2016, ജൂലൈ 18, തിങ്കളാഴ്‌ച

തരിശു നിലങ്ങളിലെ വിളവെടുപ്പ്
(കളർകോട് വാസുദേവൻ നായരെ ഓർക്കുമ്പോൾ )
ആർ എസ് കുറുപ്

ഒരു എഫ് ബി പോസ്റ്റിൽ നിന്നാണ് കളർകോട് വാസുദേവൻ നായരുടെ ചരമ വാർത്ത ഞാറിഞ്ഞത് .പത്രങ്ങളുടെ പ്രാദേശിക പതിപ്പുകളിൽ ഒറ്റ കോളം വാർത്തയായിരുന്നുവത്രെ .ടി വി ചാനലുകളൊന്നും വാർത്ത കൊടുത്തതേയില്ല എന്നു തോന്നുന്നു .ഞാൻ മലയാളം പ്രൈം ടൈമ് ന്യുസ് ഇവിടെയിരുന്നും (Riverside ,USA ) കാണാറുള്ളതാണ് .അവയിലൊന്നും ഈ വാർത്ത കണ്ടില്ല .അതിൽ അദ്‌ഭുതത്തിനാവകാശമില്ല .ലൈം ലൈറ്റിൽ നിൽക്കുന്നവരെ മാത്രമേ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കു ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും .
      1969 ഇലാണ് കളർകോട് വാസുദേവൻ നായരെ ഞാൻ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും ,വി ജെ ടി ഹാളിലെ ഏതോ പരിപാടിക്കിടയിൽ .അന്നദ്ദേഹത്തോടൊപ്പം ചെറുപ്പക്കാരുടെ ഒരു സംഘം ഉണ്ടായിരുന്നു .പിന്നീട് പ്രശസ്തനായ എന്റെ നാട്ടു കാരൻ നരേന്ദ്ര പ്രസാദും എന്റെ ആത്മ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന രാജശേഖരൻ നായരും ഉൾപ്പെടെ .. ആ സംഘത്തിൽ പെട്ടവരെല്ലാം വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരായിരുന്നു . ഒരു രാഷ്ട്രീയ കക്ഷിയുടെ അംഗങ്ങളോ ഉറച്ച അനുഭാവികളോ ആയിരുന്നുഅവർ .പക്ഷെ സ്വതന്ത്രമായി  ചിന്തിക്കാൻ തയാറുള്ളവരായിരുന്നു വാസുദേവൻ നായരെ മാർഗ്ഗ നിർദ്ദേശകനായി അംഗീകരിച്ചിരുന്ന അവർ .സി പി ഐ നേതാവ് കെ വി സുരേന്ദ്ര നാഥ് മുൻകയ്യെടുത്ത് നടത്തിയിരുന്ന ഇൻസ്റ്റിറ്റിയൂട് ഓഫ് മാർക്സിസ്റ് സ്റ്റഡീസ് എന്ന സഥാപനത്തിലാണ് ഇവർ ഒത്തു കൂടി യിരുന്നത് ചിലപ്പോഴൊക്കെ വാസുദേ വൻ നായരുടെ വീട്ടിലും  .ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രവർത്തക സമിതി പ്രെസിഡെന്റ് ആയിരുന്നു വാസുദേവൻ നായർ .ആ സംഘത്തിലെ ചർച്ചകളും വാസുദേവൻ നായരുടെ സക്രിയമായ ഇടപെടലുകളും മറ്റും ഒരു വായനക്കാരൻ മാത്രമായിരുന്ന നരേന്ദ്രപ്രസാദിനെ മലയാള ആധുനികതയുടെ നിയന്താക്കളിലൊരാളായ നിരൂപകനാക്കുന്നതിൽ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട് .ആരുടെയും, ഗുരുതുല്യരാ യ വൃദ്ധ നിരൂപകരുടെ പോലും ധൈക്ഷണിക മേധാവിത്തം അംഗീകരിക്കാൻ വിസ്സമ്മതിച്ചിരുന്ന നരേന്ദ്ര പ്രസാദിനും ഒരു വഴികാട്ടിയോ എന്നു സംശയക്കുന്നവരോട് ഇത്രയേ പറയാനുള്ളു :പ്രസാദിന്റെ ആദ്യ ലേഖന സമാഹാരം 'ഭാവുകത്വം മാറുന്നു 'മറിച്ചു നോക്കുക .ആദ്യം കണ്ണിൽപ്പെടുന്നത് 'കളർകോട് വാസുദേവൻ നായർക്ക് 'എന്ന സമർപ്പണ വാക്യം ആയിരിക്കും .തന്റെ മറുപുസ്തകങ്ങളൊന്നും പ്രസാദ് ആർക്കും സമർപ്പിച്ചിട്ടില്ല എന്നും ഓർക്കുക .കളർകോട് വാസുദേവൻ നായർ മലയാള സാഹിത്യത്തിന് നൽകിയ മികച്ച സംഭാവനകളിൽ ഏറ്റവും പ്രധാനം ഇതാണ്  എന്റെ അഭിപ്രായത്തിൽ
