2016, നവംബർ 26, ശനിയാഴ്‌ച

കഴിഞ്ഞൊരു ദിവസം കൃത്യമായി പറഞ്ഞാൽ നവമ്പർ 15 നു ഓച്ചിറ അമ്പലത്തിൽ പോയി .കുറേക്കാലമായിരുന്നു  പരബ്രഹ്മ സന്നിധിയിൽ  പോയിട്ട് .ഞാനും ഈ പ്രപഞ്ച സത്തയും അഭേദമാണെന്ന വിശ്വാസം ഇന്ത്യയുടെ സമൂഹ അബോധത്തിൽ അനാദികാലം മുതലേ സന്നിഹിതമായിരുന്നു ,അതിനു വാഗ്രൂപം കൊടുക്കുക മാത്രമാണ്  യാജ്ഞ വൽക്യനും ഉദ്ദാലകനും ശങ്കരനുമൊക്കെ ചെയ്തത് എന്നതിനു നിദർശനമാണ്  ചക്രവാളങ്ങകൾക്കും മതിലുകൾ തീർക്കാനാവാത്തഓച്ചിറ പരദേവരുടെ പടനിലം .പക്ഷെ ചില മാദ്ധ്യമങ്ങളില്ലാതെ കഴിയുകയില്ല എന്നായിരിക്കുന്നു നമുക്ക് ..അതുകൊണ്ടാണല്ലോ ആൽത്തറകളിൽ വിഗ്രഹങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും പടനിലത്തിനു ചുറ്റും ഉപക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നതും .
      വടക്കു കിഴക്കു ഭാഗത്തുള്ള ധർമ്മ ശാസ്താ ഗണപതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ കർപ്പൂരവും കറുക മാലയും വിൽക്കുന്ന വൃദ്ധയുമായി ഞാൻ കുറച്ചു നേരം സംസാരിച്ചു നിന്നു .വാൾ മാർട്ട്  സാമും ലുലു യൂസഫലിയും തട്ടുകട തങ്കപ്പൻ പിള്ളയും സ്ഥിരമായി പറയുന്ന ആവലാതിയുണ്ടല്ലോ "കച്ചവടം പൊതുവെ മോശമാണ് "എന്ന് .അങ്ങിനെ തന്നെയാണ് നമ്മുടെ ഇച്ചേചിയും പറഞ്ഞു തുടങ്ങിയത് .പതുക്കെ അവർ കാര്യത്തിലേക്കു വന്നു :ഒരു ബ്ലേഡ് കാരനിൽ നിന്നു പലിശക്ക് വാങ്ങിയ 500 രൂപയാണ് മൂലധനം .അയാൾ പഴയ നോട്ടാണു കൊടുത്തത് .പഴയ നോട്ടിനു സാധനം കൊടുക്കാമെന്നു ഹോൾസെയിലർ സമ്മതിച്ചു .വിറ്റു പുതിയ നോട്ടുകൾ കൊടുക്കണമെന്ന് മാത്രം ..വിൽപ്പന കുറവാണ് .തനിക്കു മാത്രമല്ല അടുത്തുള്ള മറ്റു ചെറു കിട കച്ചവടക്കാർക്കും  ചായക്കടക്കാർക്കും ."അതെങ്ങനാ ആരുടെയെങ്കിലും കയ്യിൽ കാശു വേണ്ടേ " ധാർമ്മിക രോഷത്തിനപ്പുറം ദുഖമായിരുന്നു അവരുടെ ശബ്ദത്തിൽ .
  റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു നടന്ന ഒരുവനാണല്ലോ ഇവരോടൊക്കെ ഈ കടുംകൈ ചെയ്തത് എന്ന് എന്റെ അമർഷം ഞാൻ പ്രകടിപ്പിക്കാൻ തുടങ്ങുമ്പോഴേക്കും ഇച്ചേച്ചി തുടർന്നു പറയുന്നതു കേട്ടു "പക്ഷേ  ഒരു നല്ല കാര്യത്തിനല്ലേ നമ്മളൊക്കെ കുറച്ചൊക്കെ ബുദ്ധി മുട്ടു സഹിക്കാതെ പറ്റുമോ ?"എന്റെ അമ്പരപ്പു കണ്ടിട്ടായിരിക്കാം അവർ വിശദീകരിച്ചു :"പുതിയ വാർക്ക കെട്ടിടം ഇടിച്ചു നിരത്തി രണ്ടും മുന്നും നിലകളിൽ മാളിക പണിയുന്നവരുണ്ട് .സ്ഥലം എത്ര വലിയ വിലയും കൊടുത്ത് സ്ഥലം വാങ്ങുന്നവർ .പാവപ്പെട്ടവർക്ക് പത്തുസെന്റ്‌ സ്ഥലം വാങ്ങി ഒരു കൂര  വെക്കാൻ പറ്റാത്ത സ്ഥിതിയാണ് അത് മാറണമല്ലോ "
  മുംബായിലെയും  ബാംഗ്ളൂരിലെയും കാൾ  കൂടുതലാണ് കരുനാഗപ്പള്ളി താലൂക്കിലെ സ്ഥലവില അതെന്തുകൊണ്ടാണെന്ന് എല്ലാവര്ക്കും ,ഇടത് വലത് ബിജെപി എല്ലാവര്ക്കും അറിയാം .പക്ഷെ പുരോഗമന മതേതര ജനാധിപത്യ മുല്യങ്ങൾ  കാത്ത് സൂക്ഷിക്കേണ്ടത് കൊണ്ട് അവരൊന്നും മിണ്ടാറില്ല. വോട്ടു വേണമല്ലോ .
  ഇച്ചേച്ചിക്ക് വോട്ടു വേണ്ടാത്തതു കൊണ്ട് അവർ സത്യം പറഞ്ഞു .ഞാനാലോചിച്ചതു മറ്റൊന്നാണ് .അപ്പോൾ പഴയ ചായക്കടക്കാരൻ സഹജീവിസ്നേഹം കാണിക്കുകയായിരുന്നുവോ ? പക്ഷെ പുതിയ വേഷത്തിൽ അദ്ദേഹം ശതകോടീശ്വരന്മാരെ സഹായിക്കാൻ ഇന്ത്യയിലെ പാവപ്പെട്ടവരെ ദുരിതത്തിലാഴ്ത്തുകയാണ് എന്നല്ലേ ഫേസ്ബുക് ബുദ്ധി ജീവികൾ ,ധന ശാസ്ത്രവും ബാങ്കിങ്ങും മറ്റും നന്നായി അഭ്യസിച്ചിട്ടുള്ളവർ ,ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജീവിതം തൊട്ടറിഞ്ഞിട്ടുള്ളവർ പറഞ്ഞു കൊണ്ടേയിരിക്കുന്നത് .
 ഏതാണ് ശരി ?പടനിലമായതു കൊണ്ടാവാം എനിക്ക് ഖസ്സാക്കിലെ വേദാന്തിയായ മാധവൻ നായരുടെ വാക്കുകളാണോർമ്മ വന്നത് "അതറിയരുതെന്നല്ലേ മനുഷ്യ ജന്മത്തിന്റെ വിധി "
   
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