2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഇന്ത്യൻ സമാന്തര സിനിമയുടെ ആദ്യ സൃഷ്ടി പഥേർ പാഞ്ചാലി അല്ല ന്യൂസ്‌ പേപർ ബോയ് എന്ന മലയാള പടമാണ് .ആദ്യം റിലീസ് ചെയ്തത് എന്ന അർഥത്തിൽ.റായിയുടെ സിനിമയുടെ കലാമേന്മയൊന്നും  ന്യൂസ്‌ പേപർ ബോയ്ക് അവകാശപ്പെടാനില്ല .എങ്കിലും ഒന്നാമത്തേത് അതായിരുന്നു എന്നത്‌ ചരിത്ര സത്യം
  . ഇന്നു  ടി ഡി ദാസൻ std 6 ബി  എന്ന സിനിമ മഴവിൽ മനോരമയിൽ  വീണ്ടും കണ്ടപ്പോൾ ഞാനീകാര്യം ഓര്ത്ത് പോയി .കൊട്ടും കുരവയും ഇല്ലാതെ ആലഭാരങളില്ലാതെ  ഒരു നല്ല സിനിമ മലയാളത്തിൽ വന്നു പോയി .സംവിധായകൻ മോഹൻ  രാഘവന്റെ ആദ്യ സിനിമ .അതവസാനാത്തതേതുമായി എന്നത് വിധി . ആദ്യ ചിത്രത്തിലൂടെ നല്കിയ വാഗ്ദാനം പാലി ക്കാനനുവദി ക്കാതെ അദ്ദേഹത്തെ കാലം നമ്മിൽ നിന്നപഹരിച്ചു .നിർഭാഗ്യം .
  വാദ്യ മേളങ്ങളോടെ  കയറ്റി  എഴുന്നള്ളിച്ച പല ചിത്രങ്ങളേയും കാൾ നന്നായിട്ടുണ്ട് ദാസൻ എന്നെനിക്കു തോന്നുന്നു . ഉപബോധത്തിന്റെ പിതൃ സ്വരൂപാന്വേഷണത്തെ ഇത്രയും നന്നായി മലയാള സിനിമയിൽ ആവിഷ്കരിച്ചു കണ്ടിട്ടില്ല .അച്ഛനെ അന്വേഷിക്കുന്ന മകൻ ദാസനായി അലക്സാണ്ടറും കത്തുകളിലൂടെ അവന്റെ അഛ നാവുന്ന  അമ്മുവായി അയാളുടെ സഹോദരി റോസും നന്നായി അഭിനയിച്ചിരിക്കുന്നു .അച്ഛൻ വിട്ടു പോയതിനു ശേഷം കഷ്ടപ്പാടു സഹിച്ച് കുട്ടികളെ  വളർത്തുന്ന അമ്മമാർ ഒരു   പാടു പേരൂണ്ട് നമ്മുടെ നാട്ടിൽ .കരയാനുള്ള കഴിവ് നഷ്ടപ്പെട്ടവർ ,ചിരിക്കുകയില്ലെന്നു വ്രതമെടുത്തവർ സ്നേഹം പരുഷ വാക്കുകളീലൂടെ മാത്രം പ്രകടിപ്പിക്കുന്നവർ അവരിൽ  ഒരാളായി  മികച്ച അഭിനയം  കാഴ്ചവെ ച്ചിരിക്കുന്നു ശ്വേതാ മേനോൻ .എന്നും സഹനടനാവാൻ വിധിക്ക പ്പെട്ട ആളാണല്ലോ ബിജു മേനോൻ ബിജുവിന്റെ നല്ല വേഷങ്ങളിലൊന്നാണു ഇതിലേത് .അതംഗീകരിക്കപ്പെടുകയും ചെയ്തു .ഭാഗ്യം .
