2018, ജൂലൈ 30, തിങ്കളാഴ്‌ച

29 -7 -2018 ധ്യായതേ

ചായം പൂശിയ വീട്  ഇന്ത്യയിൽ പ്രദർശനാനുമതി കിട്ടാതെ പോയ ഒരു മലയാള ചിത്രമാണ് .സതീഷ് ,സന്തോഷ് ബാബുസേനൻമാർ എഴുതി സംവിധാനം ചെയ്ത ചിത്രം ഞാൻ നെറ്ഫ്ലിക്സിൽ കണ്ടു .ഇതിനു അമേരിക്കയിൽ വിലക്കില്ലെന്നു തോന്നുന്നു .
   ഏകാകിയും വൃദ്ധനുമാ യ എഴുത്തുകാരൻ ഗൗതം തന്റെ വീടിന്റെ നടുത്തളത്തിൽ കുഴഞ്ഞു വീഴുന്നു .കാളിങ് ബെൽ ;ഗൗതം ഒന്നും സംഭവിക്കാത്തതു പോലെ വാതിൽ തുറക്കുന്നു .രണ്ടോ മൂന്നോ ദിവസത്തേക്ക് താമസിക്കൻ അനുവാദം ആവശ്യപ്പെട്ട് സുന്ദരിയായ ഒരു യുവതി കടന്നു വരുന്നു .സംസാരത്തിനിടയിൽ ഗൗതം അവളുടെ പേരു പറയുന്നുണ്ട് :വിഷയ .അപ്പോൾ പ്രേക്ഷകനു കാര്യങ്ങൾ മനസ്സിലാവുന്നു ,ഇത് ഗൗതമിന്റെ ഉള്ളിൽ നടക്കുന്ന കഥയാണ് .ഏറെക്കാലമായി ഗൗതമൻ അടക്കി നിർത്തിയിരിക്കുന്ന വിഷയാസക്തിയാണ് വിഷയ എന്ന പേരിൽ എത്തിയിരിക്കുന്നത് ."ധ്യായതേ വിഷയാൻ പുംസ ...." ഗീതയിലെ ആ പ്രസക്ത ശ്ലോകങ്ങൾ പ്രേക്ഷകനോർമ്മ വരും :വിഷയങ്ങളെ ധ്യാനിച്ചിരിക്കുന്ന പുരുഷന് ആസക്തിയുണ്ടാവുന്നു ,ആസക്തിയിൽ നിന്ന് കാമം ,കാമത്തിൽ നിന്ന് ക്രോധം ,ക്രോധത്തിൽ നിന്ന് മോഹം .മോഹത്തിൽ നിന്ന് സ്മൃതി നാശം ,അതിൽ നിന്ന് ബുദ്ധി നാശം ,"ബുദ്ധി നാശാത് പ്രണശ്യതി ".
   വിഷയാസക്തിയേയും കാമത്തേയും പ്രതിനിധാനം ചെയ്യുന്ന അവളുടെ പ്രലോഭനങ്ങൾക്കിടയിൽ ,യാദൃശ്ചികമെന്നോണം തന്റെ നഗ്‌ന മേനി ഗൗതമിന്റെ ശ്രദ്ധയിൽ പെടുത്തുന്നുമുണ്ട് അവൾ ,എത്തിച്ചേരുന്ന രാഹുൽ എന്ന ചെറുപ്പക്കാരൻ ഗൗതമനെ  തന്റെ വീട്ടിലേക്ക് പിടിച്ചുകെട്ടിക്കൊണ്ടു പോകുന്നു .അവിടെ അയാളെ രാഹുൽ പലവിധ പീഡനങ്ങൾക്കും വിധേയനാക്കുന്നു വിഷയ അയാളെ ഉപദ്രവിക്കുന്നില്ല പക്ഷെ അവൾ രാഹുലിന്റെ പങ്കാളിയാണ് കിടപ്പറയിലും കൂടിയെന്ന് ഗൗതം മനസ്സിലാക്കുന്നു ..പീഡനങ്ങൾക്കിടയിലെ പ്രലോഭനങ്ങളുടെ ഭാഗമായി വീണ്ടും നഗ്നതാ പ്രദർശനങ്ങളുണ്ടാവുന്നു .അവയൊന്നും അശ്ലീലമായി അനുഭവപ്പെടുകയില്ല ;കഥാഗതിക്ക് ആവശ്യമെന്നല്ല അനിവാര്യമാണ് ആ രംഗങ്ങൾ എന്നാണു പ്രേക്ഷകനു തോന്നുക .
     എന്തായാലും പീഡനങ്ങൾ സഹിക്കാതെ രാഹുലിനെ ,അയാൾ ഉറങ്ങിക്കിടക്കുമ്പോൾ ഇരുമ്പു വടികൊണ്ട് അടിച്ചുകൊല്ലാനൊരുങ്ങുന്ന ഗൗതമനെ  വിഷയ പേർ വിളിച്ചു തടയുന്നു .ആ നിമിഷം രാഹുലും അയാൾ കിടന്ന കട്ടിലും വിഷയയും അപ്രത്യക്ഷമാവുന്നു .മുമ്പിലുള്ള കണ്ണാടിയിൽ വടിയോങ്ങി നിൽക്കുന്ന തന്നെത്തന്നെ ഗൗതമിനു കാണാം .തന്റെ മിത്രവും ശത്രുവും താൻ തന്നെ ! തന്റെ നോവലിലെ നായകനായ നചികേതസ്സിനെ പ്പോലെ ഗൗതം കടപ്പുറത്ത് തനിച്ചിരിക്കാറുണ്ടായിരുന്ന കസേര ഒഴിഞ്ഞിരിക്കുന്നതായി കാണിച്ചു കൊണ്ട് ചിത്രം അവസാനിക്കുന്നു.
      സംസാരിയുടെ ,ക്ഷര പുരുഷന്റെ ക്ലേശങ്ങൾ ആഖ്യാനം ചെയ്യുന്ന ഈ ചിത്രത്തിൽ മൂന്നേ മൂന്നു കഥാപാത്രങ്ങളേയുള്ളു :ഗൗതമൻ (കലാധരൻ )വിഷയ (നേഹ മഹാജൻ )  രാഹുൽ (അക്രം മുഹമ്മദ്).നേഹ നന്നായി അഭിനയിച്ചു .മറ്റു രണ്ടു പേരും മോശമായിട്ടില്ല .
       ഒരു ആശയത്തിന്റെ ആവിഷ്കാരമെന്ന നിലയിൽ ഈ ചിത്രം പരാജയപ്പെട്ടിട്ടില്ല .പക്ഷെ ദൃഷ്ടാന്തകഥകൾക്ക് അവയിലൂടെ സൂചിതമാവുന്ന ആശയങ്ങൾക്കപ്പുറം സ്വതന്ത്രമായ നിലനിൽപ്പുണ്ടാവണം .നള ദമയന്തി കഥ പോലെ .ചായം പൂശിയ വീട് ഒരു കാഫ്കയിറ്റ് ദുസ്വപ്നമായി ആഖ്യാനം ചെയ്യാൻ   സംവിധായകർ ശ്രമിച്ചിട്ടുണ്ട് .അത് പക്ഷേ പൂർണമായി ഫലവത്തായിട്ടില്ല എന്നു  പറയേണ്ടിയിരിക്കുന്നു .അതെന്തായാലും മലയാളികൾ കാണേണ്ടഒരു ചിത്രം തന്നെയാണിത് .അതിനുള്ള അവസരം നിഷേധിക്കപ്പെട്ടത് ഖേദകരമാണ് .











