2016, മേയ് 2, തിങ്കളാഴ്‌ച

1950 കളുടെ ഉത്തരാർദ്ധത്തിലാണ് സെന്റ്‌ ജോൺസ് മിഡിൽസ്കൂളിൽ  വെച്ച് -ഏത് ക്ലാസ്സെന്നോർമ്മയില്ല -ഒരു പീര്യഡിൽ പകരക്കാരനായി വന്ന കെ ജി തോമസ് സാർ മനോരമ വാരികയുടെ അവസാന പേജ് ഞങ്ങൾക്ക് കാണിച്ചു തന്നു .ഇരട്ടകളെന്നു തോന്നിപ്പിക്കുന്ന ഒരാൺകുട്ടിയുടേയും ഒരു പെൺകുട്ടിയുടേയും കൂടെ മറ്റൊരാളിന്റേയും ഏങ്കോണിച്ചുള്ള നാലഞ്ചു ചിത്രങ്ങളിലൂടെ  ഒരു സംഭവം വിവരിച്ചിരിക്കുന്നു. അതൊരു പുതുമയായിരുന്നു .അതിനു കാർടൂൺ എന്നാണു പേരെന്ന് പറഞ്ഞു തന്നു തോമസ് സാർ. ആ കലാരൂപത്തിന്റെ സവിശേഷത കളെക്കുറിച്ച് ഞങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ വിവരിച്ചു തരികയും ചെയ്തു .ആ അവസാന പേജ് 'ബോബനും മോളിയും 'പെട്ടെന്ന് അതീവ ജനപ്രിയമായി .മലയാളിയുടെ ഒരു ശീലമായി .
  യേശുദാസ്  മലയാളിക്കൊരു ശീലമാണെന്നു പറയാറുണ്ടല്ലോ .അതു സത്യമാണ് .പക്ഷേ അതിനേക്കാൾ വലിയ ശീലമാണ് 'ബോബനും മോളിയും'.അറുപതുകളിലെയും എഴുപതുകളിലേയും കൗമാര യൗവ്വനങ്ങളുടെ ഗായകനായിരുന്നു യേശുദാസ് .അന്നത്തെ മുതിർന്ന തലമുറ നിർബന്ധ  പൂർവം കേട്ടിരുന്നത് കർണ്ണാടക സംഗീതവും കഥകളിപ്പദങ്ങളുമായിരുന്നു . ഇന്നത്തെ ന്യൂ ജെൻ കാർക്ക്‌  ഗാനഗന്ധർവൻ ബഹുമാന്യനാണെങ്കിലും ഒരു അഡിക്ഷൻ അല്ല .ബോബനും മോളിയും  പക്ഷേ അഡിക്ഷനാണ് കഴിഞ്ഞ ആറു പതിറ്റാണ്ടായി ആബാലവൃദ്ധം മലയാളികൾക്കും.
    പൊതുവേ കാർട്ടൂണിസ്റ്റുകൾ ആക്ഷേപ ഹാസ്യത്തിലൂടെയാണ് സാമൂഹ്യ വിമർശനം നടത്തുന്നത് . .പക്ഷേ ബോബനും മോളിയിലുടെ ടോംസ് പ്രദാനം ചെയ്യുന്നത് ശുദ്ധ നർമ്മമാണ്  .ആരേയും ആക്ഷേപിക്കാതെ അത് സമൂഹ തിന്മകളെ വിമർശിക്കുന്നു .വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു .പ്രത്യേകിച്ചും പാർശ്വഭാഷണങ്ങളിലൂടെ .
