2015, ജൂൺ 1, തിങ്കളാഴ്‌ച

'റിട്ടയാർഡായി 'എന്നൊരു ശൈലി പ്രചാരത്തിലുണ്ടായിരുന്നു ഞങ്ങളുടെ സ്കൂൾ കാലത്ത് .വേളൂർ കൃഷ്ണൻ കുട്ടിയുടെ ആ പേരിലുള്ള നാടകത്തിൽ നിന്നും ജന്മം കൊണ്ടതാണ് ഇന്നത്തെ ഭാഷയിൽ 'വടിയായി 'എന്നർഥ മുള്ള ആ ഹാസ്യ പദപ്രയോഗം .പത്തു മുപ്പതു കൊല്ലം കഴിഞ്ഞാണ് റിട്ടയർമെന്റിനെ ശരിക്കും മരണത്തോടുപമിച്ചു കൊണ്ടുള്ള ഗൗരവമുള്ള ഒരു പ്രസംഗം കേട്ടത് .മുതിർന്ന സഹപ്രവർത്തകനും കുറേക്കാലം മേലധികാരിയും എല്ലാക്കാലത്തും വഴികാട്ടിയും സുഹൃത്തുമായിരുന്ന തോമസ് ജോസഫിന്റെ വിരമിക്കൽ യാത്രയപ്പ് സമ്മേളനമായിരുന്നു .പതിവ് പോലെ ഒട്ടധികം പേർറിട്ടയാർഡാവുന്ന ആളിന്റെ   ഗുണഗണങ്ങൾ വാഴ്ത്തി പ്പാടി.ഭാവ ഭേദങ്ങളൊ ന്നും കൂടാതെ കേട്ടിരുന്ന  തോമസ് സാർ തന്റെ മറുപടി ,വിട വാങ്ങൽ പ്രസംഗം ആരംഭിച്ചത് 'മരണാന്താനി വൈരാണി /പ്രസവാന്തം  ച യൗവനം 'എന്ന നീതി സാര ശ്ലോകാർഥം ഉദ്ധരിച്ചു കൊണ്ടാണ് .ഒരാളോടുള്ള വിരോധം അയാളുടെ മരണം വരെ മാത്രമേ ആകാവു .റിട്ടയർമെന്റ് ഒരു വിധത്തിൽ മരണം തന്നെയാണ് . ആർക്കെങ്കിലും  എന്തെങ്കിലും വിരോധം തന്നോടുണ്ടെങ്കിൽ അതിന്നെത്തേടം കൊണ്ട് അവസാനിപ്പിക്കണം .വിരൊധികളില്ലാതെ പിരിഞ്ഞു പോകാനാണ് താൻ ആഗ്രഹിക്കുന്നത് ഇതൊക്കെയായിരുന്നു തോമസ് സാർ പറഞ്ഞതിന്റെ സാരം .
   സർക്കാർ പദവിയുടെ ജീർണ്ണിച്ച കുപ്പായം മാത്രമല്ല സ്വത്വത്തിന്റെ ഒരു ഭാഗം കൂടിയുപേക്ഷിച്ചാണു ഒരാൾ പെൻഷൻ പറ്റി പിരിയുന്നത് ;മറിച്ചുള്ള പറ ച്ചിലുകളൊക്കെ  ഭംഗി വാക്കുകൾ ,അസത്യങ്ങൾ മാത്രമാണ് .അനുഭവത്തിൽ നിന്ന് പറയുന്നതാണ് :പെൻഷൻ പറ്റി ക്കഴിഞ്ഞാൽ  മുഴുവൻ സമയവും വായനയും എഴുത്തുംഅല്പ്പം സാമൂഹ്യ പ്രവർത്തനവുമൊക്കെയായി കഴിയാം എന്നതു കൊണ്ട് പിരിയൽ സന്തോഷ കരമായ ഒരനുഭവമാവുമെന്നാണു ഞാൻ വിചാരിച്ചിരുന്നത് .ധനാഗമത്തിൽ വരുന്ന കുറ വിനനുസരിച്ചുള്ള ചെലവു ചുരുക്കൽ ഒക്കെ നേരത്തെ ആസൂത്രണം ചെയ്തിരുന്നു .വായിക്കാൻ പുസ്തകങ്ങൾ  കരുതിയിരുന്നു .എന്തെങ്കിലും എഴുതിയാൽ പ്രസിദ്ധീകരിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു എന്നിട്ടും പിരിയാൻ സമയമടുത്തപ്പോൾ വലിയ മനോവ്യഥ അനുഭവപ്പെട്ടു എന്നതാണു സത്യം. അവസാനത്തെ ഒരാഴ്ച ഞാൻ എന്നും വൈകുന്നേരം കായൽ  തീരത്തു പോയി പഴയ കാലങ്ങൾ ഓർത്തു നിൽ ക്കുമായിരുന്നു. കപ്പലിലിൽ നിന്നൊലിച്ചിറങ്ങുന്ന എണ്ണയുടെ ഗന്ധത്തിനു മോഹിപ്പിക്കുന്ന വശ്യതയുണ്ടെന്നും അഴിമുഖത്തെ അസ്തമയം ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ച  ആണെന്നും എനിക്ക് അന്ന് ബോദ്ധ്യമായി .
    എന്തായാലും പോ ന്നല്ലേ പറ്റു .പോന്നു .പമ്പാട്ടിയുടെ പാമ്പിനെ തുറന്നു വിട്ടാൽ അതു തിരികെ കൂട്ടിലേക്കിഴഞ്ഞു കയറുമത്രേ .തിരിച് ഇഴഞ്ഞു കയറാൻ കൂടില്ലാതെ കഴിഞ്ഞു കൂടേണ്ടി വരുന്ന ആദ്യദിനങ്ങൾ അസ്വാസ്ഥ്യ ജനകങ്ങളായിരിക്കും മൂന്നു പതിറ്റാണ്ടിലധികം കൂട്ടിൽ കിടന്ന വര്ക്ക് .പക്ഷേ പാമ്പിനേക്കാൾ ഭയങ്കരനാണല്ലോ മനുഷ്യൻ ;അവൻ പൊരുത്തപ്പെട്ടുകൊള്ളും ഏതു ചുറ്റുപാടു മായും.Man gets used to every thing ,Man the scoundrel  എന്ന് ദസ്തയോവിസ്കി   പറഞ്ഞില്ലെങ്കിലും ഞാൻ പറയുമായിരുന്നു .
     നേരിട്ടറിയാവുന്ന ചില സുഹൃത്തുക്കളും എഫ് ബി പോസ്റ്റുകളി ലൂടെ മുഖപരിചയമുള്ള ചിലരും റിട്ടയർ ചെയ്ത തിനെ ക്കുറി ച്ചുള്ള പോസ്റ്റുകളും വാര്ത്തകളും മറ്റും കണ്ടപ്പോൾ മനസ്സിൽ തോന്നിയ കാര്യങ്ങൾ എഴുതിപ്പോയതാണ് .ഒരു കാര്യം തീർച്ച .നമ്മൾ മനുഷ്യർ പൊരുത്തപ്പെട്ടുകൊള്ളും ഏതു ചുറ്റുപാടുമായും നമ്മൾ തെമ്മാടികള ല്ലെങ്കിൽ പോലും
  

1 അഭിപ്രായം:

  1. സ്ഥലം വിട്ടുകൊടുക്കണം.ഒഴിയുന്നതിന് മുന്‍പ് പൈസയും കൊടുക്കണം.വികസനം പാവപ്പെട്ട സ്ഥല ഉടമകളുടെ ചെലവിലാകരുതു

    മറുപടിഇല്ലാതാക്കൂ