2018, ജൂലൈ 28, ശനിയാഴ്‌ച

ആഷാഢ പൗർണമി .
ഗുരു എന്നാൽ ഭാരം കൂടിയത് എന്ന് അർത്ഥം ;ഇരുട്ടകറ്റുന്ന ആൾ എന്നും .അങ്ങനെയുള്ളവർ ഇപ്പോൾ കുറവാണെന്നു പറയുന്നതിൽ കാര്യമില്ല .പണ്ടും അങ്ങിനെയായിരുന്നു '.അർത്ഥകാമാൻ ഗുരൂൻ "എന്ന് ഗീതയിൽ പറയുന്നുണ്ടല്ലോ .താങ്ങാനാവാത്ത ദക്ഷിണ ചോദിച്ചു ശിഷ്യന്മാരെ നാടുനീളെ നടത്തിയവരുടെ കഥ വേറെ .ഗുരു പൂർണിമ ദിനത്തിൽ ഇങ്ങിനെയൊക്കെ ആലോചിച്ചു പോയി ക്ഷമിക്കുക .
  എല്ലാവരിൽ നിന്നും എല്ലാറ്റിൽ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ട് ;പഠിച്ചിട്ടുമുണ്ടാവണം .അറിവു പകർന്നു തന്ന എല്ലാവർക്കും വിനീതമായ പ്രണാമം

