Wednesday, June 29, 2016

 ആഗ്രഹിച്ചതു കിട്ടുന്നതാണ് ജയം .കിട്ടാതിരിക്കുന്നത് തോൽവിയും .രണ്ടാo  സമ്മാനം ആഗ്രഹിച്ച് മത്സരിച്ച് ഒന്നാം സമ്മാനം കിട്ടിയതിൽ ദുഖിതനും നിരാശനുമാവുന്ന  സ്‌കൂൾ കുട്ടിയുടെ കഥ പറയുന്ന ഒരു ഇറാനിയൻ സിനിമ ഈയിടെ കണ്ടു .പേരു പെട്ടെന്നോർമ്മവരുന്നില്ല .കഥയുടെ ചുരുക്കം ഇങ്ങിനെ .
    നഗര പ്രാന്തത്തിലെ നിർദ്ധന കുടുംബം .അച്ഛന് പള്ളിയിൽ വരുന്നവർക്ക് ചായ കൊടുക്കുന്ന ജോലി .ആറിലോ ഏഴിലോ പഠിക്കുന്ന ആൺകുട്ടി .തൊട്ടു താഴത്തെ ക്ലാസ്സിൽപെങ്ങൾ  .പെങ്ങളുടെ സ്‌കൂൾ ഷൂ ആങ്ങളയുടെ നോട്ടക്കുറവു  കൊണ്ടു നഷ്ടപ്പെടുന്നു .അച്ഛനോടു  പറയാൻ വയ്യ .അച്ഛന്റെ കയ്യിൽ പണമില്ല എന്നു കുഞ്ഞുങ്ങൾക്കറിയാം .ആങ്ങളയും പെങ്ങളും ആകെയുള്ള ഒരു ജോഡി ഷു  മാറി മാറി ഉപയോഗിക്കാൻ തീരുമാനിക്കുന്നു .ഭാഗ്യത്തിന് രണ്ടു ഷിഫ്റ്റാണ് .ഒരാൾ സ്കൂളിൽ നിന്ന് ഓടിയെത്തി ഷു മറ്റെയാൾക്കു കൊടുക്കുന്നു .അയാൾ അതിലും വേഗത്തിൽ ഓടി ക്ലാസ്സിലെത്തുന്നു .പലപ്പോഴും വൈകി .അവൻ പഠി ക്കാൻ മിടുക്കനായതു കൊണ്ട് ക്ലാസ്സ് ടീച്ചർ ഇടപെട്ടു വൈകിയെത്തുന്നതിനുള്ള ശിക്ഷ ഒഴിവാക്കി കൊടുത്തിരുന്നു പലപ്പോഴും .
   അപ്പോഴാണ്ഇന്റർ സ്‌കൂൾ  ക്രോസ്സ് കൺട്രി ഓട്ട മത്സരത്തിനുള്ള നോട്ടീസ് പ്രത്യക്ഷപ്പെട്ടത് .രണ്ടാം  സമ്മാനം ഒരു ജോഡി നല്ലയിനം ഷു വും പിന്നെ മറ്റെന്തൊക്കെയോ ആണ് .അവൻ പിന്നെ ഒന്നും ആലോചിച്ചില്ല പേരു കൊടുത്തു .രണ്ടാം  സമ്മാനം  നേടണം .കിട്ടുന്ന ഷു അനിയത്തിക്ക് സമ്മാനിക്കണം .
