2019 ഫെബ്രുവരി 28, വ്യാഴാഴ്‌ച

28-2-2019

ഒരു സമ്മാനത്തിന്റെ കഥ
രണ്ടായിരത്തിലോ മറ്റോ ആണ് താമരശേരി  റോഡ് റെസിഡൻസ് അസോസിയേഷന്റെ വാർഷികത്തിന് ആ അയൽപക്കത്തുള്ള കുട്ടികൾ ഒരു കലാപരിപാടി അവതരിപ്പിച്ചു .മിമിക്രി ,ഹാസ്യ കഥാപ്രസംഗം തുടങ്ങിയ ചെറുപ്പക്കാരുടെ ഇഷ്ട ഇനങ്ങൾ .കൂട്ടത്തിൽ ഒരു യുവാവ് അസാമാന്യമാംവിധം നല്ല പ്രകടനമാണ് കാഴ്‌ച വെച്ചത് .അയാൾക്ക് ഒരു സമ്മാനം കൊടുക്കണമെന്ന് ഭാരവാഹികളിൽ മിക്കവരും  .അഭിപ്രായപ്പെട്ടു .അസോസിയേഷൻ സെക്രട്ടറി അബു ഒരു നൂറു രൂപാ നോട്ട് കവറിലിട്ട് പ്രസിഡണ്ടായിരുന്ന എന്നെ ഏൽപ്പിച്ചു.;സമ്മാനദാനം നടത്താൻ ഒരു വി ഐ പി യെ കണ്ടെത്താൻ എളുപ്പമല്ല സാറു കൊടുത്താൽ മതി എന്നു പറഞ്ഞു കൊണ്ട് .അങ്ങിനെ ആ യുവാവിന് ആദ്യത്തെ സമ്മാനം കൊടുക്കാനുള്ള ഭാഗ്യം എനിക്കാണ് ലഭിച്ചത് .
     ആ ചെറുപ്പക്കാരന്റെ പേര് ജയൻ .പിന്നീട് സൂര്യ ടി വിയിൽ ജഗതി v s ജഗതി അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ ജയൻ ജയസൂര്യയായി .തുടർന്ന് സിനിമയിലെത്തിയപ്പോഴും ആ പേര് തന്നെ തുടർന്നു .
      ആദ്യകാലങ്ങളിൽ ഓരോ സിനിമ വരുമ്പോഴും ഞാൻ വിളിച്ച് ജയന്റെ പെര്ഫോമന്സിനെക്കുറിച്ച് അഭിപ്രായം പറയുമായിരുന്നു ;അദ്ദേഹം അത് ശ്രദ്ധാപൂർവം കേൾക്കുകയും ചെയ്യുമായിരുന്നു .ജയന് തിരക്കു വർദ്ധിച്ചു വന്നു എനിക്ക് ജീവിത പ്രാരബ്ധങ്ങളും .ഫോൺ വിളികളുടെ ഇടവേള ദീർഘിച്ചു .വിളി തീരെ ഇല്ലാതായി .                                                                                                                         ഇന്നലെ ടി വിയിൽ  അവാർഡ് പ്രഖ്യാപനം കണ്ടപ്പോൾ എനിക്ക് ജയനെ വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല .നാലഞ്ചു തവണ ശ്രമിച്ചതിനു ശേഷമാണ് കിട്ടിയത് .ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല എന്നു ഞാൻ പറഞ്ഞപ്പോൾ ഓർത്തിരുന്നു വിളിച്ചതിന് എനിക്ക്നന്ദി പറഞ്ഞു ജയൻ .അതാണ് യഥാർത്ഥ വലിപ്പം .
            കൂടുതൽ വലിയ സമ്മാനങ്ങൾ ജയനെ, പ്രഗദ്ഭ അഭിനേതാവായ 
ജയസൂര്യയെ കാത്തിരിക്കുന്നു .ഈശ്വരൻ അനുഗ്രഹിക്കട്ടെ .
      ഒരു വാക്കു കൂടി .ഗ്രാമത്തിലെ നിഷ്കളങ്കനായ ഫുട്ബാൾ മാനേജരെ ഹൃദയാവർജ്ജകമായി അവതരിപ്പിച്ച സുബിൻ ,കിട്ടുന്ന വേഷങ്ങൾ ചെറുതായാലും വലുതായാലും അസാമാന്യ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ജോജു ,നാളെ ഒരു ശാരദയോ ശോഭനയോ ആയിത്തീരേണ്ട നിമിഷ ,ആ ഉമ്മമാരെ അവതരിപ്പിച്ച സഹോദരിമാർ .എല്ലാവര്ക്കും എന്റെ അഭിനന്ദനങ്ങൾ .എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 























2019 ഫെബ്രുവരി 24, ഞായറാഴ്‌ച

24-2-2019
ഭാവം ,രാഗം ,താളം

ബീമിന്റെ ഇത്തവണത്തെ പരിപാടി അശ്വതിനായർ -ശ്രീകാന്ത് ദമ്പതികൾ അവതരിപ്പിച്ച ഭരതനാട്യ കച്ചേരിയായിരുന്നു 22 നു ടി ഡി എം ഹാളിൽ .മികച്ച ഒരു ഭരതനാട്യ പ്രകടനം കണ്ട സംതൃപ്തിയോടെയാണ് ആസ്വാദകർ മടങ്ങിയത് .
 അലാറിപ്പ് ,കവുത്തം ,വർണ്ണം തുടങ്ങിയ പേരുകൾ ഉപയോഗിച്ചിരുന്നില്ല എങ്കിലും അവയൊക്കെ തന്നെയായിരുന്നു ഇനങ്ങൾ .തികച്ചും സാമ്പ്രദായികമായ രീതിയിൽ ,വെളിച്ചത്തിന്റെ ചെപ്പടി വിദ്യകളോ ,വീഡിയോക്കു വേണ്ടിയുള്ള നിശ്ചല ദൃശ്യങ്ങളോ ഒന്നും ഇല്ലാതെ പ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന വേദിയിൽ അശ്വതിയും ശ്രീകാന്തും ഹംസധ്വനിയിലുള്ള ഗണേശ സ്തുതിയും ,ജഗദാനന്ദ കാരക എന്ന പഞ്ചരത്ന കീർത്തനവും (നാട്ട ),പൂർവികല്യാണിയിലും വാഗീശ്വരിയിലുമുള്ള തമിഴ്  പദങ്ങളും,ഒരുതില്ലാനയും  രംഗത്തവതരിപ്പിച്ചു ,കാലഗണക്കനുസരിച്ചുള്ള ചടുലതയോടെ ,ലയപൂർണമായ അംഗചലനങ്ങളോടെ നിയന്ത്രിതമായ ഹസ്ത മുഖാഭിനയത്തോടെ .അന്യാദൃശമായ ലയഭംഗി എല്ലാ ഇനങ്ങളെയും അതീവ ഹൃദ്യമാക്കി .
      ലൈവ് ഓർക്കസ്ട്ര ഏറെക്കാലത്തിനു ശേഷം ആണ് ഒരു നൃത്തവേദിയിൽ കാണുന്നത് .നർത്തക ദമ്പതികളുടെ ശിഷ്യരാണെന്നു തോന്നുന്നു പിന്നണിയിലെ ചെറുപ്പക്കാർ .നൃത്ത പരിപാടിയോളം തന്നെ നന്നായിരുന്നു അവരുടെ പ്രകടനവും .
     നന്ദി ബീമിനും എറണാകുളം കരയോഗത്തിനും നൃത്തസംഘത്തിനും









2019 ഫെബ്രുവരി 22, വെള്ളിയാഴ്‌ച

22-2-2019

പൂർത്തീകരിക്കുന്നവനാണ് പുത്രൻ  എന്ന് ഉപനിഷത്ത് .'ഒരാൾ ചെയ്യാൻ കഴിയാതെ ബാക്കി വെച്ചു പോകുന്ന കാര്യങ്ങൾ ചെയ്യാൻ ബാധ്യസ്ഥനായതു കൊണ്ടാണ് അവനെ പുത്രൻ എന്നു പറയുന്നത്' (ബൃഹദാരണ്യകം 1 ..5  ..17 ).ഓലമേഞ്ഞ ഒരൊറ്റമുറിപ്പുരയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കേണ്ടവനായിരുന്നു അവൻ .അവൻ പക്ഷെ ഒരാളല്ല ഒരു ശ്രു0 ഖലയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് .സുഗതകുമാരി കവിതയിൽ പറഞ്ഞതു പോലെ കക്ഷി ഏതുമാവട്ടെ അവന്റെ പേര് മകനെന്നാണ് .അവനാകട്ടെ ഈ ചങ്ങലയിലെ അവസാനത്തെ കണ്ണി .അതത്ര പ്രയാസമുള്ള കാര്യമല്ല .എല്ലാ കക്ഷികളും ഒരു തീരുമാനമെടുത്താൽ മതി ആശയങ്ങളെ ആയുധം കൊണ്ടു നേരിടുകയില്ലെന്ന് .അതിന് ഇങ്ങോട്ടാക്രമിച്ചാൽ അല്ലാതെ അങ്ങോട്ടാക്രമിക്കുകയില്ല എന്ന യുദ്ധ വിരാമം പോരാ .ഇങ്ങോട്ടാക്രമിച്ചാലും അങ്ങോട്ടാക്രമിക്കുകയില്ല വ്യവസ്ഥാപിത നിയമ മാർഗ്ഗങ്ങൾ തേടുകയേ ഉള്ളു എന്ന് എല്ലാ കക്ഷികളും തീരുമാനിക്കണം ,പ്രഖ്യാപിക്കണം .ഒരു പരിഷ്കൃത സമൂഹമാണ് നമ്മൾ എന്നു നമുക്ക് ബോദ്ധ്യപ്പെടുത്തേണ്ടെ ,നമ്മളെ തന്നെയെങ്കിലും .

2019 ജനുവരി 31, വ്യാഴാഴ്‌ച

30 1 2019
വിട ജോർജ്
ചില ചരിത്ര സിനിമകളിലെ കുറ്റവാളികളെപ്പോലെ കയ്യിലും കാലിലും ചങ്ങലയിട്ട് പോലീസ് വാഹനത്തിലേക്ക് കയറ്റുന്ന ജോർജ് ഫെർണാണ്ടസിന്റെ ചിത്രം അന്നത്തെ ഏതോ രഹസ്യ പ്രസിദ്ധീകരണത്തിൽ കണ്ടതോർക്കുന്നു .   സ്വാതന്ത്ര്യ കാംക്ഷിയായ ഓരോ ഇന്ത്യക്കാരനുമായിരുന്നു അത് .ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സ്വെഛാ ദുഷ്പ്രഭുത്വങ്ങളിലൊന്നിന്റെ ശത്രുവായ തടവുപുള്ളി .പിടികൂടിയാൽ കൊല്ലാനായിരുന്നുവത്രെ കൽപ്പന.പക്ഷെ ആരൊക്കൊയോ കണ്ടുപോയി .അടിമത്തത്തിനെതിരെ മനസ്സു കൊണ്ട് മാത്രം പോരാടാൻ കഴിഞ്ഞിരുന്നവർക്ക് അത്യാവേശജനകമായിരുന്നു ആ ചിത്രം .
      അതിനു മുമ്പ് 1974 ഇൽ നടന്ന റെയിൽവേ പണിമുടക്ക് ഇന്ത്യൻ ചരിത്രത്തിലെ അവിസ്മരണീയമായ ഒരദ്ധ്യായമാണ് .ജോർജ് കൈകാണിച്ചപ്പോൾ ഇന്ത്യയിലെ എല്ലാ തീവണ്ടികളും നിന്നു എന്ന് നമ്മുടെ പ്രിയപ്പെട്ടത കഥാകാരി നാല്പതു കൊല്ലത്തിനു ശേഷം എഴുതി .പണിമുടക്കിയവരെ പട്ടിണിക്കിട്ടും വെള്ളവും വെളിച്ചവും നിഷേധിച്ചും കുടിയിറക്കിയും  ഭരണകൂടം ആ സമരത്തെ തകർത്തു .അടിയന്തിരാവസ്ഥയുടെ തിരനോട്ടമായിരുന്നു അത് .അലർച്ചകളും ഗോഗവാ വിളികളും ഇളകിയാട്ടങ്ങളും ഉടനുണ്ടാകും എന്നതിന്റെ സൂചന .പരാജയപ്പെട്ട ആ സമരത്തിന് പിന്തുണ നൽകി ഒരു ദിവസമെങ്കിൽ  ഒരു ദിവസം സമരം ചെയ്ത വളരെക്കുറച്ചു കേന്ദ്രജീവനക്കാരിൽ ഒരാളാണ് ഞാനെന്നതിൽ എനിക്കഭിമാനമുണ്ട് ;ഒരു പക്ഷെ ജീവിതത്തിൽ ചെയ്ത ഏറ്റവും സാർത്ഥകമായ കാര്യം .
    റെയിൽവേ സമരത്തിനു ശേഷം അടിയന്തിരാവസ്ഥക്ക് മുമ്പ് ജോർജ് തിരുവനന്തപുരത്തുവന്നിരുന്നു .ശ്രീചിത്ര ഹിന്ദുമത ഗ്രന്ഥശാലാ ഹാളിൽ ഞാൻ ആ പ്രശസ്തമായ പ്രസംഗം കേട്ടു .
     കൂടുതൽ ഒന്നും എഴുതാൻ എനിക്കു കഴിയുന്നില്ല .ഒന്നെനിക്കറിയാം .നെഹ്‌റു ഡിസ്‌കവറി ഓഫ് ഇന്ത്യയിൽ പറഞ്ഞ പോലെ ഉറങ്ങുകയായിരുന്ന ഇന്ത്യൻ ഗ്രാമീണരെ ഉണർത്തി സ്വാതന്ത്ര്യ സമരത്തിലേക്കാനയിച്ചതും അങ്ങിനെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതും മഹാത്മാഗാന്ധിയാണ്‌ .മഹാത്മാവ് എന്നു തന്നെ വിളിക്കേണ്ട ബാപ്പുജി .അതുപോലെ അടിയന്തിരാവസ്ഥയിലേക്കുനയിക്കുന്ന സാഹചര്യങ്ങൾ കണ്ടറിഞ്ഞ ഇന്ത്യൻ ജനതയെ ഉണർത്തിയതും സമരസജ്ജരാക്കിയതും ഗാന്ധി ശിഷ്യനായ ജയപ്രകാശ് നാരായണനും .പക്ഷെ അടിയന്തിരാവസ്ഥക്കാലമത്രയും അദ്ദേഹം ജയിലിൽ ആയിരുന്നു അടിയന്തിരാവസ്ഥക്കെതിരെയുള്ള സമരത്തിന്റെ നായകൻ  ജോർജായിരുന്നു .ജെ പി ക്കൊപ്പം ഏകാധിപത്യ വിരുദ്ധ വികാരത്തിന്റെ പ്രതീകമായി ജോർജുൻട്  
     ഓർമ്മകളില്ലാതെ അദ്ദേഹം കഴിച്ചു കൂട്ടിയ ആ പത്തുകൊല്ലം .വ്രണിത .ഹൃദയരായിരുന്നു അദ്ദേഹത്ത സ്നേഹിച്ചവർ.ആ ദുരിതകാലത്ത് ഭാര്യയും മകനുമൊപ്പമുണ്ടായിരുന്നു .അകന്നു താമസിച്ചിരുന്ന അവർ ഒരു ചീത്തക്കാലം വന്നപ്പോൾ കൂട്ടിനെത്തി .അവർക്ക് വലിയ മനസ്സ് ഉണ്ടാവാതിരിക്കുന്നതെങ്ങിനെ .പ്രൊഫ് ഹുമയൂൺ കബീറിന്റെ മകളല്ലേ അവർ.
      ഒരു സിംഹം കൂടി കൂടണഞ്ഞു .സിംഹങ്ങളും സിംഹികളും ഇനിയും ഉണ്ടാവാതിരിക്കി ല്ല .
    ഞാൻ 74 ലെ മുദ്രാവാക്യം ഒരിക്കൽ കൂടി വിളിച്ചുകൊള്ളട്ടെ 
comrade George zindabad ..സഖാവ് ജോർജ് നീണാൾ വാഴട്ടെ 







