2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

ഏകാഭിനേതൃ നാടകം ------------------------------------ (ജകോസ്റ്റയുടെ നിർവഹണം ) ജക്കോസ്റ്റ ----------------- ആർ .എസ്സ് .കുറുപ്പ് --------------------------------- (പശ്ചാത്തലത്തിൽ ...ശ്ലോകം )... ഹേ സന്താപവതി !ഏതു ഭ്രാന്താലവിഷ്ടയായി നീ. ആരൊരൗഭമനാം ശത്രു ഏതൗലികിക വേഗേന നായാടി ദുർനക്ഷത്രാന്തർ ജാതയാം നിന്റെ ജീവിതം തീബ്സിലെ അന്തപ്പുരം ജാക്കോസ്റ്റ ഇടനാഴിയിലൂടെ പാഞ്ഞുവരുന്നു .പരിഭ്രാന്തയും ക്ഷുഭിതയും .വർദ്ധിച്ച കോപം മദ്ധ്യവയസ്സിലും സൗന്ദര്യം നഷ്ടപ്പെട്ടിട്ടില്ലാത്ത അവരുടെ പ്രൗഢമായ മുഖത്തെ ദുഷ്പ്രേക്ഷ്യമാക്കുന്നു . ശയ്യാഗൃഹത്തിലേക്കു കടന്ന അവർ വാതിൽ ശക്തിയിൽ ശബ്ദത്തോടെ വലിച്ചടക്കുന്നു ;ഓടാമ്പലിടുന്നു . കോപം ,ജുഗുപ്സ ,ആത്മനിന്ദ ,ദുഃഖം ഇവയൊക്കെ മാറി മാറി അവരുടെ മുഖത്തു പ്രകടമാവുന്നുണ്ട് .അസ്വസ്ഥതയുടെ പാരമ്യത്തിൽ രണ്ടു കൈകൊണ്ടും മുടി പിടിച്ചു വലിക്കുന്നുണ്ട് അവർ . മുറിയിൽ കടന്ന് എന്തു ചെയ്യണമെന്നറിയാതെ ,പകച്ച് ഒരു നിമിഷം നന്നിട്ട് വേഗത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു .ഇതിനിടയിൽ അവർ ഏതാണ്ട് സ്വബോധം നഷ്ടപ്പെട്ടതു പോലെ സംസാരിക്കുന്നുമുണ്ട് . [ആരെയോ ശകാ രിക്കുന്നതു പോലെ] "ശപിക്കപ്പെട്ടവനേ ..........." "ശപിക്കപ്പെട്ടവനേ ...........നിനക്ക് സത്യമറിയണമല്ലേ ............പറഞ്ഞാൽ മനസ്സിലാവുകയില്ല അല്ലേ ........നിനക്ക് കൊലക്കത്തിയൊരുക്കുകയാണവർ ..........അവർ അത് നിന്നെക്കൊണ്ടു തന്നെ ചെയ്യിക്കും ........" സംസാരിക്കുന്നതിനിടയിൽ അവർ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും തലമുടി പിടിച്ചു വലിക്കുകയും മുറിയിലെ സാധനങ്ങൾ അബോധപൂർവമെന്നപോലെ എടുക്കുകയും തിരിച്ചു വെക്കുകയും ചെയ്യുന്നുണ്ട് .അലങ്കാരവസ്തുവായി മുറിയിൽ വെച്ചിരുന്ന ഒരു നാടക മുഖം മൂടി കയ്യിലെടുത്ത് അതിലേക്കു നോക്കി .......ആആ' ലയസ് ,.........ലയസ് .....അങ്ങേക്ക് തൃപ്തിയായില്ലേ .....വിധിയെ മറികടക്കാൻ ....സ്വന്തം പ്രാണൻ നിലനിർത്താൻ .....സ്വന്തം കുഞ്ഞിനെ കൊല്ലാൻ കൊടുത്തിട്ട് ...എന്റെ ജീവിതം നശിപ്പിച്ചിട്ട് ...അങ്ങെന്തു നേടി ...ശാപം ...ശാപം ...തലമുറകൾ നീണ്ടു നിൽക്കുന്ന കൊടിയ ശാപം ..........." മുഖം മൂടി അടങ്ങാത്ത ദേക്ഷ്യത്തോടെ വലിച്ചെറിയുന്നു ....ജ്ഹ്ടിതിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു .പറഞ്ഞു വന്നതിന്റെ തുടർച്ചയായി ....."ഇപ്പോൾ മകൻ ......അതേ മകൻ .......നമ്മുടെ മകൻ .....ഈഡിപ്പസ് ....അവൻ മരിച്ചില്ല ......മറ്റൊരു രാജധാനിയിൽ വളർന്നു .......