Tuesday, June 30, 2015

അരുവിക്കരയുടെ സന്ദേശം
-------------------------------
വെസ്റ്റ്‌ മിനിസ്ടർ മാതൃകയിലുള്ള എന്ന് വെച്ചാൽ നമ്മുടേതു പോലുള്ള ജനാധിപത്യ സമ്പ്രദായത്തിന്റെ പ്രത്യേകത അവിടെ ന്യൂന പക്ഷത്തിനു ഭൂരിപക്ഷം എന്ന പേരിൽ ഭരിക്കാം എന്നതാണ് .ആയിരം വോട്ടർ മാരുള്ള ഒരു മണ്ഡലത്തിൽ പത്തു സ്ഥാനാർഥി കളുണ്ടെങ്കിൽ എല്ലാവര്ക്കും തുല്യമായി വോട്ടു കിട്ടിയാൽ എന്ന് വെച്ചാൽ ഒരാള്ക്ക് 101 ഉം ഒരാൾക്ക് 99 ഉം ബാക്കിയുള്ളവർക്ക് 100 ഉം വീതം വോട്ടു കിട്ടിയാൽ ഈ 101 കാരൻ  ഭരിക്കും എന്ന് മാത്രമല്ല അവന്റെ അപ്പൻ അപ്പുപ്പൻ മാരും  പുത്രകളത്രാദികളും എല്ലാം ചെയ്തു കൂട്ടിയ എല്ലാ കൊള്ളരുതായ്മകളും ജനം അംഗീകരിച്ചു എന്ന് പറഞ്ഞു നടക്കുകയും ചെയ്യും. ഈ അപകടത്തെ ക്കുറിച്ച് ഭരണ ഘടനാ നിര്മ്മാണ സമയത്ത് നെഹ്രുവിനോടാരോ സൂചിപ്പുക്കുകയുണ്ടായത്രേ .'ഇതൊരു മോശം സമ്പ്രദായമാണെന്നെനിക്കറി യാം ;പക്ഷേ ഇതിനേക്കാൾ  നല്ലതൊന്നു കണ്ടെത്താൻ കഴിയു ന്നില്ലല്ലോ" എന്നദ്ദേഹം മറുപടിയും പറഞ്ഞു .
      അപ്പോൾ യു ഡി എഫ് ജയിച്ചു .ഇതൊരു യു ഡി എഫ് മണ്ഡലമായിരുന്നു .അവരതു നിലനിർത്തി കുറഞ്ഞ വോട്ടു പങ്കോടെ .എല് ഡി എഫ് രണ്ടാം സ്ഥാനത്തെത്തി അതും കുറഞ്ഞ വോട്ടു പങ്കോടെ .ബി ജെ പി യുടെ വോട്ടു പങ്ക് വർദ്ധിച്ചു അവർ കൂടി പ്രതീക്ഷിക്കാത്ത തരത്തിൽ .എന്ന് മാത്രമല്ല ഒറ്റക്കു നിന്ന് ഒരു മണ്ഡലത്തിൽ 35000 ത്തോളം വോട്ടു പിടിക്കുക്ക മറ്റൊരു പാർട്ടിക്കും സുസാദ്ധ്യമായ കാര്യമല്ല ഇക്കാലത്ത് കേരളത്തിൽ .മാർക്സിസ്റ്റ് പാർട്ടിക്കു മലബാറിൽ ചില മണ്ഡലങ്ങളിൽ ചിലപ്പോള സാധിച്ചേക്കാം .ലീഗിനോ കേരളാ കൊണ്‍ഗ്രസ്സിനോ അവർക്ക് ഏറ്റവും സ്വാധീനമുള്ള ഒന്നോ രണ്ടോ മണ്ഡലങ്ങളിൽ ചിലപ്പോൾ കഴിഞ്ഞേക്കാം .കൊണ്ഗ്രസ്സിനു കഴിയുകയില്ല ഒരു മണ്ഡലത്തിലും .അപ്പോൾ ഇവിടെ അഭിമാനിക്കാൻ വകയുള്ളത് ബി ജെ പിക്കാണ് .സ്ഥാനാർഥി യുടെ വ്യക്തി പ്രഭാവത്തിന്റെ കൂടി ഫലമല്ലേ എന്ന ചോദ്യമുണ്ടാവാം .അതുണ്ട് .പക്ഷേ മറ്റു  രണ്ടു പ്രധാന കക്ഷികളും ഏ റ്റവും അനുയോജ്യരായ സ്ഥാ നാർഥി കളെ  തന്നെ യാണു മത്സരിപ്പിച്ച ത്  .അപ്പോൾ വോട്ടു കിട്ടിയത് പാർട്ടികൾക്ക് തന്നെയെന്നുറ പ്പിക്കാം.
     അടുത്ത പൊതു തെരഞ്ഞെടുപ്പിലേക്ക് ഒരു ചൂണ്ടു പലകയായിരുന്നു അരുവിക്കര മല്സരം .ബി ജെ പി ക്ക് അടുത്ത തവണ അക്കവുണ്ട് തുറക്കാൻ കഴിയുമോ ? കഴിയുമെന്നാണ് എന്റെ വിലയിരുത്തൽ .അതിന്റെ ഫലം ഇടതു മുന്നണിയുടെ സീറ്റുകൾ കുറയുക എന്നതായിരിക്കും ഇപ്പോഴത്തെ സ്ഥി തിയിൽ .കാരണം കോണ്‍ഗ്രസ്സ് മുന്നണിയുടെ കയ്‍വ ശമാണ് കൃസ്ത്യൻ മുസ്ലീം വോട്ടുകൾ .അതിൽ വലിയ വിള്ളൽ വീഴ്ത്താൻ ബി ജെ പിക്ക് സാധാരണ ഗതിയിൽ കഴിയുകയില്ല . ഇടതു മുന്നണിയുടെ ബാങ്ക്  ഹിന്ദു വോട്ടുകൾആണ്.അതിലേക്കായിരിക്കും ബി ജെ പി കടന്നു കയറുക.ആദ്യ ഘട്ടത്തിൽ ബി ജെ പി യുടെ അംഗ ബലം കുറവായിരിക്കും .ഇടതു പക്ഷം തന്നെയായിരിക്കും പ്രധാന പ്രതിപക്ഷം .
    മറ്റൊരു സാധ്യത.ക്രിസ്ത്യൻ മുസ്ലീം മത വിഭാഗങ്ങൾക്ക് പ്രാധാന്യമുള്ള ഏതെങ്കിലും രാഷ്ട്രീയ ഗ്രൂപ്പുകളുമായി ബി ജെ പിക്ക് സഖ്യമുണ്ടാക്കാൻ കഴിഞ്ഞാൽ അവര്ക്ക് ആനുപാതികമായതി ൽ കവിഞ്ഞ അംഗ ബലം നിയമ സഭയിലൂണ്ടാക്കാൻ സാധിച്ചേക്കും .മുന്നണിക്ക് ഒരു സിനെര്ജി ഉണ്ട് .ഒന്നും ഒന്നും ചേർന്നാൽ രണ്ടല്ല മൂന്നൊ നാലോ ഒക്കെയാവുന്ന പ്രതിഭാസമാണ് സിനെർജി .അത് കണ്ടറി ഞ്ഞാണ്  ഇ എം എസ് 67 ഇൽ സപ്തമുന്നണി ഉണ്ടാക്കി 100 ലധികം സീറ്റ് പിടിച്ചെടുത്തത് .അത്തൊരമൊരു രാഷ്ട്രീയ തന്ത്രം പ്രയോഗിച്ചു നോക്കാനുള്ള പാടവം ബി ജെ പി നേതാക്കന്മാർക്കുണ്ടോ എന്നതാണു പ്രശ്നം .അങ്ങിനെയായാൽ ഒരു ബി ജെ പി മുന്നണി കേരളം ഭരിച്ചു കൂടയ്കയില്ല ന്യ്യുന പക്ഷങ്ങൾ കൂട്ടു കൂടുമോ എന്ന് ചോദ്യമുണ്ടാവും .കൂടും .കാരണം തീവ്ര ഹിന്ദുത്വ നിലപാടുകളെ പിന്തുണക്കുന്ന ആളല്ല ഇപ്പോഴത്തെ പ്രധാന മന്ത്രി എന്ന് വ്യക്തമായിക്കഴിഞ്ഞു .മാത്രമല്ല അന്യ മതസ്ഥർക്കെതിരേയുള്ള അതിക്രമങ്ങളെ മനസ്സുകൊണ്ടു പോലും സഹിക്കാത്തവരാണു ഹിന്ദുക്കളിൽ മഹാഭൂരിപക്ഷമെന്നു ന്യ്യുനപക്ഷക്കാർക്കരിയാം .അതവർ പറ യാറു മുണ്ട്.മുഴുവൻ സമയ മതേതരത്വം ജീവിത മാര്ഗമാക്കിയ പേ റോൾ ബുദ്ധി ജീവികൾ മറിച്ചു പറഞ്ഞു കൊണ്ടിരിക്കുംകുറെ ക്കാലത്തേക്ക്  അതവരുടെ അന്നമാണല്ലോ . 
   

