങ്ങളുടെ കൂട്ടത്തില്‍ മുളയ്ക്കാൻ സാധ്യതയുള്ള വല്ലതുമുണ്ടോ എന്നാണറിയേണ്ടത്. ഒരു പുരുഷനും രണ്ടു സ്ത്രീകളും അടങ്ങുന്നതാണ് സംഘം. പെട്ടി തുറന്നു വിശദ പരിശോധന നടത്തിയ കസ്റ്റംസ് ഓഫീസര്‍ ചിരിക്കാന്‍ തുടങ്ങി. പൊട്ടി പൊട്ടിയുള്ള ചിരി. ഞങ്ങള്‍ക്കെന്ന പോലെ അദ്ദേഹത്തിന്റെ കൂടെയുള്ള ലേഡീ ഓഫീസര്‍മാര്‍ക്കും കാരണം മനസ്സിലായില്ല. ഓഫീസര്‍തുറന്നു വെച്ച ഒരുപെട്ടിയുടെ പകുതി ഭാഗത്തേക്കു ചൂണ്ടി. That's Medicine,,ദിസ് ഈസ് ദി പ്രീസ്‌ക്രിപ്ഷൻ ആൻഡ് ഹിയർ ആർ ദി ബിൽസ് '..സഹപ്രവർത്തക 'അതൊക്കെ ശരി.' ഓഫീസര്‍ മറുഭാഗം ചൂണ്ടിക്കാട്ടി.'ഹി ഈസ് എ ഡയബറ്റിക് ആൻഡ് ഹി ഈറ്സ് ഓൾ ദീസ് കുക്കീസ് ' അതാണ് ഓഫീസർക്ക് ഫലിതമായി തോന്നിയത് .മുറുക്കാണ് കുക്കി എന്ന് ഓഫീസര്‍ തെറ്റിദ്ധരിച്ചത്.മുറുക്കിനു മധുരമില്ല അല്ലെങ്കിൽ തന്നെ അത് കുട്ടികൾക്കുള്ളതാണ് എന്ന് പറഞ്ഞു മനസ്സിലാക്കി .ഞങ്ങളോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. തെരച്ചിലിൽ അലങ്കോലമായ പെട്ടി അടുക്കിവെക്കാന്‍ ലേഡി ഓഫീസര്‍ സഹായിച്ചു എന്ന് നന്ദിപൂര്‍വ്വം പറയാതിരിക്കാന്‍ വയ്യ. അത് പതിവില്ലാത്തതാണല്ലോ. പുറത്തെത്തിയപ്പോള്‍ കുട്ടികളെ കണ്ടില്ല. അവര്‍ എത്താതിരിക്കില്ലല്ലോ. പരിഭ്രമിച്ചു നില്‍ക്കുന്ന ഞങ്ങളുടെ അടുത്തേക്ക് മുമ്പ് ഇമിഗ്രേഷനു മുമ്പില്‍ കണ്ട ഓഫീസര്‍ വന്നു കാര്യംതിരക്കി. ഹൂസ്റ്റണ്‍ എയര്‍പോട്ടില്‍ അഞ്ചോ ആറോ എക്‌സിറ്റ്‌പോയിന്റുകളുണ്ട്. ഇത് F ആണ്. 'അവര്‍ മറ്റേതെങ്കിലും പോയിന്റിലാവാം ഒന്നു വിളിച്ചുനോക്കൂ.ഫോണ്‍ നമ്പര്‍ അറിയാമോ'. 'ഞങ്ങളുടെ ഫോണില്‍ വിളിക്കാന്‍ കഴിയില്ലല്ലോ' എന്നു പറഞ്ഞപ്പോള്‍, നമ്പര്‍ തരൂ ഞാന്‍ വിളിക്കാം എന്നു പറഞ്ഞു ഓഫീസര്‍ വിളിച്ചു. അവര്‍ നേരത്തെ എത്തിയിട്ടുണ്ടെന്നും B gate ആണ് കമ്പ്യൂട്ടറില്‍ കാണിച്ചത്. എഫ് ഗേറ്റിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു ഓഫീസര്‍. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മകളും മരുമകനും കൊച്ചുമോനും എത്തി. ഞങ്ങള്‍ അന്ന് ഹൂസ്റ്റണില്‍ തങ്ങി. പിറ്റേദിവസം കാലത്ത് ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പോയി. അവിടെ അപ്പോള്‍ ഒരു വിവാഹം നടക്കുകയായിരുന്നു. കേരളീയ മട്ടിലുള്ള വിവാഹവസ്ത്രമണിഞ്ഞ് മുല്ലമാല ചാര്‍ത്തിയ വെളളക്കാരി വധു.വരന്‍ ഒരു മേനോനാണത്രേ . അമ്പലക്കമ്മറ്റിക്കാര്‍ പറയുന്നതുകേട്ടു. അപ്പോള്‍ നായര്‍ കല്ല്യാണമാണ്. മാലയിടല്‍,താലികെട്ട്, പുടവകൊട, കൈ പിടിച്ചുകൊടുക്കല്‍ പ്രദക്ഷിണം.... 'ഒരു പെണ്‍കുട്ടികൂടിസുമംഗലിയാവുന്നു'.ഭാര്യ അപൂർവ മന്ദഹാസത്തോടെ പറഞ്ഞു ഒരു യുവതി കുടുംബിനിയാവുകയാണ്. കല്ലും മുള്ളും ചവിട്ടി മുമ്പേ നടക്കാന്‍. പിന്തുടരാൻ ഭർത്താവ് ,കുട്ടികൾ ,ബന്ധുക്കൾ എല്ലാം .'ശിവശ്ച പന്ഥാ '..നിന്റെ പാത മംഗളകരമാവട്ടെ ,ദീർഘസുമംഗലിയായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ .മറ്റെന്താണ് ഒരു നവവധുവിനു വേണ്ടി പ്രാർത്ഥിക്കുക . സാന്ദ്രാനന്ദാവബോധാത്മകനായ ഉണ്ണിയെ തൊഴുത് ഞങ്ങൾ ആസ്റ്റിനിലെ വീട്ടിലേക്ക് .

2022 ഏപ്രിൽ 2, ശനിയാഴ്‌ച

നിന്റെ മന്ദസ്മിതം പോലുമൊരു വസന്തം -------------------------------------------------------- [ മോഹനമന്ദിരത്തിലേക്ക് ,ആദ്യയാത്ര ] തൊള്ളായിരത്തി എഴുപത്തിയഞ്ചിന്റെ തുടക്കത്തിലാണ്, അതായത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുതിന് നാലഞ്ചുമാസം മുന്‍പ്, ഞാന്‍ മോഹനമന്ദിരത്തില്‍ ആദ്യം പോയത്. സഹോദരതുല്യനും പ്രിയങ്കരനുമായ ഗോപാലകൃഷ്ണനുമൊന്നിച്ച്. തറവാട്ടുവീട്ടിലെ അയല്‍ക്കാരനായ നാരായണപിള്ള ചേട്ടനുമുണ്ടായിരുന്നു കൂടെ. ഉദ്ദേശം: പെണ്ണുകാണാന്‍. ആ ആഴ്്ച വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു ബുദ്ധ ജംഗ്ഷന് അടുത്തുള്ള വീടാണ്. 'അമ്മ അവിടെ പോയിരുന്നു. നല്ല കുട്ടി. നീ ഒന്നു പോയിക്കാണ് എന്ന് . ഞാന്‍ ആദ്യം മടിച്ചു .പെണ്ണു കാണൽ ബോറാണ് .എങ്കിലും പോയി . ജോലി കിട്ടി അഞ്ചു കൊല്ലം കഴിഞ്ഞുഇനി വീട്ടില്‍ നിർബന്ധിച്ചാൽ കല്ല്യാണം കഴിക്കാം എന്നുതോന്നിത്തുടങ്ങിയിരുന്നു . ഏറ്റവും നല്ല ആശ്രമം ഗൃഹാസ്ഥാശ്രമമാണെന്ന് മഹാഭാരതത്തില്‍ പറയുന്നുണ്ടെന്ന്് ഞാനെവിടെയോ വായിച്ചിരുന്നു . സമരങ്ങളെല്ലാം കഴിഞ്ഞു താരതമ്യേന ശാന്തമായ അന്തരീക്ഷമായിരുന്നു ഓഫീസില്‍. സുഹൃത്തുക്കളിൽ ചിലരൊക്കെ പിരിച്ചു വിടപ്പെട്ടു . എനിക്കുകിട്ടിയ ശിക്ഷ പ്രമോഷന്‍പരീക്ഷയുടെ രണ്ടാം ഭാഗം എഴുതുന്നതില്‍ നിന്നുള്ള ഒരു കൊല്ലത്തെ വിലക്കായിരുന്നു. രണ്ടാം ഭാഗം താരതമ്യേന എളുപ്പമാണ്.എഴുതി എടുക്കാവുന്നതേയുള്ളു .അതു കൊണ്ട് കല്യാണം നടക്കട്ടെ, പക്ഷേ അതിന് പെണ്ണുകാണൽ എന്ന ദുര്‍ഘടത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ഒരു കാണല്‍കൊണ്ടു കല്ല്യാണം നടക്കുന്നതൊക്കെ അപൂർവമായിരുന്നു. എനിക്കും രണ്ടുമൂന്നിടത്തൊക്കെ പോകേണ്ടി വന്നു. അവിടൊക്കെ ഗോപാലകൃഷ്ണനുമുണ്ടായിരുന്നു. ആ പ്രത്യേക പരിപാടിയുടെ ഹംസവും. വിവിധ വിഭാഗത്തില്‍പ്പെട്ട മാട്രിമോണികളും മൊബൈല്‍ വീഡിയോകാള്‍ സൗകര്യവുമൊക്കെയുള്ള ഇന്നത്തെതലമുറയ്ക്ക് അന്നത്തെപെണ്ണുകാണല്‍ യജ്ഞത്തിന്റെ അസഹനീയതകളെക്കുറിച്ചു പറഞ്ഞാല്‍ മനസ്സിലാവുമോ എന്നറിഞ്ഞുകൂടാ. ചെറുക്കന്‍ സുഹൃത്തുക്കള്‍ - ഒരാളെങ്കിലും നിര്‍ബന്ധമായും ഉണ്ടാവും -ഹംസം ഇവരൊക്കെ വിവാഹാര്‍ത്ഥിനിയായ യുവതിയുടെ വീട്ടിലെത്തുന്നു. മിക്കവാറും ഉച്ചതിരിഞ്ഞിട്ടായിരിക്കും .