2013, ഡിസംബർ 5, വ്യാഴാഴ്‌ച

കരളിൽ വിവേകം------ചാലകം മാസിക നവംബർ ലക്കത്തിൽ പ്രസിദ്ധ പ്പെടുത്തിയത്
------------------------
"ബഹു ജന്മാർജ്ജിത കർമ്മ മശേഷം /  തിരു മുൽക്കാഴ്ച്ച നിനക്കിഹ വെച്ചേൻ
ജനി മരണങ്ങളെനിക്കിനി വേണ്ടാ -----------------------------------------------"
ഭാഗവതത്തിന്റെ ആമുഖമായി എഴുത്തച്ഛ നെഴുതി ച്ചേർത്ത ഈ വരികൾ നാലു നൂറ്റാണ്ടായി നമ്മൾ ഏറ്റു പാടി ക്കൊണ്ടിരിക്കുന്നു .ഭക്തിയുടെ നിറവിലും വിവേകത്തിന്റെ ,ആത്മാനാത്മ വിവേകത്തിന്റെ പ്രാധാന്യമാണ് ആചാര്യൻ എടുത്തു പറയുന്നത് . ലക്ഷ്യമോ?ജനിമൃതികളില്ലാത്ത അവസ്ഥ , മോക്ഷം തന്നെ.ശാശ്വതവും സനാതനവുമായ ബ്രഹ്മത്തോടുള്ള ഐക്യ രൂപ്യമാണ് ശരീര ധാരിയായ ജീവാത്മാവിന്റെ പരമമായ ലക്ഷ്യമെന്ന അദ്വൈത വേദാന്ത ചിന്തയാണ് ഭാഗവതത്തിന്റെ   സാരമെന്ന് ഈ വരികൾ സൂചിപ്പിക്കുന്നു .
      സഗുണ ബ്രഹ്മമാണ് ഭാഗവതത്തിൽ പ്രകീർത്തി ക്കപ്പെടുന്ന ഈശ്വരൻ എന്നും മഹാപുരാണത്തിന്റെ തത്വ ചിന്താപരമായ അന്തർ ധാര വിശിഷ്ടാദ്വൈ തമാണെന്നും ആർ .നാരായണ പണിക്കർ പ്രസ്താവിച്ചിട്ടുണ്ട് .സഗുണോപാസനയിലൂടെ നിർഗ്ഗുണ ബ്രഹ്മത്തെ പ്രാപിക്കുക എന്നതാണ് ഭാഗവതൻമ്മാരുടെ ലക്ഷ്യമെന്ന് ഭാഗവത കർത്താവു  തന്നെ ഒന്നിലധികം ശ്ലോകങ്ങളിലൂടെ വ്യക്ത മാക്കുന്നുമുണ്ട് .
   ഗീതാ പ്രഭാഷകനും വേദാന്ത പണ്ഡി തനുമായ സ്വാമി സന്ദീപാനന്ദ ഗിരി ഇതിൽ ആദ്യം പറഞ്ഞ അഭിപ്രായം വെച്ചു പുലർത്തുന്ന ആളാണ്‌ .ഒക്ടോബർ മാസത്തിൽ പൂണിത്തുറ യിൽ അദ്ദേഹം നടത്തിയ ഭാഗവത തത്ത്വ വിചാരത്തിന്റെ ഒരു ശ്രോതാവായിരുന്നു ഈ ലേഖകൻ .ആ അനുഭവമാണ് ഈ കുറിപ്പിന് പ്രേരകമായത് .
