Wednesday, May 27, 2015

ഒരു ഗാനത്തിന്റെ കഥ                                                                                                                               പേർഷ്യ യിൽ പോവുക എന്ന് പറഞ്ഞാൽഞങ്ങളുടെ നാട്ടിൽഅതിനർഥം   എണ്ണ കുഴിച്ചെടുക്കുന്ന രാജ്യങ്ങളിൽ പോയി ധാരാളം പണം നാട്ടിലേക്കയക്കുക എന്നായിരുന്നു  .നഴ്സിംഗ് പഠിച്ച പെണ്‍കുട്ടികളായിരുന്നു ആദ്യം ഉത്തരെന്ത്യയിലെക്കും പിന്നീട്  പേര്ഷ്യ യിലേക്കും  പോയത് .മണി ഓർഡ റിനു പകരം ഡ്രാഫ്റ്റുകൾ വരാൻ തുടങ്ങി .നാടിന്റെ സാമ്പത്തിക ജീവിതം ഉത്തേജിക്കപ്പെട്ടു .ഈ പണം അയക്കുന്നവരുടെ അവധിക്കു വരവായിരുന്നു വലിയ ആഘോഷം .വില കൂടിയ ഫോറിൻ സാരി ,റേബാൻ എന്ന് പറയപ്പെടുന്ന പ്രത്യേക തരം കൂളിങ്ങ് ഗ്ലാസ് ,ചുറ്റും പരക്കുന്ന സുഗന്ധം ,'എന്നതാ പിള്ളേച്ചാ സുഖം തന്നെ അല്ലിയോ 'എന്ന ശുദ്ധ ഓണാട്ടുകര മലയാളത്തിലുള്ള കുശലം, വിടർന്ന സൗഹാർദ്ദ പുർണ്ണ മായ ചിരി, ഇന്നലെ ക്കണ്ടു പിരിഞ്ഞതു പോലെയുള്ള പെരുമാറ്റം  -അതൊരു വരവ് തന്നെയായിരുന്നു .
   സമ്പന്നതയുടെ ഈ തിരനോട്ടം എന്റെ ഓർമ്മ യിലേക്ക് കടന്നു വരാറുള്ളത് ഒരു ഗാനമായിട്ടാണ് ;അന്നത്തെ സിനിമാ പാട്ടുകളുടെ ശൈലി യിൽ എഴുതപ്പെട്ട ആ ഗാനത്തെ കുറിച്ചാണ് ഈ കുറിപ്പ് .
      അറുപതു കളുടെ അവസാനം .അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മ സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും വര്ദ്ധിച്ച്ചിരുന്ന കാലം .ഭാവിയെ ക്കുറിച്ച് അത്യന്തം ആശങ്കാകുലരായ വിദ്യാസമ്പന്നരിൽ ഒരാളായി ഞാനും. ഭക്ഷണത്തിനു മുട്ടില്ല .പക്ഷേ മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ലല്ലോ ജീവിക്കുന്നത് .സിഗരറ്റ് ,അത് ഇന്നത്തെ പോലെ പാതകമൊ ന്നുമായിരുന്നില്ല ,വല്ലപ്പോഴും ഒരു സിനിമാ അങ്ങിനെ പലതും ഒഴിച്ചു കൂടാൻ ആവാത്തതായി ഉണ്ട് ജീവിതത്തിൽ .ഇതിനൊക്കെ പണം വേണം .വീട്ടില് ചോദിക്കാൻ മടി .അറിഞ്ഞു തരും ചിലപ്പോൾ .അതു വാങ്ങുന്നത് വലിയ ഒരു ശ്വാസം മുട്ടലോടെ ആണ് .ട്യുഷൻ എടുത്തു കൂടേ എന്നു ചോദിക്കുമായിരുന്നു ചിലർ .എനിക്ക് പഠിപ്പിക്കുന്ന ജോലി അന്നും ഇന്നും ഇഷ്ടമല്ല .എന്ന് വെച്ചാൽ എനിക്ക് കഴിയുന്ന ജോലിയല്ല അത് എന്നാണു എന്റെ വിശ്വാസം .പിന്നെ നാട്ടിലുള്ള ഒന്നോ രണ്ടോ റ്റ്യൂട്ടൊറിയൽ കോളേജു കളുടെ കാര്യമാണെങ്കിൽ ദയനീയമാണ് താനും .പിന്നെ എന്താണൊരു വഴി ?ഞാൻ ആത്മ സുഹൃത്ത് കൃഷ്ണൻ കുട്ടിയുമായി ആലോചിച്ചു .എന്തിനും ഒരു പരിഹാരം കണ്ടെത്താൻ കൃഷ്ണൻകുട്ടി സമർഥനാണ് ;അയാൾ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഒരു പരിഹാര നിർദേ ശവുമായി വരികയും ചെയ്തു .പരിചയക്കാരനായ ഒരു സൈക്കിൾ യഞ്ജ ക്കാരൻ അനവുണ്‍സ് മെന്റിന് കൃഷ്ണൻ കുട്ടിയെ വിളിച്ചിരിക്കുന്നു .വിദ്യാഭ്യാസ കച്ചവടക്കാരെ പോലെയല്ല സൈക്കിൾ യഞ്ജ ക്കാരൻ; മാന്യനാണ് പറയുന്ന കാശ് വൈകുന്നേരം കയ്യിൽ തരും.എന്നെ സഹായിയായി കൂ ട്ടാ ൻ സമ്മതിച്ചാലേ കൃഷ്ണൻ കുട്ടി ജോലി ഏറ്റെടുക്കൂ എന്ന് തറപ്പിച്ചു പറഞ്ഞിരിക്കുകയാണ് .  അനവുണ്‍സ് മെന്റിന് സഹായിക്കാനല്ലേ  സമ്മതമാണ് എന്ന് ഞാൻ പറഞ്ഞു .അനവുണ്‍സ് മെന്റിന് അല്ല യഞ്ജ ത്തിനാണ് സഹായി വേണ്ടത് .രണ്ടോ മൂന്നോ മണിക്കൂർ സൈക്കിളിൽ ചെലവഴിക്കണം .അഭ്യാസങ്ങൾ അറിയാമെങ്കിൽ ചെയ്‌താൽ മതി, നിർബന്ധമില്ല .മാന്യമായ ഒരു വേതനം; അതുറപ്പ്‌ .കുളിച്ച് വൃത്തിയായി ഒരു പുസ്തകവുമെടുത്ത് ലൈബ്രരിയിലേക്കെന്നു പറ ഞ്ഞ് വീട്ടിൽ നിന്നിറങ്ങുക.യഞ്ജ സ്ഥലത്തു വന്നാൽ യൂണിഫോം തരും .പട്ടാളക്കാരുടെതു പോലെ തലങ്ങും വിലങ്ങും തയ്യലും ഫ്ലാപ്പുകളും മറ്റുമുള്ള കുപ്പായവും തൊപ്പിയും മറ്റുമാണു  യൂണിഫോം.കൃഷ്ണൻ കുട്ടിക്ക് സൈക്ലിംഗ് അറി ഞ്ഞു കൂടാ .അറിയാമായിരുന്നെങ്കിൽ യഞ്ജം അയാള് എറ്റെ ടുത്തെനെ  .സൈക്കിൾ യഞ്ജമല്ല സർപ്പ യഞ്ജ മാണെങ്കിലും ഞാൻ സമ്മതി ച്ചു പോകുന്ന ചുറ്റുപാടായിരുന്നു .പിന്നെ ഏതു തൊഴിലിനും മാന്യതയുണ്ടെന്നു ബോദ്ധ്യമില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം നേടി എന്ന് പറ ഞ്ഞിട്ട്   എന്താണു പ്രയോജനം ?
                         അപ്പോഴാണ്‌ താഷ്കെന്റിൽ നിന്നുള്ള വിളി വരുന്നത് .റെയിൽ ക്രൊസ്സിനടുത്തുള്ള ടെറസ്സ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സഹായ സ്ഥാപനമാണു താഷ്കെന്റ് എഡ്യുക്കേഷണൽ അസിസ്ടൻസ് അഥവാ TE A .കൈകൾക്ക് സ്വാധീന ക്കുറവുള്ള പക്ഷേ ഒന്നാന്തരമായി കണക്കു പഠിപ്പിക്കുന്ന പരമേശ്വരൻ പിള്ള സാർ നടത്തി കൊണ്ടിരുന്ന റ്റൂഷൻ സെന്റർ ആണ് താഷ്കെന്റ്  ആയി രൂപ മാറ്റം നടത്തിയിരിക്കുന്നത് .പിള്ള സാർ കണക്കു മാത്രമേ പഠിപ്പിച്ചിരുന്നുള്ളു .പക്ഷേ പഠിക്കാൻ വരുന്ന കുട്ടികൾക്ക് മറ്റു വിഷയങ്ങളിലും സഹായം വേണമെന്ന ആവശ്യമുയർന്നു .തനിക്ക് അവഗാഹമില്ലാത്ത വിഷയങ്ങൾ പഠി പ്പിക്കാൻ കഴിയുകയില്ലെന്ന നിലപാടെടുത്തു പിള്ള സാർ .അപ്പോൾ രക്ഷ കർത്താക്കളിൽ ഒരാളാണ് ഉയർന്ന നിലയിൽ ഇക്കണോമിക്സിൽ ബിരുദം നേടിയ സുന്ദരേശൻ നായരുടെ പേർ സാറിന്റെ  സഹാദ്ധ്യാപകനായി നിർദ്ദേ ശിക്കുന്നത് .നിർദ്ദേശം സ്വീകരിക്കപ്പെട്ടു .Tea നിലവിൽ വന്നു.അവിടെക്കാണു ഞങ്ങൾ ആനയിക്ക പ്പെട്ടിരിക്കുന്നത് .പിള്ള സാറും സുന്ദരേശനും മിത ഭാഷികളും കാര്യ മാത്ര പ്രസക്തരുമാണ് ;അവർ കാര്യം പറഞ്ഞു .കുറച്ചു ടി ടി സി വിദ്യാർഥിനികൾക്ക് കണക്കിനും ഇന്ഗ്ലീഷിനും ട്യുഷൻ വേണം .അവർ,വിദ്യാർഥിനികൾ തന്നെയാണ് ഞങ്ങളുടെ പേർ നിർദ്ദേശിച്ചിരിക്കുന്നത് .പറ്റില്ല എന്നതൊഴിച്ച് എന്ത് മറുപടി വേണമെങ്കിലും പറയാം '.നിങ്ങളുടെ നിലക്കും യോഗ്യതക്കും അനുസരിച്ച്ചൊരു വേതനം തരാൻ ഈ ചെറിയ സ്ഥാപനത്തിനു കഴിയുമെന്നു തോന്നുന്നില്ല 'പിള്ള സാർ പറഞ്ഞു 'പക്ഷേ തീരെ കുറഞ്ഞു പോകാതെ നോക്കാം " .ഭംഗി വാക്കുകൾ അനുചിതങ്ങളാണെന്നു തോന്നി .ഞങ്ങൾ സമ്മതിച്ചു .
      അധ്യാപകനാകാനു ള്ള എന്റെ തികഞ്ഞ അയോഗ്യതയെ ക്കുറിച്ച് ഞാനിന്നും പഴയ അഭിപ്രായം തന്നെ വെച്ചു പുലർത്തുന്നു .പക്ഷേ താഷ്കെന്റിലെ ക്ലാസ് ആഹ്ലാദകരമായ ഒരു വ്യ ത്യസ്തതയായിരുന്നു . വിദ്യാർഥിനിനികളെ ല്ലാവരും തന്നെ untrained ആയി സ്കൂളിൽ ജോലി നോക്കിയിയിട്ടുള്ളവരാണ് .അവർക്ക് വിദ്യാർഥി മര്യാദകൾ എല്ലാം അറിയാം .ശ്രദ്ധാ ലുക്കളായി പ്രസന്ന വദനരായി സ്നേഹാദരങ്ങോളോടെ എന്നെ നോക്കിയിരുന്ന അവരുടെ ഒരു അവ്യക്ത ചിത്രമേ ഇപ്പോൾ മനസ്സിലുള്ളൂ .അന്നറി യാതിരുന്ന ആ ശാന്തി മന്ത്ര ഭാഗം ഞാനിപ്പോൾ അവരിലോരൊരുത്തർക്കും വേണ്ടി ചൊല്ലിക്കൊള്ളട്ടെ :'തേജസ്വീനാമവധീതമസ്തു '(നീയും ഞാനും ചേർന്നു നേടിയ ഈ വിദ്യ മേൽകുമേൽ തേജസ്സാർജ്ജിക്കട്ടെ ).