2018, ജൂലൈ 24, ചൊവ്വാഴ്ച

24 -7 -2018   ഒഴിവു ദിവസത്തെ കളി ഇന്നാണ് കാണാൻ കഴിഞ്ഞത് ;നെറ്ഫ്ലിക്സിൽ .കാണാതിരുന്നെങ്കിൽഅത്  വലിയ നഷ്ടമാകുമായിരുന്നു .
        ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ കിട്ടിയ ഒരു അവധി. അഞ്ചു സുഹൃത്തുക്കൾ ഒത്തു കൂടുന്നു മദ്യക്കുപ്പികളുമായി ഒരു കാട്ടാറിന്റെ തീരത്തുള്ള ഒറ്റപ്പെട്ട ഒരു കെട്ടിടത്തിൽ .കാവൽക്കാരൻ കൂടിയായ ഒരു ജോലിക്കാരനും ഭക്ഷണം വെക്കാനും മറ്റും വന്ന ഒരു വേലക്കാരിയും മാത്രമേ സംഘത്തിലുള്ളവരെ കൂടാതെ അവിടെയുള്ളു .പരിസരത്തൊന്നും മറ്റു മനുഷ്യരില്ല.സുഹൃത്തുക്കളിൽ ഒരാൾ ബ്രാഹ്മണനാണ് ;ഒരാൾ കറുത്ത നിറമുള്ളയാളും .അതൊന്നും അവരുടെ സൗഹൃദത്തിനു തടസ്സമല്ല.പക്ഷേ പാർട്ടി പുരോഗമിക്കുംതോറും ഓരോരുത്തരുടെയും ഉള്ളിലിരുപ്പ് കുറേശ്ശേയായി പുറത്തു വന്നു തുടങ്ങുന്നു ,യുങ് ഷാഡോ എന്നു പേർ നൽകിയ യഥാർത്ഥ വ്യക്തിത്വം .വാദ പ്രതിവാദങ്ങൾ തർക്കങ്ങളായി കയ്യാങ്കളിയോളം എത്തുന്നു .അതൊക്കെ പറഞ്ഞൊതുക്കി വീണ്ടും പഴയപടിയായി. അവർ നേരം പോക്കാൻ കള്ളനും പോലീസും കളിക്കാൻ തീരുമാനിക്കുന്നു .അതിന്നിടയിൽ അവരിൽ രണ്ടു പേർ വേറെ വേറെയായി ജോലിക്കാരി ഗീതയോട് ചില സമീപനങ്ങൾ നടത്തിയിരുന്നു .അതിൽ ഒരാൾ അവളുടെ വിസ്സമ്മതം മനസ്സിലാക്കി പിന്തിരിയുന്നു .മറ്റേയാളാകട്ടെ -അയാളാണ് പരിപാടിക്ക് പണം മുടക്കുന്നത് ,അതയാൾ പറയുന്നുമുണ്ട് -അവളുടെ എതിർപ്പവഗണിച്ച് ചില ചുവടുവെപ്പുകൾ നടത്തുകയും അവളുടെ കയ്യുടെ ചൂടറിയുകയും ചെയ്തു .അവളുടെ വെട്ടു കത്തിക്കു മുന്നിൽ അയാൾ പത്തി മടക്കി തിരിച്ചോടി .സുഹൃത്തുക്കൾ ഇതൊക്കെ മനസ്സിലാക്കുന്നുണ്ട് ,നേരിട്ട് പറയുന്നില്ലെങ്കിലും .
     കള്ളനും പോലീസും കളിക്കാൻ നാലുപേർ മതിയല്ലോ .അതുകൊണ്ട് അഞ്ചാമൻ ,നമ്മുടെ തിരുമേനി, ജഡ്ജി ആവുന്നു .പോലീസുകാരന്റെ നറുക്കു കിട്ടിയ ആൾ ആദ്യം രാജാവിനെയും പിന്നെ മന്ത്രിയെയും കള്ളനെന്നു കരുതി പിടിച്ചു . അതിനുള്ള ശിക്ഷ കൈക്കൂലി നൽകി ഒഴിവാക്കി .കള്ളന്റെ നറുക്കു വീണത് കറുത്തയാൾക്കാണ് .ന്യായാധിപനും രാജാവും മന്ത്രിയും പോലീസുകാരനും കാരനും കൂടി അയാളെ അയാളുടെ തന്നെ ഉടുമുണ്ടഴിച് അതുകൊണ്ടു തൂക്കിക്കൊല്ലുന്നു .പശ്ചാത്തലത്തിൽ ഉടനീളം ഉപതെരഞ്ഞെടുപ്പിന്റെ തത്സമയ വാർത്തകൾ.
    യഥാർത്ഥ രാഷ്ട്രീയം ഓരങ്ങളിലാണ് മാർജിനിലാണ് സംഭവിക്കുന്നത് .കാമറ അവിടേക്ക് ഫോക്കസ് ചെയ്യുമ്പോൾ മുഖ്യധാരയിലെ  രാഷ്ട്രീയ നാടകം പശ്ചാത്തലത്തിലെ അപ്രസക്ത പ്രലപനങ്ങൾ മാത്രമാവുന്നു .കറുത്തവനെ ഉടുമുണ്ടഴിച് വധിക്കുന്ന യഥാർത്ഥ സംഭവം നടക്കുന്നതിനു രണ്ടു മൂന്നു കൊല്ലം മുൻപാണ് ഈ സിനിമ ഇറങ്ങുന്നത് .കല പ്രവചനം കൂടിയാണ് .
     പീഡന ശ്രമങ്ങളെ സ്ത്രീ പ്രതിരോധിക്കുന്നു ,കറുത്തവൻ ബലിയർപ്പിക്കപ്പെടുന്നു .ഭരണകൂട രാഷ്ട്രീയം പശ്ചാത്തലത്തിൽ സ്വന്തം നാടകങ്ങൾ അരങ്ങേറുന്നു .നിർദോഷമായ ഒരൊഴിവ് ദിന വിനോദമായി തുടങ്ങുന്ന കളി കാര്യമാവുന്നത് ഒരു പക്ഷെ നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാവുന്നത് അന്യാദൃശമായ ധ്വനിഭംഗിയോടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു ഈ ചിത്രത്തിൽ .
       
