2014, മാർച്ച് 15, ശനിയാഴ്‌ച

                                                            പൂവും പ്രസാദവും
                                                            -------------------
മാര്ച്ച് 10 നു ആയിരുന്നു പി ജയചന്ദ്രന്റെ  എഴുപതാം പിറന്നാൾ.ഇഷ്ട ഗായകന് അദ്ദേഹത്തിന്റെ മറ്റാരാധകർക്കൊപ്പം ഞാനും ആശംസകൾ നേരുന്നു ഹൃദയപൂർവം.ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായ  നിവിൻ പൊളിക്കു വേണ്ടി ജയചന്ദ്രൻ പാടിയ 'ഓലാഞ്ഞാലി ' എന്ന പാട്ട് യു ട്യു ബിൽ  എല്ലാ റെക്കാർഡുകളും ഭേദിച്ചിരിക്കുന്നു വത്രേ .ആ കലാ സപര്യ ദീർഘ കാലം തുടരട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു .
              സ്ഥാനത്തും അസ്ഥാനത്തും പാട്ടുകളുണ്ടായിരിക്കുമെന്നൊരാക്ഷേപം ഇന്ത്യൻ സിനിമയെ കുറിച്ചെന്നുമുണ്ടായിരുന്നു .അതു കുറെയൊക്കെ വാസ്തവമാണ് താനും .പക്ഷേ നല്ല സംവിധായകർ ഇതിവൃത്ത വികാസത്തിന്റെ രാസത്വരകമായിട്ടാണ് ഗാനത്തെ എന്നും ഉപയോഗപ്പെടുത്തിയിട്ടുള്ളത് .അതിനു നല്ലൊരുദാഹരണമാണ് 'പൂവും പ്രസാദവും ' എന്ന ആദ്യകാല ജയചന്ദ്രൻ  ഗാനം . സംവിധായകൻ  കെ എസ്  സേതുമാധവൻ ഒരു ജീവ പര്യന്ത കാലത്തിനപ്പുറത്തേക്ക് കഥയെ നയിച്ചിരിക്കുന്നത് ഈ മനോഹരഗാനത്തിന്റെ സഹായത്തോടെയാണ് .ഞാൻ വെള്ളി ത്തിരയിൽ ശ്രദ്ധിച്ചു കണ്ട ആദ്യ ജയചന്ദ്രൻ ഗാനം ഇതായിരുന്നു .
       കരിമുകിൽ ക്കാടുകളിൽ കനകാംബരങ്ങൾ ഒരു പാടുതവണ  വിടർന്നു  കൊഴിഞ്ഞു.നീലഗിരിയുടെ താഴ്‌വരയിലെ വനസരോവരത്തിൽ വസന്തവും ശിശിരവും  പലകുറി കുളിച്ചു കയറി പ്പോയി,പാതയുടെ അരികിൽ ആകാശം വിടർത്തിയ കൂടാരത്തിൽ ഏകാന്ത പഥികൻ  ഇന്നും  രാവുറങ്ങുന്നു  . നാലര പതിറ്റാണ്ടാവുന്നു.,മലയാളി ഹര്ഷബാഷ്പം തൂകി ആ ഗാന കല്ലോലിനിക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങിയിട്ട് .
           യേശുദാസ് മലയാളത്തിന്റെ ഗാന ഗന്ധർവൻ എന്ന സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ കാലത്താണ് ജയചന്ദ്രൻ രംഗത്ത് വരുന്നത് .അക്കാലത്ത് വന്ന മറ്റു ഗായകർക്കാർക്കു, ,ബ്രഹ്മാനന്ദനു പോലും പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല;ജയചന്ദ്രന് കഴിഞ്ഞു.സ്വന്തം ആലാപന ശൈലി തിരിച്ചറിയുക ആരേയും അനുകരിക്കാൻ ശ്രമിക്കാതെ ആ ശൈലി പരിപോഷിപ്പിക്കാൻ ശ്രമിക്കുക മനസ്സും ബുദ്ധിയും അതിൽത്തന്നെ അർപ്പിക്കുക അതായിരുന്നു ജയചന്ദ്രനെ നിലനിര്ത്തിയത് .മാധുര്യവും പൗരുഷവുമുള്ള ഭാവ സംക്രമണ ക്ഷമമായ ശബ്ദം ദൈവദത്തമാണല്ലോ അദ്ദേഹത്തിന് .
