2019 ജൂൺ 2, ഞായറാഴ്‌ച

1-6-2019
എന്തു കൊണ്ടു തോറ്റു
-----------------------------------
ഉത്തമാ ലളിതമാണ് ഉത്തരം .നമ്മൾ ജയിക്കുകയല്ല മറ്റാരെയോ ജയിപ്പിക്കുകയാണ് അതിനു വേണ്ടി  വേറെ മറ്റാരെയോ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്ന പ്രസ്താവനയുടേയും അതിന്റെ പിന്നിലെ മനോഭാവത്തിന്റെയും പ്രത്യാഘാതമാണ് തോൽവി . സമ്മതിദാനപൂർവ ഇന്ദ്രപ്രസ്ഥ ദൃശ്യങ്ങൾ ഓർത്തു നോക്കു .പ്രധാനി സ്ഥാനാഭിലാഷിയായ യുവാവിനു ചുറ്റും യാദവരും നായിഡുമാരും മറ്റും കൂടി നിന്ന് കൈകോർക്കൽ ,ആലിംഗനം ,ആഹ്ളാദപ്രകടനം .കൊച്ചുതിരുമേനി സർവോൽക്കർഷേണ വർത്തിക്കട്ടെ എന്ന അനുക്ത ആശംസാവചനം .അവിടെ നമ്മുടെ പ്രമുഖനുമുണ്ടായിരുന്നു .അതിൽ നിന്നൂറിയ സന്ദേശം ഇങ്ങിനെയൊരു പരാജയം സൃഷ്ടിച്ചുവെന്നതിൽപഠന ക്‌ളാസ്സുകളിൽ പങ്കെടുക്കാത്ത നിനക്കു പോലും  അദ്‌ഭുതമില്ലല്ലോ ഉത്തമ .
      ഇടതുപക്ഷത്തിന്റെ ബഹുവിധ രാഷ്ട്രീയ കർത്തവ്യങ്ങളിൽ  ഒന്നുമാത്രമാണ് പാർലമെന്ററി പ്രവർത്തനം .അതു കൊണ്ട് തന്നെ നിയമനിർമ്മാണ സഭകളിലെ നമ്മുടെ അംഗസംഖ്യ ശക്തി ദൗർബല്യങ്ങളുടെ സൂചകമായി നമ്മൾ കണക്കാക്കുന്നില്ല .നിയമസഭയിലേക്ക് ഒരംഗത്തെപ്പോലും അയക്കാൻ കഴിയാത്ത സംസ്ഥാനങ്ങളിലും തൊഴിലാളി കർഷക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ നമുക്കു കഴിയുന്നുണ്ടല്ലോ .അതാണ് ഉത്തമാ പ്രധാനം .
          1947 ൽ പി സി ജോഷി പുറത്തു പോകേണ്ടിവന്നതും 64 ൽ പിളർപ്പുണ്ടായതും കോൺഗ്രസ്സിനോടുള്ള സമീപനത്തെ ചൊല്ലിയായിരുന്നു .വിദേശനയത്തിൽ പഴയ സോവിയറ്റ് ബ്ലോക്കിനോടുണ്ടായിരുന്ന ആഭിമുഖ്യം ,ആഭ്യന്തരമായി ഇപ്പോഴും സ്വീകരിക്കുന്ന മതേതരസമീപനം ഇവയൊക്കെ സ്വാഗതാർഹമെങ്കിലും കോൺഗ്രസിന്റെ വർഗ്ഗപരമായ ഉള്ളടക്കം ബൂർഷ്വാസിയുടേതാണ് .ഒരു പ്രോലിറ്റേറിയൻ പാർട്ടിക്ക് ,എന്നു പറഞ്ഞാൽ ഉത്തമ തൊഴിലാളിവർഗ്ഗ പാർട്ടിക്ക് കോൺഗ്രസിനെ എതിർക്കാതിരിക്കാൻ കഴിയുകയില്ല ഈ 2019 ലും .കേരള ഘടകത്തിന്റെ സമീപനമായിരുന്നു ശരി .കോൺഗ്രസിനെയും ബി ജെ പി യെയും എതിർക്കുക ,ഒരു തൂക്കു സഭയുണ്ടായാൽ മതേതരത്വം ഉയർത്തിപ്പിടിക്കാൻ വേണ്ടി മതേതരപാർട്ടികൾക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നൽകുക .പക്ഷെ ജനങ്ങൾക്ക് കേരളത്തിലെ വോട്ടര്മാരുള്പ്പെടെയുള്ളവർ അങ്ങിനെയല്ല മനസ്സിലാക്കിയത് .
      തെറ്റുകളിൽനിന്ന് ,പരാജയങ്ങളിൽ നിന്നു പാഠം പഠിച്ചാണ് തൊഴിലാളിവർഗ്ഗ രാഷ്ട്രീയപ്രസ്ഥാനം എന്നും മുന്നേറിയിട്ടുള്ളത് .അന്തിമ വിജയം നമ്മുടേതാണെന്നതിൽ നിനക്കു സംശയമില്ലല്ലോ ഉത്തമാ .
       പിന്നെ ഉത്തമാ ഒരു കാര്യം കൂടി .പാർട്ടിയുടെ ശബരിമല നയം പൂർണ്ണമായും ശരിയായിരുന്നു .സമ്പൂർണമായ സ്ത്രീപുരുഷസമത്വത്തിൽ വിശ്വസിക്കുന്ന നമുക്ക് അങ്ങനെയല്ലാതെ ഒരു നയം സ്വീകരിക്കാൻ  കഴിയുകയില്ല .പരമോന്നത നീതിപീഠത്തിന്റെ വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാദ്ധ്യത പുറമെ.പത്ത് വോട്ടിനുവേണ്ടി നമ്മൾ ശരിയെന്നു ബോദ്ധ്യമുള്ള നയം മാറ്റുകയില്ല .
      വിശ്വാസികളല്ലാത്ത ,അല്ലെന്നു സ്വയം പ്രഖ്യാപിച്ച ചിലസ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിൽ ചിലർ കാണിച്ച അമിത താല്പര്യം പാർട്ടിക്ക്ഒരല്പം  പ്രതികൂലമായി ഭവിച്ചിട്ടുണ്ട്. ഉത്തമാ അത്  ശരിയാ ക്കാവുന്നതല്ലേയുള്ളു .
        ഉറച്ചകാൽവെപ്പുകളോടെ  ധീരമായി മുന്നോട്ടു നടക്കു സഖാവേ ഒരു ചുവന്നപ്രഭാതത്തിലേക്ക് . .



     

















2019 മേയ് 21, ചൊവ്വാഴ്ച

21-5-2019
മേയ് 21
------------
രാജ്യത്തിന്റെ ഭരണാധികാരം അതിന്റെ  സമ്പൂർണ്ണതയിൽ കയ്യാളിയിരുന്ന കുടുംബത്തിലെ മൂത്തപുത്രനായിരുന്നിട്ടും അധികാരത്തിൽ ഒരു താല്പര്യവും കാണിക്കാതെ സ്വന്തം തൊഴിലിൽ മാത്രം ശ്രദ്ധിച്ചു ജീവിക്കുക ;പക്ഷേ ഒരു പ്രത്യേക സാഹചര്യത്തിൽ അധികാരം ഏറ്റെടുക്കേണ്ടി വന്നപ്പോൾ ഒട്ടും മടിച്ചു നിൽക്കാതെ അതിനു തയാറാവുക ;ശാസ്ത്ര സാങ്കേതിക  രംഗത്ത് വികസിത രാഷ്ട്രങ്ങളുമായി അമ്പതുകൊല്ലത്തെ അകലം പാലിച്ചിരുന്ന രാജ്യത്തെ പെട്ടെന്ന് തന്നെ ലോകത്തിനൊപ്പം എത്തിക്കുക;അതേസമയം തന്റെ മാതാമഹൻ ഉൾപ്പെടെയുള്ളവർ പാടെ അവഗണിച്ചിരുന്ന ഗാന്ധിയൻ ഗ്രാമ സ്വാരാജിനെ ഭരണ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാക്കുക  ......ഇവയൊക്കെയാണ് രാജീവ് ഗാന്ധിയെ ഒരു ഭരണാധികാരി എന്ന നിലയിൽ ശ്രദ്ധേയനാക്കുന്നത് .വംശാധിപത്യപരമായ കുടുംബവാഴ്ച ഒരു .തലവിധി പോലെസ്വീകരിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിനോടുള്ള എല്ലാ എതിർപ്പും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ രാജീവ് ഗാന്ധി കഴിവുറ്റ ,ജനക്ഷേമതല്പരനായ ഒരു ഭരണാധികാരി ആയിരുന്നു .പരമോന്നത കുടുംബത്തിലെ അനന്തരാവകാശി എന്ന നിലയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട് അധികാരത്തിലെത്തിയ അദ്ദേഹം വിട പറയുമ്പോൾ വലിയ ഒരു ജനസഞ്ചയം ചുറ്റിലുമു
ണ്ടായിരുന്നു എന്ന വസ്തുത ആ വ്യക്തിത്വത്തോടുള്ള ആദരവു വർദ്ധിപ്പിക്കുന്നു .
പ്രണാമം രാജീവ്ജി






