Tuesday, March 31, 2015

കക്കാ കുന്നിലെ ഗാനോത്സവം
'ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാദ്ധ്യമോ ..'സാദ്ധ്യമാണ് .കാരണം പുഴകളും കാടുകളും മലകളും മനുഷ്യരും ഇവിടെ ഉണ്ടാവും എന്നതു തന്നെ .നാം എത്തി ചേരുമെന്നു പ്രതീക്ഷിക്കുന്ന ആദർശ  സമൂഹത്തെ ക്കുറിച്ച് തത്വ ചിന്തകനും മനശാസ്ത്രഞ്ജനുമായ എറിക് ഫ്രോം പറഞ്ഞത് ഞാൻ മുമ്പൊരിക്കൽ എഴുതിയി രു ന്നു .:അയൽക്കാരൻ ആഹ്ലാദകരമായ ഒരു സാനിദ്ധ്യമായി ഓരോരുത്തരും കരുതുന്ന അവസ്ഥ .ഇഞ്ചകാട് ബാലചന്ദ്രനേയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും പരിചയപ്പെട്ടപ്പോൾ എനിക്കൊരു കാര്യം ബോദ്ധ്യമായി തന്നെക്കാൾ തന്റെ സഹജീവിയെ പരിഗണിക്കുന്ന കുറ ച്ചു പേരെങ്കിലും നമുക്കിടയിൽ ജീവിക്കുന്നുണ്ടെന്ന്.അങ്ങിനെയുള്ള മനുഷ്യർ ഉള്ളതു കൊണ്ടു തന്നെയാണു പ്രകൃതിയും മനുഷ്യനും അവശേഷിക്കും എന്നുറ ച്ചു വിശ്വസിക്കാൻ നമുക്ക് കഴിയുന്നതും.ഇവരുടെ   എളിയ പരിശ്രമങ്ങളാണ് വലിയ വിപ്ലവങ്ങൾ ക്കും പുത്യൊരു സമൂഹ സൃഷ്ടിക്കും കാരണമാവുന്നത് .അത്തരം ഒരു ശ്രമത്തിന്റെ തുടക്കം കുറിക്കലായിരുന്നു ഞായറാഴ്ച (29-3) കക്കാ കുന്നിലെ ഗ്രാമ ദേവതയുടെ സന്നിധിയിൽ നടന്നത് .ഒരു നാട് മുഴുവൻ പങ്കെടുത്ത ആ ഉത്സവത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഞാൻ ആഹ്ലാദിക്കുന്നു .