        ക്ലാസ്സിനു മുമ്പും ക്ലാസ് കഴിഞ്ഞ് ബസ്സു വരുന്നതു വരേയും താഷ്കെന്റിൽ ഞങ്ങൾ നാലുപേരുടെ ഉച്ച കോടി നടന്നിരുന്നു . കോളേജിൽ പഠിച്ച സാമ്പത്തിക ശാസ്ത്രതത്വങ്ങളെ അടിസ്ഥാനമാക്കി   നാട്ടിലെ താത്കാലിക സാമ്പത്തിക സ്ഥിതിയെ വിശകലനം ചെയ്യുന്നതിൽ സുന്ദരേശൻ  കാണിച്ച പാടവം എന്നെ അദ്ഭുത പ്പെടുത്തി .എണ്ണപ്പണംനമ്മുടെ സമ്പദ് വ്യവസ്ഥയെ മാത്രമല്ല സാമൂഹ്യ ബന്ധങ്ങളെ എന്തിനു കുടുംബ ബന്ധങ്ങളെ തന്നെ എങ്ങിനെയൊക്കെയാണ് ബാധിക്കാൻ പോകുന്നത് എന്നയാൾ നിഷ്കൃഷ്ടമായി അപഗ്രഥിച്ചു പ്രവചിച്ചു .പുതിയ സമ്പത്തിനെ അതു കൊണ്ടുവരുന്ന സുന്ദരിമാരിൽ ഒരാളായി രൂപണം ചെയ്തു കൊണ്ട് അയാൾ ഒരു നിമിഷ കവിത നിര്മ്മിച്ചു ചൊല്ലി :"കൂളിംഗ് ഗ്ലാസ്സുമായ് കൂടണയുന്നൊരു
                              കുവൈറ്റ് കാ-----രി , കുവൈറ്റ്കാരി
                             നിന്റെ എണ്ണ ക്കിണറ്റിലെ പൊൻപണം കാണുമ്പോൾ
                              എനിക്കെന്തോരുന്മാദം
                              എനിക്കെന്തോരുന്മാ--------ദം
                               മാറിലെ
                            സ്വർണ്ണ ക്കുരിശിൽ മുത്തം തരാൻ മോഹം
                            മോ--------------- ഹം"
      ഡാ ഷിട്ടിരിക്കുന്നത്   ഇപ്പോഴത്തെ ശൈലിയിൽ സംഗതികളെ സുചിപ്പിക്കാനാണ് .അന്ന് ആ പദപ്രയോഗം സാധാരണക്കാരുടെ ഇടയിൽ നിലവിലുണ്ടായിരുന്നില്ല .
      ഞങ്ങളുടെ ഇടയിൽ ഗാനം ഹിറ്റായി .'നിന്റെ ആരാമമൊന്നു കാണാൻ മോഹമായി' എന്നും "കിളിവാതിൽ കിര് കിരെ തുറ ന്നോട്ടെ" എന്നും മറ്റും  പ്രസിദ്ധ ഗാനരചയിതാക്കൾ എഴുതി പിടിപ്പിക്കുന്ന കാലമായിരുന്നല്ലോ അത് . അത് കൊണ്ട് ഈ ഗാനത്തിൽ അപാകതകൊളൊന്നും ഞങ്ങൾ കണ്ടില്ല .മാത്രമല്ല നേരത്തെ പറഞ്ഞ ബന്ദ്ധ വ്യതിയാനങ്ങളെ സമർഥമായി ധ്വനിപ്പിക്കുന്നുണ്ടായിരുന്നുതാനും  ഈ ഗാനം .
