2017, ഡിസംബർ 21, വ്യാഴാഴ്‌ച

ഹൃദയേന പാർവതി
മനോരമ ചാനലിലെ ന്യൂസ് മേക്കർ ഇന്റർവ്യൂ (19 -12 -2017 )വിലാണ് പാർവതിയെ കണ്ടത് .ചോദ്യങ്ങൾ സ്വാഭാവികമായും വൻതാരങ്ങളുടെ സ്ത്രീ വിരുദ്ധ ഡയലോഗുകളെ പറ്റി  പാർവതി നടത്തിയ അഭിപ്രായ പ്രകടനങ്ങളെ കുറിച്ചായിരുന്നു ..പ്രമോദ് രാമനായിരുന്നു ആങ്കർ .
   വ്യക്തവും യുക്തി പൂർവകവും ആയിരുന്നു പാർവതിയുടെ നിലപാട് .സ്ത്രീ വിരുദ്ധത മാത്രമല്ല ജീവിതത്തിലെ നല്ലതും ചീത്തയുമെല്ലാം സിനിമയിലുണ്ടാവും ,ഉണ്ടാവണം .പക്ഷെ ചീത്തക്കാര്യങ്ങൾ ചീത്തക്കാര്യങ്ങളായിത്തന്നെ ആസ്വാദകന് അനുഭവപ്പെടത്തക്ക രീതിയിൽ ആയിരിക്കണം ആവിഷ്കരിക്ക പ്പെടേണ്ടത് .ഒരു ചീത്ത കാര്യം വീര പരിവേഷം നൽകി ആവിഷ്കരിക്കുന്നത് മാത്രമല്ല അതിനു നൽകുന്ന വീരോചിതമായ പശ്ചാത്തല സംഗീതം കൂടി ആസ്വാദകൻ ശ്രദ്ധിക്കുമത്രേ .
     നല്ലത് ചീത്ത എന്നൊക്കെ ആരു തീരുമാനിക്കും എന്ന ചോദ്യം ഉണ്ടായില്ല .അതാതു കാലത്തെ പൊതു സമൂഹം എന്ന ഉത്തരം അനുക്ത സിദ്ധ മാണെന്നതാവാം കാര്യം .ഇവിടെ പാർവതി ശ്രദ്ധിക്കാതെ പോയ ഒരു പ്രധാന കാര്യം ചൂണ്ടി കാണിക്കട്ടെ .നമ്മുടെ പൊതു ബോധം സ്ത്രീയും പുരുഷനും കുട്ടിയുമെല്ലാമടങ്ങുന്ന പൊതു സമൂഹത്തിന്റെ ദൃശ്യ കലാ ബോധം പുരുഷ മേധാവിത്വ പരം തന്നെയാണ് ".വെള്ളമടിച്ചു കോൺ തിരിഞ്ഞു വന്ന് എടുത്തിട്ട് ചവിട്ടുമ്പോൾ കൊള്ളാനും ............"എന്നു പറയുന്ന (നരസിംഹം ) കത്തിക്കയറി വരുന്ന വാണിവിശ്വനാഥിന്റെ കഥാപാത്രത്തോട് 'നീ വെറും പെണ്ണാണെ'ന്ന് പറയുന്ന ജോസഫ് അലെക്‌സാണ്ടറെയും (കളക്ടർ )കയ്യടിച്ചു സ്വീകരിച്ചത് പുരുഷന്മാർ മാത്രമല്ല .നരസിംഹം കണ്ട് ആവേശ ഭരിതയായി ഇറങ്ങി വരുന്ന കൊച്ചുത്രേസ്യ ചേട്ടത്തി (മനസ്സിനക്കരെ )ഒരു സിനിമാ കഥാപാത്രം മാത്രമല്ല ശരാശരി മലയാളി സ്ത്രീയുടെ പ്രതിനിധിയാണ് .
     അപ്പോൾ മാറ്റം വരേണ്ടത് പൊതു ബോധത്തിനാണ് .പിതൃമേധാവിത്വ സമൂഹം നിലവിൽ വന്നത് മുതൽക്കുള്ള സ്ഥിതി ഇതു തന്നെയാണ് ആ സമൂഹം അത്തരമൊരു പൊതുബോധം നിലനിർത്തി കൊണ്ടേയിരിക്കും.എന്നു വെച് ആ സമൂഹം ആമൂലാഗ്രം മാറുന്നത് വരെ സ്ത്രീപുരുഷ സമത്വത്തിനു വേണ്ടി കാത്തിരിക്കുവാൻ കഴിയുമോ ?ഇല്ല .നമ്മുടെ പൊതു ബോധത്തെ നവീകരിക്കുവാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത് സ്വന്തം കർമ്മരംഗത്ത് പാർവതി തുടക്കം കുറിച്ചതും അത്തരമൊരു ശ്രമത്തിനാണ് .
      പുരുഷ മേധാവിത്വം കൊടികുത്തി വാഴുന്ന സിനിമാ രംഗത്ത് പ്രതികൂല പ്രതികരണങ്ങൾ ഉണ്ടാവുകയില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടായി ."ഒരു അഭിനേത്രി എന്ന നിലയിൽ ,ഒരു കലാകാരി എന്ന നിലയിൽ ,ഒരു വ്യക്തി എന്ന നിലയിൽ എന്നെ ഇല്ലാതാക്കാനല്ലേ അവർക്കു കഴിയു "
   നാട്യങ്ങളില്ലാതെ വീരനായികാ പരിവേഷമില്ലാതെ എന്നാൽ ദൈന്യത തീരെ കലരാതെ തികച്ചും സാധാരണമായ മറുപടി .
പാർവതി ,ഈ ധീര  താര സ്വരത്തിനു സിനിമാ ആസ്വാദകനും സ്ത്രീപക്ഷനിലപാടുകളോട് ആഭിമുഖ്യം പുലർത്തുന്നവനുമായ ഒരുവന്റെ ഹൃദയ പൂർവമായ അഭിനന്ദനങ്ങൾ 
        
   

2017, സെപ്റ്റംബർ 23, ശനിയാഴ്‌ച

കുർവന്നെവേഹ കർമ്മാണി
ജിജീ വിഷേച്ഛതം സമ :
ഏവം ത്വയി നാന്യ ഥേ തോ / സ്തി
ന കർമ്മ ലിപ്യതേ നരേ
കർമ്മങ്ങളെ ചെയ്തു കൊണ്ടു തന്നെ നൂറു കൊല്ലം ഇവിടെ തന്നെ ജീവിക്കുവാൻ ഇശ്ചിക്കണം അങ്ങിനെ ചെയ്താൽ മനുഷ്യനായ നിന്നിൽ അന്യഥാ കർമ്മങ്ങൾ -പാപകർമ്മങ്ങൾ പറ്റിക്കൂടുകയില്ല .
ഇഹ ഇവിടെത്തന്നെ  ഈ ലോകത്തു തന്നെ നൂറു കൊല്ലം എന്നുവെച്ചാൽ ഒരു പുരുഷായുസ്സു മുഴുവൻ ജീവിക്കാൻ ആഗ്രഹിക്കണം .എങ്ങിനെയാണ് ജീവിക്കേണ്ടത് ? കുർവൻ ഏവ കർമ്മാണി -കർമ്മങ്ങളെ ചെയ്തു കൊണ്ടു തന്നെ .എങ്ങിനെയുള്ള കർമ്മങ്ങൾ ?അതിനുത്തരം തേടി നമുക്ക് മന്ത്രത്തിന്റെ ഉത്തരാർദ്ധത്തിലേക്കു പോകേണ്ടിയിരിക്കുന്നു ..അവിടെ പറയുന്നു 'അങ്ങനെയായാൽ മനുഷ്യനായ നിന്നെ അന്യഥാ കർമ്മങ്ങൾ -പാപകർമ്മങ്ങൾ സ്പർശിക്കുകയില്ല .പാപം എന്നാൽ പ്രതിഷിദ്ധ കർമ്മങ്ങളുടെ അനുഷ്ഠാനം തന്നെ .സമൂഹത്തിന്റെ നിലനില്പിന് പ്രതിബന്ധങ്ങളായതു കൊണ്ട് ആരും അനുഷ്ഠിച്ച് കൂടാത്തവയത്രെ പ്രതിഷിദ്ധ കർമ്മങ്ങൾ .പക്ഷെ ഉപനിഷദ്  പറയുന്നത്‌ അന്യഥാകർമ്മങ്ങൾ എന്നാണ് .അതായത് പരകർമ്മങ്ങൾ ,മറ്റുള്ളവർക്കായി സമൂഹം മാറ്റിവെച്ചിരിക്കുന്ന കർമ്മങ്ങൾ .സമൂഹത്തിലെ ഓരോ വ്യക്തിക്കും ഓരോ നിയത കർമ്മമുണ്ട് .ഒരാളെ സമൂഹ ജീവിയായി നിയലനിർത്തുന്നതിനു അയാൾ സമൂഹത്തിനു കൊടുക്കേണ്ട വിലയാണ് ഒരു പ്രത്യേക കർമ്മത്തിന്റെ അനുഷ്ഠാനമെന്നും ആ കർമ്മമാണ്‌ അയാളുടെ സ്വധർമ്മമെന്നും ഡി ഡി കോസംബി സ്വധർമ്മത്തെ നിർവചിച്ചിട്ടുണ്ട് .ഈ സ്വധർമ്മം പൊതുവായ അർത്ഥത്തിൽ പ്രതിഷിദ്ധമായിക്കൂടെന്നില്ല .ഉദാഹരണത്തിന് ആരാച്ചാരുടെ ജോലിചെയ്യുന്ന ആളിന് കൊല ചെയ്യരുത് എന്ന അനുശാസനം ബാധകമല്ലല്ലോ .അവിടെ പക്ഷേ പാപമില്ല .സ്വധർമ്മത്തിന്റെ ഭാഗമായതൊന്നും പ്രതിഷിദ്ധമല്ല,പാപവുമല്ല  .പാപം പരധർമ്മാ നുഷ്ഠാനമാണ് .
  ചുരുക്കത്തിൽ ഋഷി പറയുന്നതെന്താണ് ;സ്വ കർമ്മനിരതനായി ഈ ലോകത്തിൽ ദീർഘകാലം ജീവിക്കുവാനാഗ്രഹിക്കുന്നത് തെറ്റല്ല എന്ന് മാത്രമല്ല അതാണ് ശരി .അപ്പോൾ സർവ സംഗ പരിത്യാഗികളുടെ കാര്യമോ ? സ്വാധ്യായവും അധ്യയനവും മറ്റുമായി അവർക്കും കർമ്മങ്ങൾ നിശ്ചയിക്ക പെട്ടിട്ടുണ്ട് .അകർമ്മം എന്ന അവസ്ഥ ഉപനിഷത് ദർശിക്കുന്നതേയില്ല .
   നീ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്തിനാണോ അത് കൃത്യമായി നിർവഹിച്ചു കൊണ്ട് ഒരു പുരുഷായുസ്സ് മുഴുവൻ ഇവിടെ തന്നെ ജീവിക്കുവാൻ ആഗ്രഹിക്കുക .അങ്ങിനെയായാൽ പാപം തീണ്ടുകയില്ല എന്ന് പറയുന്ന ഋഷി പറയാതെ പറയുന്ന രണ്ടു കാര്യങ്ങൾ കൂടിയുണ്ട് .ഒന്ന് അങ്ങിനെ ജീവിക്കാനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ സമൂഹം ഒരുക്കി തരും രണ്ട്  ഇഹ ഇവിടെ തന്നെ പരം അന്യലോകത്തെക്കുറിച്ച് വേവലാതി പ്പെടേണ്ടതില്ല
.

കുർവന്നെവേഹ കർമ്മാണി
ജിജീ വിഷേച്ഛതം സമ :
ഏവം ത്വയി നാന്യ ഥേ തോ / സ്തി
ന കർമ്മ ലിപ്യതേ നരേ
  

2017, സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

കേറ്റ് മില്ലെറ്റ് നിര്യാതയായി സെപ്തംബര് 6ന് .കേരളത്തിൽ ,എമ്പാടും സ്ത്രീ വിമോചന വാദിനികളുള്ള നാട്ടിൽ അതൊരു വാർത്തയേ  ആയില്ല എന്നു തോന്നുന്നു .രണ്ടാം തരംഗ ഫെമിനിസത്തിന്റെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സെക്ഷ്വൽ പൊളിറ്റിക്സ് എന്ന വിശ്രുത ഗ്രന്ഥത്തിന്റെ കർത്താവാണ് കാതറിന് മുറയ് മില്ലെറ്റ്  എന്ന കേറ്റ് മില്ലെറ്റ് ..
  സൂക്ഷ്മമായ അർത്ഥത്തിൽ പൊളിറ്റിക്സ് എന്നാൽ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനു മേൽ നടത്തുന്ന അധികാരപ്രയോഗം ആണെന്നും   പിതൃ മേധാവിത്വ വ്യവസ്ഥയിൽ ഒരു വിഭാഗം അതായത് പുരുഷ വിഭാഗം സ്ത്രീ വിഭാഗത്തിനു  മേൽ അധികാര പ്രയോഗം നടത്താനുപയോഗിക്കുന്ന മാർഗ്ഗമാണ് ലൈംഗികതയെന്നും അതു കൊണ്ട് ലൈംഗിക ബന്ധമെന്നത് ശാരീരികവും ജീവശാസ്ത്രപരവും മാത്രമല്ല രാഷ്ട്രീയം കൂടിയാണെന്നും ഉള്ള സിദ്ധാന്തമാണ് മില്ലെറ്റ് തനറെ പുസ്തകത്തിലൂടെ ലോകത്തിനു മുമ്പിൽ വെച്ചത് .ലോകം ആ ആശയം സ്വീകരിക്കുകയും ചെയ്തു .അടുത്ത കാലത്ത് ചില എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും അവരുടെ സിദ്ധാന്തം കാലഹരണപ്പെട്ടിട്ടില്ല .ലൈംഗിക ബന്ധം ശുന്യതയിൽ അല്ല നിര്വഹിക്കപ്പെടുന്നതെന്നും ,സാംസ്കാരിക മൂല്യങ്ങളുടെയും മനോഭാവങ്ങളുടെയും  ഒരണു രൂപമാണതെന്നും അവർ പറഞ്ഞത് ഇന്നത്തെ പരിതസ്ഥിതിയിലും നിഷേധിക്കാവുന്നതല്ലല്ലോ .എന്തായാലും ലൈംഗികത എങ്ങിനെ അധികാര പ്രയോഗമാവുന്നു എന്നതിന് മലയാളികളായ നമുക്ക് പ്രത്യേകിച്ച് സാക്ഷ്യ പത്രങ്ങളൊന്നും വേണ്ടല്ലോ .
    പുസ്തകത്തെ കുറിച്ച വിശദമായി എഴുതണമെന്നു വളരെ നാളായി ആഗ്രഹിക്കുന്നു .അതിനു കഴിയും എന്നാണ് പ്രതീക്ഷ 
     കേറ്റിന്റെ പിൽക്കാല ജീവിതം സുഖകരമായിരുന്നില്ലത്രേ .അവർ യാത്രയായി എണ്പത്തിമൂന്നാം വയസ്സിൽ .വിനീതനായ ഒരു വായനക്കാരന്റെ പ്രണാമങ്ങൾ

2017, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

ദിലീപും സ്നേഹിതന്മാരും
---------------------------------------------
അല്ല, പാലിയം സമരത്തിൽ പങ്കെടുത്തത്തിനല്ല ,ഉപ്പുസത്യാഗ്രഹത്തിലോ ക്വിറ്റിന്ത്യാ സമരത്തിലോ പങ്കെടുത്തതിനുമല്ല  ദിലീപ് അറസ്റ്റു ചെയ്യപ്പെട്ടത് ,ഹീനമായ ഒരു കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന് സംശയിക്കപ്പെടുന്നതിനാലാണ് .കുറ്റം തെളിഞ്ഞാൽ അയാൾ തടവിൽ കിടക്കേണ്ടി വരും കുറെ ഏറെ കാലം .
    അങ്ങിനെ വന്നാലും ചില മൗലികാവകാശങ്ങൾ അയാൾക്കുണ്ടാവും .ഒരു കുറ്റവാളിക്കും ഒരു മൗലികാവകാശവും പൂർണ്ണമായി നിഷേധിക്കപ്പെടുന്നില്ല .അവയിൽ ചിലതിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നേ ഉള്ളു .വേണ്ടപ്പെട്ടവർക്ക് അയാളെ ചെന്നു കാണാം ,സാന്ത്വന വാക്കുകൾ പറയാം ,സമ്മാനങ്ങൾ കൊടുക്കാം .ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെ .
ദൈവത്തിന്റെ പ്രതിപുരുഷന്മാർ തടവുപുള്ളികൾക്ക് മാനസാന്തരം വരുത്താൻ ജയിലുകളിൽ പോകാറുണ്ട് .ചില കേസുകളിലെങ്കിലും അവർ വിജയിക്കാറുമുണ്ട് .ജയിലിൽവെച്  അങ്ങിനെ മാനസാന്തരപ്പെട്ട് പുറത്തിറങ്ങി മത പ്രചാരകരായി നടക്കുന്നവരുടെ കൂട്ടത്തിൽ ഒരു പാട് തലകളറുത്ത് പ്രദർശനത്തിനു വെച്ച ഒരു മുൻ വിപ്ലവകാരിയും ഉൾപ്പെടുന്നു .
   ഇതൊക്കെ കുറ്റം തെളിയിക്കപ്പെട്ടവരുടെ കാര്യം .ദിലീപ് ഇപ്പോൾ ഒരു വിചാരണ തടവുകാരൻ മാത്രമാണ് .നല്ലൊരോണമായിട്ട് ഏതാനും സുഹൃത്തുക്കളും സഹപ്രവർത്തകരും അയാളെ കാണാനെത്തിയതിൽ എന്താണപാകത ?അങ്ങിനെയുണ്ടാവാതിരിക്കുന്നതിലല്ലേ അസാധാരണത്വമുള്ളത് ?ജയിലധികൃതരുടെ സമ്മതത്തോടെ അവരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സന്ദർശനങ്ങൾ എങ്ങിനെയാണ് നിയമനടപടികളെ പ്രതികൂലമായി ബാധിക്കുക .
     സാമൂഹ്യമായതാണ് രാഷ്ട്രീയമായി മാറുന്നത് .ലളിതമായി പറഞ്ഞാൽ സാമൂഹ്യ ബന്ധങ്ങളിൽ പാലിക്കപ്പെടുന്ന മര്യാദകളാണ് ഭരണഘടന ഉൾപ്പെടെയുള്ള ലിഖിത നിയമങ്ങളായി  രൂപാന്തരപ്പെടുന്നത് ,കാലക്രമത്തിൽ .നമ്മുടെ ഭരണ ഘടന ആവട്ടെ വ്യക്തിയുടെ അന്തസ്സുറപ്പുവരുത്തിക്കൊണ്ടു വേണം (Assuring The Dignity Of The Individual )ഏതു നിയമവും നടപ്പാക്കേണ്ടത് എന്ന് ആമുഖത്തിൽ തന്നെ അനുശാസിക്കുന്നുണ്ട് താനും .സാമൂഹ്യ ബന്ധങ്ങൾ നിലനിർത്താനും സാമൂഹ്യ ബാധ്യതകൾ നിറവേറ്റാനും തടവുപുള്ളികൾക്കും അവകാശമുണ്ട് . സാങ്കേതികതകളെ അവഗണിച്ചുകൊണ്ട് രണ്ടു മണിക്കൂറെങ്കിൽ രണ്ടുമണിക്കൂർ തർപ്പണത്തിനു പോകാൻ ദിലീപിനു നീതിപീഠം അനുമതി നൽകിയത് അതുകൊണ്ടാണ്.നിയമവും നീതിപീഠവും പ്രകടിപ്പിക്കുന്ന ആ മാനുഷികത ഉണ്ടല്ലോ അതാണ് നമ്മളിൽ ചിലർക്ക് ഇല്ലാതെ പോകുന്നതും .
     പൈശാചികമായ ഒരാക്രമണത്തിനിരയായിട്ടും മനോബലം നഷ്ടപ്പെടാതെ സാധാരണ ജീവിതത്തിലേക്കും സ്വന്തം ജോലിയിലേക്കും തിരിച്ചു വന്ന സഹോദരിയോട്‌ അളവറ്റ ബഹുമാനമുണ്ട് എനിക്ക് .അവർക്കാക്കാര്യത്തിൽ പിതൃതുല്യരായ ചില മുതിർന്ന സഹപ്രവർത്തകരുടെ പിന്തുണയും സഹായവുമുണ്ടായിരുന്നു .അടുത്ത സ്നേഹിതകളുടെ സ്നേഹസാന്നിദ്ധ്യങ്ങളും .ഈ സ്ഥിതിയിൽ സഹതാപവുമായി ചെന്ന് അവരെ ബുദ്ധിമുട്ടിക്കാതിരിക്കുന്നതാണ് നല്ലതെന്നു സഹപ്രവർത്തകർക്കു തോന്നിയാൽ തെറ്റു പറയേണ്ടതുണ്ടോ ?അതല്ലേ ശരി ?






2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച


മാവേലിയും മഹാബലിയും
--------------------------------------------
പരശുരാമനും കേരളോൽപ്പത്തിക്കും വളരെമുമ്പ് നര്മദാതീരത്തെ ഒരു ഭൂവിഭാഗം ഭരിച്ചിരുന്ന ,അസുരവിഭാഗത്തിൽ പെട്ട ആര്യ രാജാവായിരുന്ന മഹാബലിയും ഓണം മിത്തിലെ  മാവേലിയും ഒരാളല്ല എന്ന് മാർക്സിയൻ ചരിത്രവിശ കലനത്തിലൂടെ സംശയരഹിതമായി സ്ഥാപിച്ച ചിത്രകാരന്റെ പേര് ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് എന്നാണ് .അദ്ദേഹത്തിന്റെയും സർദാർ പണിക്കർ തുടങ്ങിയ ചരിത്രകാരന്മാരുടെയും വിശകലനങ്ങൾ ഏതാണ്ടിങ്ങനെ സംഗ്രഹിക്കാം :ആര്യന്മാരിലെ രണ്ടു വിഭാഗങ്ങൾ തമ്മിൽ യുദ്ധങ്ങളും ആ യുദ്ധങ്ങളിൽ ചതിപ്രയോഗങ്ങളും പതിവായിരുന്നു .ഈ ചതിപ്രയോഗങ്ങളുടെ മിത്തിക്കൽ ആഖ്യാനങ്ങളാണ് മോഹിനിയുടെയും വാമനന്റെയും മറ്റും കഥകൾ .പരാജിതർ കൂടുതൽ പേർ സിന്ധുവിനു വളരെ  പടിഞ്ഞാറ് ഭാഗത്തായി ഒതുങ്ങി .അവർ  പേർഷ്യൻ ഭാഷയിൽ അഹുരന്മാർ എന്ന് അറിയപ്പെട്ടു .അവരിൽ വളരെക്കുറച്ചു പേർ കിഴക്കു തന്നെ തുടർന്നു .സംസ്കൃതത്തിൽ അവർ  അസുരന്മാരായി .വിജയികൾ സിന്ധു ഗംഗാസമതലത്തിൽ സുരന്മാരായി വാണരുളി  ..
   അപ്പോൾ മഹാബലി കേരളീയനോ ദ്രാവിഡനോ ഒന്നുമല്ല എന്ന് വ്യക്തം .മാവേലിയോ ?പിൽക്കാലത്തു രൂപപ്പെട്ട ഒരു ഭൂവിഭാഗത്തിലെ കാര്ഷികോത്സവവുമായി ബന്ധപ്പെട്ട പുരാവൃത്ത വ്യവഹാരങ്ങളിലെ  നീതിനിഷ്ഠനായ ഭരണാധികാരി.നല്ലവനായ ഏതോ കരപ്രമാണിയെയോ നാടുവാഴിയെയോ ചുറ്റിപ്പറ്റി പറഞ്ഞുകേട്ടിരുന്ന കഥകളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാവാം ഈ മാവേലി .മിത്തുകൾ രൂപം കൊള്ളുന്നത് അങ്ങനെയാണല്ലോ .കള്ളപ്പറയും ചെറുനാഴിയും പൊളിവചനങ്ങളും കൊണ്ട് പൊറുതിമുട്ടിയ ഒരു ജനത ഇവയൊന്നുമില്ലാത്ത തങ്ങളുടെ സ്വപ്നസാമ്രാജ്യത്തിൽ ഈ മാവേലിയെ ചക്രവർത്തിയായി അഭിഷേചിച്ചു എന്നര്ഥം .
   മിത്തുകൾ കൂടിക്കലരുന്നത് സാധാരണ സംഭവമാണ് .ഞങ്ങളുടെ ഓണാട്ടുകര തന്നെ പാണ്ഡവർ വനവാസ കാലത്തു താമസിച്ച ഒന്നിലധികം കാവുകളും പാറകളുമുണ്ട് .ദുര്യോധനന്റെ സ്വന്തം ജനങ്ങളും ക്ഷേത്രവുമുണ്ട്. പാലാഴിമഥനത്തിന്റെ കാലത്തല്ലല്ലോ വാവർ ജീവിച്ചിരിന്നിരിക്കുക .എന്നിട്ടും ഞങ്ങൾക്ക് മണികണ്ഠൻ മോഹിനീ പുത്രൻ തന്നെയാണ് .
   അപ്പോൾ മിത്തുകളുടെ ഒരു കൂടിക്കലരലാണ് മാവേലിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് .  .അതിന്റെ പേരിൽ കലഹങ്ങളുണ്ടാക്കുന്നത് ബുദ്ധി ശൂന്യതയാണ്.  മഹാബലിക്കൊപ്പം വാമനനും വന്നു .വിഷ്ണുവിന്റെ അവതാരമെന്ന നിലയിൽ സ്വീകരിക്കപ്പെടുകയും ചെയ്തു .നമ്മൾ മാവേലിക്ക് പൂക്കളമിടുകയും അതിന്റെ നടുവിൽ   വാമനനെ  തൃക്കാക്കരയപ്പനായി കുടിയിരുത്തുകയും ചെയ്തു പോരുന്നു.  അപ്പോഴാണ് അസുരനെന്നാൽ ദ്രാവിഡനാണെന്നും കേരളം ഭരിച്ചിരുന്ന ഒരു ദ്രാവിഡ ചക്രവർത്തിയായിരുന്നു മഹാബലിയെന്ന മാവേലിയെന്നും കണ്ടു പിടിത്തമുണ്ടാവുന്നത് .സ്വനിയുക്ത സാംസ്കാരിക പരിഷയുടേതാണ് കണ്ടു പിടിത്തം .ചരിത്രവും ഭൂമിശാസ്ത്രവുമൊന്നും അവറ്റക്ക് ബാധകമല്ല .അങ്ങിനെ വിശ്വസിക്കാനും പറഞ്ഞു നടക്കാനും അവർക്ക് അവകാശമുണ്ട് .പക്ഷെ ആ ചക്രവർത്തി പുരാണങ്ങളിലെ മഹാബലിയാണെന്നു പറയുന്നത് വിവരക്കേടാണ് .പക്ഷെ നമ്മുടെ സാസ്കാരിക പരിഷയുടെ മുഖമുദ്ര തന്നെ അതാണല്ലോ .
       