 

2018, ജൂലൈ 17, ചൊവ്വാഴ്ച

16-7-2017

'മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ .എന്റെ പുഴ ,പിന്നിൽ ചോര വാർന്നു പോയ ശരീരം പോലെ ചലനമറ്റു കിടന്നു '
     ഭാരതപ്പുഴയുടെ ഇതിഹാസത്തിന്റെ ,'കാല'ത്തിന്റെ അവസാനവാക്യം ഓർമ്മയിൽ നിന്നെഴുതുന്നതാണ് .എനിക്ക് ഇതൊരിക്കൽ നേരിട്ട് അനുഭവപ്പെടുകയുണ്ടായി .ഔദ്യോഗിക യാത്രകളുടെ ഭാഗമായി ഷൊർണൂർ താമസിച്ചിരുന്നപ്പോൾ ഒരു ദിവസം ഞാൻ ഭാരതപ്പുഴയിൽ കുളിക്കാൻ പോയി .മണൽപ്പരപ്പിലൂടെ ഏറെ ദൂരം നടന്നിട്ടും ഒരു നീർച്ചാൽ കണ്ടെത്താതിരുന്നതു കൊണ്ട് തിരികെ പോരേണ്ടി വന്നു അന്ന് .
       എല്ലാ പുഴകളും വരണ്ടിരുന്നു .ഉണങ്ങി മരുപ്പറമ്പുപോലെ കിടക്കുന്ന കാവേരിയെ നോക്കി കരയുന്ന തമിഴ് കർഷകരെ ടി വി യിൽ കണ്ടു .എന്തിനു ഏതു കടുത്ത വേനലിലും ഉണങ്ങുകയില്ല എന്ന് ഞങ്ങൾ അഹങ്കരിച്ചിരുന്നഞങ്ങളുടെ  അച്ചൻകോവിൽ ആറുംഒഴുക്കു നിലച്ച മട്ടിലായി .
  ഒടുവിൽ മഴയെത്തി .പുതിയ തലമുറയ്ക്ക് ഒരു പക്ഷേ കേട്ടുകേൾവി മാത്രമായ, അവർ ഖസാക്ക് വായിച്ചു മാത്രമറിഞ്ഞിട്ടുള്ള, നിന്നു പെയ്യുന്ന കാലവർഷം .പുഴകൾ നിറഞ്ഞൊഴുകുന്നു .കാവേരിയിലെ അണക്കെട്ട് കുബിക്കടിയുടെ തർക്കങ്ങളില്ലാതെ തുറന്നിരിക്കുന്നു .ഞങ്ങളുടെ പേട്ടയിൽ സീപോർട് എയർപോർട്ട് റോഡിൽ വള്ളം കളി നടത്താമത്രേ വേണമെങ്കിൽ .
     വരണ്ട ഭൂമിയെ ഉർവരയാക്കി കാലവർഷം  പെയ്തൊഴിയും .പാട്ടിൽ പറയുന്നതു പോലെ 'തുമ്പ കിളിർക്കാത്ത തുമ്പികൾ പറക്കാത്ത തരിശു ഭൂമികൾ ഹരിതാംബരമണിയും '.
    നല്ലത് .മുടിയഴിച്ചിട്ടലറുന്ന ഒരു കാലവർഷം നഷ്ടപ്പെട്ടതോർത്ത് ,കടക്കാട് വട്ടക്കുന്നിൻ ചരുവിൽ നിന്ന് പന്തളം കോളേജ് വരെ വള്ളത്തിൽ പോയ കാലം അയവിറക്കി ഭൂമിയുടെ മറ്റേ  പകുതിയിൽ ഇരിക്കുമ്പോൾ ഒരു സംശയം ബാക്കിയാവുന്നു .ആദിവാസിയെയും അന്യസംസ്ഥാനക്കാരനെയും തല്ലിക്കൊല്ലാനും അയൽക്കാരനെയും സഹപാഠിയേയും കുത്തിക്കൊല്ലാനും പ്രേരിപ്പിക്കുന്ന നമ്മുടെ മനസ്സിലെ അഴുക്കുകൾ ഈ കാലവർഷം കഴുകിക്കളയുമോ ?
      

2018, ജൂലൈ 16, തിങ്കളാഴ്‌ച

14-7-2018
കേശഭാരം കബരിയിലണിയും .........
-----------------------------------------------------------

'നല്ല പാട്ട് ' എന്നാണ്‌തോന്നിയത്, നാലര പതിറ്റാണ്ടു മുമ്പ് ആദ്യം കേട്ടപ്പോൾ തന്നെ  .പാടിയിരിക്കുന്നത് യേശുദാസോ ജയചന്ദ്രനോ അല്ല .ബ്രഹ്മാനന്ദനുമല്ല .ആൻറ്റോ ,ശ്രീകാന്ത് ഇവരാരുമല്ല .പി കെ മനോഹരൻ എന്നൊരു ഗായകനാണ് .
     മലയാളത്തിന് ഒരു പുതിയ ഗായകൻ കൂടി എന്ന് ഞങ്ങൾ, അന്നത്തെ സിനിമാപ്രേമികൾ മനസ്സിൽ ഉറപ്പിച്ചു .ഒന്നുമുണ്ടായില്ല.ചില യുഗ്മഗാനങ്ങളിലൊക്കെ ആ ശബ്ദം പിന്നീട് കേട്ടു ;അതും ക്രമേണ ഇല്ലാതായി .യു ട്യൂബിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉടനടി പ്രത്യക്ഷപ്പെടാത്ത ചില ഇഷ്ടഗാനങ്ങൾ ഈയിടെ തേടിപ്പിടിച്ചതിൽ ഈ പാട്ടിനൊപ്പം ഗായകനെക്കുറിച്ചുള്ള ഒരു വീഡിയോയും കിട്ടി ഏഷ്യാനെറ്ന്യൂസിനു നന്ദി .
     മനോഹരന് അവസരങ്ങൾ കുറഞ്ഞു ;തീരെ ഇല്ലാതായി.ജീവിക്കാൻ വേണ്ടി പല തൊഴിലും നോക്കി .ഇപ്പോൾ ഒരു സെക്യൂരിറ്റി ജീവനക്കാരനായി കഴിയുന്നു .കുട്ടികളുടെ പഠിത്തം വിവാഹം ഇവയ്ക്കൊക്കെ വേണ്ടി  കടം വാങ്ങേണ്ടി വന്നിട്ടുണ്ട് ;വീട് ജപ്തി ഭീഷണിയിലാണ് .കേശഭാരം വീണ്ടും കേൾക്കുമ്പോഴുള്ള അസ്വസ്ഥത വേറെ .നേടിയതിനെക്കുറിച്ചും നഷ്ടപ്പെട്ടതിനെ കുറിച്ചും അനുശോചിക്കരുതെന്നു വേദാന്തികൾ പറയും .തൂവിപ്പോയ ജീവിതം പക്ഷെ സാധാരണ മനുഷ്യനെ ഹോണ്ട് ചെയ്തു കൊണ്ടിരിക്കും ,വാർദ്ധക്യത്തിൽ വിശേഷിച്ചും ."സ്വരയൗവ്വനങ്ങളിൽ കാമകല ഉണർത്തി "കൊണ്ടു മാത്രമല്ല കാലം തിരനോട്ടം നടത്തുന്നത് ,പലപ്പോഴും വലിയ അലർച്ചകളോടു കൂടിയാണ്.
     മനോഹരനെ സിനിമാ രംഗത്തെ  സഹപ്രവർത്തകർ സഹായിച്ചില്ലേ ? ഇല്ല എന്നു വേണം അനുമാനിക്കാൻ .ഇവിടെ ഇതോടൊപ്പം കണ്ട മറ്റൊരു വീഡിയോയെ കുറിച്ചു കൂടി പറയേണ്ടിയിരിക്കുന്നു .എഴുപതുകളിൽ ഉപനായികയായി നിരവധി സിനിമകളിൽ അഭിനയിച്ചിരുന്ന ഒരു നടിയുടെ ദുഃഖ കഥ പറയുന്ന ഒരു വീഡിയോ .സിനിമ വിട്ട ശേഷം അവർ ചെന്നൈയിൽ നിന്ന് അകലെയുള്ള ഒരു ഗ്രാമത്തിൽ ഒരു ഒറ്റ മുറി വീട്ടിൽ കഴിയുകയായിരുന്നു ഡ്രൈവർ ആയ ഭർത്താവുമൊത്ത് .ജീവിതം ദുരിത പൂർണമായിരുന്നു .
    അവരുടെ പിൽക്കാലത്തെക്കുറിച്ച് ചില റിപ്പോർട്ടുകൾ കണ്ടു യു ട്യൂബിൽ തന്നെ .അവരെ കാണാതാവുകയായിരുന്നു.അവർക്കു പക്ഷേ എല്ലാമാസവും കൃത്യമായി 5000 രൂപ ബാങ്കിൽ എത്തുമായിരുന്നുവത്രേ .അവരെ കാണാതായതിനു ശേഷം ആറുമാസം കൂടി ആ പണം എത്തിയിരുന്നു .ആ അൺ ക്ലെയിംഡ് അമൗണ്ടിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് തങ്ങളുടെ അയല്പക്കത്തു താമസിച്ചിരുന്ന ദരിദ്രയായ വൃദ്ധ ഒരു കാലത്തു മലയാളത്തിലെ പ്രശസ്തയായ നടിയായിരുന്നുവെന്നു നാട്ടുകാർ മനസ്സിലാക്കിയത് .കാരണം ആ പണം അയച്ചു കൊണ്ടിരുന്നത് മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യായിരുന്നു.
       'അമ്മ പതിവു തെറ്റിക്കാതെ അവരുടെ അനാഥ വാർദ്ധക്യങ്ങളെ സഹായിക്കുന്നുണ്ട് ;സഹായം ഇരട്ടിയാക്കാൻ ഉദ്ദേശിക്കുന്നു ,വീടില്ലാത്തവർക്കു വീടു വെച്ചു കൊടുക്കാനും ;അവരുടെ പ്രസിഡന്റ് മോഹൻലാൽ പത്രസമ്മേളനത്തിൽ പറയുന്നത് ടി വി യിൽ കേട്ടതാണ് .വാർദ്ധക്യത്തിൽ ഉപേക്ഷിക്കപ്പെടുക ഹ്രുദയഭേദകമാണെന്നിരിക്കെ '
അമ്മ'യുടെ ഈ ദൃശ പ്രവവൃത്തികൾ  ശ്ളാഘനീയമാണെന്നു സമ്മതിച്ചല്ലേ മതിയാവു .ഏതു സംഘടനയിലും ഉള്ളതു പോലെ അഭിപ്രായ വ്യത്യാസങ്ങൾ  'അമ്മ'യിലും ഉണ്ടാവും .അതൊക്കെ അവർക്കു തന്നെ പറഞ്ഞു തീർക്കാൻ കഴിയുമെന്നാണ് എനിക്കു തോന്നുന്നത് .അവരുടെ പ്രസിഡന്റിന്റെ പത്രസമ്മേളനത്തിലും എതിർഭാഗത്തുനിൽക്കുന്നവരുടെ പ്രതിനിധിയായ യുവനടിയുടെ ടി വി അഭിമുഖത്തിലുംഒരേ പോലെ കണ്ട ഉത്തരവാദിത്തബോധവും വിദ്വേഷമില്ലായ്മയും അനുരഞ്ജനാത്മകതയും  അതിലേക്ക് വിരൽ  ചൂണ്ടുന്നു .
     എനിക്കിതിലൊക്കെ എന്തു കാര്യം എന്ന ചോദ്യമുണ്ടാവാം .ജീവിതനൗക തൊട്ടിങ്ങോട്ട് മലയാളത്തിലിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും ,പലതും പലപ്രാവശ്യം, കണ്ടിട്ടുള്ള എനിക്ക് ഇവരൊക്കെ എന്റെ സ്വന്തം ആളുകളാണെന്നാണ് തോന്നാറുള്ളത് .'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യുടെ സെറ്റിൽ വെച്ച് കഷകത്തൊഴിലാളി വൃദ്ധ പ്രേംനസീറിനെ കുറിച്ച് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ പറഞ്ഞതോർമ്മയില്ലേ 'ഞങ്ങൾ തമ്മിൽ നല്ല പരിചയമാ ,ഞാൻ കൊട്ടകയിലും ഇദ്യം സ്‌ക്രീനിലുമായി നമ്മൾ എത്രയോ വട്ടം കണ്ടിരിക്കുന്നു '.അതു തന്നെയാണ് എനിക്കും പറയാനുള്ളത് .               അപ്പോഴും മനോഹരനെപ്പോലെയുള്ളവരുടെ പ്രശനം അവശേഷിക്കുന്നു .'അമ്മ'യുടെ .മാതൃക സിനിമാ രംഗത്തുള്ള മറ്റു  സംഘടനകൾക്കും പിന്തുടരാവുന്നതല്ലേ ?