     ക്ലാസ്സ് കഴിഞ്ഞു .ഫീസ്‌ കുട്ടികൾ ഞങ്ങളുടെ കയ്യില നേരിട്ടു തരട്ടെ എന്നായി സുന്ദരേശനും പിള്ള സാറും .അദ്ധ്യാപിക വിദ്യാർഥിനികൾക്ക് അതാണത്രേ താല്പര്യം.അവർ ബഹുമാന പുരസ്സരം ഞങ്ങള്ക്ക് ദക്ഷിണ തന്നു.പരീക്ഷ ദിവസം കൂടിയുണ്ടായിരുന്നു ക്ലാസ് .പരീക്ഷ കഴിഞ്ഞായിരുന്നു ദക്ഷിണ .നന്നായി എഴുതിയതിന്റെ സന്തോഷം അവരുടെ മുഖത്തുണ്ടായിരുന്നു .
  സാങ്കേതികമായി ദക്ഷിണ ഞങ്ങൾ വാങ്ങിയെങ്കിലും അത് സ്ഥാപനത്തിന്റെ ഉടമയെ ഏൽപ്പിക്കുന്നതാണല്ലോ മര്യാദ .ഞങ്ങൾ പണം പിള്ള സാറിനു നേരേ നീട്ടി.പക്ഷേ അദ്ദേഹമോ സുന്ദരേശനോ ആ പണം വാങ്ങാൻ കൂട്ടക്കിയില്ല .അത് ഞങ്ങൾക്കുള്ളതാണത്രേ .കാപ്പി ചോക്ക് കറന്റ് ഇതൊക്കെ  ചെലവുള്ളതല്ലേ എന്ന ചോദ്യത്തിനു നിങ്ങൾ ഉണ്ടാക്കി തന്ന ഗുഡ് വിൽ എത്രയോ വലുതാണെന്നായിരുന്നു സുന്ദരേശന്റെ മറുപടി .തുടര്ന്നു പതിവിലധികം ലഘു ചിത്തനായി അയാള് പാടാൻ തുടങ്ങി :"കൂളിങ്ങ് ഗ്ലാസ്സുമായ്  ----"ഞങ്ങളും കൂടെ ചേർന്നു .കുറച്ചു സമയത്തെ സംഘ ഗാനത്തിനു ശേഷം ഞങ്ങൾ പുറത്തിറങ്ങി .ഞാൻ എന്റെ കയ്യിലിരുന്ന പണം കൂടി കൃഷ്ണൻ കുട്ടിയുടെ കയ്യിൽ  കൊടുത്തു .അയാള് നോട്ടുകളൊക്കെ അടുക്കി. എണ്ണി നോക്കിയില്ല .ഒരു നാണയവും വളരെ കുറ  ച്ചു നോട്ടുകളും എടു ത്തിട്ട്  ബാക്കി മുഴുവൻ എന്നെ തിരികെ ഏൽപ്പിച്ചു .ആവശ്യങ്ങൾ കാണുമല്ലോ കൃഷ്ണൻ കുട്ടി കുറച്ചു പണം കൂടി കയ്യിൽ വെയ്ക്കു എന്ന് ഞാൻ പറഞ്ഞത് അയാള് കേട്ടില്ല .ബസ്സ് വന്നു ഞാൻ തിരിഞ്ഞ് സുന്ദരേശനെ നോക്കി കയ് വീശി .അയാള് അപ്പോഴും പാടിക്കൊണ്ടിരിക്കുകയായിരുന്നു ---എനിക്കൊരുന്മാ --ദം .പാടിക്കൊണ്ട് തന്നെ അയാൾ കയ്  വീശി .അങ്ങിനെ കേരളത്തിന്റെ വരാൻ പോകുന്ന സാമൂഹ്യ സാമ്പത്തിക സാംസ്കാരിക അവസ്ഥയുടെ യഥാ തഥ വിവരണം മധുര പദാവലികളിലൂടെ അനാവരണം ചെയ്യുന്ന അയാളുടെ ഗാനം അയാൾ തന്നെ  പാടുന്നത് കേട്ടു കൊണ്ട് ഞങ്ങൾ പിരിഞ്ഞു . .
