2020 ഏപ്രിൽ 6, തിങ്കളാഴ്‌ച

5-4-2020



5th April,202o
അറുപത്തിമൂന്നു വർഷങ്ങൾ

---------------------------

അറുപത്തി മൂന്നു വർഷം മുമ്പ് 1957 ഏപ്രിൽ 5 നാണ് ആദ്യ കേരള മന്ത്രിസഭ സ ,ഇ എം എസ് നമ്പൂരിപ്പാടിന്റെ നേതൃത്വത്തിൽ സത്യ പ്രതിഞ്ജ ചെയ്ത് അധികാരത്തിലേറിയത് .പാർലമെന്ററി ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിലെത്തുന്ന ആദ്യ കമ്യുണിസ്റ് സർക്കാർ ആയിരുന്നു അത് .ബൂർഷ്വ ജനാധിപത്യപരമെന്നു കമ്യുണിസ്റ്റുകാർ വിശേഷിപ്പിക്കുന്ന ഒരു ഭരണഘടനക്കും കേന്ദ്ര സർക്കാരിനും വിധേയമായി പ്രവർത്തിക്കേണ്ട ഒരു പ്രവിശ്യാ ഭരണകൂടം മാത്രമായിരുന്നു പക്ഷെ ആ സർക്കാർ .

എങ്കിലും അതൊരു ചരിത്ര നിമിഷമായിരുന്നു .ഒരു ജനതയുടെ നിലനില്പിൽ വിരളമായി മാത്രം എത്തിച്ചേരുന്ന ഒരു നിമിഷം .സംശയിക്കുന്നവരോട് അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലാത്ത മറ്റു പ്രവിശ്യകളിലേക്കു നോക്കുക എന്നേ പറയാനുള്ളു .

സ്വാതന്ത്ര്യലബ്ധി നമ്മുടെ ജീവിതത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നു പറയുന്നത് അവാസ്തവമായിരിക്കും .ഒരു സ്വതന്ത്ര രാജ്യത്തിലെ പൗരനാണെന്ന ബോധം അതു വരെ പ്രാദേശികമായി മാത്രം ചിന്തിച്ചിരുന്ന, രാജ ഭക്തിയിലും മറ്റും അഭിരമിച്ചിരുന്ന സാധാരണക്കാരനിലുണ്ടായി .വിശാലമായ ഒരു ദേശീയതയെക്കുറിച്ചുള്ള ബോധം ,ഇന്ത്യക്കാരെന്ന ബോധം സാർവത്രികമായി നിലവിൽ വന്നു .പഞ്ചവത്സര പദ്ധതികൾ ,വികസനം ഇവയൊക്കെ മെച്ചപ്പെട്ട റോഡുകളുടെയും മറ്റും രൂപത്തിൽ ഗ്രാമങ്ങളിലെത്തി .പ്രതീക്ഷകളുണ്ടായി .പക്ഷേ സമൂഹം ശ്രെണീബദ്ധമായി ,ഫ്യുഡൽ മാതൃകയിൽ തന്നെ തുടർന്നു ;തമ്പുരാൻ അടിയാൻ ബന്ധങ്ങൾക്ക് കാര്യമായ മാറ്റമൊന്നുമുണ്ടായില്ല 57 ൽ കമ്യുണിസ്റ്റുകാർ അധികാരത്തിൽ എത്തുന്നതു വരെ .57 മലയാളിയുടെ സമൂഹ മനസ്സിനെയും സമൂഹത്തെ ആകെ തന്നെയും ഉഴുതു മറിച്ചു .

കമ്യുണിസ്റ്റ് സർക്കാർ കൊണ്ടു വന്ന രണ്ടു മൂന്നു ബില്ലുകൾ ഈ സാമൂഹ്യ സാംസ്കാരിക വിപ്ലവത്തിന്റെ മൂർത്തരൂപങ്ങളാണെന്നു പറയാം ;വിദ്യാഭ്യാസ ബിൽ ,കാർഷിക ബന്ധ ബിൽ ,ഭൂനയ ബിൽഎന്നിവ .'ഗ്രാൻഡ്'സ്‌കൂൾ സേവന വേതന വ്യവസ്ഥകൾ സർക്കാർ സ്‌കൂളിലേതിനു തുല്യമായി ,തമ്പുരാൻ അടിയാൻ ബന്ധങ്ങൾക്ക് അവസാനമായി, പഴകി ദ്രവിച്ച സമുദായ ശില്പങ്ങൾ കടപുഴകി വീണു ,മനുഷ്യ സമത്വത്തെക്കുറിച്ചുള്ള ബോധം രൂഡമൂലമായി .

തുടങ്ങി വെച്ചതു പൂർത്തീകരിക്കുന്നതിനു മുമ്പ് അകാലത്തിൽ ആ മന്ത്രി സഭ വരാനിരിക്കുന്ന ജനാധിപത്യ ധ്വംസനങ്ങളുടെ മുന്നോടിയായ ഒരു നടപടിയിലൂടെ പുറത്താക്കപ്പെട്ടു .പക്ഷെ അവർ തുടക്കം കുറിച്ച വിചാര വിപ്ലവത്തെയോ സാമൂഹ്യ മാറ്റങ്ങളെയോ തടഞ്ഞു നിർത്താൻ ആ നടപടിക്ക് കഴിഞ്ഞില്ല .

ഇവിടെ എടുത്തു പറഞ്ഞ പുരോഗമന നടപടികളിൽ പക്ഷെ ചില വീഴ്ചകൾ പറ്റിയിരുന്നു ;അക്ഷന്തവ്യം എന്ന് തന്നെ പറയാവുന്ന ചില വീഴ്ചകൾ .നിയമനാധികാരം പ്രൈവറ്റ് സ്‌കൂൾ മാനേജർമാർക്ക് നല്കിയത് ആണ് അതിലൊന്ന് .അതിലും അപകടകരമായിരുന്നു കൃഷിക്കാരൻ എന്ന പദത്തിന് നൽകിയ വ്യാഖ്യാനം .ഭൂമി അതുഴുന്നവന് (land to the tiller )എന്നത് കൃഷിഭൂമി കര്ഷകന് എന്നും കർഷകൻ എന്നാൽ പാട്ടക്കാരൻ എന്നും വ്യാഖ്യാനിക്കുക വഴി ഭൂ നിയമത്തിന്റെ ലക്‌ഷ്യം തകിടം മറിഞ്ഞു പോയി .ഭൂമി ജന്മിയിൽ നിന്നു പിടിച്ചെടുത്തു പാട്ടക്കാരനു കൊടുത്തു .യഥാർത്ഥ അവകാശിയായ കൃഷി തൊഴിലാളി സകുടുംബം മൂന്നു സെന്റിലൊതുങ്ങി.കാർഷിക മേഖലയുടെ പ്രത്യേകിച്ചും നെൽകൃഷിയുടെ പൂർണമായ തകർച്ചക്ക് അത് വഴിവെച്ചു ;ഭൂമിയുടെ അവകാശികൾക്ക് അത് ലഭിക്കാനുള്ള സാദ്ധ്യത തീരെ ഇല്ലാതായി !

ദുരവസ്ഥ തുടർന്നു കൊണ്ടേയിരിക്കുന്നു

ഇതൊക്കെ സത്യം തന്നെ .എങ്കിലും ഏപ്രിൽ 5 ന്റെ പ്രാധാന്യം ഇതു കൊണ്ടൊന്നും ഇല്ലാതാവുന്നില്ല .കാരണം ചൂഷണവും അന്യവൽക്കരണവും കൂടുതൽ രൂക്ഷമായ ഇന്നത്തെ അവസ്ഥയിൽ ഒരു പ്രത്യയ ശാസ്ത്രമെന്ന നിലയിൽ മാർക്സിസവും മനുഷ്യവർഗം ആത്യന്തികമായി കൈവരിക്കേണ്ട അവസ്ഥ എന്ന നിലയിൽ കമ്യുണിസവും പൂർവ യൂറോപ്പിലെ സ്റ്റാലിനിസ്റ്റ് ഗോപുരങ്ങളുടെ പതനത്തിനു ശേഷവും പ്രസക്തമാണെന്നതു തന്നെ .


2020 ഏപ്രിൽ 5, ഞായറാഴ്‌ച

5-4-2020

ഞാനൊറ്റയാകുവതെങ്ങിനെ ......
   ഒറ്റപ്പെട്ടുപോകുന്നവരെക്കുറിച്ച് ഞാൻ എഴുതിയത് ശ്രദ്ധയിൽ പെട്ടിട്ടാണോ എന്നറിഞ്ഞുകൂടാ സ.വി പി ചന്ദ്രൻ വിളിച്ചു .തൊട്ടടുത്ത ഡിവിഷനിലെ കൗൺസിലർ ആണ് ചന്ദ്രൻ .പഴയ സുഹൃത്താണ് .രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്ഞാൻ നല്ല കാലത്ത്   ഏതു പരിതസ്ഥിതിയിലും ഏതുകാര്യത്തിനും ഒപ്പമുണ്ടാവുമെന്ന് ഉറപ്പു തരിക മാത്രമല്ല സഖാവ് ചെയ്തത് ;നിത്യോപയോഗസാധനങ്ങൾ സ്വയം എത്തിച്ചു തരികയും ചെയ്തു .ഈ ആപദ്ഘട്ടത്തിൽ സഹജീവികളെ സഹായിക്കാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട് സ ചന്ദ്രനും സംഘവും .ഒരു സമൂഹ അടുക്കള കാര്യക്ഷമമായി നടത്തിക്കൊണ്ടു പോകുന്നതുൾപ്പെടെ .ഇക്കാര്യങ്ങളിൽ സജീവമായി സഹകരിക്കുന്ന സുഹൃത്ത് വിശ്വംഭരൻ എന്നോടു ഫോണിൽ പറഞ്ഞു :"സാറിന്റെ പ്രായമാണെനിക്കും ;ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനു ശേഷം ഒരു ദിവസം പോലും വീട്ടിലിരിക്കാൻ കഴിഞ്ഞില്ല "എന്ന് .ഈ പ്രായത്തിലും മറ്റാളുകൾക്ക് തുണയാവാൻ ഓടിനടക്കുന്ന ഈ സുഹൃത്ത് .അതു പോലെ എത്രപേർ .അവരുള്ളപ്പോൾ ഞങ്ങൾ ഒറ്റയാവുന്നതെങ്ങിനെ ?സച്ചിദാനന്ദന്റെ കവിതയിൽ പറയുംപോലെ
 'ഞാനൊറ്റയാവുവതെങ്ങിനെ കിടാങ്ങളേ
 യീ ഭൂമി വൃദ്ധയാവോളം ....
...അലിവിന്റെ പകൽപിരിഞ്ഞൊടുവിലെ സ്വാതന്ത്ര്യ
   പഥികനുമിരുട്ടിൽ വീഴ്വോളം .."
 അലി വിന്റെ പഥികർക്ക് രാജ്യം ഇന്നൊരുക്കുന്ന ദീപാവലിയിൽ ഞങ്ങളുടെ കൈത്തിരിയും ഉണ്ടാവും
 








2020 മാർച്ച് 28, ശനിയാഴ്‌ച

28-3-2020

കാവു തീണ്ടൽ
-------------------------
ഇന്ന് മീനഭരണി .പ്രത്യേക പരിതസ്ഥിതിയിൽ ഇക്കുറി പോയില്ല .പതിവായി മിക്ക കൊല്ലങ്ങളിലും പോവാറുള്ളതാണ് .
  തൊഴിൽ അടിസ്ഥാനമാക്കിയുള്ള തിരശ്ചിനമായ -ആരും ആർക്കും മുകളിലോ താഴെയോ അല്ലാത്ത -ജാതിസമ്പ്രദായം നിലവിലിരുന്ന കാലത്ത് വിളവെടുപ്പുകഴിയുന്ന സമയത്ത് അമ്മയെ പാടിഉണർത്തുകയും  സന്തോഷിപ്പിക്കുകയും ചെയ്യുമായിരുന്നു ഗ്രാമങ്ങൾ .അവിടെ പാട്ടുകാരും ആസ്വാദകരും വേറെ ആയിരുന്നില്ല .ശ്ളീലാ ശ്ലീലങ്ങളും  ഉണ്ടായിരുന്നില്ല .ഗ്രാമം അമ്മയുടെ തിരുവരങ്ങായിരുന്നു .
    അപ്പോൾ ഒരിക്കൽ അവരെത്തി .വൈ ദിക തത്വങ്ങളെ ദുർവ്യഖ്യാനം ചെയ്ത നിർമ്മിച്ച വർണ്ണ സമ്പ്രദായങ്ങളുമായി ..മനുഷ്യരെ കീഴ്മേൽ വിഭജിച്ചവർ .യഥാർത്ഥ ഉടമസ്ഥർക്ക് ഗ്രാമം വിട്ടു പോകേണ്ടി വന്നു .കൈയേറ്റക്കാർക്ക് വിടുപണി ചെയ്യാൻ തയാറായവർ  ബ്രാഹ്മണ്യം ഇല്ലാത്ത സവര്ണരായി അവർക്കൊപ്പം നിന്നു .   പോയവർ എല്ലാക്കൊല്ലവും വന്നു ഉറഞ്ഞുതുള്ളി പാട്ടുപാടി അമ്മയെ വണങ്ങി തിരിച്ചുപോകുന്നു .
   ഇത്തവണ ഞങ്ങൾ ഇരിക്കുന്നിടത് ഇരുന്നു മനസ്സിൽ പാടുന്നു ...'താനാരോ തന്നാരോ ......'

2020 മാർച്ച് 22, ഞായറാഴ്‌ച

22-3-2020

അതിരാണിപ്പാടത്തിന്റെ കഥ
-------------------------------------------------
മാവേലിക്കര ഉത്സവപ്പറമ്പിലെ പുസ്തകക്കച്ചവടക്കാരന് ഇത് ചീത്തക്കാലമായിരുന്നു ;ആളുകളുണ്ടായിരുന്നില്ലല്ലോ ഉത്സവപ്പറമ്പിൽ .'ഒരു ദേശത്തിന്റെ കഥ 'വെറുതേ എടുത്തു നോക്കി തിരിച്ചുവെച്ച എന്നോട് അയാൾ പറഞ്ഞു '100 രൂപാ കുറച്ചു തരാം ,സാറെടുത്തോ 'എന്ന് .100 രൂപാ ഡിസ്‌കൗണ്ടിനേക്കാൾ അയാളുടെ ശബ്ദത്തിലെ നിരാശയും നിസ്സഹായതയും   എന്നെ സ്പർശിച്ചു .ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം വേണ്ടെന്നു വെച്ച് കാമു -കാഫ്ക കൃതികളേതെങ്കിലും വാങ്ങുമ്പോൾ കുറവു വരുന്ന നാലണയോ എട്ടണയോ 'പിന്നെത്തന്നാൽ മതി പുസ്തകം കൊണ്ടു പൊയ്ക്കോ 'എന്നു പറഞ്ഞിട്ടുള്ള തലസ്ഥാനത്തെപഴയ  പുസ്തകവ്യാപാരികളുടെ സൗമനസ്യം ഞാനോർത്തു .ഞാൻ പുസ്തകം വാങ്ങി .വായിക്കുകയും ചെയ്തു .
   പണ്ട് ഇറങ്ങിയ കാലത്തു തന്നെ വായിച്ചതാണ് .ആദ്യവായനയിൽ അതെനിക്കിഷ്ടപ്പെട്ടില്ല .അതിനി വായനയില് അനവധാനത കൊണ്ടായിരിക്കാമെന്നു കരുതി ഇക്കുറി വളരെ ശ്രദ്ധാപൂർവമാണ് വായിച്ചത് .പക്ഷെ എനിക്ക് തെറ്റിയിട്ടില്ല .മഹാനായ ഒരു സാഹിത്യകാരന്റെ മോശപ്പെട്ട രചനയാണ്‌ 'ഒരു ദേശത്തിന്റെ കഥ '.സ്വന്തം യാത്രാനുഭവങ്ങൾ ഹൃദയഹാരികളായ രചനകളായി വായനക്കാർക്കു സമ്മാനിച്ച ആളാണ് എസ് കെ പൊറ്റെക്കാട് .കൺമുമ്പിൽ കണ്ട ഒരു തെരുവിന്റെകഥ മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായി ,ഒരു കൈവിരലിൽ എണ്ണാവുന്നവയിൽ ഒന്നായി പുനരാഖ്യാനം ചെയ്തിട്ടുള്ള മഹാപ്രതിഭയുമാണ് .പക്ഷെ ആ പ്രതിഭാവിലാസം സ്വന്തം ബാല്യ കൗമാരങ്ങളെ  കുറിച്ചെഴുതിയ ദേശത്തിന്റെ കഥയിൽ തീർത്തും അസന്നിഹിതമാണ് .അനുഭവ വിവരണങ്ങളുടെ ഇഴയടുപ്പമില്ലാത്ത ഒരു സമാഹാരം മാത്രമായിപ്പോയി ഈ നോവൽ .
      സ്വന്തം അനുഭവങ്ങളോട് സത്യസന്ധത പുലർത്തിയിട്ടുണ്ട് പൊറ്റക്കാട് എന്ന വസ്തുത പക്ഷേ സമ്മതിക്കേണ്ടിയിരിക്കുന്നു .തന്റേയും ബന്ധുക്കളുടേയും സ്വഭാവത്തിലെയും പെരുമാറ്റത്തിലേയും ഇരുണ്ട വശങ്ങളൊന്നും മറച്ചു വെയ്ക്കപ്പെട്ടിട്ടില്ല .സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങൾ പരാമര്ശിക്കപ്പെടുന്നിടത്തും കാണാം ഈ സത്യസന്ധത .വാഗൺ ട്രാജഡിയിൽ നാമാവശേഷരായ നിരപരാധികളായ മാപ്പിളമാരോടു കാണിക്കുന്ന സൗമനസ്യവും സഹാനുഭൂതിയും അത്രകണ്ടു നിരപരാധികളല്ലാത്ത അവരുടെ കൂട്ടാളികൾ അരിഞ്ഞു കിണറ്റിലെറിഞ്ഞ സ്വസമുദായക്കാരോടും എസ് കെ പ്രകടിപ്പിക്കുന്നുണ്ട് .ചാവു കിണറ്റിൽ നിന്ന് ചാവാതെ രക്ഷപ്പെട്ടു വന്ന് കഥാനായകന്റെ മാതൃഗൃഹത്തിൽ താമസിക്കുന്ന അഭയാർഥികളുടെ വർണ്ണന ഈ നോവലിലെ അപൂർവം ഹൃദ്യമായ ഭാഗങ്ങളിലൊന്നാണ്






     
   


















2020 മാർച്ച് 14, ശനിയാഴ്‌ച

14-3-202o


പുതുശേരി രാമചന്ദ്രൻ
കവിയും ഭാഷാഗവേഷകനുമായ പുതുശേരി രാമചന്ദ്രൻ അന്തരിച്ചു .വാർത്ത .തീർച്ചയായും അദ്ദേഹം കവിയായിരുന്നു .അതിലധികം മലയാളഭാഷക്കു പ്രത്യേകമായും ദ്രാവിഡഭാഷാ ഗോത്രത്തിനു പൊതുവേയും വിലപ്പെട്ട സംഭാവനകൾ നൽകിയ ഭാഷാശാസ്ത്ര ഗവേഷകനായിരുന്നു .പക്ഷെ പുതുശേരിയെ ഓർക്കുമ്പോൾ പ്രഥമ പരിഗണന നൽകേണ്ടത് അദ്ദേഹം പിൽക്കാലത്ത് ഉപേക്ഷിച്ച രാഷ്ട്രീയ പ്രവർത്തനത്തിനാണ് എന്ന് എനിക്കു തോന്നുന്നു   .
    1949 ഡിസംബർ 31 നാണ് പുതുശേരി ഇന്ത്യൻ കമ്യൂണിസ്റ് പാർട്ടി ശൂരനാട് ഉൾപ്പെടുന്ന പ്രാദേശിക ഘടകത്തിന്റെ സെക്രട്ടറിയായി ചുമതലയേൽക്കുന്നത് തന്റെ പഠിപ്പ് നിർത്തിവെച്ചുകൊണ്ട് .ശൂരനാട് എന്നൊരു പ്രദേശം തിരുവിതാംകൂറിന്റെ ഭൂപടത്തിൽ നിന്ന് തുടച്ചു നീക്കും എന്ന മുഖ്യമന്ത്രി ടി കെ നാരായണപിള്ളയുടെ ഭീഷണി പുറത്തുവന്നതിന്റെ  പിറ്റേദിവസം .കയ്യൂരിലെയും വയലാറിലെയും മർദ്ദനം ഒന്നുമായിരുന്നില്ല ശൂരനാട്ടെ നരനായാട്ടുമായി താരതമ്യം ചെയ്യുമ്പോൾ .പിടികിട്ടിയ യുവാക്കളെ ചതച്ചുകൊന്നു ,അവശേഷിച്ചവരെ ആയുഷ്കാല രോഗികളാക്കി .സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടു ....(തോപ്പിൽ ഭാസിയുടെ നാടകങ്ങളുടെ മുഖക്കുറിപ്പുകൾ ,കെ ആർ മീരയുടെ ആവേമറിയ എന്ന ചെറുകഥ ഇവയൊക്കെ നോക്കുക) .ഇതിനെതിരെയുള്ള ചെറുത്തു  നിൽപ്പിനു മുന്നിൽ നിന്ന് നേതൃത്വം  കൊടുക്കാനാണ് പുതുശേരിയെ പാർട്ടി നിയോഗിച്ചത് .എം എന്നും തമ്പിസാറും പുതുപ്പള്ളിയും ഭാസിയുമൊക്കെ അന്ന് ഒളിവിൽ ആയിരുന്നുവല്ലോ .
         നിരോധനം നീക്കി നേതാക്കന്മാരൊക്കെ വെളിയിൽ വന്നു കഴിഞ്ഞപ്പോൾ പുതുശേരി എം എ ക്കു ചേർന്നു ,ജയിച്ച് കോളേജദ്ധ്യാപകനായി .നേരത്തെയുണ്ടായിരുന്ന  കാവ്യോപാസന തുടർന്നു .താൻ രക്തവും വിയർപ്പും കൊടുത്തു വളർത്തിയ പാർട്ടി അധികാരത്തിലിരിക്കെ തൊഴിലാളികൾക്ക് നേരെ വെടിവെച്ചപ്പോൾ
"ഇടിവെട്ടുവാൻ വെറും വെള്ളിടി വെട്ടാനെങ്കിൽ
  ഇടവപ്പാതിക്കാറേ നീയുമെന്തിനു വന്നു ..."എന്ന് കവിതയിലൂടെ ചോദിക്കാൻ അദ്ദേഹം മടിച്ചില്ല.
   സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ധ്യാപക വൃത്തിയിലേക്ക് മാറിയ അദ്ദേഹം കവിതയിൽ നിന്ന് ഭാഷാശാസ്ത്ര ഗവേഷണത്തിലേക്ക് ചുവടു മാറ്റം നടത്തി .എന്നെപ്പോലെയുള്ള അനഭ്യസ്തരായ മലയാളവായനക്കാർക്ക് സുപരിചിതനല്ലാതായി .എന്നിരുന്നാലും മലയാളഭാഷക്കു പ്രത്യേകമായും ദ്രാവിഡ ഭാഷകൾക്ക് പൊതുവിലും പുതുശേരി നൽകിയ സംഭാവനകൾ ഞങ്ങൾ മനസ്സിലാക്കിയിരുന്നു .
        ഭാഷയുടെയും സാഹിത്യത്തിന്റെയും ഉന്നതരായ പ്രയോക്താക്കളിലൊരാളാണ് വിട പറഞ്ഞത് .ഒപ്പം ശൂരനാടിന്റെ പടനായകനും .ഇരുട്ടിന്റെ ശക്തികൾ പൂർണമായി അപ്രത്യക്ഷമായിക്കഴിഞ്ഞിട്ടില്ല എന്നിരിക്കെ ആ ഓർമ്മ നമ്മൾക്ക് പ്രചോദകമാവട്ടെ





