Saturday, March 28, 2015

അപ്രിയമായ തീരെ ജനസമ്മ തിയില്ലാത്ത സത്യങ്ങൾ ആവുന്നത്ര ഉച്ചത്തിൽ വിളിച്ചു പറയാനുള്ള ധൈര്യവും സന്നദ്ധതയുമാണ്‌ കെ എം റോയി എന്ന പത്രപ്രവർത്തകന്റെ പ്രത്യേകത .പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ രണദിവെ വരെയുള്ളവർ ആർ ബാലകൃഷ്ണ പിള്ളയെ വേട്ടയാടിയപ്പോൾ പിള്ള പറഞ്ഞതാണ് ശരിയെന്നു തന്റെ പ്രതി വാര കോളത്തിലൂടെ പ്രഖ്യാപിച്ചു റോയി ചേട്ടൻ .അഭയ സംഭവം 'അഭയ ആത്മഹത്യ ചെയ്തതല്ല "എന്ന തലക്കെട്ടിൽ റിപ്പോർട്ട് ചെയ്തത് അദ്ദേഹം പ്രധാന പത്രാധിപരായിരുന്ന മംഗളം മാത്രമാണ് .കോളിളക്കമുണ്ടാക്കിയ പലവിഷയങ്ങളേ ക്കുറിച്ചും അദ്ദേഹം ഇങ്ങിനെ സ്വന്തം അഭിപ്രായം തുറ ന്നെഴുതിയിട്ടുണ്ട് .
     അദ്ദേഹം പത്രാധിപത്യം മതിയാക്കി കോളമിസ്റ്റ് മാത്രമായി കഴിയുന്ന കാലത്താണ്  ഞാനുമായി  പരിചയപ്പെടുന്നത് .ഒരു ഇളയ സഹോദരനോടെന്ന പോലെ എന്നോടു പെരുമാറി പോരുന്നു അദ്ദേഹം .
     കുറച്ചു കാലമായി അദ്ദേഹം ശയ്യാവലംബിയാണ് .സ്ട്രോക്ക് .സുഖം പ്രാപിച്ചു വരുന്നു .
 ഇത്തവണത്തെ എം കെ സാനു ഫൌണ്ടേഷൻ അവാർഡ് അദ്ദേഹത്തിനു സമ്മാനിച്ചു ഇന്ന് .ചങ്ങമ്പുഴ പാർക്കിൽ വെച്ചു നടന്ന ചടങ്ങിൽ ഞാനും സംബന്ധിച്ചിരുന്നു .എ കെ ആന്റണി ,ടി വി ആർ ഷേണായി തോമസ് മാത്യു തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു  .അവരിൽ  പലരും റോയി ചേട്ടന്റെ സഹപാഠികളാണ്  മഹാരാജാസിൽ .സാനു മാസ്റ്റരുടെ ശിഷ്യരും .റോയി ചേട്ടൻ ഇരുന്നു കൊണ്ടാണു സമ്മാനവും പൊന്നാടയുമൊക്കെ സ്വീകരിച്ചത് .തലയുയർത്തി പിടിച്ച് അഹങ്കാരലേശമില്ലാത്ത ആത്മ ബോധം സ്ഫുരിക്കുന്ന മുഖവുമായി അദ്ദേഹം പാര്ക്കിലെ സദസ്സുകളിൽ നില്ക്കുന്നത് ഞാനോർത്തു പോയി .ആരൂപത്തിൽ അദ്ദേഹത്തെ വീണ്ടും കാണാൻ കഴിയുമെന്ന് എന്റെ മനസു പറയുന്നു  .  

Tuesday, March 24, 2015

ഒരു മീന ഭരണി കൂടി
----------------------------
'മഞ്ജു ഭാഷിണി മണിയറ വീണയിൽ -------'കൊടുങ്ങല്ലൂരമ്മ എന്നു കേൾക്കുമ്പോൾ എന്റെ മനസ്സിൽ രണ്ടാമതായി ഓടിയെത്തുന്ന ഗാനമാണിത് .സിനിമാ കാണുന്നതിനു മുമ്പു തന്നെ ആ ഗാന രംഗം സങ്കല്പിക്കാൻ എനിക്കു കഴിയുമായിരുന്നു .നാദസിരകളിൽ മോതിര കയ് വിരൽ ഓടിക്കുന്ന,  രാഗസദസ്സുകളിൽ രാജീവ നയന ങ്ങൾ വിടർത്തുന്ന തേജോ മയിയായിരുന്നു സൌമ്യയും ശാലീനയും ആയിരുന്നു അമ്മ ആദിയിൽ .പിന്നെങ്ങിനെ ഇപ്പോഴത്തെ രൗദ്ര തേജസ്വിനിയായി ?
       അതൊരു കഥയാണ് .ബുദ്ധ ഭിക്ഷുക്കളെ ഓ ടിക്കാൻ തെറി പ്പാട്ടു കെട്ടിയുണ്ടാക്കി യെന്നും മറ്റുമുള്ള കപടചരിത്രം ഞാൻ വിശ്വസിക്കുന്നില്ല .ബുദ്ധ മതക്കാർക്ക് എവിടെയാണ് അമ്മ ദൈവം ?ബുദ്ധ മതം ഉൾപ്പെടെ ഒരാര്യ മതവും ഇങ്ങോട്ടെത്തി നോക്കിയിട്ടില്ലാതിരുന്ന ആ കാലം സങ്കല്പിച്ചു നോക്കു .ലംബമായ വര്ഗ്ഗ വിഭജനം അക്കാലത്തുണ്ടായിരുന്നില്ല .മാനുഷരെല്ലാരും ഒന്നു  പോലെ ആയിരുന്നു .തൊഴിൽ അടിസ്ഥാനത്തിലുള്ള വിഭജനം ഉണ്ടായിരുന്നു പുലയിൽ എന്ന് വെച്ചാൽ വയലിൽ കൃഷി ചെയ്യുന്നവൻ ,പറകൊട്ടുകയും കുട്ടയും വട്ടിയും നെയ്യുകയും ചെയ്യുന്നവൻ അങ്ങിനെ അങ്ങിനെ വലിപ്പ ചെറുപ്പമില്ലാതെ അവരങ്ങിനെ ജീവിച്ചു പോന്നു .അവർ ഗ്രാമ ദേവതയായ അമ്മയുടെ മുമ്പിൽ ആടിപ്പാടി .അവര്ക്ക് കലയും ആരാധനയും രണ്ടായിരുന്നില്ല .എല്ലാവരും കലാകാരന്മാരും അതേസമയം അനുവാചകരുമായിരുന്നു .ഗ്രാമം അമ്മയുടെ തിരുവരങ്ങും .അപ്പോ ഴാണ് വടക്കുനിന്നു ഇരുമ്പിന്റെ ആയുധങ്ങളും കർമ്മ കാണ്ഡ ങ്ങളുടെ ദുർവ്യാഖ്യാനങ്ങളുമായി കുറച്ചു പേർ വന്നത് .അവർ ഇവിടെയു ള്ളവരെ കീഴടക്കി വസ്തു വകകൾ പിടിച്ചെടുത്ത് അധകൃതരാക്കി നാടുകടത്തി ആണ്ടിലൊരിക്കൽ അമ്മയെ വന്നു കാണാൻ സദയം അനുവദിച്ചു .