               സുന്ദരേശനു ആയിടെ തന്നെ എറ നാകുളത്തു ഒരു വലിയ പ്രവറ്റ് കമ്പനിയിൽ ജോലി കിട്ടിയതായി അറിഞ്ഞു .ഞാൻ തിരുവനന്ത പുര ത്തേക്ക് പോയി .കുറച്ചു കഴിഞ്ഞ് കൃഷ്ണൻ കുട്ടി കൊല്ലത്തേക്കും .ചിരസ്ഥായിയായ സൌ ഹൃദം എന്നത് വലിയ ഒരു നുണയാണ് .പരസ്പരം ഊന്നു വടിയായി നിന്നിരുന്ന കൃഷ്ണൻ കുട്ടിയും ഞാനും പരസ്പരം കാണാതായിട്ട് വർഷങ്ങൾ കഴിയുന്നു .സുന്ദരേശ ന്റെ കാര്യം പറയേണ്ടതില്ലല്ലോ അയാളെ പിന്നീടിതുവരെ കണ്ടിട്ടേയില്ല  .പക്ഷേ അയാളുടെ പാട്ട് എന്നും ഒര്മ്മയിലുണ്ടായിരുന്നു . പൊൻപണം മനുഷ്യ ബന്ധ ങ്ങളുടെ മേൽ അധീശത്വം നേടുന്നതും വീടു ക ൾ ക്ക്ക്കിടയിലും മനസ്സുകളിലും മതിലുകൾ ഉയരുന്നതും കാണുമ്പോളൊ ക്കെ എന്റെ മനസ്സില് യേശുദാസും ജയചന്ദ്രനും മാറി മാറി ആ പാട്ട് പാടിക്കൊണ്ടിരുന്നു .ഏറ്റവും ഒടുവിൽ വെറും കയ്യോടെ തിരിച്ചു വന്ന സഹോദരിമാരെ ടി വി യിൽ കണ്ടപ്പോൾ കമുകറ യുടെ ശബ്ദത്തിൽ ആ പാട്ട് എന്റെ മനസ്സില് വീണ്ടും മുഴങ്ങി.
        ഒരു പെരു  മഴ പെയ്തൊഴിയുന്നതു പോലെയാണ് 45 വര്ഷം കടന്നു പോയത് .  സൈക്കിൾ യഞ്ജം നടത്താനും ട്രെയിനിംഗ് കോളേജിന്റെ പടിചവിട്ടാതെ ടി ടി സി ക്കാരെ പഠിപ്പിക്കാനും കാണിച്ച ധൈര്യംരോഗിയുംവൃദ്ധനുമായിട്ടും ഇപ്പോഴും ഉള്ളില ഉള്ളത് കൊ ണ്ടാവാം ഞാൻ പഴയ വീട് പുതുക്കി പണിയാൻ തീരുമാനിച്ചു .അതിന്റെ ആവശ്യത്തിനു സാധനങ്ങൾ എടുക്കാൻ ഒന്നാം നില വരെ കാർ  കയറിച്ചെല്ലുന്ന സിംഹു ഷോപ്പിങ്ങ് മാളിലെത്തി .ശിവ മാർക്കറ്റിംഗ് ഹബ് എന്നതിന്റെ ചുരുക്കെഴുത്താണ് സിംഹു .ന്യൂക്ലിയസ് ലുലു തുടങ്ങിയ പ്രാകൃത പദ ങ്ങൾ മാത്രം മാളുകളുമായി ബന്ദ്ധ പ്പെട്ടു കേട്ടിരുന്ന ഞാൻ അന്തം വിടാൻ തുടങ്ങുമ്പോൾ എന്നെ നേരത്തെ മുതൽ അറിയാവുന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞു .അന്തം വിടാൻ വരട്ടെ ഇതിന്റെ മുതലാളി ശിവ സുന്ദർ ചേട്ടന്റെ കൂടെ പണ്ട് ട്യുട്ടോറിയലിൽ  പഠിപ്പിച്ചിരുന്ന സുന്ദരേശ അണ്ണ നാണെ ന്ന  യാമോ ?
സംഭവിചതിങ്ങനെയാണ് : സുന്ദരേശൻ എറ ണാ കുളത്തെ ജോലി രാജി വെച്ച് കുവൈറ്റിലെ ക്കും അവിടെ നിന്ന് അമേരിക്കയിലേക്കും പോയി .ധനികനായി തിരികെ വന്നു .വലിയ വീട് വെച്ചു ഷോപ്പിങ്ങ് മാളുകൾ പണിതു .നല്ല നിലയിൽ ജീവിക്കുന്നു .
  ആളുകള് സംസാരിച്ചു കൊണ്ടേയിരുന്നു .ഞാൻ കൂടുതൽ കേള്ക്കാൻ നിന്നില്ല .ജീവിതത്തിൽ വിജയിച്ച്ചവരെ ക്കുറിച്ച് പരാജിതർ പലതും പറഞ്ഞുകൊണ്ടിരിക്കും .എന്റെ മനസ്സിൽ സുന്ദരേശന്റെ ഒരു ചിത്രമു ണ്ട് .സ്വന്തം പാട്ട് ആഹ്ലാദവാനായി ലച്ചു ചിത്തനായി പാടിക്കൊണ്ടിരിക്കുന്ന പ്രസരിപ്പുള്ള യുവാവിന്റെ ചിത്രം .ഞാൻ ആ ചിത്രം ഓർത്തെടുത്തു . അയാളുടെ ശബ്ദത്തിൽ ആ പാട്ടും .അത് മൂളി തിരികെ നടന്നു ::"കൂളിംഗ് ഗ്ലാസ്സുമായ് കൂടണയുന്നൊരു
                              കുവൈറ്റ് കാ-----രി , കുവൈറ്റ്കാരി
                             നിന്റെ എണ്ണ ക്കിണറ്റിലെ പൊൻപണം കാണുമ്പോൾ
                              എനിക്കെന്തോരുന്മാദം
                              എനിക്കെന്തോരുന്മാ--------ദം
                               മാറിലെ
                            സ്വർണ്ണ ക്കുരിശിൽ മുത്തം തരാൻ മോഹം
                            മോ--------------- ഹം"
.
       
   Tuesday, May 19, 2015

"എത്ര വളർന്നു നീ പത്നിയായ് അമ്മയായ്
എത്ര പിന്നിട്ടു വഴിത്തിരിവെങ്കിലും
നിന്നിലെ നിത്യ കൌമാരയാം മറ്റൊരു
നിന്നെയാണങ്ങു ഞാൻ കാണ്മതു മത്സഖി "
(ചോറുണ് -ഓ എൻ  വി )
                                                                       ഒഴിവുകാലം  -------                                                                                                                                 'ഇനിയും എത്രയോ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് എന്ന ഭാവത്തിൽ ധൃതി പിടിച്ചോടുന്ന ജന സഞ്ചയം   'എന്ന എം സുകുമാരന്റെ  വാക്യം നമ്മുടെ ഇടത്തരക്കാരെ ക്കുറിച്ചുള്ള സത്യ സന്ധ മായ ഒരു വിവരണമാണ് ;എന്തായാലും ഞങ്ങളുടെ കാര്യത്തിൽ അതങ്ങിനെയായിരുന്നു, ഇപ്പോഴും അങ്ങിനെയാണ് ;നിർത്താത്ത ഓട്ടം 1975 ഇൽ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതു മുതൽ ഇന്ന് വരെ .അതിനിടെ ഓർക്കാപ്പുറത്ത് കിട്ടിയ ഒരിട വേളയെ ക്കുറി ച്ചാണ് ഇനി പറയാൻ പോകുന്നത് .
