2019, ഓഗസ്റ്റ് 18, ഞായറാഴ്‌ച

17 -8 -2019
----------------
മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു .......
-----------------------------------------------------------------                                                                                         
   1969.... കള്ളിച്ചെല്ലമ്മ,ജി വിവേകാനന്ദന്റെ വിഖ്യാതനോവൽ   സിനിമയായിരിക്കുന്നു ഷീലയുടെ ചെല്ലമ്മ നസീറിന്റെ കുഞ്ഞച്ചൻ മധുവിന്റെ ഉസ്മാൻ മുതലാളി.പി ഭാസ്കരന്റെ ഗാനങ്ങൾ കെ രാഘവന്റെ ഈണങ്ങൾ  ..ആദ്യ പ്രദര്ശനം .അജന്ത തിയേറ്റർ .....
തെക്കൻ കേരളം ,മൂക്കുന്നി മലയുടെ താഴ്വരയിലെ  നാട്ടിൻപുറം .നിലാവുള്ള രാത്രി .കായലും പുഞ്ചപ്പാടങ്ങളും ചന്ദ്രികയിൽ  കുളിച്ചു നിൽക്കുന്നു .ഏകാകിയായ നായകൻറെ ഗാനം .'മാനത്തെക്കായലിന്റെ മണപ്പുറത്ത് താമരക്കളിത്തോണി വന്നടുത്തിരിക്കുന്നു .നിനക്കൊരു താമരമാലയുമായി ഓമനേ  സംക്രമപ്പൂനിലാവ് നിന്റെ കിളിവാതിലിൽ മറഞ്ഞു നിൽക്കുന്നു മെരുക്കിയാൽ മെരുങ്ങാത്ത മാൻകിടാവേ.നീയിപ്പോഴും മയങ്ങുന്നതെന്താണ്' .മനോഹാരിണിയായ നായിക കോരിത്തരിക്കുന്നു  .ഗാനം തുടരുന്നു ....
      സാമാന്യത്തിലധികം പൗരുഷമുള്ള മനോഹരമായ ശബ്ദം .യേശുദാസല്ല ,ജയചന്ദ്രനല്ല ,കാമുകറയും രാജയുമല്ല .പുതിയ ഒരു ഗായകൻ .മലയാള സിനിമയിൽ പാട്ടുകളുടെ പൂക്കാലം ആരംഭിച്ചു കഴിഞ്ഞിരുന്നു .ഒരു ഗായകന് കൂടി അവിടെ ഇടമുണ്ട് .പുതിയ ഗായകൻ ബ്രഹ്മാനന്ദൻ കഴിവുള്ള ആളാണ് ;സ്ഥിരമായി രംഗത്തുണ്ടാവുമെന്നു ഞങ്ങൾ സിനിമാ പ്രേമികൾ തീർച്ചപ്പെടുത്തി .തുടർന്നങ്ങോട്ട് നല്ല കുറച്ചു പാട്ടുകൾ നീല നിശീഥിനി യും താരകരൂപിണി യും താമരപ്പൂവ് നാണിച്ചുവും മറ്റുമായി ..അടുത്ത നാലഞ്ചു വർഷത്തിനകം നൂറോളം പാട്ടുകൾ പുതിയ ഗായകൻ ചുവടുറപ്പിക്കുകയായിരുന്നു .
    പക്ഷേ മലയാള സിനിമയല്ലേ ,അവിടെ കഴിവ് മാത്രം പോരല്ലോ .നന്നായി പാടിക്കൊണ്ടിരുന്ന ബ്രഹ്മാനന്ദന് അവസരങ്ങൾ കുറഞ്ഞു .ക്രമേണ അദ്ദേഹം പിൻവാങ്ങി .
    ഇന്ന് മാതൃഭൂമി ചാനലിൽ രാകേഷ് ബ്രഹ്മാനന്ദൻ അവതരിപ്പിച്ച ചക്കരപ്പന്തൽ കണ്ടപ്പോൾ തോന്നിയതാണിതൊക്കെ .ബ്രഹ്മാനന്ദൻ ലോകം വിട്ടിട്ട് 15 വർഷം കഴിഞ്ഞിരിക്കുന്നു (ഓഗസ്റ്റ് 10 )അദ്ദേഹത്തിന്റെ പാട്ടുകൾ ഇന്നും നിലനിൽക്കുന്നു പുതുമ മാറാതെ .കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് യേശുദാസാണെങ്കിലും പാടിയ പാട്ടുകളിൽ കൂടുതലെണ്ണം ഹിറ്റാക്കാൻ കഴിഞ്ഞത് ജയചന്ദ്രനാണെന്ന് പറഞ്ഞത് സക്കറിയാ ആണെന്നു തോന്നുന്നു .അതോ രവിമേനോനോ ?അതെന്തായാലും പാടിയ പാട്ടുകൾ ഏതാണ്ടെല്ലാം തന്നെ ഹിറ്റായതിന്റെ ബഹുമതി  ബ്രഹ്മാനന്ദനു മാത്രം അവകാശപ്പെട്ടതാണ് .








   
     

2019, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

9-8-2019

 ചെറുകഥ -നിർവചനത്തിനു ശ്രമിക്കുമ്പോൾ
ആർ എസ്  കുറുപ്
------------------------------------------------------------------------------
ലോകത്തിൽ എല്ലാ സമൂഹങ്ങളിലും അനാദികാലം മുതൽ തന്നെ കഥകൾ നിലനിൽക്കുന്നുണ്ടായിരുന്നു  .അവയിൽ ചിലതെങ്കിലും കാലത്തെ അതിജീവിച്ചു നിലനിൽക്കുന്നു .ഉദാഹരണങ്ങൾ അനാവശ്യമാണ് .പക്ഷേ എല്ലാ ചെറിയ കഥകളും ചെറുകഥ എന്ന സാഹിത്യ രൂപത്തിൽ ഉൾപ്പെടുന്നില്ല ,അവ പ്രാചീനമായാലും ആധുനികമായാലും .അപ്പോൾ ഒരു കഥ ചെറുകഥ ആണോ എന്നറിയണമെങ്കിൽ എന്താണ് ചെറുകഥ എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു ചെറുകഥയ്ക് ഒരു നിർവചനം കണ്ടെത്തേണ്ടിയിരിക്കുന്നു
    ചെറുകഥ -ഷോർട് സ്‌റ്റോറി -എന്ന വാക്ക് ആദ്യമായി ഒരു ഇംഗ്ലീഷ് നിഘണ്ടുവിൽ(Oxford English Dictionary ) പ്രത്യക്ഷപ്പെടുന്നത് 1933 ലാണ് .A fictional prose tale of no specified length, but too short to be published as a volume on its own, as novellas sometimes and novels usually are. A short story will normally concentrate on a single event with only one or two characters, more economically than a novel's sustained exploration of social background.എന്നാണ്  ആ നിർവചനം .അതുനിൽക്കട്ടെ .അതിലേക്കു പിന്നീട് വരാം .ഈ നിർവചനം വരുന്നതിനു ഒരു നൂറ്റാണ്ടെങ്കിലും മുമ്പ് ആ പ്രസ്ഥാനത്തിന്റെ പ്രതിഷ്ഠാപകരിലൊരാളായ എഡ്ഗാർ അലൻ പോ തന്റെ ചില ലേഖനങ്ങളിൽ ആ സാഹിത്യ രൂപത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട് .പക്ഷെ നിരൂപകർ പൊതുവെ ചെറുകഥയെ അവഗണിക്കുകയാണ് ചെയ്തത് .ചെറുകഥയ്ക്ക് ഒരു നിർവചനം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഈ അവഗണനയ്ക്ക് കാരണമായി പറയപ്പെടുന്നെ ചില സവിശേഷതകൾ നമുക്ക് കണക്കിലെടുക്കേണ്ടതുണ്ട് 
       ആനുകാലികങ്ങളുടെ വരവോടെയാണ് ചെറുകഥയും രംഗത്തെത്തിയത് .പ്രസിദ്ധീകരിക്കുന്ന മാസികയുടെ സൗകര്യത്തിനനുസരിച്ച് കഥയുടെ വലിപ്പവും നിശ്ചയിക്കേണ്ടി വന്നു എഴുത്തുകാരന് .ഫലമോ ?ബെർണാഡ് ബെർഗോൻസി പറയുന്നു :'ആധുനിക ചെറുകഥാ കൃത്തിന് ലോകത്തെ ഒരു പ്രത്യേക രീതിയിൽ കാണേണ്ടിയിരിക്കുന്നു .കാരണം അയാളുപയോഗപ്പെടു  ത്തുന്ന സാഹിത്യ രൂപം ഉപദ്രവകരമാം വിധം ന്യുനീകരിക്കപ്പെട്ടതാണ് .അത് അനുഭവങ്ങളെ അരിച്ചെടുത്ത് പരാജയം അന്യവൽക്കരണം എന്നീ മൂലകങ്ങളെ മാത്രം അവശേഷിപ്പിക്കുന്നു "
     ചില മാഗസിൻ കഥകളുടെ കാര്യത്തിലെങ്കിലും ബെർഗോൻസി പറഞ്ഞത് സത്യമായിരിക്കാം ;വളരെ നല്ല ഒരു ചെറുകഥയ്ക്കു പോലും ഒരു ശരാശരി നോവലിനു കഴിയുന്നത്ര സമഗ്രമായി ജീവിതത്തെ ആവിഷ്കരിക്കാൻ കഴിയുകയുമില്ല .എന്നാൽ  സങ്കീർണ്ണതയും വലിപ്പവുമാണ് മനുഷ്യ ജീവിതത്തിന്റെ രസകരവും പ്രധാനവുമായ ഘടകങ്ങളെന്നു  കരുതുന്നത് മൗഢ്യമാണ് ഇയാൻ റീഡ് പറയുന്നതു സത്യമാണ് .റീഡ് തുടരുന്നു "തീരെ ബുദ്ധി കുറഞ്ഞ ഒരാൾ മാത്രമേ പ്രസക്തതയും വലിപ്പവും ഒന്നാണെന്നു ധരിക്കുകയുള്ളു .ഉദാഹരണത്തിന് ഭാവഗീതം ആഖ്യാന കവിതയെക്കാൾ രസനീയമായിരിക്കുമല്ലോ പലപ്പോഴും .അതു പോലെ നോവലിന് ഒരിക്കലും കഴിയാത്തത്ര സാന്ദ്രതയോടെ നമ്മെ വികാരഭരിതരാക്കാൻ ചെറുകഥയ്ക്കു കഴിയും" .(ഇയാൻ റീഡ് -ദി ഷോർട്സ്റ്റോറി ).
    ഇതു കൊണ്ടായില്ലല്ലോ .ചെറുകഥ എന്താണെന്ന ചോദ്യം അവശേഷിക്കുന്നു .ഓരോരുത്തരും കഥ പറയുന്ന രീതി വ്യത്യസ്തമാണ് .അതു കൊണ്ട് തന്നെ അതിവ്യാപ്തിയോ അവ്യാപ്തിയോ ഇല്ലാത്ത ഒരു നിർവചനം കണ്ടെത്തുക എളുപ്പമല്ല .മാത്രമല്ല കാലഗതിയിൽ പരിണമിക്കുന്നവയാണ് സാഹിത്യരൂപങ്ങൾ .ഉദാഹരണത്തിന് ചെറുകഥയിൽ സുഘടിതമായ ഒരിതിവൃത്തമുണ്ടാവണമെന്നു നിര്ബന്ധമുള്ളവരായിരുന്നു 19 ആം നൂറ്റാണ്ടിലെ ചെറുകഥാകൃത്തുക്കളും നിരൂപകരും .പക്ഷേ ആധുനികരായ എഴുത്തുകാർ ഈ സിദ്ധാന്തത്തെ പലപ്പോഴും അവഗണിക്കുന്നു .നോവലുകൾക്ക് അനുയോജ്യമായ ആഖ്യാന രീതി കൈവെടിഞ്ഞ് കവിതയുടെയും നാടകത്തിന്റെയും സങ്കേതങ്ങൾ സ്വീകരിക്കാൻ അവർ തയ്യാറാവുന്നു കൂടുതൽ ആലങ്കാരികവും താളാത്മകവുമായ ഭാഷാപ്രയോഗത്തിലൂടെ .
    അതു പോലെ ചെറുകഥയിലെ കഥയുടെ കാര്യം :"അതെ അതെ ,നോവൽ ഒരു കഥ പറയുകയാണ് ചെയ്യുന്നത് "എന്ന് ഇ എം ഫോസ്റ്റർ നോവലിന്റെ കാര്യത്തിൽ പറഞ്ഞത് ചെറുകഥയ്ക്കും ബാധകമാകേണ്ടതല്ലേ ?ചെറുകഥയുടെ സൈദ്ധാന്തികനായ ഹെർബെർട് ഗോൾഡ് പറയുന്നത് കേൾക്കുക "The Storyteller must have a story to tell ,not some sweet prose ".കഥപറച്ചിലുകാരന് പറയാൻ ഒരു കഥയുണ്ടാവണം മധുരമായ ഗദ്യം പോരാ .അപ്പോൾ ഒരു ചോദ്യമുണ്ടാവാം 'കഥയെന്നാൽ എന്ത്?'യുക്തിസഹമായ ,കാലാനുസാരിയായ  ,സംഭവവിവരണം  തന്നെ .അരിസ്റ്റോട്ടിൽ പ്ലോട്ടിനെക്കുറിച്ച് പറഞ്ഞതു പോലെ ആദിമദ്ധ്യാന്തങ്ങളുള്ളത് .പക്ഷേ ഈ നിയമം പാലിക്കാത്ത ,സംഭവങ്ങളും പാത്രങ്ങളും ഒരു ക്രമവും അനുസരിക്കാതെ പ്രത്യക്ഷപ്പെടുന്ന നല്ല ചെറുകഥകളില്ലേ ?ഉണ്ട് .എന്നുവെച്ചാൽ നമുക്ക് നിര്വചനത്തിന്റെ പരിധി വിപുലീകരിക്കേണ്ടിയിരിക്കുന്നു .തൽക്കാലം ഒരു ഗദ്യരചന സു  ഘടിതമായ ഇതിവൃത്തത്തോടു കൂടിയ ചെറുകഥകളുമായി രൂപ സാദൃശ്യം പുലർത്തുന്നുണ്ടെങ്കിൽ അതൊരു ചെറുകഥയാണെന്നു നമുക്കു തീരുമാനിക്കാം .
   പക്ഷേ അവിടേയും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല .കാരണം ചില  ചെറുകഥകളുണ്ട് സംഭാവ്യതകളും അസംഭാവ്യതകളും കൂടിക്കലർന്ന് പരസ്പരപൂരകങ്ങളല്ലാത്തഇതിവൃത്തവഴികളിലൂടെ,കാര്യകാരണ ബന്ധങ്ങളെ നിരാകരിച്ചു കൊണ്ട് വികസിച്ചുവരുന്നവ ,പ്രതികഥകൾ എന്നു വിളിക്കപ്പെടാവുന്നവ . ലോക പ്രശസ്തമായ ചില ചെറുകഥകളെങ്കിലും ഈ ഗണത്തിൽ പെടുത്താവുന്നവയാണ് .അവയും ചെറുകഥകൾ തന്നെയാണ് .കാരണം അവയിൽ സന്നിഹിതങ്ങളായ സാധ്യതകളിൽ നിന്ന് വായനക്കാരന് ഒരു കഥ നിർമ്മിച്ചെടുക്കാൻ കഴിയുന്നു ,ആഖ്യാന വൈചിത്ര്യത്തിൽ നിന്ന് ,ഭ്രമ കല്പനകളിൽ നിന്ന് .ചുരുക്കത്തിൽ ഒരു ഗദ്യ രചന ചെറുകഥയാണെന്നു നിർണ്ണയിക്കപ്പെടണമെങ്കിൽ പാത്രധർമ്മങ്ങൾ ക്രിയകളിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതായി വായനക്കാരന് അനുഭവവേദ്യമാകുന്ന തരത്തിൽ ഒരു രൂപശില്പം ആ രചനക്കുണ്ടാവണം ,ആ രൂപം എത്രതന്നെ ശിഥിലമായാലും .മറിച്ചു പറഞ്ഞാൽ വായിക്കുന്ന സ്ളധബദ്ധമായ രചനയിൽ നിന്ന് കൃത്യമായ രൂപശില്പമുള്ള ഒരു ചെറുകഥ മനസ്സിൽ നിർമ്മിക്കാൻ ആസ്വാദകനു കഴിയണം .The short story is nothing if there is no story to tell എന്ന് ബ്രാൻഡർ മാത്യൂസ് പറയുന്നത് ഈ അർത്ഥത്തിലാണ് നാം മനസ്സിലാക്കേണ്ടത് .
    ഇതെല്ലാമുണ്ടെങ്കിലും ഒരു കഥ ചെറുകഥയാവണമെങ്കിൽ അത് മനുഷ്യന്റെ, മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്നതായിരിക്കണം .സാരോപദേശ കഥകളും ഗുണപാഠകഥകളും മറ്റും ചെറുകഥയുടെ പരിധിയിൽ വരാത്തതിനു കാരണം ഇതാണ് .കൂടാതെ ചെറുകഥ ചെറിയകഥയായിരിക്കണം .എത്രത്തോളം ചെറുത് എത്രത്തോളം വലുത് എന്നൊക്കെയുള്ളത് കൃത്യമായി നിര്വചിക്കപ്പെട്ടിട്ടില്ല  .എന്തായാലും ചെറിയ നോവൽ ചെറുകഥയാവുകയില്ല .കുറച്ചു വലിയ ഒരു ചെറുകഥ ചെറിയ നോവലാവുകയുമില്ല .ഒരു സംഭവഗതിയുടെ   -എപ്പിസോഡ് -ആഖ്യാനം ചെറുകഥ ;പരസ്പരം ബന്ധപ്പെട്ട സംഭവഗതികളുടെ പരമ്പരയുടെ ആഖ്യാനം നോവൽ എന്നത് ഉപയോഗപ്രദമായ ഒരു മാനദണ്ഡമാണ് ഇക്കാര്യത്തിൽ .
   ഇപ്പോഴും നാം ചെറുകഥയുടെ ഒരു നിർവചനത്തിൽ എത്തിയിട്ടില്ല .അങ്ങിനെ ഒരു നിർവചനം അസാദ്ധ്യമാണ് .നല്ല ധാരാളം ചെറുകഥകൾ വായിച്ച് നമ്മുടെ മനസ്സിൽ എന്താണ് ചെറുകഥ എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടായിട്ടുണ്ടല്ലോ അതാണ് ചെറുകഥയെക്കുറിച്ച് സാദ്ധ്യമായ ഒരേ ഒരു നിർവചനം .

























































    







.