2019 മേയ് 13, തിങ്കളാഴ്‌ച

13-5-201
------------
"സാമജ വര -----------"
---------------------------------
സാമജവരന്മാർ പ്രൗഢഗമനം നടത്തിയിരുന്ന പഴയ പൂരപ്പറമ്പുകളെ  ഓർമ്മിപ്പിച്ചു ഇന്നലെ വടക്കുന്നാഥന്റെ സന്നിധാനം .കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും തലയെടുപ്പുള്ള ,കവിതകളിലും കീർത്തനങ്ങളിലും പ്രകീർത്തിക്കപ്പെടാറുള്ള ആനനട നടക്കുന്ന കൊമ്പൻ തന്നെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ .ഇന്നലെ അദ്ദേഹത്തിന് നരേന്ദ്ര  മോദിയെക്കാളും രാഹുൽ ഗാന്ധിയെക്കാളും  ,എം ടി യെക്കാളും  യേശുദാസിനെക്കാളും, മോഹൻലാലിനേക്കാളും  മമ്മൂട്ടിയെക്കാളും വാർത്താപ്രാധാന്യമുണ്ടായിരുന്നു .
   ഒരുകാലത്ത് ജീവിതവൃത്തിയുടെ ഭാഗമായിരുന്ന ചില പ്രവൃത്തികളാണ് പില്കാലത്ത് ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി നിലനിൽക്കുന്നതെന്ന് നരേന്ദ്രപ്രസാദ് എഴുതിയിട്ടുണ്ട് .അതിൽ ചെറിയ മാറ്റം വരുത്തട്ടെ :ജീവിതവൃത്തിയുടെ ഭാഗമായിരുന്നതോ  അതുമായി ജൈവബന്ധം പുലർത്തിയിരുന്നതോ ആയ ചില പ്രവൃത്തികളാണ് ആചാരാനുഷ്ഠാനങ്ങളായി നിലനിൽക്കുന്നത് .നെൽകൃഷി അന്യം നിന്നതിനു ശേഷവും വ്യാപകമായി നിലനിൽക്കുന്ന നിറപറ വെയ്പ്പ് നല്ലൊരുദാഹരണമാണ് .ഇത്തരം നിർദ്ദോഷമായ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദോഷമൊന്നുമുണ്ടാക്കുകയില്ല എന്നു മാത്രമല്ല അവയിൽ ചിലതെങ്കിലും സമൂഹത്തിന്റെ കെട്ടുറപ്പിന് സഹായകമാവുകയും ചെയ്യും .
            അത്രയ്ക്ക് നിർദ്ദോഷമാണോ പൂരത്തിന്റെ ഭാഗമായ ആന എഴുന്നള്ളിപ്പ് .?ലോറികളും ജെ സി ബി കളും നിലവിലില്ലാതിരുന്ന കാലത്ത് ആനകൾ നമ്മുടെ സാമ്പത്തിക ജീവിതത്തിൽ വ്യാപകമായി ഉപയുക്തമാക്കപ്പെട്ടിരുന്നു .ആ ജീവിതരീതിയുടെ സ്വാഭാവിക ഉപോല്പന്നമാവാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ അണിനിരക്കുന്ന പൂരങ്ങളും ഉത്സവങ്ങളും മറ്റും .സാമ്പത്തിക ജീവിതത്തിൽ ആന അനിവാര്യമല്ലാതായി .മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കേണ്ടതാണെന്നുള്ള ബോധം  നമ്മുടെ സമൂഹ മനസ്സിൽ രൂഢ മായിക്കൊണ്ടിരിക്കുകയാണ് . മൃഗബലിയും അതു പോലുള്ള അനാചാരങ്ങളും അവസാനിച്ചുവല്ലോ .അതു പോലെ കാട്ടാനകളെ പിടിച്ചു മെരുക്കുന്ന സമ്പ്രദായവും കാലക്രമത്തിൽ ഇല്ലാതാവും .ആനകളെ ഉപദ്രവിക്കാതെ അതിമനോഹരങ്ങളായ പൂരങ്ങൾ ആഘോഷിക്കാൻ നമുക്കു കഴിയും ഒരിക്കൽ .
           വടക്കുന്നാഥൻ അനുഗ്രഹിക്കട്ടെ.

പിൻകുറിപ്പ് ----ആളുകളെ നിശ്ചിത ദൂരത്തിൽ നിർത്തിക്കൊണ്ട് സമയ പരിധിക്കുള്ളിൽ തന്നെ പൂരവിളംബരം നടത്താൻ കഴിഞ്ഞ ജില്ലാ ഭരണ കൂടത്തിനും ക്രമസമാധാന പാലകർക്കും അഭിനന്ദനങ്ങൾ .കാര്യക്ഷമമായി,എന്നാൽ ജനസാമാന്യത്തെ വെറുപ്പിക്കാതെ  സർക്കാർ കാര്യങ്ങളും നടത്താൻ കഴിയുമെന്നതിന്  അപൂർവ നിദർശനമായിരുന്നല്ലോ അത് .







 










2019 മേയ് 9, വ്യാഴാഴ്‌ച

28-4-2019
ചിത്ര
----------
പി യൂ  ചിത്ര ദോഹയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 1500 മീറ്ററിൽ സ്വർണ്ണം നേടിയിരിക്കുന്നു .മുൻപും ഈ ഇനത്തിൽ ഏഷ്യൻ നിലവാരത്തിലുള്ള മത്സരത്തിൽ അവർ സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട് .മത്സരം കഴിഞ്ഞ് മെഡലുമായി അവർ തിരിച്ചെത്തിയപ്പോൾ കാര്യമായ സ്വീകരണമൊന്നുമുണ്ടായില്ല .ജനാധിപത്യത്തിന്റെ ഉത്സവത്തിനിടയിൽ ആ വലിയ വിജയം ശ്രദ്ധിക്കപ്പെടാതെ പോയി .
     2017 ഇൽ ലണ്ടനിൽ നടന്ന ലോക അതിലിറ്റിക്സ് മീറ്റിൽ പങ്കെടുക്കാൻ ചിത്രയ്ക്ക് നമ്മുടെ കായിക ഭരണ സംവിധാനം അനുമതി നൽകിയില്ല .സുപ്രീം കോടതി നിർദ്ദേശം സാങ്കേതികതയുടെ പേരിൽ അവഗണിച്ചു കൊണ്ട്  ചിത്രയ്ക്ക്   അനുമതി നിഷേധിച്ചത് കേരളത്തിന്റെ  കായിക റാണി ഉൾപ്പെടെയുള്ളവരാണ് .ഏതു വലിയ തച്ചനും പെരുംതച്ചനാണ് എന്നല്ലാതെ എന്തു പറയാൻ .
       പക്ഷേ പെരുംതച്ചന്മാരെ നിരാകരിച്ചുകൊണ്ട് ,ലജ്ജിപ്പിച്ചു കൊണ്ട് പിന്നത്തെ തലമുറ സ്വന്തം ശില്പങ്ങൾ ചരിത്രത്തിന്റെ രാജ വീഥികളിൽ സ്ഥാപിക്കുക തന്നെ ചെയ്യും .ചിത്രയും അതാണ് ചെയ്തത് ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണം നേടിക്കൊണ്ട് .അവസാന ലാപ്പിൽമുമ്പിൽ ഓടുന്നവരെ അഭ്യസ്തവും ചിട്ടകൾപാലിച്ചുള്ളതുമായ ചുവടുവെപ്പുകൾ കൊണ്ട്  മറികടന്ന്  അവർ സ്വര്ണത്തിലേക്ക് കുതിക്കുന്ന കാഴ്ച ഉദ്വേഗജനകമെന്നതു പോലെ ഹൃദ്യവുമായിരുന്നു .തുടർന്ന് എല്ലാ കൊടിക്കൾക്കും മീതേ ത്രിവർണ്ണ പതാക ,എല്ലാ ആരവങ്ങൾക്കും മുകളിൽ ജനഗണമന ,അത്യന്തം അഭിമാനകാരമെന്നപോലെ ആഹ്ളാദകരവുമായ അനുഭവമായിരുന്നു അത് .തെരഞ്ഞെടുപ്പിന്റെ പോർവിളികൾക്കും ശകാരവര്ഷങ്ങള്ക്കുമിടയിൽ വളരെ കുറച്ചു പേരെ ഇതൊക്കെ ശ്രദ്ധിച്ചുള്ളു .ജയിച്ചുവന്ന ചിത്രയെ സ്വീകരിക്കാൻ ഒരു പാടു പേരൊന്നും പോയതുമില്ല .
