2018, നവംബർ 21, ബുധനാഴ്‌ച

അയ്യപ്പൻറെ ഹിതം അറിയാൻ പ്രശനം വെക്കേണ്ട .ഒരു രജസ്വലയുടെ വിളികേട്ടാണല്ലോ വസ്ത്രങ്ങളുമായി ഭഗവാൻകൃഷ്ണൻ  ഓടിയെത്തിയത് .പാർവതിയും വേദവതിയും ഒക്കെ സുദീർഘ തപസ്സുകൾ നടത്തിയത് ഇടവേളകൾ വെച്ചിട്ടല്ലല്ലോ .ദ്യുത പർവ്വതത്തിന്റെ  അവസാനത്തിൽ ഹസ്തിനപുരത്തെ രാജസഭയിൽ ഒരു ശുദ്ധികലശവുമുണ്ടായില്ല .
   ഇതു സത്യം .പക്ഷെ ഇതേ പോലെ സത്യമാണ് ക്ഷേത്രദർശനത്തെ സംബന്ധിക്കുന്ന ആചാരങ്ങളും ,ഒരു പക്ഷേ എല്ലാ ആചാരങ്ങളും .പുരാവൃത്ത സംബന്ധിയായ പഠനം നടത്തിയിട്ടുള്ള പണ്ഡിതന്മാരെല്ലാം ഏകസ്വരത്തിൽ പറയുന്നുണ്ട് ആചാരങ്ങളില്ലാതെ സമൂഹങ്ങൾ നിലനിൽക്കുകയില്ല എന്ന് .പരിഷ്കൃത സംഘടിത സമൂഹങ്ങൾക്കും ആചാരങ്ങളുണ്ട് ,എന്നല്ല ചില ആചാരങ്ങൾ കൂടിയെകഴിയു അവയുടെ നിലനിൽപിന് എന്ന് ജോസഫ് കാംപ്ബെൽ പറയുന്നു .കൂവളത്തിലയും തുളസിമാലയുമായിരുന്നു പണ്ടെങ്കിൽ ഇപ്പോൾ അത് പുഷ്പങ്ങളും രക്തഹാരവുമായി എന്നു മാത്രം .
   അപ്പോൾ ആചാരങ്ങൾക്ക് പരിവർത്തനം വന്നാൽ മതിയോ ?ചിലതെങ്കിലും മാറേണ്ടതല്ലേ ? തീർച്ചയായും .അവ മാറുകയും ചെയ്യും .ഉൽപ്പാദന ബന്ധങ്ങളിലും ഉൽപ്പാദന രീതികളിലുമുണ്ടാവുന്ന മാറ്റത്തിനനുസരിച്ച് .അതിനു ബോധപൂർവമായ യത്നം ആവശ്യമില്ലേ  ?ഉണ്ട് .അതാണ് മദ്ധ്യവർഗ ധിക്ഷണാ ശാലിയുടെ ധർമ്മം .മാറ്റങ്ങൾക്ക് വഴിമരുന്നിടുക .ആചാരങ്ങളുടെ കാര്യത്തിൽ മനുഷ്യ മനസ്സുകളിൽ ആണ് എല്ലാ മാറ്റവും ആദ്യം ഉണ്ടാകേണ്ടത് .അതിനുള്ള ശ്രമമുണ്ടാകണം .നിയമം ഇടക്കെവിടെയെങ്കിലും വെച്ച് മാറും .അത് സ്വീകരിക്കാൻ സമൂഹത്തെ ,ബന്ധപ്പെട്ട ജനസഞ്ചയത്തെ മാനസികമായി പ്രാപ്തരാക്കുകയാണ് സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടെ പ്രഥമ ദൗത്യം .അവിടെയാണ് ബുദ്ധിജീവി വർഗ്ഗം പ്രത്യേകിച്ച് ഫെമിനിസ്റ്റുകൾ പരാജയപ്പെട്ടത് .ചരിത്ര പ്രാധാന്യമുള്ള ,സ്ത്രീകളെ സംബന്ധിച്ച് വിമോചകം എന്നു പറയാവുന്ന ഒരു വിധി സ്വീകരിക്കാൻ ഒരു സ്ത്രീ പോലും തയാറാകാത്തത് ഒരു പരാജയം തന്നെയാണ് .ആത്മാർത്ഥമായ ,സത്വരമായ ,കക്ഷിരാഷ്ട്രീയ മുക്തമായ ആശയ പ്രചാരണമാണ് സലിംകുമാറിന്റെ പോലെ എനിക്കാണോ  എല്ലാവർക്കുമാണോ ഭ്രാന്ത് എന്ന് അദ്‌ഭുതം കൂറുകയല്ല പരിഹാരമാർഗം
      ആളുകളെ സ്ത്രീകളെയും പുരുഷന്മാരെയും ബോധവൽക്കരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്
അല്പം ക്ഷമയും സാവകാശവും വേണം അതിന് .വിട്ടു വീഴ്ചകൾക്ക് തയാറായാൽ പിടിവാശിയും ധാർഷ്ട്യവും ഒഴിവാക്കാൻ ബന്ധപ്പെട്ട എല്ലാവരും,എടുത്തു പറയട്ടെ എല്ലാവരും  തീരുമാനിച്ചാൽ മനസ്സുമടുപ്പിക്കുന്ന, കേരളം സംസ്കാരത്തിനു പേരുദോഷമുണ്ടാക്കുന്ന സംഭവങ്ങൾ ഒഴിവാക്കാൻ കഴിയും;ഇന്നല്ലെങ്കിൽ നാളെ പിതൃമേധാവിത്വത്തിന്റെ പ്രധാന ഉപകരണമായിരുന്ന  ഒരാനാചാരം അപ്രത്യക്ഷമാവുകയും ചെയ്യും  .ശരണാഗത വത്സലന്റെ സന്നിധാനം പങ്കിലമാകാതിരിക്കട്ടെ .സംക്രമ സന്ധ്യ ഗിരികന്യകയുടെ നെയ്ത്തിരിയാൽ പ്രശോഭിതവും പാവനവുമാവട്ടെ .
 