അവൻ അങ്ങയെ വധിച്ചു .....എന്നെ പരിഗ്രഹിച്ചു .....തീബ്സിലെ രാജാവായി ......ഇപ്പോൾ ..........." ആകെത്തകർന്ന് അതികഠിനമായ വ്യസനത്തോടെ തുടരാനാവാതെ നിലത്തിരിക്കുന്നു .കൊടുംകൈ കുത്തി ഒരു കൈകൊണ്ട് തലമുടി വലിച്ചുകൊണ്ട് ....അടക്കിയിട്ടും അടങ്ങാത്ത ഒരു തേങ്ങൽ ,,,,,, ഏതാനും നിമിഷങ്ങൾ .....എന്തോ തീരുമാനിച്ചുറച്ചതു പോലെ എഴുന്നേൽക്കുന്നു ...നടന്നു ചെന്ന് ഒരുടയാട കയ്യിലെടുത്ത് അതിന്റെ ബലം പരിശോധിക്കുന്നു ......ഒരു പീഠത്തിൽ ചവിട്ടി നിൽക്കുന്നു ......... ഇപ്പോൾ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ച ഒരുവളുടെ നിശ്ചയദാർഢ്യം അവരുടെ മുഖത്തുണ്ട് . ദുരിതാനുഭങ്ങളുടെ പരകോടിയിലെ ശാന്തത. മണിയറക്കട്ടിലിലേക്ക് നോക്കി.) ജക്കോസ്റ്റ: ലയസ്, ലയസ് ,കഠിനമായ സത്യങ്ങളെ അറിയാതെ അങ്ങു പോയി... ഞാൻ പറയാം(തറപ്പിച്ച് ) ഞാൻ പറയാം.--------- [വെളിച്ചം മങ്ങിത്തെളിയുന്നു ..നിർവഹണം ആരംഭിക്കുന്നു .പൂർവകഥാകഥനത്തിൽ അനുയോജ്യമായ നിലപാടു സ്വീകരിക്കാനും വിഭിന്ന കഥാപാത്രങ്ങളായി പകർന്നാടാനും അഭിനേത്രിക്കു സ്വാതന്ത്ര്യമുണ്ട് .പക്ഷേ അവർ എല്ലായ്പ്പോഴും അടിസ്ഥാനപരമായി ജാകോസ്റ്റയെ പ്രതിനിധീകരിക്കുന്നു ] തീബ്സിൽ മഹാ മാരി---- നഗരം മരണത്തിൻ്റെ വേലിയേറ്റത്തിലാണ്. വരൾച്ച, ക്ഷാമം, . പകർച്ച വ്യാധി ... മരണപിശാച് തിബ്സിനെ ഗ്രസിച്ചിരിക്കുന്നു.. സീയ്യൂസിന്റെ പുരോഹിതനും ബഹുജനങ്ങളും വിലപിച്ചു കൊണ്ട് ഈഡിപ്പസ് രാജാവിന്റെ സന്നിധിയിലെത്തി 'ഈഡിപ്പസ് രാജാവേ,യക്ഷിയിൽ നിന്ന് മുമ്പ് ഞങ്ങളെ രക്ഷിച്ചതുപോലെ ഒരിക്കൽ കൂടി തീബ്സിനു ജീവൻ കൊടുക്കു ,ഞങ്ങളെ രക്ഷിക്കൂ 'അവർ രാജാവിനോടപേക്ഷിച്ചു .അദ്ദേഹത്തിനു മാത്രമേ അതിനു കഴിയൂ എന്ന് പുരോഹിതൻ തറപ്പിച്ചു പറഞ്ഞു .അദ്ദേഹത്തിനു കഴിയും എന്നും . 'മക്കളേ 'രാജാവ് ആർദ്രതയോടെ അവരെ അഭിസംബോധന ചെയ്തു 'ഞാൻ നിങ്ങളെ ഓർത്ത് ദുഃഖിക്കുകയാണ് 'നിങ്ങൾ ഓരോരുത്തർക്കും അവനവന്റെ ദുഃഖമേയുള്ളു .എന്റെ ഹൃദയം നിങ്ങളുടെ എല്ലാവരുടെയും ദുഃഖം ഒന്നിച്ചു പേറുന്നു .' ആദിത്യക്ഷേത്രത്തിൽ കല്പന കേൾക്കാൻ പോയ എന്റെ അനിയൻ ക്രയോൺ തിരിച്ചെത്തി . ലയസ്സിന്റെ രക്തം വീഴ്ത്തിയ ആളെ നാടു കടത്തണം ,അല്ലെങ്കിൽ അയാളുടെ രക്തം വീഴ്ത്തണം എന്നാണു കല്പനയെന്നു ക്രയോൺ രാജാവിനോടു പറഞ്ഞു 'രക്തപാതകമാണ് തീബ്സിന്റെ ശാപം ' അപ്പോൾ ലയസ്സിനെ മുക്കൂട്ട പെരുവഴിയിൽ വെച്ചു വധിച്ച കൊള്ളക്കാരൻ നഗരത്തിലുണ്ട് !! അതാരെന്നറിയാൻ രാജാവ് അന്ധ പ്രവാചകനെ വരുത്തി ........എല്ലാ പ്രവാചകരും അന്ധരാണ് .അവർ ഭൂതവും ഭാവിയും കാണും .വർത്തമാനകാലത്ത് ചുറ്റിലുമുള്ളവരുടെ മനസ്സ് കാണുകയില്ല ,പ്രത്യേകിച്ചും സ്ത്രീകളുടെയും അടിമകളുടേയും . അന്ധപ്രവാചകൻ പറയാൻ വിസമ്മതിച്ചു .