       ആനയും അമ്പാരിയും കൊട്ടും കുരവയും ആയുള്ള സ്വീകരണമല്ല ചിത്രയെപ്പോലുള്ളവർക്ക് വേണ്ടത് . സ്വന്തം കഴിവുകൾ വികസിപ്പിക്കാനുള്ള അവസരങ്ങളാണ്.ട്രാക്കിൽ തൊട്ടുപിന്നിൽ ,ഏതു നിമിഷവും കടത്തിവെട്ടി മുന്നിൽക്കയറാൻ സാദ്ധ്യതയുള്ള എതിരാളികളുണ്ടെങ്കിലേ ഏത് അത്‍ലറ്റിനും സ്വന്തം കഴിവ് അതിന്റെ പരമാവധിയിൽ പുറത്തെടുക്കാൻ കഴിയൂ .അതിനവസരം കിട്ടുന്ന ,ലോകനിലവാരമുള്ള പരിശീലനമാണ് നമ്മുടെ അത്‌ലറ്റുകൾക്കാവശ്യം .ഒപ്പം കായികക്ഷമത നിലനിർത്താൻ  കഴിയുന്ന ജീവിത രീതി പിന്തുടരാനുള്ള സാമ്പത്തിക സാഹചര്യങ്ങളും .കൂടെ മാന്യതയുള്ള,പരിശീലനത്തിനു തടസ്സമില്ലാത്ത  തൊഴിൽ .
         ഭരണകൂടത്തിന്റെ  ശ്രദ്ധ പതിയേണ്ടത് ഇത്തരം കാര്യങ്ങളിലാണ് .അതുണ്ടാവുമെന്ന് പ്രാക്ടീക്ഷിക്കാം .അഭിമാനത്തിന്റെ നിമിഷങ്ങൾക്ക് നന്ദിയും സ്നേഹവും അഭിനന്ദനങ്ങളും .ചിത്രയ്ക്കും പങ്കെടുത്ത എല്ലാ അത്‌ലറ്റുകൾക്കും .






         




2019 മേയ് 4, ശനിയാഴ്‌ച

4-5-2019"ഉയരെ" കണ്ടു .നന്നായിട്ടുണ്ട് .വിധിയും സമൂഹവും ഏൽപ്പിക്കുന്ന ആഘാതങ്ങളെ നേരിട്ട് ജീവിക്കാനും ജീവിതത്തിൽ വിജയിക്കാനുമുള്ള നിശ്ചയ ദാർഢ്യം കൈമുതലായുള്ള യുവതിയായി  പാർവ്വതി നല്ല അഭിനയം കാഴ്ചവെച്ചു .സിദ്ദിക്ക് ,ആസിഫ് ആലി  ടോവിനോ  എല്ലാവരും നന്നായിട്ടുണ്ട് .ഒരു പൊടിക്ക് മുന്നിൽ നിൽക്കുന്നത് ടോവിനോ ആണെന്ന് തോന്നിയത് എന്റെ പക്ഷപാതം കൊണ്ടാവാം .
    പുരുഷാധിപത്യ സമൂഹവുമായുള്ള യുദ്ധത്തിൽ സ്ത്രീക്ക് പുരുഷന്റെ കൈത്താങ്ങ് ആവശ്യമുണ്ട് എന്നിടത്തല്ലേ ഈ സിനിമയും എത്തിനിൽക്കുന്നത് എന്ന ചോദ്യത്തിന് അതെ എന്ന് തന്നെ മറുപടി പറയേണ്ടി വരും .അവിടെ ഒരു ന്യായീകരണമേയുള്ളു .സാമൂഹ്യ യാഥാർഥ്യം അതാണ് ;അത് കണ്ടില്ലെന്നു നടിക്കാൻ  സിനിമ എന്നല്ല  ഒരു കലാസൃഷ്ടിയ്ക്കും  സാദ്ധ്യമല്ല എന്ന പ്രാഥമിക തത്വം .