2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

21 -8 -2017  ഫിലാഡൽഫിയ

കഥാനായിക

ഭാരം എത്ര വലുതായാലും വണ്ടിക്കാരൻ ഉറങ്ങിപ്പോയാലും വണ്ടി വലിച്ച്  എത്തേണ്ടിടത്ത് എത്തിക്കേണ്ട കാളകളെ പോലെ ചില മനുഷ്യരുണ്ട് .മഴയും മഞ്ഞും വെയിലും സഹിച്ച് നിർത്താതെ ഓടിക്കൊണ്ടിരിക്കാൻ വിധിക്കെട്ടപ്പെവർ .
   നാട്ടിൻപുറത്തുകാരായ ചില മദ്ധ്യ വയസ്കകളെ ആണ് ഇവരിലെ  സ്ത്രീകളുടെ മാതൃകകളായി സാധാരണ കണ്ടിരുന്നത് .അതു ശരിയല്ല .കുറച്ചു ചെറുപ്പക്കാരികളും അക്കൂട്ടത്തിലുണ്ട് .ഒരു കാലത്ത് സമ്പത്തിന്റെ വാഹകരായി നാം അസൂയയോടെ നോക്കിക്കണ്ടിരുന്ന നഴ്സ് മാരിൽ അധികവും ഈ ഗണത്തിൽപ്പെടുന്നു .അങ്ങിനെയൊരു നഴ്സിന്റെ ജീവിത യുദ്ധങ്ങളുടെ കഥ പറയുന്നു മലയാള ചലച്ചിത്രമായ ടേക്ക് ഓഫ് .
      പാർവ്വതിയാണ് കേന്ദ്ര കഥാപാത്രമായ സമീറയെ അവതരിപ്പിക്കുന്നത് .ശ്വാസം മുട്ടിക്കുന്ന കടബാധ്യത ,ഒന്നിനും തികയാത്ത ശമ്പളം ,ഒരിക്കലും തൃപ്തിപ്പെടാത്ത ബന്ധുക്കൾ , ,വിവാഹമോചനത്തിൽ കലാശിക്കുന്ന കുടുംബ  അസ്വാരസ്യങ്ങൾ,കുട്ടിയുമായുള്ള വേർപാട് .വലിഞ്ഞു മുറുകിയ ഞരമ്പുകൾക്ക് ട്രാൻകുലൈസർ ഗുളികകൾ കൊണ്ട് താൽക്കാലിക വിശ്രമം കൊടുത്ത് സ്വപ്നങ്ങളില്ലാത്ത ഉറക്കം .ടെൻഷൻ സഹിച്ചു സഹിച് പാരുഷ്യം സ്ഥിരമുദ്രയാക്കിയ മുഖത്തു നിന്ന് സൗമ്യ വാക്കുകൾ പുറപ്പെടുകയില്ല ചിരിക്കാനും കരയാനും എന്നോ മറന്നു പോയിരിക്കുന്നു .മരുപ്പച്ച തേടി എത്തിപ്പെട്ടതാകട്ടെ പ്രാകൃത നിയമങ്ങൾ നിലനിൽക്കുന്ന ഒരു യുദ്ധ ഭൂമിയിലും .
    സമീപകാലത്തു കണ്ട ഏറ്റവും മികച്ച അഭിനയ പ്രകടനമാണ് പാർവതിയുടേത് .നല്ല സ്ത്രീകഥാപാത്രങ്ങളെകഴിവുറ്റ നടിമാർ മികച്ച രീതിയിൽ അവതരിപ്പിച്ച സിനിമകൾ മലയാളത്തിൽ മുമ്പുമുണ്ടായിട്ടുണ്ട് .പക്ഷെ അവർക്കൊക്കെ സാമ്പ്രദായിക രസാഭിനയം മാത്രം കാഴ്ചവെച്ചാൽ മതിയായിരുന്നു .ഇവിടെ പക്ഷേ പൂർവ്വമാതൃകകളില്ല .കഥകളിലും നോവലുകളിലും യക്ഷിക്കഥകളിൽ പോലും കണ്ടെത്താനാവാത്ത ഭൂമികയിലാണ് കഥ നടക്കുന്നത് .നേരത്തെ ഇല്ലാത്ത ഒന്നിനെ ആവിഷ്കരിക്കുന്നതിനെ ആണല്ലോ നമ്മൾ ഒറിജിനാലിറ്റി എന്നൊക്കെ പറയുന്നത് .
    ബ്ലാക്ക് സ്വാൻ എന്ന സിനിമയിൽ ,ഇരട്ടസഹോദരികളായ വെളുത്ത ഹംസത്തെയും കറുത്ത ഹംസത്തെയും അവതരിപ്പിക്കേണ്ട നടിയോട്‌ ഓപ്പറ സംവിധായകൻ പറയുന്നു ,വെളുത്ത ഹംസത്തെഅവതരിപ്പിക്കാൻ കഴിവും അഭിനയ നിയമങ്ങളിലുള്ള അറിവും അത്യാവശ്യമാണ് ;കറുത്ത ഹംസത്തെ അവതരിപ്പിക്കാൻ അതു പോരാ നിയമങ്ങളെ നിരാകരിക്കാനുള്ള കഴിവാണ് വേണ്ടത് ,എന്ന്
   ഇവിടെ പാർവതി എല്ലാ നിയമങ്ങളെയും നിരാകരിച്ചിരിക്കുന്നു ,ധാരാളം നല്ല സിനിമകൾ കണ്ടിട്ടുണ്ട് പാശ്ചാത്യവും പൗരസ്ത്യവുമായ നാട്യ ശാസ്ത്രനിയമങ്ങളിൽ സാമാന്യ വിവരമുണ്ട് എന്നൊക്കെ അഭിമാനിക്കുന്ന ഒരുവനെ പ്രതികരിക്കാൻ പോലും കഴിയാതെ നിസ്സഹായനാക്കിയിരിക്കുന്നു .അഭിനന്ദനങ്ങൾ എന്ന വാക്ക്  അപര്യാപ്തമാണെന്നറിയാം .എങ്കിലും അത്രയെങ്കിലും പറയാതിരിക്കുന്നതെങ്ങിനെ  



2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

ഹാർവിയുടെ മേഘങ്ങൾ                                                                                                                                                               ഹാർവി  കൊടുങ്കാറ്റ് ടെക്സാസ് തീരത്തു  എത്തിയ ദിവസം,ഇവിടെ ശനിയാഴ്ച രാവിലെ , തന്നെയാണ്  ഞങ്ങൾക്ക് ആസ്റ്റിൻ ,ടെക്സാസിലേക്ക്  പോകേണ്ടിയിരുന്നത് .യാത്ര മാറ്റിവയ്ക്കാൻ നിവൃത്തി  ഉണ്ടായിരുന്നില്ല.    ഫിലാഡൽഫിയായിൽ നിന്ന് യാത്ര തിരിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു വിമാനം സമയത്ത് തന്നെയാണ് എന്ന് നെറ്റിൽ നിന്ന് മനസ്സിലായി. ഞങ്ങൾക്  ചെന്നിറങ്ങേണ്ട  ആസ്റ്റിൻ  വിമാനത്താവളത്തിൽ കനത്ത മഴ പെയ്യുകയാണത്രെ. എന്നിട്ടും വിമാനം പുറപ്പെടുക തന്നെ ചെയ്തു.യാത്രക്കാർ തീരെ കുറവായിരുന്നു ;150 പേര് കയറാവുന്ന വിമാനത്തിൽ ഏതാണ്ട് മുപ്പതോളം പേർ .ഞങ്ങളെപ്പോലെ അത്യാവശ്യക്കാരായിരിക്കണം . അപാര സുന്ദര  നീലാകാശത്തിലേക്ക് തന്നെയാണ്  വിമാനം പറന്നുയർന്നത്. പോകപ്പോകെ  മേഘങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. തിണ്ടു കുത്തി  കളിക്കുന്ന ആനയെപ്പോലെ ("വപ്രക്രീഡാ പരിണിത ഗജ പ്രേക്ഷണീയം ") എന്ന് കാളിദാസൻ വിശേഷിപ്പിച്ച മേഘങ്ങളായിരുന്നു  തുടക്കത്തിൽ.പിന്നീട് ദൂര ചക്രവാളത്തിൽ കാർ മൂടുന്നതും  ചുഴലികൾ രൂപം കൊള്ളുന്നതും ദൃഷ്ടിപഥത്തിലെത്തി .കൊടുങ്കാറ്റു നേരിൽക്കാണാനാവുന്ന ഒന്നാണെന്ന് പണ്ട് ചെമ്മീനിൽ വായിച്ചത് ഓർത്തുപോയി .ഞങ്ങളുടെ മാർഗത്തിൽ കാറ്റുണ്ടായിരുന്നില്ല .മഴ ഉണ്ടായിരുന്നിരിക്കണം .അറിഞ്ഞില്ല മേഘങ്ങൾക്ക് മുകളിലൂടെയാണല്ലോ വിമാനം പറക്കുന്നത് ,
   ലാന്ഡിങ്ങിന് പ്രാരംഭമായി വിമാനം താണു പറക്കാൻ തുടങ്ങിയപ്പോൾ കിളിവാതിലുകളിൽ മഴത്തുള്ളികൾ വീഴാൻ തുടങ്ങി .താഴെ തീരെ  അവ്യക്തമായ നഗര ദൃശ്യങ്ങൾ . ലാൻഡിങ് സുഗമമായിരുന്നു.വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോൾ കനത്ത മഴ .
      ഇപ്പോൾ രാത്രി പത്തുമണി ഇവിടെ മഴ പെയ്യുന്നില്ല ഹ്യുസ്റ്റണിലും തീരാ നഗരങ്ങളിലും കാറ്റും മഴയും തുടരുകയാണ് .


അങ്ങനെ അത്തം പിറക്കുന്നു. എന്റെ നാടായ മാവേലിക്കരക്ക്പേരു കേൾക്കുന്പോൾ സംശയിക്കുന്നത് പോലെ ഓണവുമായി ബന്ധമൊന്നുമില്ല മാ വേലൈ കരൈ മഹാ സമുദ്രത്തിന്റെ തീരം എന്നാണ് വാക്കിനർത്ഥം പടിഞ്ഞാറുള്ള പള്ളിപ്പാട്ടു പുഞ്ചയും മറ്റും പിൽക്കാലത്ത് കടലിൽനിന്ന് പൊങ്ങിവന്നു എന്നാണല്ലോ കരുതപ്പെടുന്നത് . എന്റെ നാടിന്പേരു കൊണ്ട് മാവേലിയുമായി ബന്ധമില്ല എന്നുവച്ച് ഞങ്ങൾ ഓണം ആഘോഷിക്കുന്നതിൽ ആർക്കും പിന്നിലല്ല . താമസക്കാരിൽ ഏതാണ്ടെല്ലാവരും തന്നെ ദരിദ്രരായിരുന്ന വരേണിക്കൽ എന്ന എന്റെ ഗ്രാമത്തിന് ഓണം ഒരു വലിയ ആഘോഷം തന്നെയായിരുന്നു വർഷത്തിൽ ഒരിക്കൽ കിട്ടുന്ന നല്ല ഭക്ഷണം നല്ല വസ്ത്രം നാലഞ്ചു ദിവസത്തെ എല്ലാ ദുരിതങ്ങളും മറന്നുകൊണ്ടുള്ള ആഹ്ളാദം ഇതൊക്കെ ഞങ്ങളുടെ പഴയ ഓണത്തെ നിത്യസ്മരണീയംആക്കുന്നു .ഞങ്ങളുടെ ഓണം ഉത്രാടം മുതലേ ആരംഭിച്ചിരുന്നുള്ളു പൂതേടി പോകലും പൂവിടലുമൊക്കെ ഞങ്ങൾ പാഠപുസ്തകത്തിൽ നിന്നറിഞ്ഞിരുന്ന കാര്യങ്ങൾ മാത്രമായിരുന്നു ..ഇന്നിപ്പോൾ ഗ്രാമത്തിൽ ദാരിദ്ര്യം തീരെയില്ല എല്ലാ പുതുമകളും എത്തിച്ചേരുകയും ചെയ്തു .ഓണവും പുതിയ രീതിയിൽ തന്നെ .അതു മറ്റൊരു കഥ .
ഞാനിപ്പോൾ താമസിക്കുന്ന തൃപ്പൂണിത്തുറ പക്ഷേ അത്തച്ചമയത്തിന്റെ നാടാണ് .അത്തം എത്തിയിരിക്കുന്നു എന്ന് കേരളീയർ അറിയുന്നത് ചമയത്തെ കുറിച്ചുള്ള വാർത്തകൾ വായിച്ച് ആണല്ലോ സത്യം പറയുന്നത് ഒഴിവാക്കാൻ വയ്യാത്ത ഒരു ശീലമായി പോയതുകൊണ്ട് പറഞ്ഞു പോവുകയാണ് ഇത്രയും അലങ്കോലമായി ഒരു ഘോഷയാത്ര നടത്താൻ തൃപ്പൂണിത്തുറക്കാർക്കു മാത്രമേ കഴിയൂ. നേർ ബുദ്ധിക്കും നിഷ്കളങ്കതയ്ക്കും പേർ കേട്ട തൃപ്പൂണിത്തുറക്കാരോടുള്ള ആദരവിന്‌ ഒരു കുറവുമില്ലാതെ തന്നെയാണ് പറയുന്നത് .പണ്ടു രാജഭരണ കാലത്തു പ്രൗഢവും ഗംഭീരവുമായ ഒരു ആഘോഷമായിരുന്നു അത്തച്ചമയം .അത് പറഞ്ഞിട്ടെന്തു കാര്യം ഇന്നിപ്പോൾ അത് പഴയ ആഘോഷത്തിന്റെ ഒരുപാരഡിയായി മാറിയിരിക്കുന്നു ഒരു .പുരോഗമന ജനാധിപത്യ മതേതര ഹാസ്യാനുകരണം .
ഫിലാഡൽഫിയയിൽ രാത്രി പത്തരയാവുന്നു .തൃപ്പൂണിത്തുറയിൽ അത്തം ഘോഷയാത്ര ആരംഭിക്കുകയാവണം .ഞാനെന്റെ ബാല്യ കൗമാരങ്ങളിലെ ഓണത്തെക്കുറിച്ചോർത്തിരിക്കുകയാണിവിടെ .കുറേക്കൂടി മുതിർന്നപ്പോൾ ഓണം പ്രധാനമായും ഓണപ്പതിപ്പുകളായിരുന്നു .പ്രത്യേകിച്ച് അവയിലെ കവിതകൾ .ഒരു ഓ എൻ വി കവിതയ്ക്ക് വേണ്ടി മാത്രം ഞാനൊരിക്കൽ തനിനിറം ഓണപ്പതിപ്പു വാങ്ങി ."ശ്രാവണ പുഷ്പങ്ങൾ കാതോർത്തുനിൽക്കുന്നൊരീവഴിത്താരയിലൂടെ / ഒക്കത്തു പാട്ടിന്റെ പൊൽക്കുടമേന്തി നീയെത്തിയില്ലന്തി മയങ്ങി "എന്നു തുടങ്ങുന്ന ആ മനോഹര കവിതയിലെ അവസാനവരികൾ ,എന്റെ അത്തം ആശംസകളായി ഞാനിവിടെ ഉദ്ധരിക്കട്ടെ .
"അക്കൊച്ചുശാരിക ഭൂമികന്യക്കെഴും
ദുഃഖങ്ങൾ പാടിയ തയ്യൽ
ചുണ്ടിൽ പകർന്ന നറുംതേൻ നുകർന്നെന്റെ
കൊച്ചുദുഖങ്ങളുറങ്ങൂ
നിങ്ങൾ തൻ കണ്ണീർ കലരാതിരിക്കട്ടെ
ഇന്നെങ്കിലുമെന്റെ പാട്ടിൽ "

2017, ഓഗസ്റ്റ് 23, ബുധനാഴ്‌ച

തേങ്ങ മോഷണം പോയാൽ പോലും പ്രമുഖ നടൻ ഉത്തരവാദിയാണെന്ന് പറയുന്ന കാലമാണല്ലോ ഇത്. ഏറ്റവും ഒടുവിൽ കേട്ട ആരോപണം ഒരുഎം ടി ഹരിഹരൻ സിനിമ ഏഴാമത്തെ വരവ് വിതരണത്തിനെടുത്ത് നശിപ്പിച്ചു എന്നതാണ് .ഞാനിന്നലെആ സിനിമ- ഏഴാമത്തെ വരവ് -വീണ്ടും കണ്ടു ദിലീപെന്നല്ല ദൈവം തമ്പുരാൻ വിചാരിച്ചാലും ആ സിനിമ ഓടിക്കാൻ കഴിയുകയില്ല .അത് ഓടാതിരിക്കാൻ പ്രത്യേകിച്ച് ഒരു പ്രയത്നവും ആവശ്യമില്ല. അത്രയ്ക്കു മോശപ്പെട്ട സിനിമയാണ് അത്. ഇത്രയും മോശപ്പെട്ട ഒരു സിനിമ ഞങ്ങൾ,നിർദ്ദോഷിയായ പൊതുജനം കാണണമെന്ന് വാശി പിടിക്കരുത്.

2017, ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

9 -8 -2017                                                                                                                                                      മറവിൽ തിരിവിൽ .                                                                                                  .ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ കഴിഞ്ഞ ദിവസം കണ്ട ഈ പേരിലുള്ള പരിപാടിയെക്കുറിച്
   സർ സി പി ക്കെതിരെയുള്ള സമരങ്ങളിൽ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയ ജീവിതം ആരംഭിച്ച ,കേരളത്തിലെ പിൽക്കാല മുന്നണി രാഷ്ട്രീയത്തിലെ അതികായനായിരുന്നRSP നേതാവ് സ ബേബി ജോണിനെക്കുറിച്ച്  അദ്ദേഹത്തെ  ആരാധനയോടു കൂടി കണ്ടിരുന്ന കൊല്ലം ചവറ നിവാസികൾക്കിടയിൽ ഒരു അപവാദം പ്രചരിക്കുന്നു .അതു വലിയ വാർത്തയാകുന്നു .സംഭവം ഇങ്ങിനെ :R S P പ്രവർത്തകനായിരുന്ന സരസൻ എന്ന യുവാവ് പാർട്ടിയുമായി തെറ്റുന്നു ;അയാൾ ബേബി ജോൺ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളെ അധിക്ഷേപിച്ചു സംസാരിക്കുന്നു ;പെട്ടെന്നൊരു ദിവസം അയാളെ കാണാതാവുന്നു .അയാൾ കൊല്ലപ്പെട്ടതാകാമെന്നും പിന്നിൽ ബേബി സാറിന്റെ കരങ്ങളുണ്ടാകാമെന്നും സംശയം പ്രകടിപ്പിക്കപ്പെടുന്നു .പറഞ്ഞു പറഞ്ഞു ആളുകൾ അതിൽ വിശ്വസിച്ചു തുടങ്ങുന്നു .മാൻ മിസ്സിങ് നു കേസ് പോലീസ് അന്വേഷണം .പത്രവാർത്തകൾ ...ഒന്നും കണ്ടെത്തിയില്ല ബേബി ജോൺ കുറ്റക്കാരനാണെന്ന ധാരണ ഒരു വിശ്വാസമായിമാറ്റാനേ   ഇതിനൊക്കെ കഴിഞ്ഞുള്ളു .എന്തായാലും നാലഞ്ചു കൊല്ലം കഴിഞ് സരസൻ തിരികെയെത്തി .അപവാദ വ്യവസായികൾ മറ്റൊരിരയെ തേടി .ജനം പിന്നാലെ .
    മൂന്നര പതിറ്റാണ്ടു മുൻപു നടന്ന ഈ സംഭവത്തിന്റെ ഉള്ളുകള്ളികൾ ,അന്നാ  കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് മേധാവി ,മുൻ ഡി ജി പി എം ജി എ രാമൻ ,ബേബിജോൺ കുടുംബാംഗങ്ങൾ ,അന്ന് പോലീസ് ചോദ്യം ചെയ്യലിന് വിധേയരായ R S P പ്രവർത്തകർ ഇവരുടെയൊക്കെ നേർസാക്ഷ്യങ്ങളിലൂടെ ,പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കുന്നു സി അനൂപ് നിർമ്മിച്ച മുകളിൽ പറഞ്ഞ പരിപാടി .
    അപവാദ പ്രചാരകർ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട് .ആരോപണവിധേയനാവുന്ന ആൾ ഒരു സാമൂഹ്യ ജീവിയാണെന്നും അയാൾക്ക് ഒരു കുടുംബമുണ്ടെന്നുമുള്ള വസ്തുത .ഒരില്ലാക്കഥയുടെ പേരിൽ ഒരു കുടുംബം അനുഭവിച്ച മനോവേദനകൾ ആ കുടുംബാന്ഗങ്ങൾ തന്നെ പങ്കുവെക്കുന്നുണ്ടിതിൽ .അതേ പോലെ പോലീസ് സ്വീകരിച്ച മൂന്നാം മുറകൾ ഉരുട്ടു ,ഗരുഡൻ പറത്തൽ തുടങ്ങിയവ അതിനു വിധേയരായ പാർട്ടി പ്രവർത്തകർ വിശദീകരിക്കുന്നുണ്ട് .
    ആളുകൾ കരുതുന്നതു പോലെ സരസൻ സ്വമേധയാ തിരിച്ചു വരികയായിരുന്നില്ല .ഒരു ടിപ്പ് ന്റെ അടിസ്ഥാനത്തിൽ പോലീസ് മംഗലാപുരത്തു പോയി തന്ത്ര പൂർവം കൂട്ടിക്കൊണ്ടു വരികയായിരുന്നു .അത് ദൃശ്യവൽക്കരിച്ചിട്ടുണ്ട് .അയാൾ തിരികെ വരാതിരുന്നത് ആരുടെയൊക്കെയോ നിര്ബന്ധ പ്രേരണയാലായിരുന്നു .
      സരസനെതിരെ യാതൊരു പ്രതികാര നടപടിയും ബേബിജോണിന്റെയോ കുടുംബത്തിന്റെയോ ഭാഗത്തു നിന്നുണ്ടായില്ല എന്ന് എടുത്തു പറഞ്ഞു കൊണ്ടാണ് പ്രോഗ്രാം അവസാനിക്കുന്നത് .
     കടുത്ത നിറക്കൂട്ടുകളില്ലാത്ത ,സത്യസന്ധവും വിശ്വസനീയവുമായ ദൃശ്യ ശ്രവ്യ ആഖ്യാനത്തിനു നന്ദി ,അനൂപിനും ടീമംഗങ്ങൾക്കും ഏഷ്യാനെറ്റ് ന്യൂസ് ചാനലിനും
    