    ഏഴു ദിവസം നീണ്ടു നിന്ന ഈ തത്വ വിചാരം സാധാരണ ഗതിയിലുള്ള ഒരു ഭാഗവത സപ്താഹമായിരുന്നില്ല .ഭാഗവതം ആദ്യാവസാനം വായിക്കപ്പെട്ടതുമില്ല .ഇടക്കിടെയുള്ള പൂജകളും പുഷ്പാർച്ചനകളും ഒഴിവാക്കപ്പെട്ടിരുന്നു പൂർണ്ണമായും.കൃഷ്ണാവതാരം രുക്മിണീ സ്വയംവരം തുടങ്ങിയ ഭാഗങ്ങൾ വായിക്കുമ്പോൾ സാധാരണ ഉണ്ടാകാറുള്ള ചടങ്ങു കളോ കാണിക്ക സമർപ്പണമോ ഒന്നുമുണ്ടായിരുന്നില്ല എന്നു മാത്രമല്ല അത്തരം ആചാരങ്ങളോടു തനിക്കുള്ള കഠിനമായ എതിർപ്പ് പരസ്യമായി ത്തന്നെ പ്രകടിപ്പിക്കുകയും ചെയ്തു സ്വാമി .തത്വവിചാരത്തിൽ സ്വാമി ചെയ്തത് ഭാഗവതത്തിന്റെ സാരം പ്രസക്ത ശ്ലോകങ്ങൾ വ്യാഖ്യാനിച്ച് വ്യക്തമാക്കുക എന്നതായിരുന്നു .കപിലോപദേശം മുതൽ ഉദ്ധവ ഗീത വരെയുള്ള തത്വ വിചാര സന്ദർഭങ്ങളെല്ലാം സാമാന്യം വിശദമായി ത്തന്നെ പ്രതിപാദിച്ചു അദ്ദേഹം .ഗീതാ ശ്ലോകങ്ങളും ഉപനിഷദ് മന്ത്രങ്ങളും കൂടി സന്ദർഭാനുസാരിയായി ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചത് ഭാഗവതത്തിന്റെ സാരം ഏകവും അദ്വിതീയവുമായ 'അതു 'മായി സാരുപ്യം നേടുക എന്നതാണു ജീവാത്മാവിന്റെ പരമമമായ ലക്‌ഷ്യം എന്നത്രേ.നിർവിശേഷമായ അദ്വൈതാവസ്ഥ തന്നെ .
     സപ്താഹങ്ങളിൽ കണ്ടു വരാറുള്ള ഭക്തി പ്രകടനങ്ങളെ മാത്രമല്ല സമീപ കാലത്ത് ഹൈന്ദവ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന കപട ആത്മീയതയെയും അന്ധ വിശ്വാസങ്ങളേയും  നിശിതമായി വിമർശിക്കുന്നുണ്ടായിരുന്നു അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഉടനീളം .ഈ വിമർശന ങ്ങളിൽ പലതിനോടും ഈ ലേഖകനും യോജിക്കുന്നു .ഉദാഹരണം ജ്യോതിഷം .ജ്യൊതിഷത്തിലുള്ള അമിത വിശ്വാസം അപകടകരമായ ഒരു നിലയിലെത്തിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ സമൂഹത്തിൽ.രണ്ടോ മൂന്നോ ആഴ്ച ക്കാലത്തെ പാർട്ട് ടൈം കോഴ്സിലൂടെ ജ്യോതിഷം അഭ്യസിച്ചവർ ദൈവന്ജ റായി വിരാജിക്കുകയാണിവിടെ ഒരു നല്ല കാര്യവും നല്ലരീതിയിൽ നടത്താൻ ഹിന്ദു സമൂഹത്തിൽ പെട്ട ഒരാളിനും കഴിയാതായിരിക്കുന്നു .
      ജ്യോതിഷം വേദാംഗങ്ങളിൽ പെട്ടതാണെന്ന ഒരു പ്രതിവാദം ഉയർന്നേക്കാം .ശരിയാണ് .പൗരാണിക കാലത്തു തന്നെ നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും വേർതിരിച്ചറിയാനും അഞ്ചു പ്രധാന ഗ്രഹങ്ങളുടെ ഭ്രമണ പഥവും കാലവും ഏതാണ്ടു കൃത്യമായിത്തന്നെ കണക്കാക്കുവാനും കഴിഞ്ഞിരുന്നു നമ്മുടെ ജ്യോതിശാസ്ത്രഞ്ജർക്ക് .ആ ശാസ്ത്ര ബോധവും അന്വേഷണ ബുദ്ധിയും നിലനിര്ത്താൻ കഴിഞ്ഞിരുന്നുവെങ്കിൽ നൂറ്റാണ്ടുകൾക്കു മുമ്പ് ഇന്ത്യ ക്കാര് ചന്ദ്രനിലെത്തുമായിരുന്നു .പക്ഷേ ശാസ്ത്രീയമായ യാതൊരടിത്തറയുമില്ലാത്ത 'ഫല ഭാഗങ്ങൾ' (predictive Astrology )ജ്യൊതിശാസ്ത്രം എന്നാ ശാസ്ത്ര ശാഖയെ ഗ്രസിച്ച് ഇല്ലാതാക്കി .ജ്യോതിഷമെന്ന പേരിൽ ഇന്നു പ്രചരിക്കുന്ന കപട ശാസ്ത്രത്തോട് സന്ദീപാനന്ദ ഗിരി പ്രകടിപ്പിക്കുന്ന പ്രതിഷേധത്തിൽ ഞാനും പങ്കു ചേരുന്നു
    അതു പോലെ തന്നെയാണു ആൾദൈവങ്ങളുടെ കാര്യവും .നമ്മുടെ പൂജാമുറികളെ ആൾദൈവങ്ങൾ കയ്യേറി ക്കഴിഞ്ഞിരിക്കുന്നു വെന്ന് സ്വാമി പറയുന്നത് സത്യമാണ് .ഒരു മതത്തിന്റെ ഏറ്റവും ജീർണ്ണ മായ അവസ്ഥ യിലാണ് ആൾദൈവാരാധന വ്യാപകമാവുന്നത് .ആ പ്രവണത നിർമാർജ്ജനം ചെയ്യപ്പെടുക തന്നെ വേണം .