2019 ഏപ്രിൽ 23, ചൊവ്വാഴ്ച

രാജാവിന്റെ മകൻ .
-----' --------------------------
      പക്വതയെത്തിയതിനു ശേഷം ഞാൻ ദീർഘ നേരം ക്യു നിന്ന് കണ്ട ആദ്യ സിനിമ 'രാജാവിന്റെമകൻ 'ആയിരുന്നു .ഒന്നിലേറെ തവണ .രണ്ടാമത്തെ പ്രാവശ്യം അന്ന് സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന  മകനോടൊപ്പം .അന്നേ മനസ്സിൽ തോന്നിയതാണ് മഹാ നക്ഷത്ര പദവിയിലേക്ക് കുതിക്കുന്ന ചെറുപ്പക്കാരൻ ഈ ക്യു നിൽക്കുന്ന പൊതുജനത്തിന്റെബുദ്ധിമുട്ടുകൾ അറിയുന്നോ എന്ന ചിന്ത .ഇന്നിപ്പോൾ മോഹൻലാൽ മണിക്കൂറുകൾ വോട്ടിനു വേണ്ടി ക്യു നിൽക്കുന്നതു കണ്ടപ്പോൾ എനിക്ക് ബോദ്ധ്യമായി ഇന്ത്യൻ ജനത ജനാധിപത്യത്തിന്റെ കാവൽക്കാരാണെന്ന് .അവർ ജനാധിപത്യ ധ്വംസനങ്ങൾ അനുവദിക്കുകയില്ല .ഏകാധിപത്യമോ കുടുംബവാഴ്ചയോ ഇന്ത്യയിൽ സാധ്യമാവുകയില്ല .കാരണം രാജകുടുംബത്തോടുള്ള ഭക്തി ബഹുമാനങ്ങൾ മാത്രമല്ല താരാരാധനയും ജനാധിപത്യ പർവത്തിനു പുറത്തുമാത്രമേ നിലനിൽക്കൂ .പാപനാശിനിയായ വനകല്ലോലിനി ആർക്കും തർപ്പണത്തിനു നീരുനൽകും .അഭിഷേക ജെലമായി കുംഭങ്ങളിൽ പ്രവേശിക്കുകയില്ല .
    ഇന്ത്യൻ ജനാധിപത്യം നീണാൾ വാഴട്ടെ 






23-4-2019
പാർലമെന്റ് തെരഞ്ഞെടുപ്പായിരുന്നു ഇന്ന് .ഞങ്ങൾക്ക് ,എനിക്കും സുജാതക്കും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല .ലിസ്റ്റിൽ ഞങ്ങളുടെ പേരുണ്ടായിരുന്നില്ല .തികച്ചും അപ്രതീക്ഷിതം .തുടർച്ചയായി സ്ഥലത്തില്ലാതിരുന്നത് കൊണ്ട് സംഭവിച്ചതാകാം.ഞങ്ങൾ അമേരിക്കയിലേക്ക് താമസം മാറ്റിയെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവരുണ്ട് അയല്പക്കത്ത് .അതെന്തുമാകട്ടെ തിരുത്താൻ വീണ്ടും പേര് ചേർക്കാൻ അവസരങ്ങളുണ്ടായിരുന്നു .ഇങ്ങിനെയൊരു സംശയമേ ഇല്ലാതിരുന്നതു കൊണ്ട് ഞങ്ങളതിനു ശ്രമിച്ചതേയില്ല .
  പോകട്ടെ .ജനാധിപത്യത്തിന്റെ മനസ്സിലാണ് വേണ്ടത് .അതുണ്ട് .എന്ന് വെച്ച ഇതെങ്ങിനെ തുടരാൻ സമ്മതിക്കുകയില്ല .അടുത്ത അവസരത്തിൽ തന്നെ പേര് ചേർക്കും .