രാജാവ് അദ്ദേഹത്തെ നിർബന്ധിച്ചു ,ശകാരിച്ചു ,അധിക്ഷേപിച്ചു .അപ്പോൾ തിസിറിയോസ് പ്രകോപിതനായി .അദ്ദേഹത്തിന്റെ വാക്കുകൾ അഗ്നിവർഷമായി 'എന്നാൽ ഇതാ കേട്ടുകൊള്ളൂ ,ശാപം വീണിരിക്കുന്നത് ഈഡിപ്പസേ നിന്റെ ശിരസ്സിൽ തന്നെ ' രാജാവ് പ്രവാചകനെ പിന്നെയും ശകാരിച്ചു .ക്രയോണുമായി കലഹിച്ചു .അപ്പോഴും സംശയങ്ങൾ ബാക്കി നിന്നു .മുക്കൂട്ടപ്പെരുവഴിയിൽ ഫോണ്ടിസ്സിൽ വെച്ച് തന്റെ കൈ കൊണ്ടു മരിച്ച വൃദ്ധൻ ? സത്യം അറിയാൻ വേണ്ടി കൊല്ലപ്പെട്ട രാജാവിന്റെ സന്തത സഹചാരിയായിരുന്ന ആട്ടിടയന് ആളെ അയച്ചു . {തുടർന്ന് അവർ സംസാരിക്കുന്നത് ലോകത്തോടു മുഴുവനുമാണ് ....ശാന്തമായി ,സമചിത്തതയോടെ ,ആ അവസരത്തിൽ അവർക്കാവുന്നിടത്തോളം ...} "സത്യം !!..സത്യം എന്നോളം അറിയുന്നവർ ആരുണ്ട് ?സത്യം ഈഡിപ്പസ് അറിയരുതെന്നാഗ്രഹിക്കുന്നതും ഞാൻ മാത്രമാണല്ലോ .എന്റെ നിർബന്ധം തന്റെ കുലമഹിമയുമായി ബന്ധപ്പെട്ടതാണെന്ന് ഈഡിപ്പസ് കരുതി .രാജാവ് എന്നോടു പറഞ്ഞു 'ഞാൻ മൂന്നു തലമുറയായി അടിമസന്തതി ആണെന്നു വന്നാലും നിന്റെ കുലീനതക്ക് ഒന്നും സംഭവിക്കുകയില്ല 'എന്ന് . . ......(വികാരഭരിതയായി) അടിമ സന്തതി !!! നീ രാജപരമ്പരയുടെ കണ്ണിയാണെന്നതിൽ എനിക്ക് സംശയമോ ?പക്ഷേ എനിക്ക് പറയാൻ കഴിയുന്നില്ലല്ലോ .അതറിയുന്ന നിമിഷം നീ ജീവൻ വെടിയും എന്നു തീർച്ചയല്ലേ ? അതാണ് അന്വേഷണം വേണ്ടാ എന്ന് ഞാൻ നിർബന്ധം പിടിക്കുന്നത് .അപേക്ഷിക്കുന്നത് യാചിക്കുന്നത് .അനുസരിച്ചില്ല .പട്ടം കെട്ടിയ റാണിക്ക് പദവിയേയുള്ളു ,അധികാരമില്ല കുട്ടിയെ പോലെ ശാഠ്യം പിടിക്കുന്ന നിന്നെ അമ്മയായി ശാസിക്കാനും അനുസരിപ്പിക്കാനും ....(ഗദ്ഗദം ..വാക്കുകൾ തടസ്സപ്പെടുന്നു )എനിക്കു കഴിയുന്നില്ലല്ലോ (ഹൃദയം തകർന്ന മട്ടിൽ )..സൂര്യദേവാ ..... (നിർത്തി ..സമചിത്തത ഏറെക്കുറെ വീണ്ടെടുത്ത് ) "ആട്ടിടയൻ വരും .അവനറിയാവുന്ന സത്യം പറയും .അതിനു മുമ്പ് അവനോ പ്രവാചകന്മാർക്കോ അറിയാത്ത ആ സത്യം ഞാൻ പറയാം ." (ഒരു സാധാരണ സംഭവ വിവരണം പോലെ )-------എന്റെയും ലയസ്സിന്റെയും വിവാഹം നടന്ന നാൾ ഞങ്ങളൊരുമിച്ച് സൂര്യദേവന്റെ ക്ഷേത്രത്തിൽ ആരാധനക്കായി പോയി അവിടെ വെച്ച് പൂജാരിയുടെ പ്രവചനമുണ്ടായി ,ഞങ്ങൾക്കുണ്ടാവുന്ന മകൻ യൗവനത്തിൽ പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കും 'എന്ന് .ലയസ് ഭയചകിതനായി . ഇത് ദേവകല്പനയല്ല പൂജാരിയുടെ മൊഴി മാത്രമാണെന്ന് ഞാൻ പറഞ്ഞത് ലയസ് കാര്യമാക്കിയില്ല ....ലയസ് എന്നിൽ നിന്നൊഴിഞ്ഞു നിന്നു ..... പൗരസമക്ഷം ഞങ്ങൾ രാജാവും റാണിയുമായി ....