  ഏലം കൃഷിക്കാർക്ക് മരുന്ന് തളിയന്ത്രവും റബ്ബർ കൃഷിക്കാർക്ക്  ഹെലികോപ്റ്റരും ഇറക്കുമതി  ചെയ്തു കൊടുക്കുന്നു .അപ്പോൾ തെങ്ങു കൃഷിക്കാർ ക്കോ ? 'തെങ്ങു കൃഷിക്കാർക്ക് ചിരട്ട 'എന്ന മറുപടി നമ്മെ കുടുകുടെ ചിരിപ്പിച്ചു .അതുമാത്രമോ.തെങ്ങ് കൃഷിയുടെ ,കൃഷിക്കാരുടെയും ദുരവസ്ഥയെ ക്കുറിച്ച് ഏതു പ്രസംഗത്തേയും  പ്രസ്താവനയെയും പ്രബന്ധത്തേയുംകാൾ ശക്തിയിൽ അത് നമ്മളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു ."വിമാനത്താവളത്തിൽ തടിച്ചു കൂടിയ ജനങ്ങളോട് പ്രധാനമന്ത്രി ഇപ്രകാരം  പ്രസ്താവിച്ചു .ആകാശവാണിയിൽ നിന്നുള്ള വാർത്തകളാണു നിങ്ങൾ കേള്ക്കുന്നത്."എന്നത് ആകാശവാണിക്കാരെയായിരിക്കും കൂടുതൽ ചിരിപ്പിച്ചിരിക്കുക .എന്തായാലും തുടർന്നുള്ള മൂന്നു നാലാഴ്ച്ച കളിൽ 'ചേട്ടനും ചേച്ചിയും 'വിശദീകരണം നല്കുന്ന തിരക്കിലായിരുന്നു ;എന്തിനു വാർത്തകൾക്കിടയിൽ റേഡിയോയുടെ പേർ പറയുന്നുവെന്നതിനെ ക്കുറിച്ച് ,ഒരു ശ്രോതാവും ചോദിക്കാതെ തന്നെ .പെരുമഴയിൽ പാലം ഒലിച്ചു പോയി എന്ന് കേട്ട് ഓടിക്കൂടിയ ജനം കാണുന്നത് തങ്ങളുടെ നിർബന്ധം  കൊണ്ടു മാത്രം പൊളിക്കാതിരുന്ന ജാംബവാന്റെ കാലത്തെ പാലം ഒരു കേടുപാടും കൂടാതെ അവിടെത്തന്നെ നില്ക്കുന്നതാണ് ;ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് ആയിടെ പണിത് കൊട്ടും കുരവയുമായി ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ പാലമാണ് ഒലിച്ചു പോയത് .ഈ ചിത്രീകരണത്തിന്റെ എഫെക്ടും ഇമ്പാക്റ്റും വിശദീകരിക്കേണ്ടതില്ലല്ലോ .
     ഇവയിലൊന്നും കാർട്ടൂണിസ്റ്റ്  ഏതെങ്കിലും നേതാവിനെയോ പാർട്ടിയേയൊ സംഘടനയേയോ  പിൻ പോയിന്റ് ചെയ്യുന്നില്ല .കേരളത്തിലെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന കുറേ കഥാപാത്രങ്ങൾ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക മാത്രമാണ് ,ആരോടും വിദ്വേഷമില്ലാതെ .
         നർമ്മത്തിലൂടെ വിമർശം മാത്രമല്ല തത്വ ചിന്തയും നാമറിയാതെ നമ്മിലേക്ക് സംവേദനം ചെയ്യുന്നുണ്ട് ബോബനും മോളിയും .'ചോദ്യങ്ങളെല്ലാം എളുപ്പമായിരുന്നു ,ഉത്തരങ്ങളായിരുന്നു പ്രയാസം ' കുട്ടികളുടെ നിഷ്കളങ്കവും നിർദ്ദോഷവുമായ ഈ മറുപടി സ്കൂൾ കോളേജ് പരീക്ഷകൾക്കും ഡിപ്പാർട്ടുമെന്റൽ ടെസ്റ്റുകൾക്കും മറ്റും മാത്രമല്ല ജീവിതത്തിൽ നേരിടേണ്ടി വരുന്ന എല്ലാ പരീക്ഷകൾക്കും ബാധകമായ ഒരു സത്യ പ്രസ്താവനയാണെന്നു ജീവിച്ച് മനസ്സിലാക്കിയവരാണല്ലോ നമ്മൾ .
       എല്ലാ നല്ല കാര്യങ്ങളും ഒരിക്കൽ അവസാനിക്കണമല്ലോ .കാലം എന്ന അനിവാര്യതക്ക് റ്റോംസും കീഴടങ്ങി .പക്ഷേ അപ്പോഴും നിലനിൽക്കുന്നു മേൽപ്പറഞ്ഞവയോടൊപ്പം ഒരു സത്യം കൂടി:.അതിതാണ് :
     ബോബനും മോളിയും വായിക്കാനെടുക്കുന്ന മനോരമയിലെ നീണ്ട കഥകളും മറ്റുമാണ് ഞങ്ങളുടെ തലമുറയെ വായനയുടെ ലോകത്തേക്കാനയിച്ചത് .ചിലർ  അവിടെനിന്നു കൂടുതൽ ബൗദ്ധികാമായ തലത്തിലേക്കുയർന്നു ചിന്തകരും എഴുത്തുകാരുമൊക്കെയായി. ചിലര് വായനക്കാരായി തുടർന്നു .മിക്കവാറും എല്ലാവരുടേയും തുടക്കം ബോബനും മോളിയുമിൽ നിന്നായിരുന്നു .മറൊന്നുമല്ലെങ്കിലും നല്ല മലയാള വായനക്കാരനാണെന്നവകാശപ്പെടുന്ന എന്റെ സ്റ്റാർട്ടിങ്ങ് പോയിന്റ് ബോബനും മോളിയും തന്നെ ആയിരുന്നു .
നന്ദി അഭിവന്ദ്യ സുഹൃത്തേ








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