      വാസുദേവൻ നായരുടെ 'മർദ്ദിത നായികയുടെ പ്രമേയത്തെ പറ്റി' എന്ന ലേഖനം പുറത്ത് വരുന്നത്    ഫെമിനിസം ബുദ്ധി ജീവി വൃത്തങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു തുടങ്ങുന്നതിനു വളരെ മുമ്പാണ് .ഈ മർദ്ദിത നായിക (pesecuted  maiden ) വാസു അണ്ണന്റെ  ഒരു ഇഷ്ട വിഷയമായിരുന്നു .എന്നല്ല അത് ഒരു ഒബ്സെഷൻ ആയിരുന്നു അദ്ദേഹത്തിന് .ആ ഒബ്സെഷനാവാം അദ്ദേഹത്തെ മാധവിക്കുട്ടി കഥ കളുടെ ശ്രദ്ധാലുവായ പഠിതാവാക്കിയത് .എന്തായാലും അത് മാധവിക്കുട്ടി കഥകളെ ക്കുറിച്ചുള്ള ഏറ്റവും നല്ല പഠനഗ്രന്ഥത്തിന്റെ പിറവിക്ക് വഴിയൊരുക്കി "തരിശുനിലത്തിന്റെ കഥകൾ "."ഒരു പ്രഗദ്ഭനായ സൈക്കിയാട്രിസ്റ് എന്റെ മനസ്സു പരിശോധിക്കുന്നു പോലെ എനിക്കു തോന്നി "മാധവിക്കുട്ടി വാസുദേവൻ നായർക്കെഴുതി .മാത്രമല്ല അവർ ആ കത്തു പ്രസിദ്ധീ കരിക്കുകയും ചെയ്തു ..മാധവിക്കുട്ടിയുടെ കഥകളെ ക്കുറിച്ചുള്ള ഏറ്റവും നല്ല വിമർശന ഗ്രന്ഥം ഇന്നും  'തരിശുനിലത്തിന്റെ കഥകൾ ' തന്നെയാണ് .എന്നു മാത്രമല്ല ഒരു കഥാകൃത്തിന്റെ രചനകളെ ആകെ വിലയിരുത്തിക്കൊണ്ടുള്ള നിരൂപണ ഗ്രന്ഥം എന്ന നിലയിലും അത് പ്രമുഖ സ്ഥാനത്ത് നിൽക്കുന്നു ഇന്നും  .പിൽക്കാലത്ത് മാധവിക്കുട്ടിയുടെ തെരഞ്ഞെടുത്ത കഥകൾ എന്ന സമാഹാരം പുറത്തിറക്കാൻ പ്രമുഖ പ്രസാധകർ തീരുമാനിച്ചപ്പോൾ ഉൾപ്പെടുത്തേണ്ട കഥകൾ ഏതെന്നു തീരുമാനിക്കുവാനും  പുസ്തകം അവതരിപ്പിക്കുവാനും അവർ വാസുദേവൻ നായരെയാണു ചുമതലപ്പെടുത്തിയത് .ആ അവതാരിക മലയാളത്തിലെ ഏറ്റവും മികച്ച നിരൂപണ ലേഖനങ്ങളിലൊന്നാണ് .
       'രാഷ്ട്രീയത്തെ ആധുനീകരിക്കുകയും ആധുനികതയെ രാഷ്ട്രീയ വൽക്കരിക്കുകയും ചെയ്ത എഴുപതുകളെ'ക്കുറിച്ച് ക്ലാവ് പിടിച്ച വാക്യങ്ങൾ ഉരുവിടുന്നവരാരും കളർകോട് വാസുദേവൻ നായരെ സ്മരിക്കാറില്ല .വാസുദേവൻ നായരുടെ' ഴാങ് പോൾ സാർത്ര് ' ആ വിഷയത്തെ ക്കുറിച്ചുള്ള ആദ്യ മലയാള ഗ്രന്ഥം ആണെന്നു പറയുന്നത് അർദ്ധസത്യം മാത്രമാണ് ..സാർത്രിയൻ  ദർശനത്തെ ക്കുറിച്ചുള്ള ഭാഷയിലെ  ഏറ്റവും മികച്ച പുസ്തകം ആണെന്നു കൂടി  പറഞ്ഞാലേ പൂർണ്ണ സത്യമാവു .'അദർ ഈസ് ഹെൽ 'എന്ന വാക്യം ഉദ്ധരിച്ച് അസ്തിത്വ വാദം പുരോഗമന വിരുദ്ധമാണെന്നു വാദിക്കുന്നവർ ഒരു കാര്യം വിസ്മരിക്കുന്നു .ബീയിങ് ഇൻ ഇറ്റ് സെൽഫ് ( Being In Itself )ബീയിങ് ഫോർ ഇറ്റ് സെൽഫ് ( ,Being For Itself )എന്നിവ പോലെ തന്നെ പ്രധാനമാണ് സാർത്രിന്ബീയിങ് ഫോർ ഒതേഴ്സ് ( Being For Others) .