      
ക്വിറ്റ്‌ ഇന്ത്യാ സമരംഅതൊരു പരാജയപ്പെട്ട സമരമായിരുന്നില്ല .
 ബ്രിട്ടണ്‍ യുദ്ധം കൊണ്ടു ക്ഷീണിച്ചതു കൊണ്ട് നമുക്ക് സ്വാതന്ത്ര്യം തന്നിട്ട് പോയി എന്നൊക്കെ പറയുന്നത് നട്ടെല്ലില്ലാത്തവരും ആത്മാഭിമാനമെന്നത് വരും ജന്മത്തിൽ പോലും  ഉണ്ടാകാനിടയില്ലാത്തവരും ആണ് .ഇത് ഞാൻ പറയുന്നതല്ല സാക്ഷാൽ സി അച്ചുത മേനോൻ പറഞ്ഞതാണ്

ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ മറ്റൊരു പ്രധാന സമരത്തെ ക്കുറിച്ച  ലൂയി ഫിഷറുടെ ലൈഫ് ഓഫ് മഹാത്മാ ഗാന്ധി എന്ന ,ഏറ്റവും ആധികാരികമായ ഗാന്ധിച്ചരിത്രം എന്ന നിലയില ആട്ടന്ബറോ തന്റെ ഗാന്ധി ചിത്രത്തിനു അടിസ്ത്ഹാനമായി സ്വീകരിച്ച ,പുസ്തകത്തിൽ ഒരു ദൃക്സാക്ഷി വിവരണമുണ്ട് .അതിന്റെ ഒരു പ്രധാന പോർമുഖത്ത് കുറച്ചു സത്യാഗ്രഹികൾ ഒത്തു കൂടുന്നു .അവർ ചെറു സംഘങ്ങളായി രൂപപ്പെടുന്നു .ഒരു സംഘം കടലിലേക്ക് .ബ്രിട്ടീഷ്‌ പോലീസ് അവരെ തടയുന്നു .അവർ അക്രമരഹിതമായി ചെറുക്കുന്നു .ബ്രിട്ടീഷ്‌ പോലീസ് അവരെ തള്ളി ചതക്കുന്നു .കൂട്ടത്തിലെ അവസാന സത്യഗ്രഹിയും വീണു കഴിയും വരെ മര്ദ്ദനവും ചെറുത്തു നില്പ്പും തുടരുന്നു .എല്ലാവരും വീണും കഴിയുമ്പോൾ പിന്നിൽ നിന്നിരുന്ന സംഘ ങ്ങളിൽ ഒന്ന് മുന്നോട്ടു വന്നു വീണവരെ എടുത്തു മാറ്റുന്നു .മറ്റൊരു സംഘം അടികൊണ്ടു വീഴാനായി അപ്പോഴേക്കും മുന്നോട്ടു വന്നു കഴിഞ്ഞിരിക്കും .
ഈ പ്രക്രിയ ദിവസങ്ങളോളം തുടര്ന്നിരുന്നു .
 ഭാരത മാതാ കീജെയ് മഹാത്മാ ഗാന്ധി കീജെയ് എന്നീ മുദ്രാവാക്യങ്ങൾ ആത്മ ത്യാഗത്തിനു ചിലരെ സംബന്ധിച്ചിടത്തോള മെങ്കിലും പര്യാപ്തമായിരുന്നു .ഇത്തരമൊരു സ്വയം സമർപ്പണത്തിളേക്ക് ഒരു ജനതയെ ഉണര്ത്താൻ ഒരു നേതാവിനെ കഴിയുമായിരുന്നുള്ളു അതാണ്‌ മോഹന ദാസ് കരം ചന്ദ് ഗാന്ധി .
   ഞാൻ ഫിഷറു ടെ പുസ്തകം കോളേജ് കാലത്ത് വായിച്ചതാണ് .അതിന്റെ സത്യ സനന്ധമായ ദൃശ്യാവിഷ്കാരം ഗാന്ധി സിനിമയിൽ കണ്ടു .യഥാ ർ ഥ ജീവിതത്തിലും  അത്തരമൊരു സമരം ഞാൻ കണ്ടു .75 ലെ അടിയന്തിരാവസ്ഥ കാലത്താണ് .പതിവില്ലാതെ സെക്രട്രി യേറ്റ് സമര കവാടത്തിൽ ഒച്ചയും ബഹളവു കേട്ടു .സമരക്കാരെല്ലാം ജൂണ്‍ 26 നു തന്നെ  സ്ഥലം വിട്ടിരുന്നു .ചുറ്റിപറ്റി നിന്ന ഏതാനും പേർ അന്നത്തെ പ്രശസ്തനായ പോലീസ് ഉദ്യോഗസ്ഥന്റെ ഭാഷയിൽ 'അടി  ' എന്ന് കടലാസ്സിൽ എഴുതിക്കാണിച്ചപ്പോൾ തന്നെ ഓടിയത്രേ .'യന്തി രാവസ്ഥ 'എന്ന് മുഴുവൻ എഴുതേണ്ടി വന്നില്ല പോലും .അവിടെയാണു കുറച്ചധികം ചെറുപ്പക്കാർ കൂടിനിൽക്കുന്നത്. പോലീസു കാര് ലേശം അമ്പരന്നു നിരോധനാഞ്ജ ഒന്നുമില്ലാതെ ആളുകളെ വിരട്ടി  ഓടിക്കാൻ പോലിസിനധികാരമില്ല അടിയന്തിരാവസ്ഥയിൽ പോലും .പക്ഷേ അവർക്ക് അധികം കാത്തു നിൽക്കേണ്ടി വന്നില്ല .ചെറു പ്പക്കാരിലൊരു സംഘം മുദ്രാവാക്യം മുഴക്കി മുന്നോട്ടു നീങ്ങി .ആ പഴയ മുദ്രാ വാക്യം തന്നെ ഭാരത മാതാ കീജെയ്. കൂട്ടത്തിൽ മറ്റൊരു ഗാന്ധിയെ അപലപിക്കുന്ന മുദ്രാവാക്യങ്ങളുമുണ്ടായിരുന്നു .
  പിന്നീടുള്ളത് ഉപ്പുസത്യാഗ്രഹ കടപ്പുരത്തിന്റെ ആവര്ത്തനമായിരുന്നു .മുന്നോട്ടു വന്ന സന്ഘാംഗങ്ങേല്ലാം അടികൊണ്ടു വീഴുന്നു ഒരു സംഘം അവരെ എടുത്തു മാറ്റുന്നു അടികൊണ്ടു വീഴാൻ വേണ്ടി അടുത്ത സംഘം മുമ്പോട്ട് ഒടുവിൽ എല്ലാവരും വീണു കഴിഞ്ഞപ്പോൾ ചലന  ശേഷി പൂർണമായി നഷ്ട പ്പെട്ടിട്ടില്ലാത്ത്ത ചിലരെ പോലീസ് വാനിലേക്കെറി യുന്നു .സമരം അവസാനിക്കുന്നു .
   എനിക്കാവേശം തോന്നി .എനിക്ക് ചെയ്യാൻ കഴിയാതിരുന്നത്ചെയ്യാൻ  ഹിറ്റ്ലെരെയോ മുസ്സോളിനിയെയോ ക്കാൾ ഒട്ടും മോശമല്ലാത്ത ഒരു സ്വേഛാ ദുഷ്പ്രഭുവിനെ  എതിര്ക്കാൻ കുറച്ചു ചെറുപ്പക്കാർ കാട്ടിയ തന്റേടം എന്നെ ആവേശ ഭരിതനാക്കി
 ആവേശം പെട്ടെന്ന് തണുത്തു .അവർ ആർ എസ്  എസ് കാരാണത്രെ .ഞാൻ ഇതിനെ ക്കുറിച്ച് ഒന്നും ആരോടും പറഞ്ഞില്ല എന്ന് മാതമല്ല അത് മറക്കാൻ ശ്രമിക്കുക കൂടി ചെയ്തു .പിന്നെ ജനാധിപത്യം പുനസ്ത്ഹാപിക്കപ്പെട്ട ശേഷം ഒരു ദിവസം   ഇരുപതു തിരിയിട്ട നിലവിളക്കിനെ ക്കുറിച്ച് കവിത എഴുതിയ പി ഭാസ്കരന്റെയും അടിയന്തിരാവസ്ഥ യെ അനുകൂലിച്ച് പ്രഭാഷണം നടത്തിയ അഴീക്കോടിന്റേയും സാന്നിദ്ധ്യത്തിൽ സാക്ഷാൽ ബാലചന്ദ്രൻ ചുള്ളിക്കാട് ആർ എസ് എസു കാര് മാത്രമാണ് അടിയന്തിരാവസ്ഥയെ ഫലപ്രദമായി ചെറുത്തു നിന്നത് എന്ന് പ്രസ്താവിച്ചതായി കേട്ടപ്പോഴാണ് ഞാൻ ഈ സംഭവം ഒര്മ്മയിലേക്ക് മടക്കി കൊണ്ടു വന്നത് .ക്വിറ്റ്‌ ഇന്ത്യാ യെ ക്കുരിച്ചുള്ള മനോജ് പോന്കുന്നത്ത്തിന്റെ പോസ്റ്റു കണ്ടപ്പോൾ ഞാനിതോർത്തു പോയി...
   

2017, ഓഗസ്റ്റ് 9, ബുധനാഴ്‌ച

അങ്ങിനെ ഗുജറാത്തിൽ അരങ്ങേറിയിരുന്ന ട്രാജി ഫാഴ്സിന്  തിരശീല വീണു .ഇനി മറ്റെന്തെങ്കിലും വിനോദ പരിപാടി കാണാം .അതിനിടയിൽ അല്പം ചരിത്രം .വിപ്ലവസോഷ്യലിസ ത്തിന്റെ മേൽശാന്തിയായിരുന്ന ഓണാട്ടുകരക്കാരൻ പോറ്റിയെ ചാലക്കുടിക്കാരൻ ഒരു മേനോൻ ചാക്കിട്ടു പിടിച്ചിടത്തുനിന്നാണ് തുടക്കം തൊള്ളായിരത്തി അമ്പത്താറിൽ  .പക്ഷെ ജനസേവകരെ മൊത്തമായി ആട്ടിത്തെളിച്ച് പഞ്ചനക്ഷത്ര തൊഴുത്തുകളിൽ കൊണ്ടു കെട്ടുന്ന സമ്പ്രദായം  പിന്നീട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞാണ് ആരംഭിച്ചത് .ജനാധിപത്യം, സോഷ്യലിസം ,മതേതരത്വം ഇവയുടെ മൊത്തക്കച്ചവടക്കാരായ ദേശീയ കക്ഷി ഇഷ്ടമില്ലാത്ത സംസ്ഥാന ഗവൺമെന്റുകളെ അസ്ഥിരപ്പെടുത്താൻ തന്ത്രങ്ങൾ മെനഞ്ഞപ്പോൾ പ്രതിരോധിക്കാൻ ദ്രാവിഡ പാർട്ടികളാണ് ഈ വഴി കണ്ടു പിടിച്ചത് .ഇന്നിപ്പോൾ സനാതന ധർമ്മത്തിന്റെ കുത്തകവ്യാപാരികൾ അതേ തന്ത്രങ്ങൾ തങ്ങൾക്കെതിരെ പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ മതേതതര ദേശീയക്കാർക്കും നക്ഷത്ര ഗോശാലകളെ ആശ്രയിക്കേണ്ടി വന്നു .നാടകം തുടരാനാണ് വഴി .മൂന്നാമതൊരു ചിന്താധാര എത്ര ദുർബ്ബലമായിട്ടാണെങ്കിലും നിലനിൽക്കുന്നുണ്ട് എന്നു വിശ്വസിക്കുകയെ  നിർവാഹമുള്ളൂ യഥാർത്ഥ ജനാധിപത്യം പുലർന്നു കാണണമെന്നാഗ്രഹിക്കുന്നവർക്ക് .ആ പ്രതീക്ഷക്കു ബലമേകുന്നു ഭരണഘടന നിർമ്മിച്ചു നൽകിയ വിളക്കുമാടങ്ങളിൽ വെളിച്ചം ബാക്കി നിൽക്കുന്നു എന്ന വസ്തുത
    ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാർഷിക ദിനത്തിൽ മഹാത്മാവിനെയും സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ഹോമിച്ച എല്ലാവരേയും ഓർത്തുകൊണ്ട് ...
   

2017, ഓഗസ്റ്റ് 8, ചൊവ്വാഴ്ച

Austin Tx
7-8-2017
Hidden Figures

മറഞ്ഞിരിക്കുന്നവർ
2016 ഇൽ  ഓസ്‌കാർ നാമനിർദേശം ചെയ്യപ്പെട്ട Hidden Figures എന്ന ചലച്ചിത്രത്തെക്കുറിച്ച് .
 .സ്ഥലം നാസായുടെ വിർജിനീയായിലെ ഗവേഷണ കേന്ദ്രം. കാലം തൊള്ളായിരത്തി അറുപതുകളുടെ തുടക്കം .64 ലെ തുല്യ പൗരാവകാശ നിയമം നടപ്പിൽ വരുന്നതിനു മുമ്പ്.കംപ്യുട്ടർ എന്നാൽ കണക്കു കൂട്ടുന്ന ആൾ എന്നർത്ഥമുള്ള കാലം .അതിനു വേണ്ടിയുള്ള യന്ത്രങ്ങൾ നിലവിൽ വന്നിരുന്നില്ല
  വർണ്ണ വിവേചനം നിയമം മൂലം നിലനിർത്തിയിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് വിർജീനിയ .നാസാകേന്ദ്രത്തിലെയും സ്ഥിതി വിഭിന്നമായിരുന്നില്ല .ശാസ്ത്രജ്ഞരെല്ലാവരും വെള്ളക്കാരായിരുന്നു ;പുരുഷന്മാരും .ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ ഗണിതശാസ്ത്ര പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യുന്നതിന് വേണ്ടി  ,ഗണിതത്തിലും ഭൗതിക ശാസ്ത്രത്തിലും ഉന്നത ബിരുദം നേടിയ കുറച്ചു കറുത്ത വർഗ്ഗക്കാരികളെ കംപ്യുട്ടർമാരായി  നിയമിച്ചിട്ടുണ്ടായിരുന്നു നാസാ .ഇവർ ജോലി ചെയ്യുന്ന സ്ഥലം ,വെസ്റ്റ് ഏരിയ കമ്പ്യൂട്ടർ സെന്റർ ,അക്ഷരാർത്ഥത്തിൽ തന്നെ വേർതിരിക്കപ്പെട്ടത് ,Segregated,ആയിരുന്നു .കറുത്തവർഗ്ഗക്കാരികൾക്ക് പ്രത്യേക ഊണു മുറി മാത്രമല്ല പ്രത്യേക ശുചിമുറികളുമുണ്ടായിരുന്നു .വെളുത്തവരുടെ ടോയിലറ് അത്യാവശ്യത്തിനു പോലും ഉപയോഗിക്കാൻ അവർക്കനുമതി    ഉണ്ടായിരുന്നില്ല
     ഇവരിൽ മൂന്നു പേർ ,കാതറിൻ ജോൺസൺ .ഡൊറോത്തി വാഗ്നൻ ,മേരി ജാക്സൺ എന്നിവർ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത്  ഉയർന്ന നിലയിൽ എത്തുകയുണ്ടായി .കാതറിൻ ജോണ്സണ് അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പ്രെസിഡെന്റ്സ് മെഡൽ ഫോർ ഫ്രീഡം ലഭിച്ചു അവരുടെ 96 ആം വയസ്സിൽ .ഈ മൂന്നു നീഗ്രോ സ്ത്രീകളുടെ ജീവിത സമരം സത്യസന്ധവും വസ്തുതാ
 പരവുമായി ആഖ്യാനം ചെയ്യപ്പെടുന്ന,മാര്ഗോട് ലീഷേട്ടർലി എഴുതിയ ഹിഡൻ ഫിഗേഴ്സ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി അലിഗർ ഷ്രോഡറും തിയോഡർ മെലും ചേർന്നു തയാറാക്കിയ തിരക്കഥയിൽ മെൽ സംവിധാനം ചെയ്തത ഈ സിനിമ ലോകത്തെവിടെയുമുള്ള പാർശ്വവൽകൃത ജനവിഭാഗങ്ങൾക്ക് പ്രചോദകമാവേണ്ടതാണ് .














 

2017, ജൂലൈ 31, തിങ്കളാഴ്‌ച

 Austin T x 14 -7  -2017

   താഴ്വരയിലെ റെയിൽവേ സ്റ്റേഷനിൽ വണ്ടി കാത്തിരിക്കുകയായിരുന്നു അയാൾ .മലനിരകൾക്കിടയിലെസുഖവാസകേന്ദ്രം കൂടിയായ ചെറിയ പട്ടണത്തിൽ ഭർത്താവും മകനുമൊത്ത് താമസിക്കുന്ന മൂത്ത സഹോദരിയെ കാണാനുള്ള യാത്രയിലാണ് നഗരത്തിൽ ചില്ലരമാലയിൽ പുസ്തകങ്ങളുള്ള വീടും പ്രശസ്തിയുടെ നേർത്ത പരിവേഷവുമുള്ള ഇരുപത്തിയാറുകാരൻ .ഭാരതപ്പുഴയോരത്തെ ഗ്രാമഭംഗികളുടെ പശ്ചാത്തലത്തിൽ താൻ                        ഓപ്പൂവുവിന്റെ വാത്സല്യഭാജനമായി കഴിഞ്ഞ ബാല്യകൗമാരങ്ങളെ ക്കുറിച്ചുള്ള അയാളുടെ വിചാരധാര എന്റെ ഉള്ളിൽ സൃഷ്ടിച്ച മധുരമായ അസ്വാസ്ഥ്യം അഞ്ചര പതിറ്റാണ്ടിനു ശേഷവും ഇന്നും പുതുമയോടെ നിലനിൽക്കുന്നു .നീലക്കുന്നുകൾ എന്നും അതിനടിയിൽ എം ടി വാസുദേവൻ നായർ എന്നും അച്ചടിച്ചിരിക്കുന്നത് എനിക്കിപ്പോഴും മനസ്സിൽ കാണാൻ കഴിയും
   ഒരുപാടു കഥകളിൽ അയാൾ എന്നെത്തേടിവന്നു .മിക്കതിലും അയാൾക്കു പേരുണ്ടായിരുന്നില്ല. പേരുള്ളവയിലും ഞാൻ ,ഞങ്ങൾ അയാളെയാണ് അന്വേഷിച്ചത് .അയാളുടെ ആത്മ ഭാഷണങ്ങളിലൂടെയാണല്ലോ ഗദ്യം കവിതയാകുമെന്ന് ഞങ്ങൾ മനസ്സിലാക്കിയത് .വായന കൂടുതൽ ഗൗരവം നേടിയപ്പോൾ അയാൾ ,അപ്പുണ്ണിയായും ,ഗോവിന്ദൻകുട്ടിയായും ,സേതുവായും മറ്റും പ്രത്യക്ഷപ്പെട്ട അയാൾ കാവ്യാത്മകനായ ഒരു വികാര ജീവി മാത്രമല്ലെന്നും  സ്വപ്നങ്ങളും മോഹഭംഗങ്ങളും മാത്രമല്ല വിശപ്പും ദാഹവും കൂടിയുള്ള സാധാരണ മനുഷ്യനാണെന്നു ഞങ്ങൾക്കു മനസ്സിലായി .അയാളെക്കുറിച്ചുള്ള കഥകൾ ജീവിത വ്യവഹാരങ്ങൾ എന്ന നിലയിലാണ് ശ്രദ്ധേയങ്ങളാവുന്നതെന്നും .അങ്ങിനെ വായിച്ചപ്പോൾ ചിലയിടങ്ങളിൽ ഇഷ്ടാനിഷ്ടങ്ങളും ഭിന്നാഭിപ്രായങ്ങളും ഉണ്ടായി .അതെന്തായാലും ഭാഷയുടെ മനോഹാരിതയിൽ മുഗ്ധരായി തുടർന്നു  ഞങ്ങളും പിന്നീടു വന്ന തലമുറകളും ..അശാന്തിയുടെ നിമിഷങ്ങളിൽ സാന്ത്വനമാവാറുള്ള കവിതകളുടെ കൂട്ടത്തിൽ മഞ്ഞും കാലവും രണ്ടാമൂഴവുംകിളിവാതിലിലൂടെയും സ്ഥലം പിടിച്ചു .
     മലയാളികളുടെ മനസ്സിൽ മലരണിക്കാടുകൾ വിരിയിച്ച മഹാനായ എഴുത്തുകാരനെ ആയിരം പൂർണ്ണചന്ദ്രന്മാർ വന്നു  തൊഴുതു മടങ്ങി .'അവിശ്വസനീയമായ ഒരദ്‌ഭുതം പോലെ നിലാവു പരന്നൊഴുകുന്ന' അനവധി പൗർണമികൾക്കായി ഞങ്ങൾ ആരാധനയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു


     













 
Austin TX 28-7-2017

വെട്ടം ഞാൻ പകരം തരാം
(ഷാജി നായരമ്പലത്തിന്റെ പാതയോരത്ത് ഭാരതം എന്ന കവിതാ സമാഹാരത്തെ കുറിച്ച് )

