2016, ജൂൺ 29, ബുധനാഴ്‌ച

 ആഗ്രഹിച്ചതു കിട്ടുന്നതാണ് ജയം .കിട്ടാതിരിക്കുന്നത് തോൽവിയും .രണ്ടാo  സമ്മാനം ആഗ്രഹിച്ച് മത്സരിച്ച് ഒന്നാം സമ്മാനം കിട്ടിയതിൽ ദുഖിതനും നിരാശനുമാവുന്ന  സ്‌കൂൾ കുട്ടിയുടെ കഥ പറയുന്ന ഒരു ഇറാനിയൻ സിനിമ ഈയിടെ കണ്ടു .പേരു പെട്ടെന്നോർമ്മവരുന്നില്ല .കഥയുടെ ചുരുക്കം ഇങ്ങിനെ .
    നഗര പ്രാന്തത്തിലെ നിർദ്ധന കുടുംബം .അച്ഛന് പള്ളിയിൽ വരുന്നവർക്ക് ചായ കൊടുക്കുന്ന ജോലി .ആറിലോ ഏഴിലോ പഠിക്കുന്ന ആൺകുട്ടി .തൊട്ടു താഴത്തെ ക്ലാസ്സിൽപെങ്ങൾ  .പെങ്ങളുടെ സ്‌കൂൾ ഷൂ ആങ്ങളയുടെ നോട്ടക്കുറവു  കൊണ്ടു നഷ്ടപ്പെടുന്നു .അച്ഛനോടു  പറയാൻ വയ്യ .അച്ഛന്റെ കയ്യിൽ പണമില്ല എന്നു കുഞ്ഞുങ്ങൾക്കറിയാം .ആങ്ങളയും പെങ്ങളും ആകെയുള്ള ഒരു ജോഡി ഷു  മാറി മാറി ഉപയോഗിക്കാൻ തീരുമാനിക്കുന്നു .ഭാഗ്യത്തിന് രണ്ടു ഷിഫ്റ്റാണ് .ഒരാൾ സ്കൂളിൽ നിന്ന് ഓടിയെത്തി ഷു മറ്റെയാൾക്കു കൊടുക്കുന്നു .അയാൾ അതിലും വേഗത്തിൽ ഓടി ക്ലാസ്സിലെത്തുന്നു .പലപ്പോഴും വൈകി .അവൻ പഠി ക്കാൻ മിടുക്കനായതു കൊണ്ട് ക്ലാസ്സ് ടീച്ചർ ഇടപെട്ടു വൈകിയെത്തുന്നതിനുള്ള ശിക്ഷ ഒഴിവാക്കി കൊടുത്തിരുന്നു പലപ്പോഴും .
   അപ്പോഴാണ്ഇന്റർ സ്‌കൂൾ  ക്രോസ്സ് കൺട്രി ഓട്ട മത്സരത്തിനുള്ള നോട്ടീസ് പ്രത്യക്ഷപ്പെട്ടത് .രണ്ടാം  സമ്മാനം ഒരു ജോഡി നല്ലയിനം ഷു വും പിന്നെ മറ്റെന്തൊക്കെയോ ആണ് .അവൻ പിന്നെ ഒന്നും ആലോചിച്ചില്ല പേരു കൊടുത്തു .രണ്ടാം  സമ്മാനം  നേടണം .കിട്ടുന്ന ഷു അനിയത്തിക്ക് സമ്മാനിക്കണം .
    എന്നും പ്രാണൻ കയ്യിലെടുത്തു കൊണ്ടോടി സ്‌കൂളിലെത്തിയിരുന്ന അവനു ജയം ഉറപ്പായിരുന്നു .തുടക്കം മുതൽ രണ്ടാo  സ്ഥാനം നിലനിർത്തിക്കൊണ്ടോടിയിരുന്ന  അവന് അവസാന ലാപ്പിൽ ആരൊക്കെയോ തന്നെ മറികടക്കുന്നു വെന്നു തോന്നി .പിന്നീടൊരു മരണപ്പാച്ചിലായിരുന്നു .ഫിനിഷിങ് പോയിന്റ് കടന്നു തളർന്നു വീണ തന്നെ ആഹ്ലാദത്തോടും വാത്സല്യത്തോടും കോരിയെടുത്ത ഫിസിക്കൽ ഇൻസ്ട്രക്ടറോട് അവൻ ചോദിച്ചു 'രണ്ടാം സമ്മാനം കിട്ടിയോ ?" "ഒന്നാം സമ്മാനം തന്നെ കിട്ടി .നീ ജയിച്ചു കുഞ്ഞേ" എന്ന അദ്ദേഹത്തിന്റെ മറുപടി അവനെ നിരാശനാക്കി .ഒന്നാം സമ്മാനത്തിന്റെ പാക്കേജിൽ ഷുവില്ല .പെങ്ങൾക്കു സമ്മാനിക്കാൻ ഒരു ജോഡി ഷു .അതിനു വേണ്ടി മാത്രമായിരുന്നു അവനീ പാടൊക്കെ പെട്ടത് .
   സ്‌കൂളിലെ വിജയാഘോഷങ്ങളിൽ യാന്ത്രികമായി അന്യമനസ്കനായി പങ്കെടുത്ത് അവൻ വീട്ടിലേക്കു മടങ്ങി നിരാശനായി ദുഃഖിതനായി മനസ്സിടിഞ്  
.സാധാരണ ഓടി മാത്രം പോകാറുള്ള ഇടുങ്ങിയ കനാൽ വരമ്പിലൂടെ സാവകാശം നടന്ന്  വഴിയിൽ കാലിൽ തടഞ്ഞ പാട്ടക്കഷണം തട്ടിത്തെറുപ്പിച്ച് .
   ആഗ്രഹിച്ച രണ്ടാം സമ്മാനം കിട്ടാത്ത ആ ഒന്നാം സ്ഥാനക്കാരന്റെ ചിത്രം മനസ്സിൽ നിന്നു മായുന്നില്ല
Children of Heaven
















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