എന്നുവെച്ചാൽ മറ്റാളുകളുടെ അവബോധത്തിൽ ഞാനെങ്ങനെ നിലനിൽക്കുന്നുവെന്നത് എന്റെ അസ്തിത്വത്തെ നിർണയിക്കുന്ന  പ്രധാന ഉപാധികളിലൊന്നാണ് .ഈ ആശയത്തിന്റെ ശ്രദ്ധാ പൂർവമായ അപഗ്രഥനത്തിലൂടെ ഇടതു പുരോഗമന ചിന്തയും അസ്തിത്വ വാദവുമായി ഒരു സമന്വയം സാധ്യമാണെന്നുമാത്രമല്ല അഭിലഷണീയംകൂടിയാണെന്നു  വാസുദേവൻ നായർ സ്ഥാപിച്ചു .നിർഭാഗ്യവശാൽ ആ പുസ്തകം വേണ്ടത്ര വായിക്കപ്പെട്ടില്ല .
           വാസുദേവൻ നായർ വളരെ ഒന്നും എഴുത്തുകയുണ്ടായില്ല .അദ്ദേഹത്തിന്റെ സദസ്സിലെ അംഗം ആയിരുന്നില്ല ഞാൻ.എനിക്കു വാസു അണ്ണനോട് ഒറ്റക്കു സംസാരിക്കുന്നതായിരുന്നു ഇഷ്ടം. .അദ്ദേഹത്തിനും അതിഷ്ടമായിരുന്നു എന്നാണെന്റെ വിശ്വാസം .അദ്ദേഹത്തിന് സമയമുണ്ടായിരുന്നപ്പോഴൊക്കെ ഞങ്ങൾ സംസാരിച്ചു .അക്ഷരം കുട്ടി വായിക്കാനറിയുന്നവരൊക്കെ പരസ്പരം കണ്ടാൽ മഹത്തായ ലോക വിപ്ലവത്തെ ക്കുറിച്ചും അങ്ങിനെയുള്ള വലിയ വലിയ കാര്യങ്ങളെക്കുറിച്ചും മാത്രം സംസാരിക്കുന്ന കാലമായിരുന്നല്ലോ അത് . ഒരു ദിവസം വാസു അണ്ണൻ തനിക്ക് ആഗ്രഹിച്ചപോലെ എഴുതാൻ കഴിയാത്തതിനെ ക്കുറിച്ച് എന്നോട് മനസ്സു തുറക്കുകയുണ്ടായി .പുതിയ ചില പ്രോജക്ടുകൾ മനസ്സിലുണ്ടെന്നും പറഞ്ഞു .
        ഞാൻ ആയിടക്ക് കൊച്ചിയിലേക്കു വണ്ടികയറി .അറബിക്കടലിന്റെ റാണി വ്യത്യസ്തമായ ഒരനുഭവമായിരുന്നു .വായന ഞാൻ മുടക്കിയില്ല .മലയാള കവിതയിലെ ആദിപ്രരൂപങ്ങളെ ക്കുറിച്ചോരു  ലേഖനമാണ് കളർകോട് വാസുദേവൻ നായരുടേതായി എനിക്കക്കാലത്ത് കാണാൻ കഴിഞ്ഞത് .പെൻഷൻ പറ്റിയപ്പോൾ താനിനി ചുമതലകളൊന്നും ഏറ്റെടുക്കുന്നില്ല എന്നും മുഴുവൻ സമയവും വായനക്കും എഴുത്തിനും മാത്രമായി മാറ്റിവെക്കുകയാണെന്നും വാസു അണ്ണൻ പറഞ്ഞുവെന്നറിഞ്ഞപ്പോൾ എനിക്കു സന്തോഷം തോന്നി .പക്ഷേ  ആർ രാമചന്ദ്രന്റെ കവിതകളെ  ക്കുറിച്ചുള്ള ചില ലേഖനങ്ങളല്ലാതെ വേറെന്തെങ്കിലും അദ്ദേഹം പക്ഷെ എഴുതിയതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല .അയ്യപ്പ പണിക്കരുടെ കവിതകളെ ക്കുറിച്ചോര് സമഗ്ര പഠ നം ഏതാണ്ട് പൂർത്തീകരിച്ചിട്ടാണ് വാസു ദേവൻ നായർ പോയത് എന്നു ചില പത്രങ്ങൾ പറയുന്നു . പ്രസിദ്ധീകരിക്കപ്പെട്ടാൽ മലയാള നിരൂപണ സാഹിത്യത്തിനൊരു മുതൽക്കൂട്ടാവും അത് എന്നതിൽ എനിക്കു സംശയമില്ല..മൗലികമായ ചിന്തയുടെ സ്ഫുരണങ്ങൾ കൊണ്ട് സമ്പന്നമാണ് അദ്ദേഹം ആനുകാലികങ്ങളിൽ എഴുതിയ ഓരോ ലേഖനവും .അവയും സമാഹരിക്കപ്പെടേണ്ടതുണ്ട് ..
           ഏറെ വായിക്കുകയും ഗാഡ്ഡ മായി ചിന്തിക്കുകയും വല്ലപ്പോഴും മാത്രം എഴുതുകയും ചെയ്തിരുന്ന ഒരാൾ നമുക്കിടയിൽ ജീവിച്ചിരുന്നുവെന്നു ഞാൻ പരിചയമുള്ളവരോടൊക്കെ പറയും വാസു അണ്ണാ .
   