അഭാവം ,ഇല്ല എന്ന അവസ്ഥ, ഒരുപദാർത്ഥം , മൂർത്ത വസ്തു ,ആണ് നമ്മുടെ ദർശന പ്രകാരം .ഉദാഹരണം ഇരുട്ട് ., വെളിച്ചത്തിന്റെ അഭാവം .ഈ              അഭാവത്തിന്റെ അഭാവമാണ് സൃഷ്ടി .വെളിച്ചമുണ്ടാവട്ടെ എന്നാണല്ലോ സൃഷ്ട്രി പ്രക്രിയയിലെ ആദ്യ കല്പന .പുരുഷൻ സ്വയം യഞ്ജ പശുവായി സ്വയം ബലികൊടുത്തുകൊണ്ടാണ് സൃഷ്ടി നടത്തിയതെന്ന പുരുഷസൂക്ത പ്രസ്താവം ഇവിടെ സ്മരണീയമാണ് .സൃഷ്ടി വികാസ പരിണാമങ്ങളിലൂടെ കടന്നു പോയി വീണ്ടും താമസ്സിലെത്തുന്നു .പിന്നെയും വെളിച്ചത്തിന്റെ  ആവിർഭാവം .ഈ പ്രക്രിയ അനാദ്യനന്തമായി തുടർന്നു കൊണ്ടേയിരിക്കുന്നു ..ശാസ്ത്രീയ പരീക്ഷണങ്ങൾക്കും പ്രബന്ധങ്ങൾക്കും മാത്രമല്ല കാവ്യങ്ങൾക്കും വിഷയമായിട്ടുള്ള ഈ സനാതന തത്വം തന്നെയാണ് ഹവ്യം എന്ന കവിതയുടെ വിഷയം .
 "ആദ്യാകാശമിരുണ്ടിരുന്നു " കവിത ആരംഭിക്കുന്നു .ചലനമില്ല ,കാലവുമില്ല വലിയ പൊട്ടിത്തെറി "വന്നൂ വൻപ്രഭ ഇപ്രപഞ്ചമുഖമാം ജ്യോതിർപ്രഭാവങ്ങളെ തന്നീടാൻ സ്ഥിരംഅന്ധകാരമലി യിച്ചാവിര്ഭവിച്ചങ്ങനെ "വെളിച്ചത്തിന്റെ മൂർത്തി ....."നിർലോപം തവ ദേഹമങ്ങു സദയം ഹോമിക്കയാം ഹവ്യമായ് " പക്ഷെ  വീണ്ടും ഇരുൾ ഒത്തു കൂടി തമോഗോളം രൂപം കൊള്ളുമെന്നത് അനിവാര്യമാണ് .തുടർന്നു വെളിച്ചമുണ്ടാവുമെന്നതും 'ഇതു താനീ ലോക മൃതുംജയം' കവിത അവസാനിക്കുന്നു .
   ആറേ ആറു ശാർദ്ദൂല വിക്രീഡിത ശ്ലോകങ്ങളിലൂടെ സർവ ദർശന സാരമായ സൃഷ്ടി തത്വം അതിന്റെ സമഗ്രതയിൽ,കാവ്യ സൗന്ദര്യം ചോർന്നു പോകാതെ ആവിഷ്കരിച്ചതിൽഷാജി  പ്രകടിപ്പിച്ച കവനപാടവം പ്രശംസനീയമാണ് .
     മനുഷ്യൻ  സൃഷ്ടിക്കപ്പെട്ടതിന്റെയൊക്കെ യജമാനനായി തീർന്ന പ്പോഴുണ്ടായതെന്താണ് .മുല്ലവള്ളിയും തേന്മാവും പൂവിടാതായി "ഭ്രാന്തൻ മാനവന്ത്യവിധിയും കാതങ്ങിരിപ്പു സദാ " മനുഷ്യന്റെ ,അവൻ തന്നെ സൃഷ്ടിച്ച ഈ ദുരവസ്ഥക്ക് പരിഹാരമുണ്ട് "കെട്ടിത്തൂക്കിയ ദീപനാളമഖിലം തല്ലിക്കെടുത്തീടുക .." അങ്ങിനെ കൃത്രിമ വെളിച്ചങ്ങളെല്ലാം തല്ലിക്കെടുത്തിയാൽ "വെട്ടം ഞാൻ പകരം തരാം "  പ്രപഞ്ചത്തിന്റെ സ്വാഭാവിക സൗന്ദര്യവും പ്രകാശവും മാത്രമല്ല അതിന്റെ സ്വത്വവും നമുക്കു വീണ്ടെടുക്കാം ..
     അഞ്ചു ശ്ലോകങ്ങൾ മാത്രമുള്ള ഈ കവിത ചർവിതചർവണം കൊണ്ട് വിരസമായി തീർന്ന ഒരു വിഷയത്തെ അതിന്റെ സമസ്ത ഗൗരവത്തോടും കൂടി നമുക്ക് അനുഭവവേദ്യമാക്കുന്നു .നല്ല കവിത അങ്ങിനെയാണ് .അത് പറഞ്ഞു മനസ്സിലാക്കുകയല്ല  അനുഭവിപ്പിക്കുകയാണ് ചെയ്യുക .ഇവിടെയും ശാർദൂല വിക്രീഡിതം തന്നെ .
         ശാർദൂല വിക്രീഡിതമോ എന്ന് നെറ്റികൾ ചുളിയുന്നുണ്ട് ;കവിതയ്ക്ക് വൃത്തമേ പാടില്ല എന്നാണല്ലോ പുതിയ നിയമം .ഭാരം വലിക്കുന്നവർ ശീലുകൾ മൂളുന്നത് കേട്ടിട്ടില്ലേ .ഇത് മനുഷ്യൻ ഭാഷ കണ്ടു പിടിക്കുന്നതിനു മുമ്പ് തന്നെ ആരംഭിച്ചതാണ് .അവരുടെ അദ്ധ്വാനത്തെ സഹനീയമാക്കിയിരുന്ന ഈ ശീലുകളുടെ ഈണങ്ങളും താളങ്ങളും ചേർന്ന് രൂപം കൊണ്ടതാണ് വൃത്തങ്ങൾ .കേരളത്തിലെ തൊഴിലിടങ്ങളിൽ നിന്ന് കേകയും കാകളിയുമൊക്കെ ഉരുത്തിരിഞ്ഞു വന്നു .അതു പോലെ ആര്യാവർത്തത്തിലെ സാമാന്യ ജനങ്ങളുടെ അധ്വാനത്തിന്റെ ,കലാപ്രകടനങ്ങളുടെ, തേരോട്ടങ്ങളുടെ, യുദ്ധത്തിന്റെ താളങ്ങളിലും ഈണങ്ങളിലും നിന്ന് സംസ്കൃത വൃത്തങ്ങളും .അവ നമ്മുടെ തറവാട്ടു സ്വത്താണ് .നിർഭാഗ്യവശാൽ കവിത്രയത്തിനു ശേഷം അവ ഏതാണ്ടുപേക്ഷിക്കപ്പെട്ടിരിക്കുന്നു .ഷാജി അവയെ വീണ്ടെടുത്തിരിക്കുന്നു തന്റെ മികച്ച കവിതകളിൽ മിക്കതും സംസ്കൃത വൃത്തങ്ങളിൽ രചിച്ചു കൊണ്ട് . ലോകത്തിലെ ഏറ്റവും മികച്ച ചില കാവ്യങ്ങൾ സംസ്കൃത വൃത്തങ്ങളിലാണല്ലോ എഴുതപ്പെട്ടിട്ടുള്ളത് .സംസ്കൃത വൃത്തങ്ങളുടെ വീണ്ടെടുപ്പിന് ഷാജിയോട് മലയാള കാവ്യാസ്വാദകലോകം കടപ്പെട്ടിരിക്കുന്നു ഇന്നും എന്നും .
              ശാർദൂല വിക്രീഡിതത്തിന്റെ രൗദ്ര സൗന്ദര്യം മാത്രമല്ല ഹ്രസ്വ ,നാതിദീർഘ വൃത്തങ്ങളുടെ പ്രസാദമാധുര്യങ്ങളും നമുക്കു ബോധ്യമാക്കി തരുന്ന കവിതകളും മുക്തകങ്ങളും ഈ സമാഹാരത്തിലുണ്ട് .കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും  കേര വൃക്ഷത്തിന്റെ മാഹാത്മ്യവും വർണ്ണിക്കുന്ന 'ഒരു മാലിനി ചിത്രം ' 'ഒരു പുഷ്പിതാഗ്രക്കവിത ' എന്നിവ നോക്കുക .ലളിത മോഹനമായ രചനാ രീതിക്കുദാഹരണമായി ഒരു മുക്തകം ഞാനുദ്ധരിക്കുന്നു
      "മഞ്ഞണിഞ്ഞ മകരം വിനമ്രമായ്
       നിന്നിടും തരുഗൃഹങ്ങൾ നെറ്റിമേൽ
       കുഞ്ഞുചന്ദ്രികയുദിച്ചുമാഞ്ഞിതാ
       പൊന്നുഷസ്സിനുടെ പൊട്ടുപോയപോൽ "
    തുല്യമായ പാടവത്തോടെ ഭാഷാവൃത്തങ്ങളും കൈകാര്യം ചെയ്യുന്നുണ്ട് ഷാജി ."ചിണുങ്ങിപ്പെയ്യും മഴ ,പാഴ്‌മുളപ്പുകൾ തോറു
മുണർവിൻ പുലർകാല ഭാവ മഞ്ജിമ ചേർക്കേ "നിന്നാരംഭിക്കുന്ന ചിങ്ങം എന്ന കവിത വായിക്കുമ്പോൾ കേകയ്ക്കിത്രയും ലാളിത്യമോ എന്ന് നാം അത്ഭു തപ്പെട്ടു പോകും .കേക മാത്രമല്ല സർപ്പിണിയും ,ഉപസർപ്പിണിയും ,ദ്രുതകാകളിലുമെല്ലാം നമുക്കിതിൽ കാണാം .ക്ലാസിക്ക് കവികൾക്കേറെ  പ്രിയപ്പെട്ട വസന്തതിലകം പക്ഷെ ഷാജിയെ ആകര്ഷിച്ചിട്ടില്ലെന്നു തോന്നുന്നു .
    വൃത്തങ്ങളെ കുറിച്ചെടുത്തു പറഞ്ഞതു കൊണ്ട് ഛന്ദോബദ്ധതയോ പൊതുവായ രചനാ സൗഷ്ഠവമോ മാത്രമാണ് ഈ കവിതകളെ ശ്രദ്ധേയമാക്കുന്നത് എന്ന് ധരിക്കരുത് .ആദ്യം പേരെടുത്തു പറഞ്ഞ രണ്ടു കവിതകളിൽ ആവിഷ്കൃതമാവുന്നത് സൃഷ്ടി സ്ഥിതി സംഹാരങ്ങളെ ക്കുറിച്ചുള്ള പൗരാണികവും ആധുനികവുമായ ദർശനങ്ങളുടെ സങ്കലനമാണല്ലോ  .   ,ഈ സമാഹാരത്തിലെ ഒട്ടു മിക്ക കവിതകളും ഏതെങ്കിലും  സാമൂഹ്യ രാഷ്ട്രീയ ആധ്യാത്മിക പ്രശ്നങ്ങളെ  വിഷയമാക്കി എഴുതപ്പെട്ടിട്ടുള്ളവയാണ് .സമാഹാരത്തിന്റെ പേർ  തന്നെയുള്ള 'പാതയോരത്തു ഭാരതം 'എന്ന കവിത നോക്കുക .ഭാര്യയുടെ ജഡവും ചുമലിലേറ്റി കുഞ്ഞുമകളുടെ കൈയും പിടിച്ച് പത്തറു പതു കിലോമീറ്റർ നടക്കേണ്ടി വന്ന ചെറുപ്പക്കാരന്റെ അനുഭവം നമ്മൾ വാർത്താ മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കിയിരുന്നല്ലോ .'കൊണ്ടുവെയ്‌ക്കട്ടെ താജ്‌മഹൽ മാജി തൻ നീണ്ട കാലാടിപ്പാടിന്റെ മീതെ 'എന്നു കവി ആജ്ഞാപിക്കുന്നു.കാരണം 'നിശ്ചയത്തിന്റെ ഉൾക്കരുത്തിൽ 'ഇവൻ പടുത്ത സ്നേഹ സൗധമാണ് ഖജനാവിലെ പണം മുടക്കി ശില്പികളെയും തൊഴിലാളികളെയും കൊണ്ട് ചക്രവർത്തി പണിയിച്ച താജ്മഹലിനേക്കാൾ മനോഹരവും അദ്‌ഭുതകരവും .ഈ സത്യം അനുവാചകനെ ബോദ്ധ്യപ്പെടുത്താൻ കവിതക്കേ കഴിയൂ വാർത്തകൾക്ക് കഴിയുകയില്ല .
     അപ്രിയ സത്യങ്ങൾ ഉറക്കെ വിളിച്ചു പറയാനും ഈ കവിക്ക് മടിയില്ല ഭഗത്സിങ്ങിന്റെയും കൂട്ടരുടെയും വധശിക്ക്ഷ ഒഴിവാക്കാൻ ശ്രമിക്കുന്നതിൽ ഗാന്ധിജി കാട്ടി എന്ന് കവി കരുതുന്ന ഉദാസീനത ,ശങ്കരനെ അദ്വൈതസാരം ഗ്രഹിപ്പിച്ച ചണ്ടാളനെ ദൈവമാക്കാൻ പിൽക്കാല വൈദികർ നടത്തിയ കുല്സിത ശ്രമം ,തണൽ പരത്തുന്ന അത്തിമരത്തെ യേശുദേവൻ ശപിച്ചു എന്നെഴുതിപ്പിടിപ്പിച്ചതിലെ വിവേക സൂന്യത ,ദൈവപുത്രനെ പീഡിപ്പിച്ചു വധിക്കാനുപയോഗിച്ച കുരിശ് ആരാദ്ധ്യ വസ്തുവാക്കുന്നതിലെ വൈപരീത്യംഇവയെല്ലാം  വിമർശ വിധേയങ്ങളാവുന്നു .ഇക്കാര്യങ്ങളിൽ ആരുടെയെങ്കിലും പൊന്നിഷ്ടങ്ങളെ താലോലിക്കാൻ മുതിരുന്നില്ല കവി .നയതന്ത്രം രാഷ്ട്രീയത്തി വേണ്ടൂ കവിതക്കാവശ്യമില്ല .ചുരുക്കത്തിൽ സാമ്പ്രദായികമായ രചനാ സങ്കേതങ്ങളുപയോഗിചു കൊണ്ടു തന്നെ സമകാലികവും സാർ വകാലികവുമായ വിഷയങ്ങൾ കവിതകളിലൂടെ ആവിഷ്കരിക്കാനാവു മെന്നു ഈ കവിതകൾ വായിക്കുമ്പോൾ  നമുക്കു ബോധ്യമാവുന്നു .
   "പലവുരു പതിരിൻ പൊട്ടു പാറ്റി തെളിച്ചു 'വേണം'ചേലിൽ ' ശ്ലോകം ചമക്കേണ്ടത് എന്ന് സർഗ്ഗ സല്ലാപ ലോകം എന്ന മുക്തകത്തിൽകവി  പറയുന്നത് സ്വന്തം രചനാരീതിയെ മനസ്സിൽ കണ്ടു കൊണ്ടായിരിക്കണം .എന്തായാലും ഭാഷാ വൃത്തങ്ങളിലും സംസ്കൃത വൃത്തങ്ങളിലും ശ്ലോകങ്ങൾ ,കവിതകൾ ,ചേലിൽ എന്നുവെച്ചാൽ മനോഹരമായി ചമക്കുന്നതിൽ ഷാജി വിജയിച്ചിരിക്കുന്നു .
  
    
    
            
     
             
      






2017, ജൂലൈ 10, തിങ്കളാഴ്‌ച

ഗുരുപൂർണിമ
അർത്ഥ കാമന്മാരായ നഗുരുക്കന്മാരെക്കുറിച്ച് അർജുനൻ ഗീതയിൽ കൃഷ്ണനോടു പറയുന്നുണ്ട് ;ധനമോഹം കൊണ്ട് മറുപക്ഷം ചേർന്നവർ എന്ന അർത്ഥത്തിലാണ് അതു സാധാരണ വായിക്കപ്പെടുക  .പക്ഷേ ശങ്കരാനന്ദ സരസ്വതി അതിന് കാമിച് ,ആഗ്രഹിച്ചു വരുന്നവർക്ക് അർത്ഥങ്ങളെ ,എന്നു വെച്ചാൽ പുരുഷാർത്ഥങ്ങളെ ക്കുറിച്ച് പറഞ്ഞു കൊടുക്കുന്നവർ എന്നാണാര്ഥം പറഞ്ഞിരിക്കുന്നത് .ധർമ്മാനുസാരിയായി സ്വധർമ്മം നിർവഹിച്ചു രാഗവിവർജ്ജിതമായി അർത്ഥവും കാമവും നേടി മോക്ഷം ,സമൂഹ ചേതനയുടെ സാക്ഷാത്കാരം ,നേടാൻ എന്നുവെച്ചാൽ സഫലമായ ഒരു ജീവിതം നയിക്കാൻ ഒരാളെ പ്രാപ്തനാക്കുന്ന ആളത്രേ ഗുരു .അങ്ങിനെ നോക്കുമ്പോൾ മാതാപിതാക്കളും അദ്ധ്യാപകരും മാത്രമല്ല കണ്ടുമുട്ടിയ എല്ലാവരും ഗുരുക്കന്മാരാണ് .എന്തെങ്കിലും ഒരറിവു പകർന്നുതരാത്തവരായി  ആരുണ്ട് നമ്മൾ  കണ്ടുമുട്ടിയവരിൽ  .
       ഗുരുവിനുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രീഷ്മ പൗർണ്ണമിയിൽ ,ഗുരുപൂർണ്ണിമയിൽ എല്ലാ ഗുരുക്കന്മാർക്കും എന്റെ സ്നേഹാദരങ്ങൾ

2017, ജൂലൈ 9, ഞായറാഴ്‌ച

പിങ്ക്
--------
ഇന്നലെ പിങ്ക് കണ്ടു .
ഒരു സ്ത്രീ, അവൾ  മദാലസയായി ഇടപെടുന്നവളാവട്ടെ ,ബോയ് ഫ്രണ്ടുമായി ലൈംഗിക വേഴ്ചനടത്തുന്നവളാവട്ടെ ,ലൈംഗിക തൊഴിലാളി തന്നെ ആവട്ടെ ,സാദ്ധ്യമല്ല -നോ -എന്നു പറഞ്ഞാൽ  അത് നോ തന്നെയാണ് .പിന്നീടവളെ പ്രാപിക്കാൻ ശ്രമിക്കുന്നവനെ അക്രമം കൊണ്ടു നേരിടാൻ അവൾക്കവകാശമുണ്ട് .കൊലപാതക ശ്രമം എന്നു തന്നെ കരുതാവുന്ന പ്രവർത്തിക്കു പോലും അവകാശമുണ്ട് ,നോ വകവെക്കാത്ത പുരുഷനാവട്ടെ  ലൈംഗിക കുറ്റകൃത്യത്തിനു ശിക്ഷാർഹനുമാണ്  .ഇങ്ങിനെ ഒരു കോടതി വിധിയിലാണ് പിങ്ക് അവസാനിക്കുന്നത് .തുടങ്ങുന്നത് ആ വിധിക്കാധാരമായ നമുക്ക് ദൃശ്യമല്ലാത്ത ശബ്ദങ്ങളിലൂടെ മാത്രം അനുഭവപ്പെടുന്ന ബലാൽസംഗ കൊലപാതകശ്രമത്തിലും .ഈ രണ്ടു രംഗങ്ങൾക്കിടയിലൂടെ ഒരു നല്ല ചലച്ചിത്രം രൂപപ്പെട്ടിരിക്കുന്നു .ഇത്തരം കേസുകളിൽ പരാതിക്കാരായ പെൺകുട്ടികൾ പോലീസ് സ്റ്റേഷനിലും കോടതിയിലും മറ്റും അനുഭവിക്കേണ്ടി വരുന്ന വൈകാരിക ബലാൽസംഗങ്ങൾ അല്പം നിറക്കൂട്ടോടു കൂടി ഇതിലുണ്ട് .
      ബിഗ് ബിയോടൊപ്പം നവാഗതരായ യുവതീ യുവാക്കളും ഇതിൽ നല്ല അഭിനയം കാഴ്ചവെച്ചിരിക്കുന്നു .ഏറ്റവും നല്ല സാമൂഹ്യ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അനിരുദ്ധ് റോയ്‌ചൗധരി ,
     നമ്മുടെ സാഹിത്യ കാരൻമാരും കലാപ്രതിഭകളും സംഗീത കിന്നരന്മാരുമൊക്കെ അടങ്ങുന്ന സാംസ്കാരിക നേതൃലോകത്തിനു വേണ്ടി ഈ സിനിമ പ്രദര്ശിപ്പിക്കേണ്ടതാണ് .ലെഗ്ഗിൻസും ജീൻസും മിനിസ്കർട്ടുമൊന്നും ലൈംഗികാതിക്രമങ്ങൾക്കു ന്യായീകരണമല്ലെന്ന് അവറ്റ മനസ്സിലാക്കട്ടെ

2017, ജൂലൈ 5, ബുധനാഴ്‌ച

സിനിമ --
ജാക്കി ---(ജാക്‌വിലിൻ   കെന്നഡിയുടെ  ജീവിതത്തിലെ നിർണായക നിമിഷങ്ങളുടെ ചലച്ചിത്രാവിഷ്കാരം )
പൊതു രംഗത്തു പ്രവർത്തിക്കുന്ന മനുഷ്യരെ ഒന്നുകിൽ ദൈവമാക്കുക അല്ലെങ്കിൽ ചെകുത്താനാകുക ഒരിക്കലും മജ്ജയും മാംസവുമുള്ള പച്ചമനുഷ്യരായി പരിഗണിക്കാതിരിക്കുക എന്നത് നമ്മുടെ മലയാളികളുടെ മാത്രം സ്വഭാവമല്ല ലോകരെല്ലാം അങ്ങിനെയാണ് .ഈ സ്വാഭാവം വൈചിത്ര്യത്തിന്റെ നിര്ഭാഗ്യവതിയായ ഒരിരയാണ് ജാക്കിലിൻ  കെന്നഡി .കൺമുമ്പിൽ ഭർത്താവ് വെടിയേറ്റുമരിക്കുക ,തികച്ചും അപ്രതീക്ഷിതമായി .അതിന്റെ തീവ്ര ദുഃഖം കരഞ്ഞു തീർക്കാൻ പോലും അനുവദിക്കാതെ ചൂഴ്ന്നു നിൽക്കുന്ന ഔദ്യോകികതയുടെ ആലഭാരങ്ങൾ ,തന്റെയും എട്ടും പൊട്ടും തിരിയാത്ത രണ്ടു കുഞ്ഞുങ്ങളുടെയും ഭാവി ഇരുളടഞ്ഞു പോകുമോ എന്ന ഉത്കണ്ഠ ,,പിൽക്കാലത്തു കഥയും പാട്ടും കെട്ടിയുണ്ടാക്കിയവർ അവഗണിച്ച ഒരു വിധവയുടെ ഉദ്വിഗ്നതകൾ സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു പാബ്ലോ ലാറയിൻ ജാക്കി എന്ന ചിത്രത്തിൽ.മിസ്സിസ് കെന്നഡിയെ അവതരിപ്പിച്ച നദാലി പോർട്മാന്റെ  കുറ്റമറ്റ  പ്രകടനം  ഈ ചിത്രത്തിന്റെ വിജയത്തിന്റെ ഒരു മുഖ്യ ഘടകമാണ് .
    കറുത്ത വർഗ്ഗക്കാരുടെ അവകാശ സംരക്ഷണ കാര്യത്തിൽ കെന്നഡി സ്വീകരിച്ച അനുഭാവപൂർണമായ നിലപാട് കാരണം ലോകമെമ്പാടുമുള്ള പുരോഗമന വാദികൾക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു ;മിസൈൽ ക്രൈസിസിൽ അദ്ദേഹമെടുത്ത നിലപാട് വകവെയ്ക്കാതെ തന്നെ .അദ്ദേഹത്തിന്റെ വധത്തെ സംബന്ധിച്ച  ദുരൂഹതകൾ നീങ്ങിക്കാണാൻ  യഥാർത്ഥ കാരണമറിയാൻ ലോകം ആഗ്രഹിച്ചിരുന്നു .പക്ഷെ ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ് .ഈചിത്രം അന്നുയർന്ന ചോദ്യങ്ങൾ വീണ്ടും ചോദിക്കുന്നു .
   ഏബ്രഹാം ലിങ്കന്റെ വിധവ നിസ്വയായാണ് മരിച്ചതെന്ന് ജാക്കിയുടെ പ്രസ്താവന അർത്ഥവത്താണ് .പില്കാലത് അവർ എന്തിന് വൃദ്ധനായ കോടീശ്വരനെ വിവാഹം കഴിച്ചുവെന്ന ചോദ്യത്തിനുള്ള മറുപടി അതിലുണ്ട് .
 നല്ല ഛായാ ഗ്രഹണം ,നല്ല സംഗീതം ...മികച്ച ഒരു സിനിമാ അനുഭവമാണ് ജാക്കി പ്രദാനം ചെയ്യുന്നത്
     



'We hold these truths to be self-evident, that all men are created equal, that they are endowed by their Creator with certain unalienable Rights, that among these are Life, Liberty and the pursuit of Happiness.'
   ഈ പ്രശസ്ത വാക്യം ഉൾക്കൊള്ളുന്ന അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 241 ആം വാർഷികമാണിന്ന് ,ജൂലൈ 4 .പിന്തുടർച്ചാവകാശത്തിന്റെ പേരിലല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള ,റിപ്പബ്ലിക്കൻ ,പാർലമെന്ററി ജനാധിപത്യ രാഷ്ട്രത്തിന്റെ പിറവി കുറിച്ച ഈ ദിനം അതു കൊണ്ട് തന്നെ ലോകത്തിനാകെ  സ്മരണീയമാണ്  .all men എന്നാൽ എല്ലാ മനുഷ്യരും എന്നല്ല എന്നും വെള്ളക്കാരായ പുരുഷന്മാർ എന്നാണെന്നും അമേരിക്കക്കാരായ ചില ചരിത്രകാരന്മാർ  തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട് .അതു പൂർണമായും തെറ്റാണെന്നു പറഞ്ഞു കൂടാ .അമേരിക്കൻ ഇന്ത്യക്കാരെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു ,അടിമത്തം നിയമപരമായി തന്നെ നിലനിന്നിരുന്നു ,സ്ത്രീകൾക്ക് വോട്ടവകാശമുണ്ടായിരുന്നില്ല .പക്ഷേ രണ്ടര നൂറ്റാണ്ടുകൊണ്ട് ഈ പ്രശ്നങ്ങൾക്ക് പൂർണ്ണമായിട്ടെന്നു പറഞ്ഞു  കൂടെങ്കിലും പരിഹാരമുണ്ടാവുക തന്നെ ചെയ്തു .റിപ്പബ്ലിക്കൻ ഭരണ രീതിക്കും അതിനു സൗകര്യമൊരുക്കുന്ന ഭരണഘടനക്കും മാതൃകയാണ് അമേരിക്ക ക്കാരുടേത് .
   ഒരു റിപ്പബ്ലിക്കിലെ പൗരനാണ് ഞാനും  എനിക്കതിൽ   അത്യന്തം അഭിമാനമുണ്ട് ,വിശേഷിച്ചും വംശാധിപത്യത്തിന്റെ ഭീഷണി തീരെ ദുർബ്ബലമാ യിക്കൊണ്ടിരിക്കുന്ന  ഈ ഘട്ടത്തിൽ .റിപ്പബ്ലിക്കൻ ജനാധിപത്യത്തിന്  തുടക്കം കുറിച്ച രാജ്യത്തെ ,
   അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ പൗരന്മാരെയും ,അവരിൽ എന്റെ കൊച്ചുമക്കളും കൊച്ചനന്തിരവരും ഉൾപ്പെടും ഞാനവരുടെ സ്വാതന്ത്ര്യ ദിനത്തിൽ ഹാർദ്ദമായി അഭിവാദ്യം ചെയ്യുന്നു

