2020, ജനുവരി 24, വെള്ളിയാഴ്‌ച

24-1-2020
കള്ള ദൈവങ്ങൾ 
-----------------------------                                                                                                                                                                     
                        'മധുരം കുറയും 'എന്നെൻ പത്നി നർമ്മസ്‌മേര                                                                                       
                        മധുരം പകർന്നേകും കയ്പാർന്ന കട്ടൻകാപ്പി
                         വിഷവും കുടിക്കും ഞാൻ നീ തന്നാൽ എന്നായ്  വാങ്ങി
                         വിഷമിച്ചൽപ്പം മൊത്തി അഴിക്കട്ടിലിൻ വക്കിൽ .......'
ഈ വരികൾ  എഴുപതുകളുടെ തുടക്കത്തിലെന്നോ വായിച്ച ദിവസം മുതൽ ഇന്നോളം എന്റെ മനസ്സിലുണ്ട് .എൻ വി കൃഷ്ണ വാരിയരുടെ കള്ളദൈവങ്ങൾ എന്ന കവിതയുടെ തുടക്കം .
 ഞാനിന്നലെ കള്ളദൈവങ്ങൾ വീണ്ടും വായിച്ചു .സംഭവം ഇങ്ങിനെ .കുറേക്കാലം കൂടി സമകാലിക മലയാളം  ഓഫീസിൽ പോയി . പുറത്തു പോയിരുന്ന പത്രാധിപരെ കാത്ത് കുറെ സമയം ഇരിക്കേണ്ടി വന്നു .അപ്പോഴാണ് അവിടത്തെ ഒരു മേശപ്പുറത്തെ പുസ്തക കൂമ്പാരത്തിനു മുകളിൽ എൻ വി കവിതകളുടെ എൻ ബി എസ് പതിപ്പ് ശ്രദ്ധയിൽ പെട്ടത് .ഒരു കവിത വായിക്കാൻ എ പ്പോഴും സമയമുണ്ട് .അത് കള്ളദൈവങ്ങളാവട്ടെ എന്ന് ഞാൻ തീരുമാനിച്ചു .
        കയ്ക്കുന്ന കട്ടൻ കാപ്പി കുടിച്ചിട്ട് റേഷൻ കടയിൽ പോയി പഞ്ചസാര വന്നിട്ടുണ്ടോ എന്നന്വേഷിക്കാൻ ഭാര്യ പറഞ്ഞു .അയാൾ പക്ഷേ പഴയ സതീർഥ്യ ആത്മഹത്യ ചെയ്ത വാർത്ത പത്രത്തിൽ നിന്നറിഞ്ഞ് അങ്ങോട്ടു പോവുകയാണുണ്ടായത് .ഡോക്ടർ പ്രഭയെന്ന ആ സതീർഥ്യയുടെ ജീവിത പരിണാമങ്ങളുടെ വർണ്ണനകളിലൂടെയാണ് കവിത പുരോഗമിക്കുന്നത് .പശ്ചാത്തലമായി അയാളുടെ ദരിദ്ര ജീവിതം .അനിവാര്യമായും ദൈവങ്ങൾ കടന്നു വരുന്നു .ഡിസ്ട്രിക്ട് ജഡ്ജിക്ക് സ്വർണ്ണ വാച്ചും ഗുമസ്തന് ഭസ്മവും അന്തരീക്ഷത്തിൽ നിന്നെടുത്തു കൊടുക്കുന്ന അഭയമുദ്രാ സമേതനായ അവധൂതൻ മാത്രമല്ല എത്രയെത്ര വിഗ്രഹങ്ങൾ .ആൾ രൂപങ്ങൾ വാനരരൂപങ്ങൾ മൃഗരൂപങ്ങൾ .ഓരോന്നിനും ഒരുപാട് പൂജാരിമാർ .ശുദ്ധബോധത്തിൽ ദൈവത്തെ കണ്ടെത്തിയ നമ്മളാണോ ഇവരെയൊക്കെ ആരാധിക്കുന്നത് ?.
       ഡോക്ടറുടെ  ആഡംബരപൂര്ണമായ സംസ്കാരം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ റേഷൻ കടയിൽ വെയിലത്ത് ക്യു നിന്ന് പഞ്ചസാര വാങ്ങി ഭാര്യ മധുരമുള്ള പാൽക്കാപ്പിയുണ്ടാക്കിയിരിക്കുന്നു .ആ അതിമധുരത്തിൽ അയാൾ ഭാര്യയെ പ്രേമപൂർവം നോക്കി .മൂത്ത കുട്ടി സ്‌കൂൾ വിട്ടുവന്നതിന്റെ ഘോഷം .....
          മുമ്പ് ഈ കവിത ആദ്യം വായിച്ചപ്പോൾ ഉള്ളടക്കം ഇഷ്ടപ്പെട്ടെങ്കിലും വള്ളത്തോളിന്റെ ശയ്യാഗുണമുള്ള കവിതയായി തോന്നിയെങ്കിലും അത് സാമാന്യത്തിലധികം വാച്യമാണെന്നൊരു ധാരണ എനിക്കുണ്ടായി ..എന്നാൽ ഇപ്പോൾ തോന്നുന്നു ആപേരിനെന്നപോലെ അതിലെ കാവ്യ ബിംബങ്ങൾക്കും അത്യധികം സൂചക സ്വഭാവമുണ്ടെന്ന് .എവിടെയാണ് നമ്മൾ കള്ളദൈവങ്ങളെ കണ്ടു മുട്ടാത്തത് ?
    ഈ കവിതയിൽ ഞാനെന്നും ഓർത്തിരിക്കുന്ന മറ്റൊരു വരി കൂടിയുണ്ട് ."സുഭഗൻ യുവാവവിവാഹിതൻ ജില്ലാധീശൻ "കളക്ടർ കവിതയിൽ വിശേഷിപ്പിക്കപ്പെടുന്നതിങ്ങനെയാണ് .ചെറുപ്പക്കാരായ ജില്ലാധീശരെ  ടി വി യിൽ കാണുമ്പോഴൊക്കെ ഞാനീ വരി ഓർമ്മിക്കാറുണ്ട് .പഞ്ചലോഹത്തിന്റെ അംശം പൂർണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത വിഗ്രഹങ്ങളാണല്ലോ അവർ .




















