2018, നവംബർ 3, ശനിയാഴ്‌ച

നിഷേധിയെ ഓർമ്മിക്കുമ്പോൾ
---------------------------------------------------
പതിനഞ്ചു വര്ഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2003 നവംബർ 3 പൂർവാഹ്നത്തിൽ ഈപ്പച്ചൻ(Eapen Ninan )ഫോണിൽ  വിളിച്ചു ചോദിച്ചു ,പ്രസാദ് സാർ മരിച്ച വിവരം സാർ അറിഞ്ഞോ എന്ന് .വാർത്ത തീരെ അപ്രതീക്ഷിതമായിരുന്നില്ല .നരേന്ദ്രപ്രസാദ് ഗൗരവമുള്ള രോഗം ബാധിച്ച് ആശുപത്രിയിലായിരുന്നുവെന്നെനിക്കറിയാമായിരുന്നു .
             1961 ജൂൺ മാസത്തിൽ പന്തളം എൻ എസ് എസ് കോളേജിന്റെ പോർട്ടിക്കോയിൽ വെച്ചാണ് ഞാൻ നരേന്ദ്ര പ്രസാദിനെ ആദ്യം കാണുന്നത് .അവിടെ പ്രീ യൂണിവേഴ്സിറ്റി ക്ക് ചേർന്നതായിരുന്നു ഞങ്ങൾ .അതിനു മുമ്പ് തന്നെ ഞങ്ങൾക്ക് പരസ്പരം കേട്ടറിവുണ്ടായിരുന്നു .എന്തായാലും അക്കാലത്തു ഞങ്ങൾ വളരെയൊന്നും അടുത്തിടപഴകിയിരുന്നില്ല .പ്രീ കഴിഞ്ഞ് രണ്ടു കോളേജുകളിലായി ,വളരെ വിരളമായേ വിദ്യാഭ്യാസ കാലത്തു ഞങ്ങൾ തമ്മിൽ കണ്ടിരുന്നുള്ളൂ .എന്നാൽ പിന്നീട് ജോലി കിട്ടി തിരുവനന്തപുരത്തെത്തിയ ഞങ്ങൾ ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും പതിവായി .വാസുവണ്ണന്റെ (അന്തരിച്ച ശ്രീ കളർകോട് വാസുദേവൻ നായർ )വീട്ടിൽ വെച്ചും കോഫീ ഹൌസിൽ വെച്ചും  മറ്റും .മിക്കവാറും സാഹിത്യം മാത്രമായിരുന്നു ഞങ്ങളുടെ ചർച്ചാ വിഷയം .രാഷ്ട്രീയ ചർച്ചകളിൽ വിമുഖനായിരുന്നു പ്രസാദ് .വീട്ടു കാര്യങ്ങൾ തീരെ ഒഴിവാക്കിയിരുന്നു .
   എഴുതാൻ തുടങ്ങിയിരുന്നു പ്രസാദ് അക്കാലത്തു തന്നെ .വലിയ രചനകൾ പ്രോമിസ് ചെയ്യുന്നുണ്ട് പ്രസാദ് എന്ന് അന്ന് വാസുവണ്ണൻ പറയാറുണ്ടായിരുന്നു .
       താമസിയാതെ ഞങ്ങൾ രണ്ടു വഴിക്ക് പിരിഞ്ഞു .ഞാൻ എറണാകുളത്തിന് പോയി .പ്രസാദ് സാഹിത്യ വിമര്ശകനായി ,നാടക കൃത്തും നാടക സംവിധായകനുമായി ,സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ മേധാവിയായി ,പരിചയക്കാരെ ഒക്കെ അമ്പരപ്പിച്ചു കൊണ്ട് സിനിമാ നടനായി .ഇടയ്ക്ക് വല്ലപ്പോഴും കാണുമ്പോഴൊക്കെ തുറന്ന ചിരിയോടെ കുശലം പറയാൻ മടിച്ചിരുന്നില്ല പ്രസാദ് .