2021, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

24-8-2021 "ആ രാത്രി മാഞ്ഞു പോയി .... " -------------------------------------------- നമ്മുടെ വെള്ളിത്തിരയുടെ ക്ഷീരപഥത്തെ പ്രകാശമാനമാക്കുന്നത് മഹാതാരകങ്ങൾ മാത്രമല്ല ചില കുഞ്ഞുനക്ഷത്രങ്ങൾ കൂടിയാണ് .ഏതു പ്രകാശപ്രളയത്തിലും അവ സ്വന്തം അസ്തിത്വം വെളിപ്പെടുത്തിക്കൊണ്ട് അങ്ങിനെ മിന്നി മിന്നി നിൽക്കുന്നുണ്ടാവും .അവരിൽ ചിലരില്ലാതെ ഒരു ചൊൽക്കാഴ്ചയും പൂര്ണമാവുകയില്ല ..ശങ്കരാടിയും പ്രതാപചന്ദ്രനും പറവൂർ ഭരതനും അടൂർ സഹോദരിമാരും സുകുമാരിയും മറ്റും യാത്രയായപ്പോൾ അത് അപരിഹാര്യമായ നഷ്ടമായി നമുക്ക് തോന്നിയതും അതുകൊണ്ടാണ് .അങ്ങിനെയുള്ളവരിൽ ഒരാൾ കൂടി അരങ്ങൊഴിഞ്ഞിരിക്കുന്നു ,നടി ചിത്ര . എൺപതുകളുടെ തുടക്കത്തിൽ പുതുമുഖങ്ങളുടെ ഒരു തള്ളിക്കയറ്റമുണ്ടായല്ലോ നമ്മുടെ സിനിമയിൽ .മലയാള ചലച്ചിത്രത്തിന്റെ ഭാവിഭാഗ്യവിധാതാക്കളിൽ ചിലർ അക്കൂട്ടത്തിലുണ്ടെന്ന് അന്ന് തന്നെ ആസ്വാദകർ കണക്കുകൂട്ടുകയും ചെയ്തു ..അക്കൂട്ടത്തിൽ ഒരാളാണ് ചിത്ര .ആട്ടക്കലാശം എന്ന സൂപ്പർഹിറ്റ് സിനിമയിൽ സാക്ഷാൽ മോഹൻലാലിന്റെ ജോഡിയായിരുന്നു ചിത്ര.ലാലിന് ഉയരങ്ങളിലേക്കുള്ള ഒരു പ്രധാന പടവായിരുന്നു ആ സിനിമ .ചിത്രയ്ക്കും അതങ്ങിനെയാവുമെന്നു തോന്നിയിരുന്നു .ആ പ്രതീക്ഷ പക്ഷേ പൂർണമായും സഫലമായില്ല .എങ്കിലും പ്രധാനപ്പെട്ട പലവേഷങ്ങളും അവർക്കു ലഭിച്ചു പിന്നീടും ..അദ്വൈതത്തിലും അവർ മോഹൻലാലിനൊപ്പം അഭിനയിച്ചു .ഭഗ്നപ്രണയത്തിന്റെ വേദന പേറുന്ന കാമുകി മാത്രമായിരുന്നില്ല ഇതിൽ ചിത്ര .കുറേക്കൂടി സങ്കീര്ണതകളുള്ള ഒരു കഥാപാത്രമായിരുന്നു ചിത്രക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത് .ചിത്ര തന്റെ ജോലി ഭംഗിയായി ചെയ്തു . നടനെന്നുള്ള നിലയിൽ മുരളിയുടെ ജൈത്രയാത്ര ആരംഭിക്കുന്നത് പഞ്ചാഗ്നിയിൽ ആയിരുന്നുവല്ലോ .ആ പടത്തിൽ കുറേക്കൂടി പ്രധാനപ്പെട്ട വേഷത്തിൽ ചിത്രയുണ്ടായിരുന്നു .