                        

2020, ജനുവരി 12, ഞായറാഴ്‌ച

12-1-2020

ഇന്നലെ (11 -1 -2020 ) ലായം കൂത്തമ്പലത്തിൽ വെച്ച് ഷൗക്കത്തിന്റെ പ്രഭാഷണം കേട്ടു .
  ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനായ ഷൗക്കത്ത് ശ്രീനാരായണഗുരുവിന്റെ വ്യാഖ്യാന പ്രകാരമുള്ള അദ്വൈത വേദാന്തമാണ്‌ പിന്തുടരുന്നത് എന്നു തോന്നി .ആധാരമായ ദര്ശന  പദ്ധതിയുടെ പേരെന്ത് തന്നെയായാലും അറിവ് അന്പിനും അനുകമ്പയ്ക്കും ഹേതുവാകണമെന്നാഹ്വാനം ചെയ്യുന്ന ആ പ്രഭാഷണം എനിക്കിഷ്ടപ്പെട്ടു .എന്നല്ല ഇന്നോളം കേട്ട മറ്റൊരാത്മീയ പ്രഭാഷണവും എന്നെ ഇത്ര കണ്ട് ആകര്ഷിച്ചിട്ടില്ല .ഞാൻ കൂടുതൽ നല്ല മനുഷ്യനായിരിക്കുന്നു എന്ന് പറഞ്ഞാൽ അധികം വിശദീകരിക്കാതെ കഴിയുമല്ലോ . .
    പ്രഭാഷണം തുടങ്ങിയത് ഒരു ചോദ്യത്തോടെയാണ് ജോസഫ് എന്ന് കേട്ടാൽ നിങ്ങൾക്കെന്താണാദ്യം തോന്നുക .ഒരു മനുഷ്യൻ എന്നായിരിക്കുകയില്ല ക്രിസ്ത്യാനി എന്നായിരിക്കും .സത്യമല്ലേ ?രമേശൻ എന്ന് കേട്ടാലും ഹമീദ് എന്ന് കേട്ടാലും സ്ഥിതി ഇതു തന്നെ .അതിൽ തെറ്റൊന്നുമില്ല എന്ന് ഷൗക്കത്ത് പറയുന്നു .നൂറ്റാണ്ടുകളിലൂടെ
തലമുറകളായി ആർജ്ജിച്ച മനോവൃത്തിയുടെ പ്രകടിത രൂപമാണ് .ഇതാണ് മനുഷ്യനിലെ ആസുരഭാവം .ആ അസുരഭാവത്തെ അടക്കി മനുഷ്യ ഭാവത്തിലെത്താൻ കഴിയണം .  അതായിരിക്കണം ചിന്തയുടെയും പ്രവൃത്തിയുടെയും ലക്‌ഷ്യം .
  ഉദാഹരണമായി ഒരനുഭവം വിവരിച്ചു പ്രഭാഷകൻ .രണ്ടു ദിവസമായി പട്ടിണിയായിരുന്ന ഒരമ്മച്ചിക്ക് ഭക്ഷണം കൊടുത്തതിനു ശേഷം സഹോദരന്റെ മകൾ പറഞ്ഞു :"ഷൗക്കത്തുപ്പ ,ആ അമ്മച്ചിയെ പട്ടിണിക്കിട്ടു അള്ളായിൽ   എനിക്ക് വിശ്വാസമില്ല' എന്ന് രണ്ടു ദിവസമായി ഒന്നും കഴിച്ചിട്ടില്ലാത്ത ആ അമ്മച്ചിക്ക് ഭക്ഷണം കൊടുക്കാൻ മോൾക്ക് തോന്നിയല്ലോ .ആ തോന്നലാണ് അള്ളാ എന്ന് ഷൗക്കത്ത് കുട്ടിക്ക് പറഞ്ഞു കൊടുത്തു ..ശരിയാണ് അൻപുംഅനുകമ്പയും ആയി കൂടിച്ചേരുന്ന  അറിവാണ് ദൈവം .
    സ്നേഹത്തിന്റെ കരുണയുടെ സന്ദേശവാഹകനായ സത്യാന്വേഷിക്ക് വളരെ പിന്നിൽ നടക്കുന്ന ഒരെളിയ സഹയാത്രികൻറെ  കൂപ്പുകൈ .
















2020, ജനുവരി 11, ശനിയാഴ്‌ച

10-1 2020
തിരുവാതിര
 മുതിർന്ന പെൺകുട്ടികളുടെ  ഒരോണക്കളിയായിരുന്നു തിരുവാതിര ഞങ്ങളുടെ നാട്ടിൽ .ധനുമാസത്തിലെ തിരുവാതിരക്ക് ചില വീടുകളിൽ പുഴുക്കുണ്ടാക്കിയിരുന്നു .തുടിയും കുളിയും ദശപുഷ്പം ചൂടലുമൊന്നും കേട്ടുകേൾവി പോലുമായിരുന്നില്ല ഞങ്ങൾക്ക്.പിന്നീട് എം ടി കഥകളിൽനിന്നും മറ്റുമാണ് തിരുവാതിര ആഘോഷത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത് .ചില സിനിമകളിൽ നിന്നും .പിന്നെ ഒരു വിചാര വികാര വിപ്ലവമായി "ഊഞ്ഞാലിൽ " കടന്നുവന്നു .നൂറു വെറ്റില തിന്ന പുലരി വരുവോളം ഊഞ്ഞാലാടുന്ന വാർദ്ധക്യത്തിലും യുവത്വം കൈവിടാത്ത ദമ്പതിമാർ ,ഉയിരിന് കൊലക്കുടുക്കാക്കാവും കയറിനെ ഉഴിഞ്ഞാലാക്കിയവർ ,സാക്ഷിയായി തീക്കട്ടപോലെ തിരുവാതിര നക്ഷത്രം നീല വാനിൽ ഞാലുന്ന ആയിരം മുല്ല മാല ...ആതിരപ്പെണ്ണിനാടാൻ അമ്പിളിവിളക്കേ ന്തും ആയിരം കാൽമണ്ഡപമായി ഞാനെന്റെ നാട്ടിൻപുറത്തെ മനസ്സിൽ കണ്ടു .പക്ഷെ കലണ്ടറിൽ നിന്ന് സംക്റാന്തിയും  ഞാറ്റുവേലയുംതിരുവാതിരയുമൊ ക്കെ അപ്രത്യക്ഷമായല്ലോ .
       അങ്ങിനെ തീർത്തു പറഞ്ഞുകൂടാ .ഞാൻ വന്നുപെട്ടിരിക്കുന്നത് തൃപ്പൂണിത്തുറയാണല്ലോ .ചെണ്ടമേളവും ആനയെഴുന്നള്ളിപ്പുമൊക്കെയായി ഉത്സവങ്ങൾ കൊണ്ടാടുന്നതിൽ മാത്രമല്ല കടുനാളുകൾ ആഘോഷിക്കുന്നതിലും തൃപ്പൂണിത്തുറക്കാർ ബദ്ധശ്രദ്ധരാണ് .പൂണിത്തുറ കരയോഗത്തിൽ തിരുവാതിര ആഘോഷമുണ്ട് .പ്രവേശനം സ്ത്രീകൾക്ക് മാത്രമാണ് .ഞാൻ വീട്ടിലിരുന്നു 'തിരുവാഭരണം ചാർത്തി വിടർന്നുതിരുവാതിര നക്ഷത്രം ' എന്ന മനോഹര ഗാനം കേട്ടു .ലങ്കാദഹനത്തിലെ ആ പ്രസിദ്ധമായ ജയചന്ദ്രൻ ഗാനം .തുടർന്ന് 'പഞ്ചവങ്കാട്ടിലെ 'ശ്രുന്ഗാരരൂപിണി 'അതു കഴിഞ്ഞ് 'ഏഴരപ്പൊന്നാന 'ഹിമഗിരികന്യക ശ്രീപരമേശ്വരനെ കൂവളമലർ മാല്യം അണിയിക്കുന്ന ആതിര രാത്രിയാണല്ലോ ഇത് .
   പക്ഷെ ആ കുളിരൊക്കെ  പ്പോയി ?












 ,