2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

28-10-2019
വീട്ടിലേക്കുള്ള വഴി
---------------------------------
 വീടിനു മറ്റൊരർത്ഥം കൂടിയുണ്ടായിരുന്നു മരുമക്കത്തായം നിലവിലിരുന്ന കാലത്ത് .കുടുംബം ,തറവാട് എന്നിങ്ങനെ ഒരാളുടെ മാതൃദായക്രമത്തിലുള്ള ആസ്ഥാനത്തെ സൂചിപ്പിക്കാനും ആ വാക്കുപയോഗിച്ചിരുന്നു .അതായത് വരേണിക്കൽ രാമമംഗലമെന്ന വീട്ടിൽ താമസിച്ചിരുന്നവരിൽ അമ്മയുടെയും ഞങ്ങൾ മക്കളുടേയും വീട് പള്ളിപ്പാട്ടുള്ള പുലുമേൽ ,അച്ഛന്റെ വീട് വരേണിക്കൽ തന്നെയുള്ള ചെങ്കിലാത്ത് (മണപ്പള്ളിൽ ).അപ്പൂപ്പന്റെ (അച്ഛന്റെ അച്ഛൻ )വീട് മുള്ളിക്കുളങ്ങരെ നൂറാട്ടേത്ത് .എന്റെ ബാല്യത്തിൽ അതായത് സ്വാതന്ത്ര്യത്തെ തുടർന്നുള്ള വർഷങ്ങളിൽ മരുമക്കത്തായം സാമ്പത്തികമായും നിയമപരമായും ഏതാണ്ടവസാനിച്ചു കഴിഞ്ഞിരുന്നുവെങ്കിലും അതിന്റെ സാംസ്കാരിക സ്വാധീനം പ്രബലമായിരുന്നു ..സഹോദരിമാരുടെ മക്കൾ സഹോദരീ സഹോദരന്മാരായാണ് കണക്കാക്കപ്പെട്ടിരുന്നത് .സഹോദരീ സഹോദരന്മാരുടെ മക്കൾ മുറപ്പെണ്ണുമാരും മുറച്ചെറുക്കന്മാരുമായും .'തിങ്കളാഴ്ച നോയമ്പിന്നുമുടക്കും ഞാൻ എന്നും ' കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ 'എന്നും കേട്ടപ്പോൾ അവയിലെ രതിഭാവവും ശോകവുമെല്ലാം മലയാളികൾക്കുൾക്കൊള്ളാനായതും ഇപ്പോഴും ആവുന്നതും ആ സാംസ്കാരിക സ്വാധീനം നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ പശ്ചാത്തലമായി ഇന്നും നിലനിൽക്കുന്നതു കൊണ്ടാണ് .
    നായർ റെഗുലേഷന്റെയും തുടർന്നുള്ള ആളോഹരിയുടെയും കാലത്ത് നൂറാട്ടേത്തെ കാരണവരായിരുന്നു എന്റെ അപ്പൂപ്പൻ കൊച്ചുകുഞ്ഞുപിള്ള .കാരണവരെന്ന നിലയിൽ അദ്ദേഹത്തിന് ഭാര്യയേയും മക്കളേയും കൂടെ താമസിപ്പിക്കാമായിരുന്നു ..അങ്ങിനെ എന്റെ അച്ഛനും സഹോദരങ്ങളും ജനിച്ചതും വളർന്നതും നൂറാട്ടെത്തായിരുന്നു .അങ്ങിനെയാണ് എന്റെ അച്ഛൻ എൻ .കെ .രാമൻപിള്ളയായത് ;നൂറാട്ടേത്ത് കൊച്ചുകുഞ്ഞുപിള്ള രാമൻപിള്ള ..
  ആളോഹരിയുടെ പ്രത്യേകത അറിയാമല്ലോ .സമ്പന്ന തറവാടുകളിൽ പോലും പ്രതിശീർഷ ഓഹരി ചെറുതായിരിക്കും .പുരുഷ പ്രജകൾക്ക് ഒരോഹരിയേയുള്ളു അതെത്ര ചെറുതായാലും .സ്ത്രീകൾക്ക് അവരുടെ മക്കൾക്കും പെണ്മക്കളുടെ മക്കൾക്കും ഒക്കെ വീതമുണ്ടാവും .വലിയ കുടുംബങ്ങളിലെ പുരുഷന്മാർ അങ്ങിനെ പൊടുന്നനെ ദരിദ്രരായി .ചില കാരണവന്മാർ ഒന്നിലധികം ഓഹരി ആവശ്യപ്പെടുകയും ചില നിലങ്ങളും പുരയിടങ്ങളുമൊക്കെ സ്വകാര്യ സമ്പാദ്യമെന്ന നിലയിൽ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവത്രേ .എന്റെ അപ്പൂപ്പൻ പക്ഷെ അതിനൊന്നും നിന്നില്ല .അദ്ദേഹം തന്റെ ഭാഗമായി ഒന്നും സ്വീകരിച്ചില്ല .എല്ലാം അന  ന്തരവർക്കു വിട്ടുകൊടുത്ത് അദ്ദേഹം വരേണിക്കലുള്ള ചെങ്കിലാത്തേക്ക് പോന്നു .വരേണിക്കൽ അമ്പലത്തിന്റെ പുനരുത്ഥാനം ,കരയോഗത്തിന്റെ സ്ഥാപനം ഇവയ്ക്കൊക്കെ മുൻകൈയെടുത്തു .