    എന്നും പ്രാണൻ കയ്യിലെടുത്തു കൊണ്ടോടി സ്‌കൂളിലെത്തിയിരുന്ന അവനു ജയം ഉറപ്പായിരുന്നു .തുടക്കം മുതൽ രണ്ടാo  സ്ഥാനം നിലനിർത്തിക്കൊണ്ടോടിയിരുന്ന  അവന് അവസാന ലാപ്പിൽ ആരൊക്കെയോ തന്നെ മറികടക്കുന്നു വെന്നു തോന്നി .പിന്നീടൊരു മരണപ്പാച്ചിലായിരുന്നു .ഫിനിഷിങ് പോയിന്റ് കടന്നു തളർന്നു വീണ തന്നെ ആഹ്ലാദത്തോടും വാത്സല്യത്തോടും കോരിയെടുത്ത ഫിസിക്കൽ ഇൻസ്ട്രക്ടറോട് അവൻ ചോദിച്ചു 'രണ്ടാം സമ്മാനം കിട്ടിയോ ?" "ഒന്നാം സമ്മാനം തന്നെ കിട്ടി .നീ ജയിച്ചു കുഞ്ഞേ" എന്ന അദ്ദേഹത്തിന്റെ മറുപടി അവനെ നിരാശനാക്കി .ഒന്നാം സമ്മാനത്തിന്റെ പാക്കേജിൽ ഷുവില്ല .പെങ്ങൾക്കു സമ്മാനിക്കാൻ ഒരു ജോഡി ഷു .അതിനു വേണ്ടി മാത്രമായിരുന്നു അവനീ പാടൊക്കെ പെട്ടത് .
   സ്‌കൂളിലെ വിജയാഘോഷങ്ങളിൽ യാന്ത്രികമായി അന്യമനസ്കനായി പങ്കെടുത്ത് അവൻ വീട്ടിലേക്കു മടങ്ങി നിരാശനായി ദുഃഖിതനായി മനസ്സിടിഞ്  
.സാധാരണ ഓടി മാത്രം പോകാറുള്ള ഇടുങ്ങിയ കനാൽ വരമ്പിലൂടെ സാവകാശം നടന്ന്  വഴിയിൽ കാലിൽ തടഞ്ഞ പാട്ടക്കഷണം തട്ടിത്തെറുപ്പിച്ച് .
   ആഗ്രഹിച്ച രണ്ടാം സമ്മാനം കിട്ടാത്ത ആ ഒന്നാം സ്ഥാനക്കാരന്റെ ചിത്രം മനസ്സിൽ നിന്നു മായുന്നില്ല
Children of Heaven
Tuesday, June 14, 2016

നഗ്നതയുടെ സൌന്ദര്യ ശാസ്ത്രം
കോളേജിലെ ആദ്യ വര്ഷം തന്നെ കുമാരസംഭവം മൂലം മാരാരുടെ ഗദ്യപരിഭാഷയോടെ വായിക്കാൻ എനിക്ക് സാധിച്ചു .ലോകപിതാക്കളുടെ രതി "ക്ലിഷ്ട കേശ മവലുപ്ത ചന്ദനം / വ്യത്യയാർപ്പിത നഖം സമത്സരം .." എന്നൊക്കെ പച്ചയായി തന്നെ വർണ്ണിക്കപ്പെട്ടിട്ടുള്ള  എട്ടാം സര്ഗ്ഗം അന്ന് തന്നെ എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞു . വഴി യരികിൽനിന്നു 'ചെറു പുസ്തകങ്ങൾ 'വാങ്ങി വായിച്ച്  വികാര വിവശനുംപ്രകന്പിതനും  മറ്റും ആകാറു ണ്ടായിരുന്നു  സഹപാഠീകളെ പ്പോലെ ഞാനും .അവയിൽ രസിക്കുന്നതു പോലെയല്ല എട്ടാം സർഗ്ഗത്തിൽ അഭിരമിക്കുന്നത് എന്ന് അന്ന് തന്നെ എനിക്ക് മനസ്സിലായി .;സംഭോഗ ശ്രുംഗാരത്തിന്റെ ഉദാത്തവും മനോഹരവുമായ ആവിഷ്കാരം എങ്ങിനെയായിരിക്കുമെന്നും .