ഏകാന്തത്തിൽ ഒരിക്കലും ലയസ് എന്നെ സമീപിച്ചതേയില്ല (മണിയറക്കട്ടിലിലേക്ക് നോക്കി നിശ്വാസപൂർവ്വം )...മണിയറക്കട്ടിൽ ഒഴിഞ്ഞു കിടന്നു ... (ഒരു നിമിഷം ഓർത്തു നിൽക്കുന്നു )...അന്നൊരു രാത്രി ....ഡയനീഷ്യസ് ദേവന്റെ ഉത്സവമായിരുന്നു ...മധുപാനത്തിന്റെ ദേവൻ ....യവനരാജ്യത്തെല്ലാവരും മദ്യ ലഹരിയിൽ ...ഉന്മത്തനായ ലയസ് എന്റെ അടുക്കൽ വന്നു ...അരുളപ്പാടുകൾ വിസ്മരിക്കപ്പെട്ടു ....അന്നൊരു രാത്രി ...അന്നൊരു രാത്രി മാത്രം ... എനിക്ക് ഉണ്ണിപിറന്നു .....പൂജാരിയുടെ കല്പന ലയസ് ഒരിക്കലും മറന്നിരുന്നില്ല ലയസ് ഭയപ്പെട്ടു .എന്നോട് പറഞ്ഞു ' ജകോസ്റ്റ നാം ഈ കുഞ്ഞിനെ മരിക്കാൻ വേണ്ടി വിജനമായ കിതറോൺ പർവതത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു ' എനിക്കെന്തെങ്കിലും പറയാനുണ്ടോ എന്നദ്ദേഹം ചോദിച്ചില്ല.........ഞാൻ പത്നി മാത്രമാണല്ലോ ,ലയസ്സിന്റെ ,അദ്ദേഹത്തെ യുദ്ധത്തിൽ ഒരാൾ തോൽപ്പിച്ചാൽ അയാളുടെ ,അതാരാണെങ്കിലും . (ആലോചനാ മഗ്നയായി ) "അമ്മയുടെ മുലപ്പാൽ കുടിച്ച് അച്ഛനമ്മമാരുടെ സ്നേഹത്തിലും ശിക്ഷണത്തിലും വളരുന്ന കുട്ടി ദേവകൾക്ക് അപ്രിയമായതൊന്നും ചെയ്യുകയില്ല എന്ന് എനിക്കൊരു വിശ്വാസമുണ്ടായിരുന്നു .വിധിയെ കർമ്മം കൊണ്ടും ആരാധന കൊണ്ടും മറികടക്കാമെന്ന സൈന്ധവരുടെ വിശ്വാസംശരിയാണെന്നാണ് എന്റെ അഭിപ്രായം .ആ വിശ്വാസം ബാലിശമെന്നു തള്ളിക്കളഞ്ഞിരിക്കുകയല്ലേ യവന പാണ്ഡിത്യം? അവർ കുറുക്കു വഴികൾ തേടും കൂടുതൽ ശാപം വാങ്ങിക്കൂട്ടുകയും ചെയ്യും . (നിർത്തി .....). അരുളപ്പാടിന്റെയും രാജകല്പനയുടെയും മുൻപിൽ ഒരു സ്ത്രീയുടെ അഭിപ്രായത്തിന് എന്തു വില ! (വീണ്ടും വിവരണത്തിന്റെ സ്വരത്തിൽ ) "കുഞ്ഞിന്റെ കാലുകൾ തുളച്ച് വിലങ്ങിട്ടു .അവന്റ ശാപത്തിന്റെ അടയാളം .അഥവാ മനുഷ്യരാരെങ്കിലും അവനെ കണ്ടു പോയാൽ രക്ഷിക്കാൻ ശ്രമിക്കരുത് എന്ന മുന്നറിയിപ്പും . കിതറോൺ മലകളിൽ ആടുമേയ്ക്കാൻ പോകുന്ന വിശ്വസ്തനായ അടിമയെ ഏൽപ്പിക്കുന്നതിനു മുൻപ് ഞാൻ കുഞ്ഞിനു മുലകൊടുത്തു .അതല്ലേ ഒരമ്മക്ക് ചെയ്യാൻ കഴിയൂ .കാൽമുറിവിന്റെ കടുത്ത വേദനയിലും അവൻ എന്ന നോക്കി ചിരിച്ചു ." (ഇതു പറയുമ്പോൾ പുറത്തുവരാത്ത ഒരു കണ്ണ് നീർത്തുള്ളി .ഗദ്ഗദത്തിന്റെ ലേശം ) കുഞ്ഞിനെ ഏറ്റുവാങ്ങിയ അടിമ എന്റെ മുഖത്തു നോക്കി ,മാപ്പു ചോദിക്കുന്ന ഭാവത്തിൽ അവൻ വിളിച്ചു . 'തമ്പുരാട്ടി 'അവൻ പറയാതെ പറഞ്ഞത് അവന്റെ കണ്ണുകളിൽ ഞാൻ വായിച്ചു ....'കുഞ്ഞിനെ കൊല്ലുകയില്ല......അത് മലയിലെവിടെയെങ്കിലും ജീവിക്കും ' എന്നായിരുന്നു അത് . അത് സത്യമായിരുന്നുവെന്ന് തിരികെ വന്ന അവന്റെ മുഖം കണ്ടപ്പോൾ എനിക്ക് ബോദ്ധ്യമായി . (ഓർമകളിൽ സ്വയം നഷ്ടപ്പെട്ട് സംസാരിക്കുന്നതു പോലെയാണ് അവരീ വാക്യങ്ങൾ പറയുന്നത് .ഭിത്തികൾക്കപ്പുറത്ത് ചക്രവാളത്തിൽ മലനിരകളുടെ അവ്യക്തരേഖ അവർ കാണുന്നുണ്ട് .ഏതോ ഒരു ഇടയഗാനം ,ആടുകളുടെ കലമ്പൽ താഴ്വരക്കാടുകളിലെ ശബ്ദങ്ങൾ ഒക്കെ അവർ കേൾക്കുന്നുമുണ്ട് ) [ പെട്ടെന്നുണർന്ന് ].ലയസ്സിന്റെയും എന്റെയും മണിയറക്കട്ടിൽ ഒഴിഞ്ഞു തന്നെ കിടന്നു "........പാട്ടും ആട്ടവും ഉത്സവങ്ങളും മുറതെറ്റാതെ നടന്നു ,അമ്പലമുറ്റത്തും കളിത്തട്ടിലും വിദ്വാന്മാർ വാദപ്രതിവാദങ്ങളിലേർപ്പെട്ടു .തീബ്സിലെ ജീവിതം മുന്നോട്ടൊഴുകി .....(നിർത്തി ഓർത്തുനിന്ന് ) വല്ലപ്പോഴുമൊരിക്കൽ കാലിലെ തുളകളിൽ വിലങ്ങുള്ള ഉണ്ണി വന്ന് എന്റെ മുല കുടിച്ചു ,വേദനയിലും എന്നെ നോക്കി ചിരിച്ചു ....ഞാൻ ആരും കാണാതെ കരഞ്ഞു .... (സമചിത്തത വീണ്ടെടുത്ത് ) കാലം കടന്നു പോയി .ലയസ്സിന്റെ തലമുടിയാകെ നരച്ചു .ആ ആട്ടിടയൻ അംഗരക്ഷകനായി സദാ ലയസ്സിനൊപ്പമുണ്ടായിരുന്നു . (നിർത്തി കൂടുതൽ ഗൗരവത്തോടെ ) എന്റെ ജീവിതത്തിൽ വീണ്ടും ഒരു ദുരന്തം .ഞാൻ വിധവയായി ..മുക്കൂട്ടപ്പെരുവഴിയിൽ ഒരു കൊള്ള സംഘത്തിന്റെ ആക്രമണത്തിൽ ലയസ് കൊല്ലപ്പെട്ടു .കൂടെയുണ്ടായിരുന്നവരിൽ ആട്ടിടയൻ മാത്രം രക്ഷപെട്ടു .അവൻ പക്ഷേ നഗരത്തിലേക്കു വന്നതേയില്ല .( ...മണിയറക്കട്ടിലിലേക്കുനോക്കി ഇത്തിരിനേരം നിൽക്കുന്നു . അമർത്തിയ ഒരു നെടുവീർപ്പ് ...ഏതാനും നിമിഷങ്ങൾക്കു ശേഷം ) ആയിടെത്തന്നെ മറ്റൊരു സംഭവം കൂടി തീബ്സിലുണ്ടായി ...ബുദ്ധിമതിയായ ഒരു സ്ത്രീ നഗരത്തിൽ പ്രത്യക്ഷപ്പെട്ടു .അവരുടെ ചോദ്യങ്ങൾക്കൊന്നും തീബ്സിലെ പണ്ഡിതന്മാർക്ക് മറുപടിയുണ്ടായിരുന്നില്ല ..യുദ്ധത്തിൽ കീഴടങ്ങുന്നതിനേക്കാൾ ലജ്‌ജാകരമായിരുന്നു യവനപുരുഷന് ബൗദ്ധികമായ കീഴടങ്ങൽ .അതൊരു സ്ത്രീയുടെ മുമ്പിലാവുമ്പോൾ അതീവ ദുസ്സഹമായിരുന്നു .പരാജിതരായ പണ്ഡിതന്മാർക്കു വേണ്ടി ദേവന്റെ വെളിച്ചപ്പാടുമാർ രംഗത്തു വന്നു .അരുളപ്പാടുണ്ടായി . ' യക്ഷിയെ വാദത്തിൽ തോൽപ്പിച്ച് നാടുകടത്തുന്ന ആളിന് അവകാശപ്പെട്ടതാണ് തീബ്സിന്റെ ഒഴിഞ്ഞു കിടക്കുന്ന സിംഹാസനവും യൗവനം നഷ്ടപ്പെട്ടിട്ടില്ലാത്ത സുന്ദരിയായ മഹാറാണിയും ' ആരും എന്റെ അഭിപ്രായം ചോദിച്ചില്ല രാജ്യത്തിൻറെ കാര്യത്തിലും എന്റെ കാര്യത്തിലും .സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് എന്തു പ്രസക്തി അവൾ മഹാറാണിയാണെങ്കിലും ? ആയിടക്കൊരു ദിവസം ആട്ടിടയൻ പരിഭ്രാന്തനായി ഓടിക്കിതച്ചെത്തി "മുക്കൂട്ടപ്പെരുവഴിയിൽ വെച്ച് കൊള്ള സംഘത്തിന്റെ ആക്രമണത്തിലാണ് രാജാവ് കൊല്ലപ്പെട്ടത് എന്നു കേൾക്കുന്നത് സത്യമല്ല "എന്ന് എന്നോട് പറഞ്ഞു ."പിന്നെന്താണ് സത്യം "ഞാൻ ചോദിച്ചു .