Monday, June 29, 2015

ഇന്ന് ഡോ നീന പ്രസാദിന്റെ മോഹിനിയാട്ട കചേരിക്കു പോയിരുന്നു .തൃ പ്പൂണിത്തുറ  ലായം ഗ്രൌണ്ടിൽ .പരിപാടി വളരെ നന്നായിരുന്നു എന്ന് ആദ്യമേ തന്നെ പറയട്ടെ .വേദധ്വനി എന്ന പുതിയ ഒരു കലാ സാംസ്കാരിക സംഘടന അവരുടെ ഉദ്ഘാടന ചടങ്ങായി നടത്തിയ പൂർണ്ണോജ്വലം എന്ന കലോത്സവത്തിന്റെ സമാപന ദിനമായിരുന്നു ഇന്ന് .മുൻ ദിവസങ്ങളിലെ  പരിപാടികൾ ഡോണാ ഗാങ്ങുലിയുടെ ഒഡീസി ഉള്പ്പെടെ എനിക്ക് കാണാൻ കഴിഞ്ഞില്ല .(വേദധ്വനി ഒരു സംഘ പരിവാര് ഏർപ്പാടാണത്രെ .കലക്കെന്ത് മതേതരത്വം ?)
    മൂന്നു വർഷം മുമ്പാണ് നല്ലൊരു മോഹിനിയാട്ട കച്ചേരി ഞാനൊടുവിൽ കണ്ടത് .കലാമണ്ഡലം ദമ്പതികലൂടെ കൊച്ചു മകൾ സ്മിതാ രാജന്റെ .അതിനെ കുറിച്ച് ഞാൻ വാരികയിൽ എഴുതുകയും ചെയ്തിരുന്നു .മൂന്നു വര്ഷം കൊണ്ട് മോഹിനിയാട്ടത്തിൽ വലിയ മാറ്റ ങ്ങളുണ്ടായിരിക്കുന്നു.ഈ കലാരൂപത്തെ ഗൗരവത്തോടെ സമീപിക്കുന്ന കലാകാരികളുണ്ട് നമുക്ക് .അവർ ഈ കലയുടെ അന്തസ്സത്ത നഷ്ടപ്പെടുത്താതെ പുതിയ രൂപങ്ങൾ പരീക്ഷിക്കുന്നു .അതിൽ അവർ വിജയിക്കുന്നു വെന്നാണ് ഇന്നത്തെ പരിപാടി കണ്ടപ്പോൾ തോന്നിയത് .ഭരത നാട്യത്തിന്റെ സ്വാധീനത്തിൽ നിന്നും മോചിപ്പിച്ച്  മോഹിനിയാട്ടത്തെ കൂടുതൽ  ലാസ്യപൂർണമാക്കാനുള്ള ശ്രമമാണ് ഡോ നീന നടത്തുന്നത്  ;ഭാവാവിഷ്കരണത്തിനു കൂടുതൽ പ്രാധാന്യം നല്കാനുംഅവർ ശ്രദ്ധിക്കുന്നുണ്ട്  .അതിൽ അവർ വിജയിച്ചിരിക്കുന്നു .
    ലയബദ്ധവും ലാസ്യ സുന്ദരവുമായ ഒരു വൈകുന്നേരത്തിനു നന്ദി നീന പ്രസാദിനും സംഘാടകരായ വേദധ്വനി ട്രസ്റ്റ്നും


Thursday, June 25, 2015

അടിയന്തിരാവസ്ഥ
ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ 40 ആം വാര്ഷികമാണ് ഇന്ന് ജൂണ്‍ 25 എന്നത് തെറ്റായ ഒരു പ്രസ്ഥാവനയാണ് .സ്വതന്ത്ര ഇന്ത്യയിൽ  ഭരണ ഘടന 352 പ്രകാരമുള്ള അടിയന്തിരാവസ്ഥ ആദ്യം പ്രഖ്യാപിക്കപ്പെടുന്നത് 1962 ഒക്ടോബർ 26 നാണ് .ആ സ്ഥിതി ആറു വര്ഷം നീണ്ടു നിന്നു .ലോകം കണ്ട വലിയ ജനാധിപത്യ വാദിയെന്നു കരുതപ്പെടുന്ന ജവഹർലാൽ നെഹ്രുവായിരുന്നു ഭരണ ഘടനയിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന എല്ലാ പൗരാവകാശങ്ങളേയും നിഹനിക്കുന്ന ആ അവസ്ഥ ഭാരതീയരുടെ മേൽ അടിചേൽപ്പിച്ചത് .തുടർന്ന് കമ്മൂണിസ്റ്റു നേതാക്കളെ കൂട്ടത്തോടെ ജയിലിൽ അടക്കുകയും ചെയ്തു അദ്ദേഹം .അന്ന് അറസ്റ്റു ചെയ്യപ്പെട്ടവരിൽ പില്ക്കാല അടിയന്തിരാവസ്ഥയിൽ ആളുകളെ കൊന്നു തള്ളു ന്ന തു ൾപ്പെടെയുള്ള ഹീന കൃത്യങ്ങൾ ചെയ്ത ഒരു സംസ്ഥാന സർക്കാരിന് മൂത്ത ദ്രുപദ പുത്രനായി നിന്ന് ആൾപ്പേർ നേതൃത്വം കൊടുത്ത അച്യുത മേനോൻ കൂടി യുണ്ടായിരുന്നു .!
    രണ്ടാമത്തെ അടിയന്തിരാവസ്ഥാ പ്രഖ്യാപനം 1971 ഡിസംബർ 3 നായിരുന്നു .അത് നിർവഹിച്ചത് ജനാധിപത്യത്തിനൊപ്പം മതേതരത്വം സോഷ്യലിസം തുടങ്ങിയ മഹനീയ ഗുണങ്ങളുടെ വിളനിലമെന്നു പുകൾപെറ്റ ഇന്ദിരാ നെഹ്‌റു ഗാന്ധിയാണ് .പൈശാചിക മായ ഒരു ഭരണത്തിന്റെ കേളികൊട്ടായിരുന്നു ആ പ്രഖ്യാപനം എന്ന് തിരിച്ചറിയാൻ നാലുമാസം പോലും വേണ്ടിവന്നില്ല .
  മൂന്നാമത്തെ അടിയന്തിരാവസ്ഥയാണ് 1975 ജൂണ്‍ 25 നു പ്രഖ്യാപിക്കപ്പെട്ടത് .
ആദ്യത്തെ രണ്ടും വൈദേ ശികവും മൂന്നാമത്തെ മാത്രം ആഭ്യന്തരവും എന്ന് പറയുന്നത് ഭോഷ്കാണ് .അടിയന്തിരാവസ്ഥ ആഭ്യന്തരമായി മാത്രമേ നടപ്പിലാക്കാൻ കഴിയൂ .അന്യ രാജ്യത്തെ പൗരന്മാരുടെ മേൽ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ഇന്ത്യ സർക്കാരിനു കഴിയുകയില്ലല്ലോ .പ്രഖ്യാപനത്തിന് ന്യായീകരണങ്ങളായി പറയേണ്ടുന്ന കാരണങ്ങളാണ് വൈദേശി കാവും ആഭ്യന്തരവും .അസ്വാതന്ത്ര്യം അനുഭവിക്കേണ്ടത് ഇന്ത്യ ക്കാര് തന്നെയാണ് .
   ഇനി ഒരു അടിയന്തിരാവസ്ഥ ക്കു സാദ്ധ്യതയുണ്ടോ ?കുനിയാൻ പറയുമ്പോൾ ഇഴയുന്ന ഒരു ജനത ഫാസിസത്തെ ക്ഷണിച്ചു വരുത്തും .അതോടൊപ്പം ഉൾപ്പാർട്ടി ജനാധിപത്യം ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു കുടുംബത്തിന്റെ അക്രീത ദാസന്മാരായിരിക്കുന്നതിൽ അഭിമാനിക്കുന്നവർ മാത്രം നേതാക്കന്മാരും അണികളുമായുള്ള ഒരു രാഷ്ട്രീയ കക്ഷി നിലവിലുള്ളിടത്തോളം ഫാസിസത്തിന്റെ ഭീഷണി നമ്മുടെ തലയ്ക്കു മുകളിലുണ്ടാവും .
  

