Wednesday, December 24, 2014

അദ്ധ്വാനിക്കുകയോ ഭാരം ചുമക്കുകയോ ചെയ്യാത്ത എനിക്കെന്ത് കൃസ്ത് മസ്?
എന്നു ചോദിക്കാനാ നാദ്യം തോന്നിയത് .ആശംസ നേർന്ന സുഹൃത്തിനെ അലോ രസപ്പെടുതേണ്ടാ  എന്നു കരുതി ചോദിച്ചില്ല .ഒരു പ്രവാചകൻ ,വിപ്ലവ കാരി ജന്മ മെടുക്കുന്നത് ഒരു സവിശേഷ ഭൌതിക സാഹചര്യത്തിലാണ് .മനുഷ്യന്റെ സാമൂഹ്യാസ്തിത്വം സുഗമ മാക്കുന്നതിന് വേണ്ടി നിലവിൽ വന്ന നിയമ സംഹിതകൾ ദുഷിക്കുകയോ പൂർണ മായും അപര്യാപ്തമാവുകയോ ചെയ്യുന്ന ഘട്ടത്തിൽ .എന്നോ നിലനിന്നിരുന്നു വെന്ന് വിശ്വസിക്കപ്പെടുന്ന ഒരു യുറ്റോപിയാ ക്ക് വേണ്ടി പൊരുതി പരാജയപ്പെട്ട് അവർ വേദനയോടെ മടങ്ങുന്നു .ഒളിയമ്പ് കൊണ്ട് ,കുരിശിലേറ്റപ്പെട്ട് ,വെടി യുണ്ട കൊണ്ട്  --.കൃത യുഗം അല്ലെങ്കിൽ ദൈവ രാജ്യം അതുമല്ലെങ്കിൽ സമത്വ സുന്ദരമായ സാമൂഹ്യ വ്യവസ്ഥ ഒന്നും അവരെ പിന്തുടർന്നെത്തുന്നില്ല .
   അപ്പോൾ ക്രിസ്തുവും കൃഷ്ണനും ഗാന്ധിയും മാര്ക്സുമൊക്കെ വ്യർഥ ജന്മങ്ങളായിരുന്നു വെന്നോ ?അല്ല .നമുക്ക് ജീവിതം ജീവിതവ്യമായത് അവരുടെ വാക്കുകകളും പ്രവര്ത്തികളും കൊണ്ടാണു .;അവർ നല്കിയ ഒരു നല്ല നാളെയെ ക്കു റി ച്ചുള്ള പ്രതീക്ഷ നമ്മൾ ഇപ്പോഴും വെച്ചു പുലർത്തുന്നത് കൊണ്ടാണ്.
    അന്തിമ വിപ്ലവത്തി നു ശേഷം നിലവിൽ വരുന്നസമത്വ സുന്ദരമായ  സാമുഹ്യ വ്യവസ്ഥ യുടെ ഘടന എന്തായിരിക്കുമെന്ന് മാര്ക്സോ ഏങ്ങെൽസോ ഒരക്ഷരവും പറഞ്ഞിട്ടില്ല .പക്ഷെ പില്ക്കാലത്ത് അത് പലരും ഭാവന ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് .കുടിയോഴിക്കലിലെ അവസാന അദ്ധ്യായമാണ്‌ മലയാള ത്തിൽ നിന്നുള്ള ഏറവും പ്രസിദ്ധമായ ഉദാഹരണം .അത് പക്ഷേ കവിതയാണ് .കൂടുതൽ വസ്തു നിഷ്ഠ മായ നിര്വചനം നല്കിയിട്ടുള്ളത് പോസ്റ്റ് ഫ്രോയിഡിയൻ മനശാസ്ത്രഞ്ജ നായ എറിക് ഫ്രോം ആണ്.അയല്ക്കാരന്റെ നിലനില്പ്പ് സന്തോഷ കരമായ അനുഭവമാണെന്ന് ഓരോരു ത്തര്ക്കും തോന്നുന്ന അവസ്ഥയാണു കമ്മ്യ്യൂണിസമെന്ന് അദ്ദേഹം പറയുന്നു .ഇപ്പോഴത്തെ പ്പോലെ അയല്ക്കാരന് വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്ന അവസ്ഥ യല്ല  അയല്പക്കം തീര്ത്തും ആഹ്ലാദകരമാവുന്ന അവസ്ഥ .തന്നെ പ്പോലെ തന്നെ തന്റെ അയല്ക്കാരനെയും സ്നേഹിക്കുന്ന ഒരു സമൂഹം .
    ഇതാദ്യം പറഞ്ഞത് കൃസ്തു യേശു വല്ലേ ?അതെ .പക്ഷേ മറ്റു പ്രവാചകന്മാരും മറ്റു വാക്കുകളിൽഇത് തന്നെ പറഞ്ഞിട്ടില്ലേ ?ഉണ്ട് .പക്ഷേ അത് കൊണ്ടു ക്രിസ്തു വചനത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല .
    സ്ഥിതി സമത്വത്തെ നിര്വചിക്കുക മാത്ര മല്ല അതിനു വേണ്ടി കുരിശേ റു കയുംചെയ്ത മഹാവിപ്ലവകാരിക്ക് എന്റെ വാടിയ രക്ത പുഷ്പങ്ങൾ കൊണ്ടുള്ള പാദപൂജ .നല്ല  നാളെയിൽ പ്രതീക്ഷയർപ്പിച്ചിട്ടുള്ള എല്ലാ സുമനസ്സുകൾക്കും എന്റെ ആശംസകളും

Wednesday, November 19, 2014

കഴിഞ്ഞൊരു ദിവസം കൃത്യമായി പറഞ്ഞാൽ നവംബർ 13 ആം തീയതി എം വി ബെന്നിയെ കണ്ടു സംസാരിച്ചു തൃ പ്പൂണിത്തുറ ഗവണ്മെന്റ് കോളേജിലെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ വെച്ച് .മേയ് മാസം 19 ആം തീയതിക്ക് വെച്ചിരുന്ന കൂടി ക്കാഴ്ച ആയിരുന്നു .അന്നാണ് ബെന്നിക്ക് അപകടം പറ്റിയത് .വളരെ ഗുരുതരമായ ഒരപകടം .ഓർമ്മയും സംസാര ശേഷിയും  നിശേഷം നഷ്ടപ്പെട്ട് ,അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് തീർച്ചയാക്കനാവാതെ  ആശു പത്രി  മുറിയിൽ കുറച്ചു മാസങ്ങൾ കഴിച്ചു കൂട്ടി അദ്ദേഹം .വിദഗ്ദ്ധ ചികിത്സ കൊണ്ടും ഒട്ടനവധി പേരുടെ പ്രാർഥന കൊണ്ടും അദ്ദേഹം പൂർണ്ണ സുഖം പ്രാപിച്ചു .ഓർമ്മയും സംസാര ശേഷിയും തിരിച്ചു കിട്ടി .എന്തിനാണു മേയ് മാസത്തിൽ ഞങ്ങൾ കാണാൻ തീരുമാനിച്ച്ചിരുന്നതെന്ന് ബെന്നി കൃത്യമായി ഓർത്തെടുത്തു.
    മറ്റുള്ളവർക്ക്   നിസ്സാരമെന്നു ന്യായമായും തോന്നുമെങ്കിലും എനിക്ക് വളരെ പ്രധാനമാണ് എന്റെ എഴുത്ത് .അത് സാദ്ധ്യമാക്കിയ ചുരുക്കം ചിലരിൽ പ്രമുഖനാണ് എം വി ബെന്നി .കേരളത്തിന്റെ ധൈക്ഷണിക ലോകത്തേക്ക് പൂർണ പ്രഭാവത്തോടെ ബെന്നി മടങ്ങിയെത്തിയതിൽ ഞാൻ അത്യധികമായി ആഹ്ലാദിക്കുന്നു .

Friday, November 14, 2014

നവംബർ14/ 2014 -നെഹ്രുവിന്റെ 125 ആം ജന്മദിനം
, ഗാന്ധി തന്റെ മാനസ പുത്രനായി ക്കരുതിയിരുന്നസ്വാതന്ത്ര്യ സമര സേനാനി,  ,കവിതയോളം മനോഹരമായ ഗദ്യമെഴുതിയിരുന്ന ചരിത്രകാരൻ ,സ്വതന്ത്ര ഇന്ത്യ യുടെ ആദ്യത്തെ പ്രധാന മന്ത്രി ,ചേരി ചേരാ നയത്തിന്റെ ഉപജ്ഞാതാവ്. ജവഹർലാൽ നെഹ്രു ഇതൊക്കെയായിരുന്നു .
  പഞ്ച വത്സര പദ്ധതിയിലൂടെ സാമ്പത്തിക വികസനം പാർലിമെന്ററി ജനാധി പത്യ  വ്യ്വസ്ഥ യിലും സാദ്ധ്യമാകുമെന്ന്  അദ്ദേഹം തെളിയിച്ചു .
 ജനങ്ങളിൽ മുക്കാൽ പങ്കും നിരക്ഷര രായ ഒരു രാജ്യത്ത് പ്രായ പൂർത്തി യായ  എല്ലാവര്ക്കും വോട്ടവകാശം എന്ന സമ്പ്രദായം ഫല പ്രദമാവുമോ എന്ന് സംശയിച്ചവർ ഉണ്ടായിരുന്നുവത്രേ നേതൃ നിരയിൽ .നെഹ്രു വിനു പക്ഷേ സംശ യമൊന്നു മുണ്ടായിരുന്നില്ല .ഇന്ത്യൻ ഗ്രാമീണന്റെ സഹജാവ ബോധം എപ്പോഴും ശരിയായ തെരഞ്ഞെടുപ്പുകൾ തന്നെ നടത്തുമെന്ന് വിശ്വസിച്ച അദ്ദേഹം എല്ലാ പൌരന്മാർക്കും വോട്ടവകാശം നല്കണം എന്ന് വാശി പിടിച്ചു കറ കളഞ്ഞ ജനാധിപത്യ വാദിയാണ് താനെന്നു തെളിയിച്ചു .
   തന്റെ ഭരണത്തിന്റെ 15 ആം വർഷത്തിൽ പക്ഷേ നെഹ്രു ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും നിയമ വിധേയ മായി പ്രവർത്തിച്ചിരുന്ന ഒരു പ്രതിപക്ഷ കക്ഷിയുടെ നേതാക്കന്മാരെ മുഴുവൻ തടവിലാക്കുകയും ചെയ്തു .ഈ വൈരുദ്ധ്യം പക്ഷേ ചർച്ച ചെയ്യ പ്പെടാറില്ല .
 അതു നില്ക്കട്ടെ രാഷ്ട്ര ശില്പിക്ക് പ്രണാമങ്ങൾ