     ശിവകാശി യിൽ നിന്നച്ചടിച്ചു വരുന്ന കലണ്ടർ ദൈവങ്ങളെ കുറിച്ചും സന്ദീപാനന്ദ സൂചിപ്പിക്കുകയുണ്ടായി .ഇവിടെ എന്റെ അഭിപ്രായം വ്യ ത്യ സ്തമാണു .ആരാണീ ദൈവങ്ങൾ ?ശിവകാശിക്കാർക്ക് ഐ രൂപങ്ങൾ എവിടെ നിന്നു കിട്ടി .?'അവരുടെ ഭാവനയിൽ നിന്ന് 'എന്ന മറു പടി സ്വീകാര്യമല്ല .
    ഇവിടെയാണു ആധുനിക മനശാസ്ത്രം നമുക്കു വഴികാട്ടിയാവേണ്ടത് .ഒഴിഞ്ഞ മനസോടെ യാണ് ഓരോ ശിശുവും ജനിച്ചു വീഴുന്നത് എന്ന ബിഹേവിയറിസ്റ്റ് സിദ്ധാന്തം നമുക്കൊരിക്കലും സമ്മതമായിരുന്നിട്ടില്ല.ഇന്ത്യൻ തത്വചിന്ത പ്രകാരം ജന്മാന്തര സംസ്കാരവുമായാണ് ഓരോ കുഞ്ഞും ഭൂമിയിലേക്ക് വരുന്നത് .ഏതാണ്ട് സമാനമായ ഒരു ചിന്താഗതി പാഛാത്യ ലോകത്ത് അവതരിപ്പിച്ചത് മനശാസ്ത്രഞ്ജനായ കാൽ യുങ്ങ് ആണ് .സാമൂഹ്യ അബോധത്തേയും ആദിരൂപങ്ങളേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ "ശിശുവിന്റെ ഒഴിഞ്ഞ മനസ്സ്" എന്ന തത്വത്തെ അട്ടിമറിച്ചു .സാമൂഹ്യ അബോധത്തിൽ പിതാവ് മാതാവ് ശിശു തുടങ്ങിയ ആദിരൂപ ങ്ങൾ  (ആർക്കെ ടൈപ്പുകൾ )ഉണ്ട് ;വ്യക്തിയുടെ അബോധത്തിൽ ഇവയെ സംബന്ധിക്കുന്ന ബോധ വിശേഷങ്ങളും (കോമ്പ്ലക്സുകൾ ).ഇവയുടെ പരസ്പര പ്രതി പ്രവർത്തനങ്ങളിലൂടെ മാതൃ സ്നേഹം പിതൃ സ്നേഹം ശിശുസ്നേഹം ഇവയൊക്കെ വ്യക്തി മനസ്സിലും സൃഷ്ട്ടി സ്ഥിതി സംഹാര കാരകനായ പിതാവ് ,വാത്സല്യ നിധിയെങ്കിലും രൗദ്ര ഭാവം കൈക്കൊള്ളാൻ കൂടി കഴിവുള്ള മാതാവു, ഒരേ സമയം വാത്സല്യ ഭാജനവും രക്ഷകനുമായ ശിശു ,ഇവരൊക്കെ സമൂഹ മനസ്സിലും രൂപം കൊള്ളുന്നു .സമൂഹത്തെ സംബന്ധി ച്ചിടത്തോളം സർവാന്തര്യാമിയായ തത്വത്തിന്റെ പ്രതി രൂപങ്ങളാവുന്നു ഈ മഹത്വ വല്ക്കരിക്കപ്പെട്ട ആദിരൂപങ്ങൾ .സമൂഹ മനസ്സിലെ ഈ രൂപങ്ങളെ സ്വന്തം പ്രതിഭ കൊണ്ടു തിരിച്ചരിഞ്ഞവരാണു രവിവർമ്മയും ശിവകാശിയിലെ അഞ്ജാതരായ ചിത്രകാരന്മാരും .