     ഏതു പ്രതിഷ്ടയും കണ്ണാടി പ്രതിഷ്ഠ യാണ് .ആരാധകന്റെ മുഖ ച്ഛായ യാണ്  ദേവതക്കും .കാലം അബോധത്തിലേക്ക് തള്ളി മാറ്റിയ അമർഷത്തിൽ തുള്ളി ഉറ ഞ്ഞ് അവർ വരുന്നു കൊല്ലം തോറും .അവരുടെ പ്രതിച്ഛായയിൽ രുദ്രയായ ദേവി കാത്തിരിക്കുന്നു അവരുടെ ആട്ടവും പാട്ടും കണ്ടും കേട്ടും  പ്രസാദി ക്കാൻ .ഒരു മീന ഭരണി മുതൽ അടുത്ത മീന ഭരണി വരെ.
    ഞാനും പോയിരുന്നു ഇക്കൊല്ലവും അമ്മയെ കാണാൻ

Friday, March 13, 2015

'മനസാ സ്മരാമി' വായിച്ചു .വാരികയിൽ വന്നിരുന്നപ്പോൾ പല ലക്കങ്ങളും വിട്ടു പോയിരുന്നു .പുസ്തകം  വായിക്കാൻ കഴിഞ്ഞത് ഇപ്പോഴാണ് .സത്യം പറയട്ടെ പുസ്തകം എന്നെ നിരാശ പ്പെടുത്തി .മന്ദ മാരുതനോടു അഴീക്കോട് താരതമ്യ പ്പെടുത്തിയ എസ് ഗുപ്ത ൻ നായരുടെ   ആ മനോഹര ഗദ്യ ശൈലി പോലും ഇതിലില്ല .
   ഒരു വ്യക്തിയുടെ ആന്തരിക ജീവിതത്തിന്റെ ആത്മാർഥമായ സ്വഗതാഖ്യാനമാണ് ആത്മകഥ ;അല്ലാതെ ആ വ്യക്തി കണ്ടതിന്റെയും കേട്ടതിന്റെയും വിവരണങ്ങളല്ല.സി .കേശവന്റേയും മന്നത്തിന്റേയും ഇ എം എസി ന്റെയും കേശവ ദേവിന്റേയും ചെറു കാടിന്റേയും മാധവിക്കുട്ടിയുടേയും ആത്മകഥകൾ മലയാളത്തിലെ വിശിഷ്ട കൃതികൾ ആവുന്നത്  അവ ആന്തരിക ജീവിതത്തിന്റെ സ്വഗതാഖ്യാനങ്ങൾ  ആയതു കൊണ്ടാണ്.നിര്ഭാഗ്യ വശാൽ ഗുപ്തൻ നായരുടെ ആത്മ കഥ ആ ഗണത്തിൽ പെടുന്നില്ല .അത് സംഭവ വിവരണ പരമ്പര മാത്രമാണ് .
   കെ പി അപ്പൻ സ്കൂൾ വിദ്യാർഥിയും നരേന്ദ്ര പ്രസാദ് കൈക്കുഞ്ഞും ആയിരുന്ന കാലത്ത് -1948 ഇൽ വേസ്റ്റ് ലാന്ടിനെകുറിച്ച് മലയാളത്തിൽ ലേഖനമെഴുതിയ ,ക്രാന്ത ദർശിക ളു ടേയും ആധുനിക സാഹിത്യത്തിന്റേയും മറ്റും കർത്താവായ മലയാള സാഹിത്യ വിമർശകനോട് എനിക്ക് അളവറ്റ ബഹുമാനമുണ്ട് .എന്ന് വെച് മനസാ സ്മരാമി ഇഷ്ട പെട്ടില്ല എന്ന സത്യം മറച്ചു വെക്കേണ്ടതില്ലല്ലോ

