2019, ജനുവരി 4, വെള്ളിയാഴ്‌ച

ഭ്രാന്താലയം (2 -1 -2019 )
                  കേശവദേവിന്റെ ഏറ്റവും നല്ല നോവൽ ഏതാണെന്നു എം വി ബെന്നി ഒരിക്കൽ എന്നോടു ചോദിച്ചു ,മലയാളം എഡിറ്റോറിയൽ ഓഫിസിൽ വെച്ച് .മറുപടി പറയാൻ എനിക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല ."ഭ്രാന്താലയം "കേശവദേവിന്റെ ഏറ്റവും നല്ല നോവൽ മാത്രമല്ല മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച കൃതികളിൽ  ഒന്നാണ തെന്നു കൂടി ഞാൻ കൂട്ടിച്ചേർത്തു .ബെന്നി വാദപ്രതിവാദത്തിനൊന്നും നിന്നില്ല .പകരം ആ പുസ്തകത്തെക്കുറിച്ച് ഒരു പഠനം എഴുതാൻ പറഞ്ഞു.വാരികയിൽ മലയാള നോവലിനെക്കുറിച്ച് തുടങ്ങാൻ പോകുന്ന  പരമ്പരക്ക് വേണ്ടി .ബുക്ക് സ്റ്റാളുകളിൽ പുസ്തകം കിട്ടിയില്ല ഒരു സുഹൃത്തു തന്നു .പ്രമുഖ  ഹൈക്കോടതിഅഭിഭാഷകനായ പ്രതാപ് .ഞങ്ങൾ ഏജീസിൽ സഹപ്രവർത്തകരായിരുന്നു ..അന്ന് തന്നെ പുസ്തകം വായിച്ചു തീർക്കുകയും ചെയ്തു .-ഇടയ്ക്കു പറയട്ടെ ആ പരമ്പരയിൽ ഞാൻ എഴുതിയത് പാറപ്പുറത്തിന്റെ അരനാഴിക നേരത്തെക്കുറിച്ചാണ് .'യഹോവയുടെ വഴികൾ 'എന്ന ആ ലേഖനം എന്റെ പുസ്തകത്തിൽ ചേർത്തിട്ടുണ്ട് .
        ഭ്രാന്താലയം ഇന്നലെ പുതുവത്സര ദിനത്തിൽ ഓർക്കാപ്പുറത്ത്  എന്റെ മുമ്പിൽ വന്നുപെട്ടു .ഞാൻ ഏതൊരു നല്ല വായനക്കാരനെയും പോലെ കടം വാങ്ങിയ പുസ്തകം തിരിച്ചു കൊടുക്കാതെ അകത്തെ ഷെൽഫിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു .അതെങ്ങനെയോ  ആത്മീയ ഗ്രന്ഥങ്ങളുടെ  കൂട്ടത്തിൽ പെട്ടു . .എന്തായാലും വായനയുടെ പുതുവർഷം ഒരു മുഖ്യ മലയാള കൃതിയിൽ നിന്നുതന്നെ  തുടങ്ങാമെന്നു കരുതി .ഒന്നാംതീയതി തന്നെ ഭ്രാന്താലായം വായിച്ചു തീർക്കുകയും ചെയ്തു .---ഇത്രയും രണ്ടാം തീയതി എഴുതിയതാണ് .
  4 -1 -2019 ---ഭ്രാന്താലയത്തിന്റെ അന്യാദൃശമായ രചനാ തന്ത്രത്തെക്കുറിച്ചും ഓണാട്ടുകരയിലെ ഗ്രാമീണ മലയാളത്തിന്  ഉൾക്കൊള്ളാൻ കഴിയുന്ന കാവ്യ സൗന്ദര്യത്തെക്കുറിച്ചും കഥാകോവിദരായ ഗ്രാമവൃദ്ധരെ അനുസ്മരിപ്പിക്കുന്ന  ദേവിന്റെ കഥന രീതിയെക്കുറിച്ചും മറ്റും തുടർന്നെഴുതണമെന്നു കരുതി .ഇന്നു പക്ഷേ കുറിപ്പ് പൂർത്തിയാക്കാനിരിക്കുമ്പോൾ ഇതൊന്നും മനസ്സിലില്ല .ഉള്ളത് ഭ്രാന്താലയം എന്ന പേരും ആ പുസ്തകത്തിന്റെ അവസാനഭാഗത്തു വിവരിച്ചിരിക്കുന്ന സംഭവങ്ങളും അവിടെ ഒരു കഥാപാത്രം പറയുന്ന ഒരു വാക്യവുമാണ് .
    ഭ്രാന്താലയത്തിന്റെ ആദ്യഭാഗം അരങ്ങേറുന്നത് ഓണാട്ടുകരയിലാണ് .ദേവ് അക്കാലത്ത് താമസിച്ചിരുന്നത് അവിടെയായിരുന്നു .കൃത്യമായി പറഞ്ഞാൽ കായംകുളത്തിനടുത്ത് പുതുപ്പള്ളിയിൽ .നേരിട്ടറിയാവുന്ന ഭൂപ്രദേശവും അവിടത്തെമനുഷ്യരും അവരുടെ വേഷവും ഭാഷയുമെല്ലാമാണ് വർണ്ണിക്കപ്പെടുന്നത് .സ്വാഭാവികത പ്രതീക്ഷിക്കാവുന്നതു തന്നെ .പക്ഷെ പുസ്തകത്തിന്റെ അവസാനഭാഗത്തെ സംഭവങ്ങൾ  ഉത്തരേന്ത്യയിൽ ആയിടെ പുതിയതായി രൂപം കൊണ്ട ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലാണ് നടക്കുന്നത് .ദേവ് അവിടെ പോയിട്ടില്ല .അദ്ദേഹംആദ്യമായി  കേരളത്തിനു വെളിയിൽ പോകുന്നത് 1962ഇൽ ആണ് .അയൽക്കാർ എന്ന നോവലിനു ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് വാങ്ങാൻ .അത് അന്ന് പത്ര വാർത്തയായിരുന്നു . കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഭൂപ്രദേശങ്ങളെയും മനുഷ്യരെയും പറ്റി ,കേരളത്തിൽ എന്നെങ്കിലും നടക്കുമെന്ന് ആരും ദുസ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത സംഭവങ്ങളെ പറ്റി ഒക്കെ യാണ് ദേവിന് വർണ്ണിക്കാനുണ്ടായിരുന്നത് .ജീവൻ കയ്യിലെടുത്തു പിടിച്ചുകൊണ്ട് കിഴക്കോട്ടും പടിഞ്ഞാട്ടും ഓടിപ്പോകുന്ന ജനക്കൂട്ടങ്ങൾ ,കത്തിയെരിയുന്ന ഗ്രാമങ്ങളും അമ്പലങ്ങളും പള്ളികളും ,മരിച്ചു വീഴുന്ന മനുഷ്യർ ,കൊല്ലാനൊരുങ്ങി ഹരഹര മഹാദേവ എന്ന് ഗർജ്ജിക്കുന്ന പിശാചുക്കളും അള്ളാഹു അക്ബർ എന്നലറുന്ന ചെകുത്താന്മാരും .അവർക്കിടയിൽ കൊല്ലരുതേ എന്ന്  കേണപേക്ഷിക്കുന്ന അർദ്ധനഗ്നനായ ദീർഘകായൻ ,മോഹൻ മേരാ ബച്ചാ എന്നലറിക്കരഞ്ഞു കൊണ്ട് ആ മനുഷ്യനെ തേടി വരുന്ന ഭ്രാന്തിയായ ഒരമ്മ അഥവാ ഉമ്മാ ,പിശാചുക്കളുടെ വെടിയേറ്റ് അദ്ദേഹം ആ അമ്മയുടെ കൈകളിലേക്ക് വീഴുന്നത്…..
     അനിതര സാധാരണമായ ആഖ്യാനകൗശലവും ഭാവനാസമ്പന്നതയും ദേവ് ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നു .അമേരിക്ക കാണാതെ അമേരിക്ക എന്ന മനോഹര നോവലെഴുതിയ കാഫ്ക ക്കു ലഭിച്ച പ്രശംസ ദേവിനും അർഹതപ്പെട്ടതാണ് .പക്ഷേ ഇതേക്കുറിച്ചൊന്നും എഴുതാനുള്ള മനസ്ഥിതി ഇപ്പോഴില്ല .പറയാൻ തോന്നുന്നത് ഇത്രമാത്രമാണ് .ഇന്നായിരുന്നെങ്കിൽ ഭ്രാന്താലയത്തിന്റെ അവസാന ഭാഗമെഴുതാൻ ദേവിന് ഭാവനാ വിലാസത്തെയോ വായിച്ചറിവുകളെയോ ആശ്രയിക്കേണ്ടി വരുമായിരുന്നില്ല .കേരളത്തിലെ ഏതെങ്കിലും ഒരു നഗരത്തിലെയോ ഗ്രാമത്തിലെയോ ഏതെങ്കിലും ഒരു മൂലയിൽ നിന്ന് ചുറ്റും നോക്കി കാണുന്ന കാര്യങ്ങൾ പകർത്തിയെഴുതിയാൽ മാത്രം മതിയായിരുന്നു .ഏഴു പതിറ്റാണ്ടുകൾ കൊണ്ട് നമ്മൾ മലയാളികൾ എത്ര വളർന്നിരിക്കുന്നു .ദേവിന്റെ ഒരു കഥാപാത്രം റഹിം അഭിമുഖം നിൽക്കുന്ന \ചെകുത്താന്മാരെയും പിശാചുക്കളെയും നോക്കി പറയുന്ന ഒരു വാക്യം കുത്തിനോവിച്ചു കൊണ്ട് മനസ്സിൽ ചുറ്റിത്തിരിയുന്നു "അവർക്കു ഭരിക്കാൻ വേണ്ടി അവർ ശ്മശാനങ്ങൾ നിർമ്മിക്കുകയാണ് "









 


































   











     4 -

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