.










2018, നവംബർ 15, വ്യാഴാഴ്‌ച

"കാലംകളിൽ അവൾ വസന്തം ……"
-------------------------------------------------
പഴയ തമിഴ് സിനിമ എനിക്ക് അനുഭവ വേദ്യമായത് പാട്ടുകളിലൂടെയാണ് .ചന്ദ്രലേഖ ,ദേവദാസ് മുതൽ ഭിംസിംഗ് ചിത്രങ്ങളും തിരുവിളയാടലും കർണ്ണനും വരെ അവയുടെ രണ്ടാം റിലീസിൽ ഞാൻ കാണുകയും ചെയ്തു .അവയ്ക്കു ശേഷമുള്ളത് മിക്കവാറും അതാതു കാലത്തു തന്നെ കാണാൻ കഴിഞ്ഞിട്ടുണ്ട് .ഈ നൂറ്റാണ്ടിന്റെ തുടക്കം വരെ .
  തമിഴ് സിനിമയുടെ നടികയർ തിലകം ,മഹാനടി, സാവിത്രിയാണെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടെന്നു തോന്നുന്നില്ല .സുവിദിതമാണ് അത് .അത്രതന്നെ അറിയപ്പെടുന്നതാണ് അവരുടെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളും .സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുതെലുങ്കു  ചിത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നു .മഹാനടി .അതിന്റെ മലയാളം ഡബ്ബിങ് ഞാൻ കണ്ടു .പടം എനിക്കിഷ്ടപ്പെട്ടു ;വളരെ ഇഷ്ടപ്പെട്ടു .
   വിജയവാഡയിൽ വല്യച്ഛന്റെ ഗ്രാമത്തിൽ കഴിഞ്ഞു കൂടിയ കുസൃതിക്കാരിയായ കൗമാരക്കാരി പതിനാലാം വയസ്സിൽ സിനിമയിലെത്തി ,അന്നത്തെ  ഒരു പക്ഷെ എന്നത്തേയും മികച്ച ദക്ഷിണേന്ത്യൻ നടനായ നാഗേശ്വര റാവുവുമൊത്ത് ദേവദാസിൽ അദ്‌ഭുതകരമായ അഭിനയം കാഴ്ചവെക്കുന്നു .തുടർന്നുണ്ടായത് ചരിത്രമാണ് .സ്വകാര്യ ജീവിതത്തിൽ ജെമിനി ഗണേശനുമായുള്ള പ്രണയം വിവാഹം കുടുംബജീവിതം ,ഈഗോ ക്‌ളാഷുകൾ അന്തച്ഛിദ്രങ്ങൾ ,മദ്യത്തിൽ അഭയം തേടൽ ...ഇവയൊക്കെ ഈ സിനിമ കലാ സൗകുമാര്യം നഷ്ടപ്പെടുത്താതെ സത്യസന്ധമായി തന്നെ ആവിഷ്കരിച്ചിട്ടുണ്ട് .ഒപ്പം സാവിത്രിയുടെ അധികം അറിയപ്പെട്ടിട്ടില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളും .
    ഈ ചിത്രത്തിന്റെ വിജയത്തിന് ഏറ്റവും വലിയ സംഭാവന നൽകിയത് സാവിത്രിയുടെ ഭാഗം അഭിനയിച്ച കീർത്തി സുരേഷാണ് .കുസൃതി നിറഞ്ഞ കൗമാരം .അഭിനയ ചക്രവര്ത്ഥിനിയായുള്ള രാജ്യ ഭാരം ഒടുവിൽ കിരീടം നഷ്ടപ്പെട്ട് തന്റെ പഴയ രാജധാനിയിലൂടെ നഗ്നപാദയായുള്ള തിരിച്ചു നടപ്പ് ,മദ്യത്തിൽ തേടിയ അഭയ സ്ഥാനം -,കീർത്തി സാവിത്രിയായി അസാമാന്യമായ പാടവത്തോടെ പകർണ്ണാടിയിരിക്കുന്നു .
  ദുൽകർ സൽമാൻ  ജെമിനി ഗണേശന്റെ വേഷത്തിൽ സാമാന്യം നന്നായിട്ടുണ്ട്  .ദുൽക്കറിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നതു കൊണ്ടാവാം സാമാന്യം എന്ന വിശേഷണം വന്നു പോയത് .
   സാവിത്രിയുടെ ജീവചരിത്രാന്വേഷികളായ പത്രപ്രവർത്തക മിഥുനങ്ങളെ അവതരിപ്പിച്ച ചെറുപ്പക്കാരിയും ചെറുപ്പക്കാരനും നല്ല അഭിനയം കാഴ്ചവെച്ചു .
ഞാനിത് വീണ്ടും കാണും .വിശദമായി എഴുതുകയും ചെയ്യും .

  




2018, നവംബർ 12, തിങ്കളാഴ്‌ച

ഇരുളിൽ ഒരു ദീപാവലി
--------------------------------------
ദീപാവലി എന്നാൽ പലഹാരമെന്നായിരുന്നു ചെറുപ്പത്തിലെ ധാരണ ;മധുരപലഹാരമെന്നില്ല എന്തെങ്കിലും പലഹാരം .എല്ലാവീട്ടിലും എന്തെങ്കിലും പലഹാരം ദീപാവലി നാളിൽ ഉണ്ടാക്കുമായിരുന്നു .  അതൊരു സന്തോഷകരമായ കാര്യമായിരുന്നു ഞങ്ങൾ കുട്ടികൾക്ക്.സന്ധ്യക്ക് മിക്കവീടുകളിലും ദീപങ്ങൾ തെളിക്കുകയും ചെയ്തിരുന്നു ;പടക്കവും കമ്പിത്തിരിയുമൊന്നും പക്ഷെ പതിവുണ്ടായിരുന്നില്ല .
    വെളിച്ചത്തിന്റെയും ശബ്ദങ്ങളുടെയും ആഘോഷമാണ് ദീപാവലി എന്നു മനസ്സിലാലായത് കോളേജ് പഠനത്തിന് തിരുവനന്തപുരത്തെത്തിയപ്പോഴാണ് .കടുത്ത ശബ്ദങ്ങൾ അലോസരമുണ്ടാക്കിയിരുന്നെങ്കിലും പൂത്തിരികൾ വെളിച്ചം പരത്തുന്ന രാത്രികൾ ആഹ്ളാദകരങ്ങളായിരുന്നു .പക്ഷേ ഹോസ്റ്റലിൽ ചില വിരുതന്മാർ നടത്തിയിരുന്ന കുളിമുറിയിലെ പടക്കം പൊട്ടിക്കൽ പോലുള്ള പരിപാടികൾ ആ അനുഭവത്തിന്റെ ശോഭ കെടുത്തിയിരുന്നതായും ഓർക്കുന്നു .
        ഒരു ഉത്തരേന്ത്യൻ ദീപാവലി അനുഭവം മനസ്സിൽ മായാതെയുണ്ട് .രണ്ടു കൊല്ലം മദ്ധ്യ പ്രദേശിലെ ഒരു കേന്ദ്രീയ വിദ്യാലയത്തിൽ ജോലിചെയ്തിരുന്നു എന്റെ ഭാര്യ ,താപ്തിനദി യുടെ ഉത്ഭവ സ്ഥാനത്തിനടുത്തുള്ള മലഞ്ചെരുവിലെ ചെറിയ പട്ടണത്തിൽ .അവിടെ നിന്ന് കൊച്ചി റിഫൈനറിസ്‌കൂളിലെ ജോലി ഏറ്റെടുക്കാൻ യാത്രപുറപ്പെട്ടത് ഒരുദീപാവലി രാത്രിയിലാണ്  വെളുപ്പിനെത്തുന്ന ജയന്തിജനത കാത്ത് ഞങ്ങൾ രാത്രിമുഴുവൻ റെയിൽവേ സ്റ്റേഷനിലിരുന്നു .നഗരവും ചുറ്റുമുള്ള ഗ്രാമങ്ങളും പൂത്തിരികൾ കത്തിച്ച് ദീപാവലി ആഘോഷിക്കുകയായിരുന്നു .കാത്തിരിപ്പിനൊടുവിൽ അറിയിപ്പ് 'കൊച്ചിൻ  ഹാർബർ ടെര്മിനസിലേക്കും  മംഗലാപുരത്തേക്കും പോകുന്ന ജയന്തി ജനത എക്സ്പ്രസ്സ് യാത്ര പുറപ്പെടുകയായി '.നേരിയ മഞ്ഞിന്റെ മേൽമുണ്ടണിഞ്ഞ്  ഭൂമിയിലും ആകാശത്തും ദീപക്കാഴ്ചകളൊരുക്കി  സാത്പുരയുടെ താഴ്വര ഞങ്ങൾക്ക് യാത്രാ മംഗളം നേർന്നു 'ശുഭയാത്ര '
               ജീവിക്കാൻ വേണ്ടിയുള്ള ഓട്ടപ്പാച്ചിലായിരുന്നു പിന്നീട് ;ആഘോഷങ്ങൾക്കൊന്നും സമയമുണ്ടായിരുന്നില്ല .ഓണം പോലും ചടങ്ങായി മാറിയിരുന്നു .പക്ഷെ ഞാൻ പങ്കെടുക്കാതിരുന്ന ഒരു ദീപാവലി ആഹ്‌ളാദം പകർന്നുകൊണ്ട് ഇപ്പോഴും മനസ്സിൽ നിൽക്കുന്നു .
പത്തിരുപതു കൊല്ലം മുമ്പാണ് ഒരു നവംബറിൽ  പൂണിത്തുറ പ്രദേശത്തുള്ള ഒരു റോഡിലെ റെസിഡെന്റ്സ്  അസോസ്സി യേഷൻ ഉദ്ഘാടനം ചെയ്യാൻ .പോയി ..ഉദ്ഘാടനം ചെയ്യപ്പെടുന്ന സംഘം പ്രവർത്തിച്ചു തുടങ്ങി എന്ന് അവരുടെ പ്രസിഡന്റ്‌ പാസ്ടർ തോമസ് പറഞ്ഞു .തീവ്ര വിശ്വാസികളായ ഒരു പെന്ത ക്കോസ്തു വിഭാഗത്തിലെ മുഖ്യ ഉപദേ ശിയാണു പാസ്റ്റർ .അദ്ദേഹത്തിന്റെ വീടിന്റെ മുകൾനിലയിലുള്ള പ്രാർഥനാ ഹാളിൽ വെച്ചായിരുന്നു മീറ്റിംഗ് .അസോസിയേഷൻ പ്രവർത്തനം തുടങ്ങിയത് ഏതാനും ദിവസം മുമ്പ് ദീപാവലി നാൾ എല്ലാ വീടിന്റെ മുമ്പിലും ചെരാതുകൾ കത്തിച്ചു കൊണ്ടായിരുന്നുവെന്നും  പാസ്ടർ പറഞ്ഞു .ഒരു തരത്തിലുള്ള പ്രതീകാത്മക ആരാധനകളിലും വിശ്വസിക്കാത്ത ,മെഴുകുതിരി പോലും കൊളുത്താത്ത ഒരു മത വിഭാഗത്തിന്റെ മുഖ്യ പ്രചാരകനാണ് അതിനു മുൻകയ്യെടുത്തതെന്നു കേട്ടപ്പോൾ എനിക്ക് അമ്പരപ്പ് തോന്നി ഒപ്പം ആഹ്‌ളാദവും  .
എനിക്ക് കാര്യമായൊന്നും അന്ന് സംസാരിക്കാൻ കഴിഞ്ഞില്ല .'നിങ്ങൾ ഒരു തിരി തെളിച്ചപ്പോൾ ഒരായിരം  മനസ്സിലെ ഇരുട്ടാണ്‌ അകലുന്നത് .ഒരു പാടു തിരികൾ മനസ്സുകളിലെ ഇരുട്ടകറ്റി കൊണ്ട് തെളിഞ്ഞു കത്തട്ടെ 'എന്നൊ ക്കെയാണ് ഞാൻ പറഞ്ഞത് .അതവർക്ക് ഇഷ്ടപ്പെടുകയും ചെയ്തു . 'മണ്‍ ചിരാതുകൾ തോറും വിണ്ണിനെ ചൂണ്ടി കത്തുമാശ്രമ വിളക്കുകൾ'കൊളുത്തിയ ഋഷി വര്യന്മാരെ ഓർമ്മിപ്പിക്കുന്നു പാസ്റ്ററും സംഘവും മനസ്സുകളിൽ ഇരുൾ നിറയുന്ന ഈ കാലത്തും .
       കമ്പിത്തിരി കത്തിച്ച് ദീപാവലി ആഘോഷിച്ചു ഞങ്ങൾ ഇക്കുറി അമേരിക്കയിൽ വെച്ച് .ആ സമയത്തു തന്നെയായിരുന്നു ടി വിയിൽ ശബരിമല ലൈവ് കാണിച്ചു കൊണ്ടിരുന്നതും.ശരണം വിളികൾ കൊണ്ടു  മുഖരിതമായിരുന്നു എന്റെ  വൃശ്ചിക പുലരികൾ ബാല്യ കൗമാരങ്ങളിൽ .മലയിട്ടയാൾ അയ്യപ്പനും മറ്റുള്ളവ ,മനുഷ്യർ, ജീവജാലങ്ങൾ, അചേതന വസ്തുക്കൾ എല്ലാം സ്വാമിമാരുമാവുമായിരുന്നു അന്ന് .മറ്റു ഭക്തന്മാരിൽ നിന്ന് ശബരിമല അയ്യപ്പന്മാർക്കുള്ള വ്യത്യാസവും അതായിരുന്നു .പക്ഷെ ഇക്കഴിഞ്ഞ ദിവസം ശബരിമലയിൽ കണ്ടത് ആ സങ്കല്പവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ലല്ലോ .വെളിച്ചത്തിന്റെ ഉത്സവം ആഘോഷിക്കുമ്പോഴും മനസ്സിൽ മൂടലുണ്ടായിരുന്നു .
       അല്പം ആശ്വാസം തോന്നിയത് ഹരിവരാസനം കേട്ടപ്പോളാണ് .സന്നിധാനത്ത് അവശേഷിച്ചിരുന്നവർ പോലീസ് അയ്യപ്പന്മാരുൾപ്പെടെ നിശ്ശബ്ദരായി ശ്രദ്ധാലുക്കളായി നിശ്ചലരായി നിന്നു .അന്തരീക്ഷത്തിൽ ലോകത്തിലെ ഏറ്റവും മനോഹരമായ പുരുഷ ശബ്ദത്തിൽ അയ്യപ്പൻറെ ഉറക്കു പാട്ട് .വിളക്കുകൾ ഓരോന്നായി അണഞ്ഞു .കലിയുഗ വരദന്റെ യോഗനിദ്ര 
     ഒരു സുപ്രഭാതത്തിലേക്കാവട്ടെ അയ്യപ്പൻ പള്ളിയുണരുക 