     
             

2018, ജൂലൈ 8, ഞായറാഴ്‌ച

7-7-2018
  കഴിഞ്ഞ ചില വർഷങ്ങളിൽ  വിട്ടുപോയ    ചില മലയാള ചിത്രങ്ങൾ ഈയിടെ കാണാൻ ഇടയായി .അവയിൽ ചിലത് നല്ലനിലവാരം പുലർത്തുന്നു .അക്കൂട്ടത്തിൽ ഒന്നാണ് ബിനു ഉലഹന്നാന്റെ ''മെല്ലെ '.
      ഒരു പ്രണയകഥയുടെ ഋജുവായ ,മന്ദ്ര സ്ഥായിയിലുള്ള ആഖ്യാനം ;ഒപ്പം ഒരു വലിയ സാമൂഹ്യ വിപത്ത് ആയ ഒരു പ്രശ്‍നം പോർവിളികളും പ്രഭാഷണങ്ങളും ഒഴിവാക്കിക്കൊണ്ട് എന്നാൽ ഫലപ്രദമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു .പശ്ചാത്തലമായി കൊൽക്കൊത്ത നഗരവും കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമവും .പ്രധാന വേഷങ്ങൾ ചെയ്തവർ ,അമലും തനുജയും പുതുമുഖങ്ങളാണെന്നു തോന്നുന്നു .രണ്ടു പേ
 രും നന്നായി .അതിലും അല്പം കൂടി നന്നായിട്ടുണ്ട് ഉപകാരിയായ നാട്ടിൻപുറത്തുകാരൻ അച്ചായനെ അവതരിപ്പിച്ച ജോജു .
   എല്ലാ ഘടകങ്ങളും ചേരുംപടി ചേർത്ത് നല്ലൊരു ദൃശ്യാനുഭവം ആസ്വാദകർക്ക് സമ്മാനിക്കുന്നതിൽ സംവിധായകൻ ഏറെക്കുറെ വിജയിച്ചിരിക്കുന്നു

      

2018, ജൂലൈ 3, ചൊവ്വാഴ്ച

2-7-2018

എനിക്കിതു സഹിക്കാൻ കഴിയുന്നില്ല .
ലോകത്തിന്റെ മറ്റേ അറ്റത്ത് മലയാളവാർത്തകൾ തമാശയോടെ കേട്ടിരിക്കുമ്പോഴാണ് പൊടുന്നനെ ഈ വാർത്ത ദൃഷ്ടിയിൽ പെട്ടത് .തുടർന്ന് അവർ പറയുകയും ചെയ്തു ഒരു ജീവൻ പൊലിഞ്ഞിരിക്കുന്നു ,ഒരു പത്തൊമ്പതുകാരൻ വിദ്യാർത്ഥി  പൈശാചികമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു .നാലു പതിറ്റാണ്ടിനു ശേഷം  മഹാരാജാസിലെ മണ്ണിൽ ചോര വീണിരിക്കുന്നു .
   കരച്ചിലടക്കാൻ പാടു പെടുന്ന ആ അച്ഛനേയുംനൊന്തു പെറ്റ മകനെ വിളിച്ചു കരയുന്ന ആ അമ്മയേയും മനസ്സിലെങ്കിലും എന്തു പറഞ്ഞാണ് സമാധാനിപ്പിക്കുക ?
  കലാലയ അതിക്രമത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ ബ്രിട്ടോയേയും ഞാൻ ടി വി യിൽ കണ്ടു .ബ്രിട്ടോ കുടുംബത്തിന്റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട അഭിമന്യു .ചക്ര വ്യൂഹത്തിനുള്ളിൽ കടക്കാനല്ലാതെ പുറത്തിറങ്ങാൻ പുരാണത്തിലെ അഭിമന്യു പഠിച്ചിരുന്നില്ല എന്ന് ബ്രിട്ടോ കളിയായി പറയാറുണ്ടായിരുന്നു അഭിമന്യുവിനോട് .ചക്രവ്യൂഹം ചമയ്ക്കുന്നവർ ധർമ്മയുദ്ധമുറകളൊന്നും പാലിക്കാറില്ല പണ്ടും എന്ന് ബ്രിട്ടോയ്ക്കറിയുമായിരിക്കും ;അഭിമന്യു അത്രയ്ക്കൊന്നും അനുഭവ സമ്പത്തുള്ള ആളല്ലല്ലോ .
    ഭീകരവാദത്തിന് കേരളത്തിൽ വേരോട്ടമുണ്ടായിക്കഴിഞ്ഞിരിക്കുന്നു എന്ന് വേണം വിചാരിക്കാൻ .അതിനിയും വളരാൻ അനുവദിച്ചുകൂടാ .എന്നല്ല അതിനെ വേരോടെ നശിപ്പിക്കുക തന്നെ വേണം .ഭരണ കൂട ശക്തി ഉപയോഗിച്ചു തന്നെ ഭീകരവാദത്തെ ഉന്മൂലനം ചെയ്യണം .
    അതാണ് പോംവഴി ;അതു മാത്രമാണ് പോംവഴി .കണ്ണിനു പകരം കണ്ണ് എന്ന നിയമം ഒരു കാരണവശാലും നടപ്പാക്കപ്പെട്ടുകൂടാ .