2019, ഡിസംബർ 29, ഞായറാഴ്‌ച

29-12-2019
----------------
പുരസ്കാരത്തിന്റെ പ്രഭ
-------------------------------------
   സന്തോഷ് ഏച്ചിക്കാനത്തിനു പദ്മപ്രഭാ പുരസ്കാരം !അവാർഡുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള കേട്ടുകേഴ്വികൾ എന്തുമാകട്ടെ ഈ വാർത്ത എന്നെ ആഹ്ലാദിപ്പിക്കുന്നു .
        വായനയുടെ ഒരു വറുതിക്കാലം കഴിഞ്ഞ്ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ  അക്ഷരങ്ങളിലേക്ക് മടങ്ങിയെത്തിയപ്പോൾ ആദ്യം ശ്രദ്ധയിൽ പെട്ട പേരുകളിലൊന്നാണ് സന്തോഷ് ഏച്ചിക്കാനം എന്നത് .'പന്തിഭോജനം 'എന്നെ അത്യധികം ആകർഷിച്ചു .ഒരു രചന അതിന്റെ രൂപഭദ്രതയും സൊന്ദര്യവും പൂർണമായും നിലനിർത്തിക്കൊണ്ടു തന്നെ ഒരാശയം വായനക്കാരന്റെ ഹൃദയത്തിൽ ആഞ്ഞു തറക്കത്തക്കവണ്ണം സംവേദനം ചെയ്യുന്നതെങ്ങിനെയെന്നതിന് ഉത്തമോദാഹരണമാണ് ആ കഥ .അതു വായിച്ചപ്പോൾ അതിന്റെ രചയിതാവിനെ നേരിട്ടഭിനന്ദിക്കണമെന്നു  തോന്നി ..ഞാൻ നമ്പർ സംഘടിപ്പിച്ചു വിളിച്ചു .ഒരു ഫോൺ സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത് .
    ഞാൻ പിന്നീട് സന്തോഷിന്റെ നേരത്തെ വായിക്കാൻ വിട്ടുപോയ കഥകൾ തേടിപ്പിടിച്ചു വായിച്ചു ;പിന്നീട് പ്രസിദ്ധപ്പെടുത്തിയ കഥകൾ വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു .
 നമ്മുടെ ഏറ്റവും നല്ല കഥാകൃത്തുക്കളിൽ ഒരാളാണ് സന്തോഷ് ഏച്ചിക്കാനം .കലാത്മകതയിൽ വിട്ടു വീഴ്ച ചെയ്യാതെ പുരോഗമനാശയങ്ങളോട് പ്രതിബദ്ധത പുലർത്താൻ കഴിയുന്ന സാഹിത്യകാരൻ .കൂടുതൽ അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തട്ടെ .സന്തോഷ് ഇനിയും മികച്ച കഥകൾ എഴുതട്ടെ .
     അഭിനന്ദനങ്ങൾ സുഹൃത്തേ



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