         അമ്പലമുറ്റത്തെ പാല പൂത്ത് മണമൊഴുകിയ രാത്രികളിൽ ആളോഹരി നിസ്വരാക്കിയ യുവാക്കൾ ഭജനപ്പാട്ടുകൾ പാടി .പകൽ ചീട്ടുകളിച്ചും സൊറ പറഞ്ഞും സമയം കൊന്നു .ഇടവപ്പാതികളിൽ നാട്ടു പാതകളിലൂടെ കലക്കവെള്ളം കുത്തിയൊഴുകി .രാജ്യം സ്വാതന്ത്ര്യം നേടി .അത് പക്ഷെ ഗ്രാമ ജീവിതത്തിൽ പ്രത്യേക ചലനമൊന്നുമുണ്ടാക്കിയില്ല .പിന്നേയും രണ്ടുമൂന്നു കൊല്ലം കഴിഞ്ഞ് ഒരു ദിവസം അപ്പൂപ്പന്റെ മൂത്ത അനന്തിരവൻ നൂറാട്ടേത്ത് നാണുപിള്ള -ഞങ്ങളദ്ദേഹത്തെ പേരപ്പൻ എന്നാണു വിളിക്കുന്നത് -ചെങ്കിലാത്ത് വന്നു ..എനിക്കന്നു മൂന്നു വയസ്സാവുന്നതേയുള്ളു .അനിയൻ കൈക്കുഞ്ഞ് .അമ്മയ്ക്ക് വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നാഗ്രഹം .അതിനുവേണ്ടി ഞങ്ങൾ അച്ഛനുമമ്മയും ഞങ്ങൾ മക്കളും സഹായിയായ ചേച്ചിയും മാവേലിക്കര ടൗണിലേക്ക് മാറാൻ തീരുമാനിച്ചു ഒരു കൊല്ലത്തേക്ക്. അവിടെ ഒരു വാടക വീടന്വേഷിക്കുകയാണ് .
   "അപ്പോൾ"നാണുപിള്ള പേരപ്പൻ അച്ഛനോടു പറഞ്ഞു "നിങ്ങൾ നൂറാട്ടേത്തേക്കു  മാറുന്നു .അവിടെ നിന്ന് ഇടവഴിയിലൂടെ നടവരമ്പിലൂടെ  ഒരു നാഴിക നടന്നാൽ പുത്രച്ചന്റെ മുക്കിലെത്താം .നിന്റെ സ്വന്തം വീട് അത്രയും അടുത്തുള്ളപ്പോൾ വാടകയ്ക്ക് വീടെടുക്കേണ്ട "."അപ്പോൾ കൊച്ചാട്ടാനും പിള്ളേരുമോ "അച്ഛൻ ചോദിച്ചു ."അതു നീ അറിയണ്ട "എന്നായിരുന്നു പേരപ്പന്റെ കർശനമായ മറുപടി .നിർവ്യാജമായ സ്നേഹത്തിനു മുമ്പിൽ ആരും അടിയറവു പറഞ്ഞു പോകും .ഞങ്ങൾ നൂറാട്ടേത്തേക്കു മാറി .പേരപ്പനും വലിയമ്മയും അഞ്ചുമക്കളും അവരുടെ തേങ്ങാപ്പുരയിലേക്കും ..പഴയ തറവാടിന്റെ പ്രൗഢിയും ശില്പഭദ്രതയും നിലനിർത്തിക്കൊണ്ട് അന്നു കിട്ടാവുന്ന എല്ലാ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിരുന്ന വീട് ഞങ്ങൾക്ക് വിട്ടു തന്നു കൊണ്ട് ഒറ്റമുറിയും ചായ്പുമുള്ള ആ  ചെറിയ പുരയിലേക്ക്
താമസം മാറ്റുമ്പോൾ ,അന്ന് ബോയ്സ് സ്കൂളിൽ പഠിച്ചിരുന്ന മൂത്ത മകൻ മാധവൻ കുട്ടി ചേട്ടനോട് സ്കൂൾ വിട്ട് വന്നാലുടൻ ഞങ്ങൾ താമസിക്കുന്നിടത്തു വന്ന് കാര്യങ്ങളന്വേഷിക്കണമെന്നു ചട്ടംകെട്ടുകയും ചെയ്തു പേരപ്പൻ .