        

           





















     


2018, നവംബർ 8, വ്യാഴാഴ്‌ച

8-11-2018നോട്ടു നിരോധനത്തിന്റെ രണ്ടാം വാർഷികം .അത് അവശ്യംവേണ്ട ഒരു നടപടിയായിരുന്നുവെന്നു  രണ്ടു കൊല്ലം മുമ്പ് ഏതാണ്ടിതേസമയത്ത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേട്ടപ്പോൾ തോന്നി .ഇപ്പോഴും അത് തന്നെ തോന്നുന്നു .ഇന്ദിരാജിയുടെ ബാങ്ക് ദേശസാൽക്കരണത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വിപ്ലവകരമായ സാമ്പത്തിക നടപടിയാണ് അത് .ഇതു രണ്ടും ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിച്ചു കൊണ്ടിരിക്കും .എല്ലാ പണമിടപാടും കണക്കിൽ പെടുമെന്ന് തീർച്ചയുള്ള ഒരു സാമ്പത്തിക സമ്പ്രദായം ഉണ്ടാകുമ്പോഴേ നമ്മൾ പരിഷ്കൃതരാണെന്നഭിമാനിക്കാൻ കഴിയു .കള്ളപ്പണത്തിന്റെ സമൃദ്ധി വിഷമയമാണ് .അത് തുടച്ചു നിൽക്കുന്നതിന് ഒരു വിലയും അധികമല്ല .
      വോട്ടും സീറ്റും നോക്കാതെ  ശരിയാണെന്നു ബോദ്ധ്യമുള്ള കാര്യങ്ങൾ നടപ്പാക്കുകയാണ് സ്വധർമ്മമെന്നു കരുതുന്ന ഭരണാധികാരിയോട് അതു മുഖ്യമന്ത്രിയായാലും പ്രധാന മന്ത്രിയായാലും എനിക്ക് ബഹുമാനമാണ് ;കോടിയുടെ നിറം അവിടെ പ്രസക്തമേയല്ല