2020 ഫെബ്രുവരി 24, തിങ്കളാഴ്‌ച

24-2-2020

'മീശ 'വായിച്ചു .നന്ന് .വായിച്ച മിക്കവരും ചെയ്യാറുള്ളതുപോലെ 'പക്ഷെ 'ഞാൻ കൂട്ടിച്ചേർക്കുന്നില്ല .ഉപാധികളില്ലാതെ തന്നെ പറയാം എനിക്കിഷ്ടപ്പെട്ടു .തൊണ്ണൂറ്റൊമ്പതിലെ (1924 ) വെള്ളപ്പൊക്കത്തിനു തൊട്ടു മുമ്പുമുതൽ 122 ലെ (1946 )വയലാർ കലാപം വരെയുള്ള ഏകദേശം മൂന്നു പതിറ്റാണ്ടാണ് നോവലിൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്ന കാലം ;സ്ഥലം കുട്ടനാടിന്റെ വടക്കൻ പ്രദേശങ്ങൾ മുഖ്യമായും വിശാല കുട്ടനാട് പൊതുവെയും .ഈ ഭൂപ്രദേശത്തിലുൾപ്പെടുന്ന ഓണാട്ടുകരയിലെ പുഞ്ചക്കൃഷിയുമായി ബന്ധപ്പെട്ടിട്ടുണ്ട് ഞാൻ അൻപതുകളിലും അറുപതുകളിലും .ഈ പരിചിതത്വം എനിക്കീ നോവൽ ആകർഷകമായി തോന്നാൻ ഒരു കാരണമാവാം .
  പഴയ മിത്തുകളെ അപനിർമ്മിച്ച് പുതിയ മിത്തുകൾ സൃഷ്ടിക്കുകയാണ് നല്ല നോവലുകൾ ചെയ്യുന്നത് എന്നു പറഞ്ഞത് ഏർണെസ്റ് ഫിഷർ ആണ് -(ആര്ട്ട് എഗൈൻസ്റ് ഐഡിയോളജി ).ഈ നിർവചനം അനുസരിച്ച് 'മീശ 'ഒരു നല്ല നോവലാണ് .വിശദമായി എഴുതേണ്ടതുണ്ട് ;അത് പിന്നീട് .ഒരു സവിശേഷത മാത്രം ചൂണ്ടിക്കാട്ടിക്കൊള്ളട്ടെ .ഓണാട്ടുകാരമുതൽ വൈക്കം വരെയുള്ള വിശാല കുട്ടനാടൻ പ്രദേശങ്ങളിലെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ കർഷകത്തൊഴിലാളി ജീവിതം അതിന്റെ സമസ്ത ദൈന്യതകളോടും കൂടി ഇതിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് കലാത്മകമായിത്തന്നെ .ഒരു പക്ഷേ രണ്ടിടങ്ങഴിയിൽ കാണുന്നതിനേക്കാൾ വിശദമായി .പീഡിതാവസ്ഥയുടെ സത്യസന്ധമായ ആഖ്യാനം തന്നെ ,പരിഹാര നിർദ്ദേശങ്ങളൊന്നുമില്ലെങ്കിൽ കൂടി പുരോഗമനപരമാണെന്നല്ലേEngels പറഞ്ഞിട്ടുള്ളത് ?