ചിരി ,സന്തോഷം സ്വാഗതം. ലഘുഭക്ഷണപാനീയവുമായി യുവതിയുടെ രംഗപ്രവേശം . ചെറുക്കനും പെണ്ണുമായി രണ്ടുവാക്കു സംസാരിക്കല്‍. വീണ്ടും ചിരി സന്തോഷം യാത്രയയ്ക്കല്‍. ചോദ്യോത്തരപംക്തി ഏതാണ്ടെഴുതി തയ്യാറാക്കിയതുപോലെയാണ്. സ്ഥിരം ചോദ്യങ്ങളും ഉത്തരങ്ങളും.കല്യാണം നടക്കുന്നത് അപൂർവമാണ് . വേണ്ടാ എന്നാരും പറയുകയില്ല. ജാതകം ചേരുന്നില്ല എന്നതാണ് സ്ഥിരം പല്ലവി. സംഗതി ബോറാണെങ്കിലും ഈ പെണ്ണുകാണലില്‍ ആസ്വാദ്യമായി ഒന്നുണ്ടായിരുന്നു. ഞങ്ങള്‍ വരേണിക്കൽക്കാർക്ക് .അക്കാലത്ത് തീരെ പരിചിതമല്ലാതിരുന്ന ബേക്കറി പലഹാരങ്ങളും പുതിയതരത്തിലുള്ള പാനീയങ്ങളും. പിന്നെ അതായി പ്രധാനം. ഞങ്ങള്‍ ആസ്വദിച്ചു എന്നതാണ് സത്യം. കരുവാറ്റയിലേക്കാള്‍ നന്നായിരുന്നു പാലമേലേത് എന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ കരുവാറ്റക്കാരുടെ ഓറഞ്ച് ജ്യൂസിനേക്കാള്‍ രുചികരമായിരുന്നു പാലമേല്‍ക്കാരുടെ ബ്രൂകോഫി എന്നു മാത്രമായിരിക്കും അര്‍ത്ഥം. അതും ബോറടിച്ചുതുടങ്ങി. ആരുടെ ജാതകവുമായി യോജിക്കാത്ത ഒന്നാണോ എന്റെ ജാതകം? അത്രമോശമൊന്നുമല്ലെന്നാണ് സ്ഥലത്തെ വരാഹമിഹിരൻമാരുടെ അഭിപ്രായം. എല്ലായിടത്തും തിരസ്‌കരിക്കപ്പെടാന്‍ എന്ത് അയോഗ്യതയാണ് എനിക്ക്. തരക്കേടില്ലാത്ത ജോലിയുണ്ട്. ജോലിയില്‍ ഉയര്‍ച്ചക്കുള്ള സാദ്ധ്യതയുണ്ട്. വീട്ടില്‍ മോശമല്ലാത്ത ചുറ്റുപാടുണ്ട്. ഞാന്‍ പോയിക്കണ്ട പെണ്‍കുട്ടികളാരും ഡോക്ടറെയും എന്‍ജിനീയറേയുമൊന്നും നോക്കിയിയിരിക്കുന്നവരായിരുന്നില്ല. പിന്നെ എന്റെ രൂപഭംഗി? പക്ഷേ ഞാന്‍ കണ്ട യുവതികളാരും 'രൂപമിച്ഛന്തി കന്യക 'മാരായി തോന്നിയില്ല . സംസാരിച്ചു പിരിയുമ്പോള്‍ അവരുടെ പെരുമാറ്റത്തില്‍ തിരസ്‌കാരത്തിന്റെ മുദ്രകളൊന്നും കണ്ടിരുന്നതുമില്ല പിന്നെ? കാരണമുണ്ട്. ഞാന്‍ മാര്‍കിസ്റ്റ് ആയിരുന്നു അത്രേ. ഇപ്പോള്‍ അതു പറഞ്ഞാല്‍ മനസ്സിലാവുമോ എന്നറിഞ്ഞുകൂടാ. അന്ന് മാര്‍കിസ്റ്റ്് എന്നത്് ഇടത്തരക്കാരുടെ ഇടയില്‍ വലിയ ഒരു ശകാരപദമായിരുന്നു. എന്തിനേയും ഏതിനെയും മുട്ടുകുത്തിക്കാന്‍ മാർക്സിസ്റ് എന്ന പദം ഉപയുക്തമാക്കപ്പെട്ടിരുന്നു . അന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം ഓര്‍ക്കുന്നുണ്ടാവുമല്ലോ. മാര്‍കിസ്റ്റു പാര്‍ട്ടി ഏതാണ്ട് തനിച്ച് പ്രതിപക്ഷത്ത് സി പി ഐ ,ആർ എസ് പി ,പി എസ പി ,മുസ്ലിം ലീഗ് ,കേരള കോൺഗ്രസ് എന്നിവരെല്ലാം ചേർന്ന കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഭരണ മുന്നണി മറുവശത്തും . ഏതെങ്കിലും ഒരു സമരത്തിന് മാര്‍കിസ്റ്റ് മുദ്ര ചാര്‍ത്തിക്കൊടുത്താല്‍ മതി ആ സമരം പൊതുദൃഷ്ടിയിൽ അക്രമ സമരം ആയിക്കൊള്ളും .പിന്നെ അടിച്ചമർത്താൻ എളുപ്പമാണ് . തീരെ സഹികെട്ടപ്പോള്‍ ഞങ്ങൾ മാർക്സിസ്റ് സഹയാത്രികർ വിളിച്ചു പോയ മുദ്രാവാക്യമാണ് . 'ഉപ്പും മുളകും മാര്‍കിസ്റ്റാണോ കപ്പയുമരിയും മാര്‍കിസ്റ്റാണോ..........' എന്നുള്ളത്. രണ്ടാം ഇ. എം.എസ്സ്്. മന്ത്രിസഭയുടെ കാലത്ത്് കാര്‍ഷികരംഗത്തുണ്ടായ പരിവര്‍ത്തനങ്ങളാണ്, കൂലിവര്‍ദ്ധനവും മറ്റും , നെല്‍കൃഷിക്കാരോ കരക്കൃഷിക്കാരോ ഒക്കെയായ ഇടത്തരക്കാരില്‍ മാര്‍കിസ്റ്റ് ഫോബിയ സൃഷ്ടിച്ചത്. ഞാന്‍ പാര്‍ട്ടി മെമ്പര്‍ ഒന്നുമായിരുന്നില്ല. അനുഭാവിായിരുന്നു. 1970 ലെ തെരഞ്ഞെടുപ്പില്‍ നാട്ടില്‍ വന്ന് മാര്‍കിസ്റ്റ് പാര്‍ട്ടി പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓഫീസില്‍ നടന്നസമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 1974ല്‍ റയില്‍വേ പണിമുടക്കിനെ പിന്തുണച്ചുകൊണ്ടുള്ള സമരത്തിലുള്‍പ്പെടെ.അത് പോലെ 72 ഇൽ .ഡിസ്മിസലിനെതിരെ എന്റെ ഓഫീസിൽ നടന്ന സമരത്തിലും ഞാൻ സജീവമായി പങ്കെടുത്തിരുന്നു .ജനാധിപത്യത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിഷേധത്തിനെതിരെയുള്ള വളരെ ദുര്‍ബലമായ ചെറുത്തുനില്‍പ്പിന്റെ ഭാഗമാവുക ഒരു പൗരനെന്നനിലയില്‍ എന്റെ കടമയാണെന്ന് എനിക്കുതോന്നി. അതിന്റെ പേരിൽ പെണ്ണുകിട്ടിയില്ലെങ്കില്‍വേണ്ട. സമത്വസുന്ദരമായ ഒരു സാമൂഹ്യവ്യവസ്ഥ താമസിയാതെനിലവില്‍ വരുമെന്നും അന്ന് ഇഷ്ടപ്പെടുന്നവരെ വിവാഹം കഴിക്കാന്‍ യുവതീയുവാക്കള്‍ക്ക് കഴിയുമെന്നും ഞാന്‍ ആശ്വാസം കൊണ്ടു. 'യുവജനഹൃദയം സ്വതന്ത്രമാണവരുടെ കാമ്യപരിഗ്രഹേച്ഛയിൽ ..'എന്ന കവിവാക്യം സത്യമാകുന്നു കാലം ആസന്നമാണെന്ന് ഞാൻ എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു . ആയിടയ്ക്ക് ഒരു ദിവസം പുത്തന്‍മഠത്തിലെ കൊച്ചമ്മവീട്ടില്‍വന്നു. തറവാട്ടിലെ ബന്ധുവായ ഒരു അമ്മൂമ്മ.പണ്ഡിത. സംസ്‌കൃതവിദ്യാഭ്യാസം നേടിയിട്ടുണ്ട്. പുരാണങ്ങളും കാവ്യനാടകങ്ങളും മാത്രമല്ല. ജ്യോതിഷവും പഠിച്ചിട്ടുണ്ട്. പക്ഷേ പ്രാക്ടീസ് ചെയ്യാറില്ല. അടുപ്പമുളളവരുടെ കാര്യത്തില്‍ നോക്കിപ്പറയും. എന്റെ ജാതകവും കൊച്ചമ്മ നോക്കി. ശ്ലോകമുദ്ധരിച്ചുകൊണ്ട്്പറഞ്ഞതിങ്ങനെയാണ്. താമസിയാതെ നിന്റെ വിവാഹം നടക്കും. പെണ്‍കുട്ടി സുന്ദരിയായിരിക്കുമെന്നു മാത്രമല്ല ഉന്നതബിരുദധാരിണിയുമാ യിരിക്കും. പക്ഷേ, ഒരു പ്രത്യേകത, അത് കൊച്ചമ്മയുടെ അഭ്യസ്തമായ നിഗമനമാണ് ഗ്രന്ഥങ്ങളിലുള്ളതല്ല. വ്യാഴത്തിന്റെയും ശുക്രന്റേയും സ്ഥാനങ്ങളും അവയ്ക്കു കളത്രസ്ഥാനവുമായുള്ള ബന്ധവും. വെച്ചു നോക്കുമ്പോള്‍ സ്വരചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യതകാണുന്നു. ശുക്രനും വ്യാഴവും പരിണിത പ്രജ്ഞരായ ഗുരുക്കന്മാരാണല്ലോ. അതുകൊണ്ട്‌ പുറത്തറിയത്തക്കവണ്ണമുള്ള കലഹമുണ്ടാവുകയില്ല. ഇടയ്‌ക്കൊക്കെ യുള്ള സ്വരചേര്‍ച്ചയില്ലായ്മ;അത് ഏതു വീട്ടിലാണ് ഇ്ല്ലാത്തത്.. കൊച്ചമ്മ ആശ്വാസ വാക്കു പറഞ്ഞു. ഞാന്‍ തിരുവനന്തപുരത്തിനു പോയി. അടുത്ത് ഒരു വാരാന്ത്യത്തില്‍ വന്നപ്പോഴാണ് 'അമ്മ മാവേലിക്കരയിലെ കാര്യം പറഞ്ഞത്. ഞാന്‍ മടിച്ചു.അമ്മ മാത്രമല്ല അച്ഛനും നിർബന്ധിച്ചു ; ഗോപാലകൃഷ്ണന്‍ സ്വതസിദ്ധമായ നര്‍മ്മബോധത്തോടെപ്രോത്സാഹിപ്പിച്ചു: "പുതിയ തീറ്റ സാധനങ്ങളെന്തെങ്കിലും കാണും ". അങ്ങിനെ നേരത്തെ ഹാജരായിരുന്ന നാരായണപിള്ള ചേട്ടനുമൊത്ത്് ഞാന്‍ ഗോപാലകൃഷ്ണനുമായി മാവേലിക്കരയ്ക്ക്. പതിവു ചടങ്ങുകള്‍, എഴുതി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്. ബേക്കറി പലഹാരങ്ങള്‍ക്കുപകരം ചക്കച്ചുള വറുത്തതായിരുന്നു. കടുപ്പം കൂടുതലുള്ള ചായയും. ഗോപാലകൃഷ്ണൻ നേരത്തെ ചക്കയുണ്ടായതിനെക്കുറിച്ചുള്ള സംഭാഷണം സമകാലിക രാഷ്ട്രീയത്തിലെത്തിച്ചു . അയാള്‍ വലിയ ഒരു ഇന്ദിരാ പക്ഷപാതിയാണ് അവിടത്തെ അച്ഛനാവട്ടെ ബീഹാറിൽ ടാറ്റാകമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഗാന്ധിജി , സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയ സ്വതന്ത്ര്യ സമരനേതാക്കളെ നേരിട്ടുകണ്ടിട്ടുള്ള , ഇന്ദിരാഗാന്ധിയുടെ സമീപകാല പ്രവൃത്തികളില്‍ അഭിപ്രായവ്യത്യാസമുള്ള ആളും .അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പുള്ള കാലമായിരുന്നല്ലോ രണ്ടുപേരും താന്താങ്ങളുടെ ഭാഗം വീറോടെ വാദിച്ചു കൊണ്ടിരുന്നു . അതിനിടയില്‍ പെണ്‍കുട്ടി വന്നു,പോയി. ഞാന്‍ ഒന്നു രണ്ടു ചോദ്യങ്ങള്‍ ചോദിച്ചു. ഡിഗ്രിക്ക് സബ്‌സിഡറി എന്തായിരുന്നു എന്നൊക്കെയുള്ള പതിവുചോദ്യങ്ങള്‍. സത്യം പറയണമല്ലോ ഞാന്‍ നേരത്തെ പോയി കണ്ടവരേക്കാൾ മുഖശ്രീ യുണ്ടായിരുന്നു ഇവർക്ക് . ഗൗരവക്കാരിയാണ്. പക്ഷേ പല ഗൗരവക്കാരുടെയും മുഖത്തു കാണുന്ന കയ്പ്പ് .ഇവിടെയുണ്ടായിരുന്നില്ല. എന്നല്ല അവ്യക്തമായ ഒരു പ്രസന്നത കാണാമായിരുന്നു. ദൂരെയെവിടെയോ ഒരു പൂവിരിയുന്നതു പോലെ ,ഉദയത്തിനു മുമ്പുള്ള ആകാശം പോലെ. ..........ഞാൻ ചർച്ചയിലേക്കു മടങ്ങി . പക്ഷേ നാരായണപിള്ള ചേട്ടന് തൃപ്തിയായില്ല. അദ്ദേഹം എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ അമ്മയുമുണ്ടായിരുന്നു. വലിയഗൗരവക്കാരി. .... വിദ്യാസമ്പന്നരായ രണ്ടുപേര്‍ ഒരു യുവാവും ഒരു യുവതിയും ബന്ധുവീട്ടില്‍ വെച്ചോ മറ്റോ പരിചയപ്പെട്ടാല്‍ പരസ്പരം സംസാരിക്കാറില്ലേ. ആ ശൈലിയില്‍ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി.ബിഷപ് മൂർ .കോളേജില്‍ ജോലി ചെയ്തിരുന്ന എന്റെ ചില സുഹൃത്തുക്കള്‍ അവരുടെ അദ്ധ്യാപകരായിരുന്നു. എം. എസ്. സി. ക്കു പഠിച്ച യൂണിവേഴ്‌സിറ്റി കോളേജിലെ സുവോളജി പ്രൊഫസര്‍ ഞാന്‍ അവിടെപഠിക്കുമ്പോള്‍ഞങ്ങളുടെ ഹോസ്റ്റല്‍ വാര്‍ഡനായിരുന്നു. ഇതിനൊപ്പം താല്‍ക്കാലികമായി ഒന്നു രണ്ടു കോളേജുകളില്‍ പഠിപ്പിച്ചത്. ബി. എഡി.നു പഠിച്ചത് ഒക്കെ സംസാരവിഷയമായി.ഒരു പാടു സംസാരിക്കുന്ന എനിക്കറിയാം പൊതുവേ മിതഭാഷികളായവരും മനസ്സു തുറക്കാന്‍ തുടങ്ങിയാല്‍ ധാരാളം സംസാരിക്കുമെന്ന്. അങ്ങിനെ മുന്നോട്ടു പോയ സംഭാഷണത്തിന്റെ ഒരു ഘട്ടത്തിലാണ് അത് സംഭവിച്ചത് അവര്‍ ചിരിച്ചു. ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ ചിരി!. 'ഒരിക്കല്‍ നീ ചിരിച്ചാൽ വിടരും പൗര്‍ണ്ണമികള്‍','നിന്റെ മന്ദസ്മിതം പോലുമൊരു വസന്തം ' എന്റെയുള്ളില്‍ ഗാനഗന്ധര്‍വ്വനും ഭാവഗായകനും മത്സരിച്ചുപാടി. 'ഇതുമതി' ഞാന്‍ എന്നോടുതന്നെ പറഞ്ഞു 'ഇതുമതി'. മടങ്ങിപ്പോരുമ്പോള്‍ ഗേപാലകൃഷ്ണനും പറഞ്ഞു: 'ഇതുമതി. ഇനിയെങ്ങും പോവണ്ട". 'അതിനവര്‍ക്കും കൂടി ഇഷ്ടമാവണ്ടേടാ '... ഞാന്‍ ചോദിച്ചു.'കൊച്ചാട്ടനെ ആര്‍ക്കാണ് ഇഷ്ടമാവാത്തത്' എന്നായിരുന്നു അവന്റെ മറുചോദ്യം അവനെന്നെ അത്രക്കിഷ്ടമായിരുന്നു. 'അവര്‍ക്കിഷ്ടമാവും മുഖം കണ്ടാലറിഞ്ഞുകൂടെ'. അവനെപ്പോഴാണ് നിരീക്ഷണം നടത്തിയതെന്നറിഞ്ഞുകൂടാ. വീട്ടില്‍ വന്ന് ഞാനമ്മയോടു പറഞ്ഞു ഇതു തന്നെ നടത്തിയാല്‍ മതിയെന്ന്. ഇത് ജനുവരിയിലോ ഫെബ്രുവരി ആദ്യമോആണ്.ഞാന്‍ പിന്നീട് അവരെ കാണുന്നത് മേയ് 20ന് രാവിലെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ആനക്കൊട്ടിലെ കല്ല്യാണപന്തലില്‍ വെച്ചാണ്.താലികെട്ടാനും മാലയിടാനും. അതിനെക്കുറിച്ച് പിന്നീട് ..........

2021 ഡിസംബർ 23, വ്യാഴാഴ്‌ച

നെറ്റിയിലിറ്റു നിലാവിന്‍ ചന്ദനമിട്ടും .......' ------------------------------------------------------------- സുഗതകുമാരിയെ ഓർക്കുമ്പോൾ ---------------------------------------------------- ആര്‍. എസ്. കുറുപ്പ് ------------------------------- ആദ്യം വായിച്ച സുഗതകുമാരിക്കവിത 'അഭയാര്‍ത്ഥിനി ' ആണെന്നാണ് ഓര്‍മ്മ. സ്‌ക്കൂള്‍ പാഠപുസ്തകത്തില്‍ അതുണ്ടായിരുന്നു. ഓ. എന്‍. വി. യുടെ 'അനിയത്തി'ക്കും തിരുനല്ലൂരിന്റെ 'ആദ്യത്തെ.തീവണ്ടി'ക്കും പി.ഭാസ്‌ക്കരന്റെ 'ഹിരോഷിമ'ക്കും ഒപ്പം . 'പ്രേമസംഗീത'വും 'ലീല'.യുടെ ഒരു ഭാഗവും' 'മലയാളത്തിന്റെ തലയും '. ഒക്കെയുള്ള ആ പദ്യപാഠാവലിയിൽ ഉൾപ്പെടുത്തപ്പെട്ടിരുന്ന മേൽപ്പറഞ്ഞ പുതുകവിതകള്‍ പഠിപ്പിക്കുന്നവരും പഠിക്കുന്നവരും വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. ഞാനെന്തായാലും ആനാലു കവിതകളും പല ആവൃത്തി വായിച്ചിരുന്നു..സുഗതകുമാരിയുടെ ആ കവിതയിലും വിപിന വിഹാരിയുണ്ടായിരുന്നു . അഭയാര്‍ത്ഥിനി ആവേണ്ടി വരുന്നതിനു മുമ്പ് തന്റെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ 'പ്രേമാദ്രയായ രാധികക്കൊപ്പം നിന്ന് വിപിനവിഹാരിയെ കൂപ്പിയവ ളാണ'വൾ ..സര്‍വ്വവും തകര്‍ന്ന അവളെ രക്ഷിക്കാതെ 'എവിടെപ്പോയ് നീ ഹരേ '.എന്ന ധർമ്മരോഷം, അവളെ മനസ്സുകൊണ്ടല്ലാതെ ശരീരം കൊണ്ട് ആലിംഗനം ചെയ്യാന്‍ കഴിയാത്തതിലെ ആത്മനിന്ദ ഇവയൊക്കെ .എന്റെ ഉള്ളില്‍ തട്ടിയതുകൊണ്ടാവണം കമ്മ്യൂണിസ്റ്റു കവികളുടെ രചനകളേക്കാള്‍, അന്നത്തെ ശൈലിയില്‍, 'പുരോഗമനസാഹിത്യം' 'അഭയാര്‍ത്ഥിനി'യാണെന്ന് എനിക്കു തോന്നി. .സരളവും സുഭഗവുമായ രൂപശില്പം എന്നെ വല്ലാതെ ആകര്‍ഷിക്കുകയും ചെയ്തു. മനുഷ്യനെ അവന്റെ ദുരിതങ്ങളില്‍ ചേര്‍ത്തുപിടിക്കുക, അങ്ങിനെ മനുഷ്യവര്‍ഗ്ഗത്തെ ഒരിഞ്ചെങ്കിലും മുന്നോട്ടുനയിക്കുക അതുചെയ്യുന്നതെന്തോ അതാണ് പുരോഗമനസാഹിത്യമെന്ന എന്റെ പിൽക്കാല വിശ്വാസത്തിന് അബോധ പൂർവമായി അടിത്തറയിട്ടിരുന്നുവോ .ഈ കവിത? ആവോ! പക്ഷേ ആകവിത സമ്മാനിച്ച അപൂർവ രസാനുഭൂതി ഇന്നും മനസ്സുലുണ്ട്. എന്നെ അമ്പരിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ഒപ്പംതത്വചിന്താപരമായിആലോചിപ്പിക്കുകയും ചെയ്ത ഒരു സുഗതകുമാരിക്കവിത അധികം താമസിയാതെ വായിക്കാന്‍ ഇടയായി 'ശക്തി പൂജ'. 'അറിവു ഞാൻ ന് നര്‍ത്തനമാടാന്‍ പ്രിയപ്പെട്ട തവിടേക്കു ഘോരശ്മശാനമത്രേ. അതിനാലെന്നുള്ളവും ദേവീ ഞാന്‍ വൻ ചിതയെരിയുന്ന ചുടുകാടായ് മാറ്റിടുന്നു.' അതുകൊണ്ട് 'വരിക ഘനശ്യാമരൂ പിണി ......' താണ്ഡവം എന്റെ മനസ്സാകുന്ന ചുടലയിലാവട്ടെ എന്ന് ദേവിയെ ആഹ്വാനം ചെയ്യുന്ന. ആ കവിത, അതുല്യമായ ഒരു കാവ്യാനുഭവമായിരുന്നു;.സമ്പൂര്‍ണ്ണമായ ആത്മസമര്‍പ്പണം, സാക്ഷാത്കാരത്തിനുവേണ്ടി!. . ആയിടെതന്നെയാണ് 'യമുനാതീരേ' എന്ന കവിതയും . വായിക്കാനിടയായത്. അതും ആത്മസമര്‍പ്പണത്തിന്റെ കവിത തന്നെയായിരുന്നു;.കൃഷ്്ണനെ കാണാനുഴറുന്ന. ഒരു ഗോപികയ്ക്ക്് സഖി നല്‍കുന്ന ഉപദേശരൂപത്തിലുള്ള കവിത ."ചെല്ലുകാക്കഴലിൽ നീ ,സര്‍വ്വവും കാഴ്ചവെയ്ക്കൂ ".. അവരുടെ കവിതകള്‍ വരുന്ന മുറയ്ക്ക് തന്നെ ഞങ്ങള്‍ വായിച്ചു. വായനക്കാര്‍ക്ക്് ഒരു കാര്യം ബോദ്ധ്യമായി. ആ കവിതകളെല്ലാം ആത്മ സമര്‍പ്പണത്തിന്റെ കവിതകളായിരുന്നു. സാക്ഷാത്കാരത്തിനുവേണ്ടിയുള്ള ഇശ്ചയായിരുന്നു അവയുടെ എല്ലാം ആധാരശ്രുതി.അന്നേ ഞങ്ങളൊക്കെ ശ്രദ്ധിച്ച ഒരു പ്രത്യേകത ആ കവിതകളില്‍ മിക്കവയിലും ആഖ്യാതാവ് പുരുഷനായിരുന്നു ഉപാസനാ മൂര്‍ത്തിയും അങ്ങിനെ തന്നെ. കരുണാമയനായ അവനെ കാത്തിരിക്കുന്ന സാധാരണക്കാരന്‍,,സമഷ്ടിപുരുഷനുമായി ഏകത്വം കൊതിക്കുന്ന വ്യഷ്ടിപുരുഷൻ . "......പൊൻപരിവേഷമണിഞ്ഞും ,നെറുകയിൽ എന്‍ പ്രേമത്തിൻ മുള്‍മുടിചേര്‍ന്നും പുഞ്ചിരി തൂകിയണഞ്ഞിടുവോനെ ......" .നിന്റെ കരതാര്‍ നീളുന്നു. തരാൻ എന്താണു ള്ളതത്? "വെറുതേവെറുമൊരു വേദന മാത്രം ' ഈവേദന അവരുടെ കവിതളിലാകെ ഒരു അന്തര്ധാരയായി വർത്തിക്കുന്നുണ്ട് ' അവനും ഞാനും ഒന്നാവാന്‍ കഴിയാത്തതിന്റെ വേദനയാണോ അത്? ദ്വൈതഭാവം സൃഷ്ടിക്കുന്ന വേദന.! സുഗതകുമാരി പ്രാപഞ്ചിക ദുഃഖങ്ങളെക്കുറിച്ചുള്ള കവിതകളെഴുതിയിട്ടുണ്ട്്. നല്ല കവിതകള്‍! 'സാരേ ജഹാംസേ അഛാ' പെട്ടെന്ന് തോന്നുന്ന ഉദാഹരണം. 'കൊല്ലേണ്ട തെങ്ങിനെ' പോലൊരു കവിത മലയാളത്തില്‍ വേറെ ഉണ്ടോ? എന്നിരുന്നാലും അവരുടെ ഏതാണ്ടൈല്ലാം കവിതകളിലും അന്തര്യാമിയായി .വർത്തിക്കുന്ന ദുഃഖം കൂടുതല്‍ ദാര്ശനികമായ ഒരുതലത്തില്‍ അനുഭവിക്കപ്പെടേണ്ടതാണ്.. 'വെറുമൊരു വേദന മാത്രം' എന്ന മനോഹരകവിത മറ്റൊരു തരത്തില്‍ കൂടി വായിക്കപ്പെടേണ്ടതാണ്. പൊന്‍പരിവേഷമണിഞ്ഞവന് നല്‍കാന്‍ വേദനക്കൊപ്പം മറ്റു ചിലതുകൂടിയുണ്ട് അതിലൊന്നിതാണ്. 'കാലടി തന്നില്‍ തളിരിലമര്‍ന്നു... പതിഞ്ഞൊരുവിഷമുള്ളരാന്നെ വിളിക്കും കണ്ണിന്‍ കദനം മാത്രം ...'. അത് 'വെറുതെ നടിച്ചതാ'യിരുന്നില്ലേ ? വിശദീകരിക്കുന്നു വലയത്തിനുള്ളിൽ ! 'കപടം ? ഹാ! നിണമിറ്റു പതിക്കിലും അതു കാണാതെ നിനച്ചേനെന്റെ ശകുന്തളവീണു മരിക്കും വരെയും ' 'വെറുതെ നടിച്ചു' എന്നത് രാജാവ് തോഴനോട് പറഞ്ഞതാണ്...ആരും അത് കണ്ടിട്ടില്ല . തോഴനോടു പക്ഷേ രാജാവ് പ്രണയത്തെക്കുറിച്ച്് പറഞ്ഞത്.'പരിഹാസവിജല്പിതം ' എന്നും 'പരമാർഥേന ന ഗൃഹ്യതാം വച 'എന്നുമാണല്ലോ . ഒരു യഥാര്‍ത്ഥ ശിങ്കടിയാവുന്നുവിദൂഷകന്‍. ഇപ്പറഞ്ഞ കള്ളങ്ങളാണ് യഥാര്‍ത്ഥ സത്യം എന്ന് അവ കള്ളങ്ങളാണെന്നറിഞ്ഞു കൊണ്ടു തന്നെ വിശ്വസിക്കുകയും ചെയ്തു..(ഓർവിലിയൻ 'ഡബിൾ തിങ്ക് 'തൊള്ളായിരത്തി മുപ്പതുകളിൽ ഉടലെടുത്ത ഒരു പ്രതിഭാസമല്ല !!) പക്ഷേ യാഥാർഥ്യം വിഷമുള്ളു കാലിൽ തറച്ചു എന്നതു തന്നെയായിരുന്നു. അതൂരികൊടുക്കാന്‍ 'നാഗരികാംഗനാ രസികനായ ' നായകൻ .തയ്യാറായതുമില്ല. ഇപ്പോള്‍ കരുണാമയൻ അരികിലെത്തുമ്പോള്‍ അതു ചെയ്യാതിരുന്നതിന്റെ വേദനയും ആത്മനിന്ദയും കൂടി അവന്റെ മുന്നില്‍ സമര്‍പ്പിക്കപ്പെടുകയാണ്. ശാകുന്തളത്തിൻറെ ഈ നൂതനാവിഷ്‌ക്കാരം, ഹൃദയഹാരിയും ഹൃദയസ്പര്‍ശിയുമായ ഈ പുനരാവിഷ്‌ക്കാരം ഒരു പക്ഷേ നമ്മുടെ പുരാവൃത്ത പുനരാവിഷ്കാരങ്ങളിൽ സമാനതകളില്ലാത്ത ഒന്ന് സുഗതകുമാരിയെ പ്രശംസിക്കുന്നത് വര്ണാശ്രമ ധർമ്മമായി സ്വീകരിച്ച മലയാള നിരൂപണം ഒട്ടും ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു.. സാക്ഷാത്കാരത്തിനുമറ്റൊരു മാര്‍ഗ്ഗം പ്രശസ്തമാണ്. വിപരീതഭക്തി , രാവണനും ഹിരണ്യ കശിപുവും ഒക്കെ പ്രയോഗിച്ചത്.. അപ്പോള്‍ സായൂജ്യം എളുപ്പമാകുമത്രേ. സുഗതകുമാരിയുടെ എക്കാലത്തെയുംമികച്ച കവിതകളിലൊന്ന് ഈ ആദർശം ഉള്‍കൊള്ളുന്നതാണ്.:കാളിയമർദ്ദനം . 'കുനിഞ്ഞതില്ലീ പത്തികൾ കണ്ണാ കുലുങ്ങിയില്ലീ കരളിന്നും ....' ........................എന്നു വായിച്ചു തുടങ്ങിയപ്പോള്‍മലയാളി കാവ്യാസ്വാദകന്‍ അഭൂതപൂർവമായൊരു കാവ്യാനുഭവത്തിനു .വശംവദനാവുകയായിരുന്നു ഒരു വായനയില്‍ തന്നെ,'' ഇതാ ഒറ്റകവിതകൊണ്ട് അമരത്വം വരിച്ച കവയത്രി എന്ന് 'കാളീയമര്‍ദ്ദന'ത്തിന്റെ ആദ്യവായനയില്‍ തന്നെ എനിക്ക് തോന്നിയെന്ന്് '' പറഞ്ഞത് സാക്ഷാല്‍ എന്‍. കൃഷ്ണപിള്ള യാണെന്നോർക്കണം . അത് മലയാളിവായനാ സമൂഹത്തിന്റെ പൊതു അഭിപ്രായമാ യിരുന്നു . കര്‍മ്മങ്ങളെ വേദനയോടെ അനുഭവിച്ചുതീര്‍ക്കുന്ന പീഡിതമായ ജീവാത്മാവ്, അതിന്റെ അഹങ്കാരത്തിന്റെ വിഷമയങ്ങളായ പത്തികളിൽ തേജോ നൃത്തം നടത്തുന്ന ഈശ്വരന്‍. ഈ സനാതനസിദ്ധാന്തം ആണ് കവിതയുടെ വര്‍ണ്ണ്യവിഷയം എന്ന് കവി തന്നെപറയുന്നു. പക്ഷേ അത് ഭാഗീകമായ സത്യമാണെന്ന് വായനക്കാരന് തോന്നുന്നു. വിധിയുടെ താഡനങ്ങളെ , എല്ലാ വേദനകളെയും തൃണവല്ഗണിച്ചുകൊണ്ട് .നേരിട്ട് ' തലയുയര്‍ത്തിപിടിച്ചു നില്‍ക്കുന്ന അഭിമാനിയാണ്് കാളീയന്‍. അയാള്‍ നോക്കിക്കാണുന്നത് അതീവ സുന്ദരമായ ഒരു നൃത്തമാണ്.കേവലസൗന്ദര്യത്തിന്റെ ആവിഷ്്്ക്കാരമാണ് നൃത്തം. കാളീയ മര്‍്്ദ്ദനത്തിന്റെ അലൗകികവും ദിവ്യവുമായ സൗന്ദര്യം ദ്രുതതാളത്തില്‍ നൃത്തംചെയ്യുന്നഭാഷയിലൂടെ അനുഭവ വേദ്യമാക്കുന്നു ഈ കവിത . 'പോയ വെളിച്ചം ഇരുട്ടാവുകിലും തീയാറാത്തൊരു ശോണാകാശം ആലയിലണയാതലസം നിന്നു മയങ്ങും വേനല്‍ക്കാല ദിനാന്ത്യം...' എന്റെ കൗമാരത്തിലെ മദ്ധ്യവേനല്‍സന്ധ്യതന്നെയായിരുന്നു.പക്ഷേ, അതിത്ര ഹൃദയാവർജ്ജ കമായി ചിത്രീകരിക്കപ്പെടാന്‍ കഴിയുമെന്ന് സുഗതകുമാരിയുടെ 'വെളുത്ത പൂവുകൾ ' വായിച്ചപ്പോഴാണ് ബോദ്ധ്യമായത്. ആ ദിനാന്ത്യത്തിൽ 'നെറ്റിയിലിറ്റു നിലാവിന്‍ ചന്ദനമിട്ടും കയ്യിലൊരുഞ്ചാറി തളും മൊട്ടുംപേറിയു മാവഴിതെല്ലുതിടുക്കില്‍ നടന്നുവരുന്നു സന്ധ്യ.....' ഈ സന്ധ്യഎന്റേതായിരുന്നു. സന്ധ്യമാത്രമല്ല അവിടെ അനുക്തമായ ഉപേമേയമായ, വീട്ടില്‍ വിളക്കു കൊളുത്താന്‍ അമ്പലത്തില്‍ നിന്ന് കൈതോലകള്‍ അതിരി ട്ട നാട്ടുവഴിയിലൂടെ തിടുക്കത്തില്‍ നടന്നുവരുന്ന നാട്ടിന്‍പുറത്തെ യുവതി-....യുവതികള്‍, എന്റെ ചേച്ചിമാര്‍. ആചേച്ചിമാരില്‍ ഒരാളായി ഈ കവിയും എന്റെ മനസ്സില്‍കടന്നു ക്കയറിക്കൂടി. അതുകൊണ്ടുമാത്രമല്ല ഈകവിത എനിക്ക് പ്രിയപ്പെട്ടതാകുന്നത്. വായനക്കാര്‍ക്ക് ശുഭാപ്തി വിശ്വാസം പകര്‍ന്നുക്കൊടുക്കുന്ന അത്യപൂര്‍വ്വം സുഗതകുമാരി കവിത കളിലാണല്ലോ ഇത്. ശുഭ പ്രതീക്ഷക്ക് കാരണമാവുന്നത് ഒരു വേനല്‍ക്കാല സന്ധ്യയില്‍ ഭാരം ചുമന്നു തളര്‍ന്നു വീഴാറായ ഞങ്ങള്‍ ഒരത്ഭുതം പോലെ വഴിവക്കിൽ കാണുന്ന , "അടിമുടിപൂക്കും" പൂമരമാണ്.. സുശോഭിതായി സുവാസിതയായി 'ഇത്ര വെളുപ്പ് വെളുപ്പിനുമുണ്ടോ' എന്ന്് ചോദിച്ചു പോകുമാറ് വെളുത്ത പൂവുകള്‍ ചൂടിനില്‍ക്കുന്ന പൂമരം. 'പിന്നെ ഇരുട്ടാകിലുമെന്തേ , വൈകിലുമെന്തേ ' ചൂമ ടേറിപോകുന്ന ഞങ്ങള്‍ക്ക് .'.ഉള്ളൊരുപൂക്കളമായി തോന്നി.' ഈ കവിതയില്‍മാത്രമല്ല എല്ലാ സുഗതകുമാരി കവിതകളിലും പ്രകൃതി - പ്രകൃതിയിലെ ഭിന്ന വസ്തുക്കള്‍, പൂമരങ്ങള്‍, മുള്‍ച്ചെടികള്‍, കാടും കടലുംമലയും മഴയും പുഴയുമെല്ലാം സജീവ കഥാപാത്രങ്ങളായിട്ടാണ്പ്രതൃക്ഷപ്പെടുന്നത്്. പ്രകൃതി മനുഷ്യകര്‍മ്മങ്ങളുടെ പശ്ചാ്ത്തലം മാത്രമായിരുന്നില്ല സുഗതകുമാരിക്ക് ഒരിക്കലും. പ്രപഞ്ചത്തിന്റെ കേന്ദ്രം മനുഷ്യനാണെന്നും മറ്റെല്ലാം അവന്റെ ഉപഭോഗത്തിനു വേണ്ടിയാണെന്നുമുളള യൂറോപ്യന്‍ നവോത്ഥാന സന്ദേശം അവരൊരിക്കലും സ്വീകരിച്ചിരുന്നില്ല.. മലയെയും.മരത്തെയും പുഴയെയുമൊക്കെ ദേവതകളായിആരാധിച്ചിരുന്ന, ദര്‍ശനത്തിന്റെയും പ്രകൃതി സൃഷ്ടി സ്ഥിതി സംഹാരകാരിണിയാണെന്നു വിശ്വസിച്ചിരുന്ന സംസ്കാരത്തിന്റെയും പിന്തുടർച്ചക്കാരിയായിരുന്നു അവര്‍. ഈ ദര്‍ശനവിശേഷം അവരുടെ കവിതകളിലെ മുഖ്യപ്രമേയമായ ആത്മസാക്ഷാത്കാരത്തിന്റെ പ്രതിനിധാനങ്ങളിലും കാണാം . കരുണാമയനായ ദിവ്യപുരുഷനെ കാത്തിരിക്കുന്ന ജീവന്റെ ആകുലതകളും പ്രതീക്ഷകളുമാണ് പലകവിതകളിലും വർണ്യം ,ആദ്യകാല കവിതകളില്‍ വിശിഷിച്ചും അന്നതിനെ നിരൂപകര്‍ മിസ്റ്റിസമെന്നു വിളിച്ചു. അന്നത്തെ പതിവനുസരിച്ച് ..ചില കവിതകളില്‍.അത് രാധാകൃഷ്ണ പ്രണയമായി. കൃഷ്ണകവിതകള്‍ എന്നുവിളിക്കപ്പെടുന്നവയില്‍ തന്നെ ചിലതില്‍ ഏതോ ഗോപികയുടെ പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പായി . ഏറ്റവും പ്രശസ്തമായ കവിതകളുടെ കൂട്ടത്തില്‍പ്പെടുന്ന മറ്റൊന്നില്‍ അത് സ്വകർമ്മ നിരതയായി . ഏകാന്തധ്യാനത്തിലൂടെ കൃഷ്ണനെ പ്രത്യക്ഷപ്പെടാന്‍ നിർബന്ധിക്കുന്ന ,കൃഷ്ണനറിയാത്ത ഗോപികയായി ('സ്വകർമ്മണാ തമഭ്യർച്ച സിദ്ധിം വിന്ദതി മാനവ' എന്ന ഗീതാവാക്യം രൂപം ധരിച്ചതു പോലെ) പ്രകൃതിയുടെഭിന്നഭാവങ്ങളിലെ നൃത്തം നിരീക്ഷിച്ചു .ചരിതാര്‍ത്ഥനാവുന്ന പുരുഷനായി,പ്രകൃതി പ്രതിഭാസങ്ങളെ ദേവതാ രൂപത്തില്‍ ആരാധിക്കുന്ന മര്‍ത്ത്യനായി..... ഈ കവിതകളുടെയെല്ലാം ആധാരശ്രുതി വിഷാദത്തിന്റെതാണ്. ലൗകീകമായ ദുഃഖമല്ല. തേടലിന്റെ പ്രതീക്ഷയ്‌ക്കൊപ്പം തീര്‍ത്ഥാടകനുണ്ടാവുന്നതാണല്ലോ എത്തിച്ചേരാത്തതിലെ ദുഃഖവും.. ബുദ്ധതത്വങ്ങളുൾപ്പെടെയുള്ള ഭാരതീയദര്‍ശനങ്ങളെല്ലാം അനന്തതയുടെ വാഗ്ദാനങ്ങളായിരിക്കുമ്പോഴും .അവയുടെ അടിസ്ഥാന ശ്രുതി വിഷാദത്തിന്റേതാണെന്ന് സുഗതകുമാരി 'ഇരുൾ ചിറകുകളു'ടെ ആമുഖത്തിലെഴുതുന്നത് ഒരു ന്യായീകരണമായിട്ടാണ് ;. വസ്തുനിഷ്ഠവും സത്യസന്ധ്യവുമായ ന്യായീകരണം.ദാര്‍ശനികമായ ദുഃഖം ഒരു സത്യമായിരിക്കേതന്നെ തീരെ ചെറിയ കാ ര്യങ്ങളില്‍പോലും സന്തോഷിക്കാന്‍ കഴിയും മനുഷ്യന് എന്ന വസ്തുത സുഗതകുമാരി അംഗീകരിക്കുന്നുണ്ടല്ലോ.. ആ അതിപ്രശസ്തമായ കവിതയില്‍ അങ്ങനെയല്ലെ പറഞ്ഞിരിക്കുന്നത്.. "ആരുചവിട്ടിതാഴ്ത്തിലുമഴലിൻ പാതാളത്തിലൊളിക്കലുമേതോ പൂര്‍വ്വസ്മരണയിലാഹ്ളാദത്തിൻ ലോകത്തെത്തും ഹൃദയം ....പാവം മാനവ ഹൃദയം !' എങ്കിലും 'തീരാത്തതേടലാകുന്നുജന്മം ' എന്ന് പ്രത്യക്ഷമായിത്തന്നെ പറഞ്ഞിട്ടുണ്ട് ഒരു കവിതയില്‍. എത്തിച്ചേരാന്‍ കഴിയാത്തതിന്റെ ദുഃഖത്തിനു കാരണമായി . എത്തിച്ചേരലിനെക്കുറിച്ച് .സുഗതകുമാരി എന്നെങ്കിലും എഴുതിയിട്ടുണ്ടോ? മുക്കാലുംതാഴ്ന്നു കഴിഞ്ഞ തുമ്പിക്കയ്യുടെ അഗ്രംകൊണ്ട് ''ഹരിചന്ദന പരിപാവനഗന്ധം' നുകരുന്ന ഗജേന്ദ്രനെക്കുറിച്ച് നമ്മള്‍ വായിച്ചിട്ടുണ്ട്.പക്ഷേ, അവിടെ കവിത അവസാനിക്കുകയാണ്. എത്തിച്ചേരലിന്റെസായൂജ്യത്തിന്റെ ഒരു കവിത സുഗതകുമാരി എഴുതിയിട്ടുണ്ട്. അവരുടെ ഏറ്റവും നല്ല കവിതകളില്‍ ഒന്ന് 'അഭിസാരിക' കൗതുകകരമായ വസ്തുത ഈകവിതയുടെയും അന്തര്‍നാദം (under tone) ദുഃഖത്തിന്റേതാണ്.. "പാല പൂത്തു മദിക്കുന്ന രാവില്‍/പാരിജാതം മണക്കുന്ന രാവിൽ " രണ്ടേ രണ്ടു വരികളിലൂടെ പ്രകൃതിയുടെ വിലോഭിനീയമായ സൗന്ദര്യം.! വീടിനുള്ളില്‍, ' ക്ലാന്തമാം മുഖംചായ്ച്ചുറങ്ങീടുംകാന്തന്‍', തൊട്ടിലില്‍ വിരലു ണ്ടുമയങ്ങും കുട്ടി...തീര്‍ത്താല്‍ തീരാത്ത അടുക്കളജോലികള്‍. പക്ഷേ, 'കാത്തിരിപ്പു വരൂ വരൂ 'എന്ന് കാട്ടില്‍ നിന്നും കുഴല്‍വിളി... പിന്നെ ഒന്നുമാലോചിച്ചില്ല. ലൗകീകമായതെല്ലാം ഇവിടെ വിട്ട് നിലാവിന്റെ മുല്ലമാലകൾ വാരിയണിഞ്ഞ് ആ കുഴല്‍വിളികേട്ടിടത്തേക്ക്.!. എനിക്കറിയാം ഇത് രാസനൃത്ത ത്തിനുള്ള ആഹ്വാനമല്ല. നീ തീർത്ത പുതിയരാഗം വായിച്ചുകേള്‍പ്പിക്കാനുമല്ല. വേറെന്തെങ്കിലും ആഘോഷത്തിനുമല്ല. എന്നെ മാത്രം വിളിച്ചത് വീണ്ടും "ഒന്നുകാണുവാന്‍ മാത്രമാണല്ലോ". 'അതെ എന്നെ മാത്രം ഒന്നു കാണുവാന്‍ മാത്രമാണല്ലോ!. യാത്ര സാധാരണപോലെ ഉല്ലാസകരമായിരുന്നില്ല. കാലില്‍ മുള്ളുതറച്ച്, ഉടലുരഞ്ഞ് , കാലില്‍ പാമ്പുകള്‍ ചുറ്റിപിണഞ്ഞ്, കുണ്ടില്‍ വീണും വലഞ്ഞും അന്ധ കാരത്തില്‍ ഓടിയെത്തുമ്പോള്‍ ,'അന്ത്യബിന്ദുവില്‍' പുഞ്ചിരിക്കൊള്ളുന്ന ചന്ദനംമണക്കുന്ന നീ, നിന്റെ മാറില്‍ തളര്‍ന്നുവീഴുമ്പോള്‍ "ശ്യാമ സുന്ദരാ മൃത്യുവും നിന്റെ നാമമാണെന്നു ഞാനറിയുന്നേൻ ", സംസാരത്തിന്റെ ബന്ധനത്തില്‍ നിന്നു മുക്തയായി പ്രകൃതിയുടെ സൗമ്യവും പരുഷവുമായ ഭാവങ്ങളിലൂടെ ഗോപിക നടത്തുന്ന യാത്ര അവളുടെ മാത്രമല്ല എല്ലാ സംസാരികളുടെയും ജീവിതയാത്ര തന്നെയാണ്. കാരണം അവള്‍ എത്തിച്ചേരുന്നത് അന്ത്യബിന്ദുവിലാണ്. കണ്ണനോ? എല്ലാം തേരോട്ടങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും വിശ്വരൂപ പ്രദശ്‌നങ്ങള്‍ക്കും ഒടുവില്‍ നിരാശനും ദുഃഖിതനുമായി തന്റെ കൗമാരത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണല്ലോ കണ്ണന്‍.. സാക്ഷാത്കാരംതേടുന്നത് കണ്ണനോ,ഗോപികയോ? പരസ്പര സാക്ഷാത്കാരം എന്നതാവുമോ പരമാര്‍ത്ഥം പ്രകൃതി പുരുഷനുവേണ്ടി നൃത്തം ചെയ്യുന്നുവെന്നും അവന്‍ ചരിതാര്‍ത്ഥനാവുന്നതോടെ -ആത്മ സ്വരൂപം കൈവരിക്കുമ്പോള്‍ ----നൃത്തത്തില്‍ നിന്നും വിരമിക്കുന്നുവെന്നും ഈശ്വരകൃഷ്ണന്‍ സാംഖ്യകാരിക യിൽ പറയുന്നു. ഇവിടെ കണ്ണന്‍മുക്തനാവുകയാണ്.. പ്രകൃതിയായ ഗോപിക അവനില്‍ നിന്ന് ഒരിക്കലും ഭിന്നനായിരുന്നില്ലല്ലോ. തത്വചിന്താപരമായ വ്യാഖ്യാനംഎന്തുമാകട്ടെ കണ്ണുനിറയാതെ ഈ കവിത വായിച്ചവസാനിപ്പിക്കാന്‍ കഴിയുകയില്ല. അത്യപൂര്‍വ്വമായ ഒരു കാവ്യാനുഭവം 'അഭിസാരിക ' പ്രദാനം ചെയ്യുന്നു. . സുഗതകുമാരിയുടെ ഏറ്റവും നല്ല കവിതകളിലെ ഒന്നാണ് 'പാദപ്രതിഷ്ഠ'. രാധയെയോ ഗോപികമാരെയൊ പോലെ അത്രയധികം കവിതകളിലൊന്നും സീത പ്രത്യക്ഷപ്പെട്ടിട്ടില്ല. 'തുഞ്ചന്റെ തത്തയിലും' ധന്യതയിലും സൂചനയുണ്ട്. . 'കത്തും തീയും തൊടില്ലയെങ്കിലുമഴൽക്കാട്ടിൻ നടുക്കായ് പരിത്യക്തം ജീവിതമൊന്നില്‍ നിന്നുയരും പൊള്ളുന്ന നിശ്വാസവും' എന്ന് തുഞ്ചന്റെ തത്തയിലും 'ഏതുകിളിയിണയുടെയിളം ചിറകിലമ്പേൽക്കെ .. യേതു തുടുകാലിണ യിലാദ്യമുള്‍മുനയേല്‍ക്കെ ഏതുപരിപാവനത യവമാന പാവകനിൽ വീഴ്‌കെയെന്‍ കരളിന്നു മുറിവേറ്റു?'' എന്നു 'ധന്യത'യിലും കാണുന്നപരാമര്‍ശങ്ങള്‍ അഗ്നിപ്രവേശം ചെയ്യേണ്ടി വന്നതിനെക്കുറിച്ചു മാത്രമല്ല.സീതയുടെആദ്യത്തെയും രണ്ടാമത്തെയും വനവാസത്തെക്കുറിച്ചുകൂടി സൂചി പ്പിക്കുന്നു..രാധയെ യും അജ്ഞാത ഗോപികയെയും മറ്റു ഗോപസ്ത്രീകളെയും കുറിച്ച് പാടിക്കൊണ്ടിരുന്ന കവിയുടെ മനസ്സില്‍ എന്നും സീത ഉണ്ടായിരുന്നു. ഗോപസ്ത്രീകളുടെ കാര്യത്തില്‍ അവരില്‍ ഒരാളാണ് താനെന്നും അവര്‍ കരുതിക്കാണും. പക്ഷേ സീത സുഗതകുമാരിയുടെ ആരാധ്യദേവതയായിരുന്നു. സ്ത്രീ സങ്കല്‍പ്പത്തിന്റെ പൂര്‍ണ്ണത.! 'പാദപ്രതിഷ്ഠ' സുഗതകുമാരിയുടെ രാമായണമല്ല, സീതായനമാണ്. മഹാദുഃഖനാടകത്തിന്റെ നാന്ദി ....കുറിക്കുന്നത്..വള്ളത്തോളിന്റെ '.'കിളിക്കൊഞ്ചലി'ലൂടെ നാംപരിചയപ്പെട്ട, രാമനാമശ്രവണത്തില്‍ കുതുകയായി അമ്മയുടെ അടുത്തേക്കോടുന്ന കുമാരിയുടെ ചിലമ്പിട്ട പാദങ്ങളാണ് . ഭരത വാക്യം ചൊല്ലുന്നതോ , ഹിമാലയത്തിനു സമീപമുള്ള മിഥിലയിൽ .നിന്ന് പുറപ്പെട്ട് ,ഭാരതവര്‍ഷത്തിലെ കാടും മലകളും സമതലങ്ങളും താണ്ടി തെക്കൻ കടല്‍കടന്ന് ലങ്കയിലെത്തിഅഗ്നിയിലൂടെ നടന്നു തിരിച്ചെത്തി ,വീണ്ടും കാട്ടിലെ കല്ലും മുള്ളും ചവിട്ടിനടന്ന വിണ്ടു കീറിയ തൃപ്പാദങ്ങളും , അശ്രുപൂർണ്ണാകുലേക്ഷണനായ രാമന്റെ ദൃഷ്ടിപഥത്തില്‍ നിന്ന് ഭൂമാതാവിന്റെ ഗർഭത്തിലേക്ക് പിൻവാങ്ങുന്ന ആ "രണ്ടു പാദങ്ങളെ എന്റെ ഹൃദയത്തിൽ ഞാൻ പണ്ടേ പ്രതിഷ്ഠിച്ചിരിപ്പൂ " സീത രാമനുമായി ചേരുന്നതു മുതല്‍ വേർപിരിയുന്നതു . വരെയുള്ള കഥ.;.ഇതിലെ ഓരോ ഖണ്ഡത്തിലും രാമനുണ്ട്. 'അശ്രുപൂർണ്ണം രാമ നേത്രങ്ങള്‍ ദൂരെ നിന്നർച്ചിച്ചിടുന്ന പാദങ്ങള്‍' വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രാമന്റെ കണ്ണുകളിലെ സൂക്ഷ്മദൃക്കുകൾക്ക് മാത്രം കാണാൻ കഴിയുന്ന അശ്രുബിന്ദുക്കൾ ആദ്യം കണ്ടത് വാല്മീകിയാണ് .പിന്നീട് ആ കണ്ണുനീർ ആരും കാണാന്‍ ശ്രമിച്ചതുമില്ല.ഈഷദ്ബാഷ്പ പരിപ്ലൂതങ്ങളായിരുന്നു യുദ്ധാനന്തരം സീതയെ.സർവ്വാഭരണ വിഭൂഷിതയായി സദസ്സിലേക്കാനയിക്കാൻ കൽപ്പിക്കുന്ന രാമന്റെ കണ്ണുകളെന്ന പ്രസ്താവം ശ്രദ്ധിക്കുക(വാല്മീകി രാമായണം യുദ്ധകാണ്ഡം ).പുരോഗാമികളായ രാമായണ പഠിതാക്കള്‍ ഇതു കണ്ടില്ലെന്നു നടിക്കുകയാണ് പതിവ് . ഇവിടെ മാത്രമല്ല നിർവാസ നിശ്ചയത്തിന്റെ സമയത്തും ഈ അശ്രുക്കള്‍ രാമന്റെ നേത്രങ്ങളിലുണ്ടായിരുന്നു.അതായത് വാത്മീകി ഉറപ്പിച്ച് പറയുന്നത് രാമന്‍ സീതയെ ഒരിക്കലും സംശയിച്ചിട്ടില്ലെന്നു തന്നെയാണ് . സ്വധർമ്മമായ രാജ്യഭരണത്തിന്റെ നിര്ബന്ധ പ്രേരണകളാണ്. ലങ്കയില്‍വെച്ച് പരുഷമായി സംസാരിച്ച് അഗ്നിപ്രവേശത്തിനു സീതയെ നിര്‍ബന്ധിതയാക്കിയതിനും പിന്നീട് അയോദ്ധ്യയില്‍ വച്ച് നിര്‍വ്വാസദണ്ഡനവിധിക്കുന്നതിനും രാമനെ നിര്‍ബന്ധിതനാക്കിയത് എന്തായാലും സുഗതകുമാരി ആ കണ്ണുനീർ കണ്ടു..അതുമാത്രമല്ലതാനും അവർ കണ്ടത് .സീതാരാമകഥയിലെ ചില അനർഘനിമിഷങ്ങൾ അവര്‍ ഉള്‍കണ്ണില്‍ കണ്ട് വാങ്മയദൃശ്യങ്ങളായി വായനക്കാര്‍ക്ക് സമ്മാനിക്കുകയും ചെയ്തു. "അറിയില്ലയൊന്നുമെന്നോ.മനവാക്കിന്റെ ചിരി കിലുങ്ങിക്കൊണ്ടിരിക്കെ "..സംവേദനം ചെയ്യുന്നത് .അശ്രുത പൂർവമായൊരുനുഭൂതിയാണ്. അവിദഗ്ധമായി പണിപ്പെട്ട് സീതാപാദങ്ങളിൽ പത്തിക്കീറെഴുതുക മാത്രമല്ല രാമന്‍ചെയ്തതാ യി സുഗതകുമാരിപറയുന്നത് കാട്ടില്‍വെച്ച് കാലില്‍മുള്ള് കൊള്ളുമ്പോള്‍ തഴുകി ആശ്വസിപ്പിക്കുമായിരുന്നു പ്രിയന്‍. തനിച്ച് കാനനംവാസം ചെയ്യേണ്ടിവന്ന അവസാന നാളുകളില്‍ കാലില്‍ മുളളുതറച്ചപ്പോൾ സീത ഓര്‍ത്തുപോയതാണ്. രചനാ സൗഷ്ടവം കൊണ്ടും ആശയഗരിമകൊണ്ടും രസപൗഷ്കല്യം കൊണ്ടും മലയാളത്തിലെ സീതാകാവ്യ ങ്ങളെയെല്ലാം ബഹുദൂരം പിന്തള്ളുന്ന' പാദപ്രതിഷ്ഠ' കൂടുതല്‍ വിശദമായ പഠനംആവശ്യപ്പെടുന്നു. കരുണാമയനുവേണ്ടിയുള്ള ജീവാത്മാവിന്റെ കാത്തിരിപ്പ്, സാക്ഷാത്കാരമോഹം ഇവയൊക്കെ ആവിഷ്‌കരിക്കുന്നതിനിടയില്‍ സുഗതകുമാരി മനുഷ്യന്റെ ദൈനംദിനജീവിതത്തെ വിസ്മരിക്കുകയുണ്ടായോ? ഇല്ല. മിസ്റ്റിക്ക് എന്ന ആദ്യകാല നിരൂപകര്‍ വിളിച്ചിരുന്ന കവിതകളുള്‍പ്പെടെ അവരുടെ എല്ലാം കവിതകളും പ്രാപഞ്ചിക ദുഃഖത്തിന്റെ കൂടി ഗാഥകളായിരുന്നു. ആ വസ്തുത വിശദീകരിക്കുന്നതിനുമുമ്പ് സാധാരണ മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങളെക്കുറിച്ച് അവരെഴുതിയ കവിതകളിലേക്കുവരാം. അവരുടെ കാവ്യജീവിതത്തിന്റെ രണ്ടാം പകുതിയില്‍ പ്രത്യക്ഷപ്പെട്ട കവിതകളിലേറെയും അങ്ങനെയുള്ളവയായിരുന്നു. മനുഷ്യരെക്കുറിച്ചു മാത്രമല്ല മറ്റുജീവജാലങ്ങളെക്കുറിച്ച് കൂടി അവരെഴുതി. മരക്കവി എന്ന പേര് സമ്പാദിക്കുകകൂടി ചെയ്തു അവര്‍. അക്കൂട്ടത്തില്‍ അവിസ്മരണീയങ്ങളായ രണ്ടു കവിതകള്‍ ഇവിടെ ചര്‍ച്ചചെയ്യാനുദ്ദേശിക്കുന്നു. 'സാരേ ജഹാംസേ അച്ഛാ ', നേരത്തെ സൂചിപ്പിക്കപ്പെട്ടിരുന്നു. ഇരമ്പുന്ന റേഡിയോ പാട്ടും ത ല്ലും തെറിയും കരച്ചിലുമൊക്കെയായി ഉറങ്ങാതിരിക്കുന്ന ഒരു ചേരിയിലെ ,ഇരുളിന്റെ മറപറ്റി സ്വയം വിലപേശി നില്‍ക്കുന്ന ഒരു പതിനഞ്ചുകാരി. ആവിലപേശലിന്റെ അര്‍ത്ഥം ഓര്‍ത്തപ്പോള്‍ 'മനംമുറിഞ്ഞ് ചോരത്തുള്ളി ഇറ്റിറ്റുവീഴുന്നു കുഞ്ഞേ' എന്നവളോടു മനസ്സില്‍ പറയാനേ കഴിയുന്നുള്ളൂ കവയത്രിക്ക്. ഒപ്പം സ്‌ക്കൂള്‍ യൂണിഫോമും പുസ്തക്കെട്ടുകളും കൊടുത്തു പഠിക്കാനയച്ചാൽ അവളും മറ്റുകുട്ടികള്‍ക്കൊപ്പം 'സാരേം ജഹാംസേ അഛാ' പാടുമായിരുന്നു എന്ന് ആലോചിക്കാനും ... എല്ലാം കുട്ടികള്‍ക്കും അതിനു കഴിയുന്ന ഒരുകാലത്തു മാത്രമേ ലോകത്തേക്കും സുന്ദരമായ ദേശം ഇതുതന്നെയാണ് എന്ന് അഭിമാനപൂര്‍വ്വം പാടാന്‍ കഴിയൂ എന്നൊരു അനുക്ത സന്ദേശം ഇതിലുണ്ട്. ഒരുപക്ഷേ അങ്ങിനെയൊരു ലോകത്തിനു വേണ്ടിപാടുന്നതിനേക്കാള്‍ നല്ലത് പ്രവര്‍ത്തിക്കുന്നതാണ് എന്ന തീരുമാനമെടുക്കുവാന്‍ സുഗതകുമാരിയെ പ്രേരിപ്പിച്ച അനുഭവങ്ങളിലൊന്ന് ഇതാവാം. പ്രഭാഷണങ്ങളേക്കാളും മുദ്രാവാക്യപ്രഘോഷണ ങ്ങളേക്കാളും മനുഷ്യ മനസാക്ഷിയെ ഉണര്‍ത്താന്‍ ,പ്രക്ഷുബ്ധമാക്കാന്‍ ഈ ഇരുപതു വരികൾക്ക് കഴിഞ്ഞു ... എന്നാല്‍ കേരളമനസാക്ഷിയെ പ്രകമ്പനം കൊള്ളിച്ച ഒരു വാങ്‌ മ യ വിസ്‌ഫോടനം ആണ് വരാനിരുന്നത്. 'കൊല്ലേണ്ടതെങ്ങനെ'. മനസ്സിന് വളർച്ചയില്ലാത്ത ശരീരത്തിനു പൂര്‍ണ്ണവളര്‍ച്ചയുള്ള കുട്ടികള്‍ സമൂഹത്തിന്റെ പ്രധാന പ്രശ്‌ന മാണല്ലോ. .അങ്ങനെയുളള പെണ്‍കുട്ടികള്‍ വിശേഷിച്ചും .ശരീരത്തിനു മുപ്പത്തിയേഴു വയസ്സുള്ള, മനസ്സിന് ഒരു വയസ്സുപോലും തികയാത്ത മകളെ ചൊല്ലിയുള്ള ഒരു അമ്മയുടെ ഉല്‍കണ്ഠ പ്രക്ഷോഭജനകമായ അതേസമയം മനോഹരമായ ഒരു കവിതയായി വാർന്നു വീണതാണ് .'