2015, മാർച്ച് 11, ബുധനാഴ്‌ച

വാസ്തവത്തിൽ ആറ് ആസ്തിക ദർശനങ്ങളിൽ ഒന്ന് മാത്രമാണ് വേദാന്തം .അദ്വൈതം അതിന്റെ ഉപവിഭാഗങ്ങളിൽ ഒന്നും.ശങ്കരാചര്യർ, കൃത്യമായി പറഞ്ഞാൽ അദ്ദേഹത്തിന്റെ പ്രസ്ഥാന ത്രയ ഭാഷ്യം ആണ് അദ്വൈതവേദാന്ത ദർശനത്തെ ഹിന്ദു മതത്തിന്റെ താത്വിക അടിത്തറയായി സ്ഥാപിച്ചത്  .ഫലമോ മറ്റു ദർശനങ്ങളെ ക്കുറിച്ചുള്ള ചർച്ചകളൊക്കെ സംസ്കൃത കോളേജുകളിൽ മാത്രമായി ഒതുങ്ങി .നാടായ നാടാകെ പ്രഭാഷണം നടത്തുന്ന സ്വാമിമാർ കൂടിയായപ്പോൾ സാംഖ്യവും യോഗവും ന്യായവും വൈശേഷികവും മീമാംസയും ജനം മറന്നു .ഈ ദർശങ്ങൾ ലോക ത്തിനു ഇന്ത്യ നല്കിയ വിലപ്പെട്ട സംഭാവനകളാണ് .മാത്രമല്ല ഏതെങ്കിലും ഒരു ദർശനം പൂർണ്ണമായി മനസ്സിലാകണമെങ്കിൽ മറ്റെല്ലാം സാമാന്യമായി പഠിച്ചിരിക്കണം .
   ഇത്രയും പറഞ്ഞത് ആമുഖമായാണ് .ഇന്ന്(10-3-2015) സംസ്കൃത കോളേജിലെ ന്യായ വിഭാഗത്തിന്റെ ഒരു സെമിനാർ ഉണ്ടായിരുന്നു .ഡോ സി രാജേന്ദ്രൻ ഉദ്ഘാടകൻ .'ന്യായവും മറ്റിന്ത്യൻ ദർശനങ്ങളും' എന്നവിഷയത്തെ ക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നത്  ശ്രീ ശങ്കരാ സർവകലാശാലയിലെ ഫിലോസഫി വകുപ്പ് മേധാവി ഡോ രാജലെക്ഷ്മി നായർ.കാലിക്കറ്റിലെ സംസ്കൃത വകുപ്പ് തലവനായിരുന്ന രാജേന്ദ്രൻ മാഷെ എനിക്ക് നേരിയ പരിചയമുണ്ട് .അഗാധമായ പാണ്ഡിത്യവും പാണ്ഡി ത്യത്തിന്റെ   വിനയവുമുള്ള ശ്രേഷ്ടനായ അദ്ധ്യാപകൻ .അദ്ദേഹം ന്യായ ശാസ്ത്രത്തെ ക്കുറിച്ച് പറയുന്നത് അവസരമുണ്ടായിട്ടും കേൾക്കാതിരിക്കുന്നത് ഒരു നഷ്ടമാണെന്ന് തോന്നിയതു കൊണ്ട് ഞാൻ സെമിനാറിന് പോയി .
    പോകാതിരുന്നെങ്കിൽ അതൊരു നഷ്ടം തന്നെ ആയേനെ. ന്യായ ദർശനത്തെ ക്കുറിച്ച് പ്രത്യേകിച്ച് ന്യായവും വൈശേഷികവുമായും ന്യായവും പൂർവോത്തര മീമാംസകളുമായും ഉള്ള സാജത്യ വൈജാത്യങ്ങളെ ക്കുറിച്ച് സാമാന്യം വിശദമായിത്തന്നെ അദ്ദേഹം സംസാരിച്ചു .
   ദർശനങ്ങളെ താരതമ്യം ചെയ്തു കൊണ്ടുള്ള ഡോ രാജലെക്ഷ്മിയുടെ പ്രഭാഷണവും ചിന്തയിൽ വെളിച്ചം വീശുന്നതായിരുന്നു .ന്യായവാദികളുടെ ഈശ്വരനും അദ്വൈതികളുടെ പരമാത്മാവും എങ്ങിനെ വ്യത്യസ്തരായിരിക്കുന്നു എന്നും ശങ്കരന്റെ ബ്രഹ്മവും മാധ്യമിക ബൗദ്ധ ദാർശ നികനായ നാഗാര്ജ്ജുനൻ നിർവചിച്ച ശൂന്യവും എങ്ങിനെ പ്രത്യക്ഷത്തിൽ ഒന്നായി തോന്നുന്നു വെമ്കിലും വാസ്തവത്തിൽ വിരുദ്ധ ധ്രുവങ്ങളിൽ നില നില്ക്കുന്നുവെന്നും അവർ വിശദീകരിച്ചപ്പോൾ അവയൊക്കെ  ലളിത സത്യങ്ങളാണെന്നു തോന്നി .ശങ്കരനെ പ്രശ്ച്ച്ചന്ന ബുദ്ധൻ എന്ന് യാഥാ സ്ഥിതികർ വിളിച്ചിരുന്നതിന്റെ കാരണവും മനസ്സിലായി .
   ഇന്ത്യൻ ചിന്തയുമായി സമാനതകളുള്ള പടിഞ്ഞാറൻ ദർശനങ്ങളേയും പരാമർശിച്ചു ഡോ രാജലെക്ഷ്മി .എനിക്കത് പ്രയോജനപ്പെട്ടു .ഉത്തരാധുനികതയും ഘടനാവാദാനതര ചിന്തയും തലക്കു പിടിച്ചിരുന്ന കാലത്ത് ഞാൻ വാങ്ങി മനസ്സിലാക്കാതെ വായിച്ച ഒരു പുസ്തകമുണ്ട് ;'ദെരീദയുംഇന്ത്യൻ ദാർശനികരും' . .രാജേന്ദ്രൻ മാഷുമായി ഞാൻ ആ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെ ക്കുരിച്ച്ചു സംസാരിച്ചു .ആ സംഭാഷണവും പ്രയോജന പ്രദമായിരുന്നു.അതു വീണ്ടും വായിക്കാനുള്ള ധൈര്യം കിട്ടി എനിക്ക് .                                
    
  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