2018, നവംബർ 3, ശനിയാഴ്‌ച

നിഷേധിയെ ഓർമ്മിക്കുമ്പോൾ
---------------------------------------------------
പതിനഞ്ചു വര്ഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2003 നവംബർ 3 പൂർവാഹ്നത്തിൽ ഈപ്പച്ചൻ(Eapen Ninan )ഫോണിൽ  വിളിച്ചു ചോദിച്ചു ,പ്രസാദ് സാർ മരിച്ച വിവരം സാർ അറിഞ്ഞോ എന്ന് .വാർത്ത തീരെ അപ്രതീക്ഷിതമായിരുന്നില്ല .നരേന്ദ്രപ്രസാദ് ഗൗരവമുള്ള രോഗം ബാധിച്ച് ആശുപത്രിയിലായിരുന്നുവെന്നെനിക്കറിയാമായിരുന്നു .
             1961 ജൂൺ മാസത്തിൽ പന്തളം എൻ എസ് എസ് കോളേജിന്റെ പോർട്ടിക്കോയിൽ വെച്ചാണ് ഞാൻ നരേന്ദ്ര പ്രസാദിനെ ആദ്യം കാണുന്നത് .അവിടെ പ്രീ യൂണിവേഴ്സിറ്റി ക്ക് ചേർന്നതായിരുന്നു ഞങ്ങൾ .അതിനു മുമ്പ് തന്നെ ഞങ്ങൾക്ക് പരസ്പരം കേട്ടറിവുണ്ടായിരുന്നു .എന്തായാലും അക്കാലത്തു ഞങ്ങൾ വളരെയൊന്നും അടുത്തിടപഴകിയിരുന്നില്ല .പ്രീ കഴിഞ്ഞ് രണ്ടു കോളേജുകളിലായി ,വളരെ വിരളമായേ വിദ്യാഭ്യാസ കാലത്തു ഞങ്ങൾ തമ്മിൽ കണ്ടിരുന്നുള്ളൂ .എന്നാൽ പിന്നീട് ജോലി കിട്ടി തിരുവനന്തപുരത്തെത്തിയ ഞങ്ങൾ ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും പതിവായി .വാസുവണ്ണന്റെ (അന്തരിച്ച ശ്രീ കളർകോട് വാസുദേവൻ നായർ )വീട്ടിൽ വെച്ചും കോഫീ ഹൌസിൽ വെച്ചും  മറ്റും .മിക്കവാറും സാഹിത്യം മാത്രമായിരുന്നു ഞങ്ങളുടെ ചർച്ചാ വിഷയം .രാഷ്ട്രീയ ചർച്ചകളിൽ വിമുഖനായിരുന്നു പ്രസാദ് .വീട്ടു കാര്യങ്ങൾ തീരെ ഒഴിവാക്കിയിരുന്നു .
   എഴുതാൻ തുടങ്ങിയിരുന്നു പ്രസാദ് അക്കാലത്തു തന്നെ .വലിയ രചനകൾ പ്രോമിസ് ചെയ്യുന്നുണ്ട് പ്രസാദ് എന്ന് അന്ന് വാസുവണ്ണൻ പറയാറുണ്ടായിരുന്നു .
       താമസിയാതെ ഞങ്ങൾ രണ്ടു വഴിക്ക് പിരിഞ്ഞു .ഞാൻ എറണാകുളത്തിന് പോയി .പ്രസാദ് സാഹിത്യ വിമര്ശകനായി ,നാടക കൃത്തും നാടക സംവിധായകനുമായി ,സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ മേധാവിയായി ,പരിചയക്കാരെ ഒക്കെ അമ്പരപ്പിച്ചു കൊണ്ട് സിനിമാ നടനായി .ഇടയ്ക്ക് വല്ലപ്പോഴും കാണുമ്പോഴൊക്കെ തുറന്ന ചിരിയോടെ കുശലം പറയാൻ മടിച്ചിരുന്നില്ല പ്രസാദ് .