2017, ജൂലൈ 2, ഞായറാഴ്‌ച

ബാറുകൾ തുറക്കുമ്പോൾ

----------------------------------------
"ആകാശത്ത് അരുണകിരണങ്ങൾ പടരാൻ തുടങ്ങുമ്പോൾ സ്വപ്നത്തിലായിരുന്ന ഞാൻ പാനശാലയിൽ നിന്ന് ഒരു ശബ്ദം ഉറക്കെ വിളിച്ചു പറയുന്നതു കേട്ടു 'ഉണരൂ കുട്ടികളേ ജീവിതത്തിന്റെ മകരന്ദം വറ്റിപ്പോകും മുമ്പ് നിങ്ങളുടെ പാനപാത്രങ്ങൾ നിറയ്‌ക്കൂ '
അപ്പോൾ കോഴി കൂവുകയും പാനശാലക്കു മുമ്പിൽ കാത്തു നിന്നവർ ഉച്ചത്തിൽ ആവശ്യപ്പെടുകയും ചെയ്തു :'കതകു തുറക്കു വളരെ കുറച്ചു സമയമേ ഇവിടെയുള്ളു ,പോയാലൊരിക്കലും തിരിച്ചു വരാൻ കഴിയുകയില്ല എന്നറിയാമല്ലോ '..."
യുഗാന്തര സുഹൃത്തായ പേർഷ്യൻ കവിയോടൊപ്പം ഞങ്ങൾ മലയാളി മദ്യപാനികളും ആഹ്ലാദ ഭരിതരാവുന്നു .നക്ഷത്ര പാനശാലകൾ, ബാറുകൾ, തുറക്കപ്പെട്ടുവല്ലോ .മന്ത്രി സഭയിലെ സഖാക്കൾക്ക് നന്ദിയും അഭിവാദ്യങ്ങളും .
പ്രിയ സഖാക്കളെ ഒരഭ്യർത്ഥന കൂടി .കഴിഞ്ഞ നൂറ്റാണ്ടൊടുവിൽ ആദര്ശ ധീരതയുടെ താഴുകൾ വീഴും മുമ്പ് തുറന്നു പ്രവർത്തിച്ചിരുന്ന നക്ഷത്രാങ്കിതങ്ങളല്ലാത്ത തണ്ണീർപ്പന്തലുകളുണ്ടായിരുന്നു . ദാരിദ്ര്യരേഖയുമായി ഒളിച്ചുകളി നടത്തിയിരുന്ന മധുപൻമാരെ ചുവന്ന വെളിച്ചത്തിൽ മാടി മാടി വിളിച്ചിരുന്ന ചാരായക്കടകൾ .അവിടെ ശുദ്ധമായ വെള്ളച്ചാരായത്തിൽ ഫാന്റ ഒഴിച്ചു കുടിച്ചാണ് ഞങ്ങൾ അന്ന് "ആയിരത്തഞ്ഞൂറു പാദസരങ്ങൾ കിലുങ്ങി ...."എന്നുറക്കെ പാടി ആനന്ദതുന്ദിലരായത് .അവ പുനഃസ്ഥാപിക്കാൻ വല്ല മാർഗ്ഗവുമുണ്ടോ?വ്യാജ മദ്യത്തിൽ നിന്നും കഞ്ചാവ് മയക്കുമരുന്നുകളിൽനിന്നും നമ്മുടെ നാടിനെ രക്ഷിക്കാൻ ആ നടപടി ഉതകിയേക്കും
ആയിരത്തഞ്ഞൂറു പാദസരങ്ങൾ കിലുക്കി പുഴകളെല്ലാം വീണ്ടുമൊഴുകട്ടെ ,അനുരാഗവതികളുടെ ചൊ ടികളിൽ നിന്ന് ആലിപ്പഴങ്ങൾ പൊഴിയട്ടെ ,പാതയോരത് ആകാശം വിടർത്തിയ കൂടാരങ്ങളിൽ ഏകാന്ത പഥികർ രാവുറങ്ങട്ടെ .
ഗോബ്രാഹ്മണർക്കും നല്ലവരായ മദ്യപാനികൾക്കും സമസ്ത ലോകത്തിനും സൗഖ്യമുണ്ടാവട്ടെ .വിപ്ലവം ജയിക്കട്ടെ

2017, ജൂൺ 29, വ്യാഴാഴ്‌ച

പുരുഷാർത്ഥം
-----------------------

മലയാളത്തിലെ എക്കാലത്തെയും മികച്ച കൈവിരലിലെണ്ണാവുന്ന  ചിത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടവയാണ് കെ ആർ മോഹനന്റെ പുരുഷാർത്ഥവും ടി വി ചന്ദ്രന്റെ ആലീസിന്റെ അന്വേഷണവും .നിർഭാഗ്യവശാൽ നമ്മുടെ ബുദ്ധിജീവികളും നിരൂപകരുമൊന്നും അങ്ങിനെയൊരു പരിഗണന ആ സിനിമകൾക്കു നൽകിയതായി തോന്നുന്നില്ല .
  കെ ആർ മോഹനന്റെ വിയോഗ വാർത്ത കേട്ടപ്പോൾ ,അച്ഛന്റെ പിണ്ഡം അമ്മയുടെ സ്നേഹിതന്റെ മുഖത്തേക്ക് കുട്ടിയായ മകൻ വലിച്ചെറിയുന്ന ആ രംഗം ആണ് എന്റെ ഓർമ്മയിലേക്ക് ആദ്യം കടന്നു വന്നത് .മൂന്നു പതിറ്റാണ്ടിനു ശേഷവും ഒരിക്കൽ മാത്രം കണ്ട ആ സീൻ മനസ്സിലുണ്ട് .മനുഷ്യന്റെ അബോധത്തിന്റെ അഗാധതകളിലെ മാതൃ ,പിതൃ രൂപങ്ങൾ ബോധമനസ്സിൽ സൃഷ്ടിക്കുന്ന സംഘര്ഷങ്ങളും അവയുടെ ഫല മായുണ്ടാവുന്ന ദുരന്തങ്ങളും ലോകത്തെവിടെയും മറ്റു കലാകാരന്മാർക്കെന്നപോലെ ചലച്ചിത്രകാരന്മാർക്കും ഇഷ്ട പ്രമേയങ്ങളാണ് .അത്തരം ചലച്ചിത്രാവിഷ്കാരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്  പുരുഷാർത്ഥം.പക്ഷെ ആ സിനിമ ആ നിലയിൽ വിലയിരുത്തപ്പെട്ടിട്ടുണ്ടോ ,അതിന്റെ സംവിധായകന് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് നിഷേധ രൂപത്തിൽ നമുക്ക് മറുപടി പറയേണ്ടി വരും .
      പുരുഷാർത്ഥത്തെ ക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് സംവിധായകനോട് നേരിട്ടു പറയാനുള്ള അവസരം ,  സിനിമ ഇറങ്ങി ഒരു ദശാബ്ദം കഴിഞ്ഞിട്ടാണെങ്കിലും എനിക്ക് കിട്ടി .ചിത്രത്തിൽ കണ്ടതു പോലെയൊരു തർപ്പണമായിരിക്കും പരേതാത്മാവിനെ പുരുഷാർത്ഥപ്രാപ്‌തിയിലേക്ക് ,മോക്ഷത്തിലേക്ക് നയിച്ചിരിക്കുക എന്നും അതു കൊണ്ടു  പുരുഷാർത്ഥമെന്ന പേരു തന്നെയാണ്  സിനിമക്ക് യോജിച്ചത് എന്നും കൂടി ഞാൻ അദ്ദേഹത്തോടു പറഞ്ഞു .ആധാരമായ സി വി ശ്രീരാമൻ
കഥയുടെ പേര് ഇരിക്കപ്പിണ്ഡം എന്നാണ്  .മോഹനന് എന്റെ വിശകലനം ഇഷ്ടപ്പെട്ടുവെന്നു തോന്നി .
    കെ ആർ മോഹനനെ കാണാനോ സംസാരിക്കാനോ പിന്നീടെനിക്കു കഴിഞ്ഞിട്ടില്ല .
നന്ദി സുഹൃത്തേ ഒരായുഷ്കാലത്തേക്കുള്ള ഒരു ദൃശ്യാനുഭവത്തിനും ഒരിക്കൽ മാത്രമുണ്ടായ ആ കൂടിക്കാഴ്ചക്കും
    

2017, ജൂൺ 19, തിങ്കളാഴ്‌ച

വായിക്കാനും ചിന്തിക്കാനും പ്രേരിപ്പിച്ച ഒരാൾ

                                          ആർ .എസ് .കുറുപ്പ്

                       --------------------------------------------------------------

                       

വായിച് വളരുക എന്ന സുപരിചിതമായ  ആഹ്വാനം നടത്തിയ ആളിനെ ,പി എൻ  പണിക്കരെ ക്കുറിച്ച് ഞാൻ മിഡിൽ സ്കൂളിൽ പഠി ക്കുന്ന കാലത്ത് തന്നെ കേട്ടിരുന്നു .വീടിനടുത്തുള്ള ഗ്രാമീണ വായന ശാലയുടെ നടത്തിപ്പുകാരായ ചേട്ടൻമാർആദരവോടെയും സ്നേഹത്തോടെയും ഇടക്കിടെ പറയാ റുണ്ടായിരുന്ന  ഒരു പേരായിരുന്നു അത് .തിരുവിതാംകുർ ഗ്രന്ഥ ശാലാ സംഘത്തിന്റെ ജനറൽ സെക്രട്ടറി ആയിരുന്നു അന്നദ്ദേഹം .

           തന്റെ പതിനേഴാം വയസ്സിൽ സ്വദേശ മായ നീലം പേ രൂരിൽ ഒരു വായന ശാല സ്ഥാപിച്ചു  കൊണ്ടായിരുന്നുപി എൻ പണിക്കർ  തന്റെ സുദീര്ഘമായ അക്ഷര സപര്യക്ക് തുടക്കം കുറിച്ചത് .തുടർന്ന് അധ്യാപകനായി അമ്പലപ്പുഴയിലെത്ത്തിയ പണിക്കരു സാർ അവിടത്തെ പി കെ മെമ്മോറിയൽ വായന ശാലയുടെ മുഖ്യ പ്രവര്ത്തകനായി.സ്വാതന്ത്ര്യത്തിനു തൊട്ടു മുമ്പുള്ള  ദിവാൻ ഭരണത്തിന്റെ കാലം.തിരുവിതാം കൂറിൽ നിലവിലുണ്ടായിരുന്ന ഗ്രാമീണ വായന ശാലകളെ ഒരു കേന്ദ്ര സംഘടനയുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു ;അതിൽ വിജയിക്കുകയും ചെയ്തു .അങ്ങിനെ തിരുവിതാംകൂർ ഗ്രന്ഥ ശാലാ സംഘം നിലവിൽ വന്നു .കേരള സംസ്ഥാനത്തിന്റെ രൂപീകരണ ത്തോടു കൂടി അത് കേരള ഗ്രന്ഥ ശാലാ സംഘമായി .തുടക്കം മുതൽ പി എൻ  പണിക്കർ  സംഘത്തിന്റെ ജനറൽ സെക്രട്ടറിയും അമര ക്കാരനുമായിരുന്നു .തൊള്ളായിരത്തി എഴുപതുകളുടെ അവസാനം ക്രൂരവും കൃതഘ്നവുമായ ഒരു കലാപത്തിലൂടെ പുറത്താക്ക പ്പെടുന്നതു വരെ .

        ഗ്രാമീണ വായന ശാല എന്ന ആശയം പണിക്കരു സാറി ന്റെതായിരുന്നില്ല . അദ്ദേഹം ഈ രംഗത്തെത്തു ന്നതിനു മുമ്പു തന്നെ പല ഗ്രാമങ്ങളിലും വായന ശാല കളുണ്ടാ യിരുന്നു .പക്ഷേ ഓരോ ഗ്രാമത്തിലും വായന ശാല ,അവയ്ക്കെല്ലാം കൂടി ഒരു സംഘടന ,രെജിസ്ട്രേഷൻ ,വാർഷിക ഗ്രാന്റ് ഇവയൊക്കെ അദ്ദേഹത്തിന്റെ ശ്രമ ഫലമായുണ്ടായതാണു .ഗ്രാമത്തിൽഒരു വായന ശാല ഉണ്ടാക്കുക എന്നത് അവിടത്തെ   യുവ ജനങ്ങളുടെ ഒരു സുപ്രധാന ദൗത്യം ആണെന്ന ബോധം സൃഷ്ടിക്കാൻ പണിക്കരു സാറിനു കഴിഞ്ഞു .അങ്ങിനെ  എല്ലാ ഗ്രാമങ്ങളിലും വായന ശാലകളുണ്ടായി .ടോൾസ്റ്റോയിയും ടാഗോറും ബൽസാക്കും വള്ള ത്തോളിനും ആശാനും തകഴിക്കും ദേവിനുമൊപ്പം നമ്മുടെ നാട്ടിൻപു റ  ങ്ങളിലെത്തി .കേരളം വായിച്ചു വളരാ ൻ തുടങ്ങി .നവോഥാന ചിന്തകളും സ്വാതന്ത്ര്യ പ്രതീക്ഷകളും ഉൾക്കൊള്ളാനുള്ള പ്രാപ്തി മലയാളി മനസ്സിനുണ്ടാക്കി ക്കൊടുക്കുന്നതിൽ പണിക്കരു സാർ നിർണ്ണായക മായ ഒരു പങ്കു വഹിച്ചു .

  കമ്മ്യൂണിസ്റ്റ് ആശയ ഗതിക്കാരായ ചെറുപ്പക്കാർ വായന ശാലാ പ്രവർത്തനങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്നു 'പ്രത്യേ കിച്ചും പാർടി നിരോധിക്കപ്പെട്ടിരുന്ന അവസരങ്ങളിൽ .അങ്ങിനെ നോക്കുമ്പോൾ കമ്യുനിസ്റ്റു കാരനേയല്ലാതിരുന്ന പണിക്കരു സാറിന്  കേരളത്തിലെ കമ്യുനിസ്റ്റു പ്രസ്ഥാനത്തിന്റെ വളർച്ച യിൽ കാര്യമായ ഒരു പങ്കുണ്ടെന്നു പറയേണ്ടി വരും .

  തൊ ള്ളായിരത്തി എഴുപതിലാണു ഞാൻ പണിക്കരു സാറിനെ പരിചയപ്പെടുന്നത് .അപ്പോഴേക്കും വായന ശാലകൾക്ക് ഗ്രാമജീവിതവുമായുള്ള ജൈവ ബന്ധംമിക്കവാറും അവസാനിച്ചു കഴിഞ്ഞിരുന്നു .വിദ്യാഭ്യാസം കിട്ടിയ ചെറു പ്പക്കാരെല്ലാം തൊഴിൽ തേടി പരദേശം പോയതു കൊണ്ട് കൃത്യമായി പുസ്തക വിതരണം നടത്താനോ  കലാ സാംസ്കാരിക പ്രവർത്ത നങ്ങൾ സംഘടിപ്പിക്കാനോ ആളില്ലാതായി .പല ഗ്രന്ഥ ശാലകളും അടഞ്ഞു തന്നെ കിടന്നു .ഈ ദുരവസ്ഥയിൽ ദുഖിതനായിരുന്നു പണിക്കരു സാർ .പന്തളത്തിനടുത്തുള്ള അപ്പോഴും നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു വായന ശാലയുടെ വാർഷികത്തിനു സാറിനെ ക്ഷണിക്കാൻ വന്ന സ്നേഹിതനൊപ്പമാണു ഞാൻ പണിക്കരു സാറിനെ കാണാൻ പോയത് മാവേലിക്കരക്കടുത്തുള്ള കു റ  ത്തികാടാണു സ്വദേശം എന്നു പറഞ്ഞപ്പോൾ അവിടത്തെ വായന ശാലയുടെ ദയനീയ സ്ഥിതിയെ  കുറിച്ച് അദ്ദേഹം വാചാലനായി .മാത്രമല്ല അവിടത്തെ ചില പ്രധാന പൊതു പ്രവർത്തകരെ ക്കുറിച്ച് വളരെ പരുഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തുഅദ്ദേഹം .കാരണം ഈ പൊതു പ്രവർത്ത കർ വിചാരിച്ചാൽ നാട്ടിലെ വായന ശാല പഴയ പോലെ പ്രവര്ത്തന സജ്ജമാകും എന്നദ്ദേഹം ശരിയായിത്തന്നെ മനസ്സിലാക്കിയിരുന്നു .അവർ അക്കാര്യത്തിൽ ഒന്നും ചെയ്യാ ത്തതിലുള്ള ദുഖവും രോഷവും പ്രകടിപ്പിക്കുകയായിരുന്നു പണിക്കരു സാർ .അദ്ദേഹത്തിനു വായനശാലാ പ്രവർത്തനം ആയിരുന്നു മുഖ്യം .അതു ചെയ്യാതെ ഒരു പൊതു പ്രവര്ത്തകൻ മറ്റെന്തു ചെയ്തു എന്നു പറഞ്ഞാലും അദ്ദേഹത്തിനു തൃപ്തിയാവുമായിരുന്നില്ല .

     പിന്നീട് മൂന്നു നാല് തവണ കൂടി പന്തളത്തു കാരൻ സുഹൃത്തിനൊപ്പം ഞാൻ പണിക്കരു സാറിനെ ക്കാണാൻ പോയി .അപ്പോഴൊക്കെ അനുദിനം തകർന്നു കൊണ്ടിരിക്കുന്ന ഗ്രന്ഥ ശാലകളെ ക്കുറി ച്ചാണ ദ്ദേഹം സംസാരിച്ചത് .എനിക്കു വേണമെങ്കിൽ ഒഴിവു ദിവസങ്ങളിൽ നാട്ടിൽ പോയി അവിടത്തെ വായന ശാല നേരെയാക്കാൻ ശ്രമിക്കാവുന്നതെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു .ഞാൻ ബഹുമാന പൂർവം കേട്ടിരുന്നുവെങ്കിലും അതനുസരിച്ച് പ്രവർത്തിച്ചില്ല .മറ്റേതൊരു മദ്ധ്യ വർഗ്ഗ ബുദ്ധി ജീവിയേയും പോലെ എനിക്കും എന്റെ ഗൃഹാതുര സ്മരണകളുടെ കാല്പനിക ഭൂമിക മാത്രമായി മാറിക്കഴിഞ്ഞിരുന്നു  ഗ്രാമം . പണിക്കരു സാറിനെ ഇടക്കിടക് പോയി ക്കാണാനൊ വായന ശാലാ ക്കാര്യങ്ങൾ സംസാരിക്കാനോ പിന്നീടുണ്ടായ സംഭവ വികാസങ്ങൾ അനുവദിച്ചുമില്ല .

      പ്രക്ഷുബ്ധമായ ഒരു കാലമായിരുന്നു അത് .തുടരെ തുടരെയുള്ള ജനാധിപത്യ ധ്വംസനങ്ങൾ ,അതൊക്കെ സ്ഥാപന വൽകരിച്ചു കൊണ്ടുള്ള അടിയന്തിരാവസ്ഥാ പ്രഖ്യാപനം ,അതിനു അയവു വരുത്തലും പിൻവലി ക്ക ലും  ജനതാ സർക്കാരിന്റെ  സ്ഥാനാരോഹണം --ആയിടക്കാണു പണിക്കരു സാറിനെ പേരു പറ യാതെയാണെങ്കിലും കുറ്റ പ്പെടുത്തിക്കൊണ്ടുള്ള ലേ ഖനങ്ങൾ പ്രത്യക്ഷ പ്പെടാൻ തുടങ്ങിയത് .അദ്ദേഹം ജോലിയിൽ വീഴ്ച വരുത്തിയെന്നോ പണാപഹരണം നടത്തിയെന്നോ ഒന്നുമുള്ള ആരോപണങ്ങളുണ്ടായിരുന്നില്ല .പകരം പെരുമാറ്റത്തിൽ ഉണ്ടെന്നു പറയപ്പെടുന്ന ഗ്രാമ്യത യെ കളിയാക്കി ക്കൊണ്ടുള്ളവയായിരുന്നു ആ ലേഖനങ്ങൾ .എന്തായാലും താമസിയാതെ 1977 ഇൽ പി എൻ  പണിക്കർഅദ്ദേഹം ജന്മം കൊടുത്ത ഗ്രന്ഥ ശാലാ സംഘത്തിൽ നിന്നു പുറത്തായി .മൂന്നര പതിറ്റാണ്ടു കാലത്തെ തന്നെ തന്നെ മറന്നുള്ള പ്രവർത്തനത്തിനുള്ള പ്രതിഫലം  നിന്ദ്യവും മനുഷ്യത്വ രഹിതവുമായ  നിർവാസമായിരുന്നു .ഇടതു പക്ഷ പ്രസ്ഥാനത്തിനു തീരാക്കളങ്കം ചാര്ത്തിയ നടപടി .അദ്ദേഹം പുറത്താക്ക പ്പെട്ടപ്പോൾ കുറേ ക്കാലത്തേക്കെങ്കിലും സംഘവും ഇല്ലാതായി

    സംഘത്തിൽ നിന്നു പുറത്തുവന്ന പണിക്കരു സാർ 68 ആം വയസ്സിലും വെറുതെ ഇരിക്കാൻ കൂട്ടാക്കിയില്ല അക്ഷരത്തിന്റെ വെളിച്ചം കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം എത്തിക്കുക ആജീവനാന്ത ദൗത്യമായിരുന്നു അദ്ദേഹത്തിന് .അനൗപചാരിക വിദ്യാഭ്യാസ സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം എറെടുത്ത് കേരളം മുഴുവൻ അക്ഷര വെളിച്ചവുമായി സഞ്ചരിച്ചു അദ്ദേഹം ജീവിതത്തിൽ അവശേഷിച്ച 18 വര്ഷം .

    അദ്ദേഹത്തിന്റെ അത്തരം ഒരു യാത്രക്കിടയിലാണ് ഞങ്ങൾ തമ്മിൽ ഒടുവിൽ ക്കാണുന്നത് തൊണ്ണൂ റു കളുടെ തുടക്കത്തിൽ ആലപ്പുഴ സിവിൽ സ്റ്റേഷനിൽ വെച്ച് .സാക്ഷരതയുമായി ബന്ധ പ്പെട്ട ഒരു മീറ്റിങ്ങിനു കളക്റ്റ്രേറ്റിൽ വന്നതായിരുന്നു പണിക്കരു സാർ .ഒരു ജില്ലാ ഓഫീസിന്റെ കണക്കു നോക്കാൻ നിയുക്തനായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ദീർഘ യാത്രകളെ ക്കുറിച്ച്ഞാൻ ചോദിച്ചു . "ഞാൻ പോയിട്ടില്ലാത്ത ഏതെങ്കിലും ഒരു നാട്ടിൻ പുറം നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ടൊ ടോ കൊച്ചുകുറുപ്പേ "എന്നു ചോദിച്ച് അദ്ദേഹം എന്നെ ആശ്ലേഷിച്ചു ശിശു സമാനമായ ആഹ്ലാദത്തോടെയും  അപ്പൂപ്പന്റെ വാത്സല്യത്തോടെയും .

    പണിക്കരു സാറിനെ പുറത്താക്കിയ നടപടി കേരളീയ പൊതു സമൂഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല .ഗ്രന്ഥ ശാലാ സംഘത്തിനു പകരം വന്ന കൌണ്‍സിലിന്റെ ആദ്യ പ്രസിഡന്റായിതെരഞ്ഞെടുക്കപ്പെട്ട  കവി കടമ്മനിട്ട പി എൻ  പണിക്കരുടെ സേവനങ്ങളെ പ്രകീർത്തിച്ചു കൊണ്ടാണ്ചുമതല ഏറ്റത് .പണിക്കരു സാർ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനു എന്തെങ്കിലും ബഹുമതി നല്കി അംഗീകരിക്കാൻ തയാറാ വതിരുന്ന കേരള സർക്കാർ പക്ഷേ അദ്ദേഹത്തിന്റെ ചരമ ദിനം വായനാ ദിനമായി ആചരിക്കാൻ തീരുമാനിച്ചു ;ആ ദിവസം ഉൾക്കൊള്ളുന്ന  ആഴ്ച വായനാ വാരമായും .ശ്രീ ശങ്കരൻ തൊട്ട് പത്തു മലയാളികളെ എണ്ണിയാൽ അതിൽ പി എൻ പണിക്കരും ഉൾപ്പെടും എന്ന സുകുമാർ അഴീക്കോടിന്റെ അഭിപ്രായം സുവിദിതമാണ് .ഏതു ചിന്തയേയും ഉൾക്കൊള്ളാൻ മലയാളി മനസ്സിനെ പാകപ്പെടുത്തിയ അക്ഷര കർഷകനാണ്   പി എൻ  പണിക്കർ .അതു കൊണ്ടു തന്നെ അഴീക്കോട് സാറു പറഞ്ഞത് മലയാളികളുടെ ഏകകണ്ഠ മായ   അഭിപ്രായമാണെന്നതിൽ സംശയമേയില്ല   .