         ഒന്നാമത്തെ സ്കൂൾ യുവജനോത്സവത്തിൽ ലളിത ഗാനത്തിനു രണ്ടാം സമ്മാനം നേടിക്കൊണ്ടാണ് പി ജയചന്ദ്രൻ എന്ന ഗായകന്റെ  അരങ്ങേറ്റം..അക്കുറി  ഒന്നാം സമ്മാനം കിട്ടിയത് ,'യേശുദാസൻ എന്നൊരു കുട്ടിക്കായിരുന്നു.അന്ന് പക്ഷേ അപ്പീലും ബഹളങ്ങളൊന്നുമല്ല ഉണ്ടാ യത്.അവർ ഒരുമിച്ചൊരു കച്ചേരി നടത്തുകയായിരുന്നു.ആ കച്ചേരിയുടെ ചിത്രം 56 വർഷങ്ങൾക്കു ശേഷവും ഇന്നും പ്രചരിച്ചു കൊണ്ടിരിക്കുന്നു സോഷിയൽ നെറ്റ് വർക്കുകളീലൂടെ.
   പാട്ടെത്ര  കേട്ടു പിന്നെ.അന്നൊക്കെ പാട്ടു കേൾക്കാൻ സ്വന്തമായി പാട്ടുപെട്ടിയുടെ ആവശ്യമുണ്ടായിരുന്നില്ല. അധികം പേര്ക്കും അത് വാങ്ങാൻ കഴിയുമായിരുമില്ല .പക്ഷേ എവിടെനിന്നു വേണമെങ്കിലും പാട്ടു കേള്ക്കാമായിരുന്നു .ചായക്കടകൾ കല്യാണ വീടുകൾ മീറ്റിങ്ങുകൾ നടക്കുന്ന മൈതാനങ്ങൾ തിയേറ്റർ പരിസരങ്ങൾ എന്നിങ്ങനെ.കലാ സൃഷ്ടി   ഒരു സാമൂഹ്യ പ്രക്രിയ ആകുന്നതു പോലെ ആസ്വാദനവുംസാമൂഹ്യ പ്രക്രിയ തന്നെയാണ് .പൊതുസ്ഥലത്ത് ആൾക്കൂട്ടത്തിൽ വെച്ച് ഉറക്കെ പാടിക്കെൾക്കുന്നതിന്റെ ആസ്വാദ്യത ചെവിയില ബട്ടണ്‍ തിരുകി പാട്ടു കേട്ടാൽ  ഉണ്ടാവുകയില്ല.പക്ഷേ നിർഭാഗ്യവശാൽ പൊതുസ്ഥലങ്ങളിൽ  അസഹനീയമായ ഭക്തി സംഗീതമേ ഇപ്പോൾ കേൾക്കാറു ള്ളൂ.യേശുദാസും ജയചന്ദ്രനും കമുകറ യും ലീലയും സുശീലയും മാത്രമല്ല കെ എസ ജോര്ജ്ജും സുലോചനയും നമുക്കുവേണ്ടി ഉറക്കെ പാടിക്കൊണ്ടിരുന്ന   വൈകുന്നേരങ്ങൾ ഇനി മടങ്ങി വരികയില്ല.അത് കൊണ്ടു തന്നെ അവയുടെ ഓര്മ്മകള്ക്ക് മാധുര്യമേറും.
 പൂവും പ്രസാദവുമായി വന്ന് കൂവളത്തില തൊടുവിക്കാരുണ്ടായിരുന്ന സുന്ദരി വൃ ദ്ധ യായി അകത്തമ്മയായിരുന്ന് കൽപ്പനകൾ പുറപ്പെടുവിക്കുന്നു.എന്റെ മനസ്സിലും ,ചാള്സ് ലാമ്പ് പറഞ്ഞത് പോലെ മരം ഒരു പാടു കയറി ക്കൂടിയിരിക്കുന്നു.എന്നിട്ടും മഞ്ഞലയിൽ മുങ്ങി ത്തോർത്തിയ ധനുമാസ ചന്ദ്രികയും മല്ലിക പ്പൂവിൻ മധുര ഗന്ധ വും മുതൽ സൈബർ  യുഗത്തിലെ ഒലാഞ്ഞ്ഞ്ഞാലി ക്കിളി വരെ  നിരാർ ദ്രവും  ജടപ്രായവും ആയ എന്റെ മനസ്സിനെ പ്പോലും തരളവും സംഗീത സാന്ദ്രവുമാക്കുന്നു.;ഞാൻ ശബ്ദമില്ലാതെ പാടി പ്പോകുന്നു..
     നീയെന്ന മോഹന രാഗമുള്ളപ്പോൾ ,ഭാവഗായക ,ഞാനെങ്ങിനെ നിശബ്ദ വീണയാവും.

(നീയെന്ന മോഹന രാഗമില്ലെങ്കിൽ ഞാൻ /ന്നിശ്ശവീണയായേനേ -മല്ലിക പൂവിൻ എന്ന തമ്പി അര്ജ്ജുനൻ  ജയചന്ദ്രൻ ഗാനം) 

2 അഭിപ്രായങ്ങൾ: