2021, മേയ് 7, വെള്ളിയാഴ്‌ച

ഒറ്റപ്പാലം കടന്നപ്പോൾ ------------------------------------ കേരളം തെരഞ്ഞെടുപ്പിന്റെയും തെരഞ്ഞെടുപ്പു ജ്യോതിഷത്തിന്റെയും ഫലപ്രഖ്യാപനത്തിന്റെയും ബഹളത്തിനിടയിൽ വിസ്മരിച്ചുപോയ ഒരു ശതാബ്ദിയുണ്ട് .കെ പി സി സി രൂപീകരണത്തിന്റെയും തുടർന്നു ഒറ്റപ്പാലത്തുവെച്ചു നടന്ന ഒന്നാം കേരളം സംസ്ഥാന സമ്മേളനത്തിന്റെയും .1921 ഏപ്രിൽ 23 മുതൽ 26 വരെയായിരുന്നു സമ്മേളനം നടന്നത് .അതിനു മുമ്പ് 1916 മുതൽ 1920 വരെ അഞ്ചു വാർഷികകോൺഗ്രസ് സമ്മേളങ്ങൾ മലബാറിലെ വിവിധ സ്ഥലങ്ങളിൽ വെച്ചു നടന്നിട്ടുണ്ട് അവയെല്ലാം പക്ഷേ മലബാർ ജില്ലാ സമ്മേളനങ്ങളായിരുന്നു ;ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രസ പ്രവിശ്യയിലെ ഒരു ജില്ലയായിരുന്നുവല്ലോ അക്കാലത്ത് നാട്ടു രാജ്യങ്ങളിൽ കൊണ്ഗ്രെസ്സ് പ്രവർത്തനത്തിന് നേതൃത്വം അംഗീകാരം നൽകിയിരുന്നില്ല .അതുണ്ടായത് 1920 ലെ നാഗ്പൂർ കോൺഗ്രസിലാണ് . 1920 ലെ നാഗ്‌പൂർ കൊണ്ഗ്രെസ്സ് രാജ്യത്തിന്റെയുംരാജ്യ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന കോൺഗ്രസ് പാർട്ടിയുടെയും ചരിത്രത്തിലെ ഒരു സുപ്രധാന നാഴിക കല്ലാണ് ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനിഷേദ്ധ്യ നേതാവായി തിലകന്റെ നിര്യാണത്തോടെ .അക്രമരഹിതമായ നിസ്സഹകരണം -ഗാന്ധിയൻ സത്യാഗ്രഹം -സ്വാതന്ത്ര്യ സമരമാർഗമായി ,ഏകമാർഗമായി അംഗീകരിക്കപ്പെട്ടു .നാഗ്പൂർ സമ്മേളനത്തിന്റെ മറ്റൊരു സുപ്രധാന ഉത്പന്നം കോൺഗ്രസിന്റെ ചട്ടക്കൂട് ആകെ ഉടച്ചു വർത്തതുകൊണ്ടുള്ള ഭരണഘടനയാണ് .അതുവരെ നിലനിന്നിരുന്ന രീതി മാറ്റിക്കൊണ്ട് കോൺഗ്രസിന് നാട്ടു രാജയങ്ങളിൽ പ്രവർത്തനാനുമതി നൽകി .350 പേരുള്ള അഖിലേന്ത്യാ കോണ്ഗ്രസ് കമ്മറ്റി ,156 അംഗങ്ങങ്ങളുള്ള വർക്കിംഗ് കമ്മിറ്റി ,ജില്ലാ ,താലൂക്ക് വില്ലേജ് തലങ്ങളിലേക്കിറങ്ങി ചെല്ലുന്ന സംസ്ഥാന (പ്രാദേശിക -പ്രൊവിൻഷ്യൽ )കമ്മറ്റികൾ അമ്പതിനായിരം അംഗങ്ങൾക്ക് ഒരാളെന്ന നിലയിൽ അംഗങ്ങൾക്ക് വാർഷിക സമ്മേളനത്തിന് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ അവകാശം നൽകുന്ന വ്യവസ്ഥ .അംഗത്വവാർഷിക വരിസംഖ്യ നാലണ .ചുരുക്കത്തിൽ ആസേതു ഹിമാചലം ഇന്ത്യയെ ഒരൊറ്റ രാഷ്ട്രീയ ഏകകമായി കണ്ടു കൊണ്ട് ഇന്ത്യൻ ഗ്രാമീണന്റെ മഹാപ്രസ്ഥാനമായി അതേസമയം സുഘടിതമായ ,ഗ്രാമത്തിലെ നേതാവ് മുതൽ അഖിലേന്ത്യാ പ്രസിഡന്റ് വരെയുള്ളവർ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സുഘടിതമായ രാഷ്ട്രീയ സമരസംഘടനയായി കോൺഗ്രസിനെ മാറ്റിക്കൊണ്ടുള്ളതായിരുന്നു നാഗ്പൂർ സമ്മേളന തീരുമാനങ്ങൾ . ഇതിനെ തുടർന്നാണ് 1921 ജനുവരി 30ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത് 100 അംഗങ്ങൾ .,കെ മാധവൻ നായർ സെക്രട്ടറി ,യു ഗോപാലമേനോൻ ജോയിന്റ് സെക്രട്ടറി ..കേരളം എന്ന പ്രദേശത്തെ അഞ്ചു ജില്ലകളാണ് വിഭജിച്ചു തലശ്ശേരി ,കോഴിക്കോട് പാലക്കാട് കൊച്ചി തിരുവിതാം കൂർ ഇങ്ങിനെ .അങ്ങിനെ ഐക്യ കേരളം ഒരു രാഷ്ട്രീയ ഏകകമായി ചരിത്രത്തിൽ ആദ്യമായി .അതെ ചരിത്രത്തിൽ ആദ്യമായി .അതിനു മുമ്പ് കേരളം എന്ന ഒരാശയം നിലവിലുണ്ടായിരുന്നില്ലേ എന്നാണെങ്കിൽ ഉണ്ടായിരുന്നു .വളരെ പണ്ട് മുതൽക്ക് .രഘുവിന്റെ പടയോട്ടം കാണാൻ നിൽക്കുന്ന 'കേരള യോഷ'മാരെ കാളിദാസൻ വർണ്ണിക്കുന്നുണ്ട് രഘുവംശം നാലാം സർഗ്ഗത്തിൽ .പുരാണങ്ങളിലും എഐതിഹ്യങ്ങളിലുമൊക്കെ വേറെയും പരാമര്ശങ്ങളുണ്ട് .എന്തിന് 19 ആം നൂറ്റാണ്ടോടുവിൽ വലിയ കോയിത്തമ്പുരാൻ തന്റെ ശാകുന്തള പരിഭാഷക്ക് കേരളം ശാകുന്തളം എന്നാണു പേര് നൽകിയത് .എ ആർ തന്റെ വ്യാകരണ ഗ്രന്ഥത്തിന് കേരളപാണിനീയം എന്നും .അതായത് സംസ്ക്കാരികമായും ഭാഷാപരമായും കേരളം എന്ന ആശയം നിലവിലുണ്ടായിരുന്നു .പക്ഷെ രാഷ്ട്രീയമായി ഒരു കേരളമുണ്ടായിരുന്നില്ല ;പികാലത്ത് ദേശരാഷ്ട്രമായി മാറേണ്ട ഒരു രാഷ്ട്രീയ സങ്കല്പിത സമൂഹമായി കേരളം നിലവിലുണ്ടായിരുന്നില്ല .രഘുവംശത്തിൽ തന്നെ കേരള യോഷയമാരെക്കുറിച്ച് പറയുന്ന സന്ദര്ഭത്തിലൊന്നും കേരളരാജാവിനെ ക്കുറിച്ച് ഒരു പരാമര്ശവുമില്ല .കേരളത്തിന്റെ അയൽപ്രദേശങ്ങളിലെ രാജാക്കന്മാരുമായുള്ള യുദ്ധവും മറ്റും വർണ്ണിക്കപ്പെടുന്നുണ്ട് താനും .പറഞ്ഞുവരുന്നത് കേരളത്തിന്റെ രാഷ്ട്രീയ അസ്തിത്വം നിര്വചിക്കപ്പെട്ടത് 1921 ഇത് കെ പി സി സി യുടെ രൂപീകരണത്തോടെയാണ് ;അതിനു പൊതുസമ്മതി കിട്ടിയത്തുടർന്ന് വന്ന കേരളം സംസ്ഥാന സമ്മേളനത്തോടെയും ..കേരളം എന്ന രാഷ്ട്രീയ ഏകകം ഭൗതികാസ്തിത്വം നേടാൻ നമ്മൾ മൂന്നര പതിറ്റാണ്ടു കൂടി കാത്തിരിക്കേണ്ടി വന്നു 1956 നവംബർ ഒന്ന് വരെ .അപ്പോൾ ഒറ്റപ്പാലം സമ്മേളനത്തിന്റെ ശതാബ്ദി ഐക്യ കേരളത്തിന്റെ ശതാബ്ദി കൂടിയാണ് . തുടർന്ന് 1921 ഏപ്രിലിൽ ആദ്യത്തെ കോൺഗ്രസ് സംസ്ഥാന സമ്മേളനം ഒറ്റപ്പാലത്തുവെച്ച്.വളരെ കലുഷിതമായ ഒരാന്തരീക്ഷത്തിലാണ് ഈ സമ്മേളനം നടക്കുന്നത് .ആ പശ്ചാത്തലം ഇങ്ങിനെ :1920 ഇൽ അലഹബാദിൽ കൂടിയ ഖിലാഫത്ത് സമ്മേളനം അക്രമ രഹിതമായ നിസ്സഹകരണ പ്രസ്ഥാനം സമരമാർഗ്ഗമായി അംഗീകരിച്ചിരുന്നു .അക്കാലത്ത് തന്നെ ഖിലാഫത്ത് പ്രചരണാർത്ഥം ഇന്ത്യ മുഴുവൻ സഞ്ചരിച്ചിരുന്ന മഹാത്മാഗാന്ധി മൗലാനാ ഷൗക്കത്തലിക്കൊപ്പം മലബാറും സന്ദർശിക്കുകയുണ്ടായി ..തുടർന്ന് കെ പി സി സി രൂപീകരിക്കപ്പെട്ട കാലത്ത് ഖിലാഫത് പ്രചാരണത്തിനായി കോഴിക്കോട്ടെത്തിയ മപ്രമുഖ ഖിലാഫത് നേതാവ് യാക്കൂബ് ഹസ്സന് ജില്ലാ ഭരണാധികാരികൾ 144 വകുപ്പു പ്രകാരമുള്ള നിരോധനാജ്ഞ കൈമാറി .കൊണ്ഗ്രെസ്സ് ഔദ്യോഗികമായി നിയമനിഷേധം ആരംഭിച്ചിരുന്നില്ല എങ്കിലും താൻ നിരോധനാജ്ഞ ലംഘിക്കാൻ തീരുമാനിച്ചിരിക്കുന്നതായി ഹസ്സൻ അറിയിച്ചു .തുടർന്ന് ഹസ്സനും കോൺഗ്രസ് നേതാക്കളായ മാധവൻ നായർ ഗോപാലമേനോൻ എന്നിവരും അറസ്റ്റു ചെയ്യപ്പെടുകയും ആര് മാസത്തെ വെറും തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു .മാധവൻ നായരുടെ അഭാവത്തിൽ കെ പി കേശവമേനോൻ കെ പി സി സി സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു .മലബാറിലെങ്ങും വമ്പിച്ച പോലീസ് വിന്യാസമുണ്ടായി ,പ്രത്യേകിച്ചും മാപ്പിളമാർ കൂടി താമസിക്കുന്ന ഇടങ്ങളിൽ .കൊണ്ഗ്രെസ്സ്, ഖിലാഫത്ത് നേതാക്കന്മാരെ പോലീസ് നിരന്തരം നിരീക്ഷിക്കാൻ തുടങ്ങി . അങ്ങിനെ സംഘർഷ ഭരിതമായ ഒരാന്തരീക്ഷത്തിലാണ് കോൺഗ്രസിന്റെ ഒന്നാം കേരളം സംസ്ഥാന സമ്മേളനം ഒറ്റപ്പാലത്ത് ആരംഭിച്ചത് 1921 ഏപ്രിൽ 23 ന് .തലേദിവസത്തെ ആലോചനായോഗം ,രാഷ്ട്രീയ സമ്മേളനം ,ഖിലാഫത്ത് സമ്മേളനം കുടിയാൻ സമ്മേളനം ഇങ്ങിനെ എല്ലാറ്റിലും വമ്പിച്ച ജനാവലി പങ്കെടുത്തു .സ്ത്രീകൾ അവരുടെ വൻതോതിലുള്ള സാന്നിദ്ധ്യം കൊണ്ടുമാത്രമല്ല ശ്രദ്ധേയരായത് .അവർ മിക്കവാറും തങ്ങളുടെ ആഭരണങ്ങൾ തിലക് സ്വരാജ് ഫണ്ടിലേക്ക് സംഭാവനയായി ഊരിക്കൊടുക്കുകയും ചെയ്തു . മൂന്നാം ദിവസം ഏപ്രിൽ 26 ന് വിദ്യാർഥിസമ്മേളനം നടന്നു കൊണ്ടിരിക്കെ ഒരു യുവാവ് ഓടിക്കിതച്ചെത്തി അയാളെ പോലീസ് അകാരണമായി ക്രൂരമായി മർദ്ദിച്ചുവെന്ന പരാതിയുടെ .സമ്മേളനം പക്ഷെ നിർത്തിവെച്ചില്ല .യുവാവിനെ പ്രവർത്തകർ സാന്ത്വനപ്പെടുത്തി .യോഗ നടപടികൾ മുന്നോട്ടു കൊണ്ടുപോയി .