Friday, October 17, 2014

                                                  പ്രജാ ഹിതാനുസാരിയായ രാജധർമ്മം(Article published in MATHRUVANI JANMA DINA PATHIP 2014)
                                              ------------------------------------------------------
                  (രാമരാജ്യത്തിന്റെ അടിസ്ഥാനമായി വര്ത്തിക്കുന്ന ധര്മ്മ ബോധത്തെ ക്കുറിച്ച് )
                                                                       ആർ .എസ. കുറുപ്പ്
                                                                     -------------------------
                                    "നൃശംസമനൃശംസം വാ പ്രജാ രക്ഷണ കാരണാത്                                                                                 പാതകം വാ  സദോഷം വാ കര്ത്തവ്യം രക്ഷതാ സതാം "
        (പ്രജകളുടെ രക്ഷിതാവിന്  പ്രജാരക്ഷ ണാർഥം ക്രൂരമോ സൗമ്യമോ പാപമോ ദോഷമോ          ആയതൊക്കെയും ചെയ്യേണ്ടി വരും )-(വാല്മീകി രാമായണം ,ബാല കാണ്ഡം -25-18 )
വിശ്വാമിത്രൻ താടകാ വധത്തിനു മുമ്പ് രാമനു നൽകുന്ന ഉപദേശമാണ് .ഈ ഉപദേ ശ ത്തിന്റെ സാരാംശം രാമനുപക്ഷേ  പാരമ്പര്യ ലബ്ധ മായിരുന്നു .പ്രജാക്ഷേമം ജീവിത വ്രത മായിരുന്നു രാമന്റെ പൂർവികർക്കും .പ്രജാക്ഷേമം എന്നാൽ ജന സമൂഹത്തിന്റെ പൊതുവായ ഇഛ ,പില്ക്കാലത്ത് റുസോ general will  എന്നു പേരിട്ടു വിളിച്ചതു തന്നെ .പ്രജാക്ഷേമം രാജ നീതിയുടെ ഏക നിയാമകം ആവുന്നത് രാമന്റെ കാലത്തായതു കൊണ്ടാവാം രാമരാജ്യം സമ്പൂർണ ക്ഷേമ രാഷ്ട്രം എന്നതിന്റെ പര്യായമായി മാറിയത് .
    പ്രജാ ക്ഷേമ തൽപ്പരതയെ അടി സ്ഥാ നമാക്കിയുള്ള ധർമ്മബോധം ബാല്യത്തിൽ തന്നെ രാമനിൽ പ്രകടമായിരുന്നു .വിശ്വാമിത്രനു മൊത്തുള്ള യാത്ര തന്നെ ധർമ്മ പരിപാലനത്തിനു വേണ്ടി യായിരുന്നുവല്ലോ.   ഋഷിമാർ സ്വർഗ്ഗ പ്രാപ്തിക്കു വേണ്ടി നടത്തിയിരുന്നതല്ലയാഗങ്ങൾ .സമൂഹ നന്മ യായിരുന്നു അവയുടെ ലക്‌ഷ്യം . അതു കൊണ്ടു തന്നെ യാഗരക്ഷ ഭരണകൂടത്തിന്റെ ചുമതലയുമായിരുന്നു .ആ ചുമതലയെ ക്കുറിച്ച് ബോധവാനായിരുന്നതു കൊണ്ടാണ് കൌമാരത്തിൽ തന്നെ രാക്ഷസരെ നേരിടാൻ രാമൻ തയാറായത് .  ഈ ധർമ്മ ബോധം തന്നെയാണു പരശുരാമനുമായുള്ള സംഘർഷത്തിലും പ്രകടമാവുന്നത് .രാജ്യത്തിന്റെ പരമാധികാരം ബ്രഹ്മണനൊ ക്ഷത്രിയനോ കയ്യാളേണ്ടത് എന്ന  തർക്കം അന്ന് നിലവിലുണ്ടായിരുന്നിരിക്കണം .ബ്രാഹ്മണ പക്ഷത്തിന്റെ പ്രതിനിധിയാണ് പരശുരാമൻ .വൈദികനും ജ്ഞാ നിയുമായ ബ്രാഹ്മണനു ഭരണത്തിൽ മാന്യമായ സ്ഥാനം നൽകിക്കൊണ്ടു തന്നെ രാജ്യത്തിന്റെ പരമാധികാരം ക്ക്ഷത്രിയനിൽ നിക്ഷിപ്ത മായിരിക്കണമെന്ന വിശ്വാസം പുലര്ത്തിയിരുന്നവരുടെ പ്രതിനിധിയാണ് രഘുരാമൻ .ആ വിശ്വാസത്തെ വെല്ലുവിളിച്ച പരശു രാമനെ നേരിടുക എന്നത് രാമന്റെ സ്വധർമ്മാനുഷ്ട്ടാനത്തിന്റെ ഭാഗമായിരുന്നു .അതദ്ദേഹം നിര്വഹിക്കുകയും ചെയ്തു .
       പരശു രാമനെ നേരിടുന്നതിലധികം മനോബലം വേണംകയ്യിൽ വന്നുചേർന്ന അധികാരം ഉപേക്ഷിക്കുന്നതിന് .വിഛിന്നാഭിഷേകമാണു ഇവിടെ വിവക്ഷ .കൈകേയിയുടെ ആവശ്യ ത്തിന്റെ  അടിസ്ഥാനം  കോസലവും കേകയവും തമ്മിലുള്ള ഒരു രാജകീയ ഉടമ്പടി യാണെന്നതിനു രാമായണത്തിൽ തന്നെ തെളിവുകളുണ്ട് ;ആ ഉടമ്പടിയെ ക്കുറിച്ച് രാമനു അറിവുണ്ടെന്നതിനും.(അയോധ്യാ കാണ്ഡം 107-3) ഉടമ്പടിയുടെ പാലനം തന്റെ ധർമ്മ മാണെന്നു ബോധ്യമുള്ള രാമൻ അച്ഛന്റെ ആഞ്ജക്കു വേണ്ടി പ്പോലും കാത്തു നിന്നില്ല ."അങ്ങിനെയാകട്ടെ .ഞാൻ രാജാവിന്റെ പ്രതിഞ്ജ പാലിക്കുന്നതിനു വേണ്ടി ജടാധാരിയായി തോൽ ഉടുത്തു കൊണ്ട് കാട്ടിലേക്ക് പോകാം "(അയോദ്ധ്യാ കാണ്ഡം -19-2 )
എന്നായിരുന്നു അദ്ദേഹം കൈകേയിയോടു  പറഞ്ഞത് .ഉത്തമനായ മനുഷ്യനെയാണ്‌ വാല്മീകി തേടിയതും കണ്ടെത്തി തന്റെ കാവ്യത്തിലൂടെ ആവിഷ്കരിച്ചതും .രാമൻ മനുഷ്യനായിരുന്നു .അതു കൊണ്ടു തന്നെ വനവാസത്തിന്റെ ആദ്യ കാലത്ത് കൗസല്യയേ യും സുമിത്രയേയും ചൊല്ലി അദ്ദേഹം ഉത്ക ന്റ്റ പ്പെടുകയും ചെയ്തിരുന്നു ;ഭരതന്റെ മനസ്ഥിതി മനസ്സിലാവുന്നത് വരെ.ഉപജാപങ്ങളും സപത്നീ മത്സരങ്ങളും മറ്റുംകൊണ്ടു അന്ത പ്പുരങ്ങൾ ദൂഷിതമാവാരുണ്ടായിരുന്ന ഒരു കാലത്ത് ഇത്തരം ഉൽകണ്ഠകൾ സ്വാഭാവികമായിരുന്നു .ഈ മാനുഷിക ഭാവങ്ങൾ അദ്ദേഹത്തിന്റെ മഹത്വത്തിനു ലോപം വരുത്തുകയല്ല മറി ച്ച് മാറ്റു കൂട്ടുകയാണു ചെയ്യുന്നത് .
     രാമന്റെ    ധർമ്മ സംബന്ധിയായ നിശ്ചയ ദാർഢ്യം എറ്റവും കഠി നമായ പരീക്ഷണത്തിനു വിധേയമാക്കപ്പെട്ട ഒരു സന്ദർഭ മാണ്‌ രാക്ഷസ വധത്തിനു ശേഷമുള്ള സീതാ സമാഗമം .'അസ്നാതാ ദ്രഷ്ടു മിച്ഛാ മി ഭർത്താരം 'എന്ന സീതാവാക്യം സുവിദിതമാണ് .'കുളിക്കാത്തവളായി ഭർത്താവിനെ കാണാൻ ഞാനാഗ്രഹിക്കുന്നു' എന്ന് വാച്യാർഥം 'യുദ്ധം കഴിഞ്ഞ് സീത പ്രതീക്ഷിച്ച തു പോലെ രാമൻ സീതയുടെ അടുത്തേക്ക് ഓടി ചെല്ലുകയുണ്ടായില്ല .പകരം കുളിച്ച് വിഭൂഷിതയായി സദസ്സിൽ സന്നിഹിതയാവാൻ വിഭീഷണൻ വഴി ആഞ്ഞ്ജാപിക്കുകയായിരുന്നു അ ദ്ദേഹം ചെയ്തത് . അതിലുള്ള അസംപ്തൃത്തി പ്രകടിപ്പിക്കുകയായിരുന്നു സീത മുൻ പറഞ്ഞ ശ്ലോകാ ർ ഥ ത്തി ലൂ ടെ .ആഞ്ജ നടപ്പാക്ക പ്പെട്ടു .സദസ്സിൽ സന്നിഹിതയായ സീതയ്ക്   കേൾക്കേണ്ടി വന്നത് രാമനിൽ നിന്ന്  ഒരിക്കലും പ്രതീക്ഷിക്കാത്ത പരുഷ ഭാഷണമാണ് ."ചാരിത്ര്യം സം ശ യിക്കപ്പെട്ട നിലയിൽ നില്ക്കുന്ന നീ എനിക്ക് നേത്ര രോഗിക്ക് ദീപം പോലെ ദുസ്സഹയാണ് .നിന്നെക്കൊണ്ട് എനിക്കൊരു കാര്യവുമില്ല .പത്തു ദിക്കുകളിലെവിടേക്കു വേണമെങ്കിലും പൊക്കൊള്ളുക "എന്നു മാത്രമല്ല രാമൻ സീതയോടു പറഞ്ഞത് .അനുജന്മാരിൽ ആരുടെയെങ്കിലും അതല്ലെങ്കിൽ വിഭീഷണന്റെയോ സുഗ്രീവന്റെയോകൂടെ പൊറുത്തു    കൊള്ളാൻ കൂ ടി  നിർദ്ദേശി ച്ചു അദ്ദേഹം.സ്വത സിദ്ധ മായ തന്റേടത്തോ ടെ യും ആർജവത്തോടെയും മറുവാക്കു പറഞ്ഞ സീത തുടർന്ന്  തനിക്കൊരു ചിത ഒരുക്കിതരാൻ ലെക്ഷ്മണനോടാവശ്യപ്പെട്ടു .രാമൻ വേണ്ടെന്നു പറയാത്തതു കൊണ്ട് ലക്ഷ്മണൻ അഗ്നി ജ്വലിപ്പിച്ചു സീത അതിൽ പ്രവേശി ക്കുകയും ചെയ്തു .
അപ്പോൾ രാമനോ ? ആദികവി തന്നെ പറയട്ടെ:" ദദ്ധ്യൗ മുഹുര്ത്തം ധർമ്മാത്മാ ബാഷ്പ വ്യാകുല ലോചന ഃ "(ധര്മ്മാത്മാവായ രാമൻ വ്യാകുലനായി കണ്ണു നീർകൊണ്ടു കണ്ണ്കലങ്ങി ഒട്ടുനേരം ഇരുന്നു .).തുടര്ന്നു തൃ മൂർത്തി കളെ ത്തി രാമന്റെ അവതാര രഹസ്യം വെളിപ്പെടുത്തുന്നു ;അദാഹ്യയായ സീതയുമായെത്തിയ അഗ്നിദേവൻ പരിശുദ്ധയായ സീതയെ സ്വീകരിക്കുവാൻ രാമനോടാഞ്ജാപിക്കുന്നു.പ്രസക്തമായ വാല്മീകി രാ മായണ ശ്ലോകം :"വിശുദ്ധ ഭാവാം നിഷ്പാപാം പ്രതിഗൃഹി ണീ ഷ്വ രാഘവ / ന കിഞ്ചിതഭിധാ തവ്യ മഹ മാഞ്ജാ പയാമി തേ ".(യുദ്ധ കാണ്ഡം 121-10 ).രാമൻ സ്വീകരിച്ചു വന്നു മാത്രമല്ല സീതയുടെ വിശുദ്ധിയിൽ തനിക്കൊരു സം ശ യവുമുണ്ടായിരുന്നില്ലെന്ന സത്യം വെളിപ്പെടുത്തുകയും ചെയ്തു .പതിവ്രതയായ സീതയെ മനസ്സു കൊണ്ടു പോലും തീണ്ടുവാൻ രാവണനെന്നല്ല ആർക്കും കഴിയുകയില്ലെന്ന് തനിക്കറിയാം ;പക്ഷേ ജാനകി പരിശുദ്ധ യാണെന്നു തെളിയിക്കാത്ത പക്ഷം ജനങ്ങൾ തന്നെ 'ദശ രഥ പുത്രനായ രാമൻ കാമിയും ചപലനുമാണെ'ന്നു ദുഷിക്കും എന്നു രാമൻ പറഞ്ഞു.പക്ഷേ അത്ര മാത്രമല്ല അദ്ദേഹം പറഞ്ഞത് ." ശുഭ യായ ഈ സീത രാവണാന്ത പുരത്തിൽ താമസിച്ചു വെന്ന നാണം കെട്ട ദുഷ്കീർത്തിക്കർഹയല്ല .സൂര്യനിൽ നിന്നു പ്രഭ വേർപെട്ടു നിൽകാത്തതു പോലെ എന്നിൽ നിന്നു സീത വേർപെട്ടു നിൽക്കുകയില്ല ".(യുദ്ധ കാണ്ഡം 121-19 ) എന്നു കൂടി രാമൻ പറയുന്നുണ്ട് .