    ആര്ട്ട് ഹൌസ് ,മെയിൻ സ്ട്രീം ഭേദമില്ലാതെ നല്ല സിനിമക്ലുണ്ടാവട്ടെ മലയാളത്തിൽ .
   
     

2015, ഒക്‌ടോബർ 3, ശനിയാഴ്‌ച

ഗാന്ധി ജയന്തി
പ്രൊഫസർ ടി ജെ ജോസഫ് ,അതെ കയ് വെട്ടി മാറ്റ പ്പെട്ട ആൾ തന്നെ ,ആയിരുന്നു ഇത്തവണ മഹാത്മാ വായന ശാലയുടെ ഗാന്ധി ജയന്തി പരിപാടിയിലെ മുഖ്യ പ്രഭാഷകൻ .ജോസഫ് സാർ ഒരു നല്ല അദ്ധ്യാപകനാണ് .ഗാന്ധിയുടെ അഹിംസാ സിദ്ധാന്തം അദ്ദേഹം ലളിതമായി സദസ്സിനു വിവരിച്ചു തന്നു .അഹിംസയെന്നാൽ ഹിംസ ചെയ്യാതിരിക്കുക എന്ന നിഷ്ക്രിയത്വമല്ല .അത് സക്രിയമാണ് .ദ്വേഷിക്കാതിരിക്കുകമാത്രമല്ല സ്നേഹിക്കുകയാണ് തിന്മ ചെയ്യാതിരിക്കുക മാത്രമല്ല നന്മ ചെയ്യുകയാണ് .പല വാക്കുകളും പരിശോധിച്ചത്തിനു ശേഷമാണ്  ഒടുവിൽ തന്റെ കര്മ്മ മാർഗത്തിന് അഹിംസ എന്ന് പേരിടാൻ ഗാന്ധിജി തീരുമാനിച്ചത് .കുറെയൊക്കെ നേരത്തെ കേട്ടിട്ടുള്ള കാര്യങ്ങളാണെങ്കിലും ഒരു പ്രഗദ്ഭനായ അദ്ധ്യാപകാൻ അത് വിവരിച്ചു തന്നപ്പോൾ കാര്യങ്ങൾ വ്യക്തമായി .
   അദ്ദേഹത്തിനു നേരിട്ട ദുരനുഭവങ്ങളെ ക്കുറി ച്ചു കേള്ക്കാൻ സദസ്സിനു സ്വാഭാവികമായും താല്പര്യമുണ്ടായിരുന്നു .ഏതാണ്ടൊരു നിസ്സംഗതയോടെ യാണ് പ്രൊഫ സ ർ ആ  അനുഭവങ്ങള വിവരിച്ചത് .തീവ്ര വാദികൾ കാട്ടിയതിലധികം ക്രൂരത തന്റെ സഭയും  സര്ക്കാരും തന്നോടു കാട്ടി എന്ന് പ്രഫസ്സർ പറഞ്ഞു .തീവ്ര വാദി ആക്രമണങ്ങളെ ധീരമായി ചെറുത്തു നിന്ന ഭാര്യ പക്ഷേ സഭയുടേയും സര്ക്കാരിന്റെയും നടപടികളിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത കാര്യം അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു .പലതരം സമ്മർ ദ്ദ ങ്ങളുടെ ഫലമായി ജോസഫിനെ ജോലിയിൽ തിരിച്ചെടുത്തെങ്കിലും അദ്ദേഹത്തിനെതിരെ പള്ളികളിൽ ഇടയ ലേഖനം വായിക്കാൻ സഭ മറന്നു പോയില്ല .പെന്ഷനാകുന്ന ദിവസം ആണ്  ഈ പുന പ്രവേശനം ഉണ്ടായത് എന്ന് നമ്മൾ നേരത്തെ പത്രങ്ങളിൽ വായിച്ചിരുന്നല്ലോ .
    ചോദ്യ കടലാസ്സു വിവാദം ഉണ്ടായ ഇടക്ക് അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ ജോസഫിനെ ക്കുറിച്ച് വിവരം കിട്ടാൻ അദ്ദേഹത്തിന്റെ മകനെ പോലീസു കാർ പിടിച്ചു കൊണ്ടു പോയി കുനിച്ചു നിരത്തി ഇടിക്കുകയും കാൽ വെള്ളയിൽ ചൂരലിനടിക്കുകയും ചെയ്തു .മനുഷ്യന്റെ അന്തസ്സും സ്വാവിക നീതിയും ഉറപ്പു നല്കുന്ന ഭരണ ഘടന നിലവിൽ വന്ന് ആരു പതിറ്റാണ്ടിനു ശേഷം !
   നിർഭാഗ്യത്തിന്റെ ദശാകാലത്ത് ഗീതാ ശ്ലോകങ്ങളും അവയ്ക്ക് സ്വാമി വിവേകാനന്ദൻ നല്കിയ വ്യ്ഖ്യാനങ്ങളും തനിക്കു തുണയായി എന്ന് ജോസഫ് സാർ പറഞ്ഞു .കൃസ്തു വചനങ്ങൾ ഒരദ്ധ്യായം ആണ് .കൃഷ്ണ വചനങ്ങൾ മറൊരദ്ധ്യായം ,ബുദ്ധന്റെ ഉപദേശ ങ്ങൾ ഇനിയൊന്നു .ഇങ്ങിനെ ഒരുപാടദ്ധ്യായങ്ങളുള്ള ഒരു പുസ്തകമാണ് ആത്മീയത എന്നും ഇതിലേതെങ്കിലുമൊന്നു മാത്രം ശരിയെന്നു കരുതുന്നത് മൗഢ്യ മാണെന്നും പ്രൊഫസ്സർ കൂട്ടി ചേർത്തു .

മൊയ്തീനും മറ്റു ചിലരും
 ഇന്നലെ മൊയ്തീൻ കണ്ടു  .മോയ്തീന്റെയും കാഞ്ചന മാലയുടേയും ജീവിത കഥ നേരത്തെ വായിച്ചിരുന്നു വെങ്കിലും വിശദാംശങ്ങൾ ഓർമ്മയുണ്ടായിരുന്നില്ല .ഒര്മ്മപ്പെടുത്തുന്ന എന്തെങ്കിലും തപ്പി പിടിച്ച് വായിക്കാൻ ശ്രമിച്ചതുമില്ല  .ഒരു കലാസൃഷ്ടിയെ അതായി തന്നെ കാണുന്നതാണ് നല്ലത് .അതിനാധാരാമായ യഥാർഥ സംഭവങ്ങളെ ക്കുറിച്ചുള്ള അറിവ് ,റഫറൻസുകൾ ,ആസ്വാദനത്തെ തടസ്സപ്പെടുത്തും
    ..നല്ല സിനിമ.രണ്ടാം പകുതിയിൽ മൊയ്തീന്റെ പൊതു ജീവിതം എങ്ങിനെ മുന്നോട്ടു പോയി എന്ന് വ്യക്തമല്ല എന്ന് ഒരു വിമർശനം ഉന്നയിക്കാം വേണമെങ്കിൽ .അത് പക്ഷേ ചിത്രത്തിന്റെ ശില്പഭങ്ങിയെ ബാധിച്ചിട്ടില്ല ..ആളുകള് ആസ്വദിക്കുന്നുണ്ട് എന്നതാണ്  പ്രധാന കാര്യം .മസാലയും ഡയലോഗുകളും മതി സിനിമാ പ്രേമികൾക്ക് എന്ന ധാരണ തിരുത്തപ്പെട്ടു കൊണ്ടിരിക്കുന്നു .ആളുകൾ മണിക്കൂറു കൾക്കു മുമ്പ് ക്യൂ നില്ക്കാനെത്തുന്നു ഒരു നല്ല പടം കാണാൻ .മലയാള സിനിമ യെ  സംബന്ധിച്ചിടത്തോളം പ്രതീക്ഷക്കു വക നല്കുന്ന കാര്യം
  പൃഥ്വീരാജിന്റെ താരമൂല്യം സിനിമയുടെ വ്യാപാരസാദ്ധ്യത  വർദ്ധിപ്പിക്കുന്നുണ്ടോ ?അറിഞ്ഞു കൂടാ .അദ്ദേഹം നന്നായി അഭിനയിച്ചിട്ടുണ്ട് .പാർവതിയും .നോട്ടു ബുക്കിനു ശേഷം അവര്ക്ക് കിട്ടിയ നല്ല റോൾ ഇതാണെന്നു തോന്നുന്നു .അഭിനേതാക്കളെല്ലാം അവരവരുടെ ഭാഗം ഭംഗിയാക്കി .
   ഇനി വരുന്നതാണ് എനിക്ക് പറയാനുള്ള പ്രധാന കാര്യം .സിനിമയിൽ ഞാൻ സുരഭിയെ കണ്ടു .കത്തു കയ്മാറുന്ന ജോലിക്കാരിയുടെ വേഷത്തിൽ .ചെറിയ വേഷം അവർ നന്നാക്കി .ഈ സുരഭിയെ ഞാൻ ആദ്യം കാണുന്നത് രണ്ടു മൂന്നു വർഷം മുമ്പ് ഒരു നാടകത്തിലെ പ്രധാന കഥാ പാത്രമായാണ് .ഒറ്റക്കു താമസിക്കുന്ന ഒരു യുവ വിധവ പകൽ  മാന്യന്മാരിൽ നിന്ന് നേരിടേണ്ടി വരുന്ന ഉപദ്രവങ്ങളും ആ യുവതിയുടെ ചെറുത്തു നില്പ്പുകളും അവരനുഭവിക്കുന്ന വ്യ്ഥകളും വീർപ്പുമുട്ടലുമൊക്കെയായിരുന്നു ആ നാടകത്തിന്റെ വിഷയം .അതിലെ പ്രധാന കഥാ പാത്രമായി അഭിനയിച്ച സുരഭി ഞാനുൾപ്പെടെയുള്ള കാഴ്ചക്കാരെ അമ്പരപ്പിച്ചു കളഞ്ഞു .നാടകത്തിലെ സുലോചന -ലീല -ലളിത യുഗം തിരിച്ചു വന്നതായി തോന്നി .
    സുരഭി മാത്രമല്ല കഴിവുള്ള നാടക നടന്മാരും നടികളും സിനിമയിൽ എത്തുന്നുണ്ട് ചെറിയ വേഷങ്ങളിൽ .ഒരുദാഹരണം ഗോപാലകൃഷ്ണൻ .ഈഡി പ്പസ്സിനേയും സ്വന്തം പ്രതിച്ഛായ നഷ്ടപ്പെട്ട മദ്ധ്യ വർഗ്ഗക്കാരനേയും(പ്രതി ബിംബ എന്ന മറാത്തി നാടകം ) അന്യാ ദൃശ മായ പാടവത്തോടെ രംഗത്തവതരിപ്പിച്ചിട്ടുള്ള ഗോപാലകൃഷ്ണൻ .എനിക്ക് സിനിമാ രംഗത്തെ നയിക്കുന്നവരോടു പറയാനുള്ളത് ഇതാണ് .ഈ അഭിനേതാക്കൾക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം നല്കുക .അഭിനയ സാദ്ധ്യതയുള്ള വേഷങ്ങൾ നല്കുക .അങ്ങിനെയായാൽ തില കന്മാരും ലളിതമാരും ഇനിയും ഉണ്ടായേക്കും.അവർ കൂടി യില്ലാതെ  നായികാ നായകന്മാർ മാത്രമായി സിനിമ നില നിൽക്കുകയില്ലല്ലോ