2021, മാർച്ച് 2, ചൊവ്വാഴ്ച

1-3-2021 നെയ്ത്തിരിവെച്ച വെളിച്ചം ----------------------------------------------- വിഷ്ണു നാരയണൻ നമ്പൂതിരിയെ അനുസ്മരിച്ച് രണ്ടോ മൂന്നോ മിനിറ്റ് സംസാരിക്കണമെന്നാണ് പൂണിത്തുറ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കേണൽ രാജേന്ദ്രൻ സാർ പറഞ്ഞത് .പ്രതിമാസ സംഗമത്തിൽ രണ്ടു മൂന്നു പരിപാടികളുണ്ട് .. സച്ചിദാനന്ദൻ പറഞ്ഞത് ശരിയാണ് .പി ,ഇടശ്ശേരി ,വൈലോപ്പിള്ളിമാർക്കും ആധുനികർക്കും ഇടയിലുള്ളവരിൽ മൂന്നു കവികളെയാണ് എന്റെ തലമുറ ഏറ്റവും ഇഷ്ടപ്പെട്ടത് ;സുഗതകുമാരി ,അക്കിത്തം ,വിഷ്ണുനാരായണൻ നമ്പൂതിരി .സുഗതകുമാരി മരിച്ചപ്പോൾ അവരുടെ സമ്പൂർണ കവിതാ സമാഹാരം കമ്പോടു കമ്പ് വായിച്ചാണ് ഞാൻ എന്റെ ആദരം പ്രകടിപ്പിച്ചത് .ഒന്നും എങ്ങും കുറിച്ചില്ല ഫേസ്‌ബുക്കിൽ പോലും .വിഷ്ണുനാരായണന്റെ കാര്യത്തിൽ സംപൂര്ണസമാഹാരം എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല .കോവിഡ് കാലം സൃഷ്ടിച്ച അലങ്കോലത്തിൽ നിന്ന് 'ഉജ്ജയിനിയിലെ രാപ്പകലുകൾ 'പോലെ കയ്യിലുള്ള പുസ്തകങ്ങൾ തേടിപ്പിടിക്കാൻ കഴിഞ്ഞതുമില്ല .രണ്ടു കവിതകൾ കിട്ടി റിപ്പബ്ലിക്കും സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതവും .രണ്ടും വായിച്ചു . ഗ്രന്ഥസഹായം കൂടാതെ ഋഗ്വേദം ഉദാത്താനുദാത്തസ്വരിതങ്ങളിൽ ആലാപനം ചെയ്യാനും കുടിയൊഴിക്കൽ അതിലെ പുരോഗമനാശയങ്ങൾ പൂർണമായും ഉൾക്കൊണ്ടുകൊണ്ട് കാണാതെ ചൊല്ലാനും കഴിയുമായിരുന്ന വിഷ്ണുനാരായണൻ അവിച്ഛിന്നമായ ഒരു സംസ്കാരധാരയുടെ പ്രവക്താവായിരുന്നു എന്നാണ് ഞാൻ ലൈബ്രറിയിൽ പറഞ്ഞത് ..വായിച്ചതെല്ലാം മറന്നു കഴിയുമ്പോൾ അവശേഷിക്കുന്നതാണല്ലോ സംസ്കാരം .വിഷ്ണുനാരായണൻ കവിതകൾ എന്നിലവശേഷിപ്പിച്ച കാവ്യസംസ്കാരം അങ്ങിനെ പറയാനാണ് എന്നെ പ്രേരിപ്പിച്ചത് . ഇത് ശനിയാഴ്ച വൈകുന്നേരമായിരുന്നു .ഇന്ന് ,(1-3-2021) തിങ്കളാഴ്ച വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'ഉജ്ജയിനിയിലെ രാപ്പകലുകൾ 'പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു .ഔചിത്യപൂർണമായ അനുസ്മരണം .മേഘരൂപനായ പുരുഷൻ ഉദാസീനനായ സാക്ഷിയായി നിൽക്കെ ,അവനെ ആനന്ദിപ്പിക്കാൻ പ്രകൃതി നടത്തുന്ന ആർദ്രവും സമ്മോഹനവുമായ സർഗ്ഗനടനം കാളിദാസിയമായ കല്പനകളിലൂടെ വായനക്കാരന്റെ കണ്മുമുന്നിൽ തെളിയുന്നു .തുടർന്ന് നൃത്തത്തിന്റെ താളം തെറ്റിക്കുന്ന മർത്യപരാക്രമങ്ങൾ ,നാടുവാഴാൻ വാളെടുത്ത വെളിച്ചപ്പാടുകൾ .പ്രകൃതി സംഹാര രുദ്രയാവുന്നു .അവസാനിക്കാത്ത കൊടും വേനൽ .വർഷത്തിലെ മുകിൽമാലകൾക്കു വേണ്ടിയുള്ള ദീനരോദനം ..........അഥവാ ഇവിടെ വിവക്ഷിതം ഇതൊന്നുമല്ലെങ്കിലും സാരമില്ല .ഈ കവിത വായിക്കുന്നത് വലിയൊരനുഭവമാണ് എനിക്ക് മുപ്പതു കൊല്ലം മുമ്പെന്ന പോലെ ഇന്നും .എന്നെ കൂടുതൽ സംസ്കാര സമ്പന്നനാക്കുന്ന അനുഭവം .അതു മതി .. നദികളെക്കുറിച്ചുള്ള മേഘസന്ദേശപരാമർശങ്ങൾ സിപ്രയെയും ഗഭീരയെയും കടന്നു നിർവിന്ധ്യയിലെത്തിയപ്പോൾ മേഘസന്ദേശം ആദ്യം വായിച്ച യൗവ്വനാരംഭത്തിലുണ്ടായ മധുരാ സ്വസ്ഥ്യത്തിന്റെ പ്രകമ്പനങ്ങൾ ഇപ്പോഴും ഉള്ളിലുണർത്തിക്കൊണ്ട് ആ ശ്ലോകാർത്ഥം ഓർമ്മയിലെത്തി "....ജ്ഞാതാസ്വാദോ വിവൃത ജഘനാ കോ വിഹാതും സമർത്ഥ ". ലൈബ്രറിയിലെ ഹ്രസ്വമായ പ്രസംഗം ഞാനവസാനിപ്പിച്ചത് 'സ്വാതന്ത്ര്യത്തെ കുറിച്ച് ഒരുഗീത'ത്തിലെ ഈ വരികൾ ഉദ്ധരിച്ചു കൊണ്ടാണ് : "ഹൃദയത്തിൻ വാതിൽ തുറന്നു തരാം ഞാനിത്തിരിനേരം ;സദയം നിൻ ചേവിടിയിണവെച്ചിവനെ യനശ്വരനാക്കു"