കൊല്ലേണ്ടതിങ്ങനെ'. തനിക്കു ശേഷം ആ കുട്ടി എങ്ങിനെ ജീവിക്കുമെന്നറിയാത്ത അഥവാ എങ്ങിനെയായിരിക്കും ആ കുട്ടിയുടെ ശിഷ്ടജീവിതം എന്ന് ആരെക്കാളും നന്നായറിയുന്ന 'അമ്മ തനിക്കു ശേഷം അവൾ ജീവിച്ചിരിക്കേണ്ടില്ല എന്നു തീരമാനിക്കുന്നു. വേദനയില്ലാതെഎങ്ങനെ അവസാനിപ്പിക്കാം എന്നാലോചിക്കുന്ന അവരുടെ മനസ്സിലൂടെ കുഞ്ഞിന്റെ ജീവിതം അഥവാ , കുഞ്ഞുമൊത്തുമുള്ള അവരുടെ ജീവിതം ഒരു ചലച്ചിത്രം പോലെ തെളിയുന്നു. ..നിവൃത്തിയില്ല .നമുക്ക് ഒരുമിച്ച് ഈ ലോകം വിടാം. ഇരുട്ടിനപ്പുറത്ത് കാണുമ്പോൾ മകൾ തന്നെ അമ്മേ എന്നുവിളിക്കുമെ ന്ന് അവര്‍ ആഗ്രഹിച്ചുപോകുന്നു. ഇഹലോകത്തില്‍ സംസാര ശേഷിയില്ലാത്ത അവൾക്ക് അതിനു കഴിയുകയില്ലല്ലോ ഡോ. എം. ലീലാവതി യാണ് വാങ്മയ വിസ്‌ഫോടനം എന്ന് ഈ കവിതയെ വിശേഷിപ്പിച്ചത്.സുഗതകുമാരിയുടെ പില്‍ക്കാലകവിതയെ ഒരു പക്ഷേ, അതിനേക്കാളധികം അവരു ടെ പൊതുപ്രവര്‍ത്തനത്തെ ഈ കവിതക്കാസ്പദമായ സംഭവങ്ങളും സ്വാധീനിച്ചിരിക്കണം പ്രകൃതിയും പുരുഷനുമെന്ന ദാർശനിക പ്രശ്നത്തിലെന്നപോലെ പ്രകൃതിയും മനുഷ്യനുമെന്ന ദൈനംദിന വ്യവഹാരത്തിലും ശ്രദ്ധാലുവായിരുന്നു സുഗതകുമാരി .അപ്പോഴും അവർക്ക് പ്രകൃതി മനുഷ്യനിൽ നിന്നന്യമായ ഒന്നായിരുന്നില്ല ..പ്രകൃതി വസ്തുക്കൾ, പ്രതിഭാസങ്ങൾ .ഒക്കെ അവർക്ക് സജീവ കഥാപാത്രങ്ങളായിരുന്നു .മനുഷ്യനേക്കാൾ പ്രാധാന്യം മരങ്ങൾക്കും സിംഹവാലൻ കുരങ്ങുകൾക്കും നൽകിയെന്നേരാരോപണം തന്നെയുണ്ടായിരുന്നല്ലോ .അതു പക്ഷേ നമ്മുടെ സാഹിത്യത്തിലെ ഏറ്റവും അപഹാസ്യമായ കഥയില്ലായ്മകളിലൊന്നാണ് .കാടിനെക്കുറിച്ച് പാടുമ്പോഴും അവിടെ അവർ കണ്ട'പശിയാൽ കലങ്ങിയ പെൺവയറുകളാ'യിരുന്നു അവരുടെ പ്രഥമ പരിഗണനാവിഷയം .'ആദിവാസി സാക്ഷരത ' എന്ന കവിത അവരുടെ കാഴ്ചപ്പാട് സംശയ രഹിതമായി വ്യക്തമാക്കുന്നുണ്ട് .'ആദിവാസിക്കല്ലോ കാടില്ലാത്തു' കാടുള്ളതോ ?'കയ്യേറി തമ്പ്രാക്കന്മാർക്ക് ''കള്ള ചചീട്ടുള്ള വർക്കൊക്കെ ''ആയിരം പള്ളിക്ക് ''അണകെട്ടി തമ്പ്രാക്കൾക്ക് കാട് '..സുഗതകുമാരി ക്രൂരമായി അപഹസിക്കപ്പെട്ടതിൽ അദ്‌ഭുതമില്ല .പക്ഷേ ആദിവാസിയുടെ ഈ ഉത്കണ്ഠ പൂർണമായി ഉൾക്കൊണ്ടു എന്ന് മാത്രമല്ല അത് ശക്തിയായി വായനക്കാരിലേക്ക് സംക്രമിപ്പിക്കാനും അവർക്ക് കഴിഞ്ഞു .വികസനകാര്യത്തിൽ വേറിട്ട് ചിന്തിക്കാൻ മലയാളിയെ പ്രേരിപ്പിച്ചവരിൽ ഒന്നാമത്തെ ആൾ സുഗതകുമാരിയാണ് ,അവരുടെ കവിതകളിലൂടെ . സുഗതകുമാരിയുടെ സ്ത്രീപക്ഷ നിലപാടുകളെക്കുറിച്ചും കൂടുതൽ വിശദമായ പഠനം ആവശ്യമാണ് .ഫെമിനിസത്തിന്റെ അംഗീകൃത ചിന്താധാരകളിൽ ഒന്നു പോലും അവർക്ക് സ്വീകാര്യമായിരുന്നില്ല..എന്നാൽ .സ്ത്രീയുടെ മോചനം അവരുടെ കവിതകളിലെ മുഖ്യ പ്രമേയങ്ങളിലൊന്നായിരുന്നു താനും ..സാക്ഷാൽക്കാരത്തിനായി കരുണാമയനെ കാത്തിരിക്കുന്ന വ്യക്തി പോകെ പോകെ സ്ത്രീയായി മാറുന്നു ;ഗാർഹിക ദുരിതങ്ങളിൽ പെട്ടുഴലുന്ന സ്ത്രീ .കണ്ണനും ഗോപികയും പരസ്പരം മുക്തി നൽകുന്നതായി വർണ്ണിക്കപ്പെട്ടിരിക്കുന്ന ആ ഉദാത്ത കവിത 'അഭിസാരിക' തന്നെ നോക്കു .അവർ വിട്ടുപോരുന്നത് പാതിരാത്രി കഴിഞ്ഞിട്ടും വീടുപണി പാതി പോലും തീർന്നിട്ടില്ലാത്ത ഒരടുക്കളയാണ് .ഇവിടെ "കവിതയിലെന്നെ വർണ്ണിക്കേണ്ടടുക്കളക്കരിയിൽ ഞാൻ വേര്ത്തുവീഴുമ്പോൾ /ഒരു വിരൽ കൊണ്ടൊന്നു താങ്ങുക ..'എന്നപേക്ഷിക്കുന്ന പീഡിതയായ വീട്ടമ്മയെയും (കയറ്റം -സച്ചിദാനന്ദൻ )''നീറിപ്പുകയുന്ന പച്ച വിറകുകൾ കത്തിക്കാൻ /അടുപ്പിനരികിൽ മുട്ടുകുത്തിക്കിടന്നൂതീയൂതി പുക കുരുങ്ങി കലങ്ങിയ കണ്ണുകളിൽ ചുടുനീർ നിറയുന്ന ' ശാന്തയേയും (കടമ്മനിട്ട )നമുക്കോർമ്മിക്കാം .സുഗതകുമാരിയുടെ നായക കഥാപാത്രം കാലക്രമത്തിൽ സ്ത്രീയായി ,അജ്ഞാത ഗോപികയായി ,ഒടുവിൽ പശസ്തയായ രാധ യായി മാറുന്നു . "ഏറെ ദരിദ്രമെൻ നാട്ടിലെ ഏതൊരു നാരിയും രാധികയല്ലിയുള്ളിൽ " എന്ന നിഗമനത്തിൽ അവർ എത്തിച്ചേരുകയും ചെയ്യുന്നു . "വന്നീല പൗർണ്ണമി എങ്കിലും കൈനീട്ടി വിണ്ണിനെ പുൽകും കടലുപോലെ ഇന്ത്യ തൻ പെണ്മനം തേടുന്നു നിത്യനാം തിങ്കളെ പ്രേമൈക മൂർത്തി തന്നെ "എന്നവസാനിക്കുന്ന 'രാധയെവിടെ 'എന്ന ദീർഘ കവിത ഈ കാഴ്ച പ്പാടിലൂടെ കൂടി വായിക്കപ്പെടേണ്ടതാണ് . ദുരിതപൂർണ്ണമായ അടുക്കളയിൽ നിന്നുള്ള മോചനമാണ് സ്ത്രീയുടെ വിമോചനത്തിന്റെ സുപ്രധാന ഘടകമെന്ന് മാർക്‌സും ,സ്ത്രീപുരുഷ പ്രേമത്തിലധിഷ്ഠിതമായ ഏകദാമ്പത്യകുടുംബമാണ് ലോകവിപ്ലവാനന്തര സാമൂഹ്യ വ്യവസ്ഥയുടെ സ്ഥാപനം വരെ നിലനിൽക്കേണ്ടതെന്നു ഏംഗൽസും .തറപ്പിച്ചു പറഞ്ഞിട്ടുണ്ടെന്നിരിക്കെ സുഗതകുമാരിയുടെ നിലപാട് പുരോഗമന പരമല്ലെന്നു പറയാൻ കഴിയുമോ ? പറയാൻ അങ്ങിനെയൊരുപാടുണ്ട്. അവർ പോയിട്ട് ഒരു വര്ഷമാവുന്നു .ഒരു പാട് കാലത്തേക്ക് അവരുടെ കവിതകൾ വായിക്കപ്പെടുകയും അവർ സ്നേഹിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ഒപ്പം അപഹസിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കും .മഹത്വത്തിന്റെ അനിവാര്യമായ വിധി . പക്ഷെ "നെറ്റിയിലിറ്റു നിലാവിൻ ചന്ദനമിട്ടും കയ്യിലൊരഞ്ചാറിതളും മൊട്ടും പേറിയും 'തെല്ലു തിടുക്കിൽ എന്റെ വഴിത്താരകളിലൂടെ അവർ നടന്നു വരുന്നുണ്ട് ,സാന്ത്വനമായി ,അതിവൃഷ്ടിയുടെ ഈ അസ്വസ്ഥ സായന്തനങ്ങളിലും . ------------------------------------------------------------------------------------------------------------------------------ ആർ .എസ് .കുറുപ്പ് സൗപർണിക 139 ,താമരശേരി റോഡ് പൂണിത്തുറ എറണാകുളം PIN 682038 .