2019 ജനുവരി 30, ബുധനാഴ്‌ച

'നിർഭാഗ്യ കാളിദാസസ്യ ……...'
പുഴ നടന്നു കടക്കുകയായിരുന്ന  കാളിദാസൻ അതിനിടയിൽ ചൊല്ലിപ്പോയതായി പറയപ്പെടുന്ന ഒരു ശ്ലോകത്തിന്റെ മൂന്നാമത്തെ വ രി ഞാനോർത്തു പോയി ഇന്ന് കെ പി എ സി യുടെ മഹാകവി കാളിദാസൻ എന്ന നാടകം കണ്ടപ്പോൾ .നാടകം മോശമായിരുന്നു എന്നു പറഞ്ഞാൽ സത്യമായിരിക്കുകയില്ല വളരെ മോശ മായിരുന്നു എന്ന് തന്നെ പറയണം .
    സമകാലിക രാഷ്ട്രീയ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നാടകങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് കെ പി എ സി അരങ്ങിലെത്തിയതും നിലനിന്നുപോന്നതും .ആർക്കെതിരെയാണോ ആ നാടകങ്ങൾ വിരൽ ചൂണ്ടിയത് അവർപോലും ആ നാടകങ്ങൾ ആസ്വദിച്ചു .കാരണം അവ നല്ല കലാസൃഷ്ടികളായിരുന്നു .ഇത് പക്ഷെ അക്ഷരങ്ങൾക്കും ആശയങ്ങൾക്കും മേൽ നടക്കുന്ന കയ്യേറ്റങ്ങൾ കാളിദാസനെ ക്കുറിച്ച് നിലവിലില്ലാത്ത ഐതിഹ്യങ്ങളുടെ നിലവാരം ഒട്ടുമില്ലാത്ത ആവിഷ്കാരത്തിലൂടെ ദൃശ്യവൽക്കരിക്കാനുള്ള ശ്രമം .അത്തരം അധമ പ്രവണതകളെ അപലപിക്കുക തന്നെ വേണം .പക്ഷെ ഈ നാടകം ആ ലക്‌ഷ്യം നേടുന്നതിൽ തീർത്തും പരാജയപ്പെട്ടിരിക്കുന്നു .നാടകം എന്ന നിലയിൽ അമ്പേ പരാജയവും .ഇനി ശ്ലോകം