അവന് മറുപടി പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല :"അതൊരു ചെറുപ്പക്കാരനായിരുന്നു തമ്പുരാട്ടി .കാലുകളിൽ തുളച്ചു വിലങ്ങിട്ടത്തിന്റെ പാടുകളുള്ള ഒരുവൻ ,സുമുഖൻ ,തേജസ്സുള്ളവൻ " സൂര്യദേവാ ഞാനെന്താണീക്കേൾക്കുന്നത് ..........പ്രവചനങ്ങൾ സത്യമാവുകയാണോ ? തുടർന്ന് എന്തോ പറയാൻ വന്നത് പറയാതെ ആട്ടിടയൻ പോയി .പിന്നാലെ ദൂതരെത്തി .എവിടെനിന്നോ വന്ന ഒരു യുവാവ് ബുദ്ധിമതിയായ സ്ത്രീയെ, യക്ഷിയെ വാദത്തിൽ തോൽപ്പിച്ചിരിക്കുന്നു ....അവർ കുന്നിറങ്ങി കിതറോണിലേക്ക് പോയത്രേ .മരിച്ചുവെന്നും പറയുന്നവരുണ്ട് ...ബുദ്ധിമതികളായ, ചോദ്യങ്ങൾ ചോദിക്കുന്ന സ്ത്രീകൾ കാട്ടിലേക്കല്ലാതെ മറ്റെവിടേക്ക് പോകാനാണ് ? ...യവനന്റെ ബുദ്ധി വ്യവഹാരങ്ങളും സൗന്ദര്യശാസ്ത്രങ്ങളുമെല്ലാം പുരുഷന്മാർക്ക് ,അടിമകളല്ലാത്ത പുരുഷന്മാർക്ക് ഉള്ളതാണ് . ..........ഘോഷയാത്ര .വിജയിയായ യുവാവിനെ ഘോഷയാത്രയായി ആനയിക്കുകയാണ് .തീബ്സിന്റെ സിംഹാസനവും ഈ ഞാനും എന്നും അവനുള്ളതത്രെ . " നോക്കു മഹാറാണി വിജയിയായ ഈഡിപ്പസിനെ ആഘോഷപൂർവം ആനയിക്കുന്നു " ഒരു ദാസി പറഞ്ഞു 'ഞാൻ കണ്ടു ' ഞാൻ കണ്ടു ,ഞാൻ അവനെക്കണ്ടു ,കാലുകളിൽ വിലങ്ങിട്ടതിന്റെ തുളകളുടെ പാടുകളുള്ള അവനെ ,ചെറുപ്പകാലത്തെ ലയസ്സിനെപ്പോലെ തേജസ്വിയും സുമുഖനുമായ അവനെ ,..............എന്റെ മുലകൾ ചുരന്നു വളരെക്കാലത്തിനു ശേഷം . (ഒരു നിമിഷം ആലോചിച്ചു നിൽക്കുന്നു ..വിവിധ വികാരങ്ങൾ മിന്നിമറയുന്ന അവരുടെ മുഖത്തെ സന്ദേഹം ഒരു നിശ്ചയത്തിനു വഴിമാറുന്നു ...ഒരു തിരിച്ചറിവിന്റെ തെളിച്ചം ,ദൃഢനിശ്ചയത്തിന്റെ ഗൗരവം (സദസ്സിനെ നോക്കി ) "എന്താണ് സത്യം വെളിപ്പെടുത്താതിരുന്നത് 'എന്നോ ? അവനെ നാടുകടത്തിയവർ ,എന്റെ ഉണ്ണിയുടെ കാലിൽ വിലങ്ങിട്ടവർ ഇപ്പോഴും ഇവിടെയുണ്ട് .......... .....എനിക്കവനെ തിരികെ വേണം .......എനിക്കവനെ വേണം ...ഇനി ഞാനവനെ ആർക്കും വിട്ടു കൊടുക്കുകയില്ല ..... (സദസ്സിനെ നോക്കി ) "അതു പാപമല്ലേ എന്നോ " അത് പാപമാണെങ്കിൽ ആ പാപത്തിനുത്തരവാദി ഞാനല്ല .കാലവും ദേവകളും അവരുടെ കിങ്കരന്മാരും എന്നെക്കൊണ്ട് ചെയ്യിച്ചതാണ് . ( ദൃഢനിശ്ചയത്തിന്റെ സ്വരത്തിൽ ) പാപമാവട്ടെ പുണ്യമാവട്ടെ എനിക്കവനെ ഇനി ഉപേക്ഷിക്കാൻ സാദ്ധ്യമല്ല .ഇനി ഞാനവനെ പോറ്റും ..എനിക്ക് ജീവനുള്ളിടത്തോളം . എന്റെ മുല ചുരന്നൊഴുകി കൊണ്ടിരുന്നു . (ഒരു കല്യാണത്തിന്റെ മംഗള വാദ്യങ്ങൾ മന്ദ്ര സ്ഥായിയിൽ ....ജാകോസ്റ്റ ഒരു നിമിഷം ഓർത്തു നിൽക്കുന്നു ) .....[പെട്ടെന്നുണർന്ന് ] അന്തപുരത്തിൽ ഞാനവനെ സ്വീകരിച്ചു ,പ്രേമത്തോടെ, വാത്സല്യത്തോടെ ....