വിവാഹത്തോടെ ഭർത്താവായി മാറിയ കാമുകന്റെ പ്രണയം മാത്രമല്ല സ്വന്തം ആത്മാഭിമാനവും നഷ്ടപ്പെടേണ്ടി വന്ന അഭ്യസ്തവിദ്യയെ ഹൃദയസ്പര്ശിയായിത്തന്നെ അവതരിപ്പിച്ചു ചിത്ര . മമ്മൂട്ടിയുടെ ഏറ്റവും നല്ല കഥാപാത്രം ഏതെന്ന ടി വി ആങ്കറുടെ ചോദ്യത്തിന് അമരത്തിലെ അച്യുതൻ കുട്ടി എന്നായിരുന്നു മോഹൻലാലിന്റെ മറുപടി .ആ സിനിമയിൽ മമ്മൂട്ടിയുടെ നായിക ചിത്രയായിരുന്നു .ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കാൻ കഴിയാത്ത പരിതസ്ഥിതിയിലുള്ള കാമുകനെ അയാളെ സ്നേഹിച്ചുകൊണ്ടുതന്നെ വിട്ടുപോരേണ്ടിവന്ന കടപ്പുറത്തുകാരിയായി പ്രശംസാര്ഹമായ അഭിനയമാണ് ചിത്ര കാഴ്ചവെച്ചത് . പക്ഷെ ഈ പ്രകടനങ്ങളൊന്നും ചിത്രയ്ക്ക് നായികാപദവി നേടിക്കൊടുത്തില്ല .പകരം കിട്ടിയത് മറ്റൊരു 'ടൈപ്പ് 'ആണ് ,ഗ്രാമത്തിലേയും നഗരത്തിലേയും പ്രൗഢയായ വാരാംഗന ..സുഭദ്രാമ്മ (ദേവാസുരം ) തോട്ടത്തിൽ മീനാക്ഷി അമ്മ (ആറാം തമ്പുരാൻ ) റാണിമാ(സൂത്രധാരൻ ).എന്നിങ്ങനെ .തൂവിപ്പോയ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ചീത്തപ്പേർ കേൾപ്പിക്കേണ്ടി വന്നപ്പോഴും ആത്മാഭിമാനവും മനുഷ്യപ്പറ്റും കൈവെടിയാത്ത ഈ സ്ത്രീകൾ ചിത്രയുടെ കൈകളിൽ സുഭദ്രമായിരുന്നു . സൂത്രധാരനുശേഷം മലയാള സിനിമ ചിത്രയ്ക്ക് അവസരം കൊടുത്തില്ല ..കാരണമൊന്നും പറഞ്ഞുകേട്ടിട്ടില്ല .രണ്ടു പതിറ്റാണ്ടിനു ശേഷം അവർ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നുവത്രേ .മലയാളസിനിമയിൽ അമ്പത്തഞ്ചുകാരിയായ അവർക്ക് തീർച്ചയായും ഒരു സ്പേസ് ഉണ്ടായിരുന്നു .. സ്വഭാവനടികളിൽ ഏറ്റവും മുൻ നിരയിൽ ഒരു സ്ഥാനം അവർക്കു ലഭിക്കുമായിരുന്നു .പക്ഷേ മഹാസംവിധായകൻ പാക്ക് അപ്പ് പറഞ്ഞാൽ പിന്നെ നിവൃത്തിയില്ലല്ലോ . 'നാണമാവുന്നു ..മേനി നോവുന്നു 'എന്നു കോരിത്തരിക്കുന്ന കൗമാരക്കാരിയും 'പൂവിനെപ്പോലും നുള്ളി നോവിക്കാനറിയാത്ത കേവല സ്നേഹ 'ത്തെക്കുറിച്ച് വീണമീട്ടിപ്പാടുന്ന വിഷാദവതിയായ കുടുംബിനിയും അങ്ങിനെ മറ്റനവധി കഥാപാത്രങ്ങളും .....ചിത്ര മലയാളിയുടെ ഓർമ്മയിലുണ്ടാവും ഏറെ നാളത്തേക്ക് . .