2020 ഫെബ്രുവരി 5, ബുധനാഴ്‌ച

5-2-2020
-----------
പാവകളുടെ വീട് ,ജയനാരായണന്റെ ജീവിത സമസ്യകളും
-------------------------------------------------------------------------------------------------
ഏറെക്കാലത്തിനു ശേഷം ഇ സന്തോഷ്‌കുമാർ ഒരു കഥയെഴുതിയിരിക്കുന്നു ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ;പാവകളുടെ വീട് .സമീപകാലത്തെക്കുറിച്ച് സമീപകാലത്തെഴുതപ്പെട്ട ഏറ്റവും നല്ല ചെറുകഥയാണ് പാവകളുടെ വീട് എന്നെനിക്കു തോന്നുന്നു .കഥ വീണ്ടും വായിച്ചിട്ടു വേണം വിശദമായ ഒരാസ്വാദനക്കുറിപ്പെഴുതാൻ .
     സന്തോഷവും ഒപ്പം ദുഖവും തോന്നിയ ഒരു വായനാനുഭവം മാതൃഭൂമിയിൽ തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു ;അന്തരിച്ച പ്രശസ്ത കഥാകൃത്ത് ജയനാരായണനെക്കുറിച്ച് പ്രദീപ് പനങ്ങാട് എഴുതിയ ലേഖനം 'ജയനാരായണന്റെ ജീവിത സമസ്യകൾ .അറുപതുകളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥകളെഴുതിയിരുന്ന യുവാക്കളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്ന രണ്ടു പേരിൽ  ഒരാളായിരുന്നു ജയനാരായണൻ .മറ്റെയാൾ എം സുകുമാരൻ .1980 ഇൽ സിവിൾ സപ്ലൈസ് കോര്പറേഷനിൽ ഡെപ്യൂട്ടേഷനിൽ എത്തിയപ്പോഴാണ് ഞാൻ ജയനാരായണനെ പരിചയപ്പെടുന്നത് .അന്നദ്ദേഹം അവിടെയുണ്ടായിരുന്നു .ഞങ്ങളെ തമ്മിൽ പരിചയപ്പെടുത്തിയത് അന്ന് അവിടെയുണ്ടായിരുന്ന കവി വി ആർ രാമകൃഷ്ണനാണ്  .അപ്പോഴേക്കും ജയനാരായണന്റെ കഥകൾ പ്രമുഖ ആനുകാലികങ്ങളിൽ വരാതായിട്ട് കുറേക്കാലമായിരുന്നു .തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നൊരു ചിന്ത ജയനാരായണനെ അലട്ടിയിരുന്നു .എം സുകുമാരൻ ചെയ്‌തതു പോലെ അന്ന് നിലവിൽ വന്നിരുന്ന ആധുനികതയുടെ സങ്കേതങ്ങളുപയോഗിച്ച് കേരളത്തിന്റെ വർത്തമാനവും ഭാവിയും കഥകളിലൂടെ ആവിഷ്കരിക്കാൻ ജയനാരായണൻ ശ്രമിച്ചില്ല എന്നതാവാം ആനുകാലികങ്ങളുടെ ഈ പരാങ്‌മുഖത്വത്തിനു കാരണം എന്നെനിക്കു തോന്നുന്നു .എന്തായാലും സാഹിത്യരംഗത്തുണ്ടായ അവഗണയ്‌ക്കൊപ്പം ചില ശാരീരികാസ്വാസ്ഥ്യങ്ങളും ജയനാരായണന്റെ ഉൾവലിയലിനു കാരണമായിട്ടുണ്ടാവാം .കൗതുകകരമായ ഒരു കാര്യം സുകുമാരൻ ആധുനികതയുടെ ലക്ഷണ ഗ്രന്ഥങ്ങളൊന്നും വായിച്ചിട്ടുള്ള ആളായിരുന്നില്ല .ജയനാരായണൻ ആവട്ടെ അവയൊക്കെ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള ആളും .