വിധവയായിരുന്ന എനിക്ക് സുമുഖനും ആരോഗ്യവാനുമായ ഒരു യുവാവിനെ ഭർത്താവായി കിട്ടിയതിന്റെ അമിതാഹ്ളാദമാണെന്ന് ദാസിമാർ അടക്കം പറഞ്ഞു . അവൻ പ്രണയാതുരനായി വിളിച്ചു 'പ്രിയേ' ;ഞാൻ വിളികേട്ടു 'പ്രഭോ ' ' ദുഖിതയായിരിക്കുന്ന ഈ വേളയിൽ .......ഞാൻ എത്ര വേണമെങ്കിലും കാത്തിരിക്കാം .."എന്നവൻ പറഞ്ഞത് ആത്മാർത്ഥതയോടെ ആയിരുന്നു . ചുരന്നൊഴുകുന്ന മുലകളുമായി ഒരു നിമിഷം പോലും കാത്തിരിക്കാൻ എനിക്കാവുമായിരുന്നില്ല .ഞാൻ മറുപടി പറഞ്ഞു പറഞ്ഞു ... 'ഞാൻ സന്തുഷ്ടയാണ് പ്രഭോ ...ഞാൻ അങ്ങയുടേതാണ് ..എന്നും .." ഞാൻ അവന് എനിക്കുള്ളതെല്ലാം നൽകി ... .... പാപവും പരലോകാനുഭവങ്ങളും ഞാൻ തൃണവല്ഗഗണിച്ചു .സ്വപ്നത്തിലെങ്കിലും ഈ പാപങ്ങളൊക്കെ ചെയ്യാത്തവർ ആരുണ്ട് ?ജഗത്‌സാക്ഷിയായ ദേവൻ ,സൂര്യ ദേവൻ എല്ലാം കാണുന്നുണ്ടല്ലോ എന്ന് ഞാൻ എന്നെത്തന്നെ ബോദ്ധ്യപ്പെടുത്തി . ആട്ടിടയനെ പിന്നീട് കണ്ടതേയില്ല .അവൻ കിതറോണിന്റെ താഴ്വരക്കാടുകളിലേക്ക് പോയത്രേ .ആട്ടിൻ പറ്റങ്ങൾ ചോദ്യങ്ങൾ ചോദിക്കുകയില്ലല്ലോ . (താരതമ്യേന ലഘു ചിത്തയായി ) സംതൃപ്തിയുടെയും ആഹ്‌ളാദത്തിന്റെയും കാലമായിരുന്നു പിന്നെ .ഈഡിപ്പസ് സമർത്ഥനായ ഒരു ഭരണാധികാരിയായിരുന്നു .നഗരം നാൾക്കുനാൾ സമ്പന്നവും സമൃദ്ധവുമായിക്കൊണ്ടിരുന്നു ;പൗരന്മാർ സന്തുഷ്ടരും . ഞങ്ങൾക്ക് നാലുകുട്ടികൾ ജനിച്ചു രണ്ടാണും രണ്ടുപെണ്ണും . [ജാകോസ്റ്റ വർത്തമാന കാലത്തിലേക്ക് മടങ്ങിയെത്തുന്നു .രണ്ടു രാജാക്കന്മാരെ ഭരണനിർവ്വഹണത്തിൽ സഹായിച്ച ഒരുവളുടെ വിവേകത്തോടെ ] ഏതു സന്തുഷ്ട നഗരത്തിലും ഇടക്കെപ്പോഴെങ്കിലും ഒരു മഹാമാരി കടന്നുവരും അപ്പോൾ സിംഹാസനത്തിൽ കണ്ണു നട്ടിരിക്കുന്ന ബുദ്ധിമാന്മാരായ തന്ത്രശാലികൾക്കു വേണ്ടി ദേവന്റെ പൂജാരിമാർ പ്രവചനങ്ങൾ നടത്തും ...( ..ഉറച്ച സ്വരത്തിൽ ) അതാണ് തീബ്സിൽ സംഭവിച്ചത് . (കാര്യഗൗരവമുള്ള ഒരു രാജ്യതന്ത്രജ്ഞയുടെ സ്വരത്തിൽ ,വികാരാവേശം കലരാതെ ) ബുദ്ധിമാനും നല്ലവനായ ഈഡിപ്പസ് രാജ്യതന്ത്രജ്ഞനാണെങ്കിലും തന്ത്രശാലിയല്ല .എന്റെ അനിയൻ ക്രയോൺ തന്ത്രശാലിയാണ് താനും ..അവനാണ് അരുളപ്പാട് കേൾക്കാൻ പോയത് . (ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പ്രധാനകാര്യം ചൂണ്ടിക്കാണിക്കുന്ന മട്ടിൽ ) ഈഡിപ്പസ്സിന്റെ വ്രണിത പാദങ്ങൾ അവന്റെ ദൃഷ്ടിയിലും പെട്ടിരിക്കുമല്ലോ .അന്ന് കുഞ്ഞിന്റെ കാലു തുളച്ച് വിലങ്ങിട്ടത്‌ അവൻ കൂടി അറിഞ്ഞുകൊണ്ടായിരുന്നു . അവരുടെ തന്ത്രങ്ങൾ വിജയിച്ചാൽ ,ഈഡിപ്പസ് സത്യം മനസ്സിലാക്കും .സത്യം മനസ്സിലാക്കിയാൽ അവൻ പിന്നെ ഒരു നിമിഷം പോലും ജീവിച്ചിരിക്കുകയില്ല .....(നിശ്ചയദാർഢ്യത്തോടെ ) എന്റെ കുഞ്ഞിനെ മരണത്തിനു വിട്ടുകൊടുക്കാൻ ഞാൻ സമ്മതിക്കുകയില്ല .