      .സ്വയം നിഷേധിച്ചുകൊണ്ടുള്ള ഈ ത്യാഗത്തെ ക്കുറിച്ച്  എന്റെ 'അമ്മ ഒരു  പുരാണ കഥപോലെ പറയുമായിരുന്നു .അമ്മയുടെ പിന്നീടുള്ള ജീവിതകാലം മുഴുവൻ .നിരാർദ്രമായ ഒരു ലോകത്ത് തിരസ്കാരങ്ങളും നിരാകരണങ്ങളും ഒരു പാട് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഞങ്ങൾക്ക് ആദ്യകാലത്ത് .അവയൊക്കെ അതിജീവിക്കാനുള്ള മനസ്സാന്നിദ്ധ്യം ഞങ്ങൾക്ക് നൽകിയത് നിനച്ചിരിക്കാതെ ഉറപൊട്ടിയ സ്നേഹവാല്സല്യങ്ങളുടെ ഈ കുളിരരുവിയാണ് .ഏതു വരണ്ട ഭൂമിയിലും ഒരു നീർച്ചാലുണ്ടാവുമെന്ന് ഇരുൾപ്പാതയിൽ പിന്നിൽ കേൾക്കുന്ന പാദപതന ശബ്ദങ്ങളിലൊന്ന് ഒരു വഴികാട്ടിയുടേതാവുമെന്ന്ഞങ്ങൾ ദൃഢമായി  വിശ്വസിക്കുന്നതിനു കാരണം  ഈ അനുഭവമത്രേ ..
   നൂറാട്ടേ ത്തിന്റെ അന്യാദൃശമായ ഈ സ്നേഹ വാത്സല്യങ്ങൾ  എനിക്ക് ജീവിതത്തിൽ ഉടനീളം അനുഭവവേദ്യമായിട്ടുണ്ട് ,പേരപ്പന്റെ അനന്തിരവൻ വാസുദേവൻ പിള്ള ചേട്ടനും അദ്ദേഹത്തിന്റെ അനന്തിരവൻ സുകുമാരപിള്ളച്ചേട്ടനും ജീവിതത്തിലെ മറക്കാനാവാത്ത സ്നേഹ സാന്നിധ്യങ്ങളാണ് .എറണാകുളത്തെത്തിയതു മുതൽ എന്നും ഒരു രക്ഷാകർത്താവായി വാസുദേവൻപിള്ള ചേട്ടൻ കൂടെയുണ്ടായിരുന്നു .അതിനു മുമ്പു തന്നെ തിരുവന്തപുരത്തുവെച്ച് ഞാൻ സുകുമാരപിള്ളച്ചേട്ടനെ അടുത്തറിഞ്ഞിരുന്നു . നിർവ്യാജമായ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞിരുന്ന അദ്ദേഹം അകാലത്തിൽ വിട്ടു പോയി .കുറേക്കഴിഞ്ഞ് വാസുദേവൻപിള്ള ചേട്ടനും പോയി .
   അടുത്ത തലമുറ മിക്കവാറും അപരിചിതരാണ് .ഖസ്സാക്കിൽ വായിച്ചിട്ടില്ലേ :"ഇത് കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ് .ഇതിൽ അകൽച്ചയും ദുഖവും മാത്രമേയുള്ളു "......എന്നാലും എപ്പോഴെങ്കിലും ഒരു ഫോൺവിളി .യാത്രക്കിടയിൽ ഒരു പുഞ്ചിരി .ഒരു സ്നേഹാശ്ലേഷം ..ഉണ്ടാവുമെന്ന് മനസ്സ് പറയുന്നു .ഉപാധികളില്ലാത്ത സ്നേഹത്തിനും പിന്തുടർച്ച ഉണ്ടാവണമല്ലോ















   
     






































































.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