     സ്ത്രീ പുരുഷന്മാരെ പൂർണ്ണ നഗ്നരായി കാണിക്കുന്ന ചിലസിനിമകൾ 
പിൽകാലത്ത് കണ്ടു .ഷിന്റ്ലേഴ്സ് ലിസ്റ്റ് ,12 ഇയേഴ്സ് എ സ്ലേവ് ,സോൾസ് സൺ എന്നിങ്ങനെ .എല്ലാം ഓസ്കാർ സിനിമകൾ .ഭീകരമായ ചില മനുഷ്യാവസ്ഥകളുടെ യഥാ തഥമായ ചിത്രീകരണമാണ് ഈ രംഗങ്ങൾ .ഇപ്പറഞ്ഞ സിനിമകളുടെ മഹത്വത്തിനു അവ അനിവാര്യമാണു താനും .
         ഇവയിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു സിനിമാ ദൃശ്യം ഈയിടെ ടിവിയിൽ കണ്ടു .അണിയലങ്ങളും മുഖത്തെഴുത്തും ആടയാഭരണങ്ങളും അഴിച്ചു വെച്ച് പുർണ്ണ നഗ്നനായി കാണികൾക്ക് പുറം തിരിഞ്ഞ് വിദൂരതയിലേക്കു നടന്നു പോകുന്ന കഥകളി നടൻറെ ചിത്രത്തിന് അന്യാദൃശമായ പ്രതീക ഭംഗിയുണ്ട് .ജീവിതം നല്കിയ ചമയങ്ങളും  ചായ ക്കൂട്ടും മാത്രമല്ല ജനനത്തിലൂടെ കൈ വന്ന പഞ്ചഭൂതാത്മകമായ ജീർണ്ണ വസ്ത്രം കൂടി ത്യജിച്ച് അനന്തതയിൽ വിലയം പ്രാപിക്കുന്ന ആത്മാവിന്റെ സൂചകം കുടിയാണ് ഇവിടെ നടൻ .ഇത്തരമൊരു വ്യാഖ്യാനം അർഹിക്കുന്ന തരത്തിൽ സിനിമയുടെ ആഖ്യാനം നിർവഹിക്കപ്പെട്ടിട്ടുണ്ടോ എന്ന് ചിത്രം മുഴുവൻ കാണാതെ പറയാൻ സാധിക്കുകയില്ല .പക്ഷേ അതിനുള്ള അവകാശവും അർഹതയും പ്രേക്ഷകർക്കാണ് ,സെൻസർ  അധികാരികൾക്കല്ല .ദയവായി ആ അവകാശം ഞങ്ങള്ക്ക് തന്നെ വിട്ടു തരിക .
      കലാസുഭഗമായി ആവിഷ്കരിക്കപ്പെടുന്ന നഗ്നത അശ്ലീലമല്ലെന്ന്‌ ,,കുമാരസംഭവം ചെറു പുസ്തകമല്ലെന്ന് നമ്മുടെ അധികാരികൾക്ക് ആരാണു പറഞ്ഞു കൊടുക്കുക

Tuesday, June 7, 2016

അനുഭാവി
ഏറ്റവും മികച്ച ആദ്യ നോവലിനുള്ള 2016 ലെ പുലി റ്റ്സർ  സമ്മാനം നേടിയ കൃതിയാണ്  അമേരിക്കൻ വിയറ്റ്നാമീസ് എഴുത്തുകാരനായ വിയറ്റ്‌ താൻ ങ്യൂൻ ന്റെ ദ സിമ്പ തൈസർ .1954 മുതൽ 75 വരെ നീണ്ടു നിന്ന വിയറ്റ് നാം  യുദ്ധം ,തുടർന്നുണ്ടാവുന്ന അഭയാർഥി പ്രവാഹം ,അവരിലൊരു വിഭാഗം വിദേ ശത്തു  താമസിച്ചു കൊണ്ട് പുതിയ കമ്മ്യൂണിസ്റ്റു ഭരണ കൂടത്തിനെതിരേ നടത്തുന്ന ചെറുത്തു നിൽപ്പ് ,അതിൻറെ പരാജയം ഇതൊക്കെയാണ് ഈ നോവലിന്റെ പ്രതിപാദ്യം അമേരിക്കയിൽ വിദ്യാഭ്യാസം പുര്ത്തിയാക്കിയ ശേഷം ദക്ഷിണ വിയറ്റ്നാം സൈന്യത്തിലെ ക്യാപറ്റ്നും ജെനരലിന്റെ സഹായിയുമായി പ്രവർത്തിയെടുത്ത് വന്നിരുന്ന യുവാവവാണ് ഈ പുസ്തകത്തിലെ നായകനും ആഖ്യാതാവും .ഒരിക്കലും സ്വന്തം പേരു പറയാത്ത അയാൾ പക്ഷേ തനിക്ക്  രണ്ടു ഭാഗവും കാണാൻ കഴിയുമെന്നു തുടക്കത്തിൽ തന്നെ അവകാശപ്പെടുന്നുണ്ട് .കാരണം അയാള് കമ്മ്യൂണിസ്റ്റു വിപ്ലവകാരികളുടെ ചാരാൻ കൂടിയായിരുന്നു .