Wednesday, March 11, 2015

വാസ്തവത്തിൽ ആറ് ആസ്തിക ദർശനങ്ങളിൽ ഒന്ന് മാത്രമാണ് വേദാന്തം .അദ്വൈതം അതിന്റെ ഉപവിഭാഗങ്ങളിൽ ഒന്നും.ശങ്കരാചര്യർ, കൃത്യമായി പറഞ്ഞാൽ അദ്ദേഹത്തിന്റെ പ്രസ്ഥാന ത്രയ ഭാഷ്യം ആണ് അദ്വൈതവേദാന്ത ദർശനത്തെ ഹിന്ദു മതത്തിന്റെ താത്വിക അടിത്തറയായി സ്ഥാപിച്ചത്  .ഫലമോ മറ്റു ദർശനങ്ങളെ ക്കുറിച്ചുള്ള ചർച്ചകളൊക്കെ സംസ്കൃത കോളേജുകളിൽ മാത്രമായി ഒതുങ്ങി .നാടായ നാടാകെ പ്രഭാഷണം നടത്തുന്ന സ്വാമിമാർ കൂടിയായപ്പോൾ സാംഖ്യവും യോഗവും ന്യായവും വൈശേഷികവും മീമാംസയും ജനം മറന്നു .ഈ ദർശങ്ങൾ ലോക ത്തിനു ഇന്ത്യ നല്കിയ വിലപ്പെട്ട സംഭാവനകളാണ് .മാത്രമല്ല ഏതെങ്കിലും ഒരു ദർശനം പൂർണ്ണമായി മനസ്സിലാകണമെങ്കിൽ മറ്റെല്ലാം സാമാന്യമായി പഠിച്ചിരിക്കണം .
   ഇത്രയും പറഞ്ഞത് ആമുഖമായാണ് .ഇന്ന്(10-3-2015) സംസ്കൃത കോളേജിലെ ന്യായ വിഭാഗത്തിന്റെ ഒരു സെമിനാർ ഉണ്ടായിരുന്നു .ഡോ സി രാജേന്ദ്രൻ ഉദ്ഘാടകൻ .'ന്യായവും മറ്റിന്ത്യൻ ദർശനങ്ങളും' എന്നവിഷയത്തെ ക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നത്  ശ്രീ ശങ്കരാ സർവകലാശാലയിലെ ഫിലോസഫി വകുപ്പ് മേധാവി ഡോ രാജലെക്ഷ്മി നായർ.കാലിക്കറ്റിലെ സംസ്കൃത വകുപ്പ് തലവനായിരുന്ന രാജേന്ദ്രൻ മാഷെ എനിക്ക് നേരിയ പരിചയമുണ്ട് .അഗാധമായ പാണ്ഡിത്യവും പാണ്ഡി ത്യത്തിന്റെ   വിനയവുമുള്ള ശ്രേഷ്ടനായ അദ്ധ്യാപകൻ .അദ്ദേഹം ന്യായ ശാസ്ത്രത്തെ ക്കുറിച്ച് പറയുന്നത് അവസരമുണ്ടായിട്ടും കേൾക്കാതിരിക്കുന്നത് ഒരു നഷ്ടമാണെന്ന് തോന്നിയതു കൊണ്ട് ഞാൻ സെമിനാറിന് പോയി .
    പോകാതിരുന്നെങ്കിൽ അതൊരു നഷ്ടം തന്നെ ആയേനെ. ന്യായ ദർശനത്തെ ക്കുറിച്ച് പ്രത്യേകിച്ച് ന്യായവും വൈശേഷികവുമായും ന്യായവും പൂർവോത്തര മീമാംസകളുമായും ഉള്ള സാജത്യ വൈജാത്യങ്ങളെ ക്കുറിച്ച് സാമാന്യം വിശദമായിത്തന്നെ അദ്ദേഹം സംസാരിച്ചു .
   ദർശനങ്ങളെ താരതമ്യം ചെയ്തു കൊണ്ടുള്ള ഡോ രാജലെക്ഷ്മിയുടെ പ്രഭാഷണവും ചിന്തയിൽ വെളിച്ചം വീശുന്നതായിരുന്നു .ന്യായവാദികളുടെ ഈശ്വരനും അദ്വൈതികളുടെ പരമാത്മാവും എങ്ങിനെ വ്യത്യസ്തരായിരിക്കുന്നു എന്നും ശങ്കരന്റെ ബ്രഹ്മവും മാധ്യമിക ബൗദ്ധ ദാർശ നികനായ നാഗാര്ജ്ജുനൻ നിർവചിച്ച ശൂന്യവും എങ്ങിനെ പ്രത്യക്ഷത്തിൽ ഒന്നായി തോന്നുന്നു വെമ്കിലും വാസ്തവത്തിൽ വിരുദ്ധ ധ്രുവങ്ങളിൽ നില നില്ക്കുന്നുവെന്നും അവർ വിശദീകരിച്ചപ്പോൾ അവയൊക്കെ  ലളിത സത്യങ്ങളാണെന്നു തോന്നി .ശങ്കരനെ പ്രശ്ച്ച്ചന്ന ബുദ്ധൻ എന്ന് യാഥാ സ്ഥിതികർ വിളിച്ചിരുന്നതിന്റെ കാരണവും മനസ്സിലായി .
   ഇന്ത്യൻ ചിന്തയുമായി സമാനതകളുള്ള പടിഞ്ഞാറൻ ദർശനങ്ങളേയും പരാമർശിച്ചു ഡോ രാജലെക്ഷ്മി .എനിക്കത് പ്രയോജനപ്പെട്ടു .ഉത്തരാധുനികതയും ഘടനാവാദാനതര ചിന്തയും തലക്കു പിടിച്ചിരുന്ന കാലത്ത് ഞാൻ വാങ്ങി മനസ്സിലാക്കാതെ വായിച്ച ഒരു പുസ്തകമുണ്ട് ;'ദെരീദയുംഇന്ത്യൻ ദാർശനികരും' . .രാജേന്ദ്രൻ മാഷുമായി ഞാൻ ആ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെ ക്കുരിച്ച്ചു സംസാരിച്ചു .ആ സംഭാഷണവും പ്രയോജന പ്രദമായിരുന്നു.അതു വീണ്ടും വായിക്കാനുള്ള ധൈര്യം കിട്ടി എനിക്ക് .                                
    