 അപ്പോൾ അഗ്നി പ്രവേശവും അതിലേക്ക് നയിച്ച പരുഷ ഭാഷണവും രാമനു ദുഷ്പേരു ണ്ടാ വാതിരിക്കാൻ മാത്രമായിരുന്നില്ല സീതയ്ക്കുണ്ടായേക്കവുന്ന ദുഷ്പേരു മുൻ കൂട്ടി തടയാൻ വേണ്ടി ക്കൂ ടിയായിരുന്നു .
  "അനന്യാ ഹി മയാ സീതാ ഭാസ്കരേണ യഥാ പ്രഭാ " എന്നു രാമൻ ദൃ ഢമായി വിശ്വസിച്ചിരുന്നു വെന്ന കാര്യത്തിൽ ആദി കവിക്ക് ഒരു സംശ യവുമുണ്ടായിരുന്നില്ല .യുദ്ധാനന്തരം സീതയെ സന്ദർശിച്ചു വന്ന ഹനുമാൻ രാമനോട് ദേവിയുടെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറയുന്നു .ഹനുമദ് വാക്യം കേട്ടപ്പൊഴത്തെ ശ്രീരാമന്റെ പ്രതികരണം വാല്മീകി വർണിച്ചിരിക്കുന്നത് നോക്കുക :
"ഏവ മുക്തോ  ഹനുമതോ രാമോ ധർമ്മ ഭ്റു താം വരഃ
അഗഛത് സഹസാ ധ്യാനമീഷദ് ബാഷ്പ പരി പ്ലുതഃ
ദീർഘമുഷ്ണം വിനിശ്വസ്യ മേദിനീമവലോകയൻ ----"
ഒരിറ്റു കണ്ണീർ  വാർത്ത് ചുടു നെടുവീർപ്പിട്ട് നിലത്തു നോക്കി മുഹൂർത്ത നേരം വിചാര മഗ്നനായിരിക്കുന്ന രാമന്റെ ചിത്രം ശ്രദ്ധിച്ചു നോക്കിയിട്ടുള്ള വര്ക്കൊക്കെ മനസ്സിലാവും രാമൻ ഒരിക്കലും സീതയെ സം ശ യിച്ചിട്ടേയില്ലെന്നു .റാണി സംശ യാതീത യായിരിക്കണമെന്ന ഇന്നും പ്രസക്തമായ രാജധർമ്മം നടപ്പാക്കുക മാത്രമായിരുന്നു അദ്ദേഹം .ഈ ധർമ്മ പരിപാലന ത്വരയാണ് നിർവാസ ദണ്ടനത്തിനു പ്രേരകമായത് .അപ്പോഴും  സീത പരിശുദ്ധ യാണെന്നു അന്തരാത്മാവ് കൊണ്ടറിഞ്ഞിരുന്നു രാമൻ.നിർവാസ നിശ്ചയംഅറിയിച്ചു കൊണ്ട് രാമൻ സഹോദരൻമ്മാരോട്   പറയുന്നു "അന്തരാത്മാ ച മേ വേത്തി സീതാം ശുദ്ധാം യശസ്വിനിം "ഉത്തര കാണ്ഡം 45-10 ).
    നിർവാസ ദണ്ടനം അതിന്റെ ധാർമികത കൊണ്ടു മാത്രമല്ല കാര്യ ക്ഷമത കൊണ്ടു കൂടി ശ്രദ്ധേയമാണ് .ശിക്ഷാ വിധി യെക്കുറിച്ച് രാമ സഹോദരൻമ്മാരല്ലാതെ സുമന്ത്രർ പോലും അറിഞ്ഞിരുന്നില്ല .വാല്മ്മീക്യാശ്രമപ്രാന്തത്തിലെത്തുന്നതു വരെ സീതയും .സീതയെ ആശ്രമ പ്രാന്തത്തിൽ വിട്ട് നദിയുടെ മറുകരയിലെത്തി തേരിൽ കയറിയ ലക്ഷ്മണൻപക്ഷേ വാല്മീകി വന്ന് ദേവിയെ  ആശ്രമത്തിലേക്ക് കൂട്ടി കൊണ്ടു പോകുന്നത് നേരിൽ കണ്ടു ബോദ്ധ്യ പ്പെട്ട ശേഷമാണു മടങ്ങിയത് .(ഉത്തര കാണ്ഡം 49 ആം സർഗ്ഗം .50അaam സര്ഗ്ഗം ആദ്യ ശ്ലോകം )അപ്പോൾ രാമൻ  സീതയെ കാട്ടിലുപേക്ഷിക്കുകയായിരുന്നില്ല വാല്മീക്യാശ്രമാത്ത്തിൽ സുരക്ഷിതയായി എത്തിക്കുകയായിരുന്നു .
  ഹ്രസ്വമായ ഒരു കാലയളവിൽ മാത്രമാണല്ലോ മഹാരാജാവായ രാമനും മഹാറാണി സീതയും ഒരുമിച്ച്കൊട്ടാരത്തിൽ  താമസിക്കുന്നത്.ആ കാലത്തെ അവരുടെ ചര്യകൾ വാല്മീകി വർണ്ണിച്ചിരിക്കുന്നത് നോക്കുക .പട്ടാഭിഷേകത്തിനു ശേഷം തന്നെ പ്രതിനന്ദിക്കാനെത്തിയ മഹർഷിമാരെ തിരിച്ചയച്ചതിനു ശേഷം ഒരു ഋതു കാലം മുഴുവൻ രാമൻ സീതയുമായി രമിക്കുകയായിരുന്നു .അതിനു ശേഷമാണ് രാജകീയ ഉത്തര വാദിത്വങ്ങൾ പൂർണമായി എറ്റെടുത്തത് .അപ്പോഴും എല്ലാദിവസവും പൂർവാഹ്നം രാജസഭയിലും അപരാഹ്നം അന്തപുരത്തിൽ സീതയോടോ  പ്പവുമാണ് അദ്ദേഹം ചെലവഴിച്ചത് (ഉത്തര കാണ്ഡം 42-23 ).തന്റെ വർണ്ണ ധർമ്മമായ രാജഭരണം പോലെ ആശ്രമ ധർമ്മമായ ഗാർഹസ്ഥ്യവും അദ്ദേഹം കൃത്യമായി നിർവഹിച്ചിരുന്നു .
   നിർവാസമോ സീതയുടെ അന്തർധാനം പോലുമോ രാമന്റെ സീതാ വിഷയകമായ പ്രണയത്തിനു ഒരു ലോപവും വരുത്തിയില്ല .സീത രാമന്റെ ഹ്രുദയത്തിലുണ്ടായിരുന്നു .സീതയുടെ അന്തർധാനം കൊണ്ടു പ്രസിദ്ധമായ ആ അ ശ്വ മേധത്തിനു ശേഷവും രാമൻ അനവധി യാഗങ്ങൾ നടത്തി .എല്ലാറ്റിലും സീത ,സീതയുടെ സ്വർണ്ണ പ്രതിമ തന്നെയായിരുന്നു യജമാന പത്നീ പദം അലങ്കരിച്ചിരുന്നത് .മറ്റൊരു പത്നിയെ സ്വീകരിക്കുന്ന കാര്യം അദ്ദേഹംആലോചിച്ചതേയില്ല ഒരിക്കൽ പോലും .(ഉത്തര കാണ്ഡം -99-6,7).പക്ഷേ വീണ്ടും സ്വീകരിക്കണമെന്നുണ്ടെങ്കിൽ സീത പൌര സമക്ഷം സത്യം ചെയ്യണമെന്നുള്ള ഉപാധിയിൽ അദ്ദേഹം ഉറച്ചുനിന്നു .സീത പരിശുദ്ധ യാണെങ്കിൽ മാത്രം തന്റെ ബഹു സഹസ്ര വർഷങ്ങളിലെ തപസ്സിനു ഫലം കിട്ടിയാൽ മതി എന്ന വാൽമ്മീകിയുടെ ശ പഥം പോലും ഇക്കാര്യത്തിൽ രാമനെ പിന്തിരിപ്പിക്കാൻ പര്യാപ്തമായില്ല .സീത കോസലത്തിലെ പൗരന്മാരുടെയും ജാനപദന്മാരുടേയും മഹാരാണിയാണ് .അപവാദം പറഞ്ഞു പര ത്തിയതും ഇവർ  തന്നെയാണ് .സ്വന്തം പരിശുദ്ധി സീത അവരെ ബോദ്ധ്യ പ്പെടുത്തേണ്ടതുണ്ട് .അതിൽ വിട്ടുവീഴ്ചയില്ലസീത നിർദോഷ യാണെന്ന് തനിക്കു വ്യക്തമായി അറിയാമെങ്കിൽ കൂ ടി  .ഇതാണ് രാമൻ യാഗശാലയിൽ വെച്ച് വാല്മീകിയോടു പറഞ്ഞതിന്റെ പൊരുൾ .തന്റെ കുലത്തിനും  ശ്രുതത്തിനും വ്യക്തിത്വത്തിനും അനുരോധമായ വിധത്തിൽ സീത വിശു ദ്ധി തെളിയിക്കുകയും ചെയ്തു .
    പൊരാണിക കാലം മുതൽക്കിന്നോളം ഇന്ത്യൻ സമൂഹം സ്നേഹത്താലല്ല ധർമത്താലാണു സംഘടി ക്കപ്പെട്ടിരിക്കുന്നത് . ധര്മ്മം എന്നാ ൽ ധരിക്കുന്നത് ,താങ്ങി നിർത്തുന്നത് എന്നാണല്ലോ .ശരി യാണ് ഒരു സമൂഹത്തിന്റെ അസ്തിത്വംനിർണ്ണയിക്കന്നത് സുപരീക്ഷിതങ്ങളായ ചില സനാതന മൂല്യങ്ങളാ ണ്.ഈ മുല്യങ്ങൾക്ക് അനുരോധമാവുംപ്പൊൾ മാത്രമേ വ്യക്തികളുടെ പരസ്പര രതി സ്വീകാര്യമാവൂ .സമൂഹ നിര്മ്മിതിയെ ക്കുറിച്ച് ഭാരതീയർ സഹസ്രാബ്ദങ്ങൾക്ക് മുമ്പു തന്നെ കണ്ടെത്തിയ ഈ തത്വത്തിന്റെ മനോഹരമായ കാവ്യാവിഷ്കാരമാണു ആദി കാവ്യം .
    അപ്പോൾ ഒരു ചോദ്യമുണ്ടാവാം .പരസ്പര രതി അടിസ്ഥാന മാക്കിയുള്ള കുടുംബം എന്ന ഏകകമില്ലാതെ സമൂഹമുണ്ടാവുമോ ?ഇല്ല .പൂർണ്ണ സമത്വം സാധിതമാവുന്ന അതി വിദൂര ഭാവിയിൽ സമൂഹത്തിന്റെ അടിസ്ഥാന ഏകകം എന്താവുമെന്ന് അന്നത്തെ യുവ തലമുറ തീരുമാനിക്കുമെന്നും അതു വരെ ഒരു പുരുഷന് ഒരു സ്ത്രീ എന്ന ഏകദാമ്പത്യകുടുംബ വ്യവസ്ഥ നിലനില്ക്കുമെന്നും ഏംഗല്സ് പറയുന്നു (കുടുംബം ,സ്വകാര്യസ്വത്ത് ,ഭരണകുടം ഇവയുടെ ഉദ്ഭവം ).പക്ഷേ ഇപ്പോൾ നിലനില്ക്കുന്ന ഏകദാമ്പത്യം സ്ത്രീ പുരുഷ പ്രേമത്തിൽ അധിഷ്ഠിതമല്ലെന്നും പുരുഷ മേധാവിത്വം ഊട്ടി ഉറപ്പിക്കുകയാണ് അതു നിര്വഹിക്കുന്ന ധർമ്മമെന്നും  ഏംഗല്സ്അഭിപ്രായ പ്പെട്ടിട്ടുണ്ട് .അപ്പോൾ സ്ത്രീ പുരുഷ പ്രണയത്തിൽ അടിയുറച്ച ഏകദാമ്പത്യ കുടുംബങ്ങളാ കണം ഒരു ആദർശ സമൂഹത്തിന്റെ അടിത്തറ എന്നത് പ്രായോഗികമായി എല്ലാക്കാലത്തേക്കും ബാധകമായ ഒരു സത്യമാണെന്ന് സമ്മതിക്കേണ്ടിവരും .അത്തരമൊരു ആദർശ ദാമ്പത്യത്തിന് ഉത്തമവും അനന്യവുമായഒരു  ഉദാഹരണമുണ്ട്. വന വാസത്തേയും വിരഹത്തേയും .അപഹരണത്തേയും തർജ്ജനത്തേയും നിർവാസത്തേയും അന്തർദ്ധാനത്തേയുംരാഷ്ട്രത്തിന്റെ പൊതുവായ ക്ഷേമത്തിനു വേണ്ടി ഏറ്റു വാങ്ങു മ്പോഴും പൊലി യാതെജ്വലിച്ചു നിന്ന പ്രണയത്തിലധിഷ്ടിതമായ സീതാ രാമ ദാമ്പത്യം .
  വെറുതെയല്ല രാമായണം ആദി കാവ്യവും വാല്മീകി ആദി കവിയുമായത് .'വ്യസനം പുളിപ്പിച്ച വാക്കു വാല്മീകി തൻ പഴയോരടുപ്പിൽ വേവിച്ചാ'ണ്കുടുംബവും സമൂഹവും രാഷ്ട്രവുമെല്ലാം പ്രഘോഷിക്കപ്പെടുന്നത് ഇപ്പോഴും . .