         

2 അഭിപ്രായങ്ങൾ:

  1. Dear sir,

    I am Nandakumar , son of Vasudevan Nair . All of us in the family read your post , thank you for remembering achan.
    I am glad to inform you that we have published a complete works of achan. Kindly give me your address, we will send a copy of the book to you.

    I live in Bahrain . My mother and sister is in Trivandrum . Sisters number is 9446068305
    Kind Regards
    Nandakumar

    മറുപടിഇല്ലാതാക്കൂ
  2. പ്രിയപ്പെട്ട ശ്രീ നന്ദകുമാർ ദയവായി ക്ഷമിക്കുക.ഇപ്പോഴേ ഈ മറുപടി കാണാൻ കഴിഞ്ഞുള്ളു.ശ്രീശൈലം ഉണ്ണികൃഷ്ണൻ സാറാണ് ഇതിപ്പോൾ ശ്രദ്ധയിൽ പെടുത്തിയത്.സഹോദരി തിരുവനന്തപുരത്തു തന്നെയുണ്ടോ?അതു പറഞ്ഞപ്പോൾ ഈ സഹോദരിയെ യാണോ ഹൈമചേച്ചിയുടെ..കൃഷ്ണപിള്ള സാറിന്റെയും മകൻ വിവാഹം കഴിച്ചിരിക്കുന്നത്?പുസ്തകം പ്രസിദ്ധപ്പെടുത്തിയ വിവരം ഇപ്പോൾ ഉണ്ണികൃഷ്ണൻ സാർ പറഞ്ഞറിഞ്ഞു.
    ഞാൻ ഫോണിൽ ബന്ധപ്പെടാം..ആർ.എസ്.കുറുപ്പ്

    മറുപടിഇല്ലാതാക്കൂ