2019, മേയ് 21, ചൊവ്വാഴ്ച

21-5-2019
മേയ് 21
------------
രാജ്യത്തിന്റെ ഭരണാധികാരം അതിന്റെ  സമ്പൂർണ്ണതയിൽ കയ്യാളിയിരുന്ന കുടുംബത്തിലെ മൂത്തപുത്രനായിരുന്നിട്ടും അധികാരത്തിൽ ഒരു താല്പര്യവും കാണിക്കാതെ സ്വന്തം തൊഴിലിൽ മാത്രം ശ്രദ്ധിച്ചു ജീവിക്കുക ;പക്ഷേ ഒരു പ്രത്യേക സാഹചര്യത്തിൽ അധികാരം ഏറ്റെടുക്കേണ്ടി വന്നപ്പോൾ ഒട്ടും മടിച്ചു നിൽക്കാതെ അതിനു തയാറാവുക ;ശാസ്ത്ര സാങ്കേതിക  രംഗത്ത് വികസിത രാഷ്ട്രങ്ങളുമായി അമ്പതുകൊല്ലത്തെ അകലം പാലിച്ചിരുന്ന രാജ്യത്തെ പെട്ടെന്ന് തന്നെ ലോകത്തിനൊപ്പം എത്തിക്കുക;അതേസമയം തന്റെ മാതാമഹൻ ഉൾപ്പെടെയുള്ളവർ പാടെ അവഗണിച്ചിരുന്ന ഗാന്ധിയൻ ഗ്രാമ സ്വാരാജിനെ ഭരണ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാക്കുക  ......ഇവയൊക്കെയാണ് രാജീവ് ഗാന്ധിയെ ഒരു ഭരണാധികാരി എന്ന നിലയിൽ ശ്രദ്ധേയനാക്കുന്നത് .വംശാധിപത്യപരമായ കുടുംബവാഴ്ച ഒരു .തലവിധി പോലെസ്വീകരിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിനോടുള്ള എല്ലാ എതിർപ്പും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ രാജീവ് ഗാന്ധി കഴിവുറ്റ ,ജനക്ഷേമതല്പരനായ ഒരു ഭരണാധികാരി ആയിരുന്നു .പരമോന്നത കുടുംബത്തിലെ അനന്തരാവകാശി എന്ന നിലയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട് അധികാരത്തിലെത്തിയ അദ്ദേഹം വിട പറയുമ്പോൾ വലിയ ഒരു ജനസഞ്ചയം ചുറ്റിലുമു
ണ്ടായിരുന്നു എന്ന വസ്തുത ആ വ്യക്തിത്വത്തോടുള്ള ആദരവു വർദ്ധിപ്പിക്കുന്നു .
പ്രണാമം രാജീവ്ജി






2019, മേയ് 13, തിങ്കളാഴ്‌ച

13-5-201
------------
"സാമജ വര -----------"
---------------------------------
സാമജവരന്മാർ പ്രൗഢഗമനം നടത്തിയിരുന്ന പഴയ പൂരപ്പറമ്പുകളെ  ഓർമ്മിപ്പിച്ചു ഇന്നലെ വടക്കുന്നാഥന്റെ സന്നിധാനം .കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും തലയെടുപ്പുള്ള ,കവിതകളിലും കീർത്തനങ്ങളിലും പ്രകീർത്തിക്കപ്പെടാറുള്ള ആനനട നടക്കുന്ന കൊമ്പൻ തന്നെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ .ഇന്നലെ അദ്ദേഹത്തിന് നരേന്ദ്ര  മോദിയെക്കാളും രാഹുൽ ഗാന്ധിയെക്കാളും  ,എം ടി യെക്കാളും  യേശുദാസിനെക്കാളും, മോഹൻലാലിനേക്കാളും  മമ്മൂട്ടിയെക്കാളും വാർത്താപ്രാധാന്യമുണ്ടായിരുന്നു .
   ഒരുകാലത്ത് ജീവിതവൃത്തിയുടെ ഭാഗമായിരുന്ന ചില പ്രവൃത്തികളാണ് പില്കാലത്ത് ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി നിലനിൽക്കുന്നതെന്ന് നരേന്ദ്രപ്രസാദ് എഴുതിയിട്ടുണ്ട് .അതിൽ ചെറിയ മാറ്റം വരുത്തട്ടെ :ജീവിതവൃത്തിയുടെ ഭാഗമായിരുന്നതോ  അതുമായി ജൈവബന്ധം പുലർത്തിയിരുന്നതോ ആയ ചില പ്രവൃത്തികളാണ് ആചാരാനുഷ്ഠാനങ്ങളായി നിലനിൽക്കുന്നത് .നെൽകൃഷി അന്യം നിന്നതിനു ശേഷവും വ്യാപകമായി നിലനിൽക്കുന്ന നിറപറ വെയ്പ്പ് നല്ലൊരുദാഹരണമാണ് .ഇത്തരം നിർദ്ദോഷമായ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദോഷമൊന്നുമുണ്ടാക്കുകയില്ല എന്നു മാത്രമല്ല അവയിൽ ചിലതെങ്കിലും സമൂഹത്തിന്റെ കെട്ടുറപ്പിന് സഹായകമാവുകയും ചെയ്യും .
            അത്രയ്ക്ക് നിർദ്ദോഷമാണോ പൂരത്തിന്റെ ഭാഗമായ ആന എഴുന്നള്ളിപ്പ് .?ലോറികളും ജെ സി ബി കളും നിലവിലില്ലാതിരുന്ന കാലത്ത് ആനകൾ നമ്മുടെ സാമ്പത്തിക ജീവിതത്തിൽ വ്യാപകമായി ഉപയുക്തമാക്കപ്പെട്ടിരുന്നു .ആ ജീവിതരീതിയുടെ സ്വാഭാവിക ഉപോല്പന്നമാവാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ അണിനിരക്കുന്ന പൂരങ്ങളും ഉത്സവങ്ങളും മറ്റും .സാമ്പത്തിക ജീവിതത്തിൽ ആന അനിവാര്യമല്ലാതായി .മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കേണ്ടതാണെന്നുള്ള ബോധം  നമ്മുടെ സമൂഹ മനസ്സിൽ രൂഢ മായിക്കൊണ്ടിരിക്കുകയാണ് . മൃഗബലിയും അതു പോലുള്ള അനാചാരങ്ങളും അവസാനിച്ചുവല്ലോ .അതു പോലെ കാട്ടാനകളെ പിടിച്ചു മെരുക്കുന്ന സമ്പ്രദായവും കാലക്രമത്തിൽ ഇല്ലാതാവും .ആനകളെ ഉപദ്രവിക്കാതെ അതിമനോഹരങ്ങളായ പൂരങ്ങൾ ആഘോഷിക്കാൻ നമുക്കു കഴിയും ഒരിക്കൽ .
           വടക്കുന്നാഥൻ അനുഗ്രഹിക്കട്ടെ.