പിൻകുറിപ്പ്
-------------------
കഴിഞ്ഞ ദിവസം മെട്രോ ഉദ്ഘാടനത്തിനോടനുബന്ധിച്ചുണ്ടായ ശബ്ദ ഘോഷങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ദൃശ്യം ഞാൻ ടി വിയിൽ കണ്ടു .എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഒരു ഹാൾ പണിക്കരു സാറിന്റെ വലിയ ഒരു പടം പശ്ചാത്തലത്തിൽ. .പ്രധാനമന്ത്രി ഒരു ഉദ്ഘാടനം അവിടെ നിർവഹിച്ചു .വാർത്ത കൃത്യമായി മനസ്സിലാക്കുന്നതിനു മുമ്പ് ദൃശ്യങ്ങൾ മാഞ്ഞു ,അവതാരകരും ലേഖകരും മറ്റു പ്രധാനാപ്പെട്ട , എന്നവർക്ക് തോന്നിയ, കാര്യങ്ങളിലേക്ക് പോയി .ഞാൻ മനസ്സിലാക്കിയത് വായനാവാരമെന്നതിനു പകരം ജൂൺ 19 മുതൽ   വായനാ മാസമായിഅഖിലേന്ത്യാ തലത്തിൽ ആചരിക്കാൻ തീരുമാനിച്ചുവെന്നും അതിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിലവിളക്കു കൊളുത്തി നിർവഹിച്ചതെന്നുമാണ് .വളരെ പ്രധാനപ്പെട്ട ഒന്നാണ്  എന്റെ അഭിപ്രായത്തിൽ ആ സംഭവം .ഇന്ത്യയിലെ എല്ലാഗ്രാമങ്ങളിലും വായിച്ചു വളരുക എന്ന സന്ദേശം എത്തിക്കാൻ കഴിഞ്ഞാൽ അതായിരിക്കും പണിക്കരു സാറിനു നമുക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ ബഹുമതി .












2017, ജൂൺ 7, ബുധനാഴ്‌ച

Moonlight
മൂൺലൈറ് ,2016 ലെ ഏറ്റവും നല്ല ചിത്രത്തിനുള്ള ഓസ്‌കാർ നേടിയ സിനിമ കണ്ടു .മനോഹരമായ സിനിമ .മൂന്നു ലഘുചിത്രങ്ങ ൾ ഒന്നിച്ച ചേർത്ത് ഒരുവലിയ ചിത്രം .ഭാവഗീതം പോലെ മനോഹരമായ ഒന്ന്
    മലയാളത്തിൽ സർപ്പിണി എന്ന പേരിൽ മികച്ച ഒരു ചെറുകഥയുണ്ട് ഇന്ദു മേനോൻ എഴുതിയത്. തന്റെ അംഗവൈകല്യമുള്ള മകനെ തന്റെ ഇടപാടുകാരിൽ നിന്ന് രക്ഷിക്കാൻ പാടുപെടുന്ന ഒരു ദരിദ്ര വേശ്യയുടെ കഥ .ആ കുട്ടിയുടെ ബാല്യ കൗമാര യൗവനത്തെ ക്കുറിച്ച് ഒഎസ് കഥ ആലോചിച്ചു നോക്കു .അവനു തല ഉയർത്തിപ്പിടിച്ചു നടക്കാൻ കഴിയുകയില്ലല്ലോ .ലോകം അവനെ വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും .അത് തന്നെയാണ് മൂൺലൈറ്റിന്റെ കഥ .ദരിദ്രയും മയക്കു മരു ന്നടിമയുമാഒരുകറുത്ത വർഗ്ഗക്കാരി വേശ്യയുടെ മകന്റെ ബാല്യ കൗമാര നവയൗവങ്ങളുടെ ചലച്ചിത്രാവിഷ്കാരം .
   വിശദമായി എഴുതാനാഗ്രഹിക്കുന്നതു കൊണ്ട് ഇപ്പോൾ ഇത്രമാത്രം .(സർപ്പിണി വായിച്ചിട്ടില്ലാത്തവർ വായിക്കണം .നമ്മുടെ ശ്രെഷ്ഠ സാഹിത്യ സൃഷ്ടികളിൽ ഒന്നാണത് )

2017, മേയ് 17, ബുധനാഴ്‌ച

കൈവഴികൾ പിരിയുമ്പോൾ
 മലയാള മുഖ്യധാരാസിനിമയിലെ രണ്ടാമത്തെ വലിയ ചുവടുവെപ്പാണ് 1965 അവസാനം പുറത്തിറങ്ങിയ എം ടി തിരക്കഥാകൃത്തായി അരങ്ങേറിയ,എ വിൻസെന്റ് സംവിധാനം ചെയ്ത  മുറപ്പെണ്ണ് .ഒന്നാമത്തേത് 1962 ലെ സേതുമാധവൻ ചിത്രം കണ്ണും കരളും .അതിലൂടെയാണ് സിനിമയിൽ ദൃശ്യങ്ങൾക്കുള്ള പ്രാധാന്യം മലയാളി മനസ്സിലാക്കിയത് .മുറപ്പെണ്ണ് ഈ പരിവർത്തനത്തെ ത്വരിതപ്പെടുത്തുക മാത്രമല്ല ചലച്ചിത്രം എങ്ങിനെ കാവ്യാത്മകമാക്കാമെന്നു കാണിച്ചു തരുകയും ചെയ്തു .ഇതിലൂടെ കടന്നു വന്ന വള്ളുവനാടൻ ഭാഷ മലയാള സിനിമയിൽ  പ്രതിഷ്ഠ നേടി .താനൊരു താരം മാത്രമല്ല മികച്ച അഭിനേതാവ് കൂടിയാണെന്ന് പ്രേംനസീറിന്  തെളിയിക്കാൻ അവസരം നൽകിയത് ഈ ചിത്രമാണ് .ഉയർന്ന നിലവാരം പുലർത്തിയ എം ടി   വിൻസെന്റ്  പ്രേംനസീർ .ചിത്രങ്ങളിൽ ഒന്നാമത്തേതായിരുന്നു മുറപ്പെണ്ണ് .
    കൊതിച്ചതെല്ലാം കൈവിട്ടു പോകുന്നതിന്റെ വേദന  ഉള്ളിലൊതുക്കിയ ചെറുപ്പക്കാരന്റെ സന്തപ്തവും സൗമ്യവും സുന്ദരവുമായ മുഖം സാവധാനം മുന്നിലേക്കു വന്ന് വെള്ളിത്തിരയാകെ നിറയുന്നത് തിരുവനന്തപുരം സെൻട്രൽ തീയറ്ററിലിരുന്നു കണ്ടത് ഇന്നെന്ന പോലെ ഞാനോർക്കുന്നു ;അയാളുടെ മുഖത്തുകൂടി ഒഴുകിവരുന്ന പുഴയുടെ മനോഹരമായ ആ ദുഃഖഗാനവും .
   ഈ ചിത്രം യു റ്യുബ്യിൽ ഇന്നലെ വീണ്ടും കണ്ടപ്പോൾ ഞാനാലോചിച്ചു പോയി  ,മുറപ്പെണ്ണിന്റെ കനക ജൂബിലി ആഘോഷിക്കാൻ നമ്മൾ മറന്നു പോയത് എന്തുകൊണ്ടാണ് ?

2017, മേയ് 14, ഞായറാഴ്‌ച

ഏഷ്യാനെറ്റ് ന്യൂസിലെ 'വാക്കും പൂക്കും കാലം ' ഇന്നത്തെ(മേയ്14 ,2017 )  എപ്പിസോഡ് എനിക്ക് വളരെ ശ്രദ്ധേയമായി തോന്നി രണ്ടു കാരണങ്ങൾ കൊണ്ട് .ഒന്ന് വളരെ വര്ഷങ്ങൾക്കു ശേഷം ജി കുമാരപിള്ള സാറിനെ കാണാനും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാനും സാധിച്ചു മിനി വെള്ളിത്തിരയിലാണെങ്കിലും ..രണ്ടാമത്തേത് എൻ എൻ  ക ക്കാടിന്റെ കവിതയെക്കുറിച്ച് കവി ദേശമംഗലം രാമകൃഷ്ണൻ പ്രകടിപ്പിച്ച അഭിപ്രായമാണ് ."കാലമിനിയുമുരുളും വിഷുവരും" എന്നൊക്കെയുള്ള സഫലീമീ യാത്ര എന്നൊരൊറ്റ കവിത മാത്രമാണ് കക്കാടിന്റേതായി മലയാള ഭാവുകത്വം സ്വീകരിച്ചത് .കവിയുടെ രക്ത സാക്ഷിത്വമാണ് ഇത് എന്നദ്ദേഹം പറഞ്ഞു .ഞാൻ യോജിക്കുന്നു .സഫലമീ യാത്ര ഒരു നല്ല കവിതയാണ് .ഓ എൻ വി യുടെ ദാമ്പത്യ കവിതകളെ അനുസ്മരിപ്പിക്കുന്ന ശയ്യാഗുണമുള്ള ഒരു നല്ല കവിത .പക്ഷെ കക്കാടിന്റെ ഏറ്റവും നല്ല കവിതകളുടെ കൂട്ടത്തിൽ അതുൾപ്പെടുന്നില്ല .
       അയ്യപ്പപ്പണിക്കർക്കൊപ്പം  ആധുനികത മലയാളകവിതയിൽ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തകവിയാണ് കക്കാട്.ഉണ്ടാവാൻ പോകുന്ന നഗരവൽക്കരണത്തെക്കുറിച്ചുള്ള ഒരു ഗ്രാമീണന്റെ ഉൽക്കണ്ഠകൾ തികഞ്ഞ കാവ്യ സൗന്ദര്യത്തോടെ ആവിഷ്കരിക്ക പെട്ടിട്ടുള്ള 'നഗരത്തിലെ കണ്വൻ "(പുസ്തകത്തിൽ കണ്വൻ ),1963  തുടങ്ങിയവ മലയാള കവിതയുടെ എക്കാലത്തെയും മികച്ച ഉപലബ്‌ധികളിൽപ്പെടുന്നു .നിർഭാഗ്യവശാൽ ആ കവിതകളൊന്നും ഇപ്പോൾ ആരും ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല
   മലയാളം ഭാവുകത്വം ഈ കവിതകളെ ഒരിക്കൽ തിരിച്ചറിയുമെന്നും അങ്ങിനെ എൻ എൻ കക്കാടിനു കവിതാ ചരിത്രത്തിൽ അർഹിക്കുന്ന സ്ഥാനം തന്നെ നൽകുമെന്നും നമുക്ക് പ്രതീക്ഷിക്കാം

2017, മേയ് 13, ശനിയാഴ്‌ച

10 May 2017
ഇന്ന് ബുദ്ധ പൂർണ്ണിമ.
26 നൂറ്റാണ്ടു മുമ്പ് ഇതു പോലൊരു വൈശാഖ പൗർണ്ണമി നാളാണത്രെ സിദ്ധാർത്ഥൻ ബോധോദയത്തിലൂടെ തഥാഗതനായത് .താൻ അറിഞ്ഞത് എന്താണെന്ന് ബുദ്ധൻ അപ്പോൾ തന്നെ തന്റെ അഞ്ചു സഹചാരികളോട് അരുളിച്ചെയ്യുകയും ചെയ്തു :
   ദുഃഖം എന്നത് സത്യമാണ് .ഒന്നാമത്തെ സത്യം .ജനനവും ജരാമരണങ്ങളും എല്ലാം ദുഃഖകരങ്ങളാണ്
    ദുഃഖം അകാരണമല്ല അതിനൊരു കാരണമുണ്ട് എന്നത് രണ്ടാമത്തെ സത്യം -സമുദയം.ദുഃഖ കാരണം തൃഷ്ണയാണ് .പക്‌ഷേ  പന്ത്രണ്ടു ഘടകങ്ങളുള്ള സംസാര ചക്രത്തിലെ ഒരു കണ്ണി മാത്രമാണ് തൃഷ്ണ .ബുദ്ധൻ അതിങ്ങനെ വിശദീകരിച്ചിരിക്കുന്നു .:അ വിദ്യ മൂലം ഒരു ജന്മത്തിലെ കർമ്മങ്ങൾ മരണാന്തരവും അവശേഷിക്കുന്നു .ഇതാണ് തത്വ ചിന്തയുടെ ഭാഷയിൽ സംസ്കാരം ..സംസ്കാരം അടുത്ത ജന്മത്തിനു വേണ്ടിയുള്ള അവബോധത്തിനു -വിഞ്ജാനം -കാരണമാവുന്നു ..വിഞ്ജാനത്തിൽ നിന്ന് വ്യക്തിത്വം -നാമരൂപം -ഉണ്ടാവുന്നു .നാമരൂപത്തിൽ നിന്ന് സദായതനം -പഞ്ചേന്ദ്രിയങ്ങൾ മനസ്സ് ബുദ്ധി മുതലായ അന്തക്കരണങ്ങൾ ;സദായതനം നിമിത്തം ബാഹ്യവിഷയങ്ങളുമായുള്ള സമ്പർക്കം ,സ്പർശം .ഇത് വിഷയങ്ങളിലുള്ള  താല്പര്യത്തിനു-,വേദനം - വഴിയൊരുക്കുന്നു   .വേദനത്തിൽ നിന്ന് തൃഷ്ണ വിഷയങ്ങളിലുള്ള ആഗ്രഹം ..തൃഷ്ണ വിഷയങ്ങളിലുള്ള മുറുക്കിപ്പിടിത്തത്തിനു -ഉപാദാനം -കാരണമാവുന്നു
     ഉപാദാനത്തിൽ നിന്ന് ഭാവന ,അതായത് അടുത്ത ജന്മത്തിനു രൂപം നൽകുന്ന പ്രക്രിയ .തുടർന്ന് ജാതി -ജനനം ;വാർദ്ധക്യവും മരണവും -ജരാ മരണം .വീണ്ടും അവിദ്യയിൽ നിന്നാരംഭിക്കുന്ന സംസാര ചക്രം .
  സംസാര ചക്രത്തിലെ  ദ്വാദശ നിദാനങ്ങൾ എന്നറിയപ്പെടുന്ന ഈ   ഘടകങ്ങളിൽ ഏറ്റവും പ്രധാനം  തൃഷ്ണയാണ് .തൃഷ്ണയെ ജയിച്ചാൽ ഉപാദാനം ,ഭാവന ജാതി ജരാമരണം ഒന്നും ഉണ്ടാവുകയില്ല . തൃഷ്ണയില്ലെങ്കിൽ ബാഹ്യവിഷയങ്ങളിലുള്ള താല്പര്യം -വേദനം -വരെയുള്ള ഘടകങ്ങൾ അവിദ്യക്ക് കാരണമാവുകയുമില്ല .ഇടയ്ക്കു പറയട്ടെ ഈ അപഗ്രഥന രീതിക്ക് പ്രതീത്യസമുത്പാദം എന്നാണു പേര് പറഞ്ഞു വരുന്നത് .
     അപ്പോൾ തൃഷ്ണയെ നിരോധിക്കുന്നതിലൂടെ അവിദ്യാ ജന്യമായ ദുഃഖത്തെ നിരോധിക്കാം .അതാണ് മൂന്നാമത്തെ സത്യം നിരോധം .നിരോധത്തിനുള്ള മാർഗം ആണ് നാലാമത്തെ സത്യം .മാർഗം .ആര്യ അഷ്ടാങ്ങ  മാർഗം .സുവർണ്ണ മദ്ധ്യ മാർഗമെന്നും ഇതറിയപ്പെടുന്നു ഭിക്ഷുക്കൾക്ക് മാത്രമല്ല ഏതൊരു മനുഷ്യനും പിന്തുടരാവുന്ന അങ്ങിനെ പിന്തുടർന്ന് നിർവാണം പ്രാപിക്കാനുതകുന്ന ഈ മാർഗം ഇങ്ങിനെ സംഗ്രഹിക്കാം :
  സാമ്യക്വാക് (അന്യർക്ക് അഹിതമായതോ അസത്യമായതോ ആയ വാക്ക് പറയാതിരിക്കുക )സമ്യക് കർമ്മം (സത്കർമ്മങ്ങൾ മാത്രം ചെയ്യുക }സമ്യക് ജീവിക (ഹാനികരമല്ലാത്ത വ്യവഹാരങ്ങളിൽ മാത്രം ഏർപ്പെടുക )എന്നീ മൂന്നു ശീലങ്ങൾ അഥവാ ബാഹ്യ നിയന്ത്രണങ്ങൾ ;
        സമ്യക് പ്രയാസം (എല്ലാവരുടെയും ഉത്കര്ഷത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള മനസ്സുണ്ടാവുക ),സമ്യക് സ്മൃതി (നല്ല ആശയങ്ങളുണ്ടാവുക )സമ്യക് സമാധി (നല്ല യോഗാവസ്ഥ ) എന്നിങ്ങനെ മൂന്നു ചിത്ത വൃത്തികൾ ;
          സമ്യക് ദൃഷ്ടി (നല്ല കാഴ്ചപ്പാട് ,നാല് ആര്യ സത്യങ്ങളിൽ വിശ്വസിക്കുക )സമ്യക് സങ്കൽപം (നൈതികമായ മനോനില കൈവരിക്കണമെന്ന പ്രതിഞ്ജ )എന്നിങ്ങനെ  ബൗദ്ധികമായ -(പ്രഞ്ജാ എന്ന് സാങ്കേതിക പദം ) -
രണ്ടുകാര്യങ്ങൾ .
    അനാത്മവാദിയാണ് ബുദ്ധൻ .ആത്മാവിന്റെ അസ്തിത്വത്തെ അദ്ദേഹം അംഗീകരിച്ചിട്ടില്ല .അപ്പോൾ പിന്നെ പുനർജ്ജനിക്കുന്നതെന്താണ് .ആ ചോദ്യത്തിനും തത്വചിന്താപരമായ അത് പോലെയുള്ള മറുചോദ്യങ്ങൾക്കും 'അവ്യക്തമെന്നാണ് അദ്ദേഹം മറുപടിയായി അരുളിച്ചെയ്തത് .
         അവ്യക്തങ്ങളെ കുറിച്ചുള്ള പിൽക്കാല വാദപ്രതിവാദങ്ങളാണ്  ബുദ്ധ മതത്തിലെ വിഭാഗീയതകൾക്ക് വഴി തെളിച്ചത് .
     അനാത്മാ വാദം മാറ്റി നിർത്തിയാൽ
     അവിദ്യയിലൂടെ മൃത്യു വിനെ തരണം ചെയ്ത്  വിദ്യയിലൂടെ അമരത്വം അനുഭവിക്കുക "    " എന്ന ഉപനിഷദ് സൂക്തത്തിൽ  നിന്ന് ഭിന്നമല്ലല്ലോ ബുദ്ധൻ ആവിഷ്കരിച്ച സിദ്ധാന്തം എന്ന് തോന്നാം .
  അതെന്തുമാകട്ടെ പ്രാചീന
ഭാരതീയ ചിന്തയെന്നാൽ വേദാന്തമോ മാറ്റ് അഞ്ച് ആസ്തിക ദര്ശനങ്ങളോ മാത്രമല്ല ബുദ്ധ ജൈന സിദ്ധാന്തങ്ങളും ചാര്വാക മതവും മറ്റും കൂടിയുൾപ്പെടുന്നതാണ് .


2017, മേയ് 8, തിങ്കളാഴ്‌ച

സുഹൃത്തേ
ചിരസ്ഥായിയായ സൗഹൃദം എന്നത് ഒരു മിഥ്യയാണ് .അയാഥാർത്ഥമെന്നറിഞ്ഞുകൊണ്ട് നമ്മൾ വിശ്വസിക്കുന്നതായി ഭാവിക്കുന്ന ഒരു വലിയ കള്ളം .ആലോചിച്ചു നോക്കു ഇരുപതു വര്ഷം മുമ്പ് ഒരിക്കലും പിരിയുകയില്ലെന്നു നാം കരുതിയിരുന്ന കൂട്ടുകാരെക്ക റിച്ച് .അവരിൽ എത്ര പേർ ഇപ്പോൾ കൂടെയുണ്ട് ?പോട്ടെ എത്ര പേരുടെ മേല്വിലാസമോ ഫോൺ നമ്പറോ കയ്യിലുണ്ട് ?
      ,അറുപതുകളുടെ അവസാനം , പിജി കാലത്ത് എനിക്ക് രണ്ട് ആത്മസുഹൃത്തുക്കളുണ്ടായിരുന്നു .ഒന്ന് ആലപ്പുഴ ബീച്ചിനടുത്തു താമസിച്ചിരുന്ന ബാബു ;ഏഴു പെൺകുട്ടികളുടെ മൂത്ത സഹോദരൻ ഒരു പെങ്ങളുടെ കല്യാണം കഴിഞ്ഞു .പാസ്സായി ജോലി നേടിയിട്ട് മറ്റു പെങ്ങന്മാരെ കല്യാണം കഴിച്ചയക്കണം ;നല്ല വീട് വെക്കണം.അതായിരുന്നു അയാളുടെ ജീവിത ലക്‌ഷ്യം . അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും  രൂക്ഷമായിരുന്ന കാലം .എനിക്കും എന്റേതായ പ്രശ്നങ്ങളും പ്രത്യാശകളുമൊക്കെയുണ്ടായിരുന്നു .ഏതാണ്ട് എല്ലാ ദിവസവും വൈകുന്നേരം ആലപ്പുഴ കടപ്പുറത്തിരുന്ന് ഞങ്ങൾ ഞങ്ങളുടെ ഉത്കണ്ഠകളും സ്വപ്നങ്ങളും പങ്കുവെച്ചു .നുരകളുടെ വെളുപ്പുകലർന്ന മുന്നിരുട്ട്  ചക്രവാളത്തോളം വ്യാപിച്ചു കിടക്കുന്നത് ഭയജനകവും അതേസമയം സുന്ദരവുമായ കാഴ്ചയായിരുന്നു .കൂടെ അസ്വസ്ഥത ജനിപ്പിക്കുന്ന കടലിരമ്പം..ആ അന്തരീക്ഷം ഞാൻ ഇപ്പോഴും ഓർക്കുന്നു  ;പക്ഷെ കൂട്ടുകാരനെ മറന്നു .രണ്ടു മൂന്നു വര്ഷം മുമ്പ് ഏറ്റവും നല്ല നടിക്കുള്ള ദേശീയ അവാർഡ് ഒരു തമിഴ് നടിക്കാണെന്നും  അവർ ഒരു മലയാള സിനിമാ സംവിധായകന്റെ മകളാണെന്നും വാർത്ത കേട്ടപ്പോഴാണ് എനിക്ക് ബാബുവിനെ ഓർമ്മ വന്നത്  ;ബാബുവിന്റെ സഹോദരിയെ കല്യാണം കഴിച്ചിരിക്കുന്നത് ആ ഡയറക്ടർ ആണെന്നെനിക്കറിയാമായിരുന്നു .എന്റെ സഹപാഠിയുടെ അന ന്തരവൾക്കാണ് ഉർവശി അവാർഡെന്ന് ഞാൻ പ്രഖ്യാപനം നടത്തി .പക്ഷേ അപ്പോഴും ബാബുവിന്റെ വിവരങ്ങളൊന്നും ഞാൻ അന്വേഷിച്ചില്ല .അയാൾ എവിടെയാണെന്ന് ഇപ്പോഴും എനിക്കറിഞ്ഞു കൂടാ.
          ഒരു പെൺകുട്ടിയായിരുന്നു മറ്റേ ആത്മ സുഹൃത്ത് .ഞങ്ങൾ സ്വർണ്ണം എന്നു വിളിച്ചിരുന്ന സുവർണ്ണകുമാരി .താഴ്ന്ന ഇടത്തരക്കാരായ നായർ കുട്ടികൾ എന്നതായിരുന്നു ഞങ്ങളുടെ സമാനത .ഇടവേളകളിൽ ഞങ്ങളുടെ ബുദ്ധി മുട്ടുകളെ ക്കുറിച്ച് ഞങ്ങൾ സംസാരിച്ചു .അങ്ങിനെയാണ് ഞങ്ങളുടെ സൗഹൃദം ഉടലെടുത്തതും വളർന്നതും .പൈക്കിടാ കോളേജ് പ്രണയങ്ങളുടെ ദ്രവസ്രവങ്ങളില്ലാത്ത ഊഷ്മളമായ സ്നേഹ ബന്ധമായിരുന്നു ഞങ്ങളുടേത് .സഹപാഠികളും സുഹൃത്തുക്കളും അത് ആ നിലയിൽ തന്നെ കാണുകയും ചെയ്തു .
   സ്വർണ്ണത്തിന് ഒരു ലോക്കൽ ബാങ്കിൽ അകൗണ്ടൻറ് ആയി ജോലി കിട്ടി .ലോക്കൽ ബാങ്ക് ഒരു വലിയ ബാങ്കിൽ ലയിച്ചു .ആ ബാങ്ക് ദേശവത്കരിക്കപ്പെട്ടു .എന്തായാലും അഞ്ചാറു മാസത്തിനുള്ളിൽ സ്വർണ്ണം ഒരു മുൻ നിര ബാങ്കിലെ ഓഫീസർ പദവിയിലെത്തി .ഒരെഞ്ചിനീയറെ കല്യാണം കഴിച്ചു .അദ്ദേഹം ജോലി രാജിവെച്ചു സ്വന്തം ബിസിനസ് തുടങ്ങി .അവർ വളരെ വേഗം സമ്പന്നരായി .മഹാലക്ഷ്മി വീട്ടിൽ വന്നു കയറുക എന്നൊക്കെ കേട്ടിട്ടില്ലേ .അതു പോലെ .
       കാലം ;അപ്രതിഹതവും അപ്രതിരോദ്ധ്യവുമായ കാലം .ഒരു നൂറ്റാണ്ട് അല്ല ഒരു സഹസ്രാബ്ദം തന്നെ കടന്നു പോയി .യുഗസംക്രമത്തിന്റെ ഒരു വൃശ്ചിക പുലരിയിൽ ഞങ്ങൾ ,ഞാനും ഭാര്യയും ചോറ്റാനിക്കര അമ്പലത്തിലെത്തി .അപ്പോഴേക്കും വളരെ നീണ്ടു കഴിഞ്ഞിരുന്ന ക്യൂ വിന്റെ പിന്നറ്റത്തു പോയി നിന്നു ഭാര്യ .ഞാൻ നിത്യാനന്ദകരിയും നിതാന്തഭയകരിയുമായ അമ്മയെ അന്നപൂർണ്ണേശ്വരിയെ ധ്യാനിച്ച് നടപ്പന്തലിന്റെ കോണിലും .ഒരു കുഞ്ഞിന്റെ തുലാഭാരം നടക്കുന്നു .'അമ്മ അനുഗ്രഹിക്കട്ടെ .എല്ലാവര്ക്കും നല്ലതുവരട്ടെ .
    ആരോ പിന്നിൽ നിന്ന് പേര് വിളിച്ചു .നോക്കിയപ്പോൾ സുവർണ്ണകുമാരി,നമ്മുടെ സ്വർണ്ണം തന്നെ. കാലം അവരുടെ മധുരിക്കുന്ന ചിരിയിലോ മണിയൊച്ച പോലുള്ള ശബ്ദത്തിലോ ഒരു മാറ്റവും വരുത്തിയിട്ടില്ല .ഒട്ടും പുറം പകിട്ടില്ലാത്ത പക്ഷെ വില കൂടിയ കൈത്തറി വസ്ത്രങ്ങൾ ,കറാൾക്കടയിലോ കുത്താമ്പുള്ളിയിലോ പറഞ്ഞു ചെയ്യിച്ചതാവണം .മുല്ലപ്പൂവിന്റെ സുഗന്ധം .കൂടെ പന്ത്രണ്ടോ പതിമൂന്നോ വയസ്സായ മകൾ .അന്തസ്സുറ്റ പട്ടു പാവാടയും ജാക്കറ്റും .കസവുമുണ്ടുടുത്ത് കസവു നേര്യതു പുതച് ഭർത്താവ് അല്പം മാറിനിന്ന് ആരോടോ സംസാരിക്കുന്നു .
  എന്നെങ്കിലും ഒരു ധനികനായാൽ ഇങ്ങിനെയൊക്കെ വേണമെന്ന് ഞാൻ അപ്പോൾ തന്നെ തീരുമാനിച്ചു .അല്ലാതെ കടും നിറമുള്ള വസ്ത്രങ്ങൾ പരുഷ ഗന്ധമുള്ള പെർഫ്യൂം കൂളിംഗ് ഗ്ലാസ്   ഹും അവന്റെ ഒരു വേഷം എന്ന് ആളുകളെക്കൊണ്ട് പറയിക്കുകയില്ല .
        പോയ പൂക്കാലങ്ങൾ അയവിറക്കി നിന്ന ഞങ്ങളുടെ സമീപത്തേക്കു വന്ന സ്വർണ്ണത്തിന്റെ ഭർത്താവ് സംസാരത്തിൽ ഇടപെട്ടില്ല ;കൗതകത്തോടെ പുഞ്ചിരിച്ചു കൊണ്ട് നോക്കി നിന്നതേയുള്ളൂ .ഇടക്കൊരു വാചകം മാത്രം പറഞ്ഞു .There is not a thing in this world as beautiful as an old friendship .ഹെവി വെഹിക്കിൾസിന്റെ മൊത്ത കച്ചവട ക്കാരന് കവിതയുണ്ട് !
       പണവും സ്വാധീനവുമുള്ളവർക്ക് കേരളത്തിൽ ഒരമ്പലത്തിലും ക്യൂ നിൽക്കേണ്ടതില്ല .ഒരു ദേവസ്വം ഉദ്യോഗസ്ഥൻ വന്ന് അവരെക്കൂട്ടി കൊണ്ടു പോയി .പുതിയ കാറിന്റെ താക്കോൽ പൂജിച്ചു വാങ്ങാനാണ് . കാത്തു നിൽക്കണമെന്ന് ആംഗ്യം കാട്ടിയിട്ടാണ് സ്വർണ്ണം പോയത് .
     കുഞ്ഞിന്റെ തുലാഭാരം കഴിഞ്ഞിരിക്കുന്നു .തൊഴുതു മടങ്ങി വന്ന ഭാര്യ പ്രസാദം നീട്ടി .ഞാൻ കുങ്കുമം തൊട്ട് നടയിലേക്ക് കൈകൂപ്പി"ഭിക്ഷാംദേഹി ....' "
     കാത്തു നിൽക്കണോ ? അവർ ജങ്ഷൻ വരെ അല്ല വീട് വരെ കൊണ്ടു വിടുമായിരിക്കും .പക്ഷെ അടുത്ത പ്രാവശ്യമോ ?ഇന്ത്യൻ ഭരണഘടന പോലെ സുദീർഘവും സുദൃഡവും തുല്യ പൗരാവകാശ സന്ദായകവുമായ കമ്പിയിൽ -ബസ്സിന്റെ മോളത്തെ കമ്പിയിൽ -തൂങ്ങി നിന്നു വേണമല്ലോ അപ്പോൾ യാത്ര .അതിപ്പോഴും ആവാം പഴയ കൂട്ടുകാരിയുമായുള്ള പുനസ്സമാഗമം അകലങ്ങളിൽ പൂവിട്ട വസന്തം പോലെ ഓർമ്മയിൽ നിൽക്കട്ടെ .
     വാഹന വ്യാപാരി പറഞ്ഞത് ശരിയാണ് .ഒരു പഴയ സ്നേഹബന്ധത്തെ പോലെ മനോഹരമായി ഈ ലോകത് യാതൊന്നും തന്നെയില്ല .പക്ഷേ പഴയ സൗഹൃദം പഴയ സൗഹൃദം മാത്രമാണ് .പ്രപഞ്ചത്തിലെ ഓരോ വസ്തുവും അനുനിമിഷം നശിക്കുകയും പുനരുൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുകയാണെന്ന ബുദ്ധമത തത്വം ,പ്രതീത്യസമുത്പാദം ,വ്യക്തികൾക്കും വ്യക്തിബന്ധങ്ങൾക്കും ബാധകമാണ് .ഈ കുറിപ്പ് ,എന്തിന് ഈ വാക്യം എഴുതിതുടങ്ങിയ ഞാനല്ല എഴുതി അവസാനിപ്പിക്കുന്നത് ;തീർത്തും വ്യത്യസ്തനായ മറ്റൊരാളാണ് .ഇയാൾക്ക് അയാളോടുള്ള കൂട്ടുകെട്ടിന്റെ കാര്യവും അങ്ങിനെ തന്നെ .ഇയാൾ മറ്റൊരാളാണിപ്പോൾ ;അയാളും .നിങ്ങളുടെ സുഹൃദ്ബന്ധം ഒരു പൂർവ്വജന്മ സ്മരണ മാത്രമാണ് .
   ചിരസ്ഥായിയായ സൗഹൃദം മിഥ്യയാണെന്നു പറഞ്ഞത് ഞാൻ തിരുതാം  ഏതു സൗഹൃദവും ഓർമ്മയിൽ മാത്രമേ നിലനിൽക്കൂ എന്ന് സമ്മതിക്കുമെങ്കിൽ
സ്നേഹപൂർവ്വം 













      
    














2017, ഏപ്രിൽ 23, ഞായറാഴ്‌ച

പിണറായി പറഞ്ഞതിങ്ങനെയാണ് "ഇവിടെയൊരു സർക്കാറുണ്ട് ,ചുരുങ്ങിയ പക്ഷം ആ സർക്കാരിനെ മുൻകൂട്ടി ഒന്നറിയിക്കാമായിരുന്നില്ലേ ".ഇവിടെ സർക്കാർ എന്നതു കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ആരെയാണ് .ഒഴിപ്പിക്കൽ നടത്തിയത് കളക്ടറും സബ്കലക്ടറും ഒക്കെയാണ് .നമ്മളെ പോലുള്ളവർക്ക് വിജ് അസിസ്റ്റന്റ് കൂടി സർക്കാരാണ് .അതാണു താനും സർക്കാരിന്റെ ശരിയായ നിർവചനവും .അപ്പോൾ പിന്നെ മുഖ്യ മന്ത്രി ഉദ്ദേശിച്ചത് മന്ത്രി സഭ എന്നായിരിക്കാം .സർക്കാരും മന്ത്രിസഭയും പര്യായ പദങ്ങളായി ഉപയോഗിക്കാറുണ്ടല്ലോ നമ്മൾ .പക്ഷേ എല്ലാവർക്കുമറിയാം വകുപ്പുമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കുരിശി ളക്കി  മാറ്റിയതെന്ന് ;അതിലദ്ദേഹം ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു എന്നും ടി വിയിൽ കേട്ടു .മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വം എന്നത് കേരളത്തിൽ കൊച്ചു കുട്ടികൾക്കു പോലും അറിയാവുന്ന കാര്യം .അതാണ് വെസ്റ്റമിനിസ്റെർ സമ്പ്രദായത്തിന്റെ അടിസ്ഥാനം തന്നെ .ഒരു മന്ത്രി അറിഞ്ഞാൽ മതി ,ദൈനംദിന ഭരണകാര്യങ്ങളിൽ വകുപ്പ് മന്ത്രി .മുഖ്യ മന്ത്രിയോടു ചോദിക്കേണ്ടതുണ്ടോ ,മന്ത്രിസഭയിൽ ചർച്ച ചെയ്യേണ്ടതുണ്ടോ എന്നൊക്കെ ആ മന്ത്രിയാണ് തീരുമാനിക്കേണ്ടത് .സ്വന്തം വകുപ്പ് മന്ത്രിയുടെ അനുവാദം കിട്ടിക്കഴിഞ്ഞാൽ ഈ വക കാര്യങ്ങളൊന്നും ഉദ്യോഗസ്ഥന്മാർ അന്വേഷിക്കേണ്ടതില്ല .ഇത് പിണറായിക്കും അറിയാമല്ലോ .അപ്പോൾ  പിണറായിയുടെ ചോദ്യത്തിന്റെ ഉദ്ദേശം എന്തായിരുന്നു ?അഥവാ അതിൽ ഉൾച്ചേർന്നിരിക്കുന്ന ശകാരത്തിന്റെ ലക്‌ഷ്യം ആരായിരുന്നു ?
           സംശയമൊന്നുമില്ല രണ്ടാമത്തെ വലിയ കഷിയോട് ഒന്നാമത്തെ വലിയ കക്ഷി ചോദിച്ച ചോദ്യം തന്നെ .കാര്യസ്ഥനെ  ചാരി പോത്തിനെ തല്ലുന്നത് പക്ഷേ പിണറായിയുടെ രീതിയല്ലല്ലോ .അല്ല എന്നാൽ കക്ഷികൾ തമ്മിലുള്ള തുറന്ന കുരിശു യുദ്ധത്തിന് സമയമായില്ല എന്നദ്ദേഹത്തിനു തോന്നിയിരിക്കാം
     പക്ഷേ മനസ്സിലാവാത്തത് എന്തിനാണിവർ ,മുമ്പ് ഒന്നായിരുന്ന കമ്യുണിസ്റ്റ് കക്ഷികൾ പരസ്പരം പോരടിക്കുന്നത് എന്നാണ് .64 ഇൽ പിളർപ്പുണ്ടായപ്പോൾ അതിനു യുക്തി സഹമായ വിശ്വാസ യോഗ്യമായ കാരണങ്ങളുമുണ്ടായിരുന്നു :ദേശീയ ജനാധിപത്യമാണോ ജനകീയ ജനാധിപത്യമാണോ വിപ്ലവാനന്തര ഇന്ത്യയിൽ പ്രയോഗത്തിൽ വരുത്തേണ്ടത് ?കോമ്പ്രദോർ ബൂര്ഷവാസിയെ നിര്വചിക്കേണ്ടത് എങ്ങിനെ ?ഇങ്ങിനെ എന്തെല്ലാം .എന്നാൽ ഇന്ന് ആ വക പ്രശ്നങ്ങളൊന്നുമില്ല .പിന്നെ?
     എന്തായാലും രണ്ടു കമ്യൂണിസ്റ്റു കക്ഷികൾ തമ്മിലുള്ള കുടിപ്പക ദൈനംദിന ഭരണത്തെ ബാധിക്കുന്ന നിലവാരത്തിലേക്കെത്തിയിരിക്കുന്നു .കാരണം? അതറിയരുതെന്നതാണല്ലോ മനുഷ്യ ജന്മത്തിന്റെ എന്ന് വെച്ചാൽ കൊടിപിടിക്കുകയും ചുവരെഴുത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന സാധാരണ സഖാവിന്റെ വിധി

2017, ഏപ്രിൽ 11, ചൊവ്വാഴ്ച

10th April 2017

പൊഫെസ്സർ എം അച്യുതൻ

 പാശ്ചാത്യസാഹിത്യ ദർശനങ്ങളെ അവയുടെ സമഗ്രതയിൽ മലയാളികൾക്കു പരിചയപ്പെടുത്തിയ ഗുരുനാഥനാണ് എം അച്യുതൻ .സാഹിത്യ വിദ്യാർഥികൾ മാത്രമല്ല ഗൗരവ പൂർവം സാഹിത്യത്തെ സമീപിക്കുന്ന മറ്റു മലയാളി വായനക്കാരും പാശ്ചാത്യസാഹിത്യ മീമാംസയെ പരിചയപ്പെടുന്നത് അച്യുതൻ സാറിന്റെ പുസ്തകത്തിലൂടെയാണ് .എന്നുവെച്ചു അതൊരു പ്രാഥമിക പാഠ പുസ്തകം മാത്രമല്ല .ആ വിഷയത്തെ ക്കുറിച്ചുള്ള ആധികാരികവും പ്രൗഡവുമായ പഠനമാണ് നോവലിനെയും ചെറുകഥയേയും കുറിച്ചുള്ള അച്യുതൻസാറിന്റെ പുസ്തകങ്ങളെക്കുറിച്ചും ഇതു തന്നെ പറയാം .
    ഈ പുസ്തകങ്ങൾക്കൊക്കെ ഇപ്പോഴും പുതിയ പതിപ്പുകൾ ഉണ്ടാവുന്നുണ്ട് .അവയുടെ കർത്താവ് ഈ അടുത്ത കാലം വരെ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു .എന്നിട്ടും അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിന്നില്ല .എഴുത്തുകാർ വിശേഷിച് നിരൂപകർ നമുക്കിടയിൽ ജീവിക്കുന്നുവെന്നു ബോദ്ധ്യം വരണമെങ്കിൽ അവർ നിത്യവും പ്രസംഗിക്കുന്നവരാവണം അല്ലെങ്കിൽ നിരന്തരമായി പ്രതികരിക്കുന്നവരാവണം .മികച്ച പ്രാസംഗികനായിരുന്നുവെങ്കിലും  അച്യുതൻ സാർ വിരളമായേ പ്രസംഗിക്കാൻ പോവാറുണ്ടായിരുന്നുള്ളു .എന്തിനും ഏതിനും പ്രതികരിച് സാസ്കാരിക നായകനാവാൻ അദ്ദേഹം മിനക്കെട്ടിരുന്നുമില്ല
   പക്ഷെ തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹം ഏറെക്കാലം ജീവിക്കും .
സാങ്കേതികമായി അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നില്ല ഞാൻ .പക്ഷെ സാഹിത്യത്തെക്കുറിച്ച മനസ്സിലാക്കുന്നതിൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ എനിക്ക് മാർഗ്ഗ ദര്ശകങ്ങളായിട്ടുണ്ട് .
    ആദരാഞ്ജലികൾ


2017, ഏപ്രിൽ 6, വ്യാഴാഴ്‌ച

Austin Texas
5th April,2017

ആറു പതിറ്റാണ്ട്
---------------------------
 അറുപതു വർഷം മുമ്പ് 1957 ഏപ്രിൽ 5 നാണ് ആദ്യ കേരള മന്ത്രിസഭാ ,ഇ എം എസ്  മന്ത്രിസഭ സത്യ പ്രതിഞ്ജ ചെയ്ത് അധികാരത്തിലേറിയത് .പാർലമെന്ററി ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിലെത്തുന്ന ആദ്യ കമ്യുണിസ്റ് സർക്കാർ ആയിരുന്നു അത് .ബൂർഷ്വ ജനാധിപത്യ പരമെന്നു കമ്യുണിസ്റ്റുകാർ വിശേഷിപ്പിക്കുന്ന ഒരു ഭരണഘടനക്കും കേന്ദ്ര സർക്കാരിനും വിധേയമായി പ്രവർത്തിക്കേണ്ട ഒരു പ്രവിശ്യാ ഭരണകൂടം മാത്രമായിരുന്നു പക്ഷെ ആ സർക്കാർ .
   എങ്കിലും അതൊരു ചരിത്ര നിമിഷമായിരുന്നു .ഒരു ജനതയുടെ നിലനില്പിൽ വിരളമായി മാത്രം എത്തിച്ചേരുന്ന ഒരു നിമിഷം .സംശയി ക്കുന്നവരോട് അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലാത്ത മറ്റു പ്രവിശ്യകളിലേക്കു നോക്കുക എന്നെ പറയാനുള്ളു .
    സ്വാതന്ത്ര്യം നമ്മുടെ ജീവിതത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നു പറയുന്നത് അവാസ്തവമായിരിക്കും .ഒരു സ്വതന്ത്ര രാജ്യത്തിലെ പൗരനാണെന്ന  ബോധം അതു വരെ പ്രാദേശികമായി മാത്രം ചിന്തിച്ചിരുന്ന രാജ ഭക്തിയിലും മറ്റും അഭിരമിച്ചിരുന്ന സാധാരണക്കാരനിലുണ്ടായി .വിശാലമായ ഒരു ദേശീയതയെക്കുറിച്ചുള്ള ബോധം ,ഇന്ത്യക്കാരെന്ന ബോധം സാർവത്രികമായി നിലവിൽ വന്നു .പഞ്ചവത്സര പദ്ധതികൾ ,വികസനം ഇവയൊക്കെ മെച്ചപ്പെട്ട റോഡുകളുടെയും മറ്റും രൂപത്തിൽ ഗ്രാമങ്ങളിലെത്തി .പ്രതീക്ഷകളുണ്ടായി .പക്ഷെ സമൂഹം ശ്രെണീ ബദ്ധമായി ,ഫ്യുഡൽ മാതൃകയിൽ തന്നെ തുടർന്നു ;തമ്പുരാൻ അടിയാൻ ബന്ധങ്ങൾക്ക് കാര്യമായ മാറ്റമൊന്നുമുണ്ടായില്ല 57 ൽ കമ്യുണിസ്റ്റുകാർ അധികാരത്തിൽ എത്തുന്നതു വരെ .57 മലയാളിയുടെ സമൂഹ മനസ്സിനെയും സമൂഹത്തെ ആകെ തന്നെയും   ഉഴുതു മറിച്ചു .
         കമ്യുണിസ്റ്റ് സർക്കാർ കൊണ്ടു വന്ന രണ്ടു മൂന്നു ബില്ലുകൾ ഈ സാമൂഹ്യ സാംസ്കാരിക വിപ്ലവത്തിന്റെ മൂർത്ത രൂപങ്ങളാണെന്നു പറയാം ;വിദ്യാഭ്യാസ ബിൽ ,കാർഷിക ബന്ധ ബിൽ ,ഭൂനയ ബിൽ .'ഗ്രാൻഡ്'സ്‌കൂൾ സേവന വേതന വ്യവസ്ഥകൾ സർക്കാർ സ്‌കൂളിലേതിനു തുല്യമായി ,തമ്പുരാൻ അടിയാൻ  ബന്ധങ്ങൾക്ക് അവസാനമായി, പഴകി ദ്രവിച്ച സമുദായ ശില്പങ്ങൾ കടപുഴകി വീണു ,മനുഷ്യ സാമത്വത്തെ ക്കുറിച്ചുള്ള ബോധം രൂഡമൂലമായി .
    തുടങ്ങി വെച്ചതു പൂർത്തീകരിക്കുന്നതിനു മുമ്പ് അകാലത്തിൽ ആ മന്ത്രി സഭ വരാനിരിക്കുന്ന ജനാധിപത്യ ധ്വംസനങ്ങളുടെ മുന്നോടിയായ ഒരു നടപടിയിലൂടെ പുറത്താക്കപ്പെട്ടു .പക്ഷെ അവർ തുടക്കം കുറിച്ച വിചാര വിപ്ലവത്തെയോ സാമൂഹ്യ മാറ്റങ്ങളെയോ തടഞ്ഞു നിർത്താൻ ആ നടപടിക്ക് കഴിഞ്ഞില്ല .
     ഇവിടെ എടുത്തു പറഞ്ഞ പുരോഗമന നടപടികളിൽ പക്ഷെ ചില വീഴ്ചകൾ പറ്റിയിരുന്നു ;അക്ഷന്തവ്യം എന്ന് തന്നെ പറയാവുന്ന ചില വീഴ്ചകൾ .നിയമനാധികാരം പ്രൈവറ്റ് സ്‌കൂൾ മാനേജർമാർക്ക് നല്കിയത്  ആണ് അതിലൊന്ന് .അതിലും അപകടകരമായിരുന്നു കൃഷി കാരൻ എന്ന പദത്തിന് നൽകിയ വ്യാഖ്യാനം .ഭൂമി അതുഴുന്നവന് (land to the tiller )എന്നത് കൃഷിഭൂമി കര്ഷകന് എന്നും കർഷകൻ എന്നാൽ പാട്ടക്കാരൻ എന്നും വ്യാഖ്യാനിക്കുക വഴി ഭൂ നിയമത്തിന്റെ ലക്‌ഷ്യം തകിടം മറിഞ്ഞു പോയി .ഭൂമി ജന്മിയിൽ നിന്നു പിടിച്ചെടുത്തു പാട്ടക്കാരനു കൊടുത്തു    .യഥാർത്ഥ അവകാശിയായ കൃഷി തൊഴിലാളി സകുടുംബം മൂന്നു സെന്റിലൊതുങ്ങി !
   ദുരവസ്ഥ തുടർന്നു കൊണ്ടേയിരിക്കുന്നു
         ഇതൊക്കെ സത്യം തന്നെ .എങ്കിലും ഏപ്രിൽ 5 ന്റെ പ്രാധാന്യം ഇതു കൊണ്ടൊന്നും ഇല്ലാതാവുന്നില്ല .കാരണം ചൂഷണവും അന്യവൽക്കരണവും കൂടുതൽ രൂക്ഷമായ ഇന്നത്തെ അവസ്ഥയിൽ ഒരു പ്രത്യയ ശാസ്ത്രമെന്ന നിലയിൽ മാർക്സിസവും  മനുഷ്യവർഗം ആത്യന്തികമായി കൈവരിക്കേണ്ട അവസ്ഥ എന്ന നിലയിൽ കമ്യുണിസവും പൂർവ യൂറോപ്പിലെ സ്റ്റാലിനിസ്റ്റ് ഗോപുരങ്ങളുടെ പതനത്തിനു ശേഷവും പ്രസക്തമാണെന്നതു തന്നെ








     

2017, മാർച്ച് 25, ശനിയാഴ്‌ച

കുമ്മട്ടിപാടം തുടക്കം മുതൽ തന്നെ മണികണ്ഠനും വിനായകനും മനസ്സിൽ സ്ഥലം പിടിച്ചിരുന്നു .ലേശം മുന്നിൽ നിന്നത് മണികണ്ഠനാണെന്നു തോന്നി .അദ്ദേഹം പുതിയ ആളാണല്ലോ .ഒരു കുറ്റവും പറയാനില്ലാത്ത അഭിനയം രണ്ടു പേരുടെയും .അവസാനം എത്തിയപ്പോൾ വിനായകൻ അമ്പരപ്പിച്ചു കളഞ്ഞു .ആരുടെയെങ്കിലും കത്തി തനിക്കു നേരെ വരുമെന്നു കരുതി തന്നെയാണ് ഓരോ കൊട്ടേഷൻ കാരനും ജീവിക്കുന്നത് .പക്ഷേ അതൊരു അടിയന്തിര യാഥാർഥ്യമായി മുന്നിലെത്തിയാലോ ?അയാൾ എങ്ങിനെയായിരിക്കും പെരുമാറുക .അത് വിനായകൻ കാണിച്ചു തന്ന രീതിമലയാള സിനിമയിൽ അപൂർവമാണ് ,മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത് എന്ന അർത്ഥത്തിൽ . അതിനെത്ര അവാർഡ് കൊടുത്താലും മതിയാവുകയില്ല .അത്ര മേൽ സ്വാഭാവികമായിരുന്നു  അത് .നമ്മുടെ വലിയ നടന്മാർ ക്കൊന്നും അ ത്തരം  ഒരവസരം ഇതു  വരെ കിട്ടിയിട്ടുണ്ടെന്നു തോന്നുന്നില്ല .അതു കൊണ്ട് താരതമ്യം അപ്രസക്തമാണ് .
     അഭിനയിച്ചതിൽ പുലർത്തിയ സ്വാഭാവികത അഭിമുഖത്തിൽ ഒട്ടും അഭിനയിക്കാതെയും വിനായകൻ നിലനിർത്തി .എല്ലാ ചോദ്യത്തിനും ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന മറുപടി ഒളിച്ചു വെക്കാൻ ഒന്നുമില്ല ,അഴിച്ചു വെക്കാൻ മുഖം മൂടികളുമില്ല .മുഖാമുഖ ത്തിന്റെ അവസാനം ഷേക്ക് ഹാന്ഡിന് നീട്ടിയ ജിമ്മിയുടെ കയ്യിൽ തന്റെ രണ്ടു കൈകളും കൂട്ടി ചേർത്ത് പിടിച്ച് മനസ്സ് മുഴുവൻ തുറന്നു ചിരിച്ചു കൊണ്ട് വിനായകൻ നടത്തിയ പ്രതികരണമുണ്ടല്ലോ അത് അങ്ങിനെയൊരാളിനേ കഴിയൂ മണ്ണിലും ചെളിയിലും തങ്ങൾക്കു വേണ്ടി യല്ലാതെ ജീവിതം ഹോമിച്ച ഒരു സമൂഹത്തിൽ പെട്ട ആളിന്
 .

2017, മാർച്ച് 1, ബുധനാഴ്‌ച

മഹാവാക്യങ്ങൾ
സാമവേദാന്തർഗതമായ ചഹാന്ദോഗ്യോപനിഷത്തിലെ 'തത്വമസി ' എന്ന ഉപദേശ വാക്യമാണ് ഒന്നാമത്തെ മഹാവാക്യം .ഉപനിഷത്സാരമാകെ ഉൾക്കൊള്ളുന്ന സൂത്രവാക്യമായി  കരുതപ്പെടുന്നു ഇത് .
  തത്  എന്നാൽ മനോവാഗഗോചരമായ ബ്രഹ്മം
 ത്വം -നീ -ഉപാധി പരിഛിന്നമായ  ജീവാത്മാവ്
അസി -ആകുന്നു ,ഏകത്വത്തെ ദ്യോതിപ്പിക്കുന്നു
ഇതിൽ പറയുന്ന നീ ,ശിക്ഷ്യ പക്ഷത്തു നിന്നു പറയുമ്പോൾ ഞാൻ ,ആരെന്ന ചോദ്യത്തിനുത്തരമാണ് അഥർവ വേദത്തിലെ മാണ്ഡുക്യോപനിഷത്തിലുള്ള 'അയമാത്മാ ബ്രഹ്മ ' എന്ന അനുസന്ധാന വാക്യം .ഈ ആത്മാവ് ബ്രഹ്മം തന്നെയാണ് .നാമരൂപാദിയായ ഉപാധിയാണ് അങ്ങിനെ തോന്നാതിരിക്കാൻ കാരണം .
  എന്താണ് ഉപദേശ വാക്യത്തിൽ സൂചിതമായ തത് അഥവാ ബ്രഹ്മം ? പ്രകൃഷ്ടമായ ജ്ഞാനം ,ശുദ്ധ ബോധം  ആണ് ബ്രഹ്‌മം  എന്ന് ഋഗ്വേദത്തിലെ ഐതെരേയോപനിഷത്തിലുള്ള 'പ്രജ്ഞാനം ബ്രഹ്മ 'എന്ന ലക്ഷണ വാക്യം നിർദ്ദേശിക്കുന്നു .
  സാക്ഷാത്കരിക്കപ്പെടുന്ന പരമമായ അനുഭവത്തെയാണ് യജുർ  വേദത്തിലെ ബൃഹദാരണ്യകോപനിഷത്തിലെ 'അഹം ബ്രഹ്‌മാസ്‌മിയെന്ന അനുഭവ വാക്യം സൂചിപ്പിക്കുന്നത്

ഗുരുപൂജ
പ്രാചീന ഇന്ത്യൻ ചിന്തയെ ക്കുറിച്ച് പണ്ഡിതനല്ലാത്ത ഒരു സാധാരണക്കാരന്റെ അന്വേഷണത്തിന്റെ തുടക്കമാണ് .ചൂണ്ടി കാണിച്ചു തരാൻ ഒരു ഗുരുവില്ലാതെ അറിവ് അസാദ്ധ്യമാണ് .ചൂണ്ടി കാണിക്കുക മാത്രമാണ് ഗുരു ചെയ്യുന്നത് .പഠിക്കുക ശിക്ഷ്യന്റെ മാത്രം കടമയാണ് . തികച്ചും യാദൃഛിക മായാണ് ഇന്ത്യൻ തത്വ ചിന്തയിലെ എന്റെ ഗുരുവിനെ ഞാൻ കണ്ടെത്തിയത്. ഗീത ഒരാനുഷ്ഠാനം പോലെ വായിക്കാറുണ്ടായിരുന്നെങ്കിലും നമ്മുടെ പ്രാചീന ദര്ശന ഗ്രന്ഥങ്ങളൊന്നും ഞാൻ വായിച്ചിരുന്നില്ല എഴുപതുകളുടെ തുടക്കം വരെ .കാമുവിന്റെയും സാർത്രിന്റെയും പ്രധാന പുസ്തകങ്ങൾ വായിച്ചിട്ടുണ്ടായിരുന്നു താനും .അവരുടെ ആരുടെയോ പുസ്തകങ്ങൾ വാങ്ങാൻ പണം അന്വേഷിച്ചു നടക്കുന്നതിനിടയിൽ ഞാൻ അന്ന് സസ്പെൻഷനിലായിരുന്നഅസോസിയേഷൻ സെക്രട്ടറി  കെ ടി തോമസിന്റെ മുറിയിലുമെത്തി .ഞാൻ ചോദിക്കാതെതന്നെ തോമസ് പണം തരാൻ തയാറായി .സബ്‌സിസ്റ്റൻസ് അലവൻസിൽ നിന്ന് മിച്ചം പിടിച്ച് വീട്ടിലയക്കാൻ വെച്ചിരിക്കുന്ന പണം എന്നൊന്നുമുള്ള കുറ്റബോധം എനിക്കു തോന്നിയില്ല .പണം തന്നതിനൊപ്പം ഒരു ചെറിയ പുസ്തകം കൂടി കയ്യിൽ വെച്ച് തന്നിട്ട് അന്നു തോമസ് പറഞ്ഞത് ഇന്നും ഓർമ്മയുണ്ട് .: പടിഞ്ഞാറൻ തത്വ ചിന്ത വായിക്കുന്നത് നല്ലതു തന്നെ .പക്ഷേ അവിടങ്ങളിൽ മനുഷ്യ വാസം ഉണ്ടാവുന്നതിനു വളരെ മുമ്പ് തന്നെ നമുക്ക് ദർശന ഗ്രന്ഥങ്ങൾ ഉണ്ടായി കഴിഞ്ഞിരുന്നു .അവയിൽ ചിലതെങ്കിലും വായിച്ചിരിക്കുന്നത് നല്ലതാണ് .തോമസ് തന്ന പുസ്തകം ഞാൻ മറിച്ചു നോക്കി പ്രധാന ഉപനിഷത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രങ്ങളുടെ പരിഭാഷയായിരുന്നു അത് .
   പണം ഞാൻ തിരിച്ചു കൊടുത്തു അടുത്ത മാസം ആദ്യം തന്നെ .പുസ്തകം ഇപ്പോഴും എന്റെ കയ്യിലുണ്ട് .
സമരങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ പേരിൽ തോമസ് സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്യപ്പെട്ടു .എനിക്ക് ഒരു മെമ്മോ കിട്ടി.തോമസ് വക്കീലായി പോയി .ഇപ്പോൾ പത്തനംതിട്ടയിൽ പ്രാക്റ്റീസ് ചെയ്യുന്നു .
നാലര പതിറ്റാണ്ട് .ഉപനിഷത്തുകളുടെ  മലയാള പരിഭാഷ ഉൾപ്പെടെ കുറെ പുസ്തകങ്ങൾ ഞാനീക്കാലത്തിനിടയിൽ വായിച്ചു .നമ്മുടെ പൂർവികർ അവനവനിൽ തന്നെ ഈ മഹാപ്രപഞ്ചത്തെ കണ്ടെത്തിയതെങ്ങിനെയെന്നതിനെ ക്കുറിച്ച് ഞാൻ മനസ്സിലാക്കിയത് സുഹൃത്തുക്കളുമായി പങ്കു വെക്കാൻ തുടങ്ങുമ്പോൾ ആ അറിവ് എനിക്കു ചൂണ്ടി കാണിച്ച് തന്ന ആളെ ,സഖാവ് കെ റ്റി തോമസിനെ ഞാൻ സ്നേഹത്തോടെ ഓർക്കുന്നു . തേജസ്വീനാവാധീതമസ്തു
പൂണിത്തുറ ,കൊച്ചി
1 -3 -2017  .



    

2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

തോരണ യുദ്ധം
തോരണം എന്നാൽ വളച്ചു വാതിൽ ,ചിത്രപ്പണികളുള്ള കവാടം .ലങ്കയിലെ പ്രമദവനത്തിന്റെ വളച്ചു വാതിലിൽ വെച്ച് ഹനുമാനും രാക്ഷസന്മാരുമായി  നടന്ന യുദ്ധമാണ് രാമകഥാഖ്യാനങ്ങളിൽ തോരണയുദ്ധം എന്നറിയപ്പെടുന്നത് .ഭാസന്റെ അഭിഷേക നാടകത്തിലെ മൂന്നാമങ്കമായ തോരണയുദ്ധം നമ്മുടെ ചാക്യാന്മാരുടെ ഇഷ്ട വിഷയമാണ് .
    ഇന്നലെ (18 -2 -2017 )സംസ്കൃത കോളേജിൽ തൃപ്പൂണിത്തുറ കൂടിയാട്ടകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാർഗി മധുവും സംഘവും തോരണ യുദ്ധം അവതരിപ്പിച്ചു .കൂടിയാട്ടത്തിൽ യുദ്ധമൊന്നും രംഗത്തവതരിപ്പിക്കുന്നില്ല .പ്രമദവനഭഞ്ജനം മഹാരാജാവിനെ അറിയിക്കാൻ എത്തുന്ന ശങ്കുകർണ്ണൻ എന്ന ഉദ്യാനപാലകന്റെ വാക്കുകളിലൂടെയും ചേഷ്ടകളിലൂടെയുമാണ് കഥ രംഗത്ത് ആവിഷ്കരിക്കപ്പെടുന്നത് .ശങ്കുകർണ്ണനായി മാർഗി മധു ,രാവണനായി മകൻ ശ്രീഹരി ,താളമിടുന്ന നങ്യാരായി മധുവിന്റെ ഭാര്യയും ശ്രീ ഹരിയുടെ അമ്മയുമായ പ്രശസ്ത അഭിനേത്രി ഡോ ജി ഇന്ദു .
    നമ്മുടെ ചാക്യാന്മാരിൽ പ്രഥമ ഗണനീയരിൽ ഒരാളാണ് മധു .ആ നിലവാരം വെച്ച് പോലും അസാമാന്യം  എന്ന്  ഇന്നലത്തെ പ്രകടനത്തെ കുറിച്ച് പറയാതിരിക്കാൻ വയ്യ .ശങ്കുകർണ്ണന്റെ അമ്പരപ്പും വേവലാതിയും ഭയവും ഉൽക്കണ്ഠയും അവസാനം ഇന്ദ്രജിത് വാനരനെ  ബന്ധിക്കുമ്പോഴുണ്ടാകുന്ന ആഹ്ലാദവുമെല്ലാം പൂർണമായ താള ബദ്ധതയോടെ ,കൂടിയാട്ടത്തിന്റെ ചിട്ടവട്ടങ്ങളെല്ലാം പാലിച്ച് കൊണ്ട് തന്നെ അതീവ രസനീയമായി രംഗത്തവതരിപ്പിച്ചു മധു .രാവണന്റെ ഭാഗമെടുത്ത ശ്രീഹരി അച്ഛന്റെയും അമ്മയുടെയും മകൻ തന്നെ താനെന്നു തെളിയിക്കുകയും ചെയ്തു .മിഴാവുകളും ഇടക്കയും അവസരത്തിനൊത്തുയർന്നു .
     അരങ്ങൊരുക്കുന്ന തിരക്കിനിടയിലും സദസ്സിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പരിചയക്കാരെയും വന്നു കണ്ട് കുശലം പറയാൻ ഇന്ദു സമയം കണ്ടെത്തി .അക്കൂട്ടത്തിൽ ഞാനുമുൾപ്പെട്ടിരുന്നുവെന്ന് അഭിമാനത്തോടെ പറയട്ടെ .
   മുഖ്യാതിഥി യായിരുന്ന ഹൈകോടതി ജഡ്ജി ,ജസ്റ്റിസ് അലക്സാണ്ടർ ശ്രീ ഹരിക്കൊരു സമ്മാനം കൊടുത്തുകൊണ്ടു പറഞ്ഞു "പത്ത് മുപ്പതു കൊല്ലത്തിനു ശേഷം  ഒരു ദിവസം ഞാനെന്റെ കൊച്ചു മക്കളോടു പറയും ഇന്നത്തെ വിശ്രുത കൂടിയാട്ടം കലാകാരന് അദ്ദേഹം ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാനൊരു സമ്മാനം കൊടുത്തിട്ടുണ്ട് "എന്ന്
    ബഹുമാന്യനായ ന്യായാധിപന്റെ നാക്കു പൊന്നാവട്ടെ

   

2017, ഫെബ്രുവരി 18, ശനിയാഴ്‌ച

കേരളീയ ചിത്രകലയെ ക്കുറിച്ച് ഒരു പുസ്തകം
   നമ്മൾ മലയാളികൾ നല്ല വായനക്കാരാണ് നല്ല ശ്രോതാക്കളുമാണ്  ,നല്ല ദ്രഷ്ടാക്കളല്ല .അറുപതുകളുടെ തുടക്കം മുതൽ രണ്ടു ദശാബ്ദക്കാലം മ്യുസിയം പാർക്കിൽ ചലച്ചിത്രഗാനം കേൾക്കാൻ എല്ലാ വൈകുന്നേരവും പോകാറുണ്ടായിരുന്നു ഞാൻ അവിടത്തെ ആർട്ട് ഗ്യാലറിയിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല .അവിടെ വന്നു പോകുന്ന ഏതാണ്ടെല്ലാവരുടെയും കാര്യം  ഇങ്ങിനെ തന്നെ .
    രവിവർമ്മയുടെ നാട്ടുകാരായ നാം ഇങ്ങിനെയാവാൻ എന്താണു കാരണം ? കൃത്യമായ ഒരുത്തരം കിട്ടിയത്കവിത ബാലകൃഷ്ണൻ എഴുതിയ  "ആധുനിക കേരളത്തിന്റെ ചിത്രകല -ആശയം പ്രയോഗം വ്യവഹാരം " എന്ന പുസ്തകത്തിൽ നിന്നാണ് .സാഹീതീയമായ ആസ്വാദനമാണ് മലയാളിയുടേത് എന്ന് ഗ്രന്ഥകർത്രി പറയുന്നു .ശരിയാണ് നമ്മൾ ചിത്രകലയിലും അർത്ഥമാണ്അന്വേഷിക്കുന്നത് .വരകളും വർണ്ണങ്ങളും അതായി തന്നെ ആസ്വദിക്കാൻ നമുക്കൊരിക്കലും കഴിയാറില്ല .
    രവിവർമ്മ മുതൽ രാധാ ഗോമതിയും സക്കീർ ഹുസ്സയിനും മറ്റുമടങ്ങുന്ന പുതു തലമുറക്കാർ വരെയുള്ളവരുടെ കൃതികളെ അവ നിർമ്മിക്കപ്പെട്ട കാലവുമായി ബന്ധപ്പെടുത്തി വിലയിരുത്തുന്നു ഗ്രന്ഥകാരി ചിത്ര രചയിതാക്കളെ പാശ്ചാത്യ ഇസങ്ങളുടെ കള്ളറകളിൽ തളച്ചിടാതെ തന്നെ .
    ഈ പുസ്തകത്തെ ശാസ്ത്രീയമായി വിലയിരുത്താനുള്ള സാങ്കേതിക പരിജ്ഞാനം എനിക്കില്ല .പക്ഷെ എപ്പോഴോ ഒരു ചിത്രകലാസ്വാദകനായി മാറിക്കഴിഞ്ഞിരുന്ന  എന്നെ ഒരു മെച്ചപ്പെട്ട ദ്രഷ്ടാവാക്കി ഈ പുസ്തകം .


2017, ഫെബ്രുവരി 14, ചൊവ്വാഴ്ച


തോറ്റ ചരിത്രം -----
ജയിച്ചു ;പ്രിൻസിപ്പാളിനെ മാറ്റി ,പിന്നെ? എല്ലാ ഡിമാന്റുകളും അംഗീകരിച്ച് മന്ത്രി ഒപ്പിട്ടു .തുടർന്നിപ്പോൾ കാവൽപ്പുരയും കവാടങ്ങളും പൊളിച്ച് മാറ്റി .പിന്നെയും പിന്നെയും ചോദ്യങ്ങളോ ?
അപ്പോൾ " ഞാൻ ഇനിയും ഇത് ആരോടോക്കെയാണ് പറയേണ്ടത് " എന്ന് അവമാനിതനും നിസ്സഹായനുമായ ഒരു യുവാവ് വിലപിക്കുന്നുണ്ടായിരുന്നല്ലോ ടി വി പ്രേക്ഷകരുടെ മുമ്പിൽ ,അയാളുടെ കാര്യമോ ?അതോ ,ഭൂമി ഏറ്റെടുക്കൽ ,ഗേറ്റു പൊളിക്കൽ വ്യാജ ബിരുദാന്വേഷണം ,തുടങ്ങിയ അടിയന്തിര കാര്യങ്ങൾ യഥാ വിധി നിർവഹിക്ക പ്പെട്ട ശേഷം നിയം അതിന്റെ വഴിക്കു പോകും
അതു ശരി.നിയമ പാലകരുടെ ഒരു സംഘത്തിൽ നിന്നുണ്ടായ പരിഹാസവും നിസ്സാര വൽക്കരണവും ആയിരുന്നല്ലോ അയാൾ പ്രേക്ഷകരുമായി പങ്കു വെച്ചത് .
വിജയ ലഹരിയുടെ മുദ്രാവാക്യ മുഖരിതമായ അന്തരീക്ഷത്തിൽ ഇത്തരമൊരു ചോദ്യോത്തരത്തിനു പ്രസക്തിയുണ്ടായിരുന്നില്ല .അവിടെ ആ ചോദ്യം നിലനിൽക്കുണ്ടായിരുന്നില്ല എന്നതാണ് വസ്തുത .
ഒരു ചോദ്യമല്ല ഒരു പാട് ചോദ്യങ്ങൾ .ഗവർണ്ണർ മുഖ്യ രക്ഷാധികാരിയും മുഖ്യ മന്ത്രിയും ചീഫ് ജസ്റ്റിസും രക്ഷാധികാരികാലുമായ ഒരു ട്രസ്റ് സർക്കാർ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഒരു കോളേജ് എസ് സി എസ് ടി റിസർവേഷനും ആനുകൂല്യങ്ങളും സംബന്ധിച്ചുള്ള ഭരണഘടനാ വ്യവസ്ഥകളും അനുബന്ധ നിയമങ്ങളും അനുസരിക്കാൻ ബാധ്യസ്ഥമല്ലേ എന്ന് വെച്ചാൽ അഡ്മിഷനിൽ സംവരണം വാർഷിക ഗ്രാന്റ് ഫീസിളവ് ,ഹോസ്റ്റൽ ഫീസ് അല്ലെങ്കിൽ പ്രതിമാസ സ്റ്റൈപ്പന്റ് ഇതൊക്കെ പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ ബാധ്യതയില്ല കോളേജിന് ? അക്കാദമിക്ക് പക്ഷെ ഭരണ ഘടന ബാധകമായിരുന്നില്ല .ആ ആശയം ജാതിപ്പേരു പറഞ്ഞു തന്നെ പ്രിൻസിപ്പാൾ നമ്മുടെ യുവാവിന് വിശദമാക്കി കൊടുക്കുകയും ചെയ്തു .
നഗ്നമായ ഭരണഘടനാ ലംഘനം ഭരണ ഘടന സംരക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധരായ രക്ഷാധികാരികളുടെ ശ്രദ്ധയിൽ പെടാതെ പോയതെന്താണ് ? അതവരുടെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടി ഒരു പ്രക്ഷോഭണം നടത്താൻ അവിടത്തെ ആദര്ശ ധീരരായ യുവതീ യുവാക്കൾ തയാറാവാതിരുന്നത് എന്താണ് ? ഒരു ദളിത് വിദ്യാർത്ഥിയെ ജാതി പേര് വിളിച്ചധിക്ഷേപിച്ചിട്ടും നിയമം പഠിക്കുന്ന ചെറുപ്പക്കാരിലൊരാളും പ്രതിധേധിക്കാതിരുന്നതെന്ത് ?
കുറേക്കാലത്തിനു ശേഷം മറ്റു പ്രശ്നങ്ങളുടെ പേരിൽ ഒരു സമരമുണ്ടായപ്പോൾ ഈ കാര്യവും പൊന്തി വന്നു .ഇതിൽ പക്ഷെ നിയമം അതിന്റെ വഴിക്കെന്നാണല്ലോ ശാസ്ത്രം .യുവാവ് സങ്കട ഹർജിയുമായി പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചു .അവിടെയുണ്ടായ അനുഭവമാണ് ടി വി ചർച്ചയിൽ അയാൾ വിവരിച്ചത്
ശകാരത്തിനേക്കാളും മർദ്ദനത്തിനെക്കാളും ദുസ്സഹമാണ് കൊച്ചാക്കിയും കളിയാക്കിയുമുള്ള സംസാരം .പക്ഷെ അതിനെ അപലപിച്ചു കൊണ്ട് ഒരു ശബ്ദവും സമര സമയത്ത് ഉയർന്നു കേട്ടില്ല .വിജയ ശ്രീലാളിതവും അമാത്യ മുദ്രാങ്കിതവുമായ രേഖയിലും അക്കാര്യം പരാമര്ശിക്കപ്പെട്ടില്ല .വിജയാഹ്ലാദം ടി വിയിലൂടെ കേരളീയ സമൂഹവുമായി പങ്കു വെച്ച വിദ്യാർത്ഥിനികൾ ഇക്കാര്യം മിണ്ടിയതുമില്ല ..ചുരുക്കത്തിൽ അതൊരു നോൺ ഇഷ്യൂ ആയിക്കഴിഞ്ഞിരിക്കുന്നു ..ഭരണഘടനാനുസൃതമായ ആനുകൂല്യങ്ങൾ അക്കാദമിയിലെ പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് കിട്ടുകയില്ല .അവർ അവഹേളനം സഹിക്കേണ്ടി വരികയും ചെയ്യും .
ജനാധിപത്യവും ഭരണഘടനയും അനുബന്ധ പട്ടികകളും നിലവിൽ വരുന്നതിന് ഏഴു പതിറ്റാണ്ടു മുമ്പ് ഒരു ഒറ്റക്കാളവണ്ടി വിദ്യാഭ്യാസം നിഷേധിച്ചവരുടെ അഹന്തയുടെ പത്തി തകർത്തു കൊണ്ട് ആ പ്രദേശത്ത് ഓടി നടന്നിരുന്നുവെന്ന പഴങ്കഥ നമുക്ക് കുട്ടികളെ ഉറക്കാൻ വേണ്ടി പറഞ്ഞു കൊടുക്കാം അല്ലേ ?