വിവരമന്വേഷിക്കാൻ ബസാറിലേക്കു പോയ സ്വാഗത സംഘഅദ്ദ്യക്ഷൻ രാവുണ്ണി മേനോനെ ,പ്രദേശത്തെ സമരാധ്യനായ ഒരു പൗരനായിരുന്നു അദ്ദേഹം ,പോലീസുകാർ ക്രൂരമായി മർദ്ദിച്ചു .വോളണ്ടിയർ മാധവമേനോൻ മർദ്ദിച്ച് മാധവമേനോനെ മർദ്ദിച്ചവശനാക്കി. എന്തിനേറെ പന്തലിൽ സമ്മേളനം നടക്കുമ്പോൾ വെളിയിൽ ക്രൂര മർദ്ദനം നടത്തുകയായിരുന്നു പോലീസ് .അവരുടെ ഉദ്ദേശം വ്യക്തമായിരുന്നു ;സമ്മേളനം അലങ്കോലപ്പെടുത്തുക .പക്ഷെ ഗാന്ധിയുടെ സക്രിയമായ അഹിംസയിൽ ,Militant Nonvilonce എന്ന് അമേരിക്കൻ മനഃശാസ്ത്രജ്ഞനായ എറിക് എറിക്‌സൺ പിക്കാലത്ത് വിശേഷിപ്പിച്ച സിദ്ധാന്തത്തിൽ വിശ്വാസമർപ്പിച്ച സാധാരണ കോൺഗ്രെസ്സുകാരും നേതാക്കളും പ്രകോപിതരാകാൻ വിസമ്മതിച്ച്‌ സമ്മേളനം പൂർത്തിയാക്കി ഒരു വമ്പിച്ച ഘോഷയാത്രയായി നഗരം ചുറ്റി .അങ്ങിനെ ..അങ്ങിനെ ഹിംസയെ സക്രിയമായ അഹിംസയുടെ നേരിടുക എന്ന ഗാന്ധിയൻ സമരമാർഗ്ഗത്തിന്റെ ,ശരിയായ അർത്ഥത്തിലുള്ള സത്യാഗ്രഹത്തിന്റെവിജയകരമായ പരീക്ഷണ വേദി കൂടിയായി ഒറ്റപ്പാലം ഇന്നേക്ക് ഒരു നൂറ്റാണ്ടു മുമ്പ് . ഒറ്റപ്പാലത്ത് വെച്ച് നൂറു കൊല്ലം മുമ്പ് കണ്ട രണ്ടു സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കപ്പെട്ടു .ഇന്ത്യൻ സ്വാതന്ത്ര്യം ,ഐക്യ കേരളം .എല്ലാ മലയാളികളും കൃതജ്ഞതയോടെ ഓർമ്മിക്കേണ്ടതാണ് അന്ന് ഒറ്റപ്പാലത്ത് മർദ്ദനം നേരിട്ടവരെ മർദ്ദനം സഹിച്ചവരെ ,മർദ്ദനത്തെ കൂസാതെ യോഗം നടത്തിയവരെ അക്രാമകമായ അഹിംസയുടെ (Militant Nonviolence )ഇന്ത്യയിലെ ആദ്യ പ്രയോക്താക്കളെ . കോൺഗ്രെസ്സുകാർക്ക് ഒരു ആത്മ പരിശോധനക്കുള്ള അവസരം കൂടിയാണ് ഈ ശതാബ്ദി .വാർഡ് പ്രേസിടെന്ടു മുതൽ അഖിലേന്ന്ത്യാ പ്രേസിടെന്ടു വരെയുള്ള എല്ലാ ഭാരവാഹികളെയും ജനാധിപത്യ രീതിയിൽ സാധാരണ അംഗങ്ങൾ തെരഞ്ഞെടുക്കണമെന്നനുശാസിക്കുന്ന നാഗ്പൂർ കോൺഗ്രസ് നിർദ്ദേശം പാലിക്കപ്പെടേണ്ടതുണ്ടോ എന്ന് ആലോചിക്കാവുന്നതാണ് ;അത് മാത്രമാണ് ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്ത രാഷ്ട്രീയകക്ഷി യുടെ നിലനില്പിനുള്ള ഏകമാർഗം എന്ന് കോൺഗ്രെസ്സുകാരനല്ലെങ്കിൽ പോലും അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യൻ രാഷ്ട്രീയത്തെ ശ്രദ്ധാപൂർവം നിരീക്ഷിച്ചിട്ടുള്ള ഈ ലേഖകന് തോന്നുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