Thursday, June 18, 2015

കെ പി ശശി ധരൻ
-----------------------
'കെ പി ശശി ധരൻ നിര്യാതനായി 77 വയസ്സായിരുന്നു' ,മാതൃഭുമി വാർത്ത തുടരുന്നു .'മലയാളത്തിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് '.ചരമ പേജിൽ കൊടുക്കാതെ ഒരു ഉൾപേജിൽ സാമാന്യം പ്രാധാന്യത്തോടെ വാര്ത്ത കൊടുത്തിട്ടുണ്ട് മാതൃ ഭൂമി .
   ഞാൻ നിരൂപണ ഗ്രന്ഥങ്ങൾ വായിക്കാൻ തുടങ്ങിയകാലത്ത് , അറു പതുകളുടെ തുടക്കത്തിൽ  കെ പി ശശിധരൻ ശ്രദ്ധേയങ്ങളായ ചില ലേഖനങ്ങളുമായി നിരൂപണ രംഗത്ത് പ്രവേശിച്ചു കഴിഞ്ഞിരുന്നു .മാരാരും മുണ്ട ശേരിയും അഴീക്കോടും ഗുപ്തൻ നായരും മറ്റും അരങ്ങു വാഴുന്ന കാലം .തൊട്ടു പിന്നിൽ തന്നെ യുണ്ടായിരുന്നു എം ആർ ചന്ദ്ര ശേഖരനും കെ പി ശങ്കരനും ജി കെ എൻ
എന്ന ഉള്ളാട്ടിൽ ഗോവിന്ദൻ കുട്ടി നായരും .കൂടാതെ മലയാള സാഹിത്യത്തെ ഗൌരവ പൂർവം സമീപിക്കുന്ന കുറച്ചു ചെറുപ്പക്കാരും അവരില മുമ്പനായിരുന്നു ശശിധരൻ .നമ്മുടെ നിരൂപണ രംഗം അടക്കി വാഴാൻ പോകുന്നവരിലൊരാളായി ശശിധരനെ ഞങ്ങൾ കണ്ടിരുന്നു .
   അപ്പോഴാണ്‌ അതുണ്ടായത് ;ആധുനികതയുടെ വരവ് .അതൊരു ഉരുൾപൊട്ടലായിരുന്നു .പഴയ വലിയ നിരൂപകർ അതിൽ ഒലിച്ചു പോയില്ല .പക്ഷേ സാമ്പ്രദായികതയിൽ ഉറ ച്ചു നിന്ന യുവാക്കളെ അത് അപ്രസക്തരാക്കി .നരേന്ദ്ര പ്രസാദും കെ പി അപ്പനും രാജകൃഷ്ണനും മറ്റും രംഗം പിടിച്ചടക്കിയപ്പോൾ ശശിധരനും കൂട്ടുകാരും ആദ്യം നിഴൽപ്പാടിലേക്കും പിന്നീട് വിസ്മൃതിയിലെക്കും നിഷ്ക്രമിച്ചു .
    സ്വന്തം നിലയിൽ  ഒരു വിഗ്രഹ ഭഞ്ജകനായിരുന്നു ശശിധരൻ .ചെറുകാട്  എന്ത് കൊണ്ട് ശനിദശയും ദേവലോകവും നേരത്തെ എഴുതിയില്ല എന്ന് ചോദിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു .എം കൃഷ്ണൻ നായർ കുറേക്കാലം മാറി  നിന്നപ്പോൾ സാഹിത്യ വാര ഫലത്തിനു പകരമായൊരു പംക്തി മലയാള നാട്ടിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു .ഒരു സാഹിത്യ പംക്തി എന്ന നിലയിൽ വാരഫലത്തിനു വളരെ മുകളിലായിരുന്നു ശശിധരന്റെ പംക്തിക്ക് സ്ഥാനം .പക്ഷേ വായനക്കാർക്കാവശ്യം വാരഫലം പോലൊരു കൊച്ചുവര്തമാന പരമ്പരയായിരുന്നു .
      എന്റെ തലമുറയിൽ പെട്ട സാഹിത്യാസ്വാദകരുടെ അഭിരുചികളെ ക്രിയാത്മകമായി സ്വാധീനിച്ച നിരൂപകരിലൊ രാളാണ് .കെ പി ശശി ധരൻ .കേസരിയെ ഓർമ്മിക്കാത്ത  നമ്മൾ ശശിധരനെ ഓർമ്മിക്കാത്തതിൽ അസ്വാഭാവികത ഒന്നും ഇല്ല .
             സുഹൃത്തെ പഴയ ഒരു വായനക്കാരന്റെ ആദരാഞ്ജലികൾ

Monday, June 15, 2015

വായിക്കാനും ചിന്തിക്കാനും പ്രേരിപ്പിച്ച ഒരാൾ

                                          ആർ .എസ് .കുറുപ്പ്

                       --------------------------------------------------------------

                       

വായിച് വളരുക എന്ന സുപരിചിതമായ  ആഹ്വാനം നടത്തിയ ആളിനെ ,പി എൻ  പണിക്കരെ ക്കുറിച്ച് ഞാൻ മിഡിൽ സ്കൂളിൽ പഠി ക്കുന്ന കാലത്ത് തന്നെ കേട്ടിരുന്നു .വീടിനടുത്തുള്ള ഗ്രാമീണ വായന ശാലയുടെ നടത്തിപ്പുകാരായ ചേട്ടൻമാർആദരവോടെയും സ്നേഹത്തോടെയും ഇടക്കിടെ പറയാ റുണ്ടായിരുന്ന  ഒരു പേരായിരുന്നു അത് .തിരുവിതാംകുർ ഗ്രന്ഥ ശാലാ സംഘത്തിന്റെ ജനറൽ സെക്രട്ടറി ആയിരുന്നു അന്നദ്ദേഹം .

           തന്റെ പതിനേഴാം വയസ്സിൽ സ്വദേശ മായ നീലം പേ രൂരിൽ ഒരു വായന ശാല സ്ഥാപിച്ചു  കൊണ്ടായിരുന്നുപി എൻ പണിക്കർ  തന്റെ സുദീര്ഘമായ അക്ഷര സപര്യക്ക് തുടക്കം കുറിച്ചത് .തുടർന്ന് അധ്യാപകനായി അമ്പലപ്പുഴയിലെത്ത്തിയ പണിക്കരു സാർ അവിടത്തെ പി കെ മെമ്മോറിയൽ വായന ശാലയുടെ മുഖ്യ പ്രവര്ത്തകനായി.സ്വാതന്ത്ര്യത്തിനു തൊട്ടു മുമ്പുള്ള  ദിവാൻ ഭരണത്തിന്റെ കാലം.തിരുവിതാം കൂറിൽ നിലവിലുണ്ടായിരുന്ന ഗ്രാമീണ വായന ശാലകളെ ഒരു കേന്ദ്ര സംഘടനയുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു ;അതിൽ വിജയിക്കുകയും ചെയ്തു .അങ്ങിനെ തിരുവിതാംകൂർ ഗ്രന്ഥ ശാലാ സംഘം നിലവിൽ വന്നു .കേരള സംസ്ഥാനത്തിന്റെ രൂപീകരണ ത്തോടു കൂടി അത് കേരള ഗ്രന്ഥ ശാലാ സംഘമായി .തുടക്കം മുതൽ പി എൻ  പണിക്കർ  സംഘത്തിന്റെ ജനറൽ സെക്രട്ടറിയും അമര ക്കാരനുമായിരുന്നു .തൊള്ളായിരത്തി എഴുപതുകളുടെ അവസാനം ക്രൂരവും കൃതഘ്നവുമായ ഒരു കലാപത്തിലൂടെ പുറത്താക്ക പ്പെടുന്നതു വരെ .

        ഗ്രാമീണ വായന ശാല എന്ന ആശയം പണിക്കരു സാറി ന്റെതായിരുന്നില്ല . അദ്ദേഹം ഈ രംഗത്തെത്തു ന്നതിനു മുമ്പു തന്നെ പല ഗ്രാമങ്ങളിലും വായന ശാല കളുണ്ടാ യിരുന്നു .പക്ഷേ ഓരോ ഗ്രാമത്തിലും വായന ശാല ,അവയ്ക്കെല്ലാം കൂടി ഒരു സംഘടന ,രെജിസ്ട്രേഷൻ ,വാർഷിക ഗ്രാന്റ് ഇവയൊക്കെ അദ്ദേഹത്തിന്റെ ശ്രമ ഫലമായുണ്ടായതാണു .ഗ്രാമത്തിൽഒരു വായന ശാല ഉണ്ടാക്കുക എന്നത് അവിടത്തെ   യുവ ജനങ്ങളുടെ ഒരു സുപ്രധാന ദൗത്യം ആണെന്ന ബോധം സൃഷ്ടിക്കാൻ പണിക്കരു സാറിനു കഴിഞ്ഞു .അങ്ങിനെ  എല്ലാ ഗ്രാമങ്ങളിലും വായന ശാലകളുണ്ടായി .ടോൾസ്റ്റോയിയും ടാഗോറും ബൽസാക്കും വള്ള ത്തോളിനും ആശാനും തകഴിക്കും ദേവിനുമൊപ്പം നമ്മുടെ നാട്ടിൻപു റ  ങ്ങളിലെത്തി .കേരളം വായിച്ചു വളരാ ൻ തുടങ്ങി .നവോഥാന ചിന്തകളും സ്വാതന്ത്ര്യ പ്രതീക്ഷകളും ഉൾക്കൊള്ളാനുള്ള പ്രാപ്തി മലയാളി മനസ്സിനുണ്ടാക്കി ക്കൊടുക്കുന്നതിൽ പണിക്കരു സാർ നിർണ്ണായക മായ ഒരു പങ്കു വഹിച്ചു .

  കമ്മ്യൂണിസ്റ്റ് ആശയ ഗതിക്കാരായ ചെറുപ്പക്കാർ വായന ശാലാ പ്രവർത്തനങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്നു 'പ്രത്യേ കിച്ചും പാർടി നിരോധിക്കപ്പെട്ടിരുന്ന അവസരങ്ങളിൽ .അങ്ങിനെ നോക്കുമ്പോൾ കമ്യുനിസ്റ്റു കാരനേയല്ലാതിരുന്ന പണിക്കരു സാറിന്  കേരളത്തിലെ കമ്യുനിസ്റ്റു പ്രസ്ഥാനത്തിന്റെ വളർച്ച യിൽ കാര്യമായ ഒരു പങ്കുണ്ടെന്നു പറയേണ്ടി വരും .