    ഞങ്ങൾ തമ്മിലുള്ള ഹ്രസ്വ പരിചയത്തിൽ ഒരു അസ്വരസത്തിന്റെ അനുഭവം കൂടിയുണ്ട് .ഒരിക്കൽ ഞങ്ങൾ മദ്രാസ്സിൽ വെച്ചു കണ്ടു .ബാങ്ക് ഫൈനാൻസ് കാര്യങ്ങളുമായി ബന്ധപ്പെട്ട സ്റ്റേറ്റ് ബാങ്ക് ലോക്കൽ ഹെഡ് ഓഫീസിൽ പോയതായിരുന്നു ഞാൻ .പർച്ചേസ്  ഡിപ്പാർട്മെന്റിന്റെ എന്തോ ചർച്ചയ്ക്കായി എത്തിയതായിരുന്നു ജയനാരായണൻ .ഹോട്ടലിൽ വെച്ച കണ്ടു മുട്ടിയ ഞങ്ങൾ പക്ഷെ സംസാരിച്ചതു മുഴുവൻ സാഹിത്യത്തെക്കുറിച്ചായിരുന്നു .ഇടയ്ക്ക് ഞാനെന്റെ ഇഷ്ടനോവലുകളെക്കുറിച്ചു പറഞ്ഞു .അന്നും ഇന്നും എനിക്കേറ്റവും ഇഷ്ടപ്പെട്ട മലയാള നോവലുകളിൽ ഒന്നാണ് ഇണപ്രാവുകൾ .അത് ഞാൻ പറയുകയും ചെയ്തു .അതു പക്ഷേ ജയന് ഇഷ്ടമായില്ല .ഞാൻ അദ്ദേഹത്തെ കളിയാക്കുകയാണെന്നു പോലും സംശയിച്ചു കളഞ്ഞു അദ്ദേഹം .മലയാള സാഹിത്യകാരന്മാരുടെ ഒരു സ്വഭാവ സവിശേഷതയാണിത് .മുട്ടത്തു വർക്കിയെന്നു കേട്ടാൽ വാളെടുക്കുക .സൗമ്യനും അന്തർമുഖനുമായ ജയനാരായണൻ പോലും ഒരപവാദമല്ല .എന്തായാലും ഏതാനും ദിവസത്തിനുള്ളിൽ വി ആർ രാമകൃഷ്ണൻ ഇടപെട്ട് തെറ്റിദ്ധാരണയൊക്കെ മാറ്റി എന്നു പറഞ്ഞാൽ മതിയല്ലോ .
     ഒരു വൈകുന്നേരം തേവര കോളേജ് ഹോസ്റ്റലിലെ ജയനാരായണന്റെ മുറിയിലിരുന്ന് -അന്നവിടെ ഉദ്യോഗസ്ഥർക്ക് മുറി കൊടുക്കുമായിരുന്നു -ഞങ്ങൾ ജയനാരായണൻ ,രാമകൃഷ്ണൻ ,ഞാൻ   ദീർഘനേരം സംസാരിച്ചു .അന്നദ്ദേഹം അവധിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു .ഞാൻ പിന്നീട് ജയനാരായണനെ കണ്ടിട്ടില്ല .അദ്ദേഹത്തിന് അക്കാദമി അവാർഡ് കിട്ടിയ വാർത്ത മാധ്യമങ്ങളിൽ നിന്നറിഞ്ഞു .കഥകൾ ഞാൻ നേരത്തെ വായിച്ചിട്ടുള്ളവ ആയിരുന്നു .
    പ്രദീപ് പനങ്ങാടിനും മാതൃഭൂമിക്കും നന്ദി  മലയാളി ഒരിക്കലും മറക്കാൻ പാടില്ലാത്ത വലിയ ഒരു കഥാകൃത്തിന്റെ ഒരു നല്ലമനുഷ്യന്റെ ജീവിത സമസ്യകൾ ആവിഷ്കരിക്കുന്ന നല്ല ലേഖനത്തിന്