2019, ജനുവരി 13, ഞായറാഴ്‌ച

ശങ്കരനും മറ്റു രണ്ടു മലയാളികളും
  സംസ്കൃതപണ്ഡിതനും പ്രിൻസ്ടൺ സർവകലാശാല സംസ്കൃതം പ്രൊഫസ്സ റുമായ റിച്ചാർഡ് എച് ഡേവിസിന്റെ പ്രശസ്തമായ രചനയാണ്‌ The BhagavadGitha A Biography .ഞാൻ ഈ പുസ്തകം ഈയിടെ വായിച്ചു തീർത്തു .വിശദമായി എഴുതണമെന്നുണ്ട് .അതു പിന്നാലെ .
   ആദ്യം ഗ്രന്ഥനാമത്തെക്കുറിച്ച് .ഒരു പുസ്തകവും അതിന്റെ രചനാകാലത്തിൽ ഒതുങ്ങുന്നില്ല . കാലത്തിന്റെ അതിർത്തികൾ ഭേദിച്ച് കൂടുതൽ ശക്തിയും സാന്ദ്രതയും തേടി അവ പിന്നീടുള്ള നൂറ്റാണ്ടുകളിൽ -മഹാ കാലത്തിൽ ജീവിച്ചുകൊണ്ടിരിക്കും .മിഖായേൽ ഭക്തിൻ പറഞ്ഞതാണ് .കാലങ്ങളിലൂടെയുള്ള ഒരു ഗ്രന്ഥ ത്തിന്റെ സാർത്ഥക പ്രയാണം രേഖപ്പെടുത്തി വെക്കുന്നതാണ് ആ ഗ്രന്ഥത്തിന്റെ  ജീവചരിത്രം .മഹാഭാരതത്തിലെ ഏതാനും അദ്ധ്യായങ്ങളായി തുടങ്ങി ശങ്കരന്റെ പ്രസ്ഥാനത്രയത്തിൽ ഒന്നായി നിരവധി വൃത്തി വാർത്തിക ഭാഷ്യങ്ങളിലൂടെ തലമുറകളുടെ വേദഗ്രന്ഥമായി അതിപ്പോൾ ഹിന്ദുമതത്തിന്റെ പുസ്തകങ്ങളിൽ പ്രഥമഗണനീയമായിരിക്കുന്നു .
    അപ്പോൾ ഒരു മലയാളിയാണ് ഗീതയുടെ ജീവചരിത്രത്തിലെ ഒരു പ്രത്യേക ഘട്ടം ഉദ്ഘാടനം ചെയ്തത് .ശങ്കരാചാര്യർ .വളർച്ചയുടെ പിനീടുള്ള ഘട്ടങ്ങളിൽ വ്യഖ്യാനങ്ങൾക്കൊപ്പം ഗീതാ പ്രഭാഷണങ്ങളുണ്ടായി .തുടർന്ന് ആലാപനങ്ങളും .പ്രൊഫ് ഡേവിസ് പറയുന്നു ക്ലാസിക് സംഗീതത്തിലും പിന്നണി ഗാനരംഗത്തും ഒരേ പോലെ പ്രഗദ്ഭരായ ,കെ ജെ .യേശുദാസിനെ പ്പോലെയുള്ളവർ അതിമനോഹരമായി ഗീതാ ശ്ലോകങ്ങൾ ആലപിച്ച ഡിസ്‌ക്കുകൾ സുലഭമാണെന്ന് .ഗീതയുടെ പ്രയാണവുമായി ബന്ധമുള്ള മറ്റൊരു മലയാളികൂടി ഈ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നു .ഗീതയും മാനേജ്മെന്റും എന്ന സങ്കൽപനത്തിന്റെ പ്രയോക്താവായി ഉദാഹരിക്കപ്പെട്ടുന്നത് ഇ ശ്രീധരനാണ് .ഗീത മത ഗ്രന്ഥമല്ല ഭരണനിർവ്വഹണത്തിന്റെ സുവിശേഷമാണ് അദ്ദേഹത്തിന് .
         യേശുദാസ് എൺപത്തിലേക്കു കടന്നിരിക്കുന്നു .'മണ്ണിനോടു യാത്രപറഞ്ഞു മക്കളെ വിട്ടു പിരിഞ്ഞു എന്ന് തുടങ്ങുന്ന 'ഭാര്യയിലെ 'ഗാനമാണ് യേശുദാസിന്റെ ശ്രദ്ധേയമായ ആദ്യഗാനം .തുടർന്നങ്ങോട്ട് എത്രപാട്ടുകൾ .അഞ്ചരപതിറ്റാണ്ടു കൊണ്ട് മലയാളത്തിലെ എതിരില്ലാത്ത ഗായകനായി അദ്ദേഹം .മഹാഗായകന് ജന്മദിന മംഗളങ്ങൾ നേരുന്നതിനൊപ്പം കേരളത്തിലെ ,ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സോപാനത്തിൽ ഗീത ചൊല്ലാൻ അദ്ദേഹത്തിനു കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ,മൂകനെ വാചാലനാക്കുകയും മുടന്തനെ  പർവതം കടക്കാൻ പ്രാപ്തനാക്കുകയും ചെയ്യുന്ന കൃപാനിധിയായ ഉണ്ണിയോട് .



 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