  ക്യാപ്റ്റന്റെ കുറ്റ സമ്മതത്തിന്റെ രൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഈ നോവൽ യുദ്ധങളിലൂടെ പലായനങ്ങളിലൂടെ പ്രവാസത്തിലൂടെ കടന്നു പോകുന്ന  വിയറ്റ്നാം കാരുടെ ഭൗതികവും മാനസികവുമായ സംഘർഷങ്ങളുടെ ആവിഷ്കാരമെന്ന നിലയിൽ ശ്രദ്ധേയമാണ് .ഇംഗ്ലീഷ് പ്രൊഫസ്സറാ യ  ഗ്രന്ഥ കര്ത്താവിന്റെ ഭാഷാ സ്വാധീനം ഈ പുസ്തകത്തെ പാരായണക്ഷമമാക്കുന്നുണ്ട് .എങ്കിലും നോവലിന്റെ രൂപ ശില്പം കുടമാടതാനെന്നു പറഞ്ഞു കൂടാ .ഒരു പാടു കാര്യങ്ങൾ പരത്തി പരഞ്ഞു പോകുമ്പോൾ ആഖ്യാനം പലയിടത്തും പ്രബന്ധ പ്രായമായി പോകുന്നു 

Saturday, June 4, 2016

ഇപ്പോഴത്തെ ബി ജെ പി വിരോധത്തേക്കാൾ എത്രയോ ഭയങ്കരമായിരുന്നു മാര്ക്സിസ്റ്റു പാർട്ടിയുടെ കോൺഗ്രസ് വിരോധം അറുപതെഴുപതുകളിൽ .തിരിച്ചു കോൺഗ്രസ്സിനും അങ്ങിനെ തന്നെയായിരുന്നു ..65 ഇൽ മാർക്സിസ്റ്റുകാർ ഭരണത്തിൽ വരുന്നതു തടയാൻ വേണ്ടി തെരഞ്ഞെടുക്കപ്പെട്ട കേരള നിയമസഭ നിലവിൽ  വരാൻ അനുവദി ക്കാതിരുന്നു കേന്ദ്രത്തിലെ കോണ്ഗ്രസ് ഗവ്ണ്മെന്റ് .മാര്ക്സിസ്റ്റ് പാർട്ടിയാവട്ടെ 'ചെകുത്താനുമായി കൂട്ടു കൂടിയിട്ടാണെങ്കിലും' കോൺഗ്രസ്സിനെ നാമാവശേഷമാക്കും എന്ന് പ്രതിന്ജ്ജ എടുക്കുക മാത്രമല്ല കോൺഗ്രസ്സിനെ ഒമ്പതു സീറ്റിൽ ഒതുക്കി അതു നടപ്പാക്കുകയും ചെയ്തു .എന്നിട്ടും ബാങ്ക് ദേ ശവൽക്കരണംപോലുള്ള കാര്യങ്ങളിൽ മാര്ക്സിസ്റ്റു കാരുടെ പിന്തുണ തേടുന്നതിൽ ഇന്ദിരാ ഗവ്ണ്മെന്റിനോ അതു നൽകുന്നതിൽ മാര്ക്സിസ്റ്റു പാർട്ടിക്കോ ഒരും മടിയും ഉണ്ടായിരുന്നില്ല .പറഞ്ഞുവരുന്നത് ഇത്രമാത്രമാണ് :ഇന്ത്യയിൽ  പാർലിമെന്ററി ജനാധിപത്യത്തെ നയിക്കുന്നത് പ്രത്യയ ശാസ്ത്ര ദുശ്ശാ ഠ്യ ങ്ങളല്ല പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രമാണ് .