2019 ജനുവരി 27, ഞായറാഴ്‌ച

27-1-2019
മടക്കയാത്ര (22 11  2019 )
------------------ലോസ്ഏഞ്ചൽസ് വിമാനത്താവളത്തിലെ ശുചി മുറിയിൽ കൈകഴുകാൻ പോയ എനിക്ക് പൈപ്പൊന്നും തുറക്കാൻ കഴിഞ്ഞില്ല എത്ര തട്ടിയിട്ടും മുട്ടിയിട്ടും .കണ്ടുനിന്ന സർദാർജി പൈപ്പിനടിയിൽ കൈപിടിച്ചു കാണിച്ചുതന്നു;എന്നിട്ടു ഹിന്ദിയിൽ പറഞ്ഞു " താങ്കളുടെ നഗരത്തിൽ പോറ്റീ  ഹോട്ടലുകളിൽ പോലും ഈ സംവിധാനം ഉണ്ടല്ലോ അമ്മാവാ "എന്ന് ഞാൻ നന്ദി പറഞ്ഞു .ലുലുമാളിന്റെ നാട്ടിൽ നിന്നാണ് വരുന്നതെന്ന് എങ്ങിനെ മനസ്സിലായി എന്ന് ചോദിച്ചില്ല .സെക്യൂരിറ്റിയിലും ഒരു പ്രശനം.ഭാര്യ കടന്നു വന്നപ്പോൾ മണിയടി .തുടർന്ന് ദേഹപരിശോധന .താലിമാലയാണ് .അത് ഊരി  ബാഗിൽവെക്കാൻ മറന്നു ."ദാറ്റ് ഈസ് താലി .ദേ വോണ്ട് റിമൂവിറ്റ് 'എന്ന് കസ്റ്റംസ് അസിസ്റ്റന്റ് സായിപ്പ് ആത്മഗതം പോലെ പറയുന്നുണ്ടായിരുന്നു .മലയാളികളുടെ ഓരോ ആചാരങ്ങൾ !
     വിമാനത്തിൽ ബാഗുകൾ മുകളിൽ കയറ്റിവെച്ചതും ദോഹയിൽ ഇറക്കി വെച്ചതും അടുത്ത സീറ്റിലെ ചെറുപ്പക്കാരനാണ് .എന്നെ തൊടാൻ സമ്മതിച്ചില്ല .എന്നെക്കണ്ടപ്പോൾ തന്റെ അച്ഛനെ ഓർമ്മ വന്നുവത്രേ .പണ്ട് കെ .ബാലകൃഷ്ണൻ പറഞ്ഞതുപോലെ മനുഷ്യത്വത്തിന്റെ അപൂർവ മുദ്രകൾ .
    ദോഹയിൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ല .താലിമാല ബാഗിലേക്കു മാറിയിരിക്കണം .പക്ഷെ മറ്റൊരദ്‌ഭുതം കാത്തിരിക്കുന്നുണ്ടായിരുന്നു .സ്ഥലം  കൊച്ചി എന്ന് പറഞ്ഞാൽ വീണ്ടും ചോദ്യങ്ങളുണ്ടാവും .അതുകൊണ്ട് ഞങ്ങൾ വരേണിക്കൽ എന്നാണു പറയുക .ആരും പിന്നീടൊരക്ഷരവും ചോദിക്കുകയില്ല .പക്ഷെ ഇക്കുറി സ്ഥലം ചോദിച്ച സഹയാത്രികൻ പറഞ്ഞു താനും വരേണിക്കൽ കാരനാണെന്ന് .അതിനു മുമ്പ് ബോർഡിംഗിന് കാത്തിരുന്നപ്പോൾ സ്ഥലം ചോദിച്ച മാർത്തോമാ പുരോഹിതനോടും ഞങ്ങൾ വരേണിക്കൽ എന്ന് പറഞ്ഞിരുന്നു .അപ്പോൾ അദ്ദേഹം കുട്ടനെ അറിയുമോ എന്ന് തിരിച്ചു ചോദിച്ചു.കച്ചവടക്കാരനായിരുന്ന തീവ്രവിശ്വാസിയായിരുന്ന കുട്ടൻ എന്ന വർഗീസിനെ ഞങ്ങൾ അറിയുമായിരുന്നു .അച്ഛൻ കുറത്തികാട് മാർത്തോമാ പള്ളി വികാരിയായിരുന്നു  കുറേക്കാലം .ആ കുട്ടന്റെ പിതൃ സഹോദരന്റെ മകനാണ് ഞങ്ങളുടെ അടുത്തിരുന്ന ജോയി .എന്റെ അച്ഛന്റെ സ്നേഹിതനായിരുന്ന ,ഞങ്ങളോട് എന്നും വാത്സല്യപൂർവ്വം പെരുമാറിയിരുന്നത് കൊച്ചുകുഞ്ഞുമാപ്പിളയുടെ ഇളയ മകൻ .അയാളുടെ മൂത്ത സഹോദരിയും സഹോദരനും സ്‌കൂളിൽ എന്റെ സഹപാഠികളായിരുന്നു .അവരെല്ലാം ഇപ്പോൾ അമേരിക്കയിലാണ് .കുട്ടികളുടെ ഒക്കെ വിദ്യാഭ്യാസം കഴിഞ്ഞു .നല്ല ജോലി കിട്ടി വിവിധ നഗരങ്ങളിൽ.താമസിക്കുന്നു
  സംസാരിച്ചു തുടങ്ങിയപ്പോൾ ഞങ്ങൾ വരേണിക്കൽക്കാരായി .മേശപ്പുറ മര്യാദകൾ മറന്നു .സംഭാഷണം ഉച്ചത്തിലാവാൻ തുടങ്ങി.വരേണിക്കൽ എന്ന് കേട്ട് ഒരു മുതിർന്ന സ്ത്രീ വന്നു .69 ഇൽ അമേരിക്കക്കു പോയ ഒരു സ്നേഹിതന്റെ കുടുംബാംഗമാണ് .ആ കുടുമ്പത്തിലെ ഏതാണ്ടെല്ലാ അംഗങ്ങളും അമേരിക്കയിലാണ്.നല്ല നിലയിൽ കഴിയുന്നു .
      ഒര് ദരിദ്രഗ്രാമമായിരുന്നു ഞങ്ങളുടേത് എന്റെ ചെറുപ്പകാലത്ത് .അതൊക്കെ മാറിയിരിക്കുന്നു .ഞങ്ങളുടെ കുട്ടികൾ പട്ടിണിയിലും വിദ്യഭ്യാസം നേടി .വടക്കേ ഇന്ത്യയിലും ഗൾഫിലും അമേരിക്കയിലും പോയി .ചെ റ്റപ്പുരകളുടെ സ്ഥാനത്ത് മണിമാളികകൾ ഉയർന്നു ദാരിദ്ര്യം പഴങ്കഥയായി .
    അല്പം ശബ്ദം താഴ്ത്തി സംസാരിക്കുന്നത് നന്നായിരിക്കുമെന്ന് എയർ ഹോസ്റ്റസ് പറഞ്ഞു ;മറ്റുയാത്രക്കാർക്ക് അലോസരമുണ്ടാവരുതല്ലോ .എനിക്ക് ജാള്യതക്കു പകരം അഭിമാനമാണ് തോന്നിയത്.ഞങ്ങളിലെ ഗ്രാമീണർ ഇന്നും ഉള്ളിൽ ഉണ്ടല്ലോ .എല്ലാ പരിഷ്‌കാരനാട്യങ്ങളെയും കുടഞ്ഞെറിഞ്ഞ ഞങ്ങളുടെ വൈകാരിക  നിമിഷങ്ങളിൽ അവർ പുറത്തു വരും .പുതിയ വരേണിക്കലിന്റെ സമ്പദ് സമൃദ്ധി പോലെ അഭിമാനകരമായിരുന്നു അതും .
   ഇരുളിൽ പ്രകാശബിന്ദുക്കൾ .അകലെ അങ്കണ ദീപങ്ങളുടെ തിരി താഴ്ത്തി റാണി പള്ളിക്കുറുപ്പു കൊള്ളുകയാണ് "നിഷ്പന്ദചരണനായ്  നിസ്വനായ് ,നിഭൃതനായ് "തിരുമുമ്പിൽ നിന്നത് ഇന്നലെയാണെന്നു തോന്നി .നോക്കി നിൽക്കെ നഗരം വളർന്നു .ആദ്യത്തെ നാലുകെട്ടിനു ചുറ്റും ആധുനിക മന്ദിരങ്ങൾ.   ഉയർന്നു നിൽക്കുന്ന പഴയ തറവാടിന്റെ ഓർമ്മിപ്പിച്ചു കൊച്ചി .
   വിമാനം ഇറങ്ങി വന്നത് ലോകത്തിലെ ഏറ്റവും നല്ല എയർ ടെര്മിനലുകൾക്കൊന്നിലേക്കാണ് .സൗകര്യങ്ങൾ ലോകനിലവാരത്തിലുള്ളതാണെങ്കിൽ പെരുമാറ്റം അതിനു മീതെയാണെന്നു പറയാം .മറ്റുള്ളിടത്തുകാണുന്ന സൂക്ഷ്മമായി നോക്കിയാൽ മാത്രം മനസ്സിലാവുന്ന പരദേശിയോടുള്ള കയ്പ്പ് ഇവിടെയില്ല വിദേശികളോടുപോലും .സൗഹൃദം മാത്രമേയുള്ളു .
     നിശ്ചയ ദാർഢ്യവും ആജ്ഞാ ശക്തിയുമുള്ള ഒരുഭരണാധികാരിയുടെയും കാര്യപ്രാപ്തിയുള്ള പരിശ്രമശാലിയായ ഒരു യുവ ഉദ്യോഗസ്ഥന്റെയും നേതൃത്വമാണ് കൊച്ചി ഇന്റര്നാഷണൽ എയർപോർട്ട് സാധ്യമാക്കിയത് ലോക നിലവാരമുള്ള അങ്ങിനെ ഒരുവിമാനത്താവളംസാധ്യമാവുമെങ്കിൽ ലോകനിലവാരമുള്ള ഒരു നഗരവും നമുക്ക് കെട്ടിപ്പടുക്കാൻ കഴിയും .
    മെട്രോ പണി നടക്കുകയാണ് .കുണ്ടന്നൂർ ചുറ്റി വേണം പേട്ട താമരശേരി റോഡിലെത്താൻ 






































.
     

2019 ജനുവരി 24, വ്യാഴാഴ്‌ച



വംശാധിപത്യത്തിനെതിരെ എന്തെങ്കിലും എഴുതിയാൽ ,പറഞ്ഞാൽ 'അപ്പോൾ സാറും സംഘിയായോ 'എന്ന ചോദ്യം വരും ചിരകാല സുഹൃത്തുക്കളിൽ നിന്ന് .ഞാൻ ജനിച്ച കാലത്ത് തന്നെ ഞങ്ങളുടെ നാട്ടിൽ ഈ സംഘം ഉണ്ടായിരുന്നുവത്രെ .ഒരിക്കലും അവരുമായി ആശയപരമായി ബന്ധപ്പെടാൻ ഞാൻശ്രമിച്ചിട്ടില്ല ശൂരനാട്  കലാപത്തിലെ ധീരോദാത്ത നായകന്മാരായിരുന്നു എന്റെ വീരപുരുഷന്മാർ.കമ്യുണിസ്റ് പാർട്ടിക്ക് ,അന്നതിനു ബ്രാക്കറ്റുകൾ ഉണ്ടായിരുന്നില്ല ,ഇടയ്ക്കിടെ പൊതുമീറ്റിങ്ങുകളും കലാപരിപാടികളും ഉണ്ടാവുമായിരുന്നു.നേതാക്കന്മാരുടെ പ്രസംഗങ്ങൾ തന്നെ രസനീയങ്ങളായിരുന്നു  .അങ്ങിനെ സമത്വ സുന്ദരമായ സാമൂഹ്യ വ്യവസ്ഥിതി എന്നതായി എന്റെയും ആദർശം .സ്കൂളിൽ സഖാവ് ശിവൻകുട്ടി ,കോളേജ് ക്ലാസ്സുകളിൽ സഖാക്കൾ തുമ്പമൺ രവി .ഐ വർഗീസ് ഓഫീസിൽ സഖാക്കൾ കെ ടി തോമസ്,ജെ ജോസഫ് ,ഗംഗാധരക്കുറുപ്പ് തുടങ്ങിയവർ ഇവരെല്ലാമായിരുന്നു ആശയപരമായി  എന്നെ രൂപപ്പെടുത്തിയത് .എന്റെ വായന സാഹിത്യത്തിലിൽ ഒതുങ്ങിയതുകൊണ്ട് രാഷ്ട്രീയ പ്രത്യയ ശാസ്ത്രമൊക്കെ ഇവരൊക്കെ പറഞ്ഞു തന്നതേ എനിക്കറിയാമായിരുന്നുള്ളു.അത് മതിയായിരുന്നു ഫാസിസത്തിന്റെ ബുൾഡോസർ ഉരുണ്ടു വന്നപ്പോൾ ചെറുത്തു നിൽക്കുന്നവരുടെ കൂട്ടത്തിൽ ഉറച്ചുനിൽക്കാനുള്ള മനക്കരുത്ത് എനിക്കുണ്ടാവാൻ .
        ഇതിനിടയിൽ എവിടെയും സംഘമില്ല .പക്ക്ഷേ അവരോടു മതിപ്പു തോന്നിയ ഒരു സന്ദര്ഭമുണ്ടായിട്ടുണ്ട് എന്റെ ജീവിതത്തിൽ .അടിയന്തിരാവസ്ഥക്കാലത്ത് ഒരു ദിവസം കുറച്ചു നിക്കർധാരികൾ സെക്രെട്ടറിയേറ് നടയിൽ പ്രതിഷേധമുദ്രാവാക്യം വിളിച്ച് പോലീസിന്റെ തല്ലുകൊണ്ട് വീഴുന്നത് ഞാൻ നേരിൽക്കണ്ടു .ഒരു സംഘം വീഴുമ്പോൾ അടുത്ത സംഘം അങ്ങിനെ എട്ടോ പത്തോ പേരുടെ എട്ടോ പത്തോ സംഘങ്ങൾ
.അവർ വിളിച്ചിരുന്ന മുദ്രാവാക്യം അടിയന്തിരാവസ്ഥ  തുലയട്ടെ എന്നതായിരുന്നു .ഞാനും എന്നെപ്പോലെ ഒട്ടനവധിപേരും മനസ്സിൽ മുഴക്കിയ മുദ്രാവാക്യമായിരുന്നല്ലോ അത് .ഉപ്പു സത്യാഗ്രഹ കാലത്ത് ഗാന്ധിജിയുടെ അനുയായികൾ ഇങ്ങിനെയാണ്‌ സമരം ചെയ്തിരുന്നതെന്ന് ലൂയി ഫിഷറുടെ പുസ്തകത്തിൽ ഞാൻ വായിച്ചിട്ടുണ്ടായിരുന്നു .അതുകൊണ്ടൊന്നും പക്ഷെ ഞാൻ സംഘത്തെ അന്വേഷിച്ചു പോയില്ല അവർ എന്നെ അന്വേഷിച്ചതുമില്ല .
    വായനയുടെ കാര്യം പറഞ്ഞപ്പോൾ ഒന്ന് വിട്ടു .ഞാൻ ഗാന്ധിജിയെ ക്കുറിച്ചും ഗാന്ധിസത്തെക്കുറിച്ചും സാമാന്യം നന്നായി തന്നെ വായിച്ചിട്ടുണ്ടായിരുന്നു .ഇ എം എ സിന്റ Mahathma And The Ism സ ർ സി ശ ങ്കരന്നായരുടെ Gandhi And Anarchy എന്നീ പ്രശസ്ത ഗാന്ധി വിമര്ശങ്ങളുൾപ്പെടെ .ഗാന്ധി മഹാത്മാവാണെന്നും ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ പിതാവാണെന്നും ഞാൻ വിശ്വസിക്കുന്നു .അദ്ദേഹം വ്യകസിപ്പിച്ചെടുത്ത സമരമാര്ഗം മാത്രമാണ് മർദ്ദിത വർഗ്ഗത്തിന് പിന്തുടരാവുന്ന ഏക സമരമാർഗമെന്നും .
 സംഘവുമായി ബന്ധപ്പെട്ട ചിലരെ പരിചയപ്പെടുന്നത് തൃപ്പൂണിത്തുറ വന്നതിനുശേഷമാണ് .ചില ഗീതാ പ്രഭാഷണങ്ങൾ നടക്കുന്നിടത്തു വെച്ചും മറ്റും .ഗീത ഞാൻ ചെറുപ്പം മുതൽ വായിക്കുമായിരുന്നു .ആർഷഗ്രന്ഥങ്ങൾ ഗൗരവപൂർവം വായിക്കണമെന്ന് എന്നോടാദ്യം ആവശ്യപ്പെട്ടത് സ കെ ടി തോമസ്സാണ് .കാമുവും സാർത്രെയും മറ്റും വായിച്ച് ബുദ്ധിജീവി നാട്യത്തിൽ നടക്കുമ്പോൾ നമ്മുടെ നാടിനു വലിയൊരു വിജ്ഞാന ശേഖരമുണ്ടെന്നു മറന്നു പോകരുതെന്ന് പറഞ്ഞ് കെ ടി എനിക്കൊരു പുസ്തകം തന്നു .ദശോപനിഷത്തുകളിലെ പ്രധാന സൂക്തങ്ങളുടെഭാഗങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയായിരുന്നു അതിന്റെ ഉള്ളടക്കം .പിന്നീട് ഞാൻ ഇന്ത്യൻ തത്വ ചിന്ത കുറച്ചൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചു .ഉപനിഷത്തെന്നും മറ്റും കേട്ടാൽ സംഘം എന്നോർമ്മ വരുന്നവരെക്കുറിച്ച എന്ത് പറയാനാണ് .
        സംഘം എന്നെ ആശയപരമായി സ്വാധീനിച്ചിട്ടില്ല എന്ന് വെളിവാക്കാനാണ് ഇത്രയും എഴുതിയത് .പക്ഷെ വംശാധിപത്യത്തെ അവരെതിർക്കുന്നതു കൊണ്ട് ഞാൻ എതിർത്തുകൂടാ എന്ന് പറയുന്നവരോട് എനിക്ക് യോജിക്കാൻ വയ്യ .