    ഭാര്യക്ക് പൈതൃകമായി കിട്ടിയ വീട് ,ഓടിട്ട മച്ചുള്ള പഴയ കെട്ടിടം അതേ പടി നന്നാക്കി നില നിർത്തണമെന്നൊരാഗ്രഹം കുട്ടികൾ പ്രകടിപ്പിച്ചിരുന്നു .അവർ സഹോദരീ സഹോദരന്മാരുടെ കുട്ടികൾ കളിച്ചു വളർന്ന വീടാണല്ലോ അത് .എങ്കിൽ അതങ്ങിനെയാവട്ടെ എന്ന് തീരുമാനിച്ചാണ് ഏപ്രിൽ 5 നു ഏറണാകുള ത്തെ വീടു പൂട്ടി ഞങ്ങൾ മാവേലിക്കരക്ക് പോയത് .പണി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു യുവ സുഹൃത്തിനെ ഏൽപ്പിച്ചതോടെ ആ കാര്യത്തിലുള്ള ഞങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു .ഞങ്ങളുടെ സാന്നിദ്ധ്യം മാത്രം മതിയായിരുന്നു പിനീടാ കാര്യത്തിൽ .പണി നടക്കുന്ന വീട്ടിൽ തന്നെ താമസിക്കുന്നതിനു ബുദ്ധി മുട്ടുണ്ടായിരുന്നില്ല .ഏറെ ക്കാലമായി അടഞ്ഞു കിടന്നിരുന്ന അവിടെ ആധുനിക ജീവിത സൗകര്യങ്ങളൊ ന്നും  ഉണ്ടായിരുന്നില്ല .ടിവി കംപ്യുട്ടർ ഇന്റർനെറ്റ്‌ ലാൻഡ് ഫോണ്‍ അങ്ങിനെയൊന്നും .വൈദ്യുതി വെള്ളം വിറ കടുപ്പ് ഒരു പഴയ ട്രാന്സിസ്ടർ റേഡിയോ ഇതൊക്കെയുണ്ടായിരുന്നു .ടിവിയും നെറ്റും ഇല്ലാത്തതു കൊണ്ടു തന്നെ സമയം ധാരാളം .അതു കൊണ്ട് വളരെ വർഷങ്ങൾക്കു ശേഷം മാവേലിക്കര അമ്പലത്തിലെ ഉത്സവം മുഴുവൻ കാണാൻ കഴിഞ്ഞു .
   രണ്ടാം ഉത്സവത്തിൻ നാളാണ് ഞങ്ങളെത്തിയത് .അന്നു മുതൽ തന്നെ ഏതാണ്ടെല്ലാ പരിപാടിക്കും ഞങ്ങൾ കാഴ്ചക്കാരായി ..പ്രത്യേകിച്ചും വേലകളി പോലെ കുട്ടികളെ കൂടുതൽ ആകർഷിക്കുന്ന പരിപാടികൾ ക്ക് .എന്റെ ഭാര്യ വളരെ വര്ഷം പിന്നിലേക്ക് പോയതു പോലെ . .സ്വതവേ ഗൌരവ ബുദ്ധിയായി മാത്രം കണ്ടിട്ടുള്ള ആളുടെ ശൈശവത്തിലേക്കുള്ള ഭാവ പകർച്ച എനിക്ക് കൗതുക കരമായി തോന്നി .
     പഴയ പോലെ വലിയ ആൾക്കൂട്ടമൊന്നും ഉത്സവ പ്പറ മ്പുകളിൽ ഇപ്പോളില്ല .പലരും ചടങ്ങിനു വന്നു കുറച്ചു നിന്നിട്ട് തിരികെ പോകുന്നവരാണ് .പരിപാടികളുടെ നിലവാരവും മോശമായിരുന്നു .അതൊന്നും പക്ഷേ ഞങ്ങൾ കാര്യമാക്കിയതേയില്ല .
        വെറുതെ വർത്തമാനം പറഞ്ഞിരിക്കാൻ സമയം കിട്ടി എന്നതായിരുന്നു മറ്റൊരു വലിയ കാര്യം .ഏതു ചെറിയ കാര്യവും  വലിയ പ്രശ്ന മാക്കി   മാറ്റി സംസാരിച്ച് ടെൻഷൻ വർദ്ധിപ്പിക്കുക യാണല്ലോ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നത് .അതിൽ നിന്നുള്ള മാറ്റം ആഹ്ലാദ കരമായിരുന്നു .
   ആകാശവാണി പാരിപാടികൾ കേട്ടിട്ട്  എത്രയോ നാളുകളായി .ലളിത ഗാനവും ചലച്ചിത്ര ഗാനവും ശാസ്ത്രീയ സംഗീതവുമായി കഴിഞ്ഞ ദിവസങ്ങൾ തിരിച്ചു വന്നത് മറ്റൊരു അനുഗ്രഹം
    മറ്റേതൊരു  നല്ല കാര്യവും  പോലെ ഈ ഒഴിവു കാലവും അവസാനിക്കാതെ വയ്യല്ലോ .വീണ്ടും നഗര വാരിധിയിലേക്ക് ..