    ഇത്തരം ഒരു തന്ത്രപരമായ നീക്കത്തിന്റെ രണ്ടാമത്തെ ചുവടാണ് രാജഗോപാലിന്റെ  വോട്ട് .അതിന്റെ ഒന്നാം ചുവട് കേന്ദ്രത്തിലെ ബി ജെ പി നേതൃത്വം വെച്ചു കഴിഞ്ഞിരുന്നു കേരള മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശന വേളയിൽ ..അടുത്ത ചുവടു വെക്കേണ്ടത് മാര്ക്സിസ്റ്റു പാര്ട്ടിയാണ് വരുന്ന പാര്ളിമെന്റ്റ് സമ്മേളനത്തിൽ .നമുക്കു കാത്തിരിക്കാം .
      ഒരു നയതന്ത്ര പദ്ധതിയുടെ തന്നെ  സൂചകമാണ് രാജഗോപാലിന്റെ വോട്ടു വേണ്ടാ എന്ന ചെന്നിത്തലയുടെ പ്രസ്താവന .ദേശീയ തലത്തിൽ കോണ്ഗ്രസ്സിന്റെ മുഖ്യ ശത്രുവായ പാർട്ടിയോട് കേരളത്തിലെ കോണ്ഗ്രസ്സിന്റെ നിയമസഭാകക്ഷി നേതാവിനുള്ള എതിർപ്പ് പറ ഞ്ഞറി യിക്കേണ്ട കാര്യമൊന്നുമില്ല .പക്ഷേ രമേശ്  നിയമസഭാകക്ഷി നേതാവോ ഒരു പക്ഷേ ഭാവി മുഖ്യ മന്ത്രിയോ മാത്രമല്ല . കോണ്ഗ്രസ്സിന്റെ ദേശീയ നേതൃ ത്വത്തിലെക്ക്  എത്തിച്ചേരാൻ ഏറ്റവും സാദ്ധ്യത കല്പ്പിക്കപ്പെടുന്നകേരള നേതാവാണ്‌ .അങ്ങിനെ ഒരാൾ കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷിയോടുള്ള എതിർപ്പ് ആവുന്നത്ര ഉച്ചത്തിൽ തന്നെ പ്രകടിപ്പിക്കേണ്ടതുണ്ടല്ലോ .
  ബാലീശമെന്നു തോന്നാവുന്ന ചില അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് തന്റെ തന്ത്ര പരമായ നീക്കത്തെ 'കാമഫ്ലാഷ് 'ചെയ്യാൻ ശ്രമിച്ചു രാജേട്ടൻ .അതിലദ്ദേഹം വിജയിച്ചുവെന്നു തോന്നും തുടർന്നുവന്ന മാദ്ധ്യമ ആഘോഷം കാണുമ്പോൾ ..പക്ഷേ വർഷാവർഷം ഇരുട്ടു വെളുക്കെ രാഷ്ട്രീയക്കാരുമായി സഹവസിക്കുന്ന മാധ്യമ പ്രവർത്തകർക്ക് തന്ത്രങ്ങളൊന്നും മനസ്സിലാവാതെ വരില്ല .സംഘർഷങ്ങളും സംഘട്ടനങ്ങളും ഒക്കെയായി ആരണ്യ കാണ്ഡങ്ങൾ അരങ്ങേറാനിരിക്കുന്നതല്ലേയുള്ളു പ്രാവേശികം ഹാസ്യരസ പ്രധാനമായിക്കൊള്ളട്ടെ എന്നു മാധ്യമ സുഹൃത്തുക്കൾ വിചാരിച്ചതാവാനാണു സാദ്ധ്യത