ഏറ്റവും ഒടുവിൽ കണ്ടത് എറണാകുളം പബ്ലിക് ലൈബ്രറി ഹാളിൽ വെച്ചായിരുന്നു ഫെമിനിസ്റ്റുകളുടെ ഒരു മീറ്റിംഗിലെ ക്ഷണിക്കപ്പെട്ട ഒരു സദസ്യനായിരുന്നു ഞാൻ .ചടങ്ങിലെ മുഖ്യാതിഥി അപ്പോഴേക്കും സിനിമാ നടനായിക്കഴിഞ്ഞിരുന്ന നരേന്ദ്ര പ്രസാദായിരുന്നു .നേരില്കാണാനോ സംസാരിക്കാനോ ശ്രമിച്ചില്ല എന്ന് കുറ്റബോധത്തോടെ ഞാൻ ഓർക്കുന്നു .പിന്നീട് വെള്ളിത്തിരയിലേ പ്രസാദിനെ ഞാൻ കണ്ടിട്ടുള്ളു .
          മലയാള ആധുനികതയുടെ നിരൂപകരിൽ പ്രഥമ ഗണനീയൻ നരേന്ദ്രപ്രസാദ് ആണെന്നാണ് എന്റെ അഭിപ്രായം .അപ്പൻ ,രാജകൃഷ്ണൻ ,രാജീവൻ ഇവരോടൊക്കെ യാതൊരനാദരവുമില്ലാതെയാണിതു പറയുന്നത് .കാരണമുണ്ട് .സാഹിത്യ സാമൂഹ്യ രംഗങ്ങളിലെ ഗതാനുഗതികത്വത്തെ നിഷേധിച്ചു കൊണ്ടും നിശിതമായി വിമര്ശിച്ചുകൊണ്ടുമാണ് പ്രസാദ് രംഗത്തെത്തിയത് .താൻ കൂടി വളർത്തിയെടുത്ത ആധുനികതാ പ്രസ്ഥാനം സ്വയം ഒരു യാഥാസ്ഥിതികത്വം ആയി മാറുന്നുവെന്നു തോന്നിയപ്പോൾ അതിനെയും നിർദ്ദയമായി വിമർശിക്കാൻ അദ്ദേഹം മടിച്ചില്ല .ആധുനികതയുടെ ചുവന്ന വാൽ  തുടങ്ങിയ ലേഖനങ്ങൾ നോക്കുക .നാടകത്തിലെയും ആധുനികതയുടെ കപടമുഖങ്ങളെ നിശിതമായി വിമർശിക്കാനും തുറന്നു കാട്ടാനും നരേന്ദ്രപ്രസാദ് മടിച്ചില്ല .സാമൂഹ്യ വിമര്ശനത്തിലാവട്ടെ ,'ജാതി പറഞ്ഞാലെന്ത് ?എന്നുറക്കെ ചോദിക്കുവാൻ നരേന്ദ്രപ്രസാദ് ധൈര്യം കാണിച്ചു  .
     നരേന്ദ്രപ്രസാദ് സ്വയം നിഷേധി എന്നു വിളിച്ചു .നിഷേധികളെ മനസ്സിലാക്കുക എന്നു കല്പിച്ചു .സിനിമയിൽ മാത്രം പ്രസാദ് അദ്ദേഹം തന്നെ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നതു പോലെ വേതനം പറ്റുന്ന ഒരു തൊഴിലാളി മാത്രമായിരുന്നു .ഒരു പുതിയ സിനിമക്ക് വേണ്ടി അദ്ദേഹം ശ്രമിച്ചില്ല.
       സാഹിത്യം സാമൂഹ്യ ശാസ്ത്രം  നാടക രചന സംവിധാനം ,സിനിമ ഈ ഭൂമികകളിലൂടെ ഈ നിഷേധി നടത്തിയ തേരോട്ടങ്ങളെ സമഗ്രമായി പഠനവിധേയമാക്കണമെന്നും രേഖപ്പെടുത്തണമെന്നും ഒരാഗ്രഹം ഞാൻ കുറേനാളായി വെച്ചുപുലർത്തുന്നു ..ഒരു പഴയ പരിചയക്കാരന്റെ സ്മരണാഞ്ജലിയായി .ആഗ്രഹങ്ങൾ കുതിരകളായിരുന്നുവെങ്കിൽ ……

 























.