2020, ജൂലൈ 26, ഞായറാഴ്‌ച

                                                                                                                                                      26-7-26-7-2020     ഈശാവാസ്യം -1
      ----------------------------         
      ഈശാവാസ്യമിദം സർവം
      യത്കിഞ്ചജഗത്യാം ജഗത്
      തേന ത്യക്തേന ഭൂഞ്ജിഥാ
      മാ ഗൃധഃ കസ്യസിത്  ധനം.

ഈശാവാസ്യമിദം സർവം---ഈ സർവവും ഈശ്വരനാൽ അധിവസിക്കപ്പെടുന്നതാണ്  .ഈശ്വരനെന്നാൽ ജഗദാധാരമായ ,സർവ്വാന്തര്യാമിയായ ചൈതന്യം തന്നെ .ആത്മാവ് .മായാസംയുക്തനായ ആത്മാവാണ് ഈശ്വരൻ എന്ന പിൽക്കാല നിർവചനം ഇവിടെ പ്രസക്തമല്ല .ഋഷി നിർദ്ദേശിക്കുന്ന ഈശൻ ഉപാധിരഹിതമായ പരംപൊരുൾ തന്നെ .ആ പൊരുൾ ,പ്രപഞ്ച ചൈതന്യം എല്ലാറ്റിനേയും അധിവസിക്കുന്നു .എല്ലാം ,സർവം എന്നതും മന്ത്രം കൃത്യമായി നിർവചിക്കുന്നുണ്ട് :യത്കിഞ്ചജഗത്യാം ജഗത്-ഈ ജഗത്തിൽ എന്തെല്ലാമുണ്ടോ അവയെല്ലാം .മനുഷ്യനും മറ്റു ജീവജാലങ്ങളും മാത്രമല്ലഅചേതന വസ്തുക്കളും  ഈശന്റെ ആവാസ ഭൂമികകളാണ് ..തേന ..അതുകൊണ്ട് രണ്ടുകാര്യങ്ങളാണ് ഋഷി ആവശ്യപ്പെടുന്നത് എല്ലാ മനുഷ്യരോടുമായി .ത്യക്തേന ഭൂഞ്ജിഥാ -ത്യജിക്കുന്നതിലൂടെ ഭുജിക്കുക .തന്റെ വിശപ്പുമാറാൻ ആവശ്യമുള്ളതെടുത്തിട്ട് ബാക്കിവരുന്ന ഭക്ഷണം വിശക്കുന്ന ഒരാൾക്ക് നൽകുന്നത് ചെറിയകാര്യമല്ല .എന്നാൽ ഒരാൾക്കുള്ള ഭക്ഷണം മാത്രം ഉണ്ടായിരിക്കുകയും അത് തന്നെപ്പോലെ വിശപ്പുള്ള മറ്റൊരാൾക്കു നൽകുകയും  അയാളുടെ വിശപ്പ് മാറുന്നതിലൂടെ തന്റെ വിശപ്പു മാറിയതായി അനുഭവപ്പെടാൻ കഴിയുകയും ചെയ്താലോ .അതാണ് ഋഷി ആവശ്യപ്പെടുന്ന  'ത്യക്തേന ഭൂഞ്ജിഥാ '.
         മറ്റൊന്നു കൂടി ഋഷി നിർദ്ദേശിക്കുന്നുണ്ടല്ലോ  'മാ ഗൃധഃ കസ്യസിത്  ധനം.'മറ്റൊരാളുടെ സ്വത്ത് അപഹരിക്കരുത് .ഒരുവൻ സ്വന്തം അദ്ധ്വാനത്തിലൂടെ നേടുന്ന ഭൗതിക പദാർത്ഥത്തിൽ സ്വന്തം ഉപയോഗം കഴിഞ്ഞു മിച്ചം വരുന്നതാണ് അയാളുടെ ധനം.ഭൗതിക സമ്പത്ത് അപഹരിക്കപ്പെടാനും ചിലരിൽ കുന്നുകൂടാനും തുടങ്ങിയപ്പോഴാണല്ലോ ഭൂമിയിൽ അസമത്വം നിലവിൽ വന്നത് .എല്ലാറ്റിലും ഈശ്വരൻ വസിക്കുന്നുവെന്നതു കൊണ്ടു തന്നെ നിരുപാധികമായ സമത്വം നിലനിൽക്കേണ്ടതുണ്ടെന്നാണ് ഋഷി നിരീക്ഷിക്കുന്നത് .ആരെങ്കിലും അന്യന്റെ സ്വത്തപഹരിച്ചാൽ ഈ തുല്യത നഷ്ടമാകുമെന്ന് മന്ത്രം മുന്നറിയിപ്പു നൽകുന്നു .
     അന്യന്റെ അപഹരിക്കപ്പെട്ട സമ്പത്ത് ..മിച്ചമൂല്യം -മൂലധനമായി പരിവർത്തിക്കപ്പെട്ട  അങ്ങിനെ സമൂഹം അസമവും സ്രേണീബദ്ധവും ആയിക്കഴിഞ്ഞ ആധുനിക യുഗത്തിൽ ഈ മന്ത്രത്തിന് അത് കണ്ടെത്തപ്പെട്ട പുരാതന കാലത്തുണ്ടായിരുന്നതിനേക്കാൾ സാംഗത്യമുണ്ട് .
  അപ്പോൾ ഭൗതികമായ ഒരർത്ഥമാണോ ഈ പ്രസിദ്ധ ഉപനിഷത് മന്ത്രത്തിനുള്ളത് .ഭൗതികതയും ആത്മീയതയും വിഭിന്നങ്ങളായിരുന്നില്ല മന്വന്തരഭാവശില്പികളായിരുന്ന ഋഷിമാർക്ക് .അവർക്ക് ജഗത്തിലുള്ളതെല്ലാം ,മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും അചേതനങ്ങളും  ,അവയുടെ വാക്കും പ്രവർത്തിയും ധർമ്മവും എല്ലാം ഇശാവാസ്യമായിരുന്നു .ധർമ്മാനുസാരിയും കർമ്മനിരതവുമായ ജീവിതം ത്യജിക്കപ്പെടേണ്ടതല്ല .അത് അനുഗ്രഹമായി അവർ കണക്കാക്കി .അടുത്ത മന്ത്രം ഈ വസ്തുത ഊന്നി പറയുന്നുണ്ട്




















-