ആദ്യം വേണ്ടത് ഈഡിപ്പസിനെ സത്യാന്വേഷണത്തിൽ നിന്നു തടയുകയാണ് . ഞാൻ രാജാവിനോടു യാചിച്ചു,കേണപേക്ഷിച്ചു 'അങ്ങേക്ക് ജീവിച്ചിരിക്കണമെന്നുണ്ടെങ്കിൽ ഈ അന്വേഷണം മതിയാക്കു ' 'എന്റെ ജന്മരഹസ്യം എനിക്കറിയണം 'ഈഡിപ്പസ് ശാഠ്യം പിടിച്ചു . ഞാൻ ആദ്യമായി ഈഡിപ്പസ്സിനോട് ദേഷ്യപ്പെട്ടു 'ഞാൻ അനുഭവിച്ചതു പോരെന്നോ? ' എന്നിട്ടും ഈഡിപ്പസ് നിർബന്ധബുദ്ധി കൈവിട്ടില്ല . 'ആട്ടിടയൻ വരട്ടെ .എനിക്ക് സത്യം അറിഞ്ഞേ മതിയാവൂ ' സൂര്യദേവാ ....ശാഠ്യം പിടിക്കുന്ന കുഞ്ഞിനെ ശകാരിച്ചു നേർവഴി നടത്താൻ ഈ അമ്മക്കാവുന്നില്ലല്ലോ .....ഭാര്യ കൂടി ആവേണ്ടി വന്ന ഭാഗ്യം കേട്ട ,നിസ്സഹായയായ ഈ അമ്മക്ക് . ,എല്ലാ പ്രതീക്ഷകളും അസ്തമിച്ച, എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട ആ നിമിഷത്തിൽ ഞാൻ എന്റെ കുഞ്ഞിനെ അങ്ങിനെ വിളിച്ചു .'ശപിക്കപ്പെട്ടവനേ 'എന്ന് . "ശപിക്കപ്പെട്ടവനേ സത്യം അറിയുന്നതിനു മുമ്പ് നീ മരിച്ചെങ്കിൽ ............ഇനി എനിക്ക് ഒന്നും പറയാനില്ല ......... " [രാജസദസ്സിൽ നിന്ന് ശയ്യാഗൃഹത്തിലേക്കുള്ള പാച്ചിലിന്റെ തുടക്കം ,തീവ്ര വികാരാവസ്ഥയുടെയും ] വെളിച്ചം മങ്ങിത്തെളിയുമ്പോൾ പീഠത്തിൽ ചവിട്ടി ഉടയടയുടെ ബലം പരിശോധിക്കുന്ന ജാകോസ്റ്റ വാതിൽക്കൽ മുട്ടു കേട്ടിട്ടെന്ന പോലെ പെട്ടെന്നു നിർത്തുന്നു .തന്റെ ഭൂതകാല ജീവിതത്തിലേക്കെന്നപോലെ സാവധാനം തലതിരിച്ചു നോക്കുന്നു .ഉദ്വേഗത്തിൻറെ പാരമ്യതയിൽ മാത്രം എത്തിച്ചേരുന്ന അതീവ ശാന്തതയോടെ ലോകത്തോട് ക്ഷമാപണപൂർവം ,യാത്രപറയുന്ന മട്ടിൽ ...] വാതിൽക്കൽ മുട്ടു കേൾക്കുന്നു എനിക്ക് പോകാതെ വയ്യ ... ഈഡിപ്പസ്സിനു ജനിച്ച എന്റെ രണ്ടാണ്മക്കളെക്കുറിച്ച് എനിക്കു വേവലാതിയില്ല .യവനം പുരുഷന്മാരുടെ ലോകമാണ് .അവർ അവിടെ പുലർന്നു കൊള്ളും . ഞങ്ങളുടെ രണ്ടു പെണ്മക്കൾ--- സുന്ദരികളും ബുദ്ധിമതികളും ആണവർ .....ആണുങ്ങളുടേതുമാത്രമായ ഈ ലോകത്ത് ,പണ്ഡിതന്മാരും ഭരണാധികാരികളും പ്രവാചകന്മാരും ചേർന്ന് ബുദ്ധിമതികളും ചോദ്യം ചോദിക്കുന്നവരുമായ സ്ത്രീകളെ വേട്ടയാടുന്ന യവനരാജ്യത്ത് ഞങ്ങളുടെ പെൺകുട്ടികൾ .....അച്ഛനുമമ്മയും ഇല്ലാതെ ...ഒരു പാപപങ്കിലമായ ശാപ കഥയുടെ ഒസ്യത്തും പേറി ..... പിന്നെ അവൻ .....എന്റെ പ്രിയപ്പെട്ടവൻ ...... മകനേ ..നാഥാ ..മ ..... [പശ്ചാത്തലത്തിൽ ശ്ലോകം ..നിർവേദത്തിന്റെ സ്വരത്തിൽ ] ഹ്രസ്വതമം കഥ സ്രേഷ്ട നാരി മൃത്യുവിനെ പുൽകി -------------------------------------------------------------------------------------------------------------------------------------------------------------------- ആർ എസ് കുറുപ്പ് . സൗപർണിക , 139 ,താമരശേരി റോഡ് പൂണിത്തുറ എറണാകുളം Pin 682038 Mobile 9847294497