  


Sunday, March 8, 2015

വനിതാ ദിനത്തിൽ
രഘുവംശം ആറാം സർഗ്ഗത്തിലാണ് പ്രസിദ്ധമായ ഈ ശ്ലോകം ഉള്ളത് :യസ്മിൻ മഹിം ശാസതി വാണിനീനാം /നിദ്രാം വിഹാരാർദ്ധ പ്ഥേ ഗതാനാം /വാതോപി നാസ്രംസ യദംശുകാനി /കോ  ലംബ യോദഹരണായ ഹസ്തം .-അദ്ദേഹം (ദിലീപ മഹാരാജാവ്) ഊഴി വാണിരുന്ന കാലത്ത് കളി സ്ഥലത്തു നിന്നുള്ള വഴിയ്ക്കിടയിൽ കിടന്നുറങ്ങി പ്പോയ നർത്തകികളുടെ വസ്ത്രങ്ങളെ കാറ്റു പോലും അനക്കിയിരുന്നില്ല .ആർ പിന്നെ അഴിക്കുവാൻ വേണ്ടി കൈ നീട്ടും (മാരാരുടെ ഗദ്യ പരിഭാഷ )
  സദ്ഭരണത്തിന്റെ ഒന്നാമത്തെ ലക്ഷണം ഇതാണ്;ഏത വസ്ഥ യിലും ഏതു സ്ത്രീയും സുരക്ഷിതയായിരിക്കുക .ശ രീരം  വില്പന ചരക്കാക്കാൻ നിർബന്ധിതരായവരാണു ഗണികമാർ .അവർക്കും പക്ഷേ അവരുടെ ശരീരത്തിനു മേൽ പൂർണ്ണ അധികാര മുണ്ടായിരുന്നു വെന്നാണ് കാളിദാസൻ പറയുന്നത് .രാജവീഥി യിൽ രാത്രി ഒറ്റക്കു നടന്നാലോ ഒരു പക്ഷേ അവിടെ തന്നെ കിടന്നു റ ങ്ങിയാലോ  ഒരു ഗ ണികയുടെ മേൽ പോലും ആരും കയ്വെയ്ക്കുമായിരുന്നില്ലഅവളുടെ സമ്മതമില്ലാതെ .
   ഇത് കേവല കവിഭാവനയും അയഥാർഥവുമാണെന്നു പറയുന്നത് സത്യമല്ല .സ്ത്രീയുടെ സുരക്ഷിതത്വം ഏറെ ക്കുറെ ഉറപ്പു നല്കുന്ന ഒരു വ്യവസ്ഥയാണു നമ്മുടെ രാജ്യത്ത് നിലനിന്നിരുന്നത് .അത് ഭരണ കൂടത്തിന്റെ എന്നതിനേക്കാൾ പൊതു സമൂഹത്തിന്റെ കർത്തവ്യമായി കരുത പ്പെട്ടിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ പാദം വരെ .                     

പിന്നീട് എന്ത് സംഭവിച്ചു ?  ദിലീപന്റെ രാജധാനിയായ ഹസ്തിന പുരത്തിന്റെ സഹോദര നഗരമായ ഇന്ദ്ര പ്രസ്ഥത്തിന്റെ ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാനമായ സാക്ഷാൽ ഡൽഹിയുടെ മാത്രമല്ല രാജ്യത്തിന്റെ ആകെയുള്ള  ഇന്നത്തെ അവസ്ഥ കാണുമ്പോൾ  ഉ യരുന്ന ന്യായ വാദങ്ങൾ കേൾക്കുമ്പോൾ അറിയാതെ ഈ ശ്ലോകം മനസ്സിലേക്കു കടന്നു വരുന്നു .

Thursday, March 5, 2015

ഇത് കുംകും റോയ് . ഡല്ഹി ജെ എൻ യു വിൽ സോഷിയൽ സയൻസ് വിഭാഗത്തിൽ പ്രോഫസ്സർ .ത്രിപൂണീ ത്തു റ സംസ്കൃത കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ  സമാപന ചടങ്ങായി നടത്തുന്ന സെമിനാറിൽ ആദ്യ പ്രബന്ധം ' ജെണ്ടെർ  ആൻഡ്‌ എയർലി റ്റെക്സ്റ്റുവൽ റ്റ്രഡീഷൻസ്' അവരാണ് അവതരിപ്പിച്ചത് .ബ്രുഹദാരണ്യകോപനിഷതിലെ മൈത്രേയി ഗാർഗി വാക്യങ്ങൾ  ,ബുദ്ധ സന്യാസിനിമാരുടെ കൃതിയായ  തേരി ഗാധയിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ,മഹാഭാരതത്തിലെ ജനക സുലഭ സംവാദം ഇവയെ അടിസ്ഥാനമാക്കി പ്രാചീന ഭാരത സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനം എന്തെന്ന് നിർണ്ണയിക്കുകയായിരുന്നു അവർ ആ പ്രബന്ധത്തിലൂടെ .പ്രൗഡ്ഡവും അതേസമയം ലളിതവുമായ പ്രബന്ധം അതിന്റെ ആര്ജ്ജവം കൊണ്ടും ശ്രദ്ധേയമായിരുന്നു .തുടർന്നു വന്ന ചർച്ചയിൽ പക്ഷെ  കുറയൊക്കെ കക്ഷി രാഷ്ട്രീയം കലർന്നിരുന്നു.എനിക്കുമുണ്ടായിരുന്നു ഒരു സംശയം .പക്ഷേ വേദിയിൽ കയറി ചോദിക്കാൻ എനിക്ക് ധൈര്യം വന്നില്ല .സംസ്കൃത കോളേജ് ,ജെ എൻ  യു പ്രോഫസ്സർ ,ദേവനാഗരി വായിക്കാന റി യാത്ത ഞാൻ ,വേണ്ട ഒരു ക്ഷണ ക്കത്ത് കിട്ടിയതിന്റെ പേരിൽ അത്രക്കഹങ്കാരം പാടില്ല .ഞാൻ എന്നെ തന്നെ ശാസിച്ചു .
     അഭിപ്രായങ്ങൾക്ക് മറുപടി പറഞ്ഞപ്പോഴും അതിൽ കക്ഷി രാഷ്ട്രീയം കലരാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു .മീറ്റിംഗ് കഴിഞ്ഞ് താഴേക്ക് ഇറങ്ങി വന്ന അവർ ഒറ്റക്കു നില്ക്കുന്നത് കണ്ടു ഞാൻ അടുത്തു ചെന്ന് വിനയാന്വിതനായി എന്റെ സംശയം ചോദിച്ചു :ബ്ര ഹദാരണ്യ കത്തിലല്ലേ പ്രജാപതി തന്റെ ഒരു ഭാഗം ശൂന്യമായി ക്കിടക്കുന്നതായി തോന്നി സ്വയം വളർന്നു രണ്ടായി വേർപെട്ട് ഒരു ഭാഗംപുരുഷനും മറുഭാഗം  സ്ത്രീയും ആയി തീർന്ന് സൃഷ്ടിയിൽ ഏർപ്പെട്ടത്തിന്റെ വിവരണമുള്ളത് ? അവരുടെ മറുപടി എന്നെ അദ്ഭുത പ്പെടുത്തി :"ശരിയാണു .പ്രബന്ധം അതിൽ നിന്ന് ആരംഭിക്കുന്നതായിരുന്നു ശരി".നിറകുടം തുളുമ്പുകയില്ല എന്ന് പറയുന്നത് എത്ര വാസ്തവം .
     അദ്ഭുതം അവിടം കൊണ്ടവസാനിച്ചില്ല .'ചർച്ചകൾക്ക് ഉച്ചക്കു ശേഷവും നിൽക്കണമെന്നുണ്ടായിരുന്നു ' അവർ പറഞ്ഞു 'പക്ഷേ വൈകിട്ടു വീട്ടിലെത്തണം ;പ്രായമായ അമ്മയുണ്ട് വീട്ടിൽ" പ്രായമായ അമ്മ തനിച്ച്ചാകാതിരിക്കാൻ അവർ ഉപഭൂഖണ്ഡ ത്തിനു നെടുകെ പറന്ന് മടങ്ങി പോവുകയാണ് വന്ന ദിവസം തന്നെ .ഈശ്വരാ എന്നല്ലാതെ എന്ത് പറയാൻ

 
     .

Tuesday, March 3, 2015

ഇന്നലെ എ സി വി ചാനലിൽ ജോണ്‍ പോളിന്റെ കഥ പറയുമ്പോൾ എന്ന പരിപാടി കണ്ടു .ഒരേ വാർത്തകൾ തന്നെ കേട്ടു മടുത്ത പ്പോൾ വെറുതെ ചാനൽ മാറ്റി നോക്കിയതാണ് .അപ്പോഴതാ  വിടപറയും മുമ്പേ എന്ന ചിത്രത്തെ ക്കുറിച്ച് സംസാരിച്ചു കൊണ്ട് ജോണ്‍ പോൾ .മിഴി നീർ പൂക്കൾ,മിന്നാമിനിനുങ്ങിന്റെ നുറുങ്ങു വെട്ടം രചന മംഗളം നേരുന്നു തുടങ്ങി നമ്മുടെ മുഖ്യ ധാരയിലെ അതി പ്രശസ്തങ്ങളായ കുറെ ചിത്രങ്ങളുടെ രചയിതാവാണദ്ദേഹം .എന്നിട്ടു മെന്താണ് മലയാള തിരക്കഥാ രംഗത്തെ ദീപ സ്തംഭങ്ങളുടെ പട്ടിക തയാറാക്കുന്നവർ എം ടി ,പദ്മരാജൻ എന്നെഴുതി കഴിഞ്ഞ് നേരേ ലോഹിത ദാസിലേക്ക് പോകുന്നത് ,ജോണ്‍ പോളിനെ ഒഴിവാക്കി കൊണ്ട് എന്ന്  എനിക്ക് മനസ്സിലാവുന്നില്ല.അതിനെ ക്കുറിച്ച് കൂടുതൽ എഴുതേണ്ടതുണ്ട് .അത് പിന്നീട് .ഇവിടെ മറ്റൊന്നാണു വിഷയം
      പരിപാടിയുടെ അവസാനം വിടപറയും മുമ്പേ പുനര്നിന്ർമ്മിക്കുന്നതിനെ ക്കുറിച്ചും ജോണ്‍ പോൾ സംസാരിച്ചു .ആലോചനകൾ നടക്കുന്നുണ്ട് .പക്ഷേ മുഖ്യ പ്രശ്നം ആദ്യപതിപ്പിൽ നെടുമുടി വേണു ചെയ്ത കഥാ പാത്രത്തെ ഇനി ആരവതരിപ്പിക്കും എന്നതാണത്രേ .പരിപാടി കഴിഞ്ഞ ഉടൻ ഞാൻ ജോണ്‍ പോളിനെ വിളിച്ചു ആറു പതിറ്റാണ്ടായി മലയാള സിനിമ കണ്ടു കൊണ്ടിരിക്കുന്ന എനിക്ക് ഇന്ദ്ര ജിത്താണ് ആ കഥാ പാത്രത്തെ അവതരിപ്പിക്കേണ്ടത് എന്ന കാര്യത്തിൽ സംശയമേയില്ല എന്ന് പറഞ്ഞു .പ്പ്രുഥ്വീ രാജ് ഉൾപ്പെടെയുള്ള സമകാലികരിൽ ചിലരുടെ താര പ്രഭ  ഇന്ദ്രജിത്തിന്റെ അഭിനയ പാടവത്തെ നിഴൽപ്പാടിൽ നിരത്തിയി രിക്കുകയാണെന്നും അത് വെളിച്ചത്തു കൊണ്ടു വരേണ്ടത് സിനിമാ പ്രവർത്തകരുടെ കടമയാണെന്ന് ഞാൻ പറഞ്ഞപ്പോൾ തിരകഥാ കൃത്ത് അതിനോട് യോജിച്ചു .നെടുമുടി വേണുവിന്റെ മുമ്പറഞ്ഞ കഥാ പാത്രം ഇന്ദ്ര ജിത് ചെയ്‌താൽ ശരിയാവുമോ എന്നത് ആലോചിച് പരയേണ്ടതാണെന്നും അദ്ദേഹം അഭിപ്രായ പ്പെട്ടു .ഇന്ദ്രൻ  ഈസ്‌ എ വെരി ഗുഡ് ആക്ടർ   എന്ന് പറഞ്ഞാണ് അദ്ദേഹം ആ വിഷയം ഉപസംഹരിച്ചത് .