  തൊ ള്ളായിരത്തി എഴുപതിലാണു ഞാൻ പണിക്കരു സാറിനെ പരിചയപ്പെടുന്നത് .അപ്പോഴേക്കും വായന ശാലകൾക്ക് ഗ്രാമജീവിതവുമായുള്ള ജൈവ ബന്ധംമിക്കവാറും അവസാനിച്ചു കഴിഞ്ഞിരുന്നു .വിദ്യാഭ്യാസം കിട്ടിയ ചെറു പ്പക്കാരെല്ലാം തൊഴിൽ തേടി പരദേശം പോയതു കൊണ്ട് കൃത്യമായി പുസ്തക വിതരണം നടത്താനോ  കലാ സാംസ്കാരിക പ്രവർത്ത നങ്ങൾ സംഘടിപ്പിക്കാനോ ആളില്ലാതായി .പല ഗ്രന്ഥ ശാലകളും അടഞ്ഞു തന്നെ കിടന്നു .ഈ ദുരവസ്ഥയിൽ ദുഖിതനായിരുന്നു പണിക്കരു സാർ .പന്തളത്തിനടുത്തുള്ള അപ്പോഴും നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു വായന ശാലയുടെ വാർഷികത്തിനു സാറിനെ ക്ഷണിക്കാൻ വന്ന സ്നേഹിതനൊപ്പമാണു ഞാൻ പണിക്കരു സാറിനെ കാണാൻ പോയത് മാവേലിക്കരക്കടുത്തുള്ള കു റ  ത്തികാടാണു സ്വദേശം എന്നു പറഞ്ഞപ്പോൾ അവിടത്തെ വായന ശാലയുടെ ദയനീയ സ്ഥിതിയെ  കുറിച്ച് അദ്ദേഹം വാചാലനായി .മാത്രമല്ല അവിടത്തെ ചില പ്രധാന പൊതു പ്രവർത്തകരെ ക്കുറിച്ച് വളരെ പരുഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തുഅദ്ദേഹം .കാരണം ഈ പൊതു പ്രവർത്ത കർ വിചാരിച്ചാൽ നാട്ടിലെ വായന ശാല പഴയ പോലെ പ്രവര്ത്തന സജ്ജമാകും എന്നദ്ദേഹം ശരിയായിത്തന്നെ മനസ്സിലാക്കിയിരുന്നു .അവർ അക്കാര്യത്തിൽ ഒന്നും ചെയ്യാ ത്തതിലുള്ള ദുഖവും രോഷവും പ്രകടിപ്പിക്കുകയായിരുന്നു പണിക്കരു സാർ .അദ്ദേഹത്തിനു വായനശാലാ പ്രവർത്തനം ആയിരുന്നു മുഖ്യം .അതു ചെയ്യാതെ ഒരു പൊതു പ്രവര്ത്തകൻ മറ്റെന്തു ചെയ്തു എന്നു പറഞ്ഞാലും അദ്ദേഹത്തിനു തൃപ്തിയാവുമായിരുന്നില്ല .

     പിന്നീട് മൂന്നു നാല് തവണ കൂടി പന്തളത്തു കാരൻ സുഹൃത്തിനൊപ്പം ഞാൻ പണിക്കരു സാറിനെ ക്കാണാൻ പോയി .അപ്പോഴൊക്കെ അനുദിനം തകർന്നു കൊണ്ടിരിക്കുന്ന ഗ്രന്ഥ ശാലകളെ ക്കുറി ച്ചാണ ദ്ദേഹം സംസാരിച്ചത് .എനിക്കു വേണമെങ്കിൽ ഒഴിവു ദിവസങ്ങളിൽ നാട്ടിൽ പോയി അവിടത്തെ വായന ശാല നേരെയാക്കാൻ ശ്രമിക്കാവുന്നതെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു .ഞാൻ ബഹുമാന പൂർവം കേട്ടിരുന്നുവെങ്കിലും അതനുസരിച്ച് പ്രവർത്തിച്ചില്ല .മറ്റേതൊരു മദ്ധ്യ വർഗ്ഗ ബുദ്ധി ജീവിയേയും പോലെ എനിക്കും എന്റെ ഗൃഹാതുര സ്മരണകളുടെ കാല്പനിക ഭൂമിക മാത്രമായി മാറിക്കഴിഞ്ഞിരുന്നു  ഗ്രാമം . പണിക്കരു സാറിനെ ഇടക്കിടക് പോയി ക്കാണാനൊ വായന ശാലാ ക്കാര്യങ്ങൾ സംസാരിക്കാനോ പിന്നീടുണ്ടായ സംഭവ വികാസങ്ങൾ അനുവദിച്ചുമില്ല .

      പ്രക്ഷുബ്ധമായ ഒരു കാലമായിരുന്നു അത് .തുടരെ തുടരെയുള്ള ജനാധിപത്യ ധ്വംസനങ്ങൾ ,അതൊക്കെ സ്ഥാപന വൽകരിച്ചു കൊണ്ടുള്ള അടിയന്തിരാവസ്ഥാ പ്രഖ്യാപനം ,അതിനു അയവു വരുത്തലും പിൻവലി ക്ക ലും  ജനതാ സർക്കാരിന്റെ  സ്ഥാനാരോഹണം --ആയിടക്കാണു പണിക്കരു സാറിനെ പേരു പറ യാതെയാണെങ്കിലും കുറ്റ പ്പെടുത്തിക്കൊണ്ടുള്ള ലേ ഖനങ്ങൾ പ്രത്യക്ഷ പ്പെടാൻ തുടങ്ങിയത് .അദ്ദേഹം ജോലിയിൽ വീഴ്ച വരുത്തിയെന്നോ പണാപഹരണം നടത്തിയെന്നോ ഒന്നുമുള്ള ആരോപണങ്ങളുണ്ടായിരുന്നില്ല .പകരം പെരുമാറ്റത്തിൽ ഉണ്ടെന്നു പറയപ്പെടുന്ന ഗ്രാമ്യത യെ കളിയാക്കി ക്കൊണ്ടുള്ളവയായിരുന്നു ആ ലേഖനങ്ങൾ .എന്തായാലും താമസിയാതെ 1977 ഇൽ പി എൻ  പണിക്കർഅദ്ദേഹം ജന്മം കൊടുത്ത ഗ്രന്ഥ ശാലാ സംഘത്തിൽ നിന്നു പുറത്തായി .മൂന്നര പതിറ്റാണ്ടു കാലത്തെ തന്നെ തന്നെ മറന്നുള്ള പ്രവർത്തനത്തിനുള്ള പ്രതിഫലം  നിന്ദ്യവും മനുഷ്യത്വ രഹിതവുമായ  നിർവാസമായിരുന്നു .ഇടതു പക്ഷ പ്രസ്ഥാനത്തിനു തീരാക്കളങ്കം ചാര്ത്തിയ നടപടി .അദ്ദേഹം പുറത്താക്ക പ്പെട്ടപ്പോൾ കുറേ ക്കാലത്തേക്കെങ്കിലും സംഘവും ഇല്ലാതായി

    സംഘത്തിൽ നിന്നു പുറത്തുവന്ന പണിക്കരു സാർ 68 ആം വയസ്സിലും വെറുതെ ഇരിക്കാൻ കൂട്ടാക്കിയില്ല അക്ഷരത്തിന്റെ വെളിച്ചം കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം എത്തിക്കുക ആജീവനാന്ത ദൗത്യമായിരുന്നു അദ്ദേഹത്തിന് .അനൗപചാരിക വിദ്യാഭ്യാസ സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം എറെടുത്ത് കേരളം മുഴുവൻ അക്ഷര വെളിച്ചവുമായി സഞ്ചരിച്ചു അദ്ദേഹം ജീവിതത്തിൽ അവശേഷിച്ച 18 വര്ഷം .

    അദ്ദേഹത്തിന്റെ അത്തരം ഒരു യാത്രക്കിടയിലാണ് ഞങ്ങൾ തമ്മിൽ ഒടുവിൽ ക്കാണുന്നത് തൊണ്ണൂ റു കളുടെ തുടക്കത്തിൽ ആലപ്പുഴ സിവിൽ സ്റ്റേഷനിൽ വെച്ച് .സാക്ഷരതയുമായി ബന്ധ പ്പെട്ട ഒരു മീറ്റിങ്ങിനു കളക്റ്റ്രേറ്റിൽ വന്നതായിരുന്നു പണിക്കരു സാർ .ഒരു ജില്ലാ ഓഫീസിന്റെ കണക്കു നോക്കാൻ നിയുക്തനായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ദീർഘ യാത്രകളെ ക്കുറിച്ച്ഞാൻ ചോദിച്ചു . "ഞാൻ പോയിട്ടില്ലാത്ത ഏതെങ്കിലും ഒരു നാട്ടിൻ പുറം നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ടൊ ടോ കൊച്ചുകുറുപ്പേ "എന്നു ചോദിച്ച് അദ്ദേഹം എന്നെ ആശ്ലേഷിച്ചു ശിശു സമാനമായ ആഹ്ലാദത്തോടെയും  അപ്പൂപ്പന്റെ വാത്സല്യത്തോടെയും .