ഏറ്റവും ഒടുവിൽ കണ്ടത് എറണാകുളം പബ്ലിക് ലൈബ്രറി ഹാളിൽ വെച്ചായിരുന്നു ഫെമിനിസ്റ്റുകളുടെ ഒരു മീറ്റിംഗിലെ ക്ഷണിക്കപ്പെട്ട ഒരു സദസ്യനായിരുന്നു ഞാൻ .ചടങ്ങിലെ മുഖ്യാതിഥി അപ്പോഴേക്കും സിനിമാ നടനായിക്കഴിഞ്ഞിരുന്ന നരേന്ദ്ര പ്രസാദായിരുന്നു .നേരില്കാണാനോ സംസാരിക്കാനോ ശ്രമിച്ചില്ല എന്ന് കുറ്റബോധത്തോടെ ഞാൻ ഓർക്കുന്നു .പിന്നീട് വെള്ളിത്തിരയിലേ പ്രസാദിനെ ഞാൻ കണ്ടിട്ടുള്ളു .
          മലയാള ആധുനികതയുടെ നിരൂപകരിൽ പ്രഥമ ഗണനീയൻ നരേന്ദ്രപ്രസാദ് ആണെന്നാണ് എന്റെ അഭിപ്രായം .അപ്പൻ ,രാജകൃഷ്ണൻ ,രാജീവൻ ഇവരോടൊക്കെ യാതൊരനാദരവുമില്ലാതെയാണിതു പറയുന്നത് .കാരണമുണ്ട് .സാഹിത്യ സാമൂഹ്യ രംഗങ്ങളിലെ ഗതാനുഗതികത്വത്തെ നിഷേധിച്ചു കൊണ്ടും നിശിതമായി വിമര്ശിച്ചുകൊണ്ടുമാണ് പ്രസാദ് രംഗത്തെത്തിയത് .താൻ കൂടി വളർത്തിയെടുത്ത ആധുനികതാ പ്രസ്ഥാനം സ്വയം ഒരു യാഥാസ്ഥിതികത്വം ആയി മാറുന്നുവെന്നു തോന്നിയപ്പോൾ അതിനെയും നിർദ്ദയമായി വിമർശിക്കാൻ അദ്ദേഹം മടിച്ചില്ല .ആധുനികതയുടെ ചുവന്ന വാൽ  തുടങ്ങിയ ലേഖനങ്ങൾ നോക്കുക .നാടകത്തിലെയും ആധുനികതയുടെ കപടമുഖങ്ങളെ നിശിതമായി വിമർശിക്കാനും തുറന്നു കാട്ടാനും നരേന്ദ്രപ്രസാദ് മടിച്ചില്ല .സാമൂഹ്യ വിമര്ശനത്തിലാവട്ടെ ,'ജാതി പറഞ്ഞാലെന്ത് ?എന്നുറക്കെ ചോദിക്കുവാൻ നരേന്ദ്രപ്രസാദ് ധൈര്യം കാണിച്ചു  .
     നരേന്ദ്രപ്രസാദ് സ്വയം നിഷേധി എന്നു വിളിച്ചു .നിഷേധികളെ മനസ്സിലാക്കുക എന്നു കല്പിച്ചു .സിനിമയിൽ മാത്രം പ്രസാദ് അദ്ദേഹം തന്നെ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നതു പോലെ വേതനം പറ്റുന്ന ഒരു തൊഴിലാളി മാത്രമായിരുന്നു .ഒരു പുതിയ സിനിമക്ക് വേണ്ടി അദ്ദേഹം ശ്രമിച്ചില്ല.
       സാഹിത്യം സാമൂഹ്യ ശാസ്ത്രം  നാടക രചന സംവിധാനം ,സിനിമ ഈ ഭൂമികകളിലൂടെ ഈ നിഷേധി നടത്തിയ തേരോട്ടങ്ങളെ സമഗ്രമായി പഠനവിധേയമാക്കണമെന്നും രേഖപ്പെടുത്തണമെന്നും ഒരാഗ്രഹം ഞാൻ കുറേനാളായി വെച്ചുപുലർത്തുന്നു ..ഒരു പഴയ പരിചയക്കാരന്റെ സ്മരണാഞ്ജലിയായി .ആഗ്രഹങ്ങൾ കുതിരകളായിരുന്നുവെങ്കിൽ ……

 























.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