      

      

Wednesday, October 8, 2014

ഇന്നു വി കെ കൃഷ്ണ മേനോന്റെ 40 ആം ചരമ വാര്ഷിക ദിനമാണ് .അദ്ദേഹത്തിന്റെ പേരിൽ ഒരു സംഘടന നടത്തി പ്പോരുന്ന -ഒരു പക്ഷേ ആ പേരിലുള്ള ഒരേഒരു സംഘടന ആവാമത് -ഇ എക്സ് ജോസഫ്‌ സാർ അനുസ്മരണ സമ്മേളത്തിനു എന്നേയും വിളിച്ചിരുന്നു .അവിടെ ചെന്നപ്പോളാണ് ഞാനും പ്രസംഗിക്കണമെന്നു പറയുന്നത് .ജോസഫ്‌ സാറിനോട് വയ്യ എന്നെനിക്കു പറയാൻ കഴിയുകയില്ല .അതു കൊണ്ട് പ്രസംഗിക്കേണ്ടി വന്നു
      വി കെ കൃഷ്ണ മേനോനെ ക്കുറിച്ച് എനിക്ക് കാര്യമായി ഒന്നും അറി യില്ല .62 ലെ ചൈനീസ് യുദ്ധവും തുടര്ന്നുള്ള അദ്ദേഹത്തിന്റെ രാജിയും മറ്റും വിദൂര സ്മരണകളാണ് .മാത്രമല്ല അക്കാര്യങ്ങളെ ക്കുറി ച്ചോക്കെ ജോസഫ്‌ സാർ സംസാരിക്കുകയും ചെയ്തു .അതു കൊണ്ട് ഞാൻ ദീർഘ കാലമായി എന്റെ മനസ്സിലുണ്ടായിരുന്ന ചില സംശയങ്ങൾ സദസ്സുമായി പങ്കു വെക്കാൻ തീരുമാനിച്ചു .
   അന്നു കോണ്‍ഗ്രസ്സിൽ മേനോനെതിരെ നിന്നവരെല്ലാം വലതു പക്ഷ ക്കാരായിരുന്നു .എന്നു വെച്ചാൽ നെഹ്രുവ്യൻ സാമ്പത്തിക നയങ്ങളെ എതിർത്തിരുന്നവർ .അതിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് മേനോൻ നയതന്ത്ര കാര്യങ്ങളിൽ മാത്രമല്ല സാമ്പത്തിക കാര്യങ്ങളിലും നെഹ്രുവിനെ ഉപഡേശിക്കാറു ണ്ടായിരുന്നു വെന്നാണ് .സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ നെഹ്രുവിനു ചീത്ത ഉപദേശം കൊടുക്കുന്ന ആളെന്ന നിലയിലായിരുന്നിരിക്കണം പാട്ടിൽ പ്രഭ്രുതികൾ മേനോനെ രൂക്ഷമായി എതിര്ത്ത്തതും ബോംബെയിൽ നിന്ന് കെട്ടു കെട്ടിച്ചതും .ഒരു ചേരിയിലും ചേരാതെ നില്ക്കുക എന്ന വിദേശ നയം മുതലാളിത്തം ,കമ്മ്യൂണിസം സോഷ്യലിസം ഇങ്ങിനെയുള്ള നിയതമായ സാമ്പത്തിക ചേരികളിൽ നിന്നൊഴിഞ്ഞു നില്ക്കുക എന്ന സാമ്പത്തിക നയത്തിന്റെ ഉല്പ്പന്ന മാവാനെ വഴിയുള്ളു .എന്തായാലും നെഹ്രുവിനു തന്റെ സുഹൃത്തിനെ രക്ഷ പെടുത്താൻ കഴിഞ്ഞില്ല .വി കെ യ്ക്ക് രാജി വെക്കേണ്ടി വന്നു .കോണ്‍ഗ്രസിലെ കൃഷ്ണ മേനോൻ പക്ഷ പാതികൾ ചിതറി പ്പോവുകയും ചെയ്തു .
    സദസ്സില ചിലരെങ്കിലും എന്നോടു യോജിക്കുന്നതായി തോന്നി .
   കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഒരു മലയാളിക്ക് ആദരാഞ്ജലികൾ അര്പ്പിക്കാൻ ഒരവസരം കിട്ടിയതിൽ എനിക്ക് സന്തോഷ മുണ്ട്

Tuesday, October 7, 2014

കൃഷ്ണൻ എന്റെ പ്രവാചകനും ഗീത എന്റെ പുസ്തകവും ആയിരിക്കുന്നത് എന്തു കൊണ്ട് ,പ്രത്യേകിച്ചും ഉയര്ന്ന തലത്തിലുള്ള സ്റ്റഡി ക്ലാസ്സുകളിൽ പങ്കെടുത്ത് മാര്ക്സിസ്റ്റ് ദർശനത്തെ ക്കുറിച്ച് മനസ്സിലാക്കി  ,ദീര്ഘകാലം സഹായാത്രികനായിരുന്നതിനു ശേഷവും .ഈ ചോദ്യത്തിനു മറുപടിയായി ഗീതയിലെ ഒരു ശ്ലോകത്തിന്റെ സാരം ഞാനിവിടെ എഴുതുന്നു :"അര്ജ്ജുന ,സ്ത്രീകളായും വൈശ്യരായും ശൂദ്രരായും അപ്രകാരം തന്നെ നീച യോനിയിൽ ജനിച്ചവരായും ആരെല്ലാം ഉണ്ടോ അവരെല്ലാം എന്നെ വഴി പോലെ സേവിച്ച് ഉത്തമമായ ഗതിയെ നിശ്ചയമായും പ്രാപിക്കുന്നു "(ഭഗവദ് ഗീത 9-32)
  ഉത്തമായ ഗതി എന്നാൽ വേദാന്തികൾ പറയുന്ന മോക്ഷം ആവാം ,പുരാണേതിഹാസങ്ങൾ പറയുന്ന വർണ്ണ വിഭജനമില്ലാത്ത കൃത യുഗമാവാം ജീസസിന്റെ സ്വര്ഗ്ഗ രാജ്യമാവാം മാർക്സിന്റെ സമത്വ സുന്ദരമായ സാമൂഹ്യ വ്യവസ്ഥ യാവാം .അവിടെ എത്തിച്ചേരാൻ എല്ലാവര്ക്കും അവകാശ മുണ്ട് എന്ന് പ്രഖ്യാപിച്ച ,മനുഷ്യ സമത്വത്തെ ക്കുറിച്ച് നിരുപാധികമായ പ്രഖ്യാപനം നടത്തിയ ആദ്യ പ്രവാചകൻ കൃഷ്ണനാണ് .

Friday, October 3, 2014

         സരസ്വതി നമസ്തുഭ്യം
        വരദേ കാമ രൂപിണി
        വിദ്യാരംഭം കരിഷ്യാമി
        സിദ്ധിർഭവതി മേ സദാ
ഇന്നു  വിദ്യാരംഭം .നാലു കുട്ടികളെ എഴുത്തിനിരുത്തി .ഒരു കുട്ടിയെ സുജാതയും .ഈ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായി ഞങ്ങൾ ഇതിനെ കണക്കാക്കുന്നു .ഈ കുഞ്ഞുങ്ങൾക്ക് ,ഇന്ന് അക്ഷരം കുറിച്ച എല്ലാ കുഞ്ഞുങ്ങൾക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ .സംസ്കാരമുള്ള നല്ല മനുഷ്യരായി അവർ വളർന്നു വരട്ടെ എന്ന് അക്ഷരമായ ആ ഒന്നിനോട് ഞങ്ങൾ പ്രാർഥിക്കുന്നു .ശ്രീ ഗുരവേ നമ :

Tuesday, September 30, 2014

ഇന്നലത്തെ ഉച്ച ഭക്ഷണം ഒരു ബാറിൽ നിന്നായിരുന്നു . കുറേക്കാലം കൂടി കണ്ടു മുട്ടിയ ഒരു യുവ സുഹൃത്തിന് ബിയർ കുടിക്കണമെന്നു നിർബന്ധം.അയാൾക്ക് മദ്യം വാങ്ങി കൊടുക്കുക എന്നത് എന്റെ ഒരു അവകാശം ആണത്രേ .  സത്സ്വഭാവികളായ സുഹൃത്തുക്കൾ അനുവദിച്ചു തന്ന ഈ അവകാശത്തിന്റെ പേരിൽ മദ്യപാനം മൂന്നു പതിറ്റാണ്ടു മുമ്പ്പൂർണമായി ഉപേക്ഷിച്ച എനിക്ക് ഇടക്കൊക്കെ ഏതെങ്കിലും ബാറിൽ പോകേണ്ടി വരാറുണ്ട് .മങ്ങിയ വെളിച്ചം , ഏ സി ,അഭിരമിപ്പിക്കുന്ന ബഹുവർണ്ണ ചുമർ ചിത്രങ്ങൾ, താഴ്ന്ന ശ്രുതിയിലെ സംഗീതം,  ഈ ഥയിൽ ആൽക ഹോളിന്റെ പ്രലോഭിക്കുന്ന ഗന്ധം എല്ലാം കൂടി ബാറിന്റെ അന്തരീക്ഷം എനിക്കിഷ്ടമാണ് .പക്ഷേ താജും മെരെദിയനും വരുന്നതിനു മുമ്പ് എ റ ണാകുളത്ത് ഒന്നാമത്തേത് എന്നു കരുതപ്പെട്ടിരുന്ന ബാറിന്റെ സ്ഥിതി കണ്ട പ്പോൾ കഷ്ടം തോന്നി .ബില്ല് കിട്ടിയപ്പോൾ  പ്രതിഷേധവും .ത്രിനക്ഷത്ര പദവിക്കനുസരിച്ചുള്ള വില അവർ ഈടാക്കി .തട്ടു കടയുടെ സൌകര്യം പോലും ചെയ്തു തരാതെ .വികലമായ ഒരു നയം വരുത്തി വെച്ച വിന എന്നല്ലാതെ എന്തു പറയാൻ .ചോദിക്കാനും പറയാനും ആരുമില്ലല്ലോ പാവം മദ്യപാനികൾക്ക്.
                                                  മനസ്സിലെ അഗ്നി  ശൈ ലങ്ങൾ
                                                   -----------------------------------
                                                            ആർ .എസ് .കുറുപ്പ്
                                                          -------------------------
( സി .രാധാകൃഷ്ണന്റെ അഗ്നി ,നൗവ് ഫോർ എ  ടിയർ ഫുൾ സ്മൈൽ   എന്നീ പുസ്തകങ്ങളെ കുറിച്ച് )
     ' അഗ്നി'യുടെ പരിഭാഷയല്ല ലോക വായനക്കാർക്കു വേണ്ടിയുള്ള ഇംഗ്ലീഷ് പുനരാഖ്യാനമാണ് Agni എന്നാണു പിന്കവ റിലെ കുറിപ്പിൽ പറയുന്നത് .അഗ്നിക്ക് രാധാകൃഷ്ണന്റെ പുസ്തകങ്ങളുടെ കൂട്ടത്തിൽ, എന്തിനു മലയാള നോവൽ  സാഹിത്യത്തിൽ തന്നെ സവിശേഷമായ ഒരു സ്ഥാനമുണ്ട് .മലയാള ആധുനികതയെ അതിന്റെ ഉദയത്തിനു മൂന്നു നാലു കൊല്ലം മുമ്പ് തന്നെ വിളി ച്ചറിയിച്ച രണ്ടു മൂന്നു നോവലുകളിൽ ഒന്നാണത് .പരക്കെ അംഗീകരിക്കപ്പെട്ട ബോധധാരാ സമ്പ്രദായത്തെ പൂർണ്ണ മായും ഒഴിവാക്കി പാത്രങ്ങളുടെ ചേഷ്ട കളു ടെ വിവരണത്തിലൂടെ അവരുടെ അന്തർ ഗതങ്ങളെ വായനക്കാർക്കനുഭവ വേദ്യമാക്കി കൊടുക്കുന്ന രചനാ സങ്കേതമാണ് അഗ്നിയെ വ്യതിരിക്തമാക്കുന്നമറ്റൊരു സവിശേഷത .കഥാ പാത്രങ്ങളുടെ മനസ്സിലെന്താണെന്ന് അവരോ ആഖ്യാതാവോ ഒരക്ഷരം പോലും പറയുന്നില്ല .പക്ഷേ അവരുടെ മനസ്സിലെ അഗ്നിപർവതങ്ങൾ വായനക്കാരന് ദൃശ്യമാവുന്നു .ഈ ആഖ്യാന രീതിയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ മൂസ ചെക്കന്റെ തലയരിയുന്ന വിക്ഷുബ്ധ മായ കഥാന്ത്യം തികച്ചും വിസ്വസനീയമാക്കാൻ നൊവലിസ്റ്റിനു കഴിഞ്ഞിരിക്കുന്നു .
     നോവലിസ്റ്റു തന്നെ നടത്തിയ പുനരാഖ്യാനത്തിൽ പക്ഷെ ഗ്രന്ഥാ രംഭത്തിലും അവസാനത്തിലും ഒരോ അധ്യായ ത്തിന്റെയും തുടക്കത്തിലും നിർദ്ദേശകങ്ങളായ വിവരണങ്ങൾ കാണുന്നു .ഇവ മൂല കൃതിയുടെ പ്രത്യേകതയായ നാടകീയ ശോഭക്ക് മങ്ങലേൽപ്പിക്കുന്നുവെന്നു പറയാതെ വയ്യ .ഉദാഹരണത്തിനു 'അരവുകാരൻ മൂസ ---'   "എനിക്കൊരു തലവേണം "എന്ന തുടക്കം സൃഷ്ടിച്ച അനന്യമായ രസനീയത ഇംഗ്ലീഷ് പതിപ്പിന്റെ സ്ഥലകാല വിവരണത്തോടു കുടിയ ആരംഭം ഉത്പാ ദിപ്പിക്കുന്നില്ല ."പിശാചിനെ കണ്ടു പേടിച് അയാൾ തിരിഞ്ഞു നോക്കാതെ ഓടി "എന്നധ്വന്യാത്മകവും വിക്ഷോഭ ജനകവുമായ കഥാന്ത്യത്തിനു പകരം ഇംഗ്ലീഷ് പതിപ്പിൽ കാണുന്ന ഭക്ഷണം കഴിക്കുന്ന മൂസ അയാളുടെ തിരോധാനം അയാൾക്കു വേണ്ടിയുള്ള നാട്ടുകാരുടെ കാത്തിരിപ്പ് ഇവയൊക്കെ  വായനക്കാർക്ക് അനാകർഷകമായി തോന്നിയേക്കാം .മലയാള വായനക്കാർക്ക് മാത്രമല്ല ലോക വായന ക്കാര്ക്കും .
    സർഗാത്മക സാഹിത്യ കൃതികളാണ് യഥാർഥ ചരിത്ര പാ ഠ പുസ്തകങ്ങളെ ന്ന വാദത്തോട് ഈ ലേഖകൻ സർവാത്മനാ യോജിക്കുന്നു .ചരിത്ര കാരൻ  സംഭവങ്ങളെ രെഖപ്പെടുത്തുന്നതേയുള്ളു .സംഭവങ്ങൾക്ക് യഥാർഥത്തിൽ കാരണമായതെന്തെ ന്നു  ചരിത്ര പുരുഷരുടെ മനസ്സിലുല്ലിലേക്ക്കടന്നു ചെന്നന്വേഷിച്ചു കണ്ടെത്താൻ സർഗ്ഗ സാഹിത്യ കാരാൻ തന്നെ വേണം .ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലം എന്നു വിശേഷിപ്പിക്കാവുന്ന 1970 മുതല്ക്കുള്ള പത്തു മുപ്പതു വര്ഷത്തെ സംഭവങ്ങളാണു Now for a tearful smile എന്ന നോവലിലെ പ്രതിപാദ്യം .ഒരു  സ്വേച്ഛാദുഷ്പ്രഭു (Tyrant ) അവരുടെ സ്വേച്ഛാ പ്രവണതകളുള്ള മകൻ ,ക്രൂരതയിൽ ഇവർ രണ്ടു പേരേയും വെല്ലുന്ന ഒരാൾ ദൈവം ഇവരുടെ പ്രവർത്തികൾ കൊണ്ടു ജീവിതം ദുസ്സഹമായ പ്പോഴും പ്രതികരിക്കാൻ ഭയന്ന ഒരു ജനത ,ജീവന ബലികഴിച്ചും എതിർപ്പിനു തയാറായ കുറച്ചു ചെറുപ്പക്കാർ  ഇവരാണ് കഥാ പുരുഷർ ,ആ കാലത്തെ ചരിത്ര പുരുഷർ തന്നെ.അധികാര ദുർമോഹിയായ ഒരു വ്യക്തിയുടേയും അയാളെ ച്ചുറ്റി പ്പറ്റി  നില്ക്കുന്ന ഉപജാപകരുടേയും സൃഷ്ടിയായി മാത്രം ഏകാധിപത്യഭരണ ത്തെ വിലയിരുത്തുന്നത് ഉപരിപ്ളവമായ ഒരു സമീപന മാണ് . ചില സാമുഹ്യ സാമ്പത്തിക പ്രക്രിയകളുടെ അനിവാര്യമായ അനന്തര ഫലമാണ് ഏതു ഭരണകൂടവും.സ്വാതന്ത്ര്യത്തോടു കുടി തന്നെ ആരംഭിച്ച സാമൂഹ്യ സാമ്പത്തിക വര്ഗ്ഗ സംഘർഷങ്ങൾ എഴുപതുകളോടു കൂ ടി ശക്തി പ്രാപിച്ച് ഒടുവിൽ ഒരു ഏകാധി പത്യ ഭരണകൂ ടത്തിന്റെ സ്ഥാപനത്തിൽ  കലാശിച്ച പ്രക്രിയ കലാ സൗഭഗം നഷ്ട പ്പെടാതെ തന്നെ ചിത്രീകരിക്കാൻ കഴിഞ്ഞിട്ടുണ്ട് നൊവലിസ്റ്റിന് .അധികാരം വ്യക്തിയെ എത്രത്തോളം അപമാനവീകരിക്കുന്നു എന്നു കാട്ടി തരുന്നു  'യുവരാജാവി'ന്റെ അപകട മരണത്തെക്കുറി ച്ചുള്ള ഇതിലെവിവരണങ്ങൾ .
  പരിഭാഷയെ ക്കുറിച്ച് :മുകളിൽ പറഞ്ഞ ഭാഗത്തെ subterfuge  എന്ന പദം  ശരിയാണെന്നു തോന്നുന്നില്ല .sabotage എന്നെഴുതിയത് മാറിപ്പോയതാവാം .Mother in law Confrontation അമ്മായിയമ്മ പോര് എന്നതിന്റെ നേർപരിഭാഷയാണോ ?എന്തായാലും ഏതോ സിനിമയിൽ മോഹൻലാൽ പറയുന്ന Salt mango  tree യെഅനുസ്മരിപ്പിക്കുന്ന ആ പ്രയോഗം അസ്വാരസ്യം ഉളവാക്കുന്നു .ഇങ്ങിനെ ചിലതൊക്കെ യുണ്ടെങ്കിലും തര്ജ്ജുമ പൊതുവേ നന്നായിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ അഭിപ്രായം .
    
   

Wednesday, September 24, 2014

                       ചിന്താശക്തിയുടെ പ്രായപൂർത്തി    (ചാലകം മാസിക -സെപ്റ്റെംബർ 2014 )
                                                           -----------------------------------------
                                                                        ആർ .എസ് .കുറുപ്പ്
                                                                      --------------------------
                ( ഇമ്മാനുവൽ കാന്റിന്റെ what  is  enlightenment  എന്ന ലേഖനത്തിന്റെ                                   സമകാലിക  കേരളീയ പ്രസക്തി )
കേരളത്തിൽ അക്ഷരാഭ്യാസ മുള്ളവരെല്ലാം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കാറുള്ള ഒരു പദമാണല്ലോ നവോത്ഥാനം .ഗ്രീക്ക് തത്വ ചിന്തയുടെയും സാഹിത്യത്തിന്റെയും പഠന ഫലമായി പതിനാറാം നൂറ്റാണ്ടിൽ യുരോപ്പിലുണ്ടായ വിചാര വിപ്ലവത്തെയാണു നവോത്ഥാനം(Renaissance ) എന്നു വിവക്ഷിക്കുന്നത് .വാച്യാര്ത്ഥം പുനർജ്ജന്മം (rebirth ).ശാ സ്ത്ര വിഷയങ്ങളേ ക്കാൾ സാഹിത്യത്തിനും കലക്കും പ്രാമുഖ്യം കിട്ടിയ ആ കാലഘട്ടത്തിന്റെ മുഖ്യ സംഭാവന അതു പാശ്ചാത്യ ലോകത്തിനു നല്കിയ മൂല്യ ബോധമായിരുന്നു .നവോത്ഥാന മാനവൻ എന്ന ഒരു സങ്കല്പനം തന്നെ നിലവിൽ വന്നു .മാനുഷികമായ മൂല്യങ്ങൾ ഉയരത്തി പ്പിടിക്കുന്ന ചിന്താ പദ്ധതികളുടെ ആവിർഭാവത്തെ നവോത്ഥാനം എന്നാണു വിളിക്കുക ലോകത്തെവിടെയും .
   നവോത്ഥാനത്തോളം തന്നെ പ്രധാനമാണ്   അതിന്റെ സദ്ഫലമായുംതുടർച്ചയായും പതിനെട്ടാം നൂറ്റാണ്ടോടു കൂടി ഉദയം കൊണ്ട ഞ്ജാനോദയം (Enlightenment ).നവോത്ഥാ നത്തിൽ നിന്നു വ്യത്യസ്തമായി ഞ്ജാനോദയം ശാസ്ത്ര ബോധത്തിനും ശാസ്ത്ര പഠ നത്തിനുമാണു പ്രാമുഖ്യം നല്കിയത് .നിശിതമായ യുക്തി ബോധമാണ് ആ കാലഘട്ടത്തിന്റെ ധൈക്ഷണിക ജീവിതത്തെ ഭരിച്ചിരുന്നത്. ശാസ്ത്ര ഞ്ജാനം പോലും യുക്തിയെ പുർണ്ണമായി തൃപ്തി പ്പെടുത്തുന്നിടത്തോളം മാത്രമേ സ്വീകാര്യമായിരുന്നുള്ളൂ .യുക്തിയുടെ സർവാധിപത്യം ഇല്ലാതിരുന്ന പഴയ ലോകവും അതുള്ള പുതിയ ലോകവും എന്ന് ലോകത്തെ തന്നെ ഞ്ജാനോദയം രണ്ടായി വെട്ടിമുറിച്ചു .മനുഷ്യ ജീവിതം സാർഥകമാകാൻ ഭൌതികത മാത്രം പോരെന്ന ഒരു ചിന്താഗതി അന്ന് തന്നെ നിലവിൽ വന്നിരുന്നു .എന്നിരുന്നാലും പതിനെട്ടാം നൂറ്റാണ്ടു മുതൽക്കിങ്ങോട്ടൂ മനുഷ്യ വംശത്തിനുണ്ടായ പുരോഗതിക്ക് നാം ഞ്ജാനോദയത്തിലെ ധിക്ഷണാശാലികളോടു കടപ്പെട്ടിരിക്കുന്നു .
   യുറോപ്യൻ നവോത്ഥാനത്തിന്റെ മാനവികതാ സങ്കൽപ്പവും ഞ്ജാനോദയത്തിന്റെ ശാസ്ത്ര ബോധവും ഇരുപതാം നൂറ്റാണ്ടാദ്യത്തോടെ നമ്മുടെ ധൈക്ഷണിക ജീവിതത്തിൽ സൃഷ്ടിച്ച വിപ്ലവത്തെയാണു നാം കേരളീയ നവോത്ഥാനം എന്ന് വിളിക്കുന്നത് .കലാ സാഹിത്യ രംഗത്ത് അത് പുതിയ ഉണർവുണ്ടാക്കി .കേരളീയതയിൽ ആവേശം കൊള്ളുന്നതി നൊപ്പം ഭാരതീയതയിൽ അഭിമാനിക്കാനും സാർവ ദേശീയതയെ ഒരു സ്വപ്നമായി അംഗീകരിക്കാനും മലയാളി തയാറായി .ജാതീയതയിൽ നിന്ന് മോചനം നേടാനും മതമൈത്രി സുസ്ഥിരമാക്കാനുമുള്ള ആത്മാർഥ മായ പരിശ്രമം ഈ കാലത്തിന്റെ ഒരു പ്രത്യേകതയാണ്.ഇതോടൊപ്പം ശാസ്ത്രീയമായ ഒരു വീക്ഷണം നാം സ്വായത്തമാക്കി .അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കുവാനുള്ള തീവ്ര യത്നങ്ങൾ ആരംഭിച്ചു .ശാസ്ത്ര  ബോധാത്തിലടിയുറച്ച ചിന്താരീതി പിന്തുടരുന്ന ഒരു തലമുറ ഉദയം കൊള്ളുമെന്ന ശുഭ പ്രതീക്ഷ പ്രദാനം ചെയ്തു കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി .
          പക്ഷെ ആറു പതിറ്റാണ്ടിനു ശേഷം നാം കാണുന്നതെന്താണ് ?യുക്തിയുടെ ,ചിന്താ ശ ക്തിയുടെ രാജ്യഭാരം നിലവിൽ വന്നുവെന്നു വിശ്വസി ക്കപ്പെടുന്ന കേരളീയ സമൂഹത്തിലാണ് ആളെ ക്കൊല്ലുന്ന ദുർമ്മന്ത്ര വാദികളും ജ്യോത്സന്മാരും ഒറ്റമൂലി വൈദ്യന്മാരും വാസ്തു വിദഗ്ധരും തേർവാഴ്ച നടത്തുന്നത് .ഏതെങ്കിലും ഒരു ദിനപത്രത്തിന്റെ പരസ്യ പ്പുറം ഒന്നു വായിച്ചു നോക്കൂ .വശീകരണ യന്ത്രങ്ങൾ ,ലക്ഷാധിപതിയാകാൻ സഹായിക്കുന്ന സാമഗ്രികൾ ലൈംഗിക ശേഷി വർദ്ധിപ്പി ക്കുന്ന സഞ്ജീവനികൾ എന്നുവേണ്ട എന്തൊക്കെയാണ് സമ്പൂർണ്ണ സാക്ഷരരായ നമുക്കു വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് .ആവശ്യ ക്കാരുള്ളതു കൊണ്ടാണല്ലോ ഇത്രയധികം പരസ്യങ്ങളുണ്ടാവുന്നത് .ഇവയിലൊക്കെ വിശ്വസിക്കുന്നു എന്നത് ഒരൊറ്റ കാര്യത്തിലേക്കാ ണു വിരൽ  ചൂണ്ടുന്നത് ;നവൊത്ഥാനത്തിന്റെ ഉപലബ്ധികളാകെ നഷ്ട്ട പ്പെടുത്തിയിരിക്കുന്നു നമ്മുടെ സമൂഹം .
  എന്താണിതിനു കാരണം ?ഗൾഫ് കുടിയേറ്റ ത്തിന്റെയും മറ്റും ഫലമായി ഉയർന്നു വന്ന നവ സമ്പ ന്നരുടെ പുത്തൻ പണ പ്രവണതയാണൊ ?അതൊരു കാരണമാവാം .പക്ഷേ പ്രധാന കാരണം ഇമ്മാനുവൽ കാന്റ് what is enlightenment എന്ന പ്രശസ്തമായ ഉപന്യാസത്തിൽപറയുന്ന  ബുദ്ധിപരമായ ശൈ ശ വാ വസ്ഥ (nonage ) തന്നെയാണ് .nonageഎന്നാൽ മറ്റൊരാളുടെ സഹായം കൂടാതെ സ്വന്തം ചിന്താശക്തി ഉപയോഗിക്കാനുള്ള കഴിവില്ലായ്മ എന്നു നിർവചിക്ക പ്പെട്ടിരിക്കുന്നു .ഇതിൽ നിന്നുള്ള മോചനമാണ് ഞ്ജാനോദയം കാന്റിന്റെ അഭിപ്രായത്തിൽ .'അറിയാനുള്ള തന്റേടം കാട്ടുക '(Dare To  Know )അതോടൊപ്പം 'സ്വന്തം ചിന്താശക്തി ഉപയോഗപ്പെടുത്താനുള്ള ധൈര്യം സംഭരിക്കുക '(Have The Courage to use Ones Own Understanding )എന്നതാണു ഞ്ജാനോദയത്തിന്റെ അടിസ്ഥാന പ്രമാണം എന്നു കാന്റ് തുടര്ന്നു പറയുന്നു .പക്ഷേ ലോക ജനതയുടെ വലിയൊരു ഭാഗം ധൈക്ഷണികമായ ശൈശവം ഇഷ്ട്ടപ്പെറ്റുന്നവരാണു .കാരണം നമ്മുടെ സ്വന്തം കാര്യത്തിൽ പോലും തീരുമാനങ്ങളെടുക്കാനുള്ള ചുമതല യില്ലാതിരിക്കുന്നത് സന്തോഷ മാണ് കൂ ടുതൽ പേര്ക്കും.ഈ ധൈക്ഷണിക ശൈശവത്തിൽ നിന്നു മോചനം നേടിയാലല്ലാതെ ഒരു ജനതയ്ക്കും പുരോഗതി സാദ്ധ്യമല്ല .കാന്റ് പറയുന്നത് പ്രകൃതി എല്ലാവരുടെയും ഉള്ളിൽ ഞ്ജാനത്തിന്റെ വിത്തുകൾ ഒളിപ്പിചിട്ടുണ്ടെന്നാണു .ഒരിക്കൽ അതു പ്രയോജന പ്പെടുത്താൻ നാം തീരുമാനിച്ചാൽ  നിഴലുകളെ ഭയപ്പെടുകയില്ലെന്നു നാം മനസ്സിലുറപ്പിച്ച്ചാൽ നമ്മുടെ ഭരണാധികാരികൾ ഉൾപ്പെടെയുള്ളവർ നമ്മളെ യന്ത്രങ്ങളായി കണക്കാക്കുന്ന രീതി അവസാനിക്കും .
     നമ്മൾ കേരളീയർ  ജര്മ്മൻ ദാർശനികന്റെ ഉപദേശം ഈ നൂറ്റാണ്ടാദ്യം തന്നെ പ്രയോഗത്തിൽ വരുത്തിയവരാണു .പക്ഷെ നാം നാം അതുപേക്ഷിച്ച് പല നൂറ്റാണ്ടു പിന്നോക്കം പോയിരിക്കുന്നു .നമുക്കു ചിന്താപരമായ നവ യൗവനത്തിലേക്കും അങ്ങിനെ പുതിയ കാലത്തേക്കും മടങ്ങിയെത്തെണ്ടി യിരിക്കുന്നു .നമുക്കൊന്ന് ശ്രമിച്ചു നോക്കാം ധൈക്ഷണിക ശൈ ശ വത്തിൽ നിന്നു മോചിതരാവാനും അതു വഴി ദുർമ്മന്ത്ര വാദികളിൽ നിന്നും മുറി വൈദ്യന്മാരിൽ നിന്നും ജ്യോത്സന്മാരിൽ നിന്നും മാത്രമല്ല നമ്മളെ വോട്ടിങ്ങ് യന്ത്രങ്ങളായി മാത്രം കണക്കാക്കുന്ന നേതാക്കന്മാരിൽ നിന്നു കൂ ടി രക്ഷപെടാനും .അങ്ങിനെ നവൊത്ഥാന മൂല്യങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞാൽ അന്തസ്സുള്ള മനുഷ്യരായി ജീവിക്കാൻ നമുക്ക് കഴിഞ്ഞേക്കും .

Monday, September 22, 2014

വർദ്ധിക്കുന്ന നികുതികൾ
--------------------------------
വെള്ളക്കരം കൂട്ടുന്നതിനെ ഞാൻ എതിർക്കുന്നു .കാരണം എനിക്ക് ധാരാളം വെള്ളം വേണം .തറവാട്ടു കുളത്തിലും അമ്പല കുളത്തിലും അച്ചൻ കോവിലാറ്റിലും നീന്തി കുളിച്ചു വളർന്ന എനിക്ക്  ആവശ്യം പോലെ വെള്ളം ഉപയോഗിച്ച് ദിവസവുംവിസ്തരിച് തന്നെ കുളിക്കണം .മറ്റാവശ്യങ്ങൾക്കും വെള്ളം തന്നെ വേണം കടലാസു പോരാ അമേരിക്കയിലായാലും .
     വൈദ്യുതിയുടെ കാര്യത്തിൽ എനിക്ക് ഈ നിർബന്ധ ബുദ്ധിയില്ല .എനിക്ക് 23 വയസ്സുള്ളപ്പോഴാണ് വരേണി ക്കൽ കറന്റ് വരുന്നത് .അതിനു മുമ്പ്  മണ്ണണ്ണ വിളക്കാ യിരുന്നു ഞങ്ങളുടെ പ്രകാശ സ്രോതസ് .മണ്ണണ്ണ വിലപിടിച്ച വസ്തു ആയതു കൊണ്ട് ദുരുപയോഗം ചെയ്യാൻ പാടില്ല എന്നത് വരേണിക്കൽ കാരുടെ വിശ്വാസപ്രമാണ ങ്ങളിലൊന്നായിരുന്നു.ഞങ്ങളുടെ വീട്ടിൽ ആയിരുന്നു വന്നു തോന്നുന്നു ഈ പ്രമാണം അതിന്റെ നിഷ്കൃഷ്ടമായ അർഥത്തിൽ പാലിക്കപ്പെട്ടിരുന്നത് .കുട്ടികൾ പഠി ക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും മാത്രമേ വിളക്കുപയോഗിചിരുന്നുള്ളു ഞങ്ങൾ .ഞാൻ ഗ്രാമത്തിൽ നിന്നു നഗരത്തിലേക്ക് കൊണ്ടു വന്ന നല്ല ശീലങ്ങളിലൊന്ന് ഈ നിർബന്ധ  ബുദ്ധിയാണ് .പുസ്തകം വായിക്കുമ്പോ ഴും ഭക്ഷണം കഴിക്കുമ്പോഴും മാത്രമേ ഞങ്ങൾ ലൈറ്റിടാറുള്ളു.അതു കൊണ്ട് വൈദ്യുതി ബിൽ  വളരെ കുറവേ വരാറുള്ളൂ . വൈദ്യുതി അമൂല്യ മാണെന്നത് വെറും പരസ്യ വാചകമല്ല നിഷേധിക്കാനാവാത്ത സത്യമാണ്. കൂടുതൽ കറന്റ്  ഉപയോഗിക്കുന്നവർ കൂടുതൽ പണം കൊടുക്കട്ടെ .
     നിലവിലുള്ള   ഭൂനികുതി തീരെ ക്കുറവാണു ഭുമിയുടെ കമ്പോള മൂല്യ വുമായി തട്ടിച്ചു നോക്കുമ്പോൾ .അതു കൊണ്ടു തന്നെ ചെറിയ തോതിലുള്ള ഭൂനികുതി വര്ദ്ധന ആശാസ്യം മാത്രമല്ല ആവശ്യം കൂടിയാണ് .പക്ഷേ കരവുമായി വരുന്നവരിൽ നിന്നും അതു വാങ്ങി രസീതു കൊടുക്കാനുള്ള ഏർപ്പാ ടു ണ്ടാവണം പകുതി കച്ചേരികളിൽ .ചുരുങ്ങിയ  പക്ഷം കരമടക്കാൻ വരുന്നവരോട് ശ ത്രു രാജ്യത്തെ പൗരന്മാരോടെന്ന പോലെ    പെരു മാറാൻ പാടില്ല എന്നൊരു നിർദ്ദേശം വില്ലേജ് അധികാരികല്ക്ക് കൊടുക്കുകയെങ്കിലും വേണം സർക്കാർ

Monday, September 15, 2014

ഒറ്റക്കു പാടുന്ന പൂങ്കുയിലേ
-----------------------------
അഷ്ടമി രോഹിണി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ പത്തു ദിവസം ഞങ്ങളുടെ -പൂ ണിത്തുറ- അമ്പലത്തിൽ കലാപരിപാടികളൂണ്ടായിരുന്നു .വയ്ക്കം വിജയ ലെക്ഷ്മിയുടെ സംഗീത -ഗായത്രി വീണ കചേരിയായിരുന്നു ഇന്ന് .സംഗീത കച്ചേരി നന്നായിരുന്നു .പ്രസിദ്ധമായ ചില കീർത്തനങ്ങൾക്കൊപ്പം തന്റെ പേരു കേട്ട ചലച്ചിത്ര ഗാനങ്ങളും വിജയലെക്ഷ്മി പാടി .
    ഗായത്രി വീണ കച്ചേരി അമ്പരപ്പിക്കുന്ന വിധത്തിൽ ആഹ്ളാദകരമായിരുന്നു;ശാസ്ത്രീയ സംഗീതം കേട്ടു തഴമ്പിച്ച പൂണിത്തുറക്കാർക്കു പോലും. ഒരു നവ്യ സംഗീതാനുഭവം .കീർത്തനങ്ങൾക്കൊപ്പം പുതിയ നൂറ്റാണ്ടിന്റെ  ചലച്ചിത്ര ഗാനങ്ങളിലെ ക്ളാസിക്കുകളും ,-'കേര നിരകളാടും' ,'ഓലാഞ്ഞാലി' തുടങ്ങിയവ-വായിച്ചു വിജയലെക്ഷ്മി .
  ഞങ്ങൾ പൂണിത്തുറക്കാർ ഈ കലാപരിപാടികൾ ഭഗവാനുള്ള നിവേദ്യ മായാണ് കണക്കാക്കുന്നത് .രാധ യോട് തന്റെ തലയിൽ ചവിട്ടാൻ ആവശ്യ പ്പെടുകയും തന്റെ നെഞ്ചിൽ ചവിട്ടിയ ഭൃഗു മുനിയുടെ കാൽ തടവിക്കൊടുക്കുകയും ചെയ്ത ഭക്ത വല്സലനായ ഭഗവാൻ ഈ യുവതിയുടെ അർച്ചനാ ഗീതങ്ങളു ടെ അവിൽപ്പൊതി കയ്ക്കൊള്ളുമെന്നും അവരെ അനുഗ്രഹിക്കുമെന്നും  സ്വന്തം ആതോദ്യം നേരിൽ ക്കാണാൻ അചിരേണ അവർക്കിടയാകുമെന്നും ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു .പ്രാർഥിക്കുന്നു

Saturday, August 23, 2014

                                                                         സർപ്പിണി
                                                                       -----------------
 മലയാള ത്തിലും അന്യഭാഷകളിലുമായി ഞാൻ കുറെ ഏറെ മികച്ച ചെറുകഥകൾ വായിച്ചിട്ടുണ്ട് . എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട കഥ കളിൽ ഒന്നാണു ഇന്ദു മേനോന്റെ സർപ്പിണി .ഇന്ദു മേനോന് മികച്ച യുവ എഴുത്തു കാർക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു ലഭിചിരിക്കുന്നതായി ടി വി വാര്ത്ത കണ്ടു .സമീപ കാലത്തെ എറ്റവും ഉചിതമായ അവാര്ഡ് പ്രഖ്യാപനം ഇതാണെന്നു ഞാൻ വിചാരിക്കുന്നു ..ഇവിടെ വായനക്കാരനാണ് യഥാർഥത്തിൽ സമ്മാനിതനാവുന്നത് .അധികം താമസിയാതെ മലയാള കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും അവരെ തേടി എത്തും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു

Friday, April 18, 2014

                                                           പുലയപ്പാട്ടും പത്രാധിപരും
                                                          --------------------------------
തത്വ ചിന്താപരമായ പ്രശ്നങ്ങൾക്ക് പുസ്തകങ്ങളിൽ നിന്ന് ഉത്തരം കിട്ടാതെ വരുമ്പോൾ ഞാനാശ്രയിക്കുന്ന രണ്ടു മൂന്നു യുവ സുഹൃ ത്തു ക്കളിൽ ഒരാളാണ് സമകാലിക മലയാളത്തിലെ ഗിരീഷ്‌ ജനാർദനൻ .'പൊതുവെ ' 'സാമാന്യേന ''ക്രിറ്റിക് ഓഫ് പ്യുർറീസണിലാണെന്നു തോന്നുന്നു 'എന്നൊക്കെ  തുടങ്ങി എന്തെക്കിലുമൊക്കെ പറഞ്ഞ് അക്കാദമിക് ബുദ്ധി ജീവിയെ പ്പോലെ തടി തപ്പുകയില്ല ഗിരീഷ്‌ ;കൃ ത്യ മായി വസ്തു നിഷ്ട്ട മായി ഉത്തരം പറയും നിഷ്ഠു രമായ സത്യ സന്ധതയൊടെ ,നിശിതമായ അഭിപ്രായ ധീരതയോടെ .
      ഇത്തവണ കണ്ടപ്പോൾ ഞാൻ ചോദിച്ചത് 'ഇന്ത്യയിലെ ദളിത് പ്രശ്നം പരിഹരിക്ക പ്പെടാത്തത് എന്തു കൊണ്ടാണ് 'എന്നായിരുന്നു .മറുപടി ഒരു നിമിഷം പോലും താമസിച്ചില്ല ."സാറേ " '  റ 'യ്ക്ക് ഒരു ഖരാക്ഷരത്തെ പിന്തുടർന്നാലത്തെ വീറും ഗൌരവവും നല്കി ഗിരീഷ്‌ പറഞ്ഞു "നമുക്ക് ദളിത്‌ ആക്ടിവിസ്റ്റു കളില്ല ദളിത്‌ സൈ ദ്ധാന്തികരും ബുദ്ധി ജീവികളുമേയുള്ളു .ഉണ്ടായി ക്കൊണ്ടിരിക്കുന്നതും ആക്റ്റിവിസ്റ്റുകളല്ല സൈദ്ധാന്തികരാണ് ".ശരിയാണ് വിദ്യാഭ്യാസം നേടിവരുന്ന ദളിത്‌ യുവാക്കളാരും സാധാരണ പ്രവർത്തകരാവുന്നില്ല .എല്ലാവരും ബുദ്ധി ജീവികളും നേതാക്കളും ആവുകയാണ് .സൈദ്ധാന്തികരായ നേതാക്കൾ വേണം .അതിലെത്രയോ ആവശ്യമാണ് മഴയും വെയിലും കൊണ്ട് സ്വന്തം വർഗ്ഗത്തിലെ താഴേ ക്കിടയിലുള്ളവർക്കൊപ്പം ജീവിച്ച് അവര്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർ .
          ഗിരീഷ്‌ രണ്ടു വാക്യത്തിൽ മുക്കാൽ മിനിട്ട് കൊണ്ടു പറഞ്ഞ കാര്യമാണ് നാനൂറി ലധികം പുറ ങ്ങളൂള്ള "പുലയ പാട്ട് "എന്നാ തന്റെ നോവലിലൂടേ എം മുകുന്ദൻ പറഞ്ഞു വെക്കുന്നത് .ഡൽഹിയും  മയ്യഴി പ്പുഴയുടെ തീരങ്ങളും മറ്റും എഴുതിയ മുകുന്ദന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പുലയപ്പാട്ടിൽ അവിടവിടെ ക്കാണാം .എന്നല്ലാതെ അതൊരു മികച്ച നോവൽ ആണെന്നു പറയാൻ കഴിയുകയില്ല .പക്ഷേ  മുകുന്ദന്റെ മറ്റൊരു നൊവലിനുമില്ലാത്ത ചരിത്ര പ്രസക്തി പുലയപ്പാട്ടിനുണ്ട് .മലബാറിലെ ദളിതരുടെ അനാദിയായ ദുരവസ്ഥയും അവരുടെ ഒരു നൂറ്റാണ്ടു കാലത്തെ ഇരുണ്ട ചരിത്രവും മുകുന്ദൻ സത്യാ സന്ധമായി രേഖ പ്പെടുത്തുന്നു ഈ കൃതിയിൽ .മലയാള സാഹിത്യത്തിൽ ഇടം പ്രഥമായി .ആണ്ടു മാസം തീയതികൾക്കപ്പുറം ഒരു ജനതയുടെ ,പ്രദേശത്തിന്റെ  ഒക്കെ ചരിത്രം അന്വേഷിക്കുന്നവര്ക്ക് തൃപ്തി കരമായ മറുപടി നല്കേണ്ടത് സർഗ്ഗാത്മക സാഹിത്യ സൃഷ്‌ടി കളാണ് .മലബാറിലെ ദളിത് ചരിത്രം ഒരു പക്ഷേ വിസ്മൃത മാവുമായിരുന്നു പുലയ പ്പാട്ടു പോലൊരു കൃതി എഴുതപ്പെട്ടിരുന്നില്ലെങ്കിൽ .അതിനു  ഞാൻ മുകുന്ദനു നന്ദി പറയുന്നു, അതൊരു എം  മുകുന്ദൻ  കൃതിയുടെ നിലവാരം പുലര്ത്തുന്നില്ല എന്നതിൽ എനിക്ക്  നിരാശ ഉണ്ടെങ്കിലും
                                

Thursday, March 20, 2014

                                        മറവിയിലേക്കൊരു  മടക്ക യാത്ര
                                     ----------------------------------------


മറവിയിലേക്കുള്ള ഒരു മടക്കയാത്രയെ ക്കുറിച്ചൊരു കവിത ഒരു ഫേസ് ബുക്ക് ഗ്രൂപ്പിൽ ,ഏതു ഗ്രൂപ്പിൽ എന്നോർമ്മയ്ല്ല , ഈയിടെ വായിച്ചു.എഴുതിയത് ലിഖിതാ ദാസ്.കവിതക്ക് പേരുണ്ടായിരുന്നില്ല.സമീപ കാലത്ത് എഫ് ബിയിൽ കണ്ട ഏറ്റവും ശ്രേഷ്ട്ടമായ രചന ഇതാണെന്നു ഞാൻ പറയുന്നില്ല.പക്ഷേ എനുക്കേറ്റവും ഹൃദയ സ്പർശിയായി അനുഭവപ്പെട്ടത് അതാണ്.കൃതിയുടെ രചനാപരമായ സവിശേഷത കൂടാതെ എനിക്ക് വ്യ്ക്തിപരമായ ചില കാരണങ്ങൾ കൂടിയുണ്ട് ആ കവിത ഇഷ്ടപ്പെടാൻ.എനിക്കുമുണ്ട്കൂടെപ്പിറക്കാത്ത ഒരു കൂടെപ്പിറപ്പ്;ഒരു ചേട്ടൻ അഥവാ ഞ്ങ്ങൾ ഓണാട്ടൂകരക്കാർ വിളിക്കുന്നതു പോലെ കൊച്ചാട്ടൻ(കൊച്ചേട്ടൻ എന്നു ഓണാട്ടൂകരക്കാർ ഒരിക്കലും വിളിക്കുകയില്ല;ഞങ്ങൾക്ക് കൊച്ചാട്ടനേയുള്ളൂ)എനിക്ക് നാലഞ്ചു വയസ്സുള്ളപ്പോൾ ഞങ്ങളുടെ വീട്ടിൽ സഹായി ആയി വന്നതാണ് കൊച്ചാട്ടൻ.വീട്ടിലെമൂത്ത സന്തതിയായ എനിക്ക് ‘കസിൻസ്’ ആയ ചേട്ടന്മാരുണ്ടായിരുന്നുവെങ്കിലും ഒരു ചേട്ടന്റെ സ്സ്നേഹത്തിന്റെ ആർദ്രതയും ഊഷ്മളതയും ഞാനനുഭവിചത് കൊച്ചാട്റ്റനിൽ നിന്നായിരുന്നു.ഇടക്കൊക്കെ വാലസല്യത്തിൽ മാത്രം കാണാവുന്ന ഗൌരവത്തോടെ ഒരു മുതിർന്നവന്റെ അധികാരം പ്രയോഗിക്കാനും കൊച്ചാട്ടൻ മടികാണിച്ചിട്ടില്ല കൊച്ചാട്ടന്റെ സ്നേഹമസൃണമായ അധീശത്തെ ഞാനും അഹ്ലാദപൂർവം തന്നെ ഉൾക്കൊണ്ടിരുന്നു.ഒരിക്കൽ പോലും അരുചികരമായിതോന്നിയിരുന്നില്ല അതൊന്നും.ഇപ്പോൾ എല്ലാം അവ്യ്ക്തമാണ്.കൊച്ചാട്ടൻ ആദ്യം വീട്ടിലെത്തിയ നിമിഷം,അപ്പോൾ വേലക്കാരനോടു തോന്നിയ അന്യഥാത്വം അതു മാറി അന്നു തന്നെ  എന്നെ അമ്പരപ്പിച്ചു കൊണ്ട്   ഞാൻ പോലുമറിയാതെ ഞങ്ങൾ കൂട്ടായത് ,ഇങ്ങിനെ ചിലതേ ഇപ്പോൾ ഓർത്തെടുക്കാൻ പറ്റുന്നുള്ളു.എങ്കിലും നിഴലും നിലാവും ഇടകലർന്ന നാട്ടിൻപുറത്തെ രാത്രിയുടെസ്നിഗ്ധവും മുഗ്ധവുമായ സൌന്ദര്യം പോലെ ആ കാലം പിന്നിട്ട വഴിത്താരയുടെ തുടക്കത്തിൽ .അനിർദ്ദ്ര്ശ്യമായ ഒരു മധുര ദർശനമായി ഉയിർക്ക്ക്കൊള്ളുന്നു .അതിനു നിമിത്തമായ കവിതയോടും ,-ആ മുഖക്കുറിപ്പും കവിതയുടെ ഭാഗം തന്നെയാണ്- കവിത എഴുതിയ ആളോടുമുള്ള കടപ്പാടു രേഖപ്പെടുത്തുകയാണു ഇതു കൊണ്ടുദ്ദേശിക്കുന്നത്

Saturday, March 15, 2014

                                                            പൂവും പ്രസാദവും
                                                            -------------------
മാര്ച്ച് 10 നു ആയിരുന്നു പി ജയചന്ദ്രന്റെ  എഴുപതാം പിറന്നാൾ.ഇഷ്ട ഗായകന് അദ്ദേഹത്തിന്റെ മറ്റാരാധകർക്കൊപ്പം ഞാനും ആശംസകൾ നേരുന്നു ഹൃദയപൂർവം.ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായ  നിവിൻ പൊളിക്കു വേണ്ടി ജയചന്ദ്രൻ പാടിയ 'ഓലാഞ്ഞാലി ' എന്ന പാട്ട് യു ട്യു ബിൽ  എല്ലാ റെക്കാർഡുകളും ഭേദിച്ചിരിക്കുന്നു വത്രേ .ആ കലാ സപര്യ ദീർഘ കാലം തുടരട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു .
              സ്ഥാനത്തും അസ്ഥാനത്തും പാട്ടുകളുണ്ടായിരിക്കുമെന്നൊരാക്ഷേപം ഇന്ത്യൻ സിനിമയെ കുറിച്ചെന്നുമുണ്ടായിരുന്നു .അതു കുറെയൊക്കെ വാസ്തവമാണ് താനും .പക്ഷേ നല്ല സംവിധായകർ ഇതിവൃത്ത വികാസത്തിന്റെ രാസത്വരകമായിട്ടാണ് ഗാനത്തെ എന്നും ഉപയോഗപ്പെടുത്തിയിട്ടുള്ളത് .അതിനു നല്ലൊരുദാഹരണമാണ് 'പൂവും പ്രസാദവും ' എന്ന ആദ്യകാല ജയചന്ദ്രൻ  ഗാനം . സംവിധായകൻ  കെ എസ്  സേതുമാധവൻ ഒരു ജീവ പര്യന്ത കാലത്തിനപ്പുറത്തേക്ക് കഥയെ നയിച്ചിരിക്കുന്നത് ഈ മനോഹരഗാനത്തിന്റെ സഹായത്തോടെയാണ് .ഞാൻ വെള്ളി ത്തിരയിൽ ശ്രദ്ധിച്ചു കണ്ട ആദ്യ ജയചന്ദ്രൻ ഗാനം ഇതായിരുന്നു .
       കരിമുകിൽ ക്കാടുകളിൽ കനകാംബരങ്ങൾ ഒരു പാടുതവണ  വിടർന്നു  കൊഴിഞ്ഞു.നീലഗിരിയുടെ താഴ്‌വരയിലെ വനസരോവരത്തിൽ വസന്തവും ശിശിരവും  പലകുറി കുളിച്ചു കയറി പ്പോയി,പാതയുടെ അരികിൽ ആകാശം വിടർത്തിയ കൂടാരത്തിൽ ഏകാന്ത പഥികൻ  ഇന്നും  രാവുറങ്ങുന്നു  . നാലര പതിറ്റാണ്ടാവുന്നു.,മലയാളി ഹര്ഷബാഷ്പം തൂകി ആ ഗാന കല്ലോലിനിക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങിയിട്ട് .
           യേശുദാസ് മലയാളത്തിന്റെ ഗാന ഗന്ധർവൻ എന്ന സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ കാലത്താണ് ജയചന്ദ്രൻ രംഗത്ത് വരുന്നത് .അക്കാലത്ത് വന്ന മറ്റു ഗായകർക്കാർക്കു, ,ബ്രഹ്മാനന്ദനു പോലും പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല;ജയചന്ദ്രന് കഴിഞ്ഞു.സ്വന്തം ആലാപന ശൈലി തിരിച്ചറിയുക ആരേയും അനുകരിക്കാൻ ശ്രമിക്കാതെ ആ ശൈലി പരിപോഷിപ്പിക്കാൻ ശ്രമിക്കുക മനസ്സും ബുദ്ധിയും അതിൽത്തന്നെ അർപ്പിക്കുക അതായിരുന്നു ജയചന്ദ്രനെ നിലനിര്ത്തിയത് .മാധുര്യവും പൗരുഷവുമുള്ള ഭാവ സംക്രമണ ക്ഷമമായ ശബ്ദം ദൈവദത്തമാണല്ലോ അദ്ദേഹത്തിന് .
         ഒന്നാമത്തെ സ്കൂൾ യുവജനോത്സവത്തിൽ ലളിത ഗാനത്തിനു രണ്ടാം സമ്മാനം നേടിക്കൊണ്ടാണ് പി ജയചന്ദ്രൻ എന്ന ഗായകന്റെ  അരങ്ങേറ്റം..അക്കുറി  ഒന്നാം സമ്മാനം കിട്ടിയത് ,'യേശുദാസൻ എന്നൊരു കുട്ടിക്കായിരുന്നു.അന്ന് പക്ഷേ അപ്പീലും ബഹളങ്ങളൊന്നുമല്ല ഉണ്ടാ യത്.അവർ ഒരുമിച്ചൊരു കച്ചേരി നടത്തുകയായിരുന്നു.ആ കച്ചേരിയുടെ ചിത്രം 56 വർഷങ്ങൾക്കു ശേഷവും ഇന്നും പ്രചരിച്ചു കൊണ്ടിരിക്കുന്നു സോഷിയൽ നെറ്റ് വർക്കുകളീലൂടെ.
   പാട്ടെത്ര  കേട്ടു പിന്നെ.അന്നൊക്കെ പാട്ടു കേൾക്കാൻ സ്വന്തമായി പാട്ടുപെട്ടിയുടെ ആവശ്യമുണ്ടായിരുന്നില്ല. അധികം പേര്ക്കും അത് വാങ്ങാൻ കഴിയുമായിരുമില്ല .പക്ഷേ എവിടെനിന്നു വേണമെങ്കിലും പാട്ടു കേള്ക്കാമായിരുന്നു .ചായക്കടകൾ കല്യാണ വീടുകൾ മീറ്റിങ്ങുകൾ നടക്കുന്ന മൈതാനങ്ങൾ തിയേറ്റർ പരിസരങ്ങൾ എന്നിങ്ങനെ.കലാ സൃഷ്ടി   ഒരു സാമൂഹ്യ പ്രക്രിയ ആകുന്നതു പോലെ ആസ്വാദനവുംസാമൂഹ്യ പ്രക്രിയ തന്നെയാണ് .പൊതുസ്ഥലത്ത് ആൾക്കൂട്ടത്തിൽ വെച്ച് ഉറക്കെ പാടിക്കെൾക്കുന്നതിന്റെ ആസ്വാദ്യത ചെവിയില ബട്ടണ്‍ തിരുകി പാട്ടു കേട്ടാൽ  ഉണ്ടാവുകയില്ല.പക്ഷേ നിർഭാഗ്യവശാൽ പൊതുസ്ഥലങ്ങളിൽ  അസഹനീയമായ ഭക്തി സംഗീതമേ ഇപ്പോൾ കേൾക്കാറു ള്ളൂ.യേശുദാസും ജയചന്ദ്രനും കമുകറ യും ലീലയും സുശീലയും മാത്രമല്ല കെ എസ ജോര്ജ്ജും സുലോചനയും നമുക്കുവേണ്ടി ഉറക്കെ പാടിക്കൊണ്ടിരുന്ന   വൈകുന്നേരങ്ങൾ ഇനി മടങ്ങി വരികയില്ല.അത് കൊണ്ടു തന്നെ അവയുടെ ഓര്മ്മകള്ക്ക് മാധുര്യമേറും.
 പൂവും പ്രസാദവുമായി വന്ന് കൂവളത്തില തൊടുവിക്കാരുണ്ടായിരുന്ന സുന്ദരി വൃ ദ്ധ യായി അകത്തമ്മയായിരുന്ന് കൽപ്പനകൾ പുറപ്പെടുവിക്കുന്നു.എന്റെ മനസ്സിലും ,ചാള്സ് ലാമ്പ് പറഞ്ഞത് പോലെ മരം ഒരു പാടു കയറി ക്കൂടിയിരിക്കുന്നു.എന്നിട്ടും മഞ്ഞലയിൽ മുങ്ങി ത്തോർത്തിയ ധനുമാസ ചന്ദ്രികയും മല്ലിക പ്പൂവിൻ മധുര ഗന്ധ വും മുതൽ സൈബർ  യുഗത്തിലെ ഒലാഞ്ഞ്ഞ്ഞാലി ക്കിളി വരെ  നിരാർ ദ്രവും  ജടപ്രായവും ആയ എന്റെ മനസ്സിനെ പ്പോലും തരളവും സംഗീത സാന്ദ്രവുമാക്കുന്നു.;ഞാൻ ശബ്ദമില്ലാതെ പാടി പ്പോകുന്നു..
     നീയെന്ന മോഹന രാഗമുള്ളപ്പോൾ ,ഭാവഗായക ,ഞാനെങ്ങിനെ നിശബ്ദ വീണയാവും.

(നീയെന്ന മോഹന രാഗമില്ലെങ്കിൽ ഞാൻ /ന്നിശ്ശവീണയായേനേ -മല്ലിക പൂവിൻ എന്ന തമ്പി അര്ജ്ജുനൻ  ജയചന്ദ്രൻ ഗാനം) 

Saturday, March 8, 2014

വനിതാ ദിന ചിന്തകൾ
-------------------------
പലരും ചോദിച്ച് കേൾക്കാറുണ്ട് എന്താണു സ്ത്രീ വിമോ ചനമെന്ന് .  ഉപരി മദ്ധ്യ വർഗ്ഗത്തിൽ പ്പെടുന്ന വീട്ടമ്മയുടെ പരിവേഷ ത്തിൽ നിന്ന് mystique ഇൽ നിന്നുള്ള മോചന ത്തിനു വേണ്ടി ആ വർഗ്ഗത്തിൽ പ്പെട്ട അമേരിക്കൻ വനിതകൾ നടത്തിയ സമരങ്ങളിലൂടെയാണ് രണ്ടാം തരംഗ ഫെമിനിസം രൂപം കൊണ്ടത് .പിന്നീടത് വർഗ്ഗ വ്യത്യാസങ്ങളെ ഉല്ലംഘിച്  സ്ത്രീ കളുടെ പൊതുവായ വിമോചന പ്രസ്ഥാനമായിമാറി .ഇബ്സന്റെ നോറമാരായി കഴിയേണ്ട വരല്ല തങ്ങളെന്നു ലോകമെമ്പാടുമുള്ള സ്ത്രീകള് തീരുമാനിച്ചു .തൊണ്ണൂറു കളോ ടെ പ്രസ്ഥാനം  വിജയം കണ്ടുവെന്നാണ് ഫെമിനിസ്റ്റുകൾ അവകാശപ്പെടുന്നത് .എന്നാൽ കഴിഞ്ഞ പത്തിരുപതു വർഷം കൊണ്ട്  സ്ത്രീയുടെ സ്ഥിതി  പഴയതു പോലെയായി എന്ന ഫെമിനിസ്റ്റ് ചിന്തകയായ നടാഷാ വാൾട്ടർ പറയുന്നു.അവർ ചൂണ്ടി കാണിക്കുന്ന ഉദാഹരണം നോക്കുക: ഫെമിനിസ്റ്റ് കള്‍ വിജയം ആഘോഷിച്ചിരുന്ന തൊ ണ്ണൂര് കളില്‍ ഹിലാരി ക്ലിന്റന് തന്റെ തൊഴിലോ രാഷ്ട്രീയ പ്രവര്‍ത്തനമോ  ഉപേക്ഷി ക്കേണ്ടി വന്നില്ല യു എസ്  എ യുടെ പ്രഥമ വനിത (പ്രസിഡന്റ്‌ ന്റെ പത്നി )എന്ന സ്ഥാനം ഏ റ്റെ ടു ക്കാന്‍ .പക്ഷെ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശ കത്തിന്റെ അവസാനം മിഷല്‍ ഒബാമ തന്റെ പൊതു പ്രവര്‍ത്തനം മിക്കവാറും അവസാനിപ്പിചിട്ടാണ് പ്രഥമ വനിതയായി വൈറ്റ് ഹൌസ് ലേക്ക് പ്രവേശിച്ചത്‌ .അവര്‍ക്കതില്‍ എതിര്‍പ്പു ണ്ടായിരുന്നു വന്നതിനു അവരുടെ ഭര്‍ത്താവിന്റെ വാക്കുകള്‍ തന്നെ തെളിവ് .വാല്‍ടര്‍ പ്രസിഡന്റ്‌ ഒബാമ യുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഉദ്ധരിക്കുന്നു :"എന്റെ ഭാര്യക്ക് എന്നോടുള്ള ദേഷ്യം അ ടക്കാന്‍ കഴിയാത്തതായി മാറിയിരുന്നു .'നിങ്ങള്‍ നിങ്ങളെ ക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ 'അവര്‍ എന്നോട് പറഞ്ഞു "പക്ഷെ, വാല്‍ടര്‍ സ്വന്തം വാക്കുകളില്‍ തുടരുന്നു "Her anger disappeared her career was put on hold and the powerful man was enabled to carry on  in his pursuit of power by the shining presence of his acquiescent wife ".
   ഒരു നല്ല വീട്ടമ്മ യായിരിക്കുക മോശപ്പെട്ട കാര്യമാണെന്ന് എനിക്കഭിപ്രായമില്ല .പക്ഷേ അതവർ സ്വയം തെരഞ്ഞെടുക്കുന്നതായിരിക്കണം .പരിവേഷം അടിച്ചേൽപ്പിക്കപ്പെടുന്നതായിരിക്കരുത്.രണ്ടാം തരംഗ ഫെമിനിസ്റ്റുകളുടെ വേദ ഗ്രന്ഥ മായ ഫെമിനിയൻ  മിസ്റ്റിക്കിന്റെ  അമ്പതാം വർഷത്തിൽ സ്ത്രീകള് മാത്രമല്ല പുരുഷന്മാരും ആലോചിക്കേണ്ട വിഷയമാണിത്