അതു കൊണ്ടാണ് അവരുടെ ചിത്രങ്ങളെ ദേവീദേവന്മാരായി ആരാധിക്കാൻ നമ്മൾ തയാറായത് .അത്തരം ആരാധന ആവശ്യമെന്നു മാത്രമല്ല അനിവാര്യം കൂടിയാണ് സമൂഹത്തിന്റെ നിലനില്പിനും അഭ്യുദയത്തിനും .ഈ വസ്തുത ഭഗവാൻ തന്നെ വിശദമാക്കി തന്നിട്ടുണ്ട് ദേവകീ വസുദേവർമാരോടു പറയുന്ന വാക്യങ്ങളിലൂടെ .എല്ലാവരും മുക്തരായാൽ വ്യാവഹാരിക പ്രപഞ്ചത്തിനു നിലനില്പില്ലാതാവുമെന്നറി യുന്നതു കൊണ്ടാണല്ലോ തന്റെ തത്വം മനസ്സിലാക്കിയ മാതാപിതാക്കളെ വീണ്ടും മായാവശഗരാക്കാൻ ഭഗവാൻ തയാറായത് .
    തത്വ ബോധത്തോടു കൂടിയ ഭക്തിയും ഈശ്വരാരാധനയും ഒഴിവാക്ക പ്പെടേണ്ട വയല്ല പ്രത്യുത ആശാസ്യവും അനിവാര്യവുമാണെന്നു വ്യക്ത മായല്ലോ .;കാര്യമാത്ര പ്രസക്ത മായ തത്വ വിചാരം അവയ്ക്ക് പകരമാവുകയില്ല എന്നും.അപ്പോൾ അനുഷ്ഠാന പരവും ഭക്തി പൂർവകവുമായ ഭാഗവത സപ്താഹവും ഒഴിവാക്ക പ്പെടേണ്ടതല്ല .ആചാരാനുഷ്ഠാനങ്ങൾ ബാലിശമായ കാപട്യ പ്രകടനങ്ങളായി പണക്കൊഴുപ്പിന്റെ ഉദ്ഘോഷണങ്ങളായി മാറാതെ നോക്കണമെന്ന് മാത്രം .
പരമാത്മാവിന്റെ ജ്യാമിത രൂപമാണ് കേരളീയ ക്ഷേത്രമെന്നു നരേന്ദ്ര പ്രസാദ് പറഞ്ഞതിനോട് ഈ ലേഖകന യോജിക്കുന്നു .അത്തരമൊരമ്പലം ,ശ്രീ കോവിലിലും ചുറ്റമ്പലത്തിലും നിറദീപങ്ങൾ ഇതൊക്കെ നമ്മുടെ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളല്ലേ?ശുദ്ധ തത്വ വിചാരം അവയ്ക്കു പകരമാവുകയില്ല ;തത്വ വിചാരങ്ങ്ങ്ങല്ക്ക് അവയുടേതായ പങ്കു വഹിക്കാനുണ്ടെങ്കിലും .
  പാണ്ടിത്യത്തോടൊപ്പം അഭിപ്രായ ധീരതയുമുള്ള ഈ യുവ സന്യാസിയോട് ഞങ്ങൾ പൂണിത്തുരക്കാർക്കു നന്ദിയുണ്ട് ,ഭാഗവത തത്വങ്ങൾ സുലളിതമായി വ്യാഖ്യാനിച്ചു തന്നതിനു മാത്രമല്ല ഞങ്ങളെ ചിന്തിക്കാൻ പ്രേരിപ്പിച്ചതിനും .