പിൻകുറിപ്പ് ----ആളുകളെ നിശ്ചിത ദൂരത്തിൽ നിർത്തിക്കൊണ്ട് സമയ പരിധിക്കുള്ളിൽ തന്നെ പൂരവിളംബരം നടത്താൻ കഴിഞ്ഞ ജില്ലാ ഭരണ കൂടത്തിനും ക്രമസമാധാന പാലകർക്കും അഭിനന്ദനങ്ങൾ .കാര്യക്ഷമമായി,എന്നാൽ ജനസാമാന്യത്തെ വെറുപ്പിക്കാതെ  സർക്കാർ കാര്യങ്ങളും നടത്താൻ കഴിയുമെന്നതിന്  അപൂർവ നിദർശനമായിരുന്നല്ലോ അത് .







 










2019, മേയ് 9, വ്യാഴാഴ്‌ച

28-4-2019
ചിത്ര
----------
പി യൂ  ചിത്ര ദോഹയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 1500 മീറ്ററിൽ സ്വർണ്ണം നേടിയിരിക്കുന്നു .മുൻപും ഈ ഇനത്തിൽ ഏഷ്യൻ നിലവാരത്തിലുള്ള മത്സരത്തിൽ അവർ സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട് .മത്സരം കഴിഞ്ഞ് മെഡലുമായി അവർ തിരിച്ചെത്തിയപ്പോൾ കാര്യമായ സ്വീകരണമൊന്നുമുണ്ടായില്ല .ജനാധിപത്യത്തിന്റെ ഉത്സവത്തിനിടയിൽ ആ വലിയ വിജയം ശ്രദ്ധിക്കപ്പെടാതെ പോയി .
     2017 ഇൽ ലണ്ടനിൽ നടന്ന ലോക അതിലിറ്റിക്സ് മീറ്റിൽ പങ്കെടുക്കാൻ ചിത്രയ്ക്ക് നമ്മുടെ കായിക ഭരണ സംവിധാനം അനുമതി നൽകിയില്ല .സുപ്രീം കോടതി നിർദ്ദേശം സാങ്കേതികതയുടെ പേരിൽ അവഗണിച്ചു കൊണ്ട്  ചിത്രയ്ക്ക്   അനുമതി നിഷേധിച്ചത് കേരളത്തിന്റെ  കായിക റാണി ഉൾപ്പെടെയുള്ളവരാണ് .ഏതു വലിയ തച്ചനും പെരുംതച്ചനാണ് എന്നല്ലാതെ എന്തു പറയാൻ .
       പക്ഷേ പെരുംതച്ചന്മാരെ നിരാകരിച്ചുകൊണ്ട് ,ലജ്ജിപ്പിച്ചു കൊണ്ട് പിന്നത്തെ തലമുറ സ്വന്തം ശില്പങ്ങൾ ചരിത്രത്തിന്റെ രാജ വീഥികളിൽ സ്ഥാപിക്കുക തന്നെ ചെയ്യും .ചിത്രയും അതാണ് ചെയ്തത് ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണം നേടിക്കൊണ്ട് .അവസാന ലാപ്പിൽമുമ്പിൽ ഓടുന്നവരെ അഭ്യസ്തവും ചിട്ടകൾപാലിച്ചുള്ളതുമായ ചുവടുവെപ്പുകൾ കൊണ്ട്  മറികടന്ന്  അവർ സ്വര്ണത്തിലേക്ക് കുതിക്കുന്ന കാഴ്ച ഉദ്വേഗജനകമെന്നതു പോലെ ഹൃദ്യവുമായിരുന്നു .തുടർന്ന് എല്ലാ കൊടിക്കൾക്കും മീതേ ത്രിവർണ്ണ പതാക ,എല്ലാ ആരവങ്ങൾക്കും മുകളിൽ ജനഗണമന ,അത്യന്തം അഭിമാനകാരമെന്നപോലെ ആഹ്ളാദകരവുമായ അനുഭവമായിരുന്നു അത് .തെരഞ്ഞെടുപ്പിന്റെ പോർവിളികൾക്കും ശകാരവര്ഷങ്ങള്ക്കുമിടയിൽ വളരെ കുറച്ചു പേരെ ഇതൊക്കെ ശ്രദ്ധിച്ചുള്ളു .ജയിച്ചുവന്ന ചിത്രയെ സ്വീകരിക്കാൻ ഒരു പാടു പേരൊന്നും പോയതുമില്ല .
       ആനയും അമ്പാരിയും കൊട്ടും കുരവയും ആയുള്ള സ്വീകരണമല്ല ചിത്രയെപ്പോലുള്ളവർക്ക് വേണ്ടത് . സ്വന്തം കഴിവുകൾ വികസിപ്പിക്കാനുള്ള അവസരങ്ങളാണ്.ട്രാക്കിൽ തൊട്ടുപിന്നിൽ ,ഏതു നിമിഷവും കടത്തിവെട്ടി മുന്നിൽക്കയറാൻ സാദ്ധ്യതയുള്ള എതിരാളികളുണ്ടെങ്കിലേ ഏത് അത്‍ലറ്റിനും സ്വന്തം കഴിവ് അതിന്റെ പരമാവധിയിൽ പുറത്തെടുക്കാൻ കഴിയൂ .അതിനവസരം കിട്ടുന്ന ,ലോകനിലവാരമുള്ള പരിശീലനമാണ് നമ്മുടെ അത്‌ലറ്റുകൾക്കാവശ്യം .ഒപ്പം കായികക്ഷമത നിലനിർത്താൻ  കഴിയുന്ന ജീവിത രീതി പിന്തുടരാനുള്ള സാമ്പത്തിക സാഹചര്യങ്ങളും .കൂടെ മാന്യതയുള്ള,പരിശീലനത്തിനു തടസ്സമില്ലാത്ത  തൊഴിൽ .
         ഭരണകൂടത്തിന്റെ  ശ്രദ്ധ പതിയേണ്ടത് ഇത്തരം കാര്യങ്ങളിലാണ് .അതുണ്ടാവുമെന്ന് പ്രാക്ടീക്ഷിക്കാം .അഭിമാനത്തിന്റെ നിമിഷങ്ങൾക്ക് നന്ദിയും സ്നേഹവും അഭിനന്ദനങ്ങളും .ചിത്രയ്ക്കും പങ്കെടുത്ത എല്ലാ അത്‌ലറ്റുകൾക്കും .






         




2019, മേയ് 4, ശനിയാഴ്‌ച

4-5-2019"ഉയരെ" കണ്ടു .നന്നായിട്ടുണ്ട് .വിധിയും സമൂഹവും ഏൽപ്പിക്കുന്ന ആഘാതങ്ങളെ നേരിട്ട് ജീവിക്കാനും ജീവിതത്തിൽ വിജയിക്കാനുമുള്ള നിശ്ചയ ദാർഢ്യം കൈമുതലായുള്ള യുവതിയായി  പാർവ്വതി നല്ല അഭിനയം കാഴ്ചവെച്ചു .സിദ്ദിക്ക് ,ആസിഫ് ആലി  ടോവിനോ  എല്ലാവരും നന്നായിട്ടുണ്ട് .ഒരു പൊടിക്ക് മുന്നിൽ നിൽക്കുന്നത് ടോവിനോ ആണെന്ന് തോന്നിയത് എന്റെ പക്ഷപാതം കൊണ്ടാവാം .
    പുരുഷാധിപത്യ സമൂഹവുമായുള്ള യുദ്ധത്തിൽ സ്ത്രീക്ക് പുരുഷന്റെ കൈത്താങ്ങ് ആവശ്യമുണ്ട് എന്നിടത്തല്ലേ ഈ സിനിമയും എത്തിനിൽക്കുന്നത് എന്ന ചോദ്യത്തിന് അതെ എന്ന് തന്നെ മറുപടി പറയേണ്ടി വരും .അവിടെ ഒരു ന്യായീകരണമേയുള്ളു .സാമൂഹ്യ യാഥാർഥ്യം അതാണ് ;അത് കണ്ടില്ലെന്നു നടിക്കാൻ  സിനിമ എന്നല്ല  ഒരു കലാസൃഷ്ടിയ്ക്കും  സാദ്ധ്യമല്ല എന്ന പ്രാഥമിക തത്വം .