2019, ജനുവരി 31, വ്യാഴാഴ്‌ച

30 1 2019
വിട ജോർജ്
ചില ചരിത്ര സിനിമകളിലെ കുറ്റവാളികളെപ്പോലെ കയ്യിലും കാലിലും ചങ്ങലയിട്ട് പോലീസ് വാഹനത്തിലേക്ക് കയറ്റുന്ന ജോർജ് ഫെർണാണ്ടസിന്റെ ചിത്രം അന്നത്തെ ഏതോ രഹസ്യ പ്രസിദ്ധീകരണത്തിൽ കണ്ടതോർക്കുന്നു .   സ്വാതന്ത്ര്യ കാംക്ഷിയായ ഓരോ ഇന്ത്യക്കാരനുമായിരുന്നു അത് .ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സ്വെഛാ ദുഷ്പ്രഭുത്വങ്ങളിലൊന്നിന്റെ ശത്രുവായ തടവുപുള്ളി .പിടികൂടിയാൽ കൊല്ലാനായിരുന്നുവത്രെ കൽപ്പന.പക്ഷെ ആരൊക്കൊയോ കണ്ടുപോയി .അടിമത്തത്തിനെതിരെ മനസ്സു കൊണ്ട് മാത്രം പോരാടാൻ കഴിഞ്ഞിരുന്നവർക്ക് അത്യാവേശജനകമായിരുന്നു ആ ചിത്രം .
      അതിനു മുമ്പ് 1974 ഇൽ നടന്ന റെയിൽവേ പണിമുടക്ക് ഇന്ത്യൻ ചരിത്രത്തിലെ അവിസ്മരണീയമായ ഒരദ്ധ്യായമാണ് .ജോർജ് കൈകാണിച്ചപ്പോൾ ഇന്ത്യയിലെ എല്ലാ തീവണ്ടികളും നിന്നു എന്ന് നമ്മുടെ പ്രിയപ്പെട്ടത കഥാകാരി നാല്പതു കൊല്ലത്തിനു ശേഷം എഴുതി .പണിമുടക്കിയവരെ പട്ടിണിക്കിട്ടും വെള്ളവും വെളിച്ചവും നിഷേധിച്ചും കുടിയിറക്കിയും  ഭരണകൂടം ആ സമരത്തെ തകർത്തു .അടിയന്തിരാവസ്ഥയുടെ തിരനോട്ടമായിരുന്നു അത് .അലർച്ചകളും ഗോഗവാ വിളികളും ഇളകിയാട്ടങ്ങളും ഉടനുണ്ടാകും എന്നതിന്റെ സൂചന .പരാജയപ്പെട്ട ആ സമരത്തിന് പിന്തുണ നൽകി ഒരു ദിവസമെങ്കിൽ  ഒരു ദിവസം സമരം ചെയ്ത വളരെക്കുറച്ചു കേന്ദ്രജീവനക്കാരിൽ ഒരാളാണ് ഞാനെന്നതിൽ എനിക്കഭിമാനമുണ്ട് ;ഒരു പക്ഷെ ജീവിതത്തിൽ ചെയ്ത ഏറ്റവും സാർത്ഥകമായ കാര്യം .
    റെയിൽവേ സമരത്തിനു ശേഷം അടിയന്തിരാവസ്ഥക്ക് മുമ്പ് ജോർജ് തിരുവനന്തപുരത്തുവന്നിരുന്നു .ശ്രീചിത്ര ഹിന്ദുമത ഗ്രന്ഥശാലാ ഹാളിൽ ഞാൻ ആ പ്രശസ്തമായ പ്രസംഗം കേട്ടു .
     കൂടുതൽ ഒന്നും എഴുതാൻ എനിക്കു കഴിയുന്നില്ല .ഒന്നെനിക്കറിയാം .നെഹ്‌റു ഡിസ്‌കവറി ഓഫ് ഇന്ത്യയിൽ പറഞ്ഞ പോലെ ഉറങ്ങുകയായിരുന്ന ഇന്ത്യൻ ഗ്രാമീണരെ ഉണർത്തി സ്വാതന്ത്ര്യ സമരത്തിലേക്കാനയിച്ചതും അങ്ങിനെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതും മഹാത്മാഗാന്ധിയാണ്‌ .മഹാത്മാവ് എന്നു തന്നെ വിളിക്കേണ്ട ബാപ്പുജി .അതുപോലെ അടിയന്തിരാവസ്ഥയിലേക്കുനയിക്കുന്ന സാഹചര്യങ്ങൾ കണ്ടറിഞ്ഞ ഇന്ത്യൻ ജനതയെ ഉണർത്തിയതും സമരസജ്ജരാക്കിയതും ഗാന്ധി ശിഷ്യനായ ജയപ്രകാശ് നാരായണനും .പക്ഷെ അടിയന്തിരാവസ്ഥക്കാലമത്രയും അദ്ദേഹം ജയിലിൽ ആയിരുന്നു അടിയന്തിരാവസ്ഥക്കെതിരെയുള്ള സമരത്തിന്റെ നായകൻ  ജോർജായിരുന്നു .ജെ പി ക്കൊപ്പം ഏകാധിപത്യ വിരുദ്ധ വികാരത്തിന്റെ പ്രതീകമായി ജോർജുൻട്  
     ഓർമ്മകളില്ലാതെ അദ്ദേഹം കഴിച്ചു കൂട്ടിയ ആ പത്തുകൊല്ലം .വ്രണിത .ഹൃദയരായിരുന്നു അദ്ദേഹത്ത സ്നേഹിച്ചവർ.ആ ദുരിതകാലത്ത് ഭാര്യയും മകനുമൊപ്പമുണ്ടായിരുന്നു .അകന്നു താമസിച്ചിരുന്ന അവർ ഒരു ചീത്തക്കാലം വന്നപ്പോൾ കൂട്ടിനെത്തി .അവർക്ക് വലിയ മനസ്സ് ഉണ്ടാവാതിരിക്കുന്നതെങ്ങിനെ .പ്രൊഫ് ഹുമയൂൺ കബീറിന്റെ മകളല്ലേ അവർ.
      ഒരു സിംഹം കൂടി കൂടണഞ്ഞു .സിംഹങ്ങളും സിംഹികളും ഇനിയും ഉണ്ടാവാതിരിക്കി ല്ല .
    ഞാൻ 74 ലെ മുദ്രാവാക്യം ഒരിക്കൽ കൂടി വിളിച്ചുകൊള്ളട്ടെ 
comrade George zindabad ..സഖാവ് ജോർജ് നീണാൾ വാഴട്ടെ 







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