    പണിക്കരു സാറിനെ പുറത്താക്കിയ നടപടി കേരളീയ പൊതു സമൂഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല .ഗ്രന്ഥ ശാലാ സംഘത്തിനു പകരം വന്ന കൌണ്‍സിലിന്റെ ആദ്യ പ്രസിഡന്റായിതെരഞ്ഞെടുക്കപ്പെട്ട  കവി കടമ്മനിട്ട പി എൻ  പണിക്കരുടെ സേവനങ്ങളെ പ്രകീർത്തിച്ചു കൊണ്ടാണ്ചുമതല ഏറ്റത് .പണിക്കരു സാർ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനു എന്തെങ്കിലും ബഹുമതി നല്കി അംഗീകരിക്കാൻ തയാറാ വതിരുന്ന കേരള സർക്കാർ പക്ഷേ അദ്ദേഹത്തിന്റെ ചരമ ദിനം വായനാ ദിനമായി ആചരിക്കാൻ തീരുമാനിച്ചു ;ആ ദിവസം ഉള്ക്കൊള്ളുന്ന ആഴ്ച വായനാ വാരമായും .ശ്രീ ശങ്കരൻ തൊട്ട് പത്തു മലയാളികളെ എണ്ണിയാൽ അതിൽ പി എൻ പണിക്കരും ഉൾപ്പെടും എന്ന സുകുമാർ അഴീക്കോടിന്റെ അഭിപ്രായം സുവിദിതമാണ് .ഏതു ചിന്തയേയും ഉൾക്കൊള്ളാൻ മലയാളി മനസ്സിനെ പാകപ്പെടുത്തിയ അക്ഷര കർഷക നാണ്   പി എൻ  പണിക്കർ .അതു കൊണ്ടു തന്നെ അഴീക്കോട് സാറു പറഞ്ഞത് മലയാളി കളുടെ ഏകകണ്ഠ മായ   അഭിപ്രായമാണെന്നതിൽ സംശയമേയില്ല   ..


Wednesday, June 10, 2015

                                      അജിനോമോട്ടോയും മഹാഭാരതവും                                                      

                                     "സ്വാദുണ്ടാക്കും വിശപ്പേറ്റം അതാഡ്ഡ്യർക്കതി ദുർലഭം        
                                        ധനികർക്കു കുറ ഞ്ഞീടും പാരിൽ ഭക്ഷണ പാടവം "(മഹാ ഭാരതം -ഉദ്യോഗ പർവ്വം  -34 വിദുരഹിതവാക്യം -51 )-കുഞ്ഞി കുട്ടൻ തമ്പുരാന്റെ പരിഭാഷ .ഈ ശ്ലോകം വിദ്വാൻ കെ പ്രകാശം ഗദ്യത്തിൽ ഇങ്ങിനെ ഭാഷാന്തരം ചെയ്തിരിക്കുന്നു :"ദരിദ്രന്മാർ എപ്പോഴും വിശിഷ്ടവും ആസ്വാദ്യവുമായ ആഹാരമേ ഭുജിക്കുന്നുള്ളു .വിശപ്പാണല്ലൊ ഭക്ഷണത്തിനു സ്വാദുണ്ടാക്കുന്നത് .അത് ആഡ്ഡ്യന്മാർക്ക് അതി ദുർലഭമാണ് ."(വ്യാസ ഭാരതം .മൂന്നാം വോള്യം പുറം 245 ).
      വിശപ്പാണ്  ഏറ്റവും നല്ല കൂട്ടാനെന്ന്   അഛൻ ഞങ്ങൾക്ക് ചെറുപ്പത്തിൽ പറഞ്ഞു തന്നിട്ടുണ്ട് .അന്ന് ഒരുപാടു കൂട്ടാനൊന്നും വീട്ടിലുണ്ടാവാറില്ല വിശേഷ ദിവസങ്ങളിൽ പോലും . .ദാരിദ്ര്യ രേഖയുമായി ഒളിച്ചു കളി നടത്തിക്കൊണ്ടിരുന്നകാലം . ,അതിനു മുകളിൽ സുരക്ഷിതമായ ഒരുയരത്തിൽ എത്തി പറ്റാനുള്ള ശ്രമത്തിലായിരുന്നു അച്ഛനും അമ്മയും  .അതറി യാവുന്ന ഞങ്ങൾ ഒരുപരാതിയും പറഞ്ഞിരുന്നില്ല.എന്നിട്ടും അച്ഛൻ ഇടക്കിടെ ഇക്കാര്യം ഞങ്ങളെ ഓർമ്മിപ്പിച്ചിരുന്നത് അതിൽ വലിയ ഒരു തത്വം അടങ്ങിയിട്ടുള്ള തു കൊണ്ടാവണം .
       അപ്പോൾ സ്വാദുണ്ടാക്കുന്നത് വിശപ്പാണ് .അഥവാ വിശപ്പുള്ളവനു ഭക്ഷണം സ്വാദോടെ കഴിക്കാൻ കഴിയും .എന്ന് വെച്ചാൽ സ്വാദിനു വേണ്ടി രാസ പദാർഥങ്ങൾ അന്വേഷിക്കേണ്ടി വരുന്നത് വിശക്കാതെ ഭക്ഷണം കഴിക്കുന്നവർക്കാണ് .
      അപ്പോൾ വിശക്കുമ്പോൾ മാത്രം ഭക്ഷണം എന്നു നമ്മളങ്ങ് തീരുമാനിച്ചാൽ മതി .അജിനോ മോട്ടോയും ക റു ത്തീയവും താനേ അപ്രത്യക്ഷമായി ക്കൊള്ളും .

     

Tuesday, June 9, 2015

ഉറൂ ബിന്റെ ജന്മ ശത വാർഷികമായിരുന്നു ഇന്നലെ .പല ജന്മ ശത വാർഷികങ്ങളും ആഘോഷ പൂർവം കൊണ്ടാടപ്പെട്ടപ്പോൾ ഇതു മാത്രം എന്തു കൊണ്ടു വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ കടന്നു പോയി .ഒരർഥത്തിൽ അതിൽ അദ്ഭുതമൊന്നുമില്ല .58 ഇൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ പുസ്തകമാണ് സുന്ദരികളും സുന്ദരന്മാരും .ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ മലയാള നോവൽ ;ആദ്യത്തേത് ചെമ്മീൻ .അക്കൊല്ലം കേരള അക്കാദമിയുടെ അവാർഡ് നാലുകെട്ടിനായിരുന്നു .നാലുകെട്ടിന്റെ അമ്പതാം വർഷം നമ്മുടെ അക്കാദമി സമുചിതമായി ആഘോഷിച്ചു .സുന്ദരികളും സുന്ദരന്മാരും അവഗണിക്കപ്പെട്ടു !
      സി വി കൃതികൾക്കു ശേഷം മലയാളത്തിലൂണ്ടാായ ഇതിഹാസ സമാനമായ നോവൽ സുന്ദരികളും സുന്ദരന്മാരും ആണ് .മാപ്പിള ലഹള മുതൽ ക്വിറ്റ്‌ ഇന്ത്യ സമരം വരെയുള്ള കാല ഘട്ടത്തിലെ കേരള ചരിത്രം  സത്യ സന്ധവും കലാസുഭഗവുമായിചിത്രീകരിക്കപ്പെട്ടിരിക്കുന്നു ഇതിൽ .  .ലഹളയുടെ ക്രിയാത്മകവും വിധ്വംസകവുമായ വശങ്ങൾ ഒരേപോലെ ആവിഷ്കരിക്കപ്പെട്ടിട്ടില്ല മറ്റൊരു  മലയാള പുസ്തകത്തിലും.അതു പോലെ ക്വിറ്റ്‌ സമരകാലത്തെ കമ്മ്യ്യൂണിസ്റ്റു കാരന്റെ ധർമ്മ സങ്കടങ്ങൾ ,ഗാന്ധിയുടെ സോഷ്യലിസ്റ്റു കാരായ അനുയായികൾ നടത്തിയ അക്രമരഹിതമല്ലാത്ത  സമരങ്ങൾ ഇവയൊന്നും വേറൊരു പുസ്തകത്തിലും ഇത്രയധികം ആര്ജവത്തോടെ  നിഷ്പക്ഷതയോടെ പ്രതിപാദിക്കപ്പെട്ടിട്ടില്ല .സാഹിത്യ സൃഷ്ടിയുടെ സൗന്ദര്യത്തിനു ലോപം വരാതെയാണിതൊക്കെ ചെയ്തിരിക്കുന്നത് എന്നതിലാണ് ഉരൂബിന്റെ സര്ഗ്ഗ ശക്തി പ്രകടമാവുന്നത് .
      ഉമ്മാച്ചു  തുടങ്ങിയ നോവലുകൾ രാച്ചിയമ്മ പോലുള്ള ചെരുകഥ  കൾ ഉരൂബിനെ ആര് മറന്നാലും സഹൃദയനായ മലയാളി വായനക്കാരൻ /കാരി മറക്കുകയില്ല 

Saturday, June 6, 2015

1962-64  കാലത്ത്  .ഓ എൻ  വി യുടെ വിദ്യാർഥിയായിരുന്നുഞാൻ  അദ്ദേഹത്തിനു അക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട വിദ്യാർഥികളിൽ ഒരാൾ .ആ വർഷത്തെ രണ്ടാം ഭാഷ മലയാളക്കാരിൽ  വളരെ നല്ല മാർക്ക് കിട്ടിയവരിൽ ഒരാൾ ആയിരുന്നു ഞാൻ .
     എന്റെ സ്കൂൾ കാലത്ത്  ഞങ്ങളുടെ നാട്ടിൽ സന്ധ്യാ നാമങ്ങളേക്കാൾ പ്രചാരമുണ്ടായിരുന്നു കെ പി എ  സി  നാടക ഗാനങ്ങൾക്ക് .ആ ഗാനങ്ങൾ എഴുതിയത് ഓ എൻ  വി കുറുപ് എന്നൊരു യുവാവാണെന്നും അദ്ദേഹം പ്രശസ്തനായി ക്കൊണ്ടിരിക്കുന്ന ഒരു കവിയാണെന്നും റെ ക്കോട് മാർക്കോടെ മലയാളം എം എ പാസ്സായി കോളേജ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞുവെന്നും മറ്റും സഖാക്കളായ ചേട്ടന്മാർ പറഞ്ഞ് ഞങ്ങൾ കേട്ടിരുന്നു .അക്കാലത്ത് വായിച്ച അനിയത്തി എന്ന ഓ എൻ  വി കവിത ഒരു കണ്ണുനീർത്തുള്ളിയായി ഇന്നും എന്റെ മനസ്സിലുണ്ട് .എങ്കിലും 'മോഹിച്ച കണ്ണിനു പൊൽക്കണി പൂക്കളും \ദാഹിച്ച ചുണ്ടിനു നൽത്തേൻ കനികളും ---'എന്നാരംഭിക്കുന്ന ചോറുണ് 'എന്ന കവിതയിലൂടെയാണു ഓ എൻ വി എന്ന കവി എന്റെ മനസ്സിൽ കയറിക്കൂടിയത് .ഞാൻ യുനിവേഴ്സിടി കോളേജിൽ എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു  ചോറുണ് മാതൃഭുമിയിൽ വന്നത് .
    ക്ലാസ്സിൽ ആദ്യമായി വന്ന ദിവസം ഓ എൻ  വി സാർ ഞങ്ങളെ കൊണ്ട് ഒരുപന്യാസം എഴുതിപ്പിച്ചു 'എനികേറ്റവും ഇഷ്ടപ്പെട്ട പുസ്തകം ' എന്നതായിരുന്നു വിഷയം .ഞാൻ നാലുകെട്ടിനെ കുറിച്ചായിരുന്നു എഴുതിയത് .പുസ്തകം ഇഷ്ടപ്പെടാനുണ്ടായ കാരണങ്ങൾ മാത്രമല്ല ആയിടെ വാരികകളിൽ വന്ന നാലുകെട്ടു നിരൂപണങ്ങളിലെ ചില നിരീക്ഷണങ്ങളെ ക്കുരിച്ചുള്ള വിമർശനാത്മകമായ ചില അഭിപ്രായങ്ങൾ  കുടി ഞാൻ എന്റെ ഉപന്യാസത്തിൽ ഉള്പ്പെടുത്തിയിരുന്നു .എല്ലാ ഉപന്യാസങ്ങളും വായിച്ച ശേഷം സാർ നടത്തിയ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് അദ്ദേഹത്തിനറ്റ വും ഇഷ്ടപ്പെട്ടത് എന്റെ രചനയാണെന്ന് എനിക്ക് മനസ്സിലായി .തുടർന്നു വന്ന ടെസ്റ്റുകളിലും ടെർമിനൽ പരീക്ഷകളിലും അദ്ദേഹം പഠിപ്പിച്ചിരുന്ന ജനറൽ പേപ്പർ നു ഞങ്ങളുടെ ബാച്ചിൽ എനിക്കായിരുന്നു കൂ ടുതൽ  മാര്ക്ക്.അദ്ദേഹം പക്ഷേ അതൊന്നും ശ്രദ്ധിക്കുന്നതായി തോന്നിയിരുന്നില്ല .എന്ന് മാത്രമല്ല ക്ലാസ്സ് ശ്രദ്ധിക്കാതെ പുറത്തേക്കു നോക്കിയിരുന്നതിന് ഒരു ദിവസം അദ്ദേഹം എന്നെ കഠിനമായി ശകാരിക്കുകയും ചെയ്തു .ഞാൻ മാത്രമല്ല ആരുമതു പ്രതീക്ഷിച്ചില്ല .ഓ എൻ വി വിദ്യാർഥി കളോട് അതിര് കവിഞ്ഞ സ്നേഹമോ വിരോധമോ പ്രകടിപ്പിക്കാറില്ല .എന്റെ കാര്യത്തിൽ അപ്രതീക്ഷിതമായ മറ്റൊരു പെരുമാറ്റം കൂടി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി .യുനിവേഴ്സിടി കോളേജിന്റെ പിന്നിലൂടെ ജെനറൽ ഹോസ്പിടൽ ജങ്ക്ഷനിലേക്കു പോകുന്ന  റോഡിലൂടെ എവിടെയോ പോവുകയായിരുന്നു ഞാൻ .ഒരു അവധി ദിവസം .റോഡിന്റെ മറു  സയിഡിലൂടെ എതിരെ വന്ന ഓ എന വി സാർ എന്നെക്കണ്ടു നിന്നു .എവിടെയാണ് സ്വന്തം വീടെന്നും താമസിക്കുന്നത് എവിടെയാണെന്നും ഒക്കെ ചോദിച്ചു .അത്തരം കുശല പ്രശ്നങ്ങളും ഓ എൻ  വി ക്ക് പതിവില്ലാത്തതാണ് . വാത്സല്യം തുളുമ്പുന്ന  ആ ചിരിയും സംസാരവുമെല്ലാം ഇന്നും എന്റെ മനസ്സിലൂണ്ട് .ശിഷ്യവാത്സല്യത്തിന്റെ മറ്റൊരു മുഖമാണ് ആ ശകാരത്തിന്റെ പിന്നിലുമെന്നു അന്ന് തന്നെ എനിക്ക് മനസ്സിലായി .വലിയ ഗുരുക്കന്മാരൊ ക്കെ എന്നും അങ്ങിനെ ആയിരുന്നുവല്ലോ .
   ഡിഗ്രി അവസാന വര്ഷമാണ് എനിക്ക് ഒഎൻവി യുടെ കയ്യിൽ നിന്നും ഒരു സമ്മാനം ലഭിക്കാൻ ഭാഗ്യമുണ്ടായത് .മലയാള സമാജത്തിന്റെ അക്കൊല്ലത്തെ വാര്ഷിക ഉപന്യാസ രചനാ മത്സരത്തിൽ രണ്ടാം സമ്മാനം എനിക്കായിരുന്നു .ഓ എൻ  വി സാറാണ് സമ്മാന ദാനം നിർ വഹിച്ചത് .
     ഞാൻ സാറുമായി ഏറ്റവും ഒടുവിൽ സംസാരിക്കുന്നതും അക്കൊല്ലം ഒടുവിൽ തന്നെയാണു   പാറ്റൂർ ജന്ഗ്ഷനടുത്ത്തുള്ള അദ്ദേഹത്തിന്റെ വാടക വീട്ടില് വെച്ച് .അന്ന് ഒന്നാം വര്ഷ എം എ വിദ്യാർഥി യായിരുന്ന വേണു ,ഇന്ന് റിട്ടയാർഡ് പ്രിൻസിപൽ  പ്രശസ്ത കഥാ കൃത്ത്  എസ വി വേണു ഗോപാൻ നായര് ,എന്തോ കാര്യത്തിനു സാറിനെ കാണാൻ പോയപ്പോൾ എന്നെ കൂടെ കൂട്ടിയതാണു .സാറി നെന്നെ ഓർമ്മയുണ്ടായിരുന്നു .കുറുപ്പ് എമെസ്സി ക്ക് ചേർന്നുവല്ലേ എന്ന് സാർ  എന്നോടു ചോദിച്ചു .ഡിഗ്രി അവസാന വര്ഷം ആയിട്ടേ ഉള്ളു എന്ന് ഞാൻ മറുപടി പറഞ്ഞു .കുറെ അധിക സമയം ഞങ്ങൾ അന്നവിടെ സംസാരിച്ചിരുന്നു .
     ഞാൻ പിന്നീടും സാറിനെ തിരുവനന്ത പുര ത്ത് വെച്ചു കണ്ടിട്ടുണ്ട് ;ചുറു ചുറു ക്കോടെ നഗര വീഥികളി ലൂടെ നടന്ന പോകുന്നതായി .നടപ്പിലെ ഈ ചുറു ചുറു ക്ക് ക്ലാസിലേക്ക് വരുമ്പോഴും ഉണ്ടായിരുന്നു .ഞങ്ങൾ മുഖാമുഖം പിന്നീട് കണ്ടിട്ടേയില്ല .കൊച്ചിയിലെ ചില സാംസ്കാരിക സംഗമങ്ങളിൽ വിശിഷ്ട്ടാതിഥി യായി അദ്ദേഹവും സാധാരണ ക്ഷണിതാവായി ഞാനും ഒരുമിച്ചു പങ്കെടുത്ത അവസരങ്ങളുണ്ടായിട്ടുണ്ട് .അന്നും പക്ഷേ നേരിട്ടൊന്നും സംസാരിച്ചിട്ടില്ല
   വര്ഷം  കൃത്യമായി  ഓർമ്മയില്ല ;അഞ്ചാറു കൊല്ലമായിട്ടുണ്ടാവും കലാമണ്ഡലം അദ്ധ്യക്ഷ പദവി സര്ക്കാര് വളരെ നിര്ബന്ധിച്ച്ചിട്ടും ഓ എൻ  വി നിരസിച്ചു. അതിൽ പ്രത്യേകമായി ഒന്നുമില്ല പക്ഷേ അതിനദ്ദേഹം പറഞ്ഞ കാരണം എന്റെ ഉള്ളിൽ  തട്ടി .മഹാകവിയുടെ പ്രതിമയുടെ മുമ്പിലിരുന്ന് മലയാളിയുടെ കലാ പൈതൃകം കാത്തു സൂക്ഷിക്കുന്ന സ്ഥാപനത്തിന്റെ കാര്യങ്ങൾ നോക്കാൻ ആഗ്രഹമില്ലാഞ്ഞല്ല .ഷോർണൂർ റെയിൽ വേ സ്റ്റേഷനിലെ രണ്ടു മേൽപ്പാലങ്ങൾ താണ്ടി കലാമാണ്ടലക്കാർ അയക്കുന്ന കാറി നടുത്തെത്താനുള്ള ബുദ്ധി മുട്ടു കൊണ്ടാണ് സര്ക്കാര് നിർദ്ദേശം നിരസിക്കേണ്ടി വന്നതെന്നദ്ദേഹം പറഞ്ഞു കേട്ടപ്പോൾ എനിക്ക് ദുഃഖം തോന്നി .ചുറു ചുറു ക്കോടെയുള്ള ആ നടപ്പ് എന്റെ ഓർമ്മയിലെത്തി .അങ്ങിനെയല്ലാതെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ലല്ലോ .സാഹിത്യ പരിഷത്തിന്റെ മലയാള ദിനാചരണം ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം വരുന്നു എന്ന് കേട്ടപ്പോൾ ഞാൻ പോകാൻ തീരുമാനിച്ചു .കണ്ടു സംസാരിക്കനോന്നുമല്ല .കാണാൻ വെറുതെ വെറുതെ ഒന്ന് കാണാൻ .കണ്ടു പ്രസംഗം കേട്ടു തിരിച്ചു പോരുകയും ചെയ്തു .
    ഓ എൻ  വി ശതാഭിഷിക്തനായിരിക്കുന്നു .വലിയ വലിയ ആളുകൾ പങ്കെടുത്ത ആശംസാ സമ്മേളങ്ങളിലൊന്നും അദ്ദേഹം സന്നിഹിതനായിരുന്നില്ലത്രേ .ശരീരിക അസ്വസ്ഥതകൽ അത്രക്കുണ്ടെന്നാണല്ലോ അതിനർഥം .എനിക്ക് ഒന്ന് കാണണമെന്നു തോന്നുന്നു .ഒന്നിനും വേണ്ടിയല്ല  വെറുതെ വെറുതെ ഒന്ന് കാണാൻ
    പക്ഷേ ആരായിട്ടാണു ഞാൻ പോവുക .പോയാൽ  തന്നെ കാണാൻ അനുവാദം കിട്ടുകയില്ല എന്ന് തീര്ച്ചയാണല്ലോ .അത് കൊണ്ടു വേണ്ടാ .ചുറു ചുറു ക്കോടെ നടന്നു വരുന്ന ,അരലക്ഷം വരുന്ന സദസ്സിനെ നോക്കി തിരുവനത പുരം  പരിഷത്തിൽ  ഇന്ത്യയുടെ ശബ്ദം എന്ന സ്വന്തം കവിത ചൊല്ലുന്ന ചൊല്ലുന്ന ഓ എൻ  വി സാർ എന്റെ മനസ്സിലുണ്ട് .അത് മതി
  ഉപനിഷത്തിലെ വിദ്യാർഥിയുടെ പ്രാർഥന ഞാൻ ആവര്ത്തിക്കട്ടെ                                                                      " അവതു മാം അവതു വക്താരം"

         

Thursday, June 4, 2015

55 കൊല്ലം മുമ്പ് ഷിപ്‌ യാഡിനു സ്ഥലമെടുത്തപ്പോഴും എതിർപ്പുണ്ടായിരുന്നു .ആ സമയത്ത് നഗരം തേവര ഭാഗത്തേക്ക് വളർന്നു കൊണ്ടിരിക്കുകയായിരുന്നുവല്ലോ  .അന്ന് നവ യുവാവായിരുന്ന  ,പില്ക്കാലത്ത് പത്രപ്രവർത്തകനും എഴുത്തുകാരനുമായി പ്രശസ്തനായ കെ എം റോയ് ,സുഹ്രുത്തുക്കളോടൊപ്പം വീടു വീടാന്തരം കയറി ഷിപ്‌ യാഡ് വരേണ്ടതിന്റെ ആവശ്യകതയെ ക്കുറി ച്ചു പറഞ്ഞു മനസ്സിലാക്കി .നഗരത്തിന്റെ, സംസ്ഥാനത്തിന്റെ നന്മക്കു വേണ്ടി കുറച്ചു ത്യാഗം സഹിക്കേണ്ടതുണ്ട്  എന്ന് സ്വന്തം അയൽ  ക്കാരെ പറഞ്ഞു ബോദ്ധ്യ പ്പെടുത്തുന്നതിൽ റോയി ചേട്ടനും കൂട്ടുകാരും  വിജയിക്കുക തന്നെ ചെയ്തു.
   ത്യാഗം സഹിക്കണമെന്ന് ആളുകളെ പറഞ്ഞു ബോദ്ധ്യ പ്പെടുത്താൻ ഇപ്പോഴും കഴിഞ്ഞേക്കും .പക്ഷേ വിട്ടു കൊടുക്കുന്ന വസ്തുവിന് ഗവണ്മെന്റ് തന്നെ നിശ്ചയിച്ച   പ്രതിഫലം സമയത്തിനു കിട്ടുമെന്ന് ഉറപ്പു കൊടുക്കാൻ ആര്ക്കും കഴിയാത്ത അവസ്ഥ ആണ് .മൂന്നു പതിറ്റാണ്ട് അപ്പുറം  പ്രമുഖ നഗര വികസന സ്ഥാപനത്തിൽ ഡെപ്യൂട്ടേഷനിൽ എത്തിയ ഞാൻ കണ്ടത് അതിനു പത്തു കൊല്ലം മുമ്പ് ഏറ്റെടുത്ത ഭൂമിയുടെ നഷ്ട പരിഹാരത്തിനു കാത്തിരിക്കുന്നവരെയാണ് .ഇന്നും സ്ഥിതി വ്യത്യസ്തമല്ല . മൂലമ്പള്ളി യിലെ പുനരധിവാസമൊന്നും ഇപ്പോഴും പൂർത്തി യായിട്ടില്ലത്രേ .വൈറ്റില -പേട്ട ക്കാരുടെ സ്ഥിതിയാണു കഷ്ടം .ഏറ്റെടുക്കാൻ പോകുന്ന സ്ഥലമായതു കൊണ്ട് മറ്റാർക്കും വില്കാൻ കഴിയില്ല ;ഗവണ്മെന്റ് ആകട്ടെ കാലവര്ഷ പ്രവചനം  പോലെ നാളെ അല്ലെങ്കിൽ മറ്റ ന്നാൾ  എന്ന് പറഞ്ഞു നടപടികൾ നീട്ടിക്കൊണ്ടു പോവുകയാണ് .
      ന്യായമായ പ്രതിഫലം കയ്യോടെ കിട്ടുമെന്നു വന്നാൽ ആളുകള് സ്ഥലം വിട്ടുകൊടുക്കാൻ തയാറാ വും  .മടികാണിക്കുന്നവരെ പ്രേരിപ്പിക്കാൻ കഴിയും .അതിനു കഴിഞ്ഞില്ലെങ്കിൽ നിർബന്ധ പൂർവം ഏറ്റെടുക്കുകയുമാവാം .അത് മാത്രമാണ്  ഈ ദുസ്ഥിതിക്ക് ഒരു പരിഹാരം .
എന്തായാലും വികസനത്തിനു വേണ്ടി സ്വന്തം കിടപ്പാടം വിട്ടുകൊടുത്ത് പെരുവഴിയിലേക്കിറങ്ങാൻ ആളുകളോട് പറയുന്നത് ക്രൂരതയാണ് .അതൊഴിവാക്കി നീതിയുക്തമായ ഒരു സ്ഥലമെടുക്കൽ നയം വന്നാലേ വികസനമുണ്ടാവു .ത്വരിത ഗതിയിലുള്ള വികസന പ്രവർത്തന ങ്ങ ളു ണ്ടായില്ലെങ്കിൽൽ വിദ്യാ സമ്പന്നരായ തൊഴിൽ  രഹിതരുടെ ഒരു കൂടാരമാവും ദൈവത്തിന്റെ സ്വന്തം നാട് ;അന്യ രാജ്യങ്ങളിലെ മേച്ചിൽ പുറങ്ങൾതീർത്തും  അപ്രാപ്യമായി ക്കൊണ്ടിരിക്കുകയാണല്ലൊ .
ഏതു പദ്ധതി ആസൂത്രണം ചെയ്യുമ്പോഴും സ്ഥലത്തിനുള്ള തുക കൃത്യമായി അടയാളപ്പെടുത്തി മാറ്റിവെയ്ക്കുകയും കയ്മാറ്റം നടക്കുന്ന ദിവസം തന്നെ സ്ഥല വില ഉടമസ്ഥനു കൊടുക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാവണം .അല്ലെങ്കിൽ കോയമ്പ ത്തൂരിനും മറ്റുമുള്ള പൈപ്പ് ലൈൻ ഒരിക്കലും പണിയാൻ കഴിയുകയില്ല .അങ്ങിനെ വന്നാൽ തുറമുഖത്തിന്റെ ആപ്പീസ് അക്ഷരാർഥത്തിൽ തന്നെ പൂട്ടും .കൊച്ചിക്ക് ആലപ്പുഴയുടെ, കൃത്യമായി പറഞ്ഞാൽ ആലപ്പുഴയിലെ കടൽപ്പാലത്തിന്റെ ഗതി വരും .നാല് പതിറ്റാണ്ട് എന്നെ തീറ്റിപോറ്റിയ വളർത്തമ്മയാണീ നഗരം .അതിന്റെ ആസന്നമായ ദുരവസ്ഥ എന്നെ വേദനിപ്പിക്കുന്നു -അതു കൊണ്ടാണീ കുറിപ് .

Monday, June 1, 2015

'റിട്ടയാർഡായി 'എന്നൊരു ശൈലി പ്രചാരത്തിലുണ്ടായിരുന്നു ഞങ്ങളുടെ സ്കൂൾ കാലത്ത് .വേളൂർ കൃഷ്ണൻ കുട്ടിയുടെ ആ പേരിലുള്ള നാടകത്തിൽ നിന്നും ജന്മം കൊണ്ടതാണ് ഇന്നത്തെ ഭാഷയിൽ 'വടിയായി 'എന്നർഥ മുള്ള ആ ഹാസ്യ പദപ്രയോഗം .പത്തു മുപ്പതു കൊല്ലം കഴിഞ്ഞാണ് റിട്ടയർമെന്റിനെ ശരിക്കും മരണത്തോടുപമിച്ചു കൊണ്ടുള്ള ഗൗരവമുള്ള ഒരു പ്രസംഗം കേട്ടത് .മുതിർന്ന സഹപ്രവർത്തകനും കുറേക്കാലം മേലധികാരിയും എല്ലാക്കാലത്തും വഴികാട്ടിയും സുഹൃത്തുമായിരുന്ന തോമസ് ജോസഫിന്റെ വിരമിക്കൽ യാത്രയപ്പ് സമ്മേളനമായിരുന്നു .പതിവ് പോലെ ഒട്ടധികം പേർറിട്ടയാർഡാവുന്ന ആളിന്റെ   ഗുണഗണങ്ങൾ വാഴ്ത്തി പ്പാടി.ഭാവ ഭേദങ്ങളൊ ന്നും കൂടാതെ കേട്ടിരുന്ന  തോമസ് സാർ തന്റെ മറുപടി ,വിട വാങ്ങൽ പ്രസംഗം ആരംഭിച്ചത് 'മരണാന്താനി വൈരാണി /പ്രസവാന്തം  ച യൗവനം 'എന്ന നീതി സാര ശ്ലോകാർഥം ഉദ്ധരിച്ചു കൊണ്ടാണ് .ഒരാളോടുള്ള വിരോധം അയാളുടെ മരണം വരെ മാത്രമേ ആകാവു .റിട്ടയർമെന്റ് ഒരു വിധത്തിൽ മരണം തന്നെയാണ് . ആർക്കെങ്കിലും  എന്തെങ്കിലും വിരോധം തന്നോടുണ്ടെങ്കിൽ അതിന്നെത്തേടം കൊണ്ട് അവസാനിപ്പിക്കണം .വിരൊധികളില്ലാതെ പിരിഞ്ഞു പോകാനാണ് താൻ ആഗ്രഹിക്കുന്നത് ഇതൊക്കെയായിരുന്നു തോമസ് സാർ പറഞ്ഞതിന്റെ സാരം .
   സർക്കാർ പദവിയുടെ ജീർണ്ണിച്ച കുപ്പായം മാത്രമല്ല സ്വത്വത്തിന്റെ ഒരു ഭാഗം കൂടിയുപേക്ഷിച്ചാണു ഒരാൾ പെൻഷൻ പറ്റി പിരിയുന്നത് ;മറിച്ചുള്ള പറ ച്ചിലുകളൊക്കെ  ഭംഗി വാക്കുകൾ ,അസത്യങ്ങൾ മാത്രമാണ് .അനുഭവത്തിൽ നിന്ന് പറയുന്നതാണ് :പെൻഷൻ പറ്റി ക്കഴിഞ്ഞാൽ  മുഴുവൻ സമയവും വായനയും എഴുത്തുംഅല്പ്പം സാമൂഹ്യ പ്രവർത്തനവുമൊക്കെയായി കഴിയാം എന്നതു കൊണ്ട് പിരിയൽ സന്തോഷ കരമായ ഒരനുഭവമാവുമെന്നാണു ഞാൻ വിചാരിച്ചിരുന്നത് .ധനാഗമത്തിൽ വരുന്ന കുറ വിനനുസരിച്ചുള്ള ചെലവു ചുരുക്കൽ ഒക്കെ നേരത്തെ ആസൂത്രണം ചെയ്തിരുന്നു .വായിക്കാൻ പുസ്തകങ്ങൾ  കരുതിയിരുന്നു .എന്തെങ്കിലും എഴുതിയാൽ പ്രസിദ്ധീകരിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു എന്നിട്ടും പിരിയാൻ സമയമടുത്തപ്പോൾ വലിയ മനോവ്യഥ അനുഭവപ്പെട്ടു എന്നതാണു സത്യം. അവസാനത്തെ ഒരാഴ്ച ഞാൻ എന്നും വൈകുന്നേരം കായൽ  തീരത്തു പോയി പഴയ കാലങ്ങൾ ഓർത്തു നിൽ ക്കുമായിരുന്നു. കപ്പലിലിൽ നിന്നൊലിച്ചിറങ്ങുന്ന എണ്ണയുടെ ഗന്ധത്തിനു മോഹിപ്പിക്കുന്ന വശ്യതയുണ്ടെന്നും അഴിമുഖത്തെ അസ്തമയം ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ച  ആണെന്നും എനിക്ക് അന്ന് ബോദ്ധ്യമായി .
    എന്തായാലും പോ ന്നല്ലേ പറ്റു .പോന്നു .പമ്പാട്ടിയുടെ പാമ്പിനെ തുറന്നു വിട്ടാൽ അതു തിരികെ കൂട്ടിലേക്കിഴഞ്ഞു കയറുമത്രേ .തിരിച് ഇഴഞ്ഞു കയറാൻ കൂടില്ലാതെ കഴിഞ്ഞു കൂടേണ്ടി വരുന്ന ആദ്യദിനങ്ങൾ അസ്വാസ്ഥ്യ ജനകങ്ങളായിരിക്കും മൂന്നു പതിറ്റാണ്ടിലധികം കൂട്ടിൽ കിടന്ന വര്ക്ക് .പക്ഷേ പാമ്പിനേക്കാൾ ഭയങ്കരനാണല്ലോ മനുഷ്യൻ ;അവൻ പൊരുത്തപ്പെട്ടുകൊള്ളും ഏതു ചുറ്റുപാടു മായും.Man gets used to every thing ,Man the scoundrel  എന്ന് ദസ്തയോവിസ്കി   പറഞ്ഞില്ലെങ്കിലും ഞാൻ പറയുമായിരുന്നു .
     നേരിട്ടറിയാവുന്ന ചില സുഹൃത്തുക്കളും എഫ് ബി പോസ്റ്റുകളി ലൂടെ മുഖപരിചയമുള്ള ചിലരും റിട്ടയർ ചെയ്ത തിനെ ക്കുറി ച്ചുള്ള പോസ്റ്റുകളും വാര്ത്തകളും മറ്റും കണ്ടപ്പോൾ മനസ്സിൽ തോന്നിയ കാര്യങ്ങൾ എഴുതിപ്പോയതാണ് .ഒരു കാര്യം തീർച്ച .നമ്മൾ മനുഷ്യർ പൊരുത്തപ്പെട്ടുകൊള്ളും ഏതു ചുറ്റുപാടുമായും നമ്മൾ തെമ